TMJ
searchnav-menu
post-thumbnail

TMJ Sports

ഏകദിന ഫോര്‍മാറ്റ് ഡീ കോഡ് ചെയ്യുന്ന സഞ്ജു

23 Dec 2023   |   3 min Read
സംഗീത് ശേഖര്‍

കദിനത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു സീരീസ് വിന്നിംഗ് ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ ദേശീയ ശ്രദ്ധയിലേക്ക് മടങ്ങിയെത്തുകയാണ്. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വീകരിച്ചു കൊണ്ടയാള്‍ പറയുന്നതൊരു തിരിച്ചറിവിനെ കുറിച്ചാണ്. അതായത് ഏകദിനം എന്ന ഫോര്‍മാറ്റ് സഞ്ജു സാംസണ്‍ എന്ന ബാറ്റര്‍ക്ക് സ്‌ട്രോക്ക് പ്ലേ തുടങ്ങുന്നതിനു മുന്നേ ബൗളര്‍മാരെയും പിച്ചിനെയും പഠിക്കാന്‍ കുറച്ചു സമയം അധികം കൊടുക്കുന്നുണ്ട് എന്ന വസ്തുത സഞ്ജു ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ടി ട്വന്റിയില്‍ നിന്ന് വ്യത്യസ്തമായി ഏകദിനത്തില്‍ ക്രീസില്‍ സെറ്റിലാവാന്‍ പത്തോ ഇരുപതോ പന്തുകള്‍ അധികം സഞ്ജുവിന് ലഭിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള നിര്‍ണായക ഏകദിനത്തില്‍ കൂടെയുള്ള തിലക് വര്‍മ സ്‌ട്രൈക്ക് മാറാന്‍ പോലും കഴിയാതെ പരുങ്ങുമ്പോള്‍ സഞ്ജു സമ്മര്‍ദം അബ്‌സോര്‍ബ് ചെയ്ത് മനോഹരമായി കളിക്കുകയാണ്. ബാറ്റിംഗ് ഒട്ടും എളുപ്പമല്ലാതിരുന്ന ഒരു പിച്ചില്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ തന്നെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നു, ഇടയ്ക്കിടെ മോശം പന്തുകള്‍ അതിര്‍ത്തി കടത്തുന്നു. സെറ്റായി കഴിഞ്ഞതിനു ശേഷം അനായാസം ഗിയര്‍ ചെയ്ഞ്ച് ചെയ്യുന്നു. സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ അനായാസം റീഡ് ചെയ്ത് കളിച്ച പുള്‍ ഷോട്ടുകള്‍ വേറിട്ട് നിന്നു. ബര്‍ഗറുടെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് മിന്നല്‍ വേഗത്തില്‍ ബാക്ക് ഫുട്ടിലേക്കിറങ്ങി ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയില്‍ എത്തിച്ച പുള്‍ പേസ് ബൗളിങ്ങിനെ ഡോമിനേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു ബാറ്ററുടെ ലക്ഷണമായിരുന്നു. ഏഷ്യന്‍ ബാറ്റര്‍മാര്‍ പൊതുവെ കുഴങ്ങുന്ന സൗത്ത് ആഫ്രിക്കയില്‍ ഒരു സെഞ്ച്വറിയെന്ന പ്രശംസനീയമായ നേട്ടം സഞ്ജു സാംസന്റെ കരിയര്‍ മാറ്റി മറിക്കാന്‍ തന്നെ പോന്നതാണെന്നു കരുതുന്നു. ഇന്ത്യ വരുന്ന വര്‍ഷത്തില്‍ അധികം ഏകദിനങ്ങള്‍ കളിക്കുന്നില്ലെങ്കിലും ഈ ഫോം തുടര്‍ന്നാല്‍ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഇടം പിടിക്കുമെന്നു പ്രതീക്ഷിക്കാം.

നമുക്ക് സഞ്ജു സാംസണെ കുറിച്ചുള്ള ചില മുന്‍ധാരണകളിലേക്ക് വരാം. പൊതുവെ നമ്മുടെയിടയിലുള്ള ഒരു ചിന്താഗതിയനുസരിച്ച് സഞ്ജു കിട്ടിയ അവസരങ്ങള്‍ വേണ്ടവിധം മുതലാക്കാത്തത് കൊണ്ട് മാത്രം ഇന്ത്യന്‍ ടീമില്‍ സ്ഥിരമാവാത്തവനാണ്. ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ ശ്രമിക്കാതെ അനാവശ്യമായി ഷോട്ടുകള്‍ കളിച്ചു പുറത്താവുന്നവന്‍. പക്ഷെ ഏകദിനത്തിലെ അയാളുടെ ബാറ്റിംഗ് ശരാശരി തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. 55 പ്ലസ് ബാറ്റിംഗ് ശരാശരിയുമായി നില്‍ക്കുമ്പോഴാണ് സഞ്ജുവിന് ഏഷ്യാ കപ്പും, ലോകകപ്പും നഷ്ടമാവുന്നത്. ഏഷ്യന്‍ ഗെയിംസിനയച്ച സ്ക്വാഡില്‍ പോലും ഇടംപിടിക്കാതെ നിരാശനാവേണ്ടിവരുന്ന ബാറ്റര്‍ നേരിടേണ്ടിവരുന്നത് അവഗണന തന്നെയാണ്. സഞ്ജുവിനെ പോലൊരു കളിക്കാരനെ ഏകദിനത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് പകരം സൂര്യകുമാര്‍ യാദവിനെ പോലൊരു പെര്‍ഫെക്ട് ടി ട്വന്റി ബാറ്ററെ ഏകദിനത്തില്‍ ഒരു ഇമ്പാക്ട് ബാറ്ററാക്കി മാറ്റാനുള്ള ശ്രമമാണ് സെലക്ടര്‍മാര്‍ നടത്തുന്നത്. ലോകകപ്പില്‍ ദയനീയ പരാജയമാകുന്ന ഈ പരീക്ഷണത്തില്‍ നിന്നൊരു പാഠം പഠിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

സഞ്ജു സാംസണ്‍ | PHOTO: PTI
ഇനി സഞ്ജുവിന് ഇതുവരെ കിട്ടിയ അവസരങ്ങളിലേക്ക് ശ്രദ്ധിക്കാം. സാംസണ്‍ ഏകദിനത്തില്‍ അരങ്ങേറുന്നത് 2021 ജൂലൈയിലാണ്. ശ്രീലങ്കക്കെതിരെയുള്ള 3 മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ ആദ്യത്തെ രണ്ടു കളികളും ജയിച്ചു കഴിഞ്ഞത് കൊണ്ട് അപ്രസക്തമായ മൂന്നാം കളിയില്‍, 46 പന്തില്‍ 46 റണ്‍സുമായി ഒരു ഡീസന്റ് അരങ്ങേറ്റം. അടുത്ത ഏകദിനത്തില്‍ അവസരം കിട്ടുന്നത്  2022 ജൂലൈയിലാണ്. ഒരു കൊല്ലത്തിനു ശേഷം. രണ്ടരക്കൊല്ലത്തെ ഏകദിന കരിയറില്‍ കളിച്ചത് വെറും 16 ഏകദിനങ്ങള്‍. 2015 ല്‍ ആദ്യത്തെ ടി ട്വന്റി മത്സരം കളിക്കുന്നു, രണ്ടാമത്തെ ടി ട്വന്റി കളിക്കാന്‍ അവസരം ലഭിക്കുന്നത് 2020 ല്‍. 8 കൊല്ലത്തെ ടി ട്വന്റി കരിയറില്‍ കളിക്കുന്നത് വെറും 24 മത്സരങ്ങള്‍. ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല ഒരു കരിയര്‍ എങ്ങനെ മിസ് മാനേജ് ചെയ്യപ്പെടുന്നു എന്നത് തുറന്നു കാണിക്കാന്‍. ഏകദിന ലോകകപ്പ് വര്‍ഷം വരുമ്പോള്‍ ആ കൊല്ലം പ്രാധാന്യമില്ലാത്ത ടി ട്വന്റി കളിപ്പിക്കും, ടി ട്വന്റി ലോകകപ്പ് അടുക്കുമ്പോള്‍ ഏകദിനം കളിപ്പിക്കുന്നു. ഇത്തരം സമീപനത്തിലൂടെ ഒരു കളിക്കാരന്റെ കോണ്‍ഫിഡന്‍സ് തകര്‍ക്കുക എന്നതിനപ്പുറം ഒന്നും തന്നെ സാധ്യമാകില്ല.

വല്ലപ്പോഴും നല്‍കുന്ന പരിമിതമായ അവസരങ്ങള്‍ ഒരിക്കലും ഒരു കളിക്കാരന്റെ മാറ്റുരച്ചു നോക്കാനുള്ള മാനദണ്ഡമല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പ്രതിഭ വേണ്ടുവോളമുള്ള സഞ്ജു സാംസണെപോലുള്ളൊരു ബാറ്റര്‍ ഒരു ലോങ്ങ് റണ്‍ അര്‍ഹിക്കുന്നുണ്ട്... ഹൈ ബാക്ക് ലിഫ്റ്റ്, ഓപ്പണ്‍ സ്റ്റാന്‍സ്, ഫ്രണ്ട് ഫുട്ടിലും ബാക്ക് ഫുട്ടിലും മികച്ച സ്‌ട്രോക്കുകള്‍, ഫാസ്റ്റ് ബൗളിങ്ങിനെതിരെ നല്ലൊരു ടെക്‌നിക് കൂടെ കൈവശമുള്ള ഒരു ഫ്രീ ഫ്‌ലോയിങ് സ്‌ട്രോക്ക് പ്‌ളേയര്‍ ഇന്ത്യന്‍ മധ്യനിരക്ക് മുതല്‍ക്കൂട്ടാവും എന്നതില്‍ ഒരു സംശയവുമില്ല...

സഞ്ജു സാംസണ്‍ | PHOTO: PTI
സഞ്ജു സാംസണ്‍ എന്ന പ്ലെയര്‍ ആശയകുഴപ്പത്തിലായില്ലെങ്കിലാണ് അദ്ഭുതം. തങ്ങളുടെ ഫ്യുച്ചര്‍ പ്ലാനില്‍ ഇല്ലെന്നുള്ള തോന്നല്‍ നല്‍കിയതിന് ശേഷം അപ്രതീക്ഷിതമായി ഒരവസരം നല്‍കുന്നു, വിജയിച്ചാലും ടീമില്‍ സ്ഥിരമാവുമോ എന്നതും ഉറപ്പില്ല. വീഴ്ചക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നത് ഒരു കളിക്കാരനിലുണ്ടാക്കുന്ന സമ്മര്‍ദം എത്രയാണെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ഇത്രയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളുമായി കളിക്കാനിറങ്ങുന്ന കളിക്കാരന്റെ മാനസികാവസ്ഥ അയാളുടെ പ്രകടനത്തെ വിപരീതമായി ബാധിച്ചില്ലെങ്കിലാണ് അദ്ഭുതം. ഇപ്പോള്‍ 16 ഏകദിനങ്ങളില്‍ നിന്നും 56 ശരാശരിയില്‍ 510 റണ്‍സുമായി നില്‍ക്കുകയാണ് സഞ്ജു. ഒരു സെഞ്ച്വറിയും 3 അര്‍ദ്ധ സെഞ്ച്വറികളും കൂട്ടിനുണ്ട്. സഞ്ജു സാംസണ്‍ ഏകദിനമെന്ന ഫോര്‍മാറ്റ് ഡീ കോഡ് ചെയ്ത് കഴിഞ്ഞു, ഇനിയയാള്‍ക്ക് ലഭിക്കേണ്ടത് കൃത്യമായ അവസരങ്ങളാണ്. തുടര്‍ച്ചയായി കുറച്ചവസരങ്ങള്‍ നല്‍കിയ ശേഷം പരാജയപ്പെട്ടാല്‍ അയാളെ ഡ്രോപ്പ് ചെയ്യുക എന്നതാണ് സെലക്ടര്‍മാര്‍ കാണിക്കേണ്ട മാന്യത. ഇനിയെങ്കിലും അത് കാണിക്കുമെന്നു പ്രതീക്ഷിക്കാം..



#Sports
Leave a comment