TMJ
searchnav-menu
post-thumbnail

Outlook

കൊലക്കത്തിയുടെ നിഴലില്‍ നിന്നും ഡോക്ടര്‍മാരെ രക്ഷിക്കുക

10 May 2023   |   3 min Read
കെ പി സേതുനാഥ്

ഡോക്ടര്‍മാരും അല്ലാത്തവരുമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കേരളത്തില്‍ ദിവസേന രൂക്ഷമാവുന്നതിനെ പറ്റിയുള്ള ആശങ്കകളുടെ മൂര്‍ദ്ധന്യത്തിലാണ്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ വന്ദന ദാസിന്റെ കൊലപാതകം നടക്കുന്നത്. ഡോക്ടര്‍മാരെ മാത്രമല്ല മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയാകെയും കടുത്ത ദുഃഖത്തിലും അമര്‍ഷത്തിലും ആഴ്ത്തുന്നതാണ് ദാരുണമായ ഈ സംഭവം. സമരമടക്കമുള്ള രൂക്ഷമായ പ്രതികരണങ്ങള്‍ സ്വാഭാവികമായും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ കുറ്റം പറയാനാവില്ല. എന്നാലും  പ്രതിഷേധങ്ങളുടെ അല അടങ്ങുമ്പോള്‍ സമചിത്തതയോടെ ഈ വിഷയത്തെപ്പറ്റി സമഗ്രമായി ആലോചിക്കുവാനും ഉചിതമായ നടപടികള്‍ സ്വീകരിക്കുവാനും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും തയ്യാറാവേണ്ടി ഇരിക്കുന്നു.

ഡോക്ടര്‍മാര്‍ക്ക് നേരെ കേരളത്തിലുണ്ടാവുന്ന അക്രമങ്ങള്‍ താമസിയാതെ മരണത്തില്‍ കലാശിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ പ്രസിഡന്റായ ഡോക്ടര്‍ സുല്‍ഫി നൂഹു ഒരു മാസത്തിന് മുന്‍പ് നല്‍കിയ മുന്നറിയിപ്പ് അതുപോലെ സംഭവിച്ചുവെന്നത് 23 കാരിയായ വന്ദന ദാസിന്റെ മരണത്തെ കൂടുതല്‍ ഭയാനകമാക്കുന്നു. ഡോക്ടര്‍ സുല്‍ഫി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കു വെച്ച പോസ്റ്റില്‍ ആഴ്ചയില്‍ ഒന്ന് എന്ന തോതില്‍ കേരളത്തില്‍ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ അശോകന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഡോ. സുല്‍ഫിയുടെ പ്രതികരണം.    

ഡോക്ടര്‍മാരെയും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരെയും അക്രമങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന് ഐഎംഎ നിരവധി നടപടികള്‍ സ്വീകരിച്ചതായും നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായും കേരള ഘടകത്തിന്റെ സെക്രട്ടറി ഡോക്ടര്‍ ജോസഫ് ബെനവന്‍ ഐഎംഎ-യുടെ ന്യൂസ് ലെറ്ററില്‍ വ്യക്തമാക്കുന്നു. രോഗികളുടെ രക്ഷയ്ക്കും രോഗശാന്തിക്കും ഡോക്ടര്‍മാരുടെയും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ സുപ്രധാനമാണെന്ന അവബോധം പൊതുജനങ്ങളില്‍ വ്യാപകമാക്കുക, ക്യാമറയടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍, ആവശ്യത്തിനുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍, എമര്‍ജന്‍സി സാഹചര്യങ്ങള്‍ അറിയിക്കാനുള്ള പാനിക് ബട്ടണ്‍ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഡോക്ടര്‍ ബെനവന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായുള്ള നിലവിലെ നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരില്‍ സമര്‍പ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തുന്നു.


വന്ദന ദാസ് 

ഡോക്ടര്‍മാര്‍ക്കും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ ഉണ്ടാവുന്ന അക്രമങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം. ചികിത്സ പിഴവ്, വേണ്ട നിലയില്‍ പരിചരണം ലഭ്യമാക്കാതിരിക്കുക,  മോശമായ പെരുമാറ്റം എന്നിവയാണ് ഒരു വിഭാഗത്തില്‍ വരുന്ന അക്രമം. രോഗിയുടെ ബന്ധുക്കളും, മറ്റു തരത്തില്‍ വേണ്ടപ്പെട്ടവരുമാണ് മിക്കവാറും അത്തരം അക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുക. ചികിത്സാവേളയില്‍ രോഗി ഡോക്ടറെയും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്നതാണ് രണ്ടാമത്തെ ഗണത്തിലുള്ള അക്രമം. മാനസികമായ രോഗങ്ങള്‍ ഉള്ളവര്‍, മയക്കുമരുന്നിന്റെ ഉപയോഗക്കാര്‍ തുടങ്ങിയവരാണ് ഇത്തരത്തിലുള്ള അക്രമങ്ങളില്‍ പൊതുവെ ഏര്‍പ്പെടുന്നവര്‍. കേരളത്തിലെ  സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊതുവെ കാണാനാവുക ഒന്നാമത്തെ ഗണത്തില്‍ വരുന്ന അക്രമങ്ങളാണ്. രണ്ടാമത് പറഞ്ഞ തരത്തിലുള്ള അക്രമങ്ങള്‍ പൊതുവെ വിരളമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ഉണ്ടായത് നിര്‍ഭാഗ്യവശാല്‍ രണ്ടാമത് പറഞ്ഞ ഗണത്തിലെ അക്രമമാണ്.

ഈ രണ്ടു തരത്തിലുള്ള അക്രമങ്ങളും ഒരു തരത്തിലും വച്ചു പൊറുപ്പിക്കാവുന്നതല്ല. അതില്‍ ഒരു സംശയവും വേണ്ട. പക്ഷേ, ഈ രണ്ടു തരത്തിലുള്ള അക്രമങ്ങള്‍ക്കും പരിഹാരം ഒരേ തരത്തില്‍ ആവില്ല. ബോധവല്‍ക്കരണം, കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ഏര്‍പ്പാടുകള്‍, അക്രമണകാരികള്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടികള്‍ എന്നിവ ഒന്നാമത് പറഞ്ഞ തരത്തിലുള്ള അക്രമങ്ങളെ നേരിടുവാന്‍ സഹായകമാണ്. എന്നാല്‍ രണ്ടാമത് പറഞ്ഞ ഗണത്തിലുള്ളവയെ മേല്‍പ്പറഞ്ഞ സമീപനങ്ങളിലൂടെ മാത്രം നേരിടാനാവുമെന്നു തോന്നുന്നില്ല. ആശുപത്രി സംവിധാനത്തിന്റെ ഉള്ളില്‍ നിന്നുള്ള പരിഹാരമാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമാവുക. അതിന് വേണ്ടുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് തത്വങ്ങള്‍ എന്തെല്ലാമാണ് അവ എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെ ആശുപത്രികളില്‍ അത്തരം കേസുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ പരിശോധിച്ചാല്‍ അത്തരമൊരു സംവിധാനം നിലവിലില്ലെന്നു പറയേണ്ടി വരും.  ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും കേസുകളും കേരളത്തില്‍ ക്രമാതീതമായി ഉയരുന്ന കാലഘട്ടത്തില്‍ അത്തരം വ്യക്തികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണ്. അതിനേക്കാള്‍ പ്രധാനം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തലാണ്.  

ഹൌസ് സർജന്മാരുടെ അഭാവത്തിൽ കേരളത്തിലെ സർക്കാർ മേഖലയിലുള്ള ജനറൽ, താലൂക്ക് ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ലെന്ന സ്ഥിതിവിശേഷം കൂടി കൊട്ടാരക്കര സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മിക്കേണ്ടതുണ്ട്. ഉച്ചക്ക് ശേഷം ഈ ആശുപത്രികളിൽ ഒന്നിലും സീനിയർ ഡോക്ടർമാർ ആരും ഉണ്ടാവില്ല. ഹൌസ് സർജന്മാരുടെ ഉത്തരവാദിത്തത്തിലാണ് മിക്കവാറും അവ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ വലിയ കുഴപ്പങ്ങൾ ഒന്നും സംഭവിക്കാതെ പോവുന്നതിനാൽ ഇക്കാര്യങ്ങൾ ആരുടേയും പരിഗണനയിൽ വരാറില്ലെന്നു മാത്രം. സർക്കാർ ആശുപത്രികളിലെ ഒഴിവുള്ള തസ്തികകളിൽ സമയബന്ധിതമായി നിയമനങ്ങൾ നടത്താതിരിക്കുക, സീനിയർ ഡോക്ടർമാർ അവരുടെ സ്വകാര്യ പ്രാക്റ്റീസിനായി സമയം ചെലവഴിക്കുക എന്നിവയാണ്  ഹൌസ് സർജൻമാർ ആശുപത്രി നടത്തിപ്പിന്റെ ചുമതലക്കാരാവുന്നതിന്റെ കാരണം.  

ആശുപത്രിയുടെയും, ഡോക്ടര്‍മാരുടെയും, മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതിനൊപ്പം രോഗികളുടെ അവകാശത്തെ പറ്റിയും വ്യക്തമായ ധാരണകള്‍ ഉണ്ടാവേണ്ടതുണ്ട്. ചികിത്സയും രോഗ പരിചരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണ്ടത്ര സുതാര്യത ഉറപ്പാക്കേണ്ടത് ഇക്കാര്യത്തിൽ ഒഴിച്ചുകൂടാനാവില്ല. സുതാര്യതയുടെ അഭാവം -- രോഗ നിര്‍ണ്ണയം, ഔഷധങ്ങള്‍, ടെസ്റ്റുകള്‍, ആശുപത്രി ചെലവ് -- ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കാണാനാവുമെന്ന വസ്തുത നിഷേധിക്കേണ്ടതില്ല. ആരോഗ്യമേഖലയിലാകെ കാണാനാവുന്ന ഇത്തരത്തിലുള്ള അനാരോഗ്യ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനുള്ള നയപരമായ ഇടപെടലുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ഭീതിരഹിതമായ നിലയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന ഘടകമാണ് സുതാര്യത. അക്രമത്തിന് ഉത്തരവാദികളായവരെ കര്‍ശനമായി നേരിടുന്നതിനൊപ്പം ആരോഗ്യമേഖലയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ പൂര്‍ണ്ണമായും ദൂരീകരിക്കുന്നതിനുള്ള നടപടികളും അനിവാര്യമാണ്. 

#outlook
Leave a comment