TMJ
searchnav-menu
post-thumbnail

Outlook

സാവിത്രി ബായ് ഫൂലെ; ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രം മാറ്റി രചിച്ച അദ്ധ്യാപിക

05 Sep 2023   |   2 min Read
റസ്‌നി ബായ്

ന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച, എല്ലാവര്‍ക്കും ഒരുപോലെ വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കി കൊടുത്ത ഇന്ത്യയിലെ ആദ്യത്തെ അധ്യാപികയായ സാവിത്രി ബായ് ഫൂലെയാണ് അധ്യാപക ദിനത്തില്‍ ആദരിക്കപ്പെടാന്‍ അര്‍ഹയായ വ്യക്തിത്വം.

വിദ്യാലയങ്ങളുടെ വാതില്‍ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടിരുന്നവരുടെ മുന്നിലേക്ക് അറിവിന്റെയും, സമത്വത്തിന്റെയും വെളിച്ചം പകര്‍ന്നത് സാവിത്രി ബായ് ഫൂലെയും മഹാത്മാ ജ്യോതിറാവു ഫൂലെയും ചേര്‍ന്നാണ്. അവരിരുവരും ചേര്‍ന്ന് പൂനയിലെ ഭിഡെ വാഡയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ സ്‌കൂള്‍ ആരംഭിച്ചു, ഒരു ദശാബ്ദത്തിനുള്ളില്‍ പൂനെയുടെ വിവിധ ഭാഗങ്ങളിലായി 15 ഓളം സ്കൂളുകള്‍ അവര്‍ ഇരുവരും സ്ഥാപിച്ചു.

വിദ്യാഭ്യാസം വിലക്കപ്പെട്ട ഭൂരിപക്ഷം ജനങ്ങള്‍ക്കും അതിനുള്ള അവസരം ഒരുക്കിയ അവരുടെ പ്രവര്‍ത്തിയുടെ മഹത്വം ഇപ്പോഴും വേണ്ട വിധത്തില്‍ തിരിച്ചറിയപ്പെടുന്നില്ല. വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള അവരുടെ പ്രവര്‍ത്തനം കേവലമായ ഒന്നായിരുന്നില്ല. ജാതി മര്‍ദനമെന്ന സാമൂഹ്യ വിപത്തിന് എതിരായ കലാപത്തിന്റെ ഭാഗമായിരുന്നു അത്. അതുകൊണ്ടു തന്നെയാവണം നമ്മുടെ ഔദ്യോഗിക ചിഹ്നവ്യവസ്ഥകളില്‍ നിന്നും അവര്‍ അസ്പൃശ്യരായി മാറിയതും.   


സാവിത്രി ബായ് ഫൂലെ

സംസ്‌കൃതം എഴുതാനും വായിക്കാനും അറിയുന്ന, വിരലില്‍ എണ്ണാവുന്ന സവര്‍ണ്ണര്‍ക്കിടയില്‍ വിദ്യാഭ്യാസവും, എഴുത്തും, വായനയും നിഷേധിക്കപ്പെട്ടിരുന്ന ഒരു കൂട്ടം മനുഷ്യരിലേക്ക് മാറ്റത്തിന്റെ വെളിച്ചവും കൊണ്ടാണ് സാവിത്രി ബായ് ഫൂലെയും, മഹാത്മാ ജ്യോതിറാവു ഫൂലെയും കടന്നു വന്നത്.

വിലക്കുകളും, ഉപദ്രവങ്ങളും ഭയന്ന് അധ്യാപകര്‍ ആരും തന്നെ മുന്നോട്ട് വരാതിരുന്ന സാഹചര്യത്തില്‍ മഹാത്മാ ജ്യോതിറാവു ഫൂലെ ഭാര്യ സാവിത്രി ബായ് ഫൂലെയെ പഠിപ്പിച്ചു അധ്യാപികയായി നിയമിച്ചു. ഇന്ത്യയിലെ ആദ്യത്തെ അധ്യാപികയാണ് സാവിത്രി ബായ് ഫൂലെ. ഇതേ തുടര്‍ന്ന് സമൂഹത്തിന്റെ ക്രൂരമായ ഇടപെടലുകള്‍ പല തവണ അവരിരുവരും നേരിട്ടു എന്നാല്‍ അവയെല്ലാം മറികടന്നു 1851 ല്‍ രസ്താപേട്ടിലും, 1859 ല്‍ വിഠല്‍ പേട്ടിലും അവര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.

സമൂഹത്തിന്റെ നീചമായ പ്രവര്‍ത്തനങ്ങളെയും, എതിര്‍പ്പുകളെയും തരണം ചെയ്ത് അവര്‍ മുന്നിട്ടിറങ്ങി നേടിയെടുത്തതാണ് ഇന്ന് നമ്മള്‍ ഓരോരുത്തരും നേടിയെടുത്ത വിദ്യാഭ്യാസം. വഴിയില്‍ ചാണകവും, ചപ്പുചവറുകളും എറിഞ്ഞു അവരെ അതിക്ഷേപിച്ചവര്‍ക്ക് മുന്നിലൂടെ ഒട്ടും ഭയമില്ലാതെ, പതറാതെ അവര്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഫലമാണ് നമ്മള്‍ നേടിയ നേട്ടങ്ങളൊക്കെയും, എല്ലാ ദിവസവും സ്‌കൂളിലേക്കുള്ള വഴിയില്‍ തനിക്ക് നേരെ ചാണകവും, അഴുക്കുകളും, വലിച്ചെറിയപ്പെട്ടിരുന്നത് കൊണ്ട് തന്നെ ദിവസവും ഒരു സാരീ മാറി ഉടുക്കാന്‍ സാവിത്രി ബായ് ഫൂലെ കൈയ്യില്‍ കരുതുമായിരുന്നു. അവര്‍ക്കെതിരെയുള്ള അക്രമങ്ങളും, വെല്ലുവിളികളും മറികടന്നു വിദ്യാഭ്യാസവും വിദ്യാലയവും എല്ലാവര്‍ക്കും ഒരുപോലെ ആക്‌സസ്സിബിള്‍ ആക്കുന്നത്, എന്ത് കൊണ്ടും കോപ്പിയടിച്ചു നേടുന്നതിനേക്കാളും മികച്ചതാണ്.


ഡോ. സർവേപ്പള്ളി രാധാകൃഷ്ണന് എതിരായി അന്നത്തെ പത്രങ്ങളിൽ വന്ന റിപ്പോർട്ട്‌

ഒരു നൂറ്റാണ്ട് മുഴുവനും ജാതീയതയുടെയും, ജന്‍ഡറിന്റെയും പേരില്‍ അസമത്വം നേരിട്ട, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട എല്ലാ മനുഷ്യരിലേക്കും വിദ്യ പകര്‍ന്നു കൊടുത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയാണ് സാവിത്രി ഫൂലെ. അതുകൊണ്ടു തന്നെ എനിക്കിന്നും അധ്യാപക ദിനം സാവിത്രി ബായ് ഫൂലെയുടെ ജന്മദിനം തന്നെയാണ്. അസമത്വങ്ങളുടെയും, വേദാന്തങ്ങളുടെയും തമസ്സില്‍ നിന്നുമൊക്കെ വിദ്യാഭ്യാസം ഉണരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ജാതി മര്‍ദ്ദനത്തിന്റെ ചിഹ്നങ്ങള്‍ അതിന്റെ അധീശത്വം തുടരുന്നു. 

വാല്‍ക്കഷ്ണം: അധ്യാപക ദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിന്റെയന്നാണ്. മറ്റൊരാളുടെ ഗവേഷണ തീസിസ് മോഷ്ടിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ്. 1929 ജനുവരിയില്‍, മീററ്റ് കോളേജിലെ അന്നത്തെ അധികം അറിയപ്പെടാത്ത ഒരു യുവ ഫിലോസഫി അദ്ധ്യാപകന്‍, മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉള്ള ജാദുനാഥ് സിന്‍ഹയുടെ തീസിസ് മോഷ്ടിച്ചു എന്നായിരുന്നു ആരോപണം. ജാദുനാഥ് സിന്‍ഹ പരാതിപ്പെടുകയും ചെയ്തിരുന്നു.


#outlook
Leave a comment