
നിലവിളിക്കുന്ന ഗാസയും നിശബ്ദമായ ലോകവും
അന്താരാഷ്ട്ര വിഷയങ്ങൾ നിരീക്ഷിക്കുന്ന ഏതൊരാളും ശ്രദ്ധിക്കുന്ന ഒരു വിഷയമാണ് ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ. പല കാലങ്ങളിലായി നടന്ന അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പോരാട്ടങ്ങളുടെയും ചോരയിൽ പുരണ്ട ചരിത്രമാണത്. കുറച്ചധികം വർഷങ്ങളായി കാര്യമായ പ്രശ്നങ്ങളില്ലാതിരുന്ന ഈ പ്രദേശത്ത് 2024- 25 വർഷങ്ങളിലാണ് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്.
ഇപ്പോൾ ഏറ്റവും അവസാനമായി അവിടെ നിന്നും വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. തത്വത്തിൽ ആക്രമണം നിർത്തി എന്ന് ഇസ്രായേൽ അറിയിച്ചിരുന്നെങ്കിലും പല ഘട്ടങ്ങളിലായി പലതരത്തിലുള്ള സൈനിക സൈനികേതര ആക്രമണങ്ങൾ പാലസ്തീനുനേർക്ക് ഇസ്രായേൽ തുടരുന്നുണ്ടായിരുന്നു. ഈ സാഹചര്യമാണ് ഇപ്പോൾ കൂടുതൽ രൂക്ഷതയിലേക്ക് എത്തിയിരിക്കുന്നത്. സൈനിക പരമായ മുന്നേറ്റം മനുഷ്യത്വം ഇല്ലായ്മയുടെ അങ്ങേയറ്റം തൊട്ടിരിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഗാസയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ.
REPRESENTATIVE IMAGE | WIKI COMMONS
ഇസ്രായേൽ ആക്രമണത്തിൽ അനാഥരാക്കപ്പെട്ടവരും, ഇടങ്ങൾ നഷ്ടപ്പെട്ടവരുമായ സ്ത്രീകളും വയോജനങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള ഒരു വലിയ ജനസമൂഹം നിരവധിയായ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിലാണ് ആക്രമണം നിർത്താൻ തുടക്കത്തിൽ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നത് എന്നാൽ ക്യാമ്പുകൾക്ക് നേരെ പോലും ആക്രമണങ്ങൾ നടത്തുന്ന ശൈലിയായിരുന്നു ഇസ്രായേൽ സ്വീകരിച്ചിരുന്നത്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയിലേക്ക് ഗാസയിലെ ആശ്വാസ ക്യാമ്പുകൾ മാറി എന്നതാണ് വസ്തുത. അന്താരാഷ്ട്ര സർക്കാർ ഇതര ഏജൻസികൾ നേതൃത്വം നൽകുന്ന ഇത്തരം റെസ്ക്യൂ ക്യാമ്പുകളിലേക്ക് യാതൊരുവിധ ആവശ്യ വസ്തുക്കളും കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി എത്തുന്നില്ല. ഏതൊരു യുദ്ധത്തിലും സാധാരണ മനുഷ്യരുടെ അത്യാവശ്യ വിഭവങ്ങളായ ഭക്ഷണം, മരുന്നുകൾ, ജലം, വസ്ത്രങ്ങൾ, വൈദ്യസഹായം എന്നിവയുടെ സുഗമമായ വിതരണം ഉറപ്പുവരുത്താൻ പൊതുവിൽ ശ്രമിക്കാറുണ്ടെങ്കിലും ഇസ്രായേൽ മുന്നോട്ടുവയ്ക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഈ സമീപനം നിരവധി ആളുകളുടെ ജീവനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ദുർഘടമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
ഇസ്രായേൽ പട്ടാളക്കാരുടെ അനുമതി കാത്ത് അവശ്യ വസ്തുക്കളുമായി വന്ന നിരവധി ട്രക്കുകൾ ഗാസക്ക് പുറത്ത് കാത്തുനിൽക്കുമ്പോൾ വേദന കൊണ്ടും വിശപ്പുകൊണ്ടും നിലവിളിക്കുന്ന അനേകം കുഞ്ഞുങ്ങൾ ഗാസയുടെ ക്യാമ്പുകളിൽ ഏത് നിമിഷവും മരിക്കാം എന്ന നിലയിൽ ഭയന്ന് കഴിയുകയാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക കാര്യ മേധാവിയായ ‘ടോം ഫ്ലെച്ചർ’ നൽകിയ മുന്നറിയിപ്പനുസരിച്ച് ഗാസയിലേക്കുള്ള യുഎന്നിൻ്റെ (UN) ചരക്ക് നീക്കത്തിന് ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ പതിനാലായിരത്തിലധികം കുഞ്ഞുങ്ങളാണ് ഗാസയിൽ വിശന്നു മരിക്കാൻ പോകുന്നത് എന്നാണ് പറയുന്നത്. ഏകദേശം 3.2 ദശലക്ഷത്തിലധികം ആളുകൾ ജീവിക്കുന്ന ഗാസ ഭാഗത്തേക്ക് പ്രതിദിനം കുറഞ്ഞത് 500 ട്രക്കുകളുടെ എങ്കിലും സഹായം ആവശ്യമാണ്. അതിൽ ഭക്ഷണസാധനങ്ങളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും ഉൾപ്പെടുന്നു. എന്നാൽ ഈ അവസ്ഥയിലും ഒരു ട്രക്ക് പോലും കടത്തിവിടണ്ട എന്ന ക്രൂരമായ തീരുമാനത്തിലാണ് ഇസ്രായേൽ.
പലസ്തീന് എതിരായ ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മാത്രം കൊലചെയ്യപ്പെട്ടത് 2100 ൽ അധികം പലസ്തീനികളാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 220 ആളുകളിൽ അധികം പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ തുടരുന്നതിനൊപ്പം ആണ് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം മൂലം അടിയന്തര സഹായങ്ങൾ പോലും തടസ്സപ്പെട്ടുകൊണ്ട് അനേകം മനുഷ്യരെ ദുരിതത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്ന നയം സ്വീകരിക്കുന്നത്.
മനുഷ്യത്വത്തിന്റെ എല്ലാ സങ്കൽപ്പങ്ങളെയും തച്ചുതകർക്കുകയും യുദ്ധ നീതിയുടെ ആശയങ്ങളെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടാണ് ഇസ്രായേൽ സാധാരണ മനുഷ്യർക്ക് നേരെ പോലും ഇത്തരത്തിലുള്ള കൊടുംക്രൂരത നടത്തുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇസ്രായേൽ പലസ്തീനു നേർക്ക് നടത്തുന്ന വംശഹത്യയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോൾ നാം കാണുന്നത് എന്നാൽ ലോകരാഷ്ട്രങ്ങൾ ഇതിൻറെ നേർക്ക് കണ്ണടയ്ക്കുകയും കുറ്റകരമായ മൗനം തുടരുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ക്രൂരത എന്ന് പറയാതെ വയ്യ. ആക്രമണങ്ങളെ പൊതുവിൽ അപലപിക്കുന്നതിലുപരിയായി പലസ്തീൻ ജനതയ്ക്ക് വേണ്ടി യാതൊരു കരുതലും ലോകരാഷ്ട്രങ്ങൾ എടുത്തു കാണുന്നില്ല. സാധാരണ മനുഷ്യർക്ക് വേണ്ട അത്യാവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ സൗകര്യങ്ങൾ പോലും തടസ്സപ്പെടുത്തുന്ന ഇസ്രായേൽ നടപടി ചോദ്യം ചെയ്യാൻ, ലോകരാഷ്ട്ര വേദികളിൽ ഈ വിഷയം ഉന്നയിക്കാൻ, ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ തുടങ്ങി അനിവാര്യമായ ഒരു സാഹചര്യത്തിലും യാതൊരു ഇടപെടലുകളും നടത്താതെ വൻകിട രാഷ്ട്രങ്ങൾ കുറ്റകരമായ മൗനം തുടരുകയാണ്. രാജ്യങ്ങൾക്ക് ഉപരിയായി അന്താരാഷ്ട്ര എൻജിഒ (NGO) കളുടെ സേവനം പലസ്തീന് ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും അതുകൂടി തടസ്സപ്പെടുത്തുന്ന തീവ്ര നിലപാടുകളിലേക്കാണ് ഇപ്പോൾ ഇസ്രായേൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഈ ദുരന്തപൂർണമായ സാഹചര്യം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇസ്രായേലിനോട് ആർജ്ജവത്തിൽ പറയാൻ ഒരു രാജ്യത്തിനും, രാഷ്ട്ര കൂട്ടായ്മയ്ക്കും കഴിയുന്നില്ല എന്നത് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് കാണുന്നത്.
വർഷങ്ങളായി ഇസ്രായേൽ പലസ്തീന് നേർക്ക് നടത്തുന്ന ഈ അധിനിവേശ ആക്രമണം അവസാനിപ്പിക്കുകയും പലസ്തീൻ ജനതയുടെ മോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ട സാഹചര്യം സൃഷ്ടിക്കേണ്ടതും ഒരു അനിവാര്യതയാണ്. ഇപ്പോഴും നിർദയം തുടർന്നുകൊണ്ടിരിക്കുന്ന ഈ വംശഹത്യയിൽ നിന്നും ഇസ്രായേൽ പിന്നോട്ട് പോകുകയും നിരാലംബരായ മനുഷ്യരുടെ നേർക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയും സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ട ഇടപെടലുകൾ കൈക്കൊള്ളേണ്ടതും അത്യാവശ്യമാണ്.
REPRESENTATIVE IMAGE | WIKI COMMONS
ആകാശത്തു നക്ഷത്രങ്ങൾ കണ്ട് കൗതുകം തോന്നേണ്ട കുഞ്ഞു കണ്ണുകളിൽ കത്തി വീഴുന്ന മിസൈലുകൾ സൃഷ്ടിക്കുന്ന ഭയം അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു വലിയ മനുഷ്യക്കുരുതിക്ക് കൂടി ഇനി ഇടം ലഭിക്കാത്ത വിധം ഈ പ്രശ്നം പരിഹരിക്കാൻ ലോകരാഷ്ട്രങ്ങൾ മൗനം വെടിഞ്ഞ് ക്രിയാത്മകമായി ഇടപെടേണ്ട ഒരു സ്ഥിതി കൂടി ഇപ്പോൾ സംജാതമായിരിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ ആവശ്യ വസ്തുക്കൾ ഉറപ്പാക്കിക്കൊണ്ട് ഗാസയിലെ സാധാരണ മനുഷ്യജീവിതങ്ങൾ സംരക്ഷിക്കേണ്ടതും ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതും മനുഷ്യ സ്നേഹത്തിലേക്കും മാനവികതയിലേക്കും പ്രത്യാശ പകരേണ്ടതും കാലഘട്ടത്തിൻറെ ശക്തമായ ആവശ്യകതയും അനിവാര്യതയുമാണ്.


