സമുദ്രജലനിരപ്പിലെ വർദ്ധനവ് കേരളതീരവും സുരക്ഷിതമല്ല
കേരളം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി പല രീതിയില്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളും അധികാരികളുടെ പരസ്പരമുള്ള പഴിചാരലുകളുമെല്ലാം തുടരുകയാണ്. മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും വിശദമാക്കുന്ന, സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള പല പഠനങ്ങളും ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ പഠനങ്ങളുടെ അഭാവമല്ല, ഇതിന്റെയെല്ലാം നടപ്പാക്കലില്‍ സംഭവിക്കുന്ന വീഴ്ചകളാണ് പ്രശ്നമെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
എന്തായാലും കേരളം നേരിട്ട വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ ആശങ്കപ്പെടുന്ന ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളും നേരിടാന്‍ പോകുന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസി പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് സുപ്രധാനമായ മുന്നറിയിപ്പുകള്‍ നല്‍കുന്നു. രാജ്യത്തെ പ്രധാന മെട്രോപൊളിറ്റന്‍ സിറ്റികളായ മുംബൈ, ചെന്നൈ തുടങ്ങി കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 15 തീര നഗരങ്ങളില്‍ കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതും ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും തീരപ്രദേശത്തെ അപകട സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന നിരീക്ഷണം പഠനം മുന്നോട്ട്‌വയ്ക്കുന്നു.
കേരളത്തിന്റെ തീരദേശ മേഖലകളില്‍ കടലേറ്റവും തുടര്‍ന്നുള്ള തീരനിവാസികളുടെ ദുരിതവും കാലങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ആഗോള തലത്തില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം കേരള തീരത്തെ ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് പഠനം വിശകലനം ചെയ്യുന്നുണ്ട്.
തീരദേശ മേഖല | PHOTO: WIKI COMMONS
തെരഞ്ഞെടുത്ത ഓരോ തീര നഗരങ്ങളിലും മുന്‍കാലങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങളില്‍ സംഭവിച്ച സമുദ്രനിരപ്പിലെ ഉയര്‍ച്ചയും (SLR- Sea Level Rise) ഭാവിയിലെ കാലാവസ്ഥ മാറ്റങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന സമുദ്രനിരപ്പിലെ ഉയര്‍ച്ചയും പഠനം വിശകലനം ചെയ്യുന്നുണ്ട്. തല്‍ഫലമായി തീരദേശവെള്ളപ്പൊക്കത്തിന് അല്ലെങ്കില്‍ കടലെടുക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളും അടയാളപ്പെടുത്തുന്നു.
1987 മുതല്‍ 2021 വരെ സമുദ്രനിരപ്പില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളെ ഹിസ്റ്റോറിക്കല്‍ എസ്എല്‍ആര്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ 4.44 സെ.മീ എന്ന തോതില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നിരിക്കുന്നത് മുംബൈയിലാണ്. പട്ടികയില്‍ നാലാമതായി 2.21 സെ.മീറ്ററര്‍ ഉയര്‍ച്ചയോടെ കൊച്ചിയാണുള്ളത്. 1990-2021 കാലയളവിലാണ് കൊച്ചിയില്‍ ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. സമുദ്രജലനിരപ്പിലെ വര്‍ദ്ധനവ് ഈ നൂറ്റാണ്ടിന്റെ അവസാനം വരെ തുടരുമെന്ന സുപ്രധാന കണ്ടെത്തല്‍ പഠനം പങ്കുവയ്ക്കുന്നുണ്ട്. ഇന്റര്‍ഗവര്‍ണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവിധ കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളില്‍ 2040, 2060, 2080, 2100 കാലയളവില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍, ഈ ജലനിരപ്പില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഉയര്‍ച്ച പഠനം രേഖപ്പെടുത്തുന്നു. അന്തരീക്ഷമലിനീകരണവും, ഹരിതഗൃഹപ്രഭാവവും, അതിലേക്ക് നയിക്കുന്ന ഇടപെടലുകളും ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന, ഉയര്‍ന്ന എമിഷന്‍ സാഹചര്യമുള്ള 2100 ല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യഥാക്രമം 100 സെ.മീ, 99.9 സെ.മീ, 99.4 സെ.മീ എന്നിങ്ങനെ ജലനിരപ്പ് ഉയരുമെന്നാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ട് അനുസരിച്ച് 2100 ആകുമ്പോഴേക്ക് കൊച്ചിനഗരത്തിന്റെ 3.55 ശതമാനം അല്ലെങ്കില്‍ 15.61 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വെള്ളത്തിലാകുമെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 2040 ആകുമ്പോഴേക്ക് തന്നെ ഇത് 5.08 ചതുരശ്ര കിലോമീറ്ററാകുന്നുണ്ട്. കോഴിക്കോട് 13.89 ചതുരശ്ര കിലോമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാല്‍ഡിയ, മാംഗ്ലൂര്‍, വിശാഖപട്ടണം, കന്യാകുമാരി, ഉടുപ്പി, പനാജി, പാര്‍ഡിപ്പ്, പുരി, തൂത്തുക്കുടി, യാനം എന്നിങ്ങനെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെ എസ്എല്‍ആര്‍ നിരക്കും പഠനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈ നഗരത്തിന് പിന്നാലെ ഹാല്‍ദിയ, 2.72 സെ.മീ, വിശാഖപട്ടണം 2.38 സെ.മീ, പാരദീപ് 0.71 സെ.മീ, ചെന്നൈ 0.68 സെ.മീ എന്നിങ്ങനെയാണ് 1987 മുതലുള്ള കാലയളവില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ വിശാഖപട്ടണത്താണ്ഏറ്റവും കൂടുതല്‍ മേഖല വെള്ളമെടുക്കുക എന്ന് പഠനം പറയുന്നു. 2100 ഓടെ 61.58 ചതുരശ്ര കിലോമീറ്റര്‍ വെള്ളത്തിനിടയിലായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചിനഗരം | PHOTO : WIKI COMMONS
ഓരോ കാലത്തെയും കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത തീര നഗരങ്ങളിലെ മുന്‍കാല സമുദ്രനിരപ്പിലെ ഉയര്‍ച്ചയും ( hidtorical SLR) ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ജലനിരപ്പിലെ മാറ്റങ്ങളും ( future SLR) വിശകലനം ചെയ്ത്, വരും കാലത്ത് വെള്ളമെടുക്കാന്‍ പോകുന്ന മേഖലകളെ അടയാളപ്പെടുത്തുകയാണ് പഠനം ചെയ്തിട്ടുള്ളത്. മുന്‍കാലങ്ങളിലെയും ഭാവിയിലെയും കാലാവസ്ഥ സാഹചര്യങ്ങളിലെ സമുദ്രനിരപ്പ് വിലയിരുത്താന്‍ SimCLIM ടൂളില്‍ നിന്നുള്ള എസ്എല്‍ആര്‍ ഡാറ്റകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നുണ്ട് ( ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങള്‍ സമന്വയിപ്പിച്ച്, കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള അപകട സാധ്യതകള്‍ വിലയിരുത്തുന്ന സംവിധാനമാണിത്. ന്യൂസിലാന്‍ഡ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്). സമുദ്രനിരപ്പിലെ വാര്‍ഷിക ശരാശരി അളവ് വിശകലനം ചെയ്യാന്‍ ഗ്ലോബല്‍ ഡാറ്റാ ബാങ്കായ പെര്‍മനന്റ് സര്‍വീസ് ഫോര്‍ മീന്‍ സീലെവലില്‍ ( PSMSL) നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചിരിക്കുന്നത്.
നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍
ഇന്ത്യയില്‍ 7,517 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശത്ത് ഏകദേശം 170 മില്ല്യണ്‍ ആളുകള്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 15.5 ശതമാനവും ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിറ്ററികളിലുമായാണ് വസിക്കുന്നത്. അതുകൊണ്ട് തന്നെ സമുദ്ര ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാമാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകത്താകമാനം സമുദ്രത്തിന്റെ ശരാശരി ഉയരത്തില്‍ സംഭവിക്കുന്ന വര്‍ദ്ധനവ് പല രീതിയിലുള്ള ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് ഉയരുന്ന താപനില, മഞ്ഞുമലകള്‍ ഉരുകുന്നതും, മഴ ലഭ്യതയിലെ മാറ്റം, സമുദ്രനിരപ്പിന്റെ വര്‍ദ്ധനവ് എന്നിവയെല്ലാം. പഠനങ്ങള്‍ അനുസരിച്ച് ആഗോളതാപനം, ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികളില്‍ നിന്ന് മഞ്ഞ് ഉരുകിയെത്തുന്നതെല്ലാം കടലിലെ ജലനിരപ്പ് കൂടുന്നതിന് കാരണമാകുന്നുണ്ട്.
ഫോസില്‍ ഇന്ധന ജ്വലനവും ഹരിതഗൃഹവാതക പ്രഭാവവും വരുത്തിയ മനുഷ്യപ്രേരിത കാലാവസ്ഥ വ്യതിയാനം ഇതിലേക്ക് നയിച്ചുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 1901 നും 2018 നും ഇടയില്‍ ആഗോള തലത്തില്‍ ശരാശരി സമുദ്രനിരപ്പ് 15 മുതല്‍ 25 സെ.മീ വരെ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. ഇന്റര്‍ ഗവര്‍ണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ഡാറ്റ പ്രകാരം 2100 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 15 മി.മീ തോതില്‍ ഉയരും. ആഗോള ശരാശരി സമുദ്രനിരപ്പ് 2022 ലാണ് റെക്കോര്‍ഡ് ഉയരത്തിലെത്തിയതെന്നും 1993 നേക്കാള്‍ 101.2 മില്ലിമീറ്റര്‍ ഉയര്‍ന്നുവെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷണമനുസരിച്ച് നിലവിലെ ഗ്രീന്‍ഹൗസ് എഫക്റ്റും ആഗോളതാപനവുമെല്ലാം തുടര്‍ന്നാല്‍ 2100 ടെ സമുദ്രജലനിരപ്പ് ഗണ്യമായി ഉയരും. ഈ വര്‍ദ്ധനവ് 2 മീറ്റര്‍ അല്ലെങ്കില്‍ 6.5 അടിയില്‍ കൂടുതല്‍ വരെ ആകാം എന്ന നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തല്‍ പ്രസക്തമാണ്.
REPRESENTATIVE IMAGE | WIKI COMMONS
സമുദ്രനിരപ്പിന്റെ ഉയര്‍ച്ച കാര്യമായ പ്രത്യാഘാതങ്ങള്‍ തന്നെ തീരപ്രദേശങ്ങളിലും തീര നഗരങ്ങളിലും ഉണ്ടാക്കും. തീര ശോഷണമാണ് സീ ലെവല്‍ റൈസിന്റെ പ്രധാന പ്രത്യാഘാതം. ശുദ്ധജലത്തിന്റെ ലവണീകരണമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ശുദ്ധജല സ്രോതസ്സുകള്‍, ഭൂഗര്‍ഭ ജലാശയങ്ങള്‍, എന്നിവ ലവണീകരണത്തിന് വിധേയമാകുന്നതോടെ അത് കുടിവെള്ള സ്രോതയസ്സുകളുടെ മലിനീകരണത്തിന് കാരണമാകും, മാത്രമല്ല, കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം തീരദേശ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നതാണ്. തീരനഷ്ടം സംഭവിക്കുന്നതിനും കടലാക്രമണം രൂക്ഷമാവുന്നതിനും സാക്ഷ്യം വഹിക്കുകയാണ് കേരളം. കടല്‍കയറ്റം തീരനിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. തൊഴില്‍, പുനരധിവാസത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രതിസന്ധിയാവുക. തീരദേശ ആവാസവ്യവസ്ഥയുടെ നഷ്ടം, ഇന്‍ഫ്രാസ്ട്രച്ചറിന്റെ ദുര്‍ബലത എന്നിവ ചിന്തിക്കേണ്ട മറ്റൊരു വിഷയമാണ്. ഉയര്‍ന്ന ജലനിരപ്പും അടിക്കടിയുള്ള വെള്ളപ്പൊക്കവും തീരദേശ അടിസ്ഥാന സൗകര്യങ്ങളെയും പൊതു സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന പ്രശ്‌നമായി ക്രമേണ ഇത് മാറുമെന്ന നിരീക്ഷണത്തില്‍ പഠനം എത്തുന്നുണ്ട്.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുകയാണ്. വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും തുടരെ സംഭവിക്കുമ്പോള്‍ വിദഗ്ധര്‍ നടത്തുന്ന ഒട്ടേറെ പഠനങ്ങളും റിപ്പോര്‍ട്ടുകളും പൊതുമണ്ഡലത്തില്‍ ചര്‍ച്ചയ്ക്കെത്തുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്ന പഠനങ്ങള്‍ എന്നാല്‍ പേപ്പറുകളില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ്. കണ്ടെത്തിയ പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാനല്ലെങ്കില്‍ പഠനങ്ങളുടെ പ്രസക്തിയെന്താണ്. പഠന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഉണ്ടാകാത്തിന്റെ ഫലം കൂടിയാണ് കേരളമുള്‍പ്പെടെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍. പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ പ്രകൃത്യാ സംഭവിക്കുന്ന മേല്‍പറഞ്ഞ മാറ്റങ്ങള്‍ മനുഷ്യ പ്രേരിതമാകുമ്പോള്‍ തന്നെ ഏത് മനുഷ്യര്‍ അതില്‍ പെടുന്നു എന്നതാണ്. സമൂഹത്തിലെ ദരിദ്രരായ മനുഷ്യര്‍ എല്ലായ്പ്പോഴും ഇരകള്‍ മാത്രമാണ്.
കേരളസര്‍ക്കാരിന്റെ തീരദേശ ഹൈവേ പദ്ധതി ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ 623 കിലോമീറ്റര്‍ ദൂരത്തിലായി കടന്നുപോകുന്ന തീരദേശ ഹൈവേ പദ്ധതി നടപ്പിലാക്കരുതെന്ന ആവശ്യങ്ങളുമായി കേരളത്തിലെ പ്രധാന പ്രതിപക്ഷ മുന്നണി തന്നെ രംഗത്തുവന്നിട്ടുണ്ട്. പദ്ധതി അശാസ്ത്രീയമാണെന്നും തീരപ്രദേശത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുള്ള നിരീക്ഷണങ്ങളാണ് യുഡിഎഫ് നിയോഗിച്ച പഠനകമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. തീരശോഷണത്തിന്റെയും കടലെടുപ്പിന്റെയും സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന, ആഗോള തലത്തില്‍ തന്നെ നടന്നിട്ടുള്ള മേല്‍ ചര്‍ച്ച ചെയ്ത പഠനങ്ങളെയെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്ത് ഇത്തരം പദ്ധതികള്‍ അനുയോജ്യമാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്.