TMJ
searchnav-menu
post-thumbnail

Outlook

രാജ്യദ്രോഹക്കുറ്റം 124 A തുടരും...

09 Jun 2023   |   6 min Read
മിസ്‌രിയ ചന്ദ്രോത്ത്

ന്ത്യൻ ജനങ്ങൾക്കിടയിൽ ഒരു രാഷ്ട്രീയ അവബോധം ഉണ്ടാവാതിരിക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങളിലെ രാജകുമാരനാണ് രാജ്യദ്രോഹകുറ്റമായ സെഡിഷൻ ആക്ട് (സെക്ഷൻ 124A ഐപിസി, 1860)  
             
               - മഹാത്മാ ഗാന്ധി

ജസ്റ്റിസ് ഋതു രാജ് അവസ്തി ചെയർമാൻ ആയ 22-ാമത് നിയമ കമ്മീഷൻ സമർപ്പിച്ച 279-ാമത്തെ റിപ്പോർട്ടിൽ രാജ്യദ്രോഹ കുറ്റമായ സെഡിഷൻ ആക്ട് (സെക്ഷൻ 124A ഐപിസി,1860) പിൻവലിക്കേണ്ടതില്ലെന്നും ഭേദഗതികളോട് കൂടി പ്രാബല്യത്തിൽ കൊണ്ടുവരണമെന്നുമുള്ള നിർദേശവും യൂണിയൻ ഗവൺമെന്റിന് സമർപ്പിച്ചിട്ടുണ്ട്. നിയമ കമ്മീഷന്റേത് നിർദേശം മാത്രമാണെന്നും, എല്ലാവരുമായുള്ള വേണ്ടത്ര കൂടിയാലോചനകൾക്കു ശേഷം മാത്രമേ സെഡിഷൻ ആക്ടിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തുകയുള്ളൂ എന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പൊതുമണ്ഡലത്തിൽ പ്രത്യേകിച്ച് ഗുസ്തി താരങ്ങളുടെ സമരത്തിന്റെ, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒക്കെ പശ്ചാത്തലത്തിൽ രാജ്യദ്രോഹകുറ്റം വീണ്ടും പ്രധാനപ്പെട്ട ചർച്ചയായിട്ടുണ്ട്.


അർജുൻ റാം മേഘ്‌വാൾ | Photo: PTI

സെഡിഷൻ ആക്ട് ( Section 124A IPC,1860)
                         
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത്, 1870 കളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ അടിച്ചമർത്തുന്നതിനായി ഇന്ത്യൻ പീനൽ കോഡിൽ (1860) ഭേദഗതി വരുത്തി നടപ്പിലാക്കിയ നിയമമാണ് സെക്ഷൻ 124A. ഗവണ്മെന്റിനെതിരെ വാക്കിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, വെറുപ്പോ, വിദ്വേഷമോ ഉണ്ടാക്കുകയോ അല്ലെങ്കിൽ നിയമാനുസൃതമായ ഗവണ്മെന്റിന് ഏതെങ്കിലും തരത്തിലുള്ള അസംതൃപ്തി ഉണ്ടാക്കുന്നതോ ആയ പ്രവൃത്തികളാണ് രാജ്യദ്രോഹകുറ്റത്തിന്റെ പരിധിയിൽ വരുന്നത്. സ്വാതന്ത്ര്യാനന്തരം ഈ നിയമത്തിന്റെ സാധുതയെപ്പറ്റി ഇന്ത്യൻ നിയമ നിർമാണ സഭയിൽ ചൂടേറിയ ചർച്ചകൾ നടന്നെങ്കിലും സ്വതന്ത്ര ഇന്ത്യയിലും രാജ്യദ്രോഹകുറ്റത്തിനുള്ള ശിക്ഷ ജീവപര്യന്തമായി മാറ്റിക്കൊണ്ട് സെഡിഷൻ ആക്ട് നടപ്പിലാക്കുകയായിരുന്നു. കാലക്രമേണ ഇത് ഗവണ്മെന്റിനെതിരെ വിമർശനങ്ങളുന്നയിക്കുന്നവരെ, മനുഷ്യാവകാശപ്രവർത്തകരെ, പത്രപ്രവർത്തകരെ ജയിലിൽ അടക്കാനുള്ള ഒരു നിയമപഴുതായി മാറി.

പൗരന്റെ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യം (Right to Freedom of speech and expression Article 19(1)(a)) ഇന്റർനെറ്റ് വ്യാപകമായ ഈ കാലത്ത് വലിയ വെല്ലുവിളികൾ നേരിടുമ്പോൾ സെക്ഷൻ 124 A (രാജ്യദ്രോഹകുറ്റം) ഗവണ്മെന്റിന് തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെ എതിർക്കാനുള്ള പരിചയായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ദിശ രവിയുടെയും, വിനോദ് ദുവേയുടെയും, ആയിഷ സുൽത്താനയുടെയും ഗവൺമെന്റിനെതിരെയുള്ള വിമർശനങ്ങളെ നേരിടുവാൻ സ്‌റ്റേറ്റ് രാജ്യദ്രോഹ കുറ്റം എന്ന ടൂൾ ആണ് ഉപയോഗിച്ചത്.

രാജ്യദ്രോഹകുറ്റത്തിന്റെ (Section 124 A of Indian penal Code, 1860) ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ സുപ്രീംകോടതി ഒരുമിച്ചു പരിഗണിക്കവെ, 2022 മെയ് 11 ന് ജസ്റ്റിസ് എൻവി രമണ അടങ്ങുന്ന ഭരണഘടനാ ബെഞ്ച് കാലഹരണപ്പെട്ട ഈ കൊളോണിയൽ നിയമം ഇനിയും വേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കണം എന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അതിനോടൊപ്പം തന്നെ സുപ്രധാന ഇടക്കാല ഉത്തരവിലൂടെ താഴെപ്പറയുന്ന നിർദേശങ്ങൾ കൂടി കോടതി നൽകിയിട്ടുണ്ട്.

1) സെക്ഷൻ 124 A പ്രകാരമുള്ള FIR ചുമത്തിയിട്ടുള്ള എല്ലാ രാജ്യദ്രോഹ കേസുകളും താത്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നു. സെക്ഷൻ 124A ചുമത്തിയിട്ടുള്ള പുതിയ FIR ഇനി രജിസ്റ്റർ ചെയ്യരുത്.

2)മേല്പറഞ്ഞ ഇടക്കാല ഉത്തരവ് ലംഘിച്ച് FIR രജിസ്റ്റർ ചെയ്താൽ, പരാതിക്കാരന് അനുയോജ്യമായ കോടതിയെ സമീപിച്ച് സുപ്രീം കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പ്രകാരമുള്ള ഇളവുകൾ നേടാവുന്നതാണ്.

3) 2010 മുതൽ 2021 വരെ മാത്രം ഇന്ത്യയിൽ 13000 ഓളം പേർക്കെതിരെ സെക്ഷൻ 124A ചുമത്തി രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല കേസുകളും ഇപ്പോൾ വിചാരണയുടെ ഘട്ടത്തിൽ ആണെങ്കിലും, സെക്ഷൻ 124 A പ്രകാരമുള്ള എല്ലാ കേസുകളിലും നടപടിക്രമങ്ങൾ താത്കാലികമായി മരവിപ്പിക്കുന്നതാണ്.


സുപ്രീം കോടതി | Photo: PTI

സെഡിഷൻ ആക്ടിന്റെ ഭരണഘടനാ വിരുദ്ധവശമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതിന് പ്രധാനപ്പെട്ട കാരണം ആർട്ടിക്കിൾ 19(1)(a) യുടെ ലംഘനമാണ്. 1962 ലെ കേദാർനാഥ് സിംഗ് vs ഗവണ്മെന്റ് ഓഫ് ബീഹാർ എന്ന കേസിൽ, സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി ആണ് സെക്ഷൻ 124 A ആയി ബന്ധപ്പെട്ട ഒരു ലാൻഡ്മാർക് വിധി എന്ന് പറയപ്പെടുന്നത്. ആ വിധിയിൽ സെഡിഷൻ ആക്ടിന്റെ വിശദീകരണത്തിൽ കേവലം പ്രസംഗം കൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്താൻ പറ്റില്ലെന്നും, ആ പ്രസംഗം അക്രമത്തിനുള്ള ആഹ്വാനം നൽകുന്നതിനു പുറമെ ക്രമസമാധാനം തകർക്കപ്പെട്ടാൽ മാത്രമേ സെക്ഷൻ 124A ചുമത്താൻ പാടുള്ളൂ അല്ലാത്തപക്ഷം അത് മൗലികാവകാശമായ ആർട്ടിക്കിൾ 19(1)(a) യുടെ മേലുള്ള കടന്നുകയറ്റം ആണെന്നും നിരീക്ഷിക്കുന്നുണ്ട്.

2010 മുതൽ 2021 വരെയുള്ള കാലയളവിൽ 0.1 ശതമാനം മാത്രമാണ് സെക്ഷൻ 124 A പ്രകാരമുള്ള ശിക്ഷാ നിരക്ക്. ഇത് കാണിക്കുന്നത് രാജ്യദ്രോഹകുറ്റം ചുമത്തൽ ഭരണകൂടത്തിന്റെ പ്രതികാര നടപടിയാവുന്നു എന്നും കൂടിയാണ്. അതുകൊണ്ട് തന്നെ ചെറിയ പത്രസ്ഥാപനങ്ങളും ഫ്രീലാൻസ് ജേർണലിസ്റ്റുകളും ഉൾപ്പെടെ ഫോർത്ത് എസ്റ്റേറ്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ, തങ്ങളുടെ റിപ്പോർട്ടുകൾ സെൽഫ് എഡിറ്റിംഗിന് വിധേയമാക്കേണ്ടി വരുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

2014 മുതൽ 2020 വരെയുള്ള കാലത്ത് രാജ്യദ്രോഹ കുറ്റത്തിൽ 28% വളർച്ചയാണ് മുൻകാലത്തെ (2010 - 2014) അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. അതായത് സെക്ഷൻ 124A ചാർജ് ചെയ്ത 559 കേസുകളിലൂടെ 8,828 പേർക്കെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുള്ളത്. 2010 മുതൽ 2021 വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളിൽ രാജ്യദ്രോഹകുറ്റം, പാകിസ്ഥാൻ അനുകൂല നിലപാട്, തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് 106 കേസുകൾ എടുക്കുകയും 167 പേർക്കെതിരെ സെക്ഷൻ 124A ചാർജ് ചെയ്യുകയും ചെയ്തു. കോവിഡ് പാന്റമിക് കാലത്ത് മതിയായ ഓക്്‌സിജൻ സിലിണ്ടറുകൾക്കും, മതിയായ ഭക്ഷണത്തിനും, കുടിയേറ്റ തൊഴിലാളികളുടെ കാര്യങ്ങൾക്കും വേണ്ടി യാചിച്ചതിന് 12 കേസുകളിലായി 18 പേർക്കെതിരെ സെക്ഷൻ 124A ചാർജ് ചെയ്തിട്ടുണ്ട്. 2018 മുതൽ, കോവിഡ് പാന്റമിക്, സിറ്റിസൺഷിപ് ആക്ട്, കർഷകബിൽ, ഹത്രസ് ബലാത്സംഗം തുടങ്ങിയ കേസുകൾ റിപ്പോർട്ട് ചെയ്തതിലൂടെ 21 കേസുകളിൽ നിന്നായി 40 മാധ്യമപ്രവർത്തകർ രാജ്യദ്രോഹികളായിട്ടുണ്ട്. മാധ്യമ പ്രവർത്തകർ എങ്ങനെയാണ് റിപ്പോർട്ട് ചെയേണ്ടത് എന്നുള്ളതിനുള്ള ഉത്തരമാണിത്. അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ പ്രസ്സ് ഫ്രീഡം റാങ്ക് (161/180) ഇത്ര പുറകിലാവുന്നതിന്റെ മറ്റൊരു ഉത്തരമാണ് സെക്ഷൻ 124A ന്റെ ദുരുപയോഗം.

2014 ലെ ഏഷ്യാ കപ്പിലും 2017 ലെ ചാമ്പ്യൻസ് ട്രോഫിയിലും 2021 ലെ ICC T20 മെൻസ് വേൾഡ് കപ്പിലും ഇന്ത്യൻ തോൽവി ആഘോഷിച്ചു എന്ന പേരിൽ മാത്രം 12 കേസുകളിൽ നിന്നായി 104 പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഒരു രാജ്യമാണ് നമ്മുടേത്. പാകിസ്ഥാന്റെ ജയം ആഘോഷിച്ചാൽ രാജ്യദ്രോഹകുറ്റം ചുമത്തുമെന്ന് UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. കാലഹരണപ്പെട്ട ഈ നിയമം നടപ്പിലാക്കിയ ബ്രിട്ടൻവരെ അവരുടെ രാജ്യത്ത് രാജ്യദ്രോഹ നിയമം പിൻവലിച്ചു കഴിഞ്ഞു. UPA രണ്ടാം ഭരണ കാലത്ത് (2010-2014) 286 കേസുകളിൽ നിന്നായി 4394 പേർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിൽ തന്നെ 2011 ഇൽ 3436 പേർക്കെതിരെ കേസെടുത്തിരിക്കുന്നത് കൂടംകുളം സമരത്തിന്റെ ഭാഗമായാണ്.

യോഗി ആദിത്യനാഥ് | Photo: PTI

നിയമ കമ്മീഷൻ സെക്ഷൻ 124A പിൻവലിക്കേണ്ടതില്ല, തുടരേണ്ടതും ഉണ്ട് എന്ന് പറയുന്നത് എന്തൊക്കെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്ന് പരിശോധിക്കാം:
അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന മുഖമുദ്രയാണെന്നും അത് ഇന്ത്യൻ ഭരണഘടന മൗലികാവകാശമായി (ആർട്ടിക്കിൾ 19(1)(a)) നൽകുന്നുണ്ടെന്നും, എന്നാൽ ആ അഭിപ്രായ സ്വാതന്ത്ര്യത്തിന് 19 (2)-ൽ തന്നെ ചില നിയന്ത്രണങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടികാണിക്കുന്നു.

ഇന്ത്യൻ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളി മാവോയിസ്റ്റ് ഭീകരതയാണ് എന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ്. അഞ്ചു പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ഏകദേശം 180 ഓളം ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നുവെന്നും കമ്മീഷൻ ചൂണ്ടികാണിക്കുന്നു. 2004 മുതൽ 2021 വരെയുള്ള ഇന്ത്യയിലെ മാവോയിസ്റ്റ് അക്രമങ്ങളിൽ 23,401 സംഭവങ്ങളിലായി 8,229 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതേ കാലയളവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 14,475 അക്രമസംഭവങ്ങളിൽ 4,210 അക്രമകാരികളും 633 സുരക്ഷാ ഉദ്യോഗസ്ഥരും 3,125 സിവിലിയൻസും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 4,102 പേരെ തട്ടികൊണ്ട് പോയതായും റിപ്പോർട്ടുകൾ പറയുന്നു. ഇതേ കാലയളവിൽ കശ്മീരിലും 2,325 സിവിലിയൻസും 1,386 സുരക്ഷാ ജീവനക്കാരും 5,379 ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

കൂടാതെ രാജ്യത്ത് ശക്തമാകുന്ന ഖലിസ്ഥാൻ മൂവ്‌മെന്റ് മറ്റൊരു ആഭ്യന്തര വെല്ലുവിളിയാണ്. ലോകത്താകമാനമുള്ള ഇന്ത്യൻ ഡയസ്‌പോറയിൽ ഖലിസ്ഥാൻ മൂവ്‌മെന്റിനു ലഭിക്കുന്ന പിന്തുണ വളരെ വലുതാണ് എന്നതും ശ്രദ്ധേയമാണ്. അതുപോലെ നിരോധിക്കപ്പെട്ടതും അല്ലാത്തതുമായ ആക്റ്റീവ് ആയതും സ്ലീപ്പർ സെൽ ആയി പ്രവർത്തിക്കുന്നതുമായ ധാരാളം രാജ്യവിരുദ്ധ സംഘടനകൾ നിറഞ്ഞതുമാണ് സമകാലിക ഇന്ത്യയെന്നും കമ്മീഷൻ പറയുന്നു.


മൻമോഹൻ സിംഗ് | Photo: PTI

സെക്ഷൻ 124A യുടെ ദുരുപയോഗം

ഭരണകൂടങ്ങൾ തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെയും, അതുന്നയിക്കുന്നവരെയും അടിച്ചമർത്തുന്നതിനായി സെക്ഷൻ 124A ദുരുപയോഗം ചെയുന്നു എന്ന ആരോപണങ്ങൾ ശക്തമാണെങ്കിലും, നിയമം പിൻവലിക്കുന്നതിനുള്ള തക്കതായ കാരണമല്ല അതെന്നും, ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം എന്ന നിലയിൽ ചൂണ്ടികാണിക്കാൻ വേറെയും നിയമങ്ങൾ സുപ്രീംകോടതിയുടെ മുന്നിൽ തന്നെയുണ്ട്, പൊലീസിങ്ങിന്റെ നടപടിക്രമങ്ങളുടെ സങ്കീർണത അതിലൊന്നാണ്, നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് വേണ്ട നടപടിക്രമങ്ങൾ ശക്തമാക്കുകയാണ് ചെയ്യേണ്ടതെന്നും കമ്മീഷൻ നിർദേശിക്കുന്നുണ്ട്. അതിനായി സെക്ഷൻ 124A ചേർത്ത് FIR രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 7 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പ്രഥമ ദൃഷ്ട്യാ രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതാണോ എന്ന് പരിശോധിച്ച് സ്റ്റേറ്റ് ഗവൺമെന്റിനെയോ യൂണിയൻ ഗവൺമെന്റിനെയോ ധരിപ്പിക്കേണ്ടതാണ് എന്ന നിർദേശവും കമ്മീഷൻ മുന്നോട്ട് വെക്കുന്നു.

കൂടാതെ മറ്റു രാജ്യങ്ങളിൽ സമാനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിയമത്തിന്റെ ഉത്ഭവമായ ബ്രിട്ടനിൽ അത് പിൻവലിക്കുന്നത് 2009 ൽ ആണ്, അപ്പോഴേക്കും രാജ്യദ്രോഹ കുറ്റങ്ങൾ ശക്തമാക്കുന്ന മറ്റനേകം നിയമങ്ങൾ ബ്രിട്ടനിൽ നിലവിൽ വന്നിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തുന്നു. യുഎസ്, ഓസ്‌ട്രേലിയ കാനഡ എന്നിവിടങ്ങളിലും രാജ്യദ്രോഹകുറ്റങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്. 

പ്രധാനമായും കമ്മീഷൻ കണ്ടെത്തുന്നത് - രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുന്നതിന് സെക്ഷൻ 124 A അത്യന്താപേക്ഷിതമാണ്, ഗവൺമെന്റിന്റെ പ്രാഥമിക കടമ രാജ്യത്തെ വൈദേശികവും ആഭ്യന്തരവുമായ അക്രമങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയാണ് എന്ന സുപ്രീംകോടതിയുടെ മുൻകാല വിധികൾ നിലനിൽക്കുന്നുണ്ട്, UAPA പോലുള്ള ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും പുതിയ കാലത്ത് ആക്രമണങ്ങൾക്ക് പുതിയ രീതികൾ ഉണ്ടാവും അതുകൊണ്ടൊക്കെ തന്നെ സെക്ഷൻ 124 ആവശ്യമാണ് എന്നാണ്. ഈ നിയമം ഒരു കൊളോണിയൽ ലെഗസി ആണെന്നുള്ള വാദത്തെയും കമ്മീഷൻ തള്ളിക്കളയുന്നുണ്ട്, ഇന്ത്യൻ അഡ്മിനിസ്‌ട്രേഷൻ സർവീസും ഇന്ത്യൻ പൊലീസും ഇത്തരത്തിൽ തന്നെ ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് തുടങ്ങിയതാണെന്നും കമ്മീഷൻ ചൂണ്ടികാണിക്കുന്നു. കമ്മീഷൻ സെക്ഷൻ 124A ക്ക് താഴെ പറയുന്ന വിധം ഭേദഗതി നിർദേശിക്കുന്നു.

124A.Sedition - whoever by words, either spoken or written, or by sings, or by visual representation, or otherwise, brings or attempts to bring into hatred or contempt excites or attempts to excite disaffection towards, the government established by law in India, with a tendency to incite violence or cause public disorder shall be punished with imprisonment for life, to which fine may be added, or with imprisonment of either description for a term which may extend to seven years, to which fine may be added, or with fine.

Explanation 1- The expression ''disaffection'' includes disloyalty and all feelings of enmity.

Explanation 2- Comments expressing disapprobation of the measures of the Government with a view to obtain their alternation by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

Explanation 3- Comments expressing disapprobation of the administrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

Explanation 4- The expression ''tendency'' means mere inclination to incite violence or cause public disorder rather than proof of actual violence or imminent threat to violence.


#outlook
Leave a comment