
പുരുഷാധികാരത്തിന്റെ കറുത്ത കുപ്പായങ്ങള്‍
വഞ്ചിയൂര്‍ കോടതിയിലെ 'ജൂനിയര്‍' അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കിയത് നല്ല കാര്യം.
വെറുമൊരു ക്രൈം വാര്‍ത്ത എന്ന നിലയില്‍ ഈ സംഭവം ഒതുങ്ങിയില്ല എന്നതും ആശ്വാസകരം. മര്‍ദ്ദനത്തിരയായ വ്യക്തിയുമായി പരിമിതമായ നിലയിലെങ്കിലും ഐക്യദാര്‍ഢ്യം കേരളത്തിലാകെ രൂപപ്പെടാന്‍ അത് സഹായകവുമായി. എന്നാല്‍ സ്ത്രീകള്‍ ഇരകളോ/അതിജീവിതരോ ആകുന്ന എല്ലാത്തരം സംഭവങ്ങളിലും ഇത്തരം ഐക്യപ്പെടലുകളും പ്രതിഷേധ സ്വരങ്ങളും ഉണ്ടാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടുകയും വേണം. അഭിഭാഷകയ്ക്ക് നേരിട്ട അതിക്രമത്തോടുള്ള പൊതുസമൂഹത്തിന്റെ ശരിതെറ്റുകള്‍ അളക്കുന്നതിലെ മാനദണ്ഡങ്ങളിലൊന്ന്, നാളിതുവരെയായി വിവിധങ്ങളായ അവകാശപ്പോരാട്ടങ്ങളിലൂടെ നമ്മളാര്‍ജ്ജിച്ചെടുത്ത സ്ത്രീ സംരക്ഷണ നിയമങ്ങളാണ്. കേരളീയ സമൂഹത്തില്‍ മാത്രമല്ല ലോകമാകെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. അതിന്റെ ഭാഗമായി നിയമസാക്ഷരത കുറച്ചെങ്കിലും പൊതുജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. നിയമസാക്ഷരത കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരരെ ജാഗ്രതപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് വേലിതന്നെ വിളവ് തിന്നല്‍ ആണ്. നിയമസാക്ഷരതയും ഭരണഘടനാമൂല്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരെന്ന് പൊതുസമൂഹം കരുതുന്നവരാണ് അഭിഭാഷകര്‍. ദൈനംദിന ജീവിതത്തില്‍, ജീവിതോപാധിയെന്ന നിലയിലും പ്രവര്‍ത്തനമേഖല എന്ന നിലയിലും നിയമത്തെക്കുറിച്ചും ശിക്ഷാവിധികളെക്കുറിച്ചും ധാരണയുള്ളവരാവണമല്ലോ അഭിഭാഷകര്‍. അപ്പോള്‍, ഭരണഘടനയെക്കുറിച്ചോ അത് മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യ, മനുഷ്യാവകാശ മൂല്യബോധങ്ങളെക്കുറിച്ചോ ധാരണ ഇല്ലാത്തതുകൊണ്ടല്ല ബെയിലിന്‍ ദാസ് എന്ന അഭിഭാഷകന്‍ തന്റെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ചത്.
REPRESENTATIVE IMAGE | WIKI COMMONS
ആണത്ത അഹന്തയില്‍ ജീവിക്കുകയും പുരുഷാധിപത്യങ്ങളെയും അതിന്റെ മര്‍ദ്ദനവ്യവസ്ഥകളെയും സ്വാഭാവിക ശരിയെന്ന നിലയില്‍ പിന്‍പറ്റുകയും പ്രായോഗികവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ പ്രതികരണമായി ഇതിനെ വായിക്കാം. മറ്റൊന്ന് തൊഴിലിടങ്ങളില്‍ താല്‍ക്കാലിക തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളിലേക്കും തൊഴില്‍ അസ്ഥിരതകളിലേക്കുമുള്ള ചര്‍ച്ചകളിലേക്കും ഈ വിഷയം വിരല്‍ ചൂണ്ടുന്നുണ്ട്. തൊഴില്‍രംഗത്തെ ഇത്തരം ചൂഷണങ്ങളും വിവേചനങ്ങളും ലിംഗ-ലൈംഗിക വൈവിധ്യങ്ങള്‍ക്കപ്പുറത്ത് മനുഷ്യര്‍ പൊതുവായി അനുഭവിക്കുന്നുണ്ട്, സ്ത്രീകള്‍ മാത്രമല്ല ഇത്തരത്തില്‍ തൊഴിലിടങ്ങളില്‍ ചൂഷണം നേരിടുന്നത് എന്നുള്ളതും യാഥാര്‍ത്ഥ്യം.
നിയമത്തെക്കുറിച്ചുള്ള ധാരണ കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ പിന്‍തിരിപ്പിക്കാറുണ്ട്. അതുപക്ഷേ കുറ്റകൃത്യങ്ങളിലെ ശരിതെറ്റുകളെ കുറിച്ചുള്ള ധാരണ കൊണ്ടല്ല മറിച്ച്, തുടര്‍ന്ന് അനുഭവിക്കേണ്ടി വരുന്ന ശിക്ഷാനടപടികളുടെ കാഠിന്യങ്ങളെ കുറിച്ചുള്ള ഭയം കൊണ്ടാണ്. ഗാര്‍ഹിക പീഢനങ്ങള്‍ ഇതിനു വലിയൊരു ഉദാഹരണമാണ്. ഭാര്യയെ തല്ലാനുള്ള അധികാരം അവകാശത്തിന്റെയും ആണത്ത ആഘോഷങ്ങളുടേയും ഭാഗമാണെന്നുമുള്ള ബോധം പ്രബലമായ ഒരു സമൂഹത്തില്‍ ഗാര്‍ഹികപീഢന നിരോധന നിയമം പലരേയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. എന്നിട്ടും സ്ത്രീകള്‍ നേരിടുന്ന പീഢനങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ പ്രബലമായി ഇപ്പോഴും നിലനില്‍ക്കുന്ന ഒന്ന് ഇത്തരം ഗാര്‍ഹിക പീഢനങ്ങളാണെന്നു കാണാം. സ്ത്രീയെ അല്ലെങ്കില്‍ ഭാര്യയെ തല്ലിയാല്‍ കേസാകും എന്നത് മാത്രം ഇത്തരം ലിംഗാധിഷ്ഠിത അതിക്രമങ്ങളില്‍ (gender based violence) നിന്നും ചിലരെയെങ്കിലും പിന്‍തിരിപ്പിക്കുന്നു എന്നത് ആശ്വാസകരമാണെങ്കിലും ഭാര്യയെ അല്ലെങ്കില്‍ സ്ത്രീകളെ തല്ലാം എന്നതും വയലന്‍സ് കാണിക്കുന്നതില്‍ സ്വാഭാവികത കാണുന്ന മാനസികാവസ്ഥയും മൂല്യബോധവും ഏറെ അപകടകരമാണ്. ആണത്ത പൂര്‍ത്തീകരണത്തിന്റെ അളവുകോലുകളിലൊന്നായി വയലന്‍സ് പുനരുല്‍പാദിപ്പിക്കുന്നതിനെ പൊതുസമൂഹം അംഗീകരിച്ചുപോരുന്നുമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീകള്‍ കുടുംബങ്ങള്‍ക്കുള്ളില്‍, ഗാര്‍ഹിക വൃത്തികള്‍ ചെയ്ത് ജീവിക്കേണ്ടവരും പുരുഷന്മാരെന്നാല്‍ പൊതുവിടങ്ങളില്‍ ഇടപെടുകയും കുടുംബം പോറ്റുന്നവരുമെന്ന ജന്‍ഡര്‍ റോളുകളില്‍ തന്നെയാണ് ആധുനിക കേരളീയ സമൂഹം ഇന്നും മുന്നോട്ട് പോകുന്നത്. സ്ത്രീകള്‍ പാതിവ്രത്യവും (chastity), വിശുദ്ധിയും (purity) കാത്തുസൂക്ഷിക്കുന്നവരും പുരുഷന്‍ ഇവരുടെ കാവല്‍ക്കാരുമാണെന്ന പൊതുബോധം പേറുന്നവരാണ് ആധുനിക കേരളീയരില്‍ മഹാഭൂരിപക്ഷവും. സര്‍വ്വംസഹയായ ഭൂമിദേവി പരികല്‍പനകളില്‍ തളച്ചിടപ്പെട്ട സ്ത്രീത്വവും, കാരണവര്‍ റോളുകളില്‍ അഭിരമിക്കുന്ന പൗരുഷവും അംഗീകരിക്കപ്പെടുകയും വളരെ സ്വാഭാവികമായി ഇവിടെ പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പുരുഷാധിപത്യ വ്യവസ്ഥകളുടെ ഇരകളാണ് ആണും പെണ്ണും. സ്ത്രീവിമോചനമെന്നാല്‍ ഇത്തരം അടിച്ചമര്‍ത്തല്‍ /അധികാര വ്യവസ്ഥിതികളില്‍ നിന്നുള്ള വിമോചനവും അത് എല്ലാ വൈവിധ്യങ്ങളേയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിക്കായുള്ള സമരമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
അഭിഭാഷക നേരിട്ട പീഢനം എന്നത് ഒരൊറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കുന്ന ഒന്നല്ല. ബെയിലിന്‍ ദാസിന്റെ പ്രവൃത്തി പ്രത്യക്ഷമോ പരോക്ഷമോ ആയി പിന്താങ്ങുന്ന നല്ലൊരു വിഭാഗവും നമ്മുടെ ചുറ്റുമുണ്ട് എന്നത് അഭിഭാഷകരില്‍ ചിലര്‍ അന്നേദിവസം സംഭവത്തോട് നടത്തിയ ചില പ്രതികരണങ്ങളില്‍ നിന്നും കാണാവുന്നതാണ്. മലയാളിയുടെ സ്ത്രീ/ ഭാര്യ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ആഘോഷങ്ങളിലൊന്ന് നരസിംഹത്തിലെ മോഹന്‍ലാല്‍ ഡയലോഗിനോട് സാമ്യമുള്ളതാണ്. മോഹന്‍ലാല്‍ ഡയലോഗില്‍ അഭിരമിച്ച്, വച്ചു നീട്ടിയ സൗഭാഗ്യം എന്ന നിലയില്‍ സ്ത്രീവിരുദ്ധതയെ തുള്ളിച്ചാടി സ്വീകരിക്കുന്ന കഥാപാത്രം മലയാള സ്ത്രീ കുടുംബിനി സങ്കല്‍പ്പത്തോട് ചേര്‍ന്നുപോകുന്ന ഒന്നുതന്നെയാണ്. കലിപ്പന്റെ കാന്താരിയും ബെസ്റ്റി സങ്കല്‍പത്തില്‍ മിണ്ടാട്ടം മുട്ടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട മോഡേണ്‍ സ്ത്രീ/പെണ്‍കുട്ടി സങ്കല്‍പങ്ങളും ഇത്തരം പൊതുബോധ സ്ത്രീനിര്‍മ്മിതികളുടെ ആധുനിക രൂപങ്ങള്‍ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ പോലെ. മോഹന്‍ലാലിനോടൊപ്പം പോകുന്ന ഐശ്വര്യയുടെ കഥാപാത്രം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ഡയലോഗിനോടൊപ്പം കയ്യടി നേടിയ ഒന്നാണ്. രണ്ടായിരത്തിലിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം തന്റെ സഹപാഠിയോട് പറയുന്നുണ്ട്: 'ഞാനൊന്ന് അറിഞ്ഞ് വിളയാടിയാല്‍ പിന്നെ പത്തുമാസം കഴിഞ്ഞേ നീയൊക്കെ ഫ്രീയാകുള്ളൂ' എന്ന ഡയലോഗിനു കിട്ടിയ സ്വീകാര്യതയും ഇത്തരത്തില്‍ വായിക്കപ്പെടേണ്ടതുണ്ട്. അതായത് നിരന്തര പുരുഷാധിപത്യ അടിച്ചമര്‍ത്തലുകളുടെ ഇരകളും ആജ്ഞാനുവര്‍ത്തികളും തരംതാണവരുമായി സ്ത്രീത്വത്തെയും, ടോക്സിക്ക് മാസ്‌കുലിനിറ്റി പൗരുഷത്തിന്റെ മുഖമുദ്രയുമായി ആഘോഷിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യം.
ചോക്ലേറ്റ് എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS
2000ത്തിനു ശേഷം മാത്രമാണ് മാസ്‌കുലിനിറ്റിയേയും അതിന്റെ വയലന്റ് രൂപങ്ങളേയും ചോദ്യം ചെയ്യുന്ന സിനിമകള്‍ നമ്മുടെ കാഴ്ചകള്‍ക്ക് മുന്‍പിലെത്തുന്നത്. അമാനുഷിക പുരുഷരൂപങ്ങളുടെ നിഴല്‍പറ്റി, പിന്‍പറ്റി ജീവിക്കുന്ന സ്ത്രീരൂപങ്ങളെ സ്ത്രീത്വത്തിന്റെ അടയാളങ്ങളാക്കുന്ന പ്രവണത മലയാള സിനിമയില്‍ പൊതുവായി കാണാവുന്നതാണ്. എന്നാല്‍ ശക്തരായ സ്ത്രീജീവിതങ്ങളേയും അനുഭവങ്ങളേയും പ്രമേയമാക്കിയതും പുരുഷന്റെ നിഴലില്‍ നിന്നും സ്വതന്ത്ര്യരായ സ്ത്രീകളുടെ സിനിമകളേയും മലയാളി കാഴ്ചാനുഭവങ്ങളാക്കിയിട്ടുണ്ട്. പാരമ്പര്യത്തെയും പൊതുബോധങ്ങളേയും പുരുഷാധിപത്യമൂല്യങ്ങളേയും പിന്‍പറ്റുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്ക് തന്നെയായിരുന്നു എല്ലാക്കാലത്തും മുന്‍തൂക്കം എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലെങ്കില്‍ അത്തരം ചോദ്യം ചെയ്യലുകളെ മനപ്പൂര്‍വ്വം മനസ്സിലായില്ലെന്ന് നടിക്കുകയോ ചര്‍ച്ച ചെയ്യാതിരിക്കുകയോ ചെയ്ത മലയാളിയുടേത് ഇരട്ടത്താപ്പാണ്. ഉദാഹരണത്തിന്, മലയാളിക്ക് വ്യത്യസ്തമായ ഒരു പ്രണയാനുഭവം സമ്മാനിച്ച പത്മരാജന്‍ സിനിമ തൂവാനത്തുമ്പികളിലെ ക്ലാരയുടെ സ്വാതന്ത്ര്യബോധത്തിന്റെ ഉള്ളറിവുകള്‍ മനസ്സിലാക്കാത്തതു കൊണ്ടുമാത്രമാണ് ക്ലാരയെ അംഗീകരിച്ച മലയാളി ആസ്വാദകമനസ്സ് മായാനദിയിലെ നായികയുടെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന നിലപാടിനെ അംഗീകരിക്കാത്തത്. ജയകൃഷ്ണന്റെയും ക്ലാരയുടേയും പ്രണയജീവിതത്തെ അംഗീകരിക്കാന്‍ കഴിയുന്നത് പോലെ മായാനദിയിലെ മാത്തന്റെയും അപ്പുവിന്റെയും പ്രണയജീവിതത്തെ അംഗീകരിക്കാന്‍ പറ്റാത്തത്.
പുരുഷന്റെ നിഴല്‍പറ്റി, ബൗദ്ധിക വളര്‍ച്ചയില്ലാത്ത, ഗാര്‍ഹിക ജീവികള്‍ മാത്രമായി സ്ത്രീകളെ ചിത്രീകരിക്കുന്ന സിനിമകള്‍ക്കും എഴുത്തുകള്‍ക്കും ഇന്നും കയ്യടി കിട്ടുന്നു എന്നത് നിയമങ്ങള്‍ കൊണ്ടുമാത്രം ഇത്തരം ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവു കൂടിയാണ് പങ്കുവയ്ക്കുന്നത്. അഡ്വ. ശാമിലിക്ക് മര്‍ദ്ദനമേറ്റ വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ വന്നതാണ് ഇതേ അഭിഭാഷകന്‍ മുന്‍പും ശ്യാമിലിയോടും മറ്റു സഹപ്രവര്‍ത്തകരോടും ചെയ്തിരുന്ന ചൂഷണങ്ങളെപ്പറ്റിയും. സീനിയര്‍ ജൂനിയര്‍ എന്നത് കേവലം പദവികള്‍ എന്നതിനേക്കാള്‍ വളരെ ശക്തമായ അധികാര ബന്ധങ്ങള്‍ കൂടിയാണ്. പുതുതായി തൊഴിലിലേക്ക് എത്തിപ്പെടുന്ന ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളുടേയും വിവേചനങ്ങളുടേയും ഒരുദാഹരണം മാത്രമാണ് ഇത്. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിരോധന നിയമം (sexual harassment at workplace (prevention, prohibition and redressal act) 2013 പ്രകാരം ശാരീരിക പീഢനങ്ങളെപ്പോലെ തന്നെ ലൈംഗികച്ചുവയോടെയുള്ള സംസാരങ്ങളും അധിക്ഷേപങ്ങളും മാനസിക പീഢനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. അഡ്വ. ശ്യാമിലിയുടെ മൊഴിപ്രകാരം അഡ്വ.ബെയിലിന്‍ ദാസ് നേരത്തേയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും മോശമായ രീതിയില്‍ തന്നോടും മറ്റു ജൂനിയര്‍ അഭിഭാഷകരോടും സംസാരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയോ ധാരണക്കുറവോ ഉള്ള ആളുകളല്ല ഇതിന് ഇരകളായതും ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നതും എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. നിയമസാക്ഷരതയേക്കാളും ആധുനിക ജനാധിപത്യ മൂല്യങ്ങളേക്കാളും ആഴത്തില്‍ വേരൂന്നിക്കിടക്കുന്നതാണ് ആണത്തബോധം എന്നതിന്റെ ഏറ്റവും പുതിയ ഒരുദാഹരണമാണ് ഈ കേസ്.
അഡ്വ.ബെയിലിന്‍ ദാസ് | PHOTO : WIKI COMMONS
ക്രൂരമായ ഒരതിക്രമം തങ്ങളുടെ മുന്‍പില്‍ വച്ച് ഒരു സ്ത്രീ നേരിടുമ്പോള്‍ മൗനം പാലിക്കുന്ന സഹപ്രവര്‍ത്തകരുടെ ധാര്‍മ്മിക ബോധം ഏറെ പേടിപ്പെടുത്തുന്നതാണ്. സംഭവം നടന്ന് രണ്ടുമണിക്കൂറോളം അതേ ഓഫീസില്‍ പ്രതി ചിലവഴിക്കുന്നതും അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരെ മറ്റു അഭിഭാഷകര്‍ തടയുന്നതും കോടതി പരിസരങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന ഫത്വ ഇറക്കുന്നതുമെല്ലാം നിയമജ്ഞരുടെ ഭാഗത്ത് നിന്നുതന്നെ ഉണ്ടാകുന്നു എന്നതുമെല്ലാം സൂപ്പര്‍ഹീറോ സിനിമകളുടെ ബാക്ക്ഗ്രൗണ്ട് സ്റ്റോറിയോട് കിടപിടിക്കുന്നതാണ്. മാത്രമല്ല മൂന്നുദിവസത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നത് കേസന്വേഷിക്കുന്ന സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സ്വകാര്യ വാഹനത്തിലും. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന പ്രതിയുടെ ശരീരഭാഷ ശ്രദ്ധിച്ചവര്‍ക്കറിയാം എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് അയാള്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും എത്തിയിരിക്കുന്നതെന്ന്. സ്ത്രീകളോട് കാണിക്കുന്ന വയലന്‍സുകള്‍ തന്റെ ആണത്തത്തിന്റെ മൂര്‍ച്ചകൂട്ടുന്ന ഒന്നായി കാണുന്നതുകൊണ്ടാണ് തെല്ലും കുറ്റബോധമില്ലാതെ അയാള്‍ പൊതുസമൂഹത്തെ നോക്കി ആത്മവിശ്വാസത്തോടെ ചിരിക്കുന്നത്. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുതന്നെ വിക്റ്റിം ബ്ലയിമിംങ് നടക്കുന്നു എന്നുള്ള ആരോപണം സ്ത്രീകള്‍ വാദികളാകുന്ന കേസുകളില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതിജീവിതയ്ക്ക് കിട്ടുന്ന പിന്തുണയും ചേര്‍ത്തുനിര്‍ത്തലും പോലെ തന്നെ പ്രതിക്കും പൊതുസമൂഹത്തില്‍ നിന്നും കിട്ടുന്ന പിന്തുണയുടെ പേരാണ് പുരുഷാധിപത്യമൂല്യ ബോധം എന്നത്. നിയമത്തെക്കുറിച്ചുള്ള ധാരണ അല്ലെങ്കില്‍ നിയമസാക്ഷരത ആളുകളില്‍ നീതിബോധം വളര്‍ത്തണം എന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഈ സംഭവം ആഴത്തില്‍ മനസ്സിലാക്കിത്തരുന്നു.


