
ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമണവും: നീതികേടിന്റെ രണ്ട് മുഖങ്ങൾ
പ്രതിഷേധത്തിന്റെ സ്വരങ്ങൾ അടിച്ചമർത്തപ്പെടുകയും ചോദ്യമുന്നയിക്കുന്നവർ നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ഒരു പൗരനിൽ നിന്നും കേൾക്കാൻ കഴിയുന്ന ഏറ്റവും പ്രചോദനകരവും പ്രതീക്ഷാജനകവുമായ വാചകമെന്താണ്? അതിനുത്തരമാണ് ഈ അടുത്ത് പ്രമുഖയായ ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനവാചകമായി നാം കണ്ടത്.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ലൈംഗികചുവയുള്ള പരാമർശങ്ങൾ ഉന്നയിച്ച വ്യക്തികൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നടിയും മോഡലുമായ ഹണി റോസാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വാചകമായി "ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു" എന്ന് കുറിച്ചത്. ഒരു വ്യക്തി നിയമവ്യവസ്ഥയിലർപ്പിക്കുന്ന വിശ്വാസത്തേക്കാൾ, നിരന്തരമായി സൈബർ ആക്രമണങ്ങൾ നേരിടുന്ന, വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അനുഭവിക്കുന്ന ഒരാൾ ഇവയെ ചോദ്യംചെയ്ത് മുന്നോട്ടുവരുന്നു എന്നതാണ് ഈ പ്രസ്താവനയെ കൂടുതൽ മൂല്യമുള്ളതാക്കി തീർക്കുന്നത്.ഹണി റോസ് | PHOTO: FACEBOOK
ലൈംഗിക ചുവയുള്ള തമാശകളും അശ്ലീല പരാമർശങ്ങളും ജാതീയ അധിക്ഷേപവും വർണ്ണവിവേചനവും എവിടെയും നിസ്സാരമായി ഒളിച്ചു കടത്താനാകുമെന്ന പൊതുബോധത്തിനുള്ള തിരിച്ചടിയാണ് ഹണി റോസ് എന്ന സ്ത്രീയുടെ നിയമ പോരാട്ടം. അതിന്റെ ചർച്ചകൾക്ക് ചൂടേറുമ്പോൾ തന്നെയാണ്, കേവലമൊരു പ്രസ്താവനയെ വളച്ചൊടിച്ച് നിയമത്തെ തെറ്റായ രീതിയിൽ കൂട്ടുപിടിക്കണോ എന്ന് പറഞ്ഞിരുന്നവരെയടക്കം ഞെട്ടിച്ചുകൊണ്ട് കേരളത്തിൽ തന്നെ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി അഞ്ച് വർഷത്തോളമായി ബലാത്സംഗത്തിനിരയായി തുടരുന്നു എന്ന വാർത്ത പുറത്തുവരുന്നത്. രണ്ട് കേസുകളും സമാന്തരമായി മുന്നോട്ട് പോകുമ്പോൾ കുറ്റകൃത്യങ്ങൾ അളക്കേണ്ടതെങ്ങിനെയാണ്, പഴിചാരേണ്ടത് ആരുടെ മേലാണ്, ഏത് രീതിയിൽ സമീപിക്കുമ്പോഴാണ് അവയുടെ യഥാർത്ഥ പ്രശ്നങ്ങളെ മൂടിവെക്കാനാവുക എന്ന നെട്ടോട്ടത്തിലാണ് സമൂഹത്തിലെ ഒരു വിഭാഗം. ലൈംഗികാധിക്ഷേപം ലൈംഗികാതിക്രമം എന്നിങ്ങനെ രണ്ട് രീതിയിൽ പറയാനാകുന്നതോടൊപ്പം നീതികേടിന്റെ രണ്ട് തരത്തിലുള്ള സമീപനങ്ങളും അവയിൽ വ്യക്തമാണ്.
നടി ഹണി റോസും വ്യാപാരി ബോബി ചെമ്മണ്ണൂരും പങ്കെടുത്ത കണ്ണൂരിൽ നടന്ന ഉദ്ഘാടന പരിപാടിക്കിടെ നടിയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികച്ചുവയോടെയുള്ള പരാമർശമാണ് നേരിട്ടും സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്സുകളിലൂടെയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് താക്കീതായി നിയമനടപടിയുമായി നടി മുന്നോട്ട് പോവാൻ കാരണമായത്. സൈബർ ഇടങ്ങളിലും റിയാലിറ്റി ഷോകളിലും എന്തിന് അഭിമുഖങ്ങളിൽ പോലും ലൈംഗികചുവയോടെയുള്ള പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും പലപ്പോഴായി ഹണി റോസ് ഉൾപ്പെടുന്ന ഒട്ടേറെ അഭിനേതാക്കൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും നേരിടേണ്ടി വരുന്നുണ്ട്. തമാശയായി വെള്ളപൂശുന്ന അത്തരം പ്രവണതകളെ ഇതുവരേയും വേണ്ട രീതിയിൽ തുറന്നുകാട്ടുകയോ തക്കതായ താക്കീത് നൽകുകയോ ഉണ്ടായിട്ടില്ല. അതിനാൽ അവര്‍ക്കെതിരെ അവഗണനാ മനോഭാവം വെടിഞ്ഞ് നിയമപരമായി നേരിടുന്നത് കാലങ്ങളായി തുടരുന്ന ഇത്തരം സൈബർ അതിക്രമങ്ങളെ തടയിടാൻ അനിവാര്യമാണ്.ബോബി ചെമ്മണ്ണൂര്‍ | PHOTO: FACEBOOK
നിയമങ്ങളെല്ലാം സ്ത്രീകളുടെ ഭാഗത്ത് മാത്രമാണ് എന്ന ധാരണ നിലനിൽക്കുന്ന ഈ സമൂഹത്തിൽ സ്ത്രീയെന്ന നിലയിൽ അവരെടുത്ത നിലപാടും നേരിടുന്ന എതിർപ്പുകളും എടുത്തു പറയണം. കാരണം, നിയമങ്ങളും നിയമത്തിന്റെ നീതിയും കൂടെ നിൽക്കുമ്പോഴും സാമൂഹികനീതി സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെടുന്ന മറ്റു മനുഷ്യർക്കുമൊപ്പമുണ്ടോ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. അതുണ്ടായിരുന്നെങ്കിൽ ഇത്രയും വ്യക്തമായും തെളിവുകളോടെയും കുറ്റവും കുറ്റക്കാരെയും മുന്നിൽ കൊണ്ടുവന്ന ഒരു വ്യക്തി ഇപ്പോഴും വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പേരിലും തിരഞ്ഞെടുപ്പുകളുടെ പേരിലും സമൂഹമാധ്യമങ്ങളിലും ചർച്ചകളിലും വീണ്ടും വീണ്ടും അധിക്ഷേപിക്കപ്പെടേണ്ട അവസ്ഥയുണ്ടാകുമായിരുന്നോ? കുറ്റാരോപിതനായ വ്യക്തിയെ ന്യായീകരിക്കാനും ജാമ്യത്തിനിറങ്ങുമ്പോൾ മാലയിട്ട് സ്വീകരിക്കാനും ആരാധിക്കാനും ഒരു വിഭാഗം കാത്തുനിൽക്കുമോ?
പൊതു ഇടങ്ങളിൽ നിറത്തിന്റെയും ജാതിയുടെയും ലിംഗഭേദത്തിന്റെയും പേരിൽ ആളുകൾ വ്യക്തിഹത്യ ചെയ്യപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും നമ്മുടെ സമൂഹത്തിനെ ഞെട്ടിക്കുന്ന ഒന്നല്ലാതായി തീർന്നിട്ടുണ്ട്. അത്തരം സംഭവങ്ങളും അതിനെതിരെയുള്ള നടപടികളും മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാതെ കടന്നുപോയതും നമ്മൾ കണ്ടതാണ്. അവിടെയാണ് നടിയുടെ നിയമ പോരാട്ടത്തിനും അതിന് ലഭിക്കുന്ന വിസിബിലിറ്റിക്കും കാരണമാകുന്ന ഘടകങ്ങളെ കൂടി കണക്കിലെടുക്കേണ്ടത്. എത്ര അതിക്രമങ്ങൾ നേരിട്ടാലും അതിനെതിരെ പ്രതികരിക്കാൻ സാധ്യമാകുന്നത് സാമൂഹികവും സാമ്പത്തികവുമായി അംഗീകാരവും പിന്തുണയും ലഭിക്കുമ്പോൾ മാത്രമാണെന്ന വസ്തുത ഇവിടേയും വ്യക്തമാണ്. അത്തരം പ്രിവിലേജുകളോട് കൂടെ നിൽക്കുന്നവർ പോലും നിരന്തരമായി വേട്ടയാടപ്പെടുകയും വിക്ടിം ബ്ലൈയിമിങ്ങിന് വിധേയരാകുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയുടെ നിലവിലെ സാഹചര്യങ്ങൾ എടുത്താൽ തന്നെ മതിയാകും. ഈ അവസ്ഥയിലാണ് സാമൂഹികവും സാമ്പത്തികവുമായി അരികുവൽകരിക്കപ്പെടുന്ന മനുഷ്യർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് പ്രസക്തമാകുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും ജാമ്യവും വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ശരിതെറ്റുകളും ചർച്ച ചെയ്യപ്പെടുമ്പോൾ കേരളം ഞെട്ടലോടെ കേട്ട വാർത്തയാണ് പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടി വർഷങ്ങളോളം ബലാത്സംഗത്തിന് ഇരയായത്.REPRESENTATIVE IMAGE | WIKI COMMONS
വനിതാ-ശിശുക്ഷേമ നിയമങ്ങളും സംഘടനകളും നിലനിൽക്കെ തന്നെ ഇത്രയും കാലദൈർഘ്യമുള്ള ക്രൂരമായൊരു സംഭവം ഉണ്ടായി എന്നത് നമ്മുടെ നിയമ-സുരക്ഷാ സംവിധാനങ്ങൾ അവയുടെ പ്രധാനമായ പ്രവർത്തിമേഖലയിൽ പരാജയപ്പെട്ടു എന്നതാണ് കാണിക്കുന്നത്. കേസിന്റെ കൂടുതൽ വിശദാംശങ്ങളും കുറ്റാരോപിതരുടെ പേരും പുറത്തുവരാൻ ഇരിക്കുകയാണ്. പ്രതികളായി 58 പേരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പെൺകുട്ടി 62 പേരുകൾ പരാമർശിച്ചുവെങ്കിലും നാലുപേർക്കെതിരെ മതിയായ തെളിവുകൾ ലഭ്യമായില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 43 ആയി. കേസിൽ കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷൻ വിശദമായി റിപ്പോർട്ട് ആവശ്യപ്പെടുകയും പെൺകുട്ടിക്ക് ആവശ്യമായ ആരോഗ്യ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തുടർ നടപടികൾ എത്ര തന്നെ ശക്തമാണെങ്കിലും ഈ രീതിയിൽ വർഷങ്ങളോളം കൂട്ടമായും അല്ലാതെയും ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയാകേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതുണ്ട്. ഈ കേസിനേയും അതിലേക്ക് നയിക്കുന്ന സാമൂഹിക പശ്ചാത്തലത്തേയും അപഗ്രഥിച്ചുകൊണ്ട് ചർച്ചകളും നടപടികളും ഉണ്ടാവണം.
ദളിത് സമുദായത്തിൽ നിന്നുവരുന്ന, കായികമേഖലയിൽ ഏറെ സാധ്യതകൾ മുന്നിലുള്ള ഒരു കുട്ടിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്. ഭാവി തലമുറക്ക് വളരാനാവശ്യമായ ആരോഗ്യപരമായ അന്തരീക്ഷമൊരുക്കാൻ കെല്പുള്ളതല്ല ഈ സമൂഹവും ഭരണസംവിധാനങ്ങളും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. എന്തുകൊണ്ട് ഈ സംഭവം പുറത്തറിയാൻ ഇത്ര വർഷങ്ങളെടുത്തു എന്ന് ചോദിക്കുന്നവരാരും, എന്തുകൊണ്ട് തനിക്കെതിരായ അതിക്രമത്തെ ആദ്യമേ തുറന്ന് പറയാൻ, തടയാൻ ആ കുട്ടിക്ക് സാധിക്കുന്ന സാഹചര്യമുണ്ടായില്ല എന്ന് ചോദിക്കുന്നില്ല. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വളർച്ചക്ക് ഇടമാകേണ്ട കുടുംബ പശ്ചാത്തലത്തിലും, വിദ്യാഭ്യാസ സമ്പ്രദായത്തിലും, സാമൂഹിക ബന്ധങ്ങളിലും സംഭവിക്കുന്ന വലിയ വിടവുകൾ തിരിച്ചറിയാൻ ശ്രമിക്കുന്നില്ല. മൂല്യച്യുതിയെക്കുറിച്ച് ആവലാതിപ്പെടുന്ന, മറ്റുള്ളവരുടെ വസ്ത്രധാരണത്തിൽ കുറ്റങ്ങൾ ചുമത്തുന്ന, അശ്ലീലപരാമർശങ്ങളെ തമാശകളായി മാത്രം കാണാൻ പഠിപ്പിക്കുന്ന ആളുകൾക്ക് മുൻപിൽ തന്നെയാണ് ഇതും നടക്കുന്നത്. ഇവയൊന്നും തെറ്റുകളായി തോന്നാത്തിടത്തോളം കാലം വലിയ തെറ്റുകൾക്ക് വളമിടുകയാണ് തങ്ങളെന്ന് അവരാരും തിരിച്ചറിയാൻ പോകുന്നില്ല.REPRESENTATIVE IMAGE | WIKI COMMONS
ലൈംഗികദാരിദ്ര്യമുള്ളവരാണ് ബലാത്സംഗങ്ങൾക്ക് കാരണക്കാർ എന്ന് കരുതിയെങ്കിൽ നമുക്ക് തെറ്റി. ലൈംഗികദാരിദ്ര്യമുള്ളവരെല്ലാവരും മറ്റ് ശരീരങ്ങൾക്ക് മേൽ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ കടന്നുകയറ്റം നടത്തുന്നവരല്ല. മറിച്ച് മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് എന്തും സംസാരിക്കാനാകും എന്ന സ്വാതന്ത്ര്യത്തിൽ നിന്ന് തുടങ്ങി എന്തധികാരവും എടുക്കാനാകും എന്ന ആധിപത്യമനോഭാവമുള്ളവരാണ് കുറ്റം ചെയ്യാൻ മടിക്കാത്തത്. ഈ കേസിൽ തന്നെ ഏത് തരം പ്രകോപനമാണ് എന്ത് ദാരിദ്ര്യമാണ് ഇത്രയേറെ നീചമായ ഒരു പ്രവർത്തിയിൽ ഭാഗമാകാൻ കുട്ടികളും യുവാക്കളുമടങ്ങുന്ന അറുപതോളം പുരുഷന്മാരെ നയിച്ചത്. കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭ്യമാകാത്ത സാഹചര്യം മുതൽ, സാധൂകരിക്കപ്പെടുന്ന ലൈംഗികാധിക്ഷേപങ്ങളും അതിക്രമങ്ങളും തന്നെയാവണം രണ്ടാമതൊരു ചിന്തക്കിടയില്ലാത്ത വിധം മറ്റൊരാൾക്ക് മേൽ അധികാരം കയ്യാളാൻ അവർക്ക് ധൈര്യം നൽകിയത്. ആ അധികാരം ചോദ്യം ചെയ്യപ്പെടില്ലെന്ന ധാരണയുള്ളിടത്തോളം ഇവിടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കും. കുറ്റവാളികളെ പിന്തുണക്കുന്ന കൂട്ടം കൂടുതൽ അലമുറയിടേണ്ടി വരും, സ്വയം പൗരബോധമില്ലാത്തവരായി മുദ്രകുത്തേണ്ടി വരും.
ഇതേ കേസിലെ പ്രധാന സംഭവമായ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന പേരിലുള്ള ഭീഷണിയും അത് ഇരക്കു മുകളിൽ ചുമത്തിയ സാമൂഹികമായ സമ്മർദ്ദങ്ങളും വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ്. തെറ്റുകളെ മറ്റുള്ളവർക്ക് മുമ്പിൽ കൊണ്ടുവരാനും പ്രതികരിക്കാനും പലർക്കും കഴിയാതെ പോകുന്നത് അതിനുശേഷമുള്ള സാമൂഹികാക്രമണത്തെ നേരിടാനാകില്ല എന്നത് തന്നെയാണ്. നീതി ഉറപ്പാക്കേണ്ട, പിന്തുണയ്ക്കേണ്ട അതേ ജനക്കൂട്ടവും നിയമസംവിധാനവും തന്നെയാണ് ഇരകളെ തെറ്റുകാരാക്കി തീർക്കാൻ ശ്രമിക്കുന്നതും അവരുടെ സാമൂഹിക പശ്ചാത്തലത്തെ അളന്നുകൊണ്ട് കൂടുതൽ ചൂഷണം ചെയ്യുന്നതും. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന, പിന്നാക്ക സമുദായത്തിൽ ഉൾപ്പെടുന്ന, ആരോഗ്യപരമായ ജീവിതാന്തരീക്ഷമില്ലാത്ത വ്യക്തികൾ നേരിടുന്ന അതിക്രമത്തേക്കാൾ വലുതാണ് അവ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയാൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന അവഗണനയും വിവേചനങ്ങളും. ചോദ്യം ചെയ്യപ്പെടേണ്ടത് എന്താണെന്ന് മനസ്സിലാക്കുമ്പോഴും കണ്ണും കാതും വായുമടച്ച് മുഖം തിരിക്കുന്ന പൊതുബോധമാണ് ഈ സംഭവങ്ങൾ ഓരോന്നിലും പ്രവർത്തിക്കുന്നത്.REPRESENTATIVE IMAGE | WIKI COMMONS
ഒരു സ്ത്രീക്ക് എതിരെ പ്രമുഖനായ ഒരു വ്യക്തി നടത്തിയ ലൈംഗികാധിക്ഷേപവും ഒരു ദളിത് പെൺകുട്ടി വർഷങ്ങളോളം നേരിടേണ്ടി വന്ന ബലാത്സംഗവും രണ്ട് സംഭവങ്ങളായി നിൽക്കുന്നുവെങ്കിലും ഇവയിലേക്ക് നയിക്കുന്ന, ഇവയെ രണ്ട് തട്ടിൽ പരിഗണിക്കുന്ന സാമൂഹികമായ കാഴ്ചപ്പാടുകളിലെ വേർതിരിവിന്റെ അടിസ്ഥാനം ഒന്നുതന്നെയാണ്. പോരാടാൻ നിശ്ചയിക്കുമ്പോഴും സ്ത്രീയോ ദളിത് സമൂഹമോ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളോ ആകുന്ന അരികുവൽക്കരിക്കപ്പെടുന്ന ആളുകളെ വീണ്ടും വീണ്ടും വേട്ടയാടുന്ന മനോഭാവം ഒന്നുതന്നെയാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ അലിഖിതമായ നിയമങ്ങളെ ഊട്ടിയുറപ്പിക്കാൻ ഉള്ള 'ടൂൾ' എന്നവണ്ണം കുറ്റങ്ങളെ ലളിതവൽക്കരിക്കുന്ന നയങ്ങളും പരാമർശങ്ങളും പിന്തുണ അർഹിക്കാത്തതാണ്, ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. പൊതു ഇടങ്ങളിൽ എന്നല്ല തീൻമേശകളിൽ പോലും ലൈംഗികാധിക്ഷേപങ്ങളും അശ്ലീല പരാമർശങ്ങളും ഇരകൾക്കുമേൽ കുറ്റം ചുമത്തുന്ന ആരോപണങ്ങളും വിളമ്പാൻ കഴിയില്ലെന്ന ബോധ്യത്തിലേക്ക്, അടിസ്ഥാനപരമായി അവശ്യമായ ഇത്തരം പെരുമാറ്റരീതികളിലേക്ക് നമ്മൾ ഇനിയും ഏറെ വളരേണ്ടതുണ്ട്. അതോടൊപ്പം നീതിയെ രണ്ട് തട്ടിലിട്ട് തൂക്കുന്ന സാമൂഹിക പശ്ചാത്തലത്തെ തിരിച്ചറിഞ്ഞുക്കൊണ്ടുള്ള മാറ്റങ്ങൾക്ക് വഴിവെട്ടേണ്ടതുണ്ട്.