TMJ
searchnav-menu
post-thumbnail

Outlook

ലൈംഗികാതിക്രമങ്ങളും രാഷ്ട്രീയമുതലെടുപ്പുകളും

20 Aug 2024   |   5 min Read
ഹൃദ്യ ഇ

ന്ത്യയിലെ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ദാരിദ്ര്യവും ഇല്ലായ്മകളും. അവ ഒരിക്കലും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കാറില്ല. സ്ത്രീകളുടെ നേരെ നടക്കുന്ന ലൈംഗികാക്രമണങ്ങളും സമാനമായ ഒരവസ്ഥ നേരിടുന്നതായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സഹിക്കാവുന്നതിന്റെ പരിധി വിടുമ്പോഴാണ് അവ ഒരു പൊട്ടിത്തെറിയായി തെരുവുകളില്‍ പ്രത്യക്ഷപ്പെടുക. 2012-ല്‍ ഡല്‍ഹിയില്‍ അതാണ് സംഭവിച്ചത്. 12 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ കൊല്‍ക്കത്തയിലും രാജ്യത്തിന്റെ മറ്റുള്ള ഭാഗങ്ങളിലും സംഭവിക്കുന്നതും അതാണ്. 2012 ലെ നിര്‍ഭയ ബലാത്സംഗ-കൊലപാതകത്തിന് ശേഷം വീണ്ടുമൊരു ജനരോഷത്തിന് രാജ്യം സാക്ഷ്യംവഹിക്കുന്നു. കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണ് സമാന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുകയാണ് കോടതി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണവും, ക്ഷേമവും ഉറപ്പാക്കുന്നതിനായി സമഗ്രമായ നിര്‍ദേശങ്ങളുടെയും ശുപാര്‍ശകളുടെയും കാര്യത്തില്‍ പതിവുപോലെ കോടതിയും സര്‍ക്കാരുകളും വാചാലമാവുന്നു. അവ എത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്ന കാര്യത്തിലാണ് സംശയം. നിര്‍ഭയ കേസിന് ശേഷമുള്ള ചരിത്രം നല്‍കുന്ന സൂചനകള്‍ അതാണ്.

സ്വാഭാവികമായ ജനരോഷത്തെ കക്ഷി രാഷ്ട്രീയപ്രേരിതമായ താല്‍പര്യങ്ങളില്‍ ഒതുക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ കൈവരിച്ച വൈദഗ്ധ്യം കൊല്‍ക്കത്ത സംഭവത്തിലും വ്യക്തമാണ്. ഭരണ പക്ഷത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷവും പ്രതിപക്ഷത്തെ പഴിചാരി ഭരണപക്ഷവും രംഗത്തുണ്ട്. ഭരണ-പ്രതിപക്ഷ കിടമത്സരങ്ങള്‍ക്കുള്ള മറ്റൊരു ഉപകരണമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാറുന്നതാണ് നമ്മള്‍ കാണുന്നത്. കൊല്‍ക്കത്ത സംഭവവും അത്തരമൊരു പരിസമാപ്തിയിലേക്ക് പോവുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ വെളിവാക്കുന്നു.

പശ്ചിമബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനാണ് നിലവിലെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്ന് ആരോപിച്ചുകൊണ്ട് ബിജെപി സംഭവത്തെ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചും തുടര്‍ന്നുള്ള ദിവസങ്ങളിലുണ്ടായ പൊലീസുമായുള്ള ഏറ്റുമുട്ടലുമെല്ലാം അതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസും സിപിഎമുമെല്ലാം രംഗത്തുണ്ട്. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഭരണകക്ഷിയായ തൃണമൂലും ബിജെപിയും സിപിഎമുമെല്ലാം വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതോടെ ബംഗാളില്‍ പ്രതിഷേധ നിരയാണ് ഉണ്ടായത്. ചുരുക്കി പറഞ്ഞാല്‍ ജനരോഷത്തെ ഉണര്‍ത്തിയ ഒരു സംഭവത്തില്‍ തങ്ങളെകൊണ്ടാവുന്നതിന്റെ പരമാവധി വേഗത്തില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മറന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ ലാഭം ഉണ്ടാകുന്നത് വരെ സംഭവം ചര്‍ച്ച ചെയ്ത്, വിമര്‍ശിച്ച് ഒടുവില്‍ ഉപേക്ഷിക്കപ്പെടുന്ന നിലയിലേക്ക് തന്നെ കൊല്‍ക്കത്ത കൊലപാതകവും നീങ്ങുന്നുവെന്നത് രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഓരോ വര്‍ഷവും മുപ്പതിനായിരത്തിലധികം ബലാത്സംഗക്കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ അതി ദാരുണമായി കൊലചെയ്യപ്പെടുന്ന ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രം ചര്‍ച്ചയാവുന്നു.

MARCH BY BJP MAHILA MORCHA | PHOTO : WIKI COMMONS
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊതുശ്രദ്ധയിലെത്തുന്നത് സാമൂഹിക ശ്രേണിയില്‍ ഉന്നത നിലയിലുള്ളവര്‍ ഇരകള്‍ ആകുമ്പോഴാണ്. സാമ്പത്തികമായും, ജാതിപരമായും പിന്നോക്കം നില്‍ക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ നേരിടുന്ന അതിക്രമങ്ങള്‍ പൊതുമണ്ഡലത്തിലും രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും മുഖ്യധാര മാധ്യമങ്ങള്‍ക്കിടയിലും മുഖ്യധാര ഫെമിനിസ്റ്റുകള്‍ക്കിടയിലും പലപ്പോഴും
ചര്‍ച്ചാ വിഷയം പോലുമല്ല. അത്തരത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കാതലായ അര്‍ത്ഥത്തില്‍ പരിഗണിക്കാതെ, അതിന്റെ സാമൂഹിക സാഹചര്യങ്ങളും കാരണങ്ങളും വിശകലനം ചെയ്യാതെ കൊല്‍ക്കത്ത വധക്കേസിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ചര്‍ച്ചകളും ഒതുങ്ങുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്.

ഇന്ത്യയില്‍ ഓരോ ദിവസവും നടക്കുന്ന നിരവധിയായ ലൈംഗികാതിക്രമങ്ങളുടെ തുടര്‍ക്കഥയാണ് കൊല്‍ക്കത്തയിലെ സംഭവം. ആ സംഭവത്തില്‍ മാത്രം ഊന്നികൊണ്ടുള്ള, അതിന്റെ സാമൂഹികകാരണങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഹ്രസ്വകാല രോഷത്തിനും ചര്‍ച്ചകള്‍ക്കും ഉപരിയായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടുള്ള സംഘടിത മുന്നേറ്റങ്ങള്‍ രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. ഇത്തരമൊരു വീക്ഷണത്തില്‍ നിന്നുകൊണ്ട് കൊല്‍ക്കത്ത സംഭവമുണര്‍ത്തുന്ന ആശങ്കയെ നോക്കികാണേണ്ടതുമുണ്ട്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് 2012 ലെ നിര്‍ഭയവധക്കേസിന്റെ സമയത്ത് റിപ്പോര്‍ട്ട് ചെയ്തത് 25,000 ബലാത്സംഗക്കേസുകളാണ്. അതിന് ശേഷമുള്ള വര്‍ഷം 30,000 ആയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2016 ല്‍ അതിക്രമങ്ങളുടെ എണ്ണം 39,000 മായി വീണ്ടും ഉയര്‍ന്നു. 2018 ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഓരോ 15 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നുണ്ട്. 2022 ലും മുപ്പതിനായിരത്തിലധികം ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും 86 ബലാത്സംഗങ്ങള്‍. അതില്‍ തന്നെ ഓരോ ദിവസവും ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ 10 പേര്‍ ദളിത് സ്ത്രീകളാണ്. 2023 ല്‍ ഇതില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും ഇതിന് പുറമെ ഉണ്ട്. ഓരോ മിനിറ്റിലും ഇന്ത്യയില്‍ സത്രീകള്‍ പീഡിപ്പിക്കപ്പെടുമെന്നത് ആശങ്കപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്.

KOLKATHA PROTEST | PHOTO : WIKI COMMONS
കൊല്‍ക്കത്തയില്‍ പ്രതിഷേധം ആളികത്തുമ്പോള്‍ തന്നെ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിഹാറിലും ബലാത്സംഗ കൊലപാതകങ്ങള്‍ ഉണ്ടായി. ഉത്തരാഖണ്ഡിലെ രുദ്രാപുരിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സാണ്  കൊല്ലപ്പെട്ടത്. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ 14 വയസ്സുള്ള ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത് ആഗസ്സ്റ്റ് 12 നാണ്. യുപിയിലെ സോന്‍ഭദ്രയില്‍ ബലാത്സംഗത്തിനിരയായ പതിനാല് വയസ്സുക്കാരി മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം മരിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇന്ത്യയില്‍ അത്രമേല്‍ സാധാരണമാകുന്ന സാഹചര്യമാണെന്ന സൂചനയാണിത്. ഇത്തരത്തില്‍ സമൂഹത്തിലെ ദരിദ്ര ജനവിഭാഗത്തിനിടയില്‍ ദിനംപ്രതി നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാകുന്നത് പോയിട്ട് രേഖപ്പെടുത്താതെ പോലും പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ രാജ്യത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനസിലാക്കി ചെറുക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാണ്. പ്രതിഷേധങ്ങളും ചര്‍ച്ചകളും അത്തരത്തിലൊരു സ്വഭാവം കൈവരിക്കേണ്ടതുണ്ട്.

അന്വേഷണം, പ്രതിയെ കണ്ടെത്തല്‍, ശിക്ഷ നടപ്പാക്കല്‍ എന്ന പരിസമാപ്തിയിലേക്കാണ് കൊല്‍ക്കത്ത സംഭവം പോലെ ചര്‍ച്ചയാകുന്ന അതിക്രമങ്ങള്‍ പോലും എത്തുന്നത്. അതില്‍ പോലും നമ്മുടെ വ്യവസ്ഥിതിയ്ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ വ്യക്തമാണ്. കൊല്‍ക്കത്തയില്‍ നടന്നിരിക്കുന്നത് ഒരു കൂട്ടബലാത്സംഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം പുറത്തുവരുന്നുണ്ട്. പ്രതിഷേധക്കാര്‍ക്കും ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിനും നേരെ ഉണ്ടായ ആക്രമണങ്ങളും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ കേസ് വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ക്ക് സംഭവിച്ചിരിക്കുന്ന വീഴ്ച വളരെ വ്യക്തമാണ്. 2012 ലെ നിര്‍ഭയവധക്കേസും അന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളും ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. ഡല്‍ഹി നഗരത്തില്‍ ഇരുപത്തിമൂന്നുക്കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ ജനരോഷത്തെ തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നിയമങ്ങളില്‍ പോലും ഭേദഗതികള്‍ കൊണ്ടുവരേണ്ടിവന്നു. 2013 ല്‍ ഇന്ത്യയുടെ ലൈംഗിക കുറ്റകൃത്യ നിയമങ്ങളിലും അന്വേഷണ നടപടികളിലും നിരവധി മാറ്റങ്ങള്‍ വരുത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബലാത്സംഗത്തിന്റെ വിശാലമായ നിര്‍വചനവും ഭേദഗതി ചെയ്ത ശിക്ഷാ നടപടികളുമായിരുന്നു.
PROTEST AGAINST NIRBHAYA CASE | PHOTO : WIKI COMMONS
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 ഭേദഗതി ചെയ്തു. ഇവിടെയാണ് ബലാത്സംഗത്തിന്റെ നിര്‍വചനം വിശാലമാക്കുന്നത്. നിയമാനുസൃത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 6 മുതല്‍ 24 മാസത്തെ തടവ് ശിക്ഷ നല്‍കാമെന്ന വ്യവസ്ഥ സെക്ഷന്‍ 166 ബിയില്‍ ചേര്‍ത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലും മാറ്റങ്ങള്‍ വരുത്തി. ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ 16 മുതല്‍ 18 വയസ് വരെയുള്ളവരെ വിചാരണ ചെയ്യാവുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്യപ്പെട്ടു. ഇങ്ങനെ വിവിധ രീതിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രത്യേകം നിര്‍വചിച്ചുകൊണ്ടും അന്വേഷണ സമയത്ത് ഉണ്ടാകുന്ന പിഴവുകള്‍ക്കുള്ള ശിക്ഷകള്‍ ചേര്‍ത്ത് കൊണ്ടും നിയമ ഭേദഗതികള്‍ ഉണ്ടായി. എന്നാല്‍ ഈ ഭേദഗതികള്‍ക്ക് എത്രത്തോളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ലഘൂകരിക്കാനും കേസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കാനും സാധിച്ചുവെന്നത് സംശയകരമാണ്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവവും കാശ്മീരിലെ കത്ത്വയില്‍ എട്ടു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതുമെല്ലാം രാജ്യം എങ്ങനെ കൈകാര്യം ചെയ്തുവെന്നത് അത് വ്യക്തമാക്കുന്നുണ്ട്.

കൊല്‍ക്കത്ത ബലാത്സംഗക്കേസോടെ ശക്തിപ്പെടുന്ന പ്രധാനപ്പെട്ട മറ്റൊരു ആശങ്ക ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരുന്നുവെന്നതാണ്. ഇന്ത്യയിലെ മിക്കവാറും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാര്‍ അടക്കമുള്ള പാരാ മെഡിക്കല്‍ സ്റ്റാഫുകളും നേരിടുന്ന അരക്ഷിതാവസ്ഥയാണ് കൊല്‍ക്കത്ത സംഭവത്തിലെ ഒരു പ്രധാന വിഷയം. അമിതമായ ജോലി ഭാരം ഇതിലെ പ്രധാന വിഷയമാണ്. 36 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിയെടുക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യമാണ് ഈ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരാശരി 3500 ലധികം രോഗികള്‍ നിത്യേന വരുന്ന ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാര്‍ക്കും പിജി  ഡോക്ടര്‍മാര്‍ക്കും തുടര്‍ച്ചയായി 36 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. വിശ്രമമുറികളില്ലാത്തതിനാല്‍ മൂന്നാം നിലയിലെ സെമിനാര്‍ ഹോളില്‍ വിശ്രമിക്കാന്‍ ഇവര്‍ നിര്‍ബന്ധിരാകുന്നു. കൊല്ലപ്പെട്ട ഡോക്ടറെ ഇത്തരത്തില്‍ സെമിനാര്‍ റൂമില്‍ വിശ്രമിക്കാന്‍ കിടന്ന ശേഷം രാവിലെയാണ് ക്രൂരമായി മുറിവുകളേറ്റ നിലയില്‍ കണ്ടെത്തുന്നത്.

PROTEST OF DOCTORS | PHOTO : WIKI COMMONS
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായും വിശ്രമിക്കേണ്ടതായും വരുന്നതിനെക്കുറിച്ച് പ്രതിഷേധത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നുണ്ട്. ജോലി ചെയ്യുന്ന ആശുപത്രികളില്‍ സ്ത്രീകള്‍ക്കായി വിശ്രമമുറികളും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങളോ ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന തൊഴില്‍ സംബന്ധമായ ഇത്തരം പ്രശ്‌നങ്ങളൊന്നും എന്നാല്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലും ചര്‍ച്ചചെയ്യപ്പെടുന്നില്ല. രാജ്യത്തെ ഏകദേശം 30 ശതമാനം ഡോക്ടര്‍മാരും 80 ശതമാനം നഴ്സിംഗ് സ്റ്റാഫുകളും സ്ത്രീകളാണെന്നതും ഇവിടെ ചിന്തിക്കേണ്ട കാര്യമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തിന് മുന്‍പ് ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ വ്യപകമായി പ്രതിഷേധിച്ചത് കേരളത്തിലുണ്ടായ സംഭവത്തിലാണ്. 23 ക്കാരിയായ വന്ദനദാസ് എന്ന മെഡിക്കല്‍ ഇന്റേണ്‍ കഴിഞ്ഞവര്‍ഷം ക്രൂര ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ രോഷാകുലരായ ഡോക്ടര്‍മാര്‍ തങ്ങളുടെ സുരക്ഷയ്ക്കായി കര്‍ശന നിയമം വേണമെന്ന ആവശ്യം ഉന്നയിച്ച് അന്നും തെരുവില്‍ സമരം ചെയ്തു. 24 മണിക്കൂര്‍ സേവനങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സമരം നടത്തിയ ഡോക്ടര്‍മാര്‍ ഇപ്പോഴും ആവശ്യപ്പെടുന്നത് അത്തരമൊരു നിയമപരിരക്ഷയാണ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാന്‍ നയ രൂപീകരണം, നിര്‍ബന്ധിത സുരക്ഷാ അവകാശങ്ങള്‍ നല്‍കികൊണ്ട് ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉന്നയിക്കുന്നത്. മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിയും വിശ്രമിക്കാന്‍ സുരക്ഷിതമായ ഇടമില്ലാത്തതും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ പരിഷ്‌കരിക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളായി ഇത്തരം അക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ക്കായി ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിറ്റി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി അത്തരമൊരു കേന്ദ്രനിയമവും ഇപ്പോള്‍ നിലവിലില്ല. റിപ്പോര്‍ട്ടനുസരിച്ച് 19 സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വ്യവസ്ഥകളോടെ ചില ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വന്ദന ദാസ് എന്ന മെഡിക്കല്‍ ഇന്റേണിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ kerala Healthcare Service Persons and Healthcare Service Institutions (Prevention of Violence and Damage to Property) Amendment Act of 2023 എന്ന സ്റ്റേറ്റ് ലോ കേരളം കൊണ്ടുവന്നു. ഡോക്ടര്‍മാര്‍, നഴ്‌സ്, പാരാമെഡിക്കുകള്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍സ്, മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍, സെക്യൂരിറ്റി ഗാര്‍ഡ് എന്നിങ്ങനെ നിരവധി മേഖലകളെ ഉള്‍പ്പെടുത്തിയായിരുന്നു ഈ നിയമം. എന്നാല്‍ രാജ്യവ്യാപകമായി നോക്കുമ്പോള്‍ മെഡിക്കല്‍ സുരക്ഷയ്ക്കായി എകീകൃതമായ നിയമമില്ല. ഇത്തരം വിഷയങ്ങള്‍ കൂടി വിശാല അര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടതുണ്ട്.


#outlook
Leave a comment