TMJ
searchnav-menu
post-thumbnail

Outlook

ലൈംഗിക സ്വാതന്ത്ര്യം ലൈംഗിക ചൂഷണമല്ല

24 Aug 2025   |   4 min Read
സുജീഷ്

പൊതുസ്വീകാര്യതയുള്ളവരും അധികാരം കൈയ്യാളുന്നവരുമായ വ്യക്തികൾ മറ്റുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്യുമ്പോൾ അതിനെ സദാചാരത്തിൻ്റെ ചട്ടക്കൂടിലൂടെ നോക്കിക്കാണുകയെന്നതാണ് നമ്മുടെ പതിവുരീതി. രാഷ്ട്രീയപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരള രാഷ്ട്രീയത്തിൽ പൊതുജീവിതം നയിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസ്സ് നേതാവിൻ്റെ ലൈംഗികബന്ധങ്ങൾ, ലൈംഗികചൂഷണങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിലും നമ്മുടെ സമീപനം പ്രധാനമായും ഇത്തരത്തിലാണെന്ന് കാണാം. അയാൾ മര്യാദകേട് കാണിച്ചോ, സദാചാരം ലംഘിച്ചോ, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തോ എന്നതാണ് നമ്മുടെ പ്രധാന ആലോചന. 

പക്ഷേ ഇതിലൂടെ പ്രസക്തമായ ഒരു പ്രശ്നത്തെ വൈയക്തികമായ തെറ്റിലേക്ക് ചുരുക്കിക്കാണുകയാണ്. പ്രശ്നവത്കരിക്കേണ്ടതായ വസ്തുത രാഷ്ട്രീയാധികാരത്തിൻ്റെ ദുരുപയോഗമാണ്. ഇതൊരിക്കലും ഒരാളുടെ ലൈംഗികജീവിതത്തെ സംബന്ധിച്ചുള്ള വിഷയമല്ല. അധികാരം കൈയ്യാളുന്ന ഒരാൾ അതേ അധികാരത്തെ ലൈംഗികചൂഷണത്തിനായി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. ഇത്തരം വിഷയങ്ങളിൽ മനുഷ്യർക്കുണ്ടാകുന്ന പ്രധാന ചിന്ത ഇത് ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നതാണ്. അതിനാൽത്തന്നെ അത്തരത്തിലുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും സജീവമാകും. എന്നാൽ അങ്ങനെയല്ല. ഇത് പ്രധാനമായും അധികാരവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 

രാഹുൽ മാങ്കൂട്ടത്തിൽ | PHOTO : WIKI COMMONS
പൊതുസ്വീകാര്യതയിലൂടെ അധികാരസ്ഥാനങ്ങളിൽ എത്തിപ്പെട്ടവർ അവരുടെ അധികാരം ലൈംഗികാവശ്യങ്ങൾ ഉന്നയിക്കാനും സ്ത്രീകളെയും മറ്റുള്ളവരെയും നിശബ്ദരാക്കാനും ഉപയോഗിക്കുന്നതിന് അർത്ഥം തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തെ മറ്റൊരാൾക്കുമേലുള്ള ബലപ്രയോഗത്തിനായി അവർ ഉപയോഗിക്കുന്നു എന്നാണ്. ഒരു ജനാധിപത്യവ്യവസ്ഥയിൽ അധികാരത്തിൽ ഉൾച്ചേരേണ്ടത് ചുമതലാബോധമാണ്. ആ ഉത്തരവാദിത്തം വെളിപ്പെടുന്നില്ല എന്നുമാത്രമല്ല അത് ആ വ്യക്തിയുടെ ബലപ്രയോഗമായി മറ്റ് മനുഷ്യർക്കുമേൽ പ്രയോഗിക്കപ്പെടുന്നു എന്നതാണ് പ്രശ്നം. 

രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ സാധ്യമാകുന്ന ലൈംഗിക ബന്ധമെന്നത് പരസ്പരം ആനന്ദം കണ്ടെത്താനുള്ളതോ സന്താനോല്പാദനപ്രധാനമോ ആയ പ്രവൃത്തിയായി മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലെന്ന് മനുഷ്യചരിത്രം പരിശോധിച്ചാൽ തിരിച്ചറിയാനാകും. അധികാരപ്രയോഗത്തിൻ്റെയും അടിച്ചേൽപ്പിക്കലിൻ്റെയും സ്ഥാപിച്ചെടുക്കലിൻ്റെയും രീതിയായി ലൈംഗികതയെ മനുഷ്യർ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

മനുഷ്യർക്ക് പലതരം ലൈംഗികതാല്പര്യങ്ങൾ ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. തൻ്റെ താല്പര്യത്തോട് ചേർന്ന ഇണയെ അഥവാ ഇണകളെ കണ്ടെത്തുക എന്നതും മനുഷ്യൻ്റെ പ്രാഥമിക ചോദനയായി കണക്കാക്കാം. അതേസമയം ലൈംഗികതയെ സംബന്ധിയല്ലാത്ത അധികാര അസമത്വം നിലനിൽക്കുന്നുവെങ്കിൽ, സാമൂഹികവും രാഷ്ട്രീയപരവുമായ മേൽക്കൈയുള്ള വ്യക്തി സ്വന്തമാക്കുന്ന ലൈംഗികബന്ധത്തിനുള്ള ‘സമ്മതം’ കുറേക്കൂടി സൂക്ഷ്മമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിൻ്റെ ബലത്തിലാണ് ഒരാൾക്ക് സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്താനും പിന്നീട് ഒഴിവാക്കാനും അവരെ നിശബ്ദരാക്കാനും സാധിക്കുന്നതെങ്കിൽ അതിനെ ബലാൽസംഗമായി കണക്കാക്കാവുന്നതാണ്. കായികബലം പ്രയോഗിച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നതിനെ മാത്രമാണ് നമ്മൾ ഇപ്പൊഴും ബലാൽസംഗമായി വിലയിരുത്തുന്നത്. അതേസമയം മേൽപ്പറഞ്ഞ ലൈംഗികചൂഷണങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന വൈകാരികവും മനഃസംബന്ധിയായതുമായ ബലപ്രയോഗത്തെ ഒട്ടും തീവ്രതകുറച്ച് കാണാനും സാധിക്കില്ല. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
നുണ പറഞ്ഞും, മാനസികമായി സമ്മർദ്ദം ചെലുത്തിയും, കുറ്റബോധം ഉണ്ടാക്കിയെടുത്തും, പലതിനെയും സാധാരണവത്കരിച്ചും, അധികാരം പ്രയോഗിച്ചും ലൈംഗികബന്ധത്തിനുള്ള ‘സമ്മതം’ സ്വന്തമാക്കാം. ഇക്കാര്യങ്ങൾക്ക് വിധേയരാക്കപ്പെടുന്നവർക്ക് അത് തിരിച്ചറിയാൻ സമയമെടുത്തേക്കാം. ഇത് മനസ്സിലാകുന്ന നിമിഷത്തിലാകും അവർക്കത് ലൈംഗികചൂഷണമായോ ബലാൽസംഗമായോ തിരിച്ചറിയാൻ സാധിക്കുക. കായികമായ ബലാൽസംഗത്തിന് ഇരയാകുന്നവരിൽ നിന്നും ഒട്ടും ഭിന്നമായിക്കൊള്ളണമെന്നില്ല ഇത്തരത്തിൽ ലൈംഗികചൂഷണത്തിന് ഇരയാകുന്നവരുടെ പിൽക്കാലജീവിതവും.

ലൈംഗികാതിക്രമത്തെ കൃത്യമായി മനസ്സിലാക്കിയെടുക്കുന്നതിൽ സദാചാരവും നിയമവും പലപ്പോഴും പരാജയപ്പെടുന്നതും ഇവിടെയാണ്. സാങ്കേതികമായി നിയമവിരുദ്ധമായി ഒന്നും സംഭവിച്ചില്ലെങ്കിലും ഒരാൾ തന്നിൽ നിക്ഷിപ്തമായ അധികാരവും സ്വാധീനവും മറ്റൊരാൾക്കുമേലുള്ള സമ്മർദ്ദമാക്കി മാറ്റി അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നത് കുറ്റകൃത്യമല്ലാതെയാകുന്നില്ല. ഒരു ജനപ്രതിനിധി തൻ്റെ രാഷ്ട്രീയാധികാരമാണ് ഇത്തരത്തിൽ പ്രയോഗിക്കുന്നതെങ്കിൽ അത് ജനാധിപത്യവ്യവസ്ഥയ്ക്ക് നേരെയുള്ള അതിക്രമം കൂടിയാണ്. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അയാളുടെ ചുമതലകൾക്ക് വിരുദ്ധമായി സ്വന്തം ലൈംഗികാനന്ദത്തിനായി അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ്.  

ഇത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാർട്ടിയിലോ സംഘടനയിലോ പ്രദേശത്തോ മാത്രം ചുരുങ്ങിനിൽക്കുന്ന ചൂഷണവ്യവസ്ഥയുമല്ല. കോർപ്പറേറ്റ്- കോർപ്പറേറ്റിതര തൊഴിൽ മേഖലകൾ, സിനിമ- ടെലിവിഷൻ വ്യവസായങ്ങൾ, കലാ- സാംസ്കാരിക മേഖലകളിലെല്ലാം ഇത്തരം അധികാരപ്രയോഗങ്ങളിലൂന്നിയ ലൈംഗികാവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു പ്രശ്നം ഉന്നയിക്കപ്പെടുമ്പോൾ മറ്റ് പാർട്ടികളിലെ ഇത്തരം സംഭവങ്ങളെ മുൻനിർത്തിയുള്ള സമീകരണത്തിനും പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ കൂടുതലാണ്. ഒരു വ്യക്തിയുടെ തെറ്റിന് ലഭിക്കുന്ന വ്യവസ്ഥാപിതമായ കുറ്റകൃത്യസ്വഭാവം മാത്രമല്ല, അതേ കുറ്റത്തെ ഒരു വ്യവസ്ഥ ഒന്നടങ്കം സംരക്ഷിച്ചുനിൽക്കുന്ന അധികാരഘടനയും ഇവിടെ വെളിപ്പെടുന്നുണ്ട്. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് എത്തരത്തിലാണ് വ്യവസ്ഥാപിതമായി മൂടിവെക്കപ്പെട്ടിരിക്കുന്നതെന്നും അതിന് സഹായകമായ നിലയിൽ രാഷ്ട്രീയപരവും നിയമപരവുമായ സംവിധാനങ്ങൾ കൂട്ടുനിന്നുവെന്നതും ഇതോട് ചേർത്തുവായിക്കേണ്ടതുണ്ട്. 

ഹേമാ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു | PHOTO : WIKI COMMONS
ആണധികാരം നിലനിൽക്കുന്ന സർവ്വമേഖലകളിലും അധികാരവ്യവസ്ഥയുടെ ഭാഗമായി ലൈംഗികാവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഇരയാക്കപ്പെടുന്നവർക്ക് നേരെയുള്ള കുറ്റമായി ഇതിനെ ചുരുക്കി കാണുന്നതും ശരിയല്ല. അങ്ങനെ ചുരുക്കുമ്പോഴാണ് പരാതിയില്ലല്ലോ എന്ന കാരണത്താൽ പലർക്കും ഇത്തരം ചൂഷണത്തെ ആവർത്തിക്കാൻ സാധിക്കുന്നത്. പലതരം ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്ത് സ്ഥാനമാനങ്ങളും അവസരങ്ങളും സ്വന്തമാക്കുന്ന നിരവധിയാളുകളുണ്ടല്ലോ എന്നൊരു ചോദ്യവും നമുക്കിടയിൽ ഉയർന്നുകേൾക്കാറുണ്ട്. 

ആ ചോദ്യം നയിക്കുന്നത് സാധാരണവത്കരിക്കപ്പെട്ട ഒരു അഴിമതിയിലേക്കാണ്. രാഷ്ട്രീയ, തൊഴിൽ, കലാസാംസ്കാരികമേഖലകളിലടക്കം മനുഷ്യർ ഇടപെടുന്ന സർവ്വമേഖലകളിലും ആ പ്രത്യേക മേഖലയിലെ ഒരാളുടെ കഴിവുകൾക്ക് ബദലായി ലൈംഗികതാല്പര്യത്തിന് വഴങ്ങുമോ ഇല്ലയോ എന്നത് മാനദണ്ഡമാകുന്നതോടെ ആ മേഖലയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും എതിരായ സംവിധാനമാണ് രൂപപ്പെടുക. കലാമേഖലയിൽ കലാവിരുദ്ധമായും രാഷ്ട്രീയത്തിൽ ജനാധിപത്യവിരുദ്ധമായും തൊഴിൽ മേഖലയിൽ സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായും ഇത് നിലനിൽക്കുന്നു. അത്തരത്തിൽ നോക്കിക്കാണുമ്പോൾ ഇതൊരു സദാചാരപ്രശ്നമായി ചുരുക്കാൻ സാധിക്കില്ല.

രാഹുൽ മാങ്കൂട്ടത്തിൽ എന്ന ജനപ്രതിനിധി ‘സമ്മതത്തോടെ’ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ആളുകളുടെ കാര്യത്തിൽ പോലും അവരുടെ 'സമ്മതം' മറ്റ് പല കാരണങ്ങളാലുമാകാം. അവസരങ്ങൾ നഷ്ടമാകുമെന്ന ഭയമാകാം, അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാകാം. സ്ത്രീകൾ ആശ്രിതത്വത്തിൽ തളച്ചിടപ്പെട്ടിരുന്നു എന്ന ചരിത്രപരമായ വസ്തുതയെ കൂടി നമ്മൾ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന തലം കൂടി ഇതിന് കൈവരുന്നതും ഇങ്ങനെയാണ്. 

ലൈംഗികസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ലിബറലുകൾ ഈ വിഷയത്തിൽ മനസ്സിലാക്കേണ്ടതും അതാണ്. ലൈംഗികസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർ കരുതുന്ന പോലെ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികസ്വാതന്ത്ര്യം വിനിയോഗിക്കുകയായിരുന്നില്ല. ഒരു അധികാര ഘടനയ്ക്കുള്ളിൽ കടന്നുകൂടി ലൈംഗികമായി ചൂഷണം ചെയ്യാൻ സാധിക്കുന്ന ഇരകളെ കണ്ടെത്തുകയായിരുന്നു. അയാളുടെ ലൈംഗികതാല്പര്യം പ്രകടിപ്പിക്കൽ അതായിത്തന്നെ അമിത സമ്മർദ്ദം ചെലുത്തലാണ്, ആധിപത്യം സ്ഥാപിക്കലാണ്. അയാൾ സമീപിക്കുന്നവർക്ക് സമ്മർദ്ദമില്ലാതെ തീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ അവിടെ ഇത്തരക്കാർ ഉന്നയിക്കുന്ന പുരോഗമനപരമായ ലൈംഗികസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | PHOTO : WIKI COMMONS
തൻ്റെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും വെളിപ്പെട്ടതിനോടുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണരീതികളിൽ നിന്നും ഉറപ്പിക്കാനാകുന്നത് അയാളുടെ ആത്മരതിപരമായ സ്വഭാവസവിശേഷതകളാണ്. ‘Who cares’ എന്ന പ്രതികരണം മുതൽ തൻ്റെ പാർട്ടിയിൽ ആരും രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന വാദം വരെ അതിനെ സാധൂകരിക്കുന്നു. പതിവിൽക്കവിഞ്ഞ സ്വബോധം അയാളിൽ പ്രവർത്തിക്കുകയും സഹാനുഭൂതിയില്ലാതിരിക്കുകയും ചെയ്യുന്നു. മറ്റ് മനുഷ്യരെ ഉപഭോഗവസ്തുക്കളായി കണക്കാക്കുകയും ചെയ്യുന്നു. ബലാൽസംഗം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ആവശ്യമുന്നയിക്കൽ വെളിപ്പെടുത്തുന്നത് ലൈംഗികതയിൽ പോലും അധികാരം സ്ഥാപിക്കാനുള്ള ഒരാളുടെ ത്വരയാണ്. ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം രാഹുൽ മാങ്കൂട്ടത്തിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അമിതമായ ലൈംഗികാസക്തി എങ്ങനെ ഒരാളിൽ വരുന്നുവെന്നത് വൈദ്യപരിശോധനയിലെ കണ്ടത്തേണ്ടതാണ്. ചെയ്ത തെറ്റുകൾ തിരിച്ചറിയാതിരിക്കുക, കുറ്റബോധം ഇല്ലാതിരിക്കുക, സഹാനുഭൂതി ഇല്ലാതിരിക്കുക എന്നീ സവിശേഷതകൾ വെളിപ്പെടുത്തുന്നവരെ സമൂഹവും സ്ഥാപനങ്ങളും അധികാരസ്ഥാനങ്ങളിൽ നിലനിർത്തുന്നത് മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ്.

സ്ത്രീകൾ അടക്കമുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി സമീപിക്കേണ്ടി വരുന്ന ഒരാൾ ഇങ്ങനെയാകുന്നതോടെ വ്യക്തമാകുന്നത് യോഗ്യതയിലും നീതിയിലും സ്ഥാപിതമായ യാതൊരു താല്പര്യവും ഈ ജനപ്രതിനിധിക്ക് മുന്നിൽ സാധ്യമല്ല എന്നാണ്. അധികാര ദുർവിനിയോഗം നടത്തിയ ആളിൽ നിന്നും ആ അധികാരം നീക്കം ചെയ്യുക എന്നതാണ് ജനാധിപത്യപരമായ നീതി. 'പൊതു' എന്നൊരു നില ഇല്ലാത്ത ഇയാളിൽ ‘ഞാൻ’ മാത്രമാണ് ഉള്ളത് എന്നതിനാൽ പൊതുപ്രവർത്തകനാകാൻ ഇയാൾ യോഗ്യനല്ല. അതിലുപരി ജനാധിപത്യരാജ്യത്ത് ജനങ്ങളുടെ പ്രതിനിധിയായി തുടരാൻ ഒട്ടും യോഗ്യനല്ല എന്നെങ്കിലും നമ്മൾ തിരിച്ചറിയണം.

ഇത്തരം ലൈംഗികചൂഷകരെ വിലയിരുത്തുമ്പോൾ അതിനെ സദാചാരപ്രശ്നമാക്കി ചുരുക്കിക്കാണുന്ന പ്രവണതകളെ അതിജീവിക്കാൻ ഇനിയെങ്കിലും നമുക്കാകേണ്ടതുണ്ട്. തന്നിൽ നിക്ഷിപ്തമായ ചുമതലാബോധമുള്ള അധികാരത്തെ സ്ത്രീകൾക്കും ഇതര മനുഷ്യർക്കുംമേൽ ലൈംഗികമായി സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു എന്നത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വ്യക്തിപരമായ തെറ്റല്ല. ജനാധിപത്യവ്യവസ്ഥയോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയും അതിക്രമമാണ്. ആ തരത്തിൽ സാമൂഹികമായ മാനങ്ങളുള്ള ഗുരുതരമായ കുറ്റമാണ്. ഇത്തരക്കാരെ അധികാരസ്ഥാനങ്ങളിൽ നിന്നും അകറ്റിനിർത്തുകയെന്നത് ജനാധിപത്യവിശ്വാസികളെന്ന നിലയിൽ നമ്മുടെ സഹജീവികളൊട് നാം പാലിക്കേണ്ട രാഷ്ട്രീയമര്യാദയാണ്.


#outlook
Leave a comment