
ലൈംഗിക അതിക്രമങ്ങളും ലിംഗനീതിയും
പാലക്കാട് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ സിനിമ താരം റിനി ആൻ ജോർജും ട്രാൻസ് വുമനായ അവന്തികയും ഉൾപ്പെടെ നിരവധി സ്ത്രീകൾ ലൈംഗിക ആരോപണങ്ങൾ നടത്തിയിരിക്കുകയാണ്. ഇവരിൽ ഭൂരിഭാഗവും കോൺഗ്രസ്സ് പാർട്ടിയിലുള്ള സ്ത്രീകൾ തന്നെയാണെന്ന് പറയപ്പെടുന്നു. പൊതുപ്രവർത്തന മേഖലയിലെ പുരുഷാധികാര സംസ്കാരം സ്ത്രീകൾക്ക് എത്രത്തോളം അരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവാണിത്. ആഗസ്റ്റ് 21ന് പ്രചരിപ്പിക്കപ്പെട്ട ഒരു ശബ്ദരേഖയിൽ രാഹുൽ ഒരു യുവതിയോട് ഗർഭച്ഛിദ്രം നടത്തുവാൻ ആജ്ഞാപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നത് എല്ലാവരിലും എത്തിയതാണ്. രാഹുൽ തന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്‌തിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. ആ ശബ്ദരേഖ തന്റേത് അല്ലായെന്ന് രാഹുൽ ഇന്നേവരെ നിഷേധിച്ചിട്ടുമില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.
ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സ്ഥാനമാനങ്ങളിൽ നിന്ന് പിന്മാറി അന്വേഷണത്തോട് സഹകരിക്കുക എന്നതാണ് മാതൃകാപരമായി എടുക്കേണ്ട തീരുമാനം. ഒരു വ്യക്തിയുടെ വ്യക്തിപരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ചും സ്ത്രീകളോടുള്ള സമീപനം ഏറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ്. രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുള്ള വിവാദം, ഒരാൾക്ക് എതിരെയുള്ള ആരോപണത്തിന് അതീതമായി, സമൂഹം സ്ത്രീകളുടെ ശബ്ദത്തോടും അവകാശങ്ങളോടും കാണിക്കുന്ന സമീപനത്തിന്റെ കണ്ണാടിയായി കൂടി കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നാം പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ആദ്യമായാണോ അധികാര സ്ഥാനത്തിരിക്കുന്ന ആളുകൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്? എന്ത് കൊണ്ടാണ് കാലാകാലങ്ങായി ഇത് ആവർത്തിക്കപ്പെടുന്നത്? എങ്ങിനെ ഇതിന് തടയിടാം?
രാഹുൽ മാങ്കൂട്ടത്തിൽ | PHOTO: WIKI COMMONS
രാഹുൽ മാങ്കൂട്ടത്തിൽ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധി, അങ്ങേയറ്റം മര്യാദയോടും ശ്രദ്ധയോടും പെരുമാറേണ്ടത് അനിവാര്യമാണ്. എന്നാൽ അദ്ദേഹം തന്റെ അധികാരം ദുരുപയോഗം ചെയ്ത് പല സ്ത്രീകളേയും തന്റെ ദുഷ്പ്രവർത്തിക്കും അപമര്യാദയായ ഭാഷക്കും ഇരകളാക്കി. രാഷ്ട്രീയക്കാർ, സിനിമാക്കാർ മുതൽ പണവും പ്രശസ്തിയും അധികാരവുമുള്ള പ്രമുഖരായ പലരും ലൈംഗിക അതിക്രമ കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ടവരും പ്രതികളും ആയിട്ടുണ്ടെങ്കിലും, ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല. പണത്തിന് മേലെ പരുന്തും പറക്കാത്തത് കൊണ്ട് ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ലൈംഗിക അതിക്രമങ്ങൾ നടത്തുവാൻ യാതൊരു ഭയവുമില്ലതാനും. പണവും അധികാരവും ഉപയോഗിച്ച് നിയമത്തെ വിലക്കെടുക്കാമെന്നുള്ള തലകനത്തിൽ വീണ്ടും വീണ്ടും സ്ത്രീകളെ വേട്ടയാടുന്നു. ജനങ്ങളുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികൾ തന്നെ ഏറ്റവും മോശപ്പെട്ട രീതിയിൽ പെരുമാറുന്നത് വേലി വിളവ് തിന്നുന്നതിന് തുല്യമാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ചില നേതാക്കന്മാർക്ക് എതിരെ ലൈംഗിക ആരോപണങ്ങൾ പല കാലഘട്ടങ്ങളിയായി ഉയർന്നിട്ടുണ്ട് എന്ന വാസ്തവം പാടെ വിസ്മരിച്ചുകൊണ്ടാണ് പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സംവാദത്തിലേർപ്പെടുന്നത്. വീണുകിട്ടിയ അവസരത്തിൽ പരസ്പരം ചെളി വാരി എറിയുന്നതല്ലാതെ മാറ്റത്തെ കുറിച്ച് ആരും തന്നെ സംസാരിച്ച് കാണുന്നില്ല. അതിജീവിതകളായ സ്ത്രീകളുടെ സംരക്ഷണമോ നീതി ലഭിക്കേണ്ടുന്നതിന്റെ അനിവാര്യതയോ ഇവരുടെ പ്രശ്നമേയല്ല. പരാതികൾ ഉന്നയിക്കപ്പെടുമ്പോൾ കുറ്റാരോപിതന്റെ നേർക്കും, അയാൾ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും കടന്ന് ആക്രമിക്കുക എന്ന തന്ത്രമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും കൈകൊണ്ട് വരുന്നത്. മറിച്ച് അവരവരുടെ പ്രസ്ഥാനത്തിലെ ആണധികാരത്തെയും ലൈംഗിക ചൂഷണങ്ങളെയും കണ്ടെത്തുകയും അവയെ ഇല്ലാതെയാക്കുവാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യേണ്ട ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും ഇവരെല്ലാം തന്നെ ഒഴിഞ്ഞ് മാറുകയാണ്. രാഷ്ട്രീയ പകപോക്കലിന് കുറ്റാരോപണങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. അത് കൊണ്ട് തന്നെ യഥാർത്ഥമായി സംബോധന ചെയ്യപ്പെടേണ്ട വിഷയം അത് അർഹിക്കുന്ന ഗൗരവത്തിൽ പരിഗണിക്കപ്പെടുന്നില്ല. ഇത് കേവലം ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രശ്നമായി കാണേണ്ടതില്ല. അധികാരമുള്ള പുരുഷന്മാരുടെ ആണഹന്ത, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സ്ത്രീകൾക്ക് മേൽ അടിച്ചേല്പിക്കപ്പെടുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്യുന്നതായി മനസ്സിലാക്കണം.
REPRESENTATIVE IMAGE | WIKI COMMONS
ചെറുതും വലുതുമായി പല പരാതികൾ പല സമയങ്ങളിലായി ലഭിച്ചാലും പാർട്ടി നേതൃത്വങ്ങൾ വേണ്ട രീതിയിൽ അവ ഗൗനിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നതിൽ പരാജയപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്. നിയമവും സാമൂഹിക സംവിധാനങ്ങളും പരാതികളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. പാർട്ടിയുടെ നിലനിൽപ്പിനും പ്രതിച്ഛായക്ക് കോട്ടം സംഭവിക്കാതെ ഇരിക്കുവാനും കുറ്റാരോപിതരെ സംരക്ഷിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. ലൈംഗിക അതിക്രമം പോലുള്ള ഗുരുതരമായ തെറ്റുകൾ ചെയ്യുന്നവരെ സംരക്ഷിക്കുന്നത് മൂലം അവരുടെ പ്രവർത്തികളെ നിസാരവത്കരിച്ചു സർവ്വ സാധാരണ സംഭവങ്ങളാക്കി മാറ്റുകയാണ് അധികാരികൾ ചെയ്യുന്നത്.
ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെ ഗൗരവം കണക്കിലെടുത്ത് കുറ്റാരോപിതരെ അന്വേഷണ വിധേയരാക്കുന്നതിന് പകരം സ്ത്രീകളുടെ വേഷധാരണവും വസ്ത്രത്തിന്റെ നീളവും അളക്കുന്നതിലാണ് ആണധികാര സമൂഹത്തിന്റെ ശുഷ്കാന്തി നിലകൊള്ളുന്നത്. പ്രായഭേദമന്യേ തൊട്ടിലിൽ കിടക്കുന്ന പിഞ്ചുകുഞ്ഞ് മുതൽ ലൈംഗിക പീഡനത്തിനിരയാകുന്ന ഈ കാലഘട്ടത്തിലും വസ്ത്രധാരണത്തെ കുറിച്ചുള്ള ആവലാതികൾക്കപ്പുറം വ്യക്തികളുടെ സ്വഭാവ-പെരുമാറ്റ നവീകരണത്തെ കുറിച്ചുള്ള ആശങ്ക ഒട്ടും തന്നെ ചർച്ച ചെയ്യപ്പെടുന്നില്ല. ഇത്തരം പ്രതികരണങ്ങൾ സമൂഹത്തിലെ പുരുഷാധികാര നിലപാടുകളും സ്ത്രീകളുടെ അനുഭവങ്ങളോടുള്ള അവഗണനയും വ്യക്തമാക്കുന്നവയാണ്.
REPRESENTATIVE IMAGE | WIKI COMMONS
ആശയവിനിമയം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ എന്ന നിലയിൽ നാമെല്ലാം സ്വായത്തമാക്കേണ്ട ഏറ്റവും അനിവാര്യമായ കഴിവാണ്. ആരോട് എന്ത് പറയണം, എപ്പോൾ പറയണം, ഏത് സമയത്ത് പറയണം, ഏത് സാഹചര്യത്തിൽ പറയണം എന്നൊക്കെയുള്ള ഏറ്റവും കുറഞ്ഞ ബോധം നമ്മൾക്ക് ഉണ്ടായിരിക്കണം. ഈ പറഞ്ഞ കാര്യങ്ങളിൽ പൊതുവെ പുരുഷന്മാരാണ് പരാജയപ്പെടുന്നതായി കാണപ്പെടുന്നത്, പ്രത്യേകിച്ചും സ്ത്രീകളോട് ആശയവിനിമയത്തിൽ ഏർപ്പെടുമ്പോൾ. സമൂഹമാധ്യമങ്ങളിൽ, എടുത്ത് പറഞ്ഞാൽ രാത്രികാലങ്ങളിൽ ഓൺലൈൻ കാണുന്ന സ്ത്രീകളോട് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ വലുതാണ്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ രണ്ടാം ലിംഗക്കാരായി തരം താഴ്ത്തി കാണുകയും, ലൈംഗിക വസ്തുനിഷ്ഠീകരണം നടത്തി, അവർക്കുമേൽ അധികാരം ദുരുപയോഗം ചെയ്യുന്നതിന്റെയും ഒരു ഉദാഹരണമായി ഇതിനെ നാം വായിക്കേണ്ടതുണ്ട്.
വീടുകൾക്ക് അകത്തും പുറത്തുമായി ഇത്തരത്തിലുള്ള അതിക്രമങ്ങളെ നിത്യേന നേരിട്ട് കൊണ്ടാണ് ഒട്ടുമിക്ക സ്ത്രീകളുടെയും ഓരോ ദിനവും കടന്നു പോകുന്നത്. എന്നാൽ നിലനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗമായിരിക്കെ നിസ്സഹായരായ ഭൂരിഭാഗം സ്ത്രീകളും പരാതി ഉന്നയിക്കുവാൻ വിസമ്മതിക്കുന്നു. അങ്ങിനെയിരിക്കെ ധൈര്യം സംഭരിച്ച് കുറച്ച് സ്ത്രീകൾ നടത്തുന്ന തുറന്ന് പറച്ചിലുകൾ പക്ഷേ സമൂഹത്തെ അസഹിഷ്ണുതയിൽ കൊണ്ട് എത്തിക്കുന്നു. ഇരകളെ വേട്ടയാടുക എന്നത് വളരെ സ്വാഭാവികമായി നടന്നുപോകുന്ന ഒരു പ്രക്രിയായി മാറിക്കഴിഞ്ഞു. വാക്കുകൾ കൊണ്ട് അവരെ കീറി മുറിക്കുകയും, ആത്മഹത്യയിൽ വരെ കൊണ്ട് എത്തിക്കാവുന്ന തരം അക്രമണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിത്യേന നാം കണ്ടുകൊണ്ടിരിക്കുന്നത്.
REPRESENTATIVE IMAGE : PHOTO : WIKI COMMONS
മീ-ടൂ ക്യാമ്പയിനുകളുടെ ഭാഗമായി തുറന്നുപറച്ചിൽ നടത്തിയ സ്ത്രീകൾക്ക് നേരെ സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങളാണ് നാളിതുവരെ ഉണ്ടായിട്ടുള്ളത്. സ്ത്രീകൾ ശബ്‌ദം ഉയർത്തുമ്പോൾ അവർക്കു നേരിടേണ്ടി വരുന്ന പ്രതികാര സംസ്കാരം അപലനീയമാണ്. ഇത്തരത്തിലുള്ള സംഘർഷണങ്ങളെ ഭയന്നാണ് ഭൂരിഭാഗം സ്ത്രീകളും നീതിക്ക് വേണ്ടി പോരാടാൻ തയ്യാറാവാത്തതും. ആക്രമണത്തിന് ഇരയായ സ്ത്രീകൾ എന്ത് കൊണ്ട് ആ സമയത്ത് തന്നെ പ്രതികരിക്കുന്നില്ല, എന്ത് കൊണ്ട് പരാതിപ്പെടുന്നില്ല, എന്ന് തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയരുന്നത്. മാനസികവും ശാരീരികവുമായി തളർന്നിരിക്കുന്ന ഒരു വ്യക്തിക്ക് പ്രതികരിക്കാനുള്ള ഊർജ്ജം ഉണ്ടാകുമെന്ന വിചാരം തന്നെ എത്ര മഠയത്തരമാണ്. തുറന്നുപറയാനുള്ള ധൈര്യം സംഭരിച്ചെത്തുന്നവരെ കേൾക്കുക, നീതി നേടികൊടുക്കുക, കുറഞ്ഞ പക്ഷം അവരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഒരു സഹജീവി എന്ന നിലയിൽ നാം ചെയ്യേണ്ട കർത്തവ്യം.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്നു വന്ന പീഡന പരാതികളുടെ അടിസ്ഥാനത്തിൽ നടന്നു വരുന്ന ചർച്ചകൾ നമ്മുടെ സമൂഹം ഇന്നും ലിംഗനീതിയെ എങ്ങനെ സമീപിക്കുന്നു എന്ന് തെളിയിക്കുന്നതാണ്. ഇത്തരത്തിലുള്ള സംഭവങ്ങളെ വ്യക്തിപരമായി വിവാദമെന്ന നിലയിൽ മാത്രമല്ല, ലിംഗനീതിയുടെയും സ്ത്രീസുരക്ഷയുടെയും പൊതു പ്രശ്നമെന്ന നിലയിൽ കാണണമെന്നതാണ് പ്രധാനപ്പെട്ടത്. അധികാരത്തിൽ ഏറുന്ന ഏവർക്കും ലൈംഗിക, ലിംഗബോധവത്കരണങ്ങൾ കൊടുക്കേണ്ടതുണ്ട്. പരസ്പര ബഹുമാനപൂർവ്വം ആശയവിനിമയങ്ങൾ ഫലപ്രദമായി എങ്ങനെ നടത്താം എന്നുള്ളതിന് പരിശീലനം നൽകണം. ചെറുപ്പം മുതൽ കണ്ട് പഴകിയ ആൺബോധത്തെ ഉടച്ച് സ്ത്രീകളെയും മറ്റ് ലിംഗ ന്യൂനപക്ഷങ്ങളെയും തുല്യരായി കാണുവാൻ പഠിപ്പിക്കണം. തെറ്റ് ചെയ്യുന്നവർക്ക് എതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കഴിയണം. ലിംഗനീതി എന്നത് പാർട്ടികളുടെ വനിതാ വിഭാഗ രൂപീകരണത്തോടെ അവസാനിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയുക. ലിംഗന്യായം എന്നത് സ്ത്രീകളെയും, പുരുഷന്മാരെയും, ലൈംഗിക ന്യൂനപക്ഷങ്ങളെയും സമാനമായി കാണുന്ന സാമൂഹിക-നിയമപരമായ സമീപനമാണ്. അധികാര ബന്ധങ്ങളിൽ നിലനിൽക്കുന്ന അസമത്വമാണ് പലപ്പോഴും അനീതിക്കും പീഡനത്തിനും വഴിയൊരുക്കുന്നത്. ലിംഗന്യായം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങൾ തുടർച്ചയായിരിക്കണം. സ്ത്രീകൾക്ക് സുരക്ഷിതവും മാന്യതയുമുള്ളതുമായ സമൂഹം മാത്രമേ ജനാധിപത്യത്തിനും സാമൂഹിക പുരോഗതിക്കും യഥാർത്ഥ അടിസ്ഥാനം ഒരുക്കുകയുള്ളു.


