
ലൈംഗികത, ലിംഗനീതി പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും
കൗമാരം, ലൈംഗികത, ലൈംഗിക അതിക്രമം, ലിംഗനീതി, ലൈംഗികവിദ്യാഭ്യാസം തുടങ്ങി കേരള സമൂഹം അഭിസംബോധന ചെയ്യേണ്ടുന്ന വിഷയങ്ങളെ കുറിച്ച് ഡോ. എ. കെ. ജയശ്രീയുമായി ഹൃദ്യ സംസാരിക്കുന്നു.
കൗമാരം അല്ലെങ്കിൽ ടീനേജ് എന്ന് പറയുന്നത് ശാരീരികമായും മാനസികമായും വിവിധ തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന പ്രായമാണ്. ആ പ്രായത്തിലുള്ള കുട്ടികളോട് പ്രകടിപ്പിക്കേണ്ട സെൻസിറ്റിവിറ്റി പലപ്പോഴും നമ്മുടെ സമൂഹത്തിൽ കാണാറില്ല. വിശേഷിച്ചും ലൈംഗികതയുടെ കാര്യത്തിൽ. എന്താണ് താങ്കളുടെ വിലയിരുത്തൽ?
നമ്മുടെ നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വേണം കൗമാരം, ലൈംഗികത എന്നീ വിഷയങ്ങളെ മനസിലാക്കാൻ. എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ലൈംഗികമായ താൽപര്യങ്ങൾ ഉണ്ടാകുന്നത് കൗമാര പ്രായത്തിലാണ്. അത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. ലൈംഗികതയിലൂടെയാണല്ലോ നമ്മൾ ജനിക്കുന്നത് തന്നെ. മനുഷ്യനുൾപ്പെടുന്ന ജീവികളുടെ പ്രധാന സവിശേഷതയാണത്. പണ്ടുകാലത്ത് ഗ്രാമങ്ങളിൽ അല്ലെങ്കിൽ പ്രാദേശികമായി ഒതുങ്ങി ജീവിക്കുകയാണ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ ഇപ്പോഴുള്ളത്ര റിസ്ക് അല്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു. ഇന്നത്തെ കാലത്ത് യാത്രാ സൗകര്യങ്ങൾ കൂടുന്നു, വിദ്യാഭ്യാസത്തിനായി ആളുകൾ പുറത്തേക്ക് പോകുന്നു, മാത്രമല്ല ലഹരി വസ്തുക്കളുടെ വ്യാപാരം കൂടി വരുന്നു, അങ്ങനെ നമ്മുടെ സമൂഹം മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ വളരെ കൂടുതലാണ്. പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇത്തരമൊരു സന്ദർഭത്തെ മുൻനിർത്തി വേണം ഈ വിഷയത്തെ മനസിലാക്കാൻ.
പണ്ട് ഇതൊരു വലിയ പ്രശ്നമായി നമ്മുടെ നാട്ടിൽ കണ്ടിരുന്നില്ല. വീടിനകത്തും അടുത്ത വീടുകളിലുമുള്ള കുട്ടികൾ തമ്മിൽ പ്രണയ ബന്ധങ്ങളും ചിലപ്പോൾ ലൈംഗിക ബന്ധവും സ്വാഭാവികമായി ഉണ്ടാകുമായിരുന്നു. ഗർഭധാരണമെല്ലാം സ്വാഭാവികമായും സംഭവിച്ചിരുന്നു. എന്നാൽ അതിന് ഇന്ന് നൽകുന്ന രീതിയിലുള്ള ഒരു നിറമില്ല. ഇത്രയും അപകടവും ഇല്ലായിരുന്നു. ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുപോലെ പലയാളുകളുമായി കൈമാറ്റം ചെയ്യുക, അവരെ ശാരീരികമായി ഉപദ്രവിക്കുക, തുടങ്ങി വല്ലാത്ത തരത്തിലുള്ള അക്രമമായി മാറുന്ന ഒരവസ്ഥ ഒരു പക്ഷേ, പണ്ടുകാലത്ത് അത്ര തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് നമ്മൾ ഇതൊരു പഠിക്കേണ്ട വിഷയമാക്കേണ്ടത്.
നമ്മുടെ നാട്ടിൽ കൂടുതൽ പേരും വിദ്യാഭ്യാസം നേടുന്നുണ്ട്. നൂറുശതമാനത്തോളം ലിറ്ററസിയുള്ള സ്ഥലമാണ് കേരളം. എന്നാൽ ജീവിതത്തിൽ അത്യാവശ്യമായിട്ടുള്ള ചില കാര്യങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിൽ ഇല്ല , അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൈംഗികത, ഗർഭധാരണം, കുഞ്ഞുങ്ങളെ വളർത്തൽ തുടങ്ങി ദൈനംദിന ജീവിതത്തിൽ ആവശ്യമായ പാചകം അല്ലെങ്കിൽ വീട്ടിൽ എങ്ങനെ ഒരു കൃഷിത്തോട്ടം ഉണ്ടാക്കാം എന്നതുപോലെയുള്ള കാര്യങ്ങൾ. ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളൊന്നും നമ്മുടെ അക്കാദമിക്സിൽ ഇല്ല എന്നുതന്നെ പറയാം. പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങൾ കുട്ടികളുടെ പഠനത്തിൽ കുത്തി നിറച്ച് ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാട് കാലമായി ചൂണ്ടികാണിക്കുന്ന വിഷയമാണിത്.REPRESENTATIVE IMAGE | WIKI COMMONS
സെക്സിനെക്കുറിച്ച് എന്ത് പഠിക്കാനാണ്, എല്ലാവർക്കും സ്വാഭാവികമായി അറിയുന്നതാണത്, ഒന്നും പഠിക്കാതെയും പണ്ട് സ്ത്രീകൾ പ്രസവിച്ചിരുന്നു, പിള്ളേരൊക്കെ എങ്ങനെയെങ്കിലും വളർന്നോളും, എന്നൊക്കെയുള്ള കാഴചപ്പാടാണ് നിലവിലുള്ളത്. പക്ഷെ അടുത്ത കാലത്തായി അത് മാറിവരുന്നുണ്ട്. ഔപചാരികമായ നമ്മുടെ വിദ്യാഭ്യാസത്തിലേക്ക് കുറച്ചൊക്കെ ഇത് കടന്നുവരുന്നുമുണ്ട്. അതല്ലാതെ തന്നെ ഒരുപാട് സർക്കാരിതര സംഘടന( NGO) കളും അല്ലെങ്കിൽ ഒറ്റപ്പെട്ട വ്യക്തികളുമൊക്കെ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. ഇന്ന് നമ്മളൊരു ആഗോള സംസ്കാരത്തിലാണ് ജീവിക്കുന്നത്. യുണൈറ്റഡ് നേഷൻസൊക്കെ ഇതിനുള്ള ഗൈഡൻസ് നൽകുന്നുണ്ട്. ഏത് രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് അല്ലെങ്കിൽ നിർദ്ദേശങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും നമ്മൾ വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നിടത്താണ് കാര്യം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ആൺകുട്ടികളെയാണ് ഫോക്കസ് ചെയ്ത് പഠിപ്പിക്കേണ്ടത് എന്നതാണ്, അവർക്ക് പരിശീലനം ലഭിക്കണം എന്നതാണ്. ലൈംഗികമായി മറ്റുള്ളവരെ ആക്രമിക്കുക എന്ന മനോഭാവം സ്ത്രീകളിൽ നിന്നും വളരെ വളരെ അപൂർവ്വമായിട്ടാണ് ഉണ്ടാകുന്നത്. ഒരിക്കലും ഉണ്ടാകില്ല എന്നല്ല. പക്ഷെ അത് അപൂർവ്വമാണ്. ലൈംഗികത എന്നതൊരു സ്നേഹത്തിന്റെ എക്സ്പ്രഷനാണല്ലോ. പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ട് ചെയ്യേണ്ട കാര്യമാണെന്നും അതൊരിക്കലും ഒരക്രമത്തിലേക്ക് പോകരുത് എന്ന തരത്തിൽ ആൺകുട്ടികളെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. മസ്കുലിനിറ്റി അല്ലെങ്കിൽ ആണത്തത്തിന്റെ ഒരു എക്സ്പ്രഷനായിട്ടാണ് നിലവിൽ സെക്സിനെ കാണുന്നത്. അടുത്ത കാലത്തായി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആദ്യ കാല സിനിമകളിലൊക്കെ തന്നെ ഇത് പ്രകടമാണ്. ലൈംഗികമായി അക്രമിക്കുക, പ്രേമിക്കുമ്പോൾ കാമുകിയെ അടിക്കുക എന്നതൊക്കെ സിനിമകളിൽ എപ്പോഴും കാണാറുണ്ടായിരുന്നു. ഇപ്പോൾ പൊതുവെ സിനിമകളിൽ അതെല്ലാം കുറഞ്ഞുവരുന്നുണ്ട്. പെണ്ണിനെ മെരുക്കിയെടുക്കുക എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രകടമാകുന്നത്. അതിന്റെ എക്സ്ട്രീമായ തലമാണ് ശാരീരികമായി ഉപദ്രവിക്കുന്നത്. റേപ്പെല്ലാം വളരെ സാധാരണമായി സിനിമകളിൽ കാണിക്കുമായിരുന്നു. അത്തരമൊരു കാഴ്ചപ്പാടിൽ നിന്നാണ് നിലവിലെ സെക്ഷ്വാലിറ്റി വികസിച്ചുവന്നിട്ടുള്ളത്.
ആദ്യ കാലത്ത് മനുഷ്യർ തമ്മിലുള്ള ബന്ധം വളരെ പ്രദേശികതലത്തിൽ നിലകൊണ്ടതുകൊണ്ട് ഇത്തരം വയലൻസിന് പരിമിതിയുണ്ടായിരുന്നു. ഇപ്പോൾ കേരളമാകെ ഒരു നഗരമായി രൂപപ്പെടുന്നു, ആളുകൾ കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നു, അത്തരമൊരു നഗരവൽക്കരണത്തിന്റെ ഭാഗമായി വയലൻസ് ഇപ്പോൾ പൊതുവെ കൂടുന്നുണ്ട്. വയലൻസ് കൂടുമ്പോൾ അതിന്റെ ഭാഗമായി സെക്ഷ്വൽ വയലൻസും കൂടുന്നു. REPRESENTATIVE IMAGE| WIKI COMMONS
ഏറ്റവും പ്രധാനമായി ഫോക്കസ് ചെയ്യേണ്ടത് ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിലാണ്, അവർക്ക് നൽകേണ്ട പരിശീലനത്തിലാണ്. അതിനെക്കുറിച്ച് ഒരിക്കലും ആരും ചിന്തിക്കുന്നതേയില്ല. എപ്പോഴും നമ്മൾ ചിന്തിക്കുന്നത് പെൺകുട്ടികൾ അപകടങ്ങളിൽ പോയി പെടാതിരിക്കാൻ എന്ത് ചെയ്യാമെന്നാണ്. മറ്റൊരു കാര്യം ഇതാര് പരിശീലിപ്പിക്കും എന്നിടത്താണ് വലിയ വെല്ലുവിളി. പരിശീലനം ലഭിച്ചിട്ടില്ലാത്ത മുതിർന്നവർ, അവർ സ്വയം പഠിക്കാതെ, കാഴ്ചപ്പാട് മാറാതെ എങ്ങനെയാണ് മറ്റുള്ളവരിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതൊരു വലിയ പ്രശ്നമാണ്.
എങ്ങനെയാണ് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത്, അതിന്റെ ഉള്ളടക്കം എങ്ങനെയാകണം എന്നുള്ളത് ചർച്ച ചെയ്യേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോൾ തന്നെ സെക്സിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്. സെക്സ് എന്നാൽ പുരുഷൻമാർ അക്രമാസക്തമായി നടത്തുന്ന എന്തോ ഒന്നാണെന്നാണ് ഈ ഉള്ളടക്കത്തെക്കുറിച്ച് വിചാരിക്കുന്നത്. അവിടെയാണ് മാറ്റം വരേണ്ടത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജെൻഡർ, ജെൻഡർ ഇക്വാലിറ്റിയെക്കുറിച്ച് പഠിപ്പിക്കുക എന്നതാണ്. ഏത് ജെൻഡറിലുള്ളവരാണെങ്കിലും പരസ്പരം ഇഷ്ടത്തോടു കൂടി, പരസ്പര ബഹുമാനത്തോടു കൂടി, തുല്യതയോട് കൂടി കാണുക എന്നുള്ളതാണ്. ഇത് സെക്സിൽ മാത്രമായി നമുക്ക് ഒതുക്കി നിർത്തി പഠിപ്പിക്കാൻ പറ്റില്ല. ഒരു വീട്ടിൽ വളരുന്ന ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ, അവർ സഹോദരിയും സഹോദരനുമായിരിക്കാം.. അവർ തമ്മിൽ ഇടപെടുമ്പോൾ പരസ്പരം ബഹുമാനം കാണിക്കുന്നുണ്ടോ, തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കളാണെങ്കിലും അധ്യാപകരാണെങ്കിലും ആൺകുട്ടികൾക്ക് പ്രത്യേക പരിഗണനകൾ നൽകാതെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വളരെ സ്വാഭാവികമായി ആൺകുട്ടികൾക്ക് വയലൻസ് ജെനിറ്റിക്കലി തന്നെ കൂടുതലാണ്. അവർ വീട്ടിൽ സഹോദരിമാരെ ഉപദ്രവിക്കുമ്പോൾ അപ്പോൾ തന്നെ അതിനെ നിയന്ത്രിച്ചാൽ മാത്രമെ അവർ സ്വയം അത് നിയന്ത്രിക്കാൻ പഠിക്കുകയൊള്ളൂ.
മറ്റ് വയലൻസിന്റെ ഭാഗമായിട്ട് തന്നെയാണ് സെക്ഷ്വൽ വയലൻസും വരുന്നത്. മറ്റൊരാളുടെ ശരീരത്തെ എങ്ങനെ മനസിലാക്കണം എന്നതാണ് മറ്റൊരു കാര്യം. മറ്റൊരാളുടെ ശരീരത്തെ ശാസ്ത്രീയമായി മനസിലാക്കണമെങ്കിൽ ആദ്യം അവരവരുടെ ശരീരത്തെയും മനസിലാക്കേണ്ടതുണ്ട്. ശരീരത്തെക്കുറിച്ചുള്ള അറിവ്, ശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. സെക്സുമായി ബന്ധപ്പെട്ടു വരുന്ന അവയവങ്ങളെക്കുറിച്ച് പൊതുവെ ആരും സംസാരിക്കില്ല, കുട്ടികൾ സംശയം ചോദിച്ചാലും പറഞ്ഞു കൊടുക്കില്ല. അങ്ങനെ ഇതൊരു നിഗൂഢമായ കാര്യമായി നിലനിൽക്കുകയാണ്. പെൺകുട്ടിയുടെ ശരീരത്തെക്കുറിച്ച് ആൺകുട്ടിക്കറിയില്ല അതുപോലെ തന്നെ പെൺകുട്ടികൾക്ക് തിരിച്ചും അറിയില്ല. അതേസമയം ശരീരം വളരുന്നു, ശരീരം വളരുമ്പോൾ അതിന്റെ എല്ലാ പ്രവർത്തനങ്ങളും അതിനുണ്ടാകും. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്കറിയില്ല. അതുപോലെ തന്നെ മറ്റൊരാളുടെ ശരീരത്തിന്റെ ബൗണ്ടറി (boundary) എന്താണ് എന്നറിയേണ്ടത് പ്രധാനമാണ്. ബൗണ്ടറി (Boundary) അഥവാ സ്വകാര്യ മേഖല, എല്ലാവർക്കും അവരവരുടേതായ സ്വകാര്യ മേഖലയുണ്ട്. അത് ലംഘിച്ച് അതിനകത്തേക്ക് കടക്കാൻ പാടില്ല എന്നത് പ്രധാനമാണ്. കുട്ടികളെ തന്നെ നമ്മൾ ബലമായി പിടിച്ച് ഉമ്മ വയ്ക്കുകയോ അവർക്ക് ഇഷ്ടമില്ലാതെ അവരെ കെട്ടിപിടിക്കുകയോ പോലും ആരും ചെയ്യാൻ പാടില്ല. പക്ഷേ, മുതിർന്നവർക്ക് കുട്ടികളെ ഇങ്ങനെയൊക്കെ ചെയ്യാമെന്നുള്ളതൊരു ലൈസൻസ് പോലെയാണ്. ഏതൊക്കെ ആവാം ഏതൊക്കെ ആവരുത് എന്ന് കുട്ടികൾക്ക് അറിയില്ല, അതുകൊണ്ട് തന്നെ ഇഷ്ടമില്ലാതെ ആരും ശരീരത്തിൽ സ്പർശിക്കരുതെന്നും തിരിച്ചും ആരോടും അത് ചെയ്യരുതെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. കുട്ടിക്കാലത്ത് തന്നെ ഇതെല്ലാം അവർ അറിയണം. ഇത് പറഞ്ഞ് കൊടുക്കുമ്പോൾ തന്നെ നമ്മളും അത് ചെയ്യാൻ പാടില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇഷ്ടം വരുമ്പോൾ നമ്മുടെ കുട്ടികൾക്ക് തന്നെ ബലമായിട്ട് ഉമ്മ കൊടുക്കുകയും അവർ എതിർത്താൽ ഇതെന്താണ് ഇങ്ങനെ എന്ന മട്ടിൽ കരുതുകയും ചെയ്യുന്ന സംസ്കാരം നിലനിൽക്കുകയാണ്.
അതുപോലെ തന്നെയാണ് ആൺകുട്ടി ഒരു പെൺകുട്ടിയെ അടിച്ചു കഴിഞ്ഞാൽ അവൻ ആണല്ലേ അവനതിനുള്ള അധികാരമുണ്ട് അല്ലെങ്കിൽ നിയന്ത്രിക്കാനുള്ള അധികാരമുണ്ട് എന്ന മനോഭാവവും. പെൺകുട്ടികളുടെ ചലനങ്ങളെയും മറ്റെന്താണെങ്കിലും ആൺകുട്ടികൾക്ക് നിയന്ത്രിക്കാനുള്ള അധികാരം വീടുകളിൽ നിന്നു തന്നെ അനുവദിച്ചു കൊടുക്കുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മാത്രമെ ആൺകുട്ടികൾ ഇത്തരം വയലൻസിലേക്ക് പോകാതെ വളരുകയുള്ളു. അതുപോലെ തന്നെ സെക്സിന്റെ കാര്യം വരുമ്പോൾ അതിൽ എജുക്കേഷൻ ഇല്ലാതെ വരുന്ന സമയത്ത് പോണോഗ്രഫിയാണ് ഇവർ തിരഞ്ഞെടുക്കുന്നത്. പോണോഗ്രഫിയിൽ പലതരത്തിലുള്ള വയലൻസാണ് കാണിക്കുന്നത്. എത്ര നേരം വേണമെങ്കിലും പെൺകുട്ടികളെ ഉപദ്രവിക്കാം എന്ന രീതിയിലൊക്കെയുള്ള വയലൻസാണത്.REPRESENTATIVE IMAGE | FACEBOOK
ഡൽഹിയിലെ കേസ് പോലെ തന്നെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പത്തനംതിട്ട കേസിലും ഉൾപ്പെട്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അൻപതിലധികം ആളുകൾ ഈ പെൺകുട്ടിയെ അക്രമിച്ചു എന്ന് മനസിലാക്കുമ്പോൾ ഇത്രയും ക്രിമിനലുകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇത്രയും ക്രിമിനൽ മെന്റാലിറ്റിയുള്ള ആണുങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പെൺകുട്ടിക്കാണ് ഈ റിസ്ക് ഉണ്ടായത്. അതിന്റെ അനുപാതം നോക്കുമ്പോൾ ഇത്രയധികം ആൺ ക്രിമിനലുകളെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നമ്മൾ എവിടെയാണ് ഫോക്കസ് ചെയ്യേണ്ടത്? ആണുങ്ങളിലാണ് ഫോക്കസ് ചെയ്യേണ്ടത്. കുട്ടിക്കാലം മുതൽ തന്നെ അവരെ സ്ത്രീകളോടും മറ്റ് ജെൻഡറിലുള്ളവരോടും ഇടപെടാൻ പഠിപ്പിക്കുമ്പോൾ മാത്രമെ ഇതിൽ മാറ്റമുണ്ടാക്കാൻ പറ്റുകയുള്ളൂ.
ലൈംഗികത സ്വഭാവികമായ ഒന്നായി അംഗീകരിക്കുന്ന ഒരു തലത്തിലേക്ക് സമൂഹം വളരേണ്ടത് അല്ലേ? അതിന് പകരം ഈ എക്സ്പ്രഷൻ ഒരു തരം അഴിഞ്ഞാട്ടം ആയി കണക്കാക്കുന്ന സമീപനമാണ് പൊതുവെ കാണപ്പെടുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം?
ലൈംഗികത സ്വാഭാവികമായി കാണേണ്ട ഒന്നാണ്. എന്നാൽ അതിനുപകരം ലൈംഗികതയെ അടിച്ചമർത്തി വയ്ക്കുകയാണ് ചെയ്യുന്നത്. ലൈംഗികതയെ മാത്രമായി മനസിലാക്കാൻ പറ്റില്ല, സാമ്പത്തിക ക്രമവുമായി ചുറ്റിപിണഞ്ഞു കിടക്കുന്ന ഒന്നാണത്. പല ആവശ്യങ്ങൾക്കായി സാമൂഹികക്രമം, ഇന്നത്തെ ശ്രേണീകൃത വ്യവസ്ഥയിൽ ഹൈറാർക്കിക്കലായി നിലനിർത്തുന്നതിന് വേണ്ടി പണ്ട് മുതലേ സ്വീകരിച്ചിട്ടുള്ള ഒരു മാർഗമാണ് സ്ത്രീകളുടെ ലൈംഗികതയുടെ മേലുള്ള നിയന്ത്രണം. അത് ഓരോ കാലത്തിനനുസരിച്ച് മാറിവന്നു. അതിപ്പോഴും മാറികൊണ്ടിരിക്കുന്നു. സാമ്പത്തികക്രമത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് പലപ്പോഴും അത് മാറിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കും സ്വാതന്ത്ര്യമുണ്ട്, തുല്യതയുണ്ട് എന്നെല്ലാമുള്ള കാഴ്ചപ്പാട് ഉണ്ടായിവരുന്നത് തന്നെ സാമ്പത്തിക ക്രമം മാറുന്നതനുസരിച്ചാണ്. അങ്ങനെ വരുമ്പോഴുള്ള ചെറിയ മാറ്റങ്ങൾ മാത്രമെ ഇപ്പോഴും ഉണ്ടായിട്ടുള്ളു, കാര്യമായ മാറ്റങ്ങൾ അക്കാര്യത്തിൽ സംഭവിച്ചിട്ടില്ല. ഉദാഹരണം, പെൺകുട്ടികൾ സുരക്ഷിതരായിരിക്കാൻ അല്ലെങ്കിൽ ഒരു സ്ത്രീ സ്വസ്ഥതയോടുകൂടി ജീവിക്കാൻ വേണ്ടത് വിവാഹ ജീവിതമാണ് അല്ലെങ്കിൽ കുടുംബ ജീവിതമാണ് എന്നാണ് സമൂഹം ആഴത്തിൽ മനസിലാക്കിയിട്ടുള്ളതും, അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതും.
അതിനായി വിവാഹ മാർക്കറ്റിൽ നല്ലൊരു സ്ത്രീ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കണം. വിവാഹം കഴിഞ്ഞാലും അത് തുടരണം. ഇതേ സ്ത്രീകൾ തന്നെ വീണ്ടും പെൺകുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്ന സമയത്ത് അവരെ സംബന്ധിച്ച് ഈ ഇമേജ് നിലനിർത്തണം. ആണുങ്ങളിലും ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളെയാണ് ഏറ്റവും പരിശുദ്ധമായൊരു ചരക്കെന്ന പോലെ സൂക്ഷിക്കുന്നത്. അതാണ് അവരുടെ ജീവിതത്തിന്റെ മുതൽ മുടക്കും. നമ്മൾ വിദ്യാഭ്യാസം നേടുമ്പോഴും തൊഴിൽ നേടുമ്പോഴും അത് സാർവത്രികമല്ലാത്തതുകൊണ്ട്, അല്ലെങ്കിൽ അതാണ് സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന് വരാത്തിടത്തോളം കാലം ഇതെല്ലാം ഇങ്ങനെ തന്നെ തുടരും. സ്ത്രീകളുടെ ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ മുടക്കുമുതൽ എന്താണ്, അത് ശരീരം തന്നെയാകാം, പക്ഷെ ആ ശരീരം കൊണ്ടുള്ള ജോലി ചെയ്ത് സ്വന്തമായ തീരുമാനത്തിൽ പണം ആർജിച്ച് സ്വന്തം തീരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടു പോവുകയാണോ എന്നതെല്ലാമായി ഇത് കെട്ടുപിണഞ്ഞു കിടക്കുന്നു. ആദ്യം തന്നെ സ്ത്രീയുടെ ഇൻവെസ്റ്റ്മെന്റ് മുഴുവൻ വിവാഹ മാർക്കറ്റിനുള്ള ഇമേജിലേക്ക് കൊണ്ടുവച്ചു കഴിഞ്ഞാൽ ഇതൊന്നും മാറ്റാൻ കഴിയില്ല. ഇതിനെക്കുറിച്ചുള്ള വിദ്യാഭ്യാസമെല്ലാം ഇരുകൂട്ടർക്കും കുട്ടിക്കാലത്തു തന്നെയാണ് ലഭിക്കേണ്ടത്. കുട്ടിക്കാലം മുതൽ തന്നെ ആൺകുട്ടികൾ പഠിക്കുന്നത് അവർക്ക് ഒരു സ്ത്രീയെ ലഭിക്കുമെന്നാണ്. ആ സ്ത്രീ അവരുടെ ഈ പറഞ്ഞ പരിശുദ്ധി സൂക്ഷിക്കുന്നില്ലെങ്കിൽ പുരുഷന് അത് ഉത്കണ്ഠ (anxiety) ഉണ്ടാക്കും.
സ്ത്രീകളുടെ ലൈംഗികമായ ചോദനകളെ അടക്കിനിർത്താനുള്ള ബാധ്യത പുരുഷന്റെ തലയിൽ വരുന്നുണ്ട്. അത്തരമൊരു സംവിധാനത്തിലാണ് ഇതെല്ലാം മുന്നോട്ടുപോകുന്നത്. അതാണ് നമ്മുടെ നാട്ടിൽ ലൈംഗിക വിദ്യാഭ്യാസത്തിന് തടസമാകുന്നത്. ലോകത്തെല്ലായിടത്തും ഇതിനെക്കുറിച്ച് സയൻസ് നൽകുന്ന അറിവും കലാ സാഹിത്യ മേഖലയിൽ വികസിച്ചു വന്നിട്ടുള്ള അറിവുകളുമുണ്ട്. ഇതൊന്നും തന്നെ സ്വതന്ത്രമായി കെട്ടഴിച്ച് വിടാൻ പറ്റാത്തത് ഈയൊരു നിയന്ത്രണം നമ്മുടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ്. നമ്മുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വത്തെ ഇതിൽ തളച്ചിട്ടിരിക്കുകയാണ്, പെൺകുട്ടികളെ പ്രത്യേകിച്ചും. അത് മാറണമെങ്കിൽ അത്രമേൽ ആഴത്തിൽ ഈ വിഷയം പരിശോധിച്ചേ പറ്റൂ. സ്വാതന്ത്ര്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള അറിവും അവരവരുടെ ശരീരം അവരവരുടേതാണ്, നമുക്ക് ഇഷ്ടമുള്ളതു പോലെ അത് വിനിയോഗിക്കാൻ പറ്റണം എന്ന തരത്തിലുള്ള മൂല്യബോധവും കുട്ടിക്കാലം മുതൽ ഉറപ്പിക്കുകയും അതിനുള്ള ഭൗതിക സാഹചര്യങ്ങൾ വികസിക്കുകയും വേണം. അക്കാര്യമാണ് നടക്കാതെ പോകുന്നത്. സ്വന്തമായി ജീവിക്കാൻ ഒരു തൊഴിൽ ലഭിക്കുമെന്ന ആത്മവിശ്വാസവും മനുഷ്യർക്ക് ഉണ്ടാകണം.REPRESENTATIVE IMAGE | FACEBOOK
സെക്സ് എജുക്കേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Comprehensive sexuality education ആണ്. അതായത് സെക്സ് ആക്ടാണ് സെക്സ് എജുക്കേഷൻ എന്ന ധാരണയാണ് നിലവിലുള്ളത്. എന്നാൽ അങ്ങനെയല്ല ലൈംഗിക വിദ്യാഭ്യാസത്തെ മനസിലാക്കേണ്ടത്. നേരത്തെ സൂചിപ്പിച്ചത് പോലെ ജെൻഡർ ഇക്വാലിറ്റിയിൽ നിന്നുമാണ് അത് ആരംഭിക്കുന്നത്. മറ്റ് ജെൻഡറിലുള്ള ആളുകളെ ബഹുമാനിക്കാനും മറ്റൊരാളുടെ ശരീരത്തിന്റെ സ്വകാര്യ മേഖലകളെ (boundary) ബഹുമാനിക്കാനുമെല്ലാം പഠിക്കുക എന്നതാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശം. അതുപോലെ തന്നെ അബ്യൂസ് എന്താണ്, അക്രമം എന്താണ്, സെക്സ് അബ്യൂസ് എന്താണ് എന്നെല്ലാം അതിൽ ഉൾപ്പെടുന്നു.
നിലവിലെ പത്തനംതിട്ട കേസെടുത്താൽ തങ്ങളൊരു അബ്യൂസറാണ് അല്ലെങ്കിൽ ക്രിമിനൽ കുറ്റമാണ് ചെയ്തതെന്ന ബോധം ഈ അൻപതിലേറെ വരുന്ന പുരുഷൻമാർക്ക് ഉണ്ടാവില്ല. ഇത് വളരെ സ്വാഭാവികമാണ്, 'ചീത്ത' യായി കഴിഞ്ഞ സ്ത്രീകളെ ഉപയോഗിക്കുക എന്നതാണ് ആണത്തം എന്ന ബോധ്യത്തിലേക്കാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് റേപ്പ് ചെയ്യുന്നവർ പോലും പറയുന്നത് അവൾ വൈകുന്നേരങ്ങളിൽ ഇറങ്ങി നടന്നതുകൊണ്ടും അവൾക്ക് അടക്കവും ഒതുക്കവും ഇല്ലാത്തത് കൊണ്ടാണ് ഞങ്ങളത് ചെയ്തതെന്ന്. ഇത് സാമൂഹികമായി ന്യായീകരിക്കപ്പെടുകയാണ്. ഇപ്പോൾ അൽപമെങ്കിലും അത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ സമഗ്രമായിട്ടുള്ളൊരു ലൈംഗിക വിദ്യാഭ്യാസം ഒരു വശത്ത് തുടങ്ങണം. മറുവശത്ത് അതിനുള്ള തടസങ്ങൾ മാറേണ്ടതുണ്ട്.
എക്കണോമിക്കലി ലിബറേറ്റഡായിട്ടുള്ള സ്ത്രീകൾക്ക് താരതമ്യേന കുറച്ചു കൂടി വോയിസ് ഉണ്ട്. സിനിമാ രംഗത്തുള്ള സ്ത്രീകൾ ഇപ്പോൾ അൽപം കൂടി ഓപ്പണായി മുന്നോട്ടുവരുന്നുണ്ട്. അതിന്റെ ഒരു ഘടകം അവരുടെ സാമ്പത്തിക നിലനിൽപ്പ് തന്നെയാണ്. സാമൂഹികമായി അവർക്ക് ലഭിക്കുന്ന അംഗീകാരവും മറ്റൊരു ഘടകമാണ്. പണ്ടത്തേക്കാളും അത്തരമൊരു സാഹചര്യം ഇപ്പോൾ ഉണ്ടായിവരുന്നുണ്ട്. അതിൽ തന്നെ അത്രയും സാമ്പത്തികവും സാമൂഹികവുമായി അംഗീകരിക്കപ്പെടാത്ത സ്ത്രീകൾ അവിടെയും ബുദ്ധിമുട്ട് നേരിടുന്നതായി കാണാം. ഇവ തമ്മിലുള്ള പരസ്പര ബന്ധം കൂടി മനസിലാക്കിയാലേ എന്തുകൊണ്ടാണ് ഈ സമൂഹം പെട്ടെന്ന് മാറാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കൂ.
ആൺകുട്ടികളെ പഠിപ്പിച്ചെടുക്കുക എന്നത് വലിയൊരു ജോലിയാണ്. ജെൻഡർ ഡിവിഷൻ ഓഫ് ലേബർ അതിൽ പ്രധാനമായും വരുന്നുണ്ട്. അവരെ വിനയമുള്ളവരാക്കിയെടുക്കണമെങ്കിൽ എല്ലാ ജോലികളും അവരും ചെയ്യണമെന്ന അവസ്ഥയുണ്ടാകണം. പരിചരണം ഉൾപ്പെടെയുള്ള ജോലികൾ ആൺകുട്ടികളെയും പരിശീലിപ്പിച്ചു കഴിഞ്ഞാൽ അവരുടെ സ്വഭാവത്തിൽ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽ പരിശീലനത്തിലും സംസ്കാരത്തിലും മാറ്റങ്ങൾ ഉണ്ടാകണം. ഇതെല്ലാം ചേരുമ്പോൾ മാത്രമെ ലൈംഗിക വിദ്യാഭ്യാസം നമ്മൾ വിചാരിക്കുന്ന രീതിയിൽ നടക്കുകയുള്ളൂ.
എന്നാൽ, മാത്രമേ ലൈംഗികത സ്വാഭാവികമാണ് എന്നതിനെ ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. അല്ലാത്തിടത്തോളം മനുഷ്യരെ നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണോപാധിയായി അത് നിലനിൽക്കും.REPRESENTATIVE IMAGE | WIKI COMMONS
ഒരു വശത്തു ലൈംഗികതയുടെ എക്സ്പ്രഷൻ തന്നെ taboo അല്ലെങ്കിൽ വിലക്കപ്പെട്ടതായി കാണുന്ന പൊതുബോധം. മറുവശത്തു ലൈംഗിക പീഡനങ്ങളുടെ എണ്ണിയാൽ ഒടുങ്ങാത്ത സംഭവങ്ങളും. ഏറ്റവും ഒടുവിൽ നമ്മൾ കേൾക്കുന്നത് പത്തനംതിട്ടയിൽ ഒരു കൗമാരക്കാരി അനുഭവിച്ച പീഡനമാണ്. എങ്ങനെയാണ് ഈ സാഹചര്യത്തെ മനസിലാക്കുക.
ലൈംഗികത എന്നതും ഒരു തരം ബന്ധമായതുകൊണ്ട് അതിനകത്തെ ശാക്തിക ബന്ധങ്ങൾ അല്ലെങ്കിൽ പവർ റിലേഷൻ കാണാതിരിക്കാൻ പറ്റില്ല. ഇവിടെ ലൈംഗികതയിൽ അതിന്റെ ആനന്ദം എന്നതിനേക്കാൾ കൂടുതൽ പവർ എക്സ്പ്രഷനാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ലൈംഗികത എന്നത് പുരുഷന് സ്ത്രീയെ കീഴടക്കാനുള്ളത് എന്ന തരത്തിലുള്ള പവർ എക്സ്പ്രഷനാണ്. എന്തുകൊണ്ട് പെൺകുട്ടികൾ അതിലേക്ക് പോകുന്നു എന്ന് ചോദിച്ചാൽ ലൈംഗികമായ ചോദനകൾ തന്നെ ആയിരിക്കാം. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ മേലുള്ള അധികാര പ്രയോഗമായി അത് മാറുന്നു എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രത്തോളം ആഴത്തിലേക്ക് ആളുകൾ ഇത് ഉൾക്കൊണ്ടിട്ടുണ്ട്. വിവാഹത്തിന്റെ കാര്യത്തിലും അതു തന്നെയാണ് ഉൾക്കൊണ്ടിരിക്കുന്നത്. വിവാഹത്തിനകത്തെ ലൈംഗിക ബന്ധത്തിലും ഈ പവർ റിലേഷനുണ്ട്. അതുകൊണ്ട് തന്നെ അവിടെ അബ്യൂസും ഉണ്ടാകാം. മാരിറ്റൽ റേപ്പ് വരെ ഉണ്ടാകുന്നു. പക്ഷെ അത് സമൂഹം ചോദ്യം ചെയ്യാത്തത് അവിടെ സുരക്ഷിതത്വം ഉണ്ടെന്ന ധാരണയിലാണ്. ഉപജീവനം നടന്നു പോകുന്നുണ്ട്, അന്തസ് നഷ്ടപ്പെടാതിരിക്കുന്നുണ്ട് എന്നുള്ള ചിന്തകൾ ഉള്ളതുകൊണ്ടാണ് വിവാഹത്തിനകത്തെ ലൈംഗിക ബന്ധത്തിലെ പീഡനങ്ങളെ കാണാതിരിക്കുന്നത്. അവിടെയും ഈ ലൈംഗികത എന്ന് പറയുന്നത് സഹജമായ ആനന്ദം എന്ന നിലയിലല്ല ഉള്ളത്. നമ്മൾ പരിശീലിപ്പിക്കപ്പെടുന്നതും അങ്ങനെയാണ്. ആണിനെ കീഴടക്കാനും പെണ്ണിനെ കീഴടക്കപ്പെടാനുമാണ് പരിശീലിപ്പിക്കുന്നത്. പുറത്തുനിന്നുള്ള അഭ്യൂസിനെ പലപ്പോഴും സ്ത്രീകൾക്ക് നേരിടാൻ പറ്റാത്തതിന്റെ കാരണവുമതാണ്. അങ്ങനെ വഴങ്ങി കൊടുത്തുള്ള ശീലമാണ് ഉള്ളത്.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവന്ന സമയത്ത് ഒരു പഴയകാല സിനിമ നടി അവരുടെ അഭിമുഖത്തിൽ പറയുന്നത് ശ്രദ്ധിച്ചു. പ്രായപൂർത്തിയാകാത്ത സമയത്ത് സിനിമയിൽ സംവിധായകനിൽ നിന്ന് ഉപദ്രവം ഉണ്ടായി എന്ന്. പുരുഷൻമാരാണ് തീരുമാനങ്ങൾ പറയുന്നതും അവരെ അനുസരിക്കേണ്ടവരാണ് സ്ത്രീകൾ എന്ന ബോധം ഉറപ്പിക്കാനും ഗാർഹിക ജീവിതത്തിനായുള്ള നല്ല കുടുംബിനിയാകാനുമുള്ള പരിശീലനമാണ് സ്ത്രീകൾ നേടുന്നത്. അത്തരം ബോധമുള്ള സ്ത്രീകൾക്ക് ആ രീതിയിലെ പുറത്തും പെരുമാറാൻ സാധിക്കൂ. ആ ചെറിയ പ്രായത്തിൽ അവർക്ക് കിട്ടിയത് അത്തരം ഒരു ബോധമായത് കൊണ്ടാണ് പ്രതികരിക്കാൻ കഴിയാതെ പോയത് എന്ന് ഇപ്പോൾ അവർ തിരിച്ചറിയുന്നു. പലപ്പോഴും ഇഷ്ടമില്ലാത്ത സാഹചര്യത്തിൽ പ്രതിരോധിക്കാൻ പറ്റാതെ പോകുന്നത് അതുകൊണ്ടാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും തനിക്ക് ലൈംഗിക താൽപര്യമുള്ളപ്പോൾ മാത്രമാണ് ലൈംഗികതയുടെ എക്സ്പ്രഷനിലേക്ക് പോകേണ്ടതെന്നും അത് എത്രമാത്രം ആകാം എന്ന് സ്വയം തീരുമാനമെടുക്കുന്ന രീതിയിലേക്കും അവർ പരിശീലിപ്പിക്കപ്പെട്ടിട്ടേയില്ല. വീടിനകത്ത് എല്ലാതരം പീഡനവും അധികാര പ്രയോഗങ്ങളും ആകാം എന്നാണ് പൊതു ധാരണ. അത് തന്നെയാണ് പുറത്തും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്ന് മനസിലാക്കുന്നില്ല.REPRESENTATIVE IMAGE | WIKI COMMONS
എല്ലാവർക്കും സഹജമായ ലൈംഗിക വാസനകൾ ഉള്ളതുകൊണ്ടാണ് സ്ത്രീകൾ പലപ്പോഴും ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. വിവാഹത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും വളരെ സുന്ദരമായ ജീവിതമാണ് അവർ പ്രതീക്ഷിക്കുന്നത്. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി കാര്യങ്ങൾ നടക്കു മ്പോഴും അസർട്ടീവ് (assertive)ആയും അഫർമേറ്റീവ് (affirmative) ആയും ഈ വിഷയത്തെ കാണാനും പ്രതികരിക്കാനും പറ്റാത്തത് അതുകൊണ്ടാണ്. നമ്മുടെ സിസ്റ്റം തന്നെ ആ രീതിയിൽ റെസ്പോണ്ട് ചെയ്യാത്തതും ഇതിനുള്ള കാരണമാണ്. സിസ്റ്റം റെസ്പോണ്ട് ചെയ്യുന്നില്ലയെന്ന് പറയാൻ കാരണം ഇത്തരമൊരു അപകടത്തിൽപ്പെട്ടാൽ സ്ത്രീകൾ എവിടെയാണ് പരാതി പറയേണ്ടത്, വീടിനകത്താണെങ്കിലും റെസ്പോണ്ട് ചെയ്യാൻ പറ്റില്ല. നിങ്ങളിതിന് എന്തിന് പോയി എന്ന ചോദ്യമാണ് സിസ്റ്റം ഉന്നയിക്കുക. സുഹൃത്ത് വലയത്തിലോ അധ്യാപകർക്കിടയിലോ തുടങ്ങി ഒരു സാമൂഹ്യ സംവിധാനത്തിലും ഇങ്ങനെയൊരു കാര്യം സംഭവിച്ചുവെന്ന് പറയാനുള്ള സാഹചര്യമില്ല. ഇതൊരു വ്യക്തിയുടെ മേലുള്ള കടന്നുകയറ്റമാണെന്ന രീതിയിൽ കാണുന്ന ഒരു സംവിധാനം നമുക്കില്ല. പകരം നിങ്ങൾ ചതിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു, തെറ്റ് ചെയ്തു, നിങ്ങൾ ചീത്തയായി എന്ന കുറ്റപ്പെടുത്തലാണ് നടക്കുന്നത്. നമ്മുടെ ശരീരത്തിൻമേൽ നമുക്കാണ് അവകാശം എന്ന് പഠിച്ചാൽ മാതമെ അക്രമത്തിനെതിരെ പ്രതികരിക്കാനും പറ്റു. വീടിനകത്തെല്ലാമാകാം എന്ന പൊതുബോധത്തിൽ നിന്നുകൊണ്ടിത് സാധ്യമല്ല.
ആരോഗ്യകരമായ ലൈംഗികത സ്ത്രീകളുടെ ശാരീരികമായും മാനസികമായുമുള്ള ആരോഗ്യത്തിൽ വലിയ ഘടകമായി ചൂണ്ടിക്കാണിക്കാറുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ ലൈംഗികത സ്ത്രീകളുടെ പ്രത്യേകിച്ചും കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനെ എങ്ങനെ ബാധിക്കുന്നു. ആ നിലയിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ടോ?
സ്ത്രീകളുടെ ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ച് ഇവിടെ പഠനങ്ങൾ നടന്നതായി അറിവില്ല. സ്ത്രീകൾക്ക് ലൈംഗികത ഉണ്ടെന്ന് പോലും സംസാരിച്ചു തുടങ്ങുന്നത് അടുത്തകാലത്താണ്. സ്ത്രീകളുടെ ആരോഗ്യകരമായ ലൈംഗികതയെ എവിടെയും പരാമർശിക്കുന്നില്ല. എല്ലായിടത്തും പുരുഷൻമാരുടെ ലൈംഗികതയ്ക്ക് വേണ്ടിയുള്ള സ്ത്രീയുടെ ശരീരത്തെക്കുറിച്ചെല്ലാമാണ് പറയുന്നത്. സ്ത്രീകൾ രതിമൂർച്ഛയുണ്ടാകാൻ എന്ത് ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ ഏതെങ്കിലും വൈദ്യശാസ്ത്രത്തിൽ പറയുന്നതായി അറിവില്ല. നമ്മുടെ പുസ്തകങ്ങളിൽ സെക്സിനെക്കുറിച്ച് പറയുന്നതേയില്ല. ആണിന്റെയും പെണ്ണിന്റെയും ആരോഗ്യകരമായ ലൈംഗികത, സെക്ഷ്വൽ പ്ലഷർ എന്നതിനെക്കുറിച്ചൊന്നും പാഠ്യപദ്ധതിയിൽ പ്രതിപാദിക്കുന്നില്ല. ട്രഡീഷണലായിട്ടുള്ള കാമസൂത്രയിലും മറ്റുമാണ് അതെല്ലാം പറയുന്നത്. സ്ത്രീയ്ക്ക് എപ്പോഴാണ് ആനന്ദം ഉണ്ടാകുന്നത് എന്നെല്ലാം അതിൽ പറയുന്നുണ്ടെങ്കിലും അതുതന്നെ പുരുഷന്റെ താൽപര്യത്തിനനുസരിച്ചുള്ളതാണ്. സ്ത്രീയുടെ ലൈംഗികത എന്താണ് എന്നുള്ള നിർവചനങ്ങൾക്ക് ശേഷമാണല്ലോ അതിലെ ആരോഗ്യം എന്ന വിഷയം വരുന്നത്. നമ്മുടെ നാട്ടിൽ ആരോഗ്യ പരിശീലനം നടത്തുന്നത്, അതിനെക്കുറിച്ചെല്ലാം പറഞ്ഞു കൊടുക്കുന്നത് ആശ വർക്കർമാരും ആരോഗ്യപ്രവർത്തകരുമാണ്. അവരെ ഇതിനെക്കുറിച്ച് ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഏത് ആശുപത്രിയിലും ക്ലിനിക്കുകളിലുമാണ് ഇതെല്ലാം പറഞ്ഞു കൊടുക്കുന്നത്? രക്ത കുറവ്, പ്രമേഹവും പ്രഷറുമെല്ലാം ഇല്ലാതിരിക്കുക, ആവശ്യത്തിന് ശരീരഭാരം ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. എപ്പോഴും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചാണ് പറയുക. ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവാനുള്ള സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചാണ് പറയുന്നത്. കുട്ടികളുണ്ടാവാതിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം, വന്ധ്യതയുണ്ടെങ്കിൽ അതിനുള്ള ചികിത്സകൾ, സ്ത്രീകളുടെ ലൈംഗിക താൽപര്യക്കുറവ് കുട്ടിയുണ്ടാവുന്നതിന് തടസമാണെങ്കിൽ അതെങ്ങനെ പരിഹരിക്കാം എന്ന തരത്തിലുള്ള സമീപനങ്ങളാണ് മെഡിക്കൽ സയൻസിലുള്ളത്. അല്ലാതെ സ്ത്രീയുടെ ലൈംഗികമായ ആരോഗ്യത്തെക്കുറിച്ച് അല്ലെങ്കിൽ ലൈംഗിക ആനന്ദവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മെഡിക്കൽ സയൻസിലും പാഠ്യപദ്ധതിയിലും കണ്ടിട്ടില്ല. സ്ത്രീകൾ മുൻകൈയ്യെടുത്തുകൊണ്ടുള്ള പുറം രാജ്യങ്ങളിലെ മൂവ്മെന്റുകളും സ്ത്രീ പ്രസ്ഥാനങ്ങളും അത്തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. അല്ലെങ്കിൽ ഒറ്റയിക്കൊറ്റക്കായി സ്ത്രീകൾ അവരുടേതായ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടാകാം.
അല്ലാതെ നമ്മുടെ സാമ്പ്രദായികമായിട്ടുള്ള ആരോഗ്യ വിദ്യാഭ്യാസത്തിൽ അല്ലെങ്കിൽ മോഡേൺ മെഡിസിനിൽ ഈ വിഷയം ആരും പഠിക്കുന്നുമില്ല, പഠിപ്പിക്കുന്നുമില്ല. എന്താണ് സ്ത്രീയുടെ ലൈംഗികതയെന്നോ, ലൈംഗിക ആനന്ദമെന്നോ, ആരോഗ്യമെന്നോ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടോ? ആളുകൾക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല. പല ഗൈനക്കോളജിസ്റ്റുകളും ഇതിനെക്കുറിച്ച് പലതും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അതെല്ലാം പുരുഷൻമാരുടെ ആനന്ദവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകൾക്ക് ആനന്ദം ഉണ്ടാകുന്നില്ല എന്നല്ല, മറിച്ച് അതിനുമേലുള്ള നിയന്ത്രണം, അത് എങ്ങനെയാണ് ഇംപ്രൂവ് ചെയ്യേണ്ടത്, എങ്ങനെയാണ് സ്ത്രീകൾ അതിനെ മനസിലാക്കുന്നത് എന്നിടത്തെല്ലാമാണ് പ്രശ്നം. ഇതെല്ലാം മാറണമെങ്കിൽ നേരത്തെ സൂചിപ്പിച്ച പവർ റിലേഷനിൽ മാറ്റം വരേണ്ടതുണ്ട്. അതങ്ങനെ തന്നെ നിലനിൽക്കുന്നിടത്തോളം മാറ്റമെങ്ങനെ സാധ്യമാകും. സ്ത്രീയുടെ മുകളിൽ അധികാരമുള്ള ആളാണ് പുരുഷൻ എന്ന നിലയിലാണ് ഇവിടെ സ്ത്രീ പുരുഷ ബന്ധം നിലകൊള്ളുന്നത്. സാമ്പ്രദായിക രീതികളെല്ലാം മടുത്ത് സ്ത്രീകൾ മുൻകൈ എടുക്കുന്ന, വിവാഹത്തിന് പുറത്തുള്ള മറ്റ് ബന്ധങ്ങളിൽ ഈ പവർ റിലേഷനിൽ മാറ്റമുണ്ടായേക്കാം. പക്ഷെ അതിനെ ആരും തന്നെ അംഗീകരിക്കില്ല. അതിനെക്കുറിച്ച് എവിടെയും സംസാരിക്കുക പോലും സാധ്യമല്ല. എന്നാൽ അവിടെ പോലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. സ്ത്രീകളുടെ മുൻകൈയ്യിൽ തന്നെ വരുന്ന വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിൽ പോലും ബ്ലാക്ക്മെയിലിങ് നടക്കുന്നുണ്ട്. അങ്ങനെയല്ലാത്ത ബന്ധങ്ങളുമുണ്ട്. അത്തരത്തിൽ തുല്യതയുള്ള ബന്ധങ്ങൾ വിവാഹത്തിനകത്ത് വളരെ ബുദ്ധിമുട്ടാണ്. അവിടെ എപ്പോഴും ആ പവർ റിലേഷനുണ്ട്. വിവാഹത്തിന് പുറത്തുള്ള നല്ല ബന്ധങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് എവിടെയാണ് പറയാൻ സാധിക്കുന്നത്. സ്ത്രീകൾക്ക് ആനന്ദമുണ്ടാക്കുന്ന, അവരുടെ ജീവിതത്തിലെ ഗുണനിലവാരമുള്ള ലൈംഗികത ഇതാണെന്ന് സ്ത്രീകൾ വെളിപ്പെടുത്താതെ എങ്ങനെയാണ് നമുക്ക് സ്ത്രീ ലൈംഗികതയെ വിലയിരുത്താനാവുക. അത്തരം ആഖ്യാനങ്ങൾ വരട്ടെ. വളരെ ആനന്ദകരമായ ലൈംഗികതയെക്കുറിച്ചുള്ള എഴുത്തുകളൊന്നും ഉണ്ടാകുന്നില്ലല്ലോ.REPRESENTATIVE IMAGE | WIKI COMMONS
പലപ്പോഴും എഴുത്തുകാരികളുടെ ഭാഗത്തു നിന്നും അത്തരം നരേഷൻസ് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഫിക്ഷനായിട്ടുള്ള എഴുത്തുകൾ. അത് മാത്രമാണ് പറയാനായിട്ടുള്ളത്. ലൈംഗിക ആഹ്ലാദങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് കണ്ടിട്ടുള്ളത് ട്രാൻസ് ജെൻഡറായിട്ടുള്ള സ്ത്രീകളാണ്. സർജറിയെല്ലാം ചെയ്ത ശേഷം രതിമൂർച്ഛയുണ്ടാകുന്നില്ലെങ്കിൽ അതിനെക്കുറിച്ച്, അല്ലെങ്കിൽ അതുണ്ടാകാൻ പറ്റുമോ എന്നൊക്കെയുള്ള തുറന്ന ചർച്ചകൾ അവർക്കിടയിൽ നടക്കാറുണ്ട്. അങ്ങനെയല്ലാതെ കേരളത്തിലെ സ്ത്രീകൾ എവിടെയാണ് അവരുടെ ലൈംഗികാനുഭവങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ പറയുന്നത്. അതടിസ്ഥാനമാക്കി മാത്രമെ ഈ വിഷയം പഠിക്കാനാകൂ.
സ്ത്രീകൾക്ക് രതിമൂർച്ഛയുണ്ടാകുന്നില്ല എന്നല്ല പറയുന്നത്. ശരീരത്തിൽ കുളിരു കോരുന്നതു പോലുള്ള അനുഭവം, രോമാഞ്ചമുണ്ടാകുന്ന അനുഭവം, ഒരു പുഴയൊഴുകുന്നതുപോലെ അല്ലെങ്കിൽ ഒരു കൊച്ചു മരണം പോലെ എന്നെല്ലാം രതിമൂർച്ഛയെ സ്ത്രീകൾ വർണ്ണിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ രതിമൂർച്ഛയുണ്ടാകുന്നത് മാത്രമല്ല ഒരാളുടെ ലൈംഗിക ആരോഗ്യത്തെ നിലനിർത്തുന്നത്. എപ്പോഴെങ്കിലും രതിമൂർച്ഛയുണ്ടായതുകൊണ്ട് മാത്രം ലൈംഗികാരോഗ്യം ഉണ്ടെന്ന് പറയാൻ പറ്റില്ല.. ഇതേ ബന്ധത്തിൽപ്പെട്ട ആളിൽ നിന്നായിരിക്കും അടുത്ത ദിവസം ഉപദ്രവമുണ്ടാകുന്നത്. മറ്റ് സമയത്തുണ്ടായ ആനന്ദം ഈ ശാരീരിക ആക്രമത്തോടെ ആ സ്ത്രീയിൽ നിന്നും ഇല്ലാതായേക്കാം. ആത്മാഭിമാനത്തോടെയുള്ള ആനന്ദങ്ങളിൽ ഏർപ്പെടാൻ, ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെങ്കിൽ തുറന്ന ചർച്ചകൾ ഉണ്ടാകണം. അത്തരം ചർച്ചകൾ ഉണ്ടാവുകയും ശാക്തിക ബന്ധങ്ങളിൽ മാറ്റമുണ്ടാവുകയും ചെയ്യണം. അത്തരത്തിൽ മാറണമെങ്കിൽ സ്ത്രീകൾക്ക് സാമ്പത്തികമായി നിലനിൽക്കാനുള്ള ഭൗതിക സാഹചര്യം കൂടിയുണ്ടാകണം. അതല്ലാതെ പുരുഷനെ ആശ്രയിച്ചുകൊണ്ട് മാത്രം നിലനിൽക്കേണ്ടി വരുമ്പോൾ ആനന്ദം അഭിനയിച്ചുകൊണ്ടു പോലും സ്ത്രീയ്ക്ക് ജീവിക്കേണ്ടിവരുന്നു. വിവാഹത്തിനകത്താണെങ്കിലും പുറത്താണെങ്കിലും നിലനിൽപ്പിനായി സന്തോഷവും തൃപ്തിയും അഭിനയിക്കേണ്ടി വരുന്നു. വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയമാണിത്. അത്തരം അന്വേഷണങ്ങൾ ഇപ്പോഴാണ് തുടങ്ങിയെങ്കിലും വയ്ക്കുന്നത്.