
ഷാജി എന്‍ കരുണ്‍: സാര്‍വദേശീയ അഭ്രപാളിയിലെ മലയാളത്തിളക്കം
ഫ്രഞ്ച്, ഇറ്റാലിയന്‍ നവതരംഗ ചലച്ചിത്ര കാലത്തിന് സമശീര്‍ഷരായി ഇന്ത്യയില്‍ കരുത്തോടെ നിന്നത് ബംഗാളിയും മലയാളവുമാണ്. മലയാളത്തിന്റെ സര്‍ഗ്ഗത്മകമായ സിനിമാക്കാലം പണിതെടുത്തവരില്‍ പ്രധാനിയാകാന്‍ ഷാജി എന്‍ കരുണിനെ ഒരുക്കിയത് ക്രാഫ്റ്റിനോടുള്ള കടുത്ത അര്‍പ്പണവും സത്യസന്ധതയുമാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ ട്രിം ചെയ്ത് അയക്കാന്‍ പറഞ്ഞപ്പോള്‍ അത് പാശ്ചാത്യ പിടിവാശിയാണെന്ന മുഖമടച്ചുള്ള മറുപടിയാണ് ഷാജി എന്‍ കരുണ്‍ നല്‍കിയത്. ഷാജി എന്‍ കരുണിന്റെ വിയോഗം നമ്മള്‍ മലയാളികള്‍ക്കും ലോകത്തിന് മുഴുവനും അപരിഹാര്യമായി തോന്നുന്നത് അതുകൊണ്ടൊക്കെയാണ്.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാറ്റോഗ്രാഫിയില്‍ ഗോള്‍ഡ് മെഡല്‍ നേടി ഡിപ്ലോമ പാസായി അധികം വൈകാതെ തന്നെ മലയാള സിനിമയുടെ ഭാഗമായ ഷാജി, കെ പി കുമാരന്റെ ലക്ഷ്മീവിജയത്തിലും എസ് കെ പൊറ്റക്കാട് എഴുതിയ ഞാവല്‍പഴങ്ങളിലും ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ഉത്തരായനത്തിന് ശേഷം ജി അരവിന്ദന്‍ കാഞ്ചനസീത എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഷാജി എന്‍ കരുണിനെയും കൂടെക്കൂട്ടാന്‍ തീരുമാനിച്ചത് വഴിത്തിരിവായി.
ജി അരവിന്ദനും ഷാജി എന്‍ കരുണും | PHOTO: WIKI COMMONS
വ്യവസ്ഥ അനിവാര്യമായ സിനിമയെന്ന കലയില്‍ അവ്യവസ്ഥിതമായ അരവിന്ദന്‍ സിനിമക്ക് അനിവാര്യം തന്നെയായിരുന്നു ഷാജി എന്ന സിനിമാറ്റോഗ്രാഫര്‍. അച്ചടക്കരഹിതമെന്ന് തോന്നുന്ന നിലയില്‍, ഓരോ ഘട്ടത്തിലും വിളിച്ചുചേര്‍ക്കപ്പെടുന്ന ജി അരവിന്ദന്‍ എന്ന മാസ്റ്ററിന്റെ സര്‍ക്കസ് തമ്പില്‍ നെടുംതൂണായി ഷാജി എന്‍ കരുണ്‍ സ്വയം അവതരിച്ചു. കാഞ്ചനസീതയില്‍ തുടങ്ങി തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം പോലുള്ള സിനിമകളില്‍ അരവിന്ദനുവേണ്ടി ക്യാമറ ചലിപ്പിച്ചു. അരവിന്ദന്‍ സ്‌നേഹവാത്സല്യത്തോടെ ഓരോ തവണയും ഷാജിയുടെ തോളില്‍ തട്ടുന്നത് ഷോട്ടുകളുടെ ആക്ഷന്‍-കട്ടുകളായി പരിണമിച്ചു. കറുപ്പിലും വെളുപ്പിലും, അനിവാര്യമാകുമ്പോള്‍ നിറത്തിലും മുക്കി ഷാജി അവയുടെ മാറ്റുകൂട്ടി. വിഖ്യാതമായ സത്യജിത് റേ-സുബ്രത മിത്ര കോംബോ പോലെ മികച്ച കലാസൃഷ്ടികള്‍ക്ക് വഴിയൊരുക്കിയത് ഈ അരവിന്ദന്‍-ഷാജി പങ്കാളിത്തമാണ്.
അരവിന്ദന്റെ സിനിമകളില്‍ ഷാജി എന്‍ കരുണ്‍ ക്യാമറയില്‍ ഒപ്പിയെടുത്ത നിരവധിയായ ഓട്ടങ്ങളുണ്ട്- ഉത്തരകാണ്ഡത്തില്‍ സാമ്രാജ്യ വികാസത്തിന്റെ വകതിരിവില്ലായ്മയോടെ ഓടുന്ന 'കാഞ്ചനസീത'യിലെ യാഗാശ്വവും, അപമാനഭാരത്തില്‍ തൂങ്ങിയാടുന്ന മുനിയാണ്ടിയുടെ മൃതദേഹം കണ്ട് ജാള്യമുഖവുമായി ഓടുന്ന 'ചിദംബര'ത്തിലെ ശങ്കരനും, സ്വാതന്ത്ര്യാഭിവാഞ്ഛയോടെ ഓടുന്ന 'കുമ്മാട്ടി'യിലെ ചിണ്ടനുമൊക്കെ. സാങ്കേതികമായി ശ്രമകരമായ പ്രവൃത്തി കയ്യടക്കത്തോടെ ചെയ്‌തെടുത്ത പ്രതിഭയെ ഈ കഥാപാത്രങ്ങളിലൂടെ കണ്ടറിയാനാകും.
ചിദംബരത്തില്‍ ഭരത് ഗോപി | PHOTO: WIKI COMMONS
ആര്‍ട്ട്ഹൗസില്‍ നിന്ന് ഛായാഗ്രാഹകരായി അനുഭവലോകം വിപുലമാക്കി, പിന്നീട് ഫിലിംമേക്കിങ്ങിലേക്ക് കാലെടുത്തുവച്ചവരില്‍ തോറ്റവരും വിജയിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍, അരവിന്ദനും അടൂരും ജോണും വിഹരിക്കുന്ന ലോകത്ത് സ്വന്തം സിനിമകള്‍ കൊണ്ടൊരു കസേര വലിച്ചിടാന്‍ ഷാജിക്കായി. മുന്‍ഗാമികളെ പോലെ ആയിരുന്നില്ല ഷാജി എന്‍ കരുണിന്റെ പ്രമേയ രീതി; ഹൃദയം തൊടുന്ന, ലളിതമായ കഥപറച്ചില്‍. അരവിന്ദന്റെ സിനിമ ലളിതമായിരുന്നുവെങ്കിലും ആഖ്യാനം ലളിതമായിരുന്നില്ല. എന്നാല്‍ ഷാജി എന്‍ കരുണ്‍ സ്വന്തം സൃഷ്ടികളിലൂടെ മലയാളിഹൃദയത്തെ വൈകാരികമായി ജ്വലിപ്പിച്ചു, കരയിപ്പിച്ചു, സംവേദനത്തിലൂടെ ഉരുക്കിയെടുത്തു.
വലിയ ലോകത്തിലെ ചെറിയ മനുഷ്യരെ ദര്‍ശിച്ച അരവിന്ദന് വേണ്ടി ക്യാമറയിലൂടെ പിടിച്ചടക്കിയ ദൃശ്യഭംഗിയില്‍ നിന്ന് സ്വന്തം സിനിമയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നതിലും അസാമാന്യ മികവ് പ്രകടമാക്കിയിരുന്നു ഷാജി എന്‍ കരുണ്‍. കുമ്മാട്ടിയിലും തമ്പിലും കണ്ടനുഭവിച്ച ദൃശ്യവലിപ്പം സ്വന്തം സിനിമയില്‍ വളരെ ചുരുക്കി അവതരിപ്പിച്ചത്, പിറവിയിലെ രാഘവ ചാക്യാരിലേക്കും വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനിലേക്കും അതിലൂടെ പ്രേക്ഷകഹൃദയത്തിലേക്കും കാര്‍ന്നുകയറാനായിരുന്നു എന്ന് ബോധ്യപ്പെടും.
ഷാജി എന്‍ കരുണ്‍ | PHOTO: WIKI COMMONS
അന്നിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥാമാറ്റം അരവിന്ദനില്‍ നിന്ന് ഷാജിയിലേക്ക് നടക്കുന്ന ദൂരത്തില്‍ നമുക്ക് അളന്നെടുക്കാന്‍ കഴിയും. കൂട്ടായ്മയുടെയും സംഘടനയുടെയും ശേഷിയാകുന്നു ലോകത്തെ തിരിക്കുന്ന അച്ചുതണ്ട് എന്ന വായനയില്‍ നിന്ന്, ഓരോരുത്തരും ഉണരുകയും വ്യക്തിപരമായ അനുഭവവലോകം സ്വപ്നം കാണുകയും പ്രപഞ്ചവും മനുഷ്യനും തമ്മില്‍ വൈയക്തിക സംവേദനം സാധ്യമാവുകയും ചെയ്യുന്ന മാറ്റത്തിന്റെ ദൃഷ്ടി ഷാജി എന്‍ കരുണിന്റെ ആദ്യ സിനിമകളില്‍ കാണാം.
ഭരണകൂടത്തിന്റെ കരാളഹസ്തം അടിയന്തരാവസ്ഥയിലൂടെ സ്വന്തം ജനതയെ വിഴുങ്ങിയത് എങ്ങനെയെന്ന് ഏറ്റവും ലളിതമായി ജനങ്ങളെ കാണിച്ചു തരുന്ന സിനിമാനുഭവത്തിലൂടെയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകന്റെ പിറവി. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കാന്‍ പോയ മകനെ കാത്തിരിക്കുന്ന ഒരച്ഛന്റെ നൊമ്പരപ്പെടുത്തുന്ന കഥ കാണികളില്‍ തറച്ചുകയറാന്‍ തക്ക മൂര്‍ച്ചയുള്ളതാണ്. അധികാരം തോക്കിന്റെ പാത്തി കൊണ്ട് അടിച്ചമര്‍ത്തുന്നത് നേരിട്ട് കാണുന്നതിനേക്കാള്‍ കരളുരുക്കം പകരുന്നതായിരുന്നു രഘുവിന്റെയും രാഘവ ചാക്യാരുടെയും ജീവിതം. വേട്ടയ്‌ക്കെതിരായ തുടര്‍പോരാട്ടങ്ങളിലേക്ക് മനുഷ്യരെ അണിനിരത്തുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട വഴി കാട്ടിത്തരികയായിരുന്നു 'പിറവി'. കാനിലും ലണ്ടനിലും എഡിന്‍ബറോയിലും ലൊക്കാര്‍ണോയിലും ഷാങ്ഹായിലും ചിക്കാഗോയിലും പ്രദര്‍ശിപ്പിച്ച സിനിമ കാനിലെ ക്യാമറ ഡി ഓര്‍ അടക്കം അന്താരാഷ്ട്ര - ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.
പിറവി എന്ന ചിത്രത്തില്‍നിന്നും | PHOTO: WIKI COMMONS
കഥകളിയെ ഒരു രൂപകമായി ഉപയോഗപ്പെടുത്തി സിനിമാറ്റിക്കായി തന്നെ പ്രേക്ഷകരോട് സംവദിക്കുന്ന രൂപപരിണാമമാണ്, രഘുനാഥ് പലേരിയും ഷാജി എന്‍ കരുണും ചേര്‍ന്ന് എഴുതിവെച്ച തിരക്കഥ സിനിമയാക്കിയപ്പോള്‍ സംഭവിച്ചത്.
ഒരേ ജന്മത്തില്‍ അനുഗൃഹീതനും അശ്രീകരവുമാകുന്ന സ്വത്വപരിസരത്ത് കുഞ്ഞിക്കുട്ടന്റെ വാനപ്രസ്ഥം ചലച്ചിത്രകാരനാല്‍ കെട്ടിയിടപ്പെടുകയാണ്. വേഷക്കാരന് കിട്ടുന്ന ആദരം കെട്ടിയാടുന്ന കഥാപാത്രത്തിനോ അവനവന് തന്നെയോ എന്ന ചോദ്യം കാഴ്ചക്കാരുടെ നെഞ്ചില്‍ തങ്ങിനിര്‍ത്തിയാണ് ഷാജി എന്‍ കരുണ്‍ അടുത്ത സിനിമയുടെ ആലോചനകളുടെ മേച്ചില്‍പുറങ്ങളിലേക്ക് തന്റെ സ്വതഃസിദ്ധമായ ഊളിയിടല്‍ നടത്തുന്നത്.
ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ദി ഓറിനായി മത്സരിച്ച ആദ്യ മലയാളചിത്രമായി മാറിയത് സ്വം എന്ന ഷാജി എന്‍ കരുണ്‍ സിനിമയാണ്. അകിര കുറസോവയുടെ റാഷമോണിനെ അനുസ്മരിപ്പിച്ച കുട്ടിസ്രാങ്ക്, മമ്മൂട്ടിയുടെ മുഴുവന്‍ അഭിനയതലങ്ങളെയും ഊറ്റിയെടുക്കുന്ന സര്‍ഗ്ഗമികവുള്ള സിനിമയായി മാറി. മേളക്കാരനും മോഹിനിയാട്ടക്കാരിയും തമ്മിലുള്ള ക്ഷോഭകരമായ ബന്ധമാണ് പിന്നീട് ഇറങ്ങിയ സ്വപാനം എന്നചിത്രത്തിന്റെ സ്ഥൂലപ്രമേയം. ചിത്രത്തിലെ രംഗങ്ങളില്‍ ഒന്നില്‍, പ്രകൃതിയും മേളക്കാരനും തമ്മില്‍ നടത്തുന്ന തായമ്പകപ്പെരുക്കം വ്യത്യസ്തമായ അനുഭൂതി പ്രേക്ഷകരില്‍ നിറയ്ക്കുന്നു. സര്‍റിയലിസ്റ്റ് പ്രതലത്തില്‍ പുറത്തിറക്കിയ, ഓള് എന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കരവിരുതില്‍ പുറത്തിറങ്ങിയ അവസാന ഫീച്ചര്‍ഫിലിം. പീഡിപ്പിക്കപ്പെട്ട് ജലത്തില്‍ മുക്കിത്താഴ്ത്തിയ 'ഓള്' പ്രണയഞരമ്പുകളിലൂടെ വാസു എന്ന ചിത്രകാരനോട് സംവദിക്കുന്നതും, ദിവ്യദംശനമേറ്റ പുരുഷന്‍ ആര്‍ത്തിക്ക് കീഴടങ്ങുന്നതും എന്നാല്‍ സ്ത്രീ അനശ്വരയാകുന്നതും, മിത്തും ഫാന്റസിയും ബ്ലെന്‍ഡ് ചെയ്ത് ഷാജി അവതരിപ്പിക്കുന്നു. പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ ജീവിതകഥ പ്രമേയമാക്കിയ ഒരു ഡോക്യൂഫിക്ഷനും ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ജി അരവിന്ദന്‍ എന്നിവരെ കുറിച്ചുള്ള ഡോക്യുമെന്ററികളും പുതിയൊരു ദൃശ്യതാളം സൃഷ്ടിച്ചു.
വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ | PHOTO: WIKI COMMONS
ജി അരവിന്ദന് പുറമെ ആര്‍ട്ട് പടത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്കായി കെ ജി ജോര്‍ജ്ജിന്റെ കൂടെയും ഷാജി സഹകരിച്ചു. മലയാള സിനിമയെ തന്നെ പുതിയ തലത്തിലേക്ക് പടര്‍ത്തിയ ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, പഞ്ചവടി പാലം തുടങ്ങിയ ജോര്‍ജ്ജ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാജി എന്‍ കരുണാണ്. മെയ്ന്‍സ്ട്രീം മലയാളത്തിന് ദൃശ്യഭാഷ്യം ചമയ്ക്കാനും ഷാജിയന്‍ വ്യൂ ഫൈന്‍ഡര്‍ മികച്ച അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പത്മരാജനൊപ്പം കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, എംടിയുടെ സംവിധാന സംരംഭമായ മഞ്ഞ്, ഹരിഹരനൊപ്പം പഞ്ചാഗ്‌നി, മോഹന്റെ കൂടെ മംഗളം നേരുന്നു, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി.
മലയാള ചലച്ചിത്രനവതരംഗത്തിന്റെ കൊടിക്കൂറ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലുകളുടെ അമരത്ത് കൊണ്ടുപോയി കെട്ടുമ്പോഴും കലാപങ്ങളെയും വിവാദങ്ങളെയും ഷാജി എന്‍ കരുണ്‍ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിട്ടില്ല. കാഞ്ചനസീതയിലൂടെ രാമായണത്തിന്റെ ഉത്തരകാണ്ഡത്തിന് അരവിന്ദന്‍ നല്‍കിയ ദൃശ്യാഖ്യാനം അന്ന് എസ് ഗുപ്തന്‍ നായര്‍ അടങ്ങുന്ന ചലച്ചിത്ര അവാര്‍ഡ് സമിതി അവഗണിച്ചത് വിവാദമായിരുന്നു. അതുപോലൊരു വിവാദവും അവഗണനയും ഷാജി എന്‍ കരുണിന്റെ ചലച്ചിത്രജീവിതത്തിലും ഉണ്ടായി. റിലയന്‍സിന്റെ നിര്‍മാണപരിശ്രമത്തില്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് കേരളത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ ഏറ്റവും മികച്ച സിനിമക്കും തിരക്കഥക്കും ഛായാഗ്രഹണത്തിനും വസ്ത്രാലങ്കാരത്തിനും പുരസ്‌കാരവും എഡിറ്റിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും നേടിയായിരുന്നു സിനിമയുടെ പ്രതികാരം.
മമ്മൂട്ടിയും ഷാജി എന്‍ കരുണും | PHOTO: WIKI COMMONS
പ്രസ്ഥാനസ്വഭാവത്തില്‍ നോക്കിയാല്‍ ആദ്യന്തം ഇടതുപക്ഷത്തോടൊപ്പം നിന്നതാണ് ഷാജി എന്‍ കരുണിന്റെ പൊതുജീവിതം. ആറേഴുവര്‍ഷങ്ങളായി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിച്ചുവരികയായിരുന്നു. ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ ചലച്ചിത്ര അക്കാദമി ആരംഭിച്ചപ്പോള്‍ ആദ്യ അധ്യക്ഷനായും പിന്നീട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അമരത്തും കഴിവ് തെളിയിച്ചു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് 'ഫിയാഫി'ന്റെ അംഗീകാരം ലഭിച്ചതും. എന്നാല്‍ കേന്ദ്രഭരണകൂടത്തിന്റെ വലത് ചാഞ്ചാട്ടം ഇന്ത്യന്‍ സിനിമയില്‍ പ്രതിഫലിച്ചുതുടങ്ങിയ കാലത്ത് സംഘപരിവാറിന് ബുദ്ധിമുട്ടുകള്‍ ഒന്നും സൃഷ്ടിക്കാതെ ചലച്ചിത്ര ജൂറി പദവിയില്‍ അമര്‍ന്നിരുന്നപ്പോള്‍ സ്വപക്ഷത്ത് നിന്ന് വിമര്‍ശനം ഏറ്റുവാങ്ങി. സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമും വനിതാ ചലച്ചിത്രസംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും പുതുമയുള്ള കാഴ്ചപ്പാടുകള്‍ ആയിരുന്നെങ്കിലും അതേ പദ്ധതികള്‍ക്ക് ഷാജി എന്‍ കരുണ്‍ തന്നെ തുരങ്കം വയ്ക്കുന്നുവെന്ന് ആക്ഷേപം കേട്ടു.
ടി പത്മനാഭന്റെ 'കടല്‍' എന്ന കഥ 'ഗാഥ' എന്ന പേരിട്ട് മോഹന്‍ലാലിനൊപ്പം ഒരു സിനിമാസൃഷ്ടി സാക്ഷാത്കരിക്കാന്‍ ബാക്കിയാക്കിയാണ് ഷാജി എന്‍ കരുണ്‍ എന്ന ബഹുമുഖപ്രതിഭ ചലച്ചിത്രലോകത്തെ ഒറ്റയ്ക്കാക്കി പോകുന്നത്. കേരളീയ ചലച്ചിത്ര വികസനത്തിന് ഇനിയും തലവരകള്‍ വരച്ചു മുഴുമിപ്പിച്ചിട്ടില്ല. എങ്കിലും, ഫിലിംസ്‌കൂളുകളിലും റീമാസ്റ്ററിങ് സ്റ്റുഡിയോകളിലും ലോകമാകെയുള്ള പ്രേക്ഷകമനസ്സുകളിലും, മരണത്തെ തൊടാതെ ഷാജി എന്‍ കരുണ്‍ ക്രാഫ്റ്റ് തലയുയര്‍ത്തിനില്‍ക്കും; അതിനോടൊപ്പം ഷാജി എന്‍ കരുണ്‍ ദൃശ്യചാരുത പകര്‍ന്നുനല്‍കിയ ഈ ഭാഷയും.


