ശിലാലിഖിതം; കാലത്തിന്റെ ശിരോലിഖിതം
എംടിയുടെ കഥാപാത്രങ്ങള്‍ എന്നും കൂടെ നടന്നിട്ടുണ്ട്. ബഷീറിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജീവിതത്തിന്റെ തത്ത്വചിന്താപരമായ സമസ്യകള്‍ തേടിയാണ് മനസ്സില്‍ ഇടംനേടിയത്. ഉറൂബിന്റെ വിശ്വവും വിജയന്റെ രവിയും രവിക്ക് ചുറ്റും കറങ്ങുന്ന പാലക്കാടന്‍ മനുഷ്യരും ഒരു ചന്തയിലെന്നപോലെ പലതരം ലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ട് എന്റെ ഭാവനാലോകത്ത് വിശ്രമിച്ചു. എംടിയുടെ അപ്പുണ്ണിയില്‍ നിന്ന് കുട്ട്യേടത്തിയിലേക്ക് വലിയ ദൂരമില്ല. ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ ഭ്രാന്തനായതുകൊണ്ട് നാട്ടിലെ ഒരുവിധപ്പെട്ട ഭ്രാന്തന്മാരെല്ലാം വേലായുധനെയും കൂട്ടി എന്റെ മനസ്സിലൂടെ ഘോഷയാത്ര നടത്തി. എന്റെ നാട്ടിലെ ഭ്രാന്തന്മാരില്‍ ഒരാളായ വീട്ടിന്നയല്‍പ്പക്കത്തെ കബീര്‍ച്ച ഭ്രാന്തമായി പിന്തുടര്‍ന്നുകൊണ്ടിരുന്നു, അദ്ദേഹത്തെ ഒരു കഥാപാത്രമാക്കാന്‍. ഇതുവരെയായി അത് എഴുതാന്‍ കഴിഞ്ഞില്ല. എംടിയുടെ എഴുത്തില്‍ ഒരു വല്ലാത്തതരം അനായാസത ഉണ്ടായിരുന്നു. വാക്കുകള്‍ എണ്ണയില്‍ നിന്ന് നൂലെന്നവിധം വരും ആ കഥകളില്‍. മഞ്ഞിലെ വിമലയും സര്‍ദാര്‍ജിയുമെല്ലാം ഒരു അപരിചിത ലോകത്തിലായിട്ടുകൂടി ഉള്‍ത്തടങ്ങളില്‍ നമ്മളില്‍ ഒരാളായി നമുക്കൊപ്പം കൂടി. സേതു എല്ലാ അര്‍ത്ഥത്തിലും നാം തന്നെയായിരുന്നു.
എംടി | PHOTO: WIKI COMMONS
അപ്പുണ്ണിയില്‍ നിന്ന് ഭീമസേനനിലേക്കുള്ള എംടിയുടെ വളര്‍ച്ച അദ്ദേഹത്തിന്റെ മറ്റു കഥാപാത്രങ്ങളിലൂടെ അറിഞ്ഞു. ഉണ്ണിയും ബാലുവും ഗോവിന്ദന്‍കുട്ടിയും രാജനും ലീലയും ബുദ്ദുവും നമ്മില്‍ കരേറിയത് നമ്മുടെ തന്നെ ഭാഗമായതു കൊണ്ടാണ്. ആധുനിക കഥാകാരന്മാര്‍ കഥാപാത്രങ്ങളെയുംകൊണ്ട് മലയാള വായനക്കാരെ തൊട്ടപ്പോള്‍പോലും ഈ കഥാപാത്രങ്ങള്‍ പിരിച്ചേടത്തുനിന്ന് മാറിയില്ല. അത്തരമൊരു കഥാപാത്രമാണ് ശിലാലിഖിതം എന്ന കഥയിലെ ഗോപാലന്‍ കുട്ടി. ഇയാളെ ഇക്കാലത്ത് നമ്മുടെ മലയാള മണ്ണില്‍ എവിടെയും കാണാം. ചരിത്ര പ്രൊഫസറാണ് ഗോപാലന്‍ കുട്ടി. ശിലാരേഖകളിലാണ് പഠനം. സ്വയം ചരിത്രവത്കരിക്കാന്‍ കാരക്കുളം കുന്നിലെ നരിമടകള്‍ ബുദ്ധവിഹാരമാണെന്ന കണ്ടെത്തലിലൂടെ ഗവേഷണം തുടരുന്നു. ഗവേഷണത്തിന്റെ വാണിജ്യവത്കരണം, ഗോപാലന്‍കുട്ടിയുടെ മനസ്സില്‍ ഒട്ടും കരുണയില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷേ, മകള്‍ ആ മൂടുപടം തന്റെ ഒരു പ്രവര്‍ത്തിയിലൂടെ വലിച്ചുമാറ്റി കാണിക്കുന്നു. ഇത്തരം മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ആധുനിക കാലത്ത് പിറവിയെടുത്തിട്ടുണ്ട്.
അറിവിനെ കച്ചവടമാക്കുക മാത്രം ചെയ്യുന്ന അച്ഛന്‍, മകള്‍ ചെയ്യുന്ന കാരുണ്യം അറിയുന്നില്ല. അത് അവനവനില്‍ തന്നെയുള്ളതാണ്. അതുകൊണ്ട് ഗോപാലന്‍കുട്ടി പ്രൊഫസറെ അത് പഠിപ്പിക്കാന്‍ കഴിയില്ല. ഈ കാരുണ്യം വരാന്‍ ഫ്യൂഡലിസം വേണമെന്നില്ല. ഫ്യൂഡലിസം തകര്‍ന്നടിയണമെന്നുമില്ല. ഏതു കാലത്തും, ഏതു ദേശത്തും സംഭവിക്കാവുന്ന ദുരന്തമാണ് പ്രൊഫസര്‍ ഗോപാലന്‍ കുട്ടിയുടേത്. ഇയാളെ ഞാന്‍ പിന്നീട് പലേടത്തും കണ്ടിട്ടുണ്ട്. ചരിത്രഗവേഷണവും ജീവകാരുണ്യവുമായി നടക്കുന്ന മാനവീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം മനുഷ്യജന്മങ്ങള്‍ എന്നും ഉണ്ടായിരുന്നു.
എംടിക്ക് നവതി ആശംസകള്‍..!