TMJ
searchnav-menu
post-thumbnail

Outlook

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ

04 Mar 2024   |   4 min Read
നാസിർ കെ സി

ല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എന്‍.യു) ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കള്ളനെ പിടിച്ച ഒരു കഥ പറയാറുണ്ട്. കള്ളനെ പിടിച്ചയുടന്‍ അയാളെ കെട്ടിയിട്ട് ഇടിക്കുന്നതിന് പകരം കുട്ടികള്‍ അയാളെ പിടിച്ചിരുത്തിയതിനുശേഷം കാര്യങ്ങള്‍ ചോദിച്ചു. അതിനിടയില്‍ ആരോപോയി കാന്റീനില്‍ നിന്ന് ചായയും വടയും വാങ്ങിക്കൊണ്ടുവന്നു. അയാള്‍ക്കു വിശക്കുന്നുണ്ടായിരുന്നു. ആഹാരം കഴിച്ച് അയാള്‍ തന്റെ കഥകള്‍ പറഞ്ഞുതുടങ്ങി. കണ്ണീരിന്റെ നനവുള്ള കഥകള്‍. കദനകഥകളാണല്ലോ മിക്കവാറും ആളുകളെ കള്ളന്‍മാരാക്കുന്നത്. ഒടുവില്‍ കുട്ടികള്‍ പിരിവെടുത്ത് പണം സ്വരൂപിച്ചുനല്‍കി അയാളെ യാത്രയാക്കി. പോകാന്‍നേരം അയാള്‍ ഒരിക്കല്‍ക്കൂടി കരഞ്ഞു. ഒരുപക്ഷേ, ആദ്യമായി സ്‌നേഹം അനുഭവിച്ച, ആദ്യമായി നീതിയുടെ മധുരം അനുഭവിക്കാനിടയായ ഒരാളുടെ കണ്ണീരാണത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയവല്‍കരിക്കപ്പെട്ട ഒരു കാമ്പസാണ് ജെ.എന്‍.യു വിലേത്. നീതിയുടെ രാഷ്ട്രീയമെന്താണെന്ന് ഇന്ത്യയില്‍, മറ്റാരേക്കാളും ആ കുട്ടികള്‍ക്കറിയാം. നീതിയുടെ രാഷ്ട്രീയം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നും അവര്‍ ജീവിതത്തിലൂടെ പഠിക്കുന്നു.

വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി സഹപാഠികളുടെ കൈയേറ്റത്താല്‍ മരിക്കാനിടയായ വാര്‍ത്തയറിഞ്ഞപ്പോഴാണ് ഈ കഥ ഓര്‍ത്തുപോയത്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ കയറ്റിയുള്ള മാധ്യമവിചാരണകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ആള്‍ക്കൂട്ട വിചാരണകള്‍ പോലെ അസംബന്ധം നിറഞ്ഞ മറ്റൊരു വിചാരരാഹിത്യത്തിന്റെ പേരാണ് മാധ്യമവിചാരണ. എന്നാലും ഇടതുപക്ഷ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചതിനും അവനെ മരണത്തിലേക്കു നയിച്ചതിനും കാരണക്കാരായതായി കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരാണ് അവര്‍ എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. മറ്റൊരാളെ വേദനിപ്പിക്കുന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് എങ്ങനെയാണ് ഇടതുപക്ഷമായിരിക്കാന്‍ കഴിയുക എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. സമപ്രായക്കാരനായ ഒരു കുട്ടിയെ ദിവസങ്ങളോളം സംഘം ചേര്‍ന്നാക്രമിക്കുക, മൂന്നുദിവസം ആഹാരംപോലും നിഷേധിക്കപ്പെട്ട് അവന്‍ മരണത്തിന് കീഴടങ്ങുക, കാട്ടാളത്തം തോറ്റുപോകുന്ന ഈ നൃശംസതയ്ക്ക് നമ്മുടെ കുട്ടികള്‍ പാകപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

ജെ എസ് സിദ്ധാര്‍ത്ഥ് | PHOTO: WIKI COMMONS
രാഷ്ട്രീയ വൈരാഗ്യത്തില്‍ നിന്നുണ്ടായ കൊലപാതകമല്ല ഇതെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാലും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ പരാജയമാണ് ഈ കൊലപാതകം എന്ന് സമ്മതിക്കുന്നതാണ് അവരെത്തി നില്‍ക്കുന്ന പതനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്കു തുണയാകുക. നീതിക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ അനേകം പേര്‍ രക്തസാക്ഷികളായതിന്റെ കഥ പറയാനുണ്ട് നമ്മുടെ കലാലയങ്ങള്‍ക്ക്. അവരുടെ ചോരയില്‍ തെഴുത്തതാണ് ഇന്ന് കാമ്പസുകളില്‍ ആധിപത്യമുറപ്പിച്ചിട്ടുള്ള പല പ്രസ്ഥാനങ്ങളും. പല്ലുമുറിയെ തിന്ന് എല്ലില്‍ കുത്തുന്നവര്‍ക്ക് കൈത്തരിപ്പ് തീര്‍ക്കാനുള്ള സംഘബലം ഉണ്ടാക്കുകയല്ല ആ പ്രസ്ഥാനങ്ങളുടെ ജോലി. അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ മേഞ്ഞുനടന്ന് തടിച്ചുകൊഴുത്ത രക്തദാഹികളായ ആ ഹിംസ്രജീവികളെ ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്നത് രാഷ്ട്രീയമായ വംശനാശമാണ് എന്നു മനസ്സിലാക്കിയാല്‍ നല്ലതാണ്. ബുദ്ധിശൂന്യതയും രാഷ്ട്രീയ അഹന്തയും കാരണം രക്തദാഹികളായ മറ്റു കുറുനരികള്‍ക്ക് അവസരം തുറന്നുകൊടുക്കലാണ് ഇതിന്റെ അനന്തരഫലം എന്നോര്‍ക്കുന്നതും നല്ലതാണ്.

രാഷ്ട്രീയ ഗര്‍വങ്ങള്‍

ഈയിടെ എന്റെ സുഹൃത്തും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയുമായ ഒരാള്‍ എന്നെ വിളിച്ചു. അവര്‍ ഇത്തിരി ടെന്‍ഷനിലായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അവരോട് അനധികൃതമായി ചില സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. കോളേജ് ഹോസ്റ്റലുകളില്‍ ഇതൊക്കെ പതിവാണെങ്കിലും ആവശ്യം അതിരുകടന്നപ്പോള്‍ അവരതിന് തടയിട്ടു. അങ്ങേയറ്റം സത്യസന്ധയും ഇടതുപക്ഷ ആശയങ്ങളോടൊപ്പം ചേര്‍ന്നു നടക്കുന്നവരുമായ ആ സ്ത്രീയെ അധ്യാപിക എന്ന പരിഗണന പോലും നല്‍കാതെ യൂണിയന്‍ ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ പണിതരും എന്നു തന്നെയാണത്രെ അവരുപയോഗിച്ച വാക്ക്. സ്വന്തം ആശയധാരയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നയാള്‍ എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഈ ഭീഷണി. 'മാം ആരാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ഞങ്ങളോടു കളിച്ചാല്‍ അതൊന്നും പരിഗണിക്കുകയില്ല' എന്നുകൂടി അവര്‍ എടുത്തുപറഞ്ഞു.

മര്യാദയുടെ ബാലപാഠങ്ങള്‍ മറന്നുകൊണ്ടുള്ള ഈ രാഷ്ട്രീയപ്രവര്‍ത്തനം അവര്‍ എവിടെ നിന്നു പഠിച്ചു എന്നാണ് മനസ്സിലാകാത്തത്. രാഷ്ട്രീയമായ ഇച്ഛാശക്തിയെ സംഘബലമായി അവര്‍ തെറ്റിദ്ധരിച്ചു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശരി എന്നുറപ്പുള്ളതിനു വേണ്ടി ഉറച്ചുനില്‍ക്കാന്‍ കഴിയുന്നതാണ് ഇച്ഛാശക്തി. ആള്‍ബലം അതിന്റെ ആദ്യത്തെ ഉപാധിയല്ല. ആശയങ്ങളുടെ കരുത്താണ് അതിന് അവരെ പ്രാപ്തരാക്കുന്നത്. ആള്‍ബലംകൊണ്ട് തങ്ങളുടെ ഇച്ഛകളെ നടപ്പിലാക്കിയെടുക്കുന്ന ഈ പുതിയരീതി ആശയങ്ങളുടെ അന്തിക്രിസ്തുവാണ്. കെട്ടഴിഞ്ഞുവീണ് തുടങ്ങിയാല്‍ അവസാനത്തെ കമ്മറ്റിയും വീണേ അത് നില്‍ക്കൂ.

പൂക്കോട് വെറ്ററിനറി കോളേജ് | PHOTO: WIKI COMMONS
അലിവ് ഒരു രാഷ്ട്രീയ ആയുധമാണ്

സഖാവ് പിണറായി വിജയനും എ.കെ ബാലനും പഠിച്ച അതേ ബ്രണ്ണന്‍ കോളേജിനു മുമ്പില്‍ ആള്‍ത്തിരക്കില്ലാത്ത ഒരു ചായക്കടയുണ്ടായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ നിറംമങ്ങിയ ഒരു ചായക്കട. ആളോ ആരവമോ ആഢംബരമോ ഇല്ല. ഒഴിഞ്ഞ ചില്ലു ഭരണികള്‍. പലഹാരത്തട്ടില്‍ അങ്ങിങ്ങായി ഏതാനും നെയ്യപ്പങ്ങള്‍. നിറംകെട്ട മറ്റൊരു ചിത്രമായി ചായക്കടക്കാരന്‍. തൊട്ടപ്പുറത്തെ ചായക്കടയുടെ തിരക്കില്‍ നിന്ന് ഇറങ്ങുകയായിരുന്ന എന്നോട് ആയിടെ പരിചയപ്പെട്ട ഒരു എസ്.എഫ്.ഐക്കാരന്‍ പറഞ്ഞു. 'ഇടയ്‌ക്കൊക്കെ അപ്പുറത്തെ കടയിലും കയറണം, കേട്ടോ. ആ കടക്കാരന്‍ ദരിദ്രനും രോഗിയുമാണ്'. പരിഗണനയുടെ ആ രാഷ്ട്രീയത്തിന്റെ പേരാണ് ഇടതുപക്ഷ രാഷ്ട്രീയം. എന്നെ ഉപദേശിച്ച എസ്.എഫ്.ഐക്കാരന്‍ പിന്നീട് യൂണിയന്‍ ചെയര്‍മാനായി. കഴിഞ്ഞദിവസം സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിക്കുകയും പച്ചവെള്ളം കൊടുക്കാതെ മൂന്നുദിവസം പട്ടിണിക്കിട്ട് ഒടുവില്‍ മരണത്തിലേക്ക് തള്ളിവിട്ട പത്തൊമ്പതു പേരില്‍ ഒരാള്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. പഴയ നന്‍മകള്‍, തിന്‍മയുടെ പുതിയകാലം എന്ന ഒരു ദ്വന്ദ്വം അവതരിപ്പിക്കുകയല്ല. പിശകുണ്ടെങ്കില്‍ തിരുത്തും, ആവശ്യമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. ധീരജും അഭിമന്യുവും കൊല്ലപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എപ്പോഴും ജീവന്‍ കുരുതി കൊടുക്കേണ്ടി വരുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനാണ്. അവര്‍ക്ക് ചീത്തപ്പേരുണ്ടാക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്.

ചില അവ്യക്തതകള്‍

സിദ്ധാര്‍ത്ഥിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ഇപ്പോഴും തയ്യാറാവുന്നില്ല. പതിവുപോലെ അവര്‍ പ്രതികളെ നിശ്ചയിക്കുകയും വിചാരണ ആരംഭിക്കുകയും വിചാരണ പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ വിധി പ്രസ്താവത്തില്‍ ഒപ്പുവെക്കുകയും ചെയ്യുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണയില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐക്കാരല്ലാത്ത എല്ലാവരെയും അവരുടെ രാഷ്ട്രീയ ബാധ്യതയില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ആ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് എസ്.എഫ്.ഐ ക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ പന്തംകൊളുത്തി പ്രകടനം നടത്തുകയോ ചെയ്യാവുന്നതാണ്... ധാര്‍മികരോഷത്തില്‍ മുഴുകിപ്പോയതിനാല്‍ നാം ഇപ്പോഴും ചര്‍ച്ചയ്‌ക്കെടുക്കാത്ത ചില കാര്യങ്ങളുണ്ട്. അപരിചിതനായ ഒരു മനുഷ്യനേയോ രാഷ്ട്രീയ ശത്രുവിനേയോ അല്ല വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. സുഹൃത്തും സഹപാഠിയുമായ ഒരാളെ ദിവസങ്ങളോളം മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥമായ കാരണം എന്തായിരിക്കും? ക്രൂരന്‍മാരായ കുറേ കുട്ടികള്‍ ചെയ്ത കടുംകൈ എന്നു വിലയിരുത്തി നമുക്ക് പിന്‍വാങ്ങാന്‍ കഴിയുമോ? കൂട്ടത്തിലൊരാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ടു നില്‍ക്കുന്നവരിലൊരുത്തന്റെയും അനുകമ്പ ഉണര്‍ന്നില്ലേ? അവരെല്ലാം അനുകമ്പാ ശൂന്യരായിത്തീര്‍ന്നു എന്നാണോ നാം കരുതേണ്ടത്? ആപത്ഘട്ടത്തില്‍ തുണയ്‌ക്കെത്താന്‍ പോലും സുഹൃത്തുക്കളില്ലാത്തവിധം സിദ്ധാര്‍ത്ഥ് സൗഹൃദദാരിദ്ര്യം അനുഭവിച്ചിരുന്നോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ആവശ്യമില്ലേ?

കാമ്പസിലെ ഏട്ടന്‍മാരോട് 

തങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ സദാചാര ആങ്ങള കളിക്കുന്ന രാഷ്ട്രീയ ഏട്ടന്‍മാരോടാണ്. നിങ്ങള്‍ ഈ കളി മതിയാക്കാന്‍ സമയമായിരിക്കുന്നു. തികഞ്ഞ അശ്ലീലമാണ് നിങ്ങളുടെ ഈ ഗെയിം. പെണ്‍കുട്ടികള്‍ നേരിടാനിടയുള്ള പ്രശ്‌നങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. അവരുടെ പ്രശ്‌നങ്ങളെ അവര്‍ നേരിട്ടുകൊള്ളും. ആള്‍ക്കൂട്ട വിചാരണയോളം പ്രാക്യതമായ മറ്റൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. 

അന്യന്റെ ശരീരം നമ്മുടെ പരീക്ഷണ നിലമല്ല. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കരുത്. അത് ആണായാലും പെണ്ണായാലും മറ്റേത് ജെന്റര്‍ ആയാലും. ഈ ബോധത്തിലെത്തുന്ന കാലത്ത് ആള്‍ക്കൂട്ട വിചാരണകള്‍ താനേ ഇല്ലാതാവും. നാം കുറേക്കൂടി ആധുനിക മനുഷ്യരാവും.


#outlook
Leave a comment