സ്മരണകളിരമ്പുന്ന അഴീക്കോടന്‍ സ്മാരകമന്ദിരം
അര നൂറ്റാണ്ടായി സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസും സി.പി.ഐ.എം. ബഹുജനസംഘടനകളുടെ ഓഫീസും പ്രവര്‍ത്തിച്ചുവന്ന (1980-കളുടെ ആദ്യംവരെ കാസര്‍ഗോഡും കൂടി ഉള്‍പ്പെട്ട ജില്ല) അഴീക്കോടന്‍ തളാപ്പിലെ അഴീക്കോടന്‍ സ്മാരകമന്ദിരം പൊളിച്ചുമാറ്റി അവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടി തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി സി.പി.എം. ജില്ലാ ഓഫീസ് നഗരത്തില്‍ത്തന്നെയുള്ള ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റിക്കഴിഞ്ഞു. നാലുപതിറ്റാണ്ടോളം മുമ്പ് അഴീക്കോടന്‍ സ്മാരകമന്ദിരവുമായി ബന്ധപ്പെട്ട് സംഘടനാപ്രവര്‍ത്തനംനടത്തുകയും അതേ മന്ദിരത്തിലെ ഒരുമുറിയില്‍ പ്രവര്‍ത്തിച്ച ദേശാഭിമാനി ബ്യൂറോയുടെ ചുമതലനിര്‍വഹിക്കുകയും ചെയ്ത കെ.ബാലകൃഷ്ണന്‍ സ്മാരകമന്ദിരത്തെക്കുറിച്ച് എഴുതുന്നു.
അഴീക്കോടന്‍ സ്മാരകത്തിലെ ലഡ്ജര്‍
കണ്ണൂര്‍ അഴീക്കോടന്‍ സ്മാരകമന്ദിരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുക ആ കൂറ്റന്‍ ലഡ്ജറാണ്. ആയിരത്തിലേറെ പേജുളള, നന്നായി ബൈന്‍ഡുചെയ്ത, കരുത്തുറ്റ പുറംചട്ടയുള്ള ലഡ്ജര്‍. ഏതോ സഹകരണബാങ്കിന്റെ ലഡ്ജര്‍ അച്ചടിത്തെറ്റോ മാറ്റോ കാരണം അവര്‍ ഉപേക്ഷിച്ചതുപോലുമാവാം. മന്ദിരത്തിലേക്ക് പിന്മുറ്റത്തുകൂടെ പ്രവേശിച്ചാലും മുന്‍ മുറ്റത്തുകൂടി പ്രവേശിച്ചാലും എത്തുന്നത് സ്വീകരണമുറിയില്‍- അതുതന്നെയാണ് ഓഫീസിന്റെ ഭരണകേന്ദ്രമെന്നും പറയാം. ഓഫീസ് സെക്രട്ടറിക്കും മറ്റൊരാള്‍ക്കും മാത്രമാണവിടെ ഇരിപ്പിടം. അവര്‍ക്കു മുമ്പില്‍ മരത്തിന്റെ ഒരു ബ്യൂറോ. അതിനുമുകളിലാണ് ലഡ്ജറിന്റെ ഇരിപ്പിടം. 1976 ല്‍ അവിടെ ചെന്നപ്പോള്‍ത്തന്നെ ആ പുസ്തകം ശ്രദ്ധിച്ചതും കൗതുകത്തോടെ നോട്ടമിട്ടതുമാണ്. പിന്നീടാണ് മനസ്സിലായത് അത് വലിയൊരു ചരിത്രരേഖയാണെന്ന്. വാസ്തവത്തില്‍ അതൊരു മിനുട്ട് ബുക്കാണ്. ഓഫീസില്‍ ലഭിക്കുന്ന ഫോണ്‍ കോളുകളുടെ സാരാംശം തീയ്യതിയും സമയവും രേഖപ്പെടുത്തി അതില്‍ എഴുതുന്നു. അതിമനോഹരമായ കൈപ്പട. ഓഫീസിന്റെ ചുമതലക്കാരനായ സി.ശ്രീനിവാസന്റെ കയ്യെഴുത്താവും മിക്കവാറും. ഓഫീസ് സെക്രട്ടറിയായ ശ്രീനിവാസന് പുറമെ അവിടെ ഇരിക്കുന്നത് തലശ്ശേരി സ്വദേശി ആര്‍.രാഘവനാണ്. ഓഫീസിലെ വരവുചെലവു കണക്കുകള്‍ ശരിയാക്കുന്നതും മറ്റു റെക്കോഡുകള്‍ സൂക്ഷിക്കുന്നതും അദ്ദേഹമാണ്. മുംബൈയില്‍ പിയേഴ്‌സ് ലസ്ലിയിലോ മറ്റോ ജീവനക്കാരനായിരുന്ന രാഘവേട്ടന്‍ സമരത്തില്‍ പങ്കെടുത്തതിന് പിരിച്ചുവിടപ്പെട്ട് നാട്ടിലെത്തിയതാണെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം തൊള്ളായിരത്തി അറുപതുകളുടെ അവസാനകാലത്ത് സി.പി.ഐ.എമ്മിന്റെ തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്നു. തലശ്ശേരിയിലെ പിയേഴ്‌സ് ലസ്ലി കമ്പനിയിലെ തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. അറുപതുകളുടെ അവസാനം തലശ്ശേരിയില്‍ ആര്‍.എസ്.എസ്.-ജനസംഘം അക്രമം അതിരൂക്ഷമായപ്പോള്‍ പാര്‍ട്ടിക്ക് പരസ്യപ്രവര്‍ത്തനംപോലും അസാധ്യമാകുന്ന അവസ്ഥയാണുണ്ടായിരുന്നത്. അപ്പോഴാണ് സംസ്ഥാനസെക്രട്ടറി സി.എച്ച്.കണാരന്‍ പങ്കെടുത്ത് തലശ്ശേരി മണ്ഡലം കമ്മിറ്റി ചേരുകയും ആര്‍.രാഘവനെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റി പിണറായി വിജയനെ സെക്രട്ടറിയാക്കുകയും ചെയ്തത്. അഴീക്കോടന്‍ മന്ദിരത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസത്തിനുശേഷമാണ് രാഘവേട്ടന്‍ അവിടെ ചുമതലക്കാരനായെത്തിയത്. സീസണ്‍ ടിക്കറ്റെടുത്ത് ട്രെയിനില്‍ വന്നുപോകുന്ന രാഘവേട്ടന്‍ പകല്‍മാത്രമാണ് ഓഫീസിലുണ്ടാവുക. വന്നയുടന്‍ ഷര്‍ട്ട് ഊരി ചുമരിലെ ആണിയില്‍ കൊളുത്തും. പകലും രാത്രിയിലും- 24 മണിക്കൂറും ഓഫീസിന്റെ എല്ലാമെല്ലാമായി ശ്രീനിവാസന്‍ ഉണ്ടാകും. ശ്രീനിവാസന്‍ ഏതെങ്കിലും ദിവസം ഇല്ലെങ്കില്‍ രാഘവേട്ടന്‍ അവിടെ തങ്ങും. ഐ.ടി.ഐ.യില്‍ നിന്ന് ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും അതിനുപോകാതെ ഓഫീസില്‍ കൂടിയതാണ്. അഴീക്കോടന്‍ മന്ദിരത്തിന്റെ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഒരുദിവസത്തെയെന്നല്ല, ഒരുമണിക്കൂര്‍ നേരത്തേക്കെങ്കിലും ശ്രീനിവാസനെ കാണാതെ മുന്നോട്ടുപോകാനാവില്ല. അതിന്റെ ഓരോ മണ്‍തരിയിലും അദ്ദേഹത്തിന്റെ പാദമുദ്രയുണ്ടാകും.
പറഞ്ഞുവന്നത് ലഡ്ജറിനെപ്പറ്റിയാണ്. ലഡ്ജറിലെ എഴുത്തുകാര്‍ മേല്‍പറഞ്ഞ രണ്ടുപേരാണ്. അതില്‍ 90 ശതമാനവും ശ്രീനിവാസന്‍ എന്ന ശ്രീനുവേട്ടന്റേത്.
3-4-76 -4.30 p.m തലശ്ശേരി മാടപ്പീടികയില്‍നിന്ന് ..................... വിളിച്ചു. നമ്മുടെ അനുഭാവിയായ .................നെ പോലീസ് വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. നാട്ടുകാര്‍ ഭീതിയിലാണ്...
4.7.76- 8 am.... കുന്നരുവില്‍നിന്ന് ഇന്നലെ രാത്രി ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും നമ്മുടെ സഖാക്കളും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. പുലര്‍ച്ചെ പോലീസ് വന്ന് നമ്മുടെ കുറേ വീടുകള്‍ റെയിഡു ചെയ്തു. പ്രവര്‍ത്തകര്‍ മാറിനിന്നിരുന്നതിനാല്‍ ആരെയും കസ്റ്റഡിയിലെടുക്കാനായില്ല. സ്ഥലത്ത് ഒരു വണ്ടി പോലീസ് ഇപ്പോഴുമുണ്ട്....
7-2-77- 10-am പി.സി.യില്‍നിന്ന് പുത്തലത്ത്... നായനാര്‍ ഞായറാഴ്ച കണ്ണൂരില്‍ വരുന്നുണ്ട്. രണ്ടു ദിവസം ഉണ്ടാവും. സെക്രട്ടേറിയേറ്റും ഡി.സി.യും കൂടണം. നായനാര്‍ക്ക് രണ്ടുദിവസവും ഓരോ പൊതുയോഗവും വെക്കാം..
ഇത്തരത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായി മേലെനിന്നും താഴെനിന്നുമുള്ള വിവരങ്ങള്‍, അതല്ലാതെ മറ്റുള്ളവര്‍ വിളിച്ചറിയിക്കുന്ന കാര്യങ്ങള്‍, അങ്ങനെ എല്ലാ വിവരവും സംക്ഷിപ്തമായി എഴുതിവെക്കുന്ന ലഡ്ജര്‍. സംസ്ഥാനനേതാക്കള്‍ മുതല്‍ ജില്ലയിലെ ബഹുജനസംഘടനാ നേതാക്കളടക്കമുള്ളവര്‍ അക്കാലത്ത്, അതായത് മൊബൈലും മറ്റും പ്രചാരത്തില്‍ വരുന്നതിന് മുമ്പുള്ള കാലത്ത് ആദ്യം നോക്കുന്നത് ലഡ്ജറിലെ അന്നത്തെ വിവരമാണ്. അഴീക്കോടന്‍മന്ദിരത്തിലെ ന്യൂക്ലിയസ്സായ ആ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന കൊച്ചുമുറിയാണ് ഓഫീസിലെ ആദ്യാവസാനക്കാരനായ ശ്രീനിവാസന്റെ കിടപ്പുമുറി. രാത്രി കിടപ്പുമുറിയാണെങ്കിലും പകല്‍ ഓഫീസിന്റെ ഭാഗംതന്നെ. അതിനോട് ചേര്‍ന്ന് ചെറിയൊരു മുറിയാണ് ദേശാഭിമാനി ബ്യൂറോ. രണ്ട് മേശയും കസേരയുമാണവിടെ. അതില്‍ ലേഖകരായി രണ്ടുപേര്‍. അതിഥികള്‍ക്ക് കഷ്ടിച്ച് ഇരിക്കാന്‍ രണ്ട് കസേര മുമ്പില്‍ ഇട്ടിട്ടുണ്ട്. ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ക്കിരിക്കാന്‍ ഉയര്‍ന്ന ഒരു സ്റ്റൂള്‍, അങ്ങനെയൊക്കെയാണ്. ഇതിന് പുറകിലായി എസ്.എഫ്.ഐ. ഉപയോഗിക്കുന്ന ഒരു മുറി. പിന്നെ പലസാധനങ്ങള്‍ കൂട്ടിയിട്ട മുറി. അതിലാണ് അലക്കിയ തോര്‍ത്തുകള്‍ ആറിയിടുക. തോര്‍ത്തിന് പിടിവലിയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ... (എസ്.എഫ്.ഐക്കാരുമായി ശ്രീനുവേട്ടന്‍ പലപ്പോഴും തര്‍ക്കത്തിലാണ്. പ്രധാന കാരണം കുരുത്തക്കേടുതന്നെ. ഓഫീസില്‍ താമസിക്കുന്ന എസ്.എഫ്.ഐ.ക്കാര്‍ പലപ്പോഴും സെക്കന്‍ഡ് ഷോവിന് പോയി രാത്രി പന്ത്രണ്ടരയാകുമ്പോള്‍ വന്ന് വാതിലില്‍ മുട്ടും. ഒരുപാടു കലമ്പലോടെ വാതില്‍ തുറക്കുകയും പിറ്റേന്ന് ദേഷ്യപ്പെടുകയും ചെയ്യും. ഇനി രാത്രി വന്നാല്‍ വാതില്‍ തുറക്കില്ലെന്ന് കട്ടായം പറഞ്ഞാലും കുറേ മുട്ടുമ്പോള്‍ മനസ്സലിയും.
ലഡ്ജറിലേക്കുതന്നെ വരാം. രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം വീട്ടില്‍പോകുന്ന ശ്രീനിവാസന്‍ തന്നെയാണ് ലഡ്ജറിന്റെയടക്കം കസ്റ്റോഡിയന്‍. ചെറിയൊരു കൊമ്പന്‍ മീശ, സദാ ദിനേശ് ബീഡി ആ ചുണ്ടില്‍നിന്നോ കയ്യില്‍നിന്നോ പുകയുന്നുണ്ടാവും (പതിറ്റാണ്ടുകള്‍ക്കപ്പുറമേ ആ ശീലം വെടിഞ്ഞു) . ഓഫീസിലെ ഫോണ്‍ കട്ടുവിളിക്കുന്നതടക്കമുള്ള ദുഃസ്വഭാവക്കാര്‍ ആ നോട്ടത്തില്‍ കരിഞ്ഞുപോകും... മികച്ച ഡ്രൈവറായ ശ്രീനിവാസന്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍, അതല്ലെങ്കില്‍ അത്യാവശ്യഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ കാര്‍ ഡ്രൈവറായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏത് മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍, അക്കാലത്തെ പോലീസ് നടപടികള്‍ എന്നിവയെല്ലാം മനസ്സിലാക്കി അറിയിക്കേണ്ടവരെ അറിയിക്കുകയും ലഡ്ജറില്‍ രേഖപ്പെടുത്തുകയും (അങ്ങനെ വേണ്ടത്) ചെയ്യുന്ന ചുമതല അദ്ദേഹം നിര്‍വഹിച്ചുപോന്നു. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ പിണറായി ജില്ലാ സെക്രട്ടറിയായതോടെ ചൊക്ലിയില്‍നിന്ന് ദാമുവേട്ടന്‍ ഓഫീസിലെ ചില പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ടു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദാമുവേട്ടന്‍ മികച്ച വായനക്കാരനും പുരാണേതിഹാസങ്ങളിലും ചരിത്രത്തിലും വലിയ താല്പര്യക്കാരനും സംഭാഷണപ്രിയനുമായിരുന്നു. വിവരപുസ്തകത്തില്‍ പക്ഷേ ദാമുവേട്ടന്റെ കൈപ്പടയുണ്ടായിട്ടുണ്ടാവില്ലെന്നു തോന്നുന്നു. പിന്നീട് ഓഫീസിന്റെ പ്രധാന ചുമതലക്കാരനായെത്തിയ ബാബുവാണ് വിവരശേഖരണത്തിലും വിനിമയത്തിലും വലിയ പങ്ക് വഹിച്ചതും ലഡ്ജര്‍ ( ഇന്‍ഫര്‍മേഷന്‍ ബുക്ക്) കൈകാര്യം ചെയ്തതും. ഇടക്കാലത്ത് സുനില്‍കുമാറും.... ഇപ്പോള്‍ അത്തരത്തിലുള്ള ലഡ്ജര്‍തന്നെ കാലഹരണപ്പെട്ടു.
ഈ ലഡ്ജര്‍ രണ്ടുതരത്തില്‍ ഇതെഴുതുന്നയാള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. 2000 ജൂണില്‍ അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികവേളയില്‍ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച്- (കേരളത്തില്‍ ഏറ്റവും ഭീകരമായ താണ്ഡവംനടന്ന ജില്ലകളിലൊന്ന് കണ്ണൂരാണ്. കണ്ണൂര്‍ ജയിലിലാണ് നേതാക്കളെ പാര്‍പ്പിച്ചത്. ജില്ലയില്‍നിന്നുള്ള നേതാക്കളായ നായനാരും എം.വി.ആറും പാട്യവുമെല്ലാം ഒളിവിലുമായിരുന്നു) ഒരു പരമ്പര എഴുതാന്‍ തീരുമാനിച്ചു. ദേശാഭിമാനിയുടെ കണ്ണൂര്‍, കാസര്‍ഗോഡ് എഡിഷനില്‍ അഞ്ചോ ആറോ ലക്കത്തില്‍ അത് വന്നു. അതെഴുതുന്നതിന് വിവരങ്ങളുടെ ഖനി തന്നെയായിരുന്നു ആ ലഡ്ജര്‍. തീര്‍ന്നില്ല പിന്നീട് തലശ്ശേരി താലൂക്കില്‍ സംഘപരിവാറിന്റെ കൊലപാതകരാഷ്ട്രീയം വ്യാപകമായപ്പോള്‍ ഉത്തരകേരളത്തിലെ, (വടകര താലൂക്കുമുതല്‍ കാസര്‍ഗോഡുവരെ) ആര്‍.എസ്.എസ്-ജനസംഘം അക്രമങ്ങളെക്കുറിച്ച് അതിനിരയായ കുടുംബങ്ങളെയടക്കം സമീപിച്ച് വിവരശേഖരണം നടത്തി ദേശാഭിമാനിക്കുവേണ്ടി സുദീര്‍ഘമായ പരമ്പര തയ്യാറാക്കാന്‍ വഴികാട്ടിയായതും അതേ ലഡ്ജര്‍തന്നെ. ആ പരമ്പര ദേശാഭിമാനിയില്‍ ആറു ലക്കത്തിലായി അരപ്പേജുവീതമായി വന്നെന്നാണോര്‍മ. തീക്ഷ്ണമായ ഒരു കാലത്തിന്റെ കണ്ണീരുംചോരയും നനഞ്ഞ, സംഘടനാവളര്‍ച്ചയുടെ ആവേശം തുടിക്കുന്ന ഏടുകളടങ്ങിയ ആ ലഡ്ജര്‍, അഴീക്കോടന്‍ മന്ദിരം പൊളിച്ചുമാറ്റി പുതുതു പണിയുന്ന ഇക്കാലത്തും ഉണ്ടാവുമോ? കാലപ്പഴക്കത്താല്‍ അത് ഉണ്ടാവാന്‍സാധ്യത കുറവാണെന്നുതന്നെ കരുതുന്നു.
ഓഫീസ് സെക്രട്ടറി ശ്രീനിവാസൻ
രണ്ട്
കേരളരാഷ്ട്രീയത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയെന്ന് പരക്കെ വിശേഷിപ്പിക്കാറുള്ളതാണ്. പലഘട്ടത്തിലും കേരളരാഷ്ട്രീയം കണ്ണൂരിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയാറുള്ളതുമാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കണ്ണൂര്‍ രാഷ്ട്രീയത്തെ നയിക്കുന്നതില്‍ നിര്‍ണായക കേന്ദ്രമായി വര്‍ത്തിച്ച കെട്ടിടമാണ് കണ്ണൂരിലെ അഴീക്കോടന്‍ സ്മാരകമന്ദിരം. ഒരു സ്മാരകമോ ഓഫീസോ കെട്ടിടമോ എന്നതിനപ്പുറമാണത്. ചരിത്രത്തെ മുന്നോട്ടുനയിച്ച, ചരിത്രം സൃഷ്ടിച്ച ആ കെട്ടിടം നാമാവശേഷമാകുമ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വൈകാരികമായി വല്ലാത്തൊരവസ്ഥയുണ്ടാകുന്നത് സ്വാഭാവികം. നൂറ്റണ്ടിലേറെ പഴക്കമുള്ള കെട്ടിടം ചോര്‍ന്നൊലിച്ച്, പലഭാഗങ്ങളും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലെത്തിയതിനാല്‍ പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുകയല്ലാതെ ഗത്യന്തരമില്ല.
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിന്റെ സ്ഥാപകസെക്രട്ടറിയായിരുന്ന സി.പി.ദാമോദരേട്ടന്‍ മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് ഈ ലേഖകനോട് സംസാരിക്കവേ അഴീക്കോടന്‍ മന്ദിരം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കുകയുണ്ടായി. കോഴിക്കോട് രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും വാങ്ങാനായി ബിഷപ്പ് മാക്‌സ്‌വെല്‍ നെറോണയെ കോഴിക്കോട്ടുപോയി കണ്ടത് എം.വി.രാഘവനും ഉമ്മര്‍കോയയും (പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രം ഡയറക്ടറായിരുന്നു) താനുമായിരുന്നെന്ന് സി.പി. പറയുകയുണ്ടായി. വിലപിടിപ്പുള്ള മരംകൊണ്ടുള്ള തൂണുകളടക്കം (ആ പുതിയ കെട്ടിടത്തിലും അതേപടി സംരക്ഷിക്കുമെന്നാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചിട്ടുളളത്) എല്ലാംകൊണ്ടും അത്യാകര്‍ഷകമായ വീടായിരുന്നു അത്. തൊഴിലാളിവര്‍ഗത്തിന്റെ പ്രിയപ്പെട്ട നേതാവ് സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊലചെയ്യപ്പെട്ട സംഭവം (1972 സെപ്റ്റംബര്‍ 23) കേരളത്തിലെ പുരോഗമനകാംക്ഷികളായ ജനങ്ങളെയാകെ കണ്ണീരിലാഴ്ത്തിയതാണ്. അഴീക്കോടന്റ നിരാലംബ കുടുംബത്തെ സഹായിക്കാനും സ്മാരകം നിര്‍മിക്കാനുമായി സി.പി.ഐ.എം. ആഹ്വാനംചെയ്ത ഫണ്ട് വന്‍വിജയമായി. അഴീക്കോടന്റെ കുടുംബത്തിന് വീടുനിര്‍മിക്കാനും മറ്റുമായി വേണ്ടിവന്നത് കഴിച്ചുള്ള തുകയ്ക്കാണ് ഓഫീസ് വാങ്ങിയത്. 1973-ഡിസമ്പര്‍ അഞ്ചിന് ഇ.എം.എസിന്റെ അധ്യക്ഷതയില്‍ എ.കെ.ജി. അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയോഗവും അന്നവിടെ നടന്നതായി ദേശാഭിമാനി ബുക്ക് ഹൗസിന്റെ കണ്ണൂരിലെ മനേജരായി അക്കാലംമുതല്‍ രണ്ടുവര്‍ഷം മുമ്പുവരെ പ്രവര്‍ത്തിച്ച ഇ.കെ.വിജയന്‍ പറയുകയുണ്ടായി. കാല്‍നൂറ്റാണ്ടിലേറെക്കാലം വിജയന്‍ അവിടെയാണ് താമസിച്ചത്. ശ്രീനിവാസനും വിജയനും പുറമെ അവിടുത്തെ മറ്റൊരന്തേവാസി എ.ഒ. പ്രസന്നനാണ്. കെ.എസ്.വൈ.എഫിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന പ്രസന്നന്‍ കണ്ണൂര്‍ നഗരത്തിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും കെ.എസ്.വൈ.എഫ്. ജില്ലാ സെന്റര്‍ ചുമതലക്കാരനെന്ന നിലയിലും അവിടെ സ്ഥിരതാമസമായിരുന്നെന്ന് പറയാം. അനൗദ്യോഗിക താമസക്കാരനായി കെ.പി.സുധാകരനുമുണ്ടാകും. വൈ.എഫി.ന്റെ കണ്ണൂര്‍ ഏരിയാ ഭാരവാഹിയും നഗരത്തിലെ പ്രധാന പ്രവര്‍ത്തകനും ലക്കിസ്റ്റാറിന്റെ കളിക്കാരനുമാണ് സുധാകരന്‍. ഓഫീസില്‍നിന്ന് വിളിപ്പാടകലെ എന്‍.ജി.ഒ. ക്വാര്‍ടേഴ്‌സിനോടു ചേര്‍ന്നാണ് വീടെങ്കിലും സുധാകരന്‍ രാത്രി മിക്കപ്പോഴും ഓഫീസില്‍ത്തന്നെയാണ്. വലിയ ഭീഷണികളുള്ള അക്കാലത്ത് ഓഫീസില്‍ കുറച്ചുപേരെങ്കിലും ആവശ്യമായിരുന്നു. കോഴിക്കോട്ടുനിന്ന് വാനില്‍ പുലര്‍ച്ചെ എത്തുന്ന ദേശാഭിമാനി പത്രത്തിന്റെ കെട്ടുകള്‍ ബസ്സുകളില്‍ ഓരോ പ്രദേശത്തേക്കും കയറ്റിയയക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ചെറിയ പ്രതിഫലം വാങ്ങി ദീര്‍ഘകാലം അതദ്ദേഹം നിര്‍വഹിച്ചു. വര്‍ഷങ്ങളായി സി.പി.ഐ.എം. കണ്ണൂര്‍ ഏരിയാ സെക്രട്ടറിയാണ് സുധാകരന്‍. അദ്ദേഹത്തിന്റെ അനുജന്‍ സദാനന്ദനും ( സിപിരിറ്റഡ് യൂത്ത്‌സിന്റെ മുന്‍ കളിക്കാരന്‍) നഗരത്തിലെ പ്രധാന പ്രവര്‍ത്തകനെന്നനിലയില്‍ അഴീക്കോടന്‍ മന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. കെ.എസ്.വൈ.എഫിന്റെ, പിന്നീട് ഡി.വൈ.എഫ്.ഐ.യുടെയും ഓഫീസായി പ്രവര്‍ത്തിച്ചത് സ്റ്റെയര്‍കേസ് കയറുമ്പോള്‍ തൊട്ടു വലത്തുള്ള കൊച്ചുമുറിയിലാണ്. അവിടെ സി.എ.അജീര്‍, സി.കെ.പി.പത്മനാഭന്‍, എ.ഒ.പ്രസന്നന്‍ എന്നിവരാണുണ്ടാവുക. ഇടയ്ക്ക് എം.വി.ഗോവിന്ദന്‍ മാഷും.
എം.വി.ഗോവിന്ദന്‍ | PHOTO: WIKI COMMONS
രാഷ്ട്രീയപ്രവര്‍ത്തനം പാത്തുംപതുങ്ങിയും രഹസ്യമായി മാത്രം നടക്കുന്ന അടിയന്തരാവസ്ഥക്കാലത്താണ് ഞാന്‍ ഓഫീസുമായി അടുത്ത് ബന്ധപ്പെടുന്നത്. അതിനുമുമ്പ്. അതായത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജ്യേഷ്ഠന്റെയൊപ്പം അവിടെ ഒരിക്കല്‍ പോയിട്ടുണ്ട്. ഇരിക്കൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ബാലസംഘം കണ്‍വെന്‍ഷനില്‍ പ്രതിനിധിയല്ലാതെ പങ്കെടുത്തതാണ്. വി.കെ.സുരേഷ്ബാബു ഉത്തരമേഖലാ സെക്രട്ടറിയും പി.സുരേഷ് ജില്ലാ സെക്രട്ടറിയും ആയ ദേശാഭിമാനി ബാലസംഘത്തിന്റെ ജില്ലാതല കണ്‍വെന്‍ഷന്‍. വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ രണ്ട് ഡസനോളം പേരാണ് പങ്കെടുത്തത്. അഴീക്കോടന്‍ മന്ദിരത്തിന്റെ മുകളിലെ ഇടുങ്ങിയ വരാന്തയിലാണത് നടന്നത്. അന്ന് അവിടെ വേറെയും കുറേ യോഗങ്ങളുണ്ടായിരുന്നു. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ യോഗം. അതില്‍ പങ്കെടുക്കാന്‍ സി.വി.ബാലകൃഷ്ണനും ഭാരതീദേവിയും ബക്കളം ദാമോദരനുമെല്ലാം താഴെ വരാന്തയില്‍ നില്‍ക്കുകയും കുറ്റിയെകരത്തിന്മേല്‍ (അരമതില്‍) ഇരിക്കുകയോ ചെയ്യുന്നത് കണ്ടതായും ഓര്‍മയുണ്ട്. പിന്നീട് അടിയന്തരാവസ്ഥക്കാലത്തുതന്നെ മന്ദിരത്തിന്റെ മുറ്റത്ത് പന്തലിട്ട് വലിയൊരു കണ്‍വെന്‍ഷന്‍ നടന്നു. അപ്പോഴേക്കും ബാലസംഘത്തിന്റെ വില്ലേജ് ഭാരവാഹിയായിക്കഴിഞ്ഞിരുന്നു. ഓഫീസിന് മുമ്പിലൂടെ പോലീസ് പലവട്ടം വണ്ടിയോടിച്ച് ഭീഷണി സൃഷ്ടിച്ചെങ്കിലും കണ്‍വെന്‍ഷന്‍ നന്നായി നടന്നു. പാട്യം രാജന്‍ ഉദ്ഘാടനംചെയ്തു. സി.പി.മൂസാന്‍കുട്ടി പ്രസംഗിച്ചു. പ്രതീക്ഷിച്ചതിലുംകൂടുതല്‍ കുട്ടികള്‍ പങ്കെടുത്തതിനാല്‍ ഭക്ഷണം തികയാത്തത് വലിയ പ്രശ്‌നമായി. പി.പി.കോരേട്ടന്‍ പലേടത്തുംചെന്ന് റൊട്ടിയും മറ്റും സഘടിപ്പിച്ചാണ് ഭക്ഷ്യക്ഷാമം പരഹിഹരിച്ചത്! ടി.പി.വിജയന്‍ പ്രസിഡന്റും ഇപ്പോഴത്തെ പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന്‍ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി രൂപീകൃതമായി.
ഈ കണ്‍വന്‍ഷനുകള്‍ക്കെല്ലാം ശേഷം 1976 മേയ് മാസത്തിലെ ഒരു ദിവസം അഴീക്കോടന്‍ സ്മാരകമന്ദിരത്തില്‍ രാത്രിതാമസിച്ചു. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി താഴെ ചൊവ്വയില്‍ സഹകരണ സ്പിന്നിങ്ങ് മില്ലിനടുത്തുള്ള ഒരു വീട്ടിന്റെ മുറ്റത്ത് സംഘടിപ്പിച്ച ജില്ലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ മയ്യില്‍നിന്ന് ഞാനും കെ.ലക്ഷ്മണനുമാണ് പോയത്. തലേദിവസം വൈകീട്ട് അഴീക്കോടന്‍ സ്മാരകത്തിലെത്തി താമസിക്കണം. ക്യാമ്പിന്റെ സ്ഥലത്തേക്ക് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണന്ന്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കെ.ബാലന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ അനിയനായ ലക്ഷ്മണനും എനിക്കും 10 രൂപ വീതം തന്നിരുന്നു. വൈകീട്ട് ഞങ്ങള്‍ ഓഫീസിലെത്തി. അവിടെ ദേശാഭിമാനി പത്രത്തിന്റെ ബ്യൂറോവാണ് ഏറെ ആകര്‍ഷിച്ചത്. നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്ന ടെലിപ്രിന്റര്‍. അതു കൈകാര്യംചെയ്തുകൊണ്ട് ടി.പി.വിജയന്‍ എന്ന ബാലസംഘം നേതാവ്, ദേശാഭിമാനി സ്റ്റാഫല്ലെങ്കിലും പാര്‍ടൈം സ്റ്റാഫിനെപ്പോലെ പ്രവര്‍ത്തിക്കുയാണ് വിജയന്‍ എന്ന് മനസ്സിലായി. കപ്പടാ മീശക്കാരനായ രാമന്‍ രാമന്തളിയാണ് ലേഖകന്‍. കറുത്ത്, അത്ര ഉയരമില്ലാത്ത ആള്‍. അദ്ദേഹത്തിന്റെ ബൈലൈന്‍ റിപ്പോര്‍ട്ടുകള്‍ കുറേ വായിച്ചിട്ടുണ്ട്. ആദ്യമായി നേരിട്ടുകാണുകയാണ്. ആദ്യം നേരിട്ടുകണ്ട വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആരെന്നുചോദിച്ചാല്‍ ഉത്തരം രാമന്‍ രാമന്തളി എന്നാണ്. അച്ചടിയും പത്രപ്രവര്‍ത്തനവുമാണ് ചെറുപ്പംതൊട്ടേ ഏറ്റവും വലിയ കമ്പമെന്നതിനാല്‍ രാമന്‍ രാമന്തളിയുമായി കുറേനേരം സംസാരിച്ചു. (ഏതാനും മാസങ്ങള്‍ക്കു ശേഷം ഇ.എം.എസിനൊപ്പം കാറില്‍ സഞ്ചരിക്കെയുണ്ടായ അപകടത്തില്‍ രാമന്‍ രാമന്തളിക്ക് ഗുരുതര പരിക്കേറ്റു. ഇ.എം.എസി.നും പരിക്കുണ്ടായിരുന്നു. രാമന്‍ രാമന്തളി ഏതാനും ദിവസത്തിനകം മരിച്ചു. മനസ്സില്‍ വലിയ നൊമ്പരമുണ്ടാക്കിയ അപകടമരണം... മരണവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ പത്‌നിക്ക് മനോനിലയില്‍ പ്രശ്‌നങ്ങളുണ്ടായി. ഹൈസ്‌കൂള്‍ അധ്യാപികയായ അവര്‍ പലപ്പോഴും ദേശാഭിമാനി ബ്യൂറോവില്‍വന്ന് പലതും പറഞ്ഞുപറഞ്ഞ് പോകുമായിരുന്നത് ഓര്‍ത്ത് ഇപ്പോഴും വിഷമം...
കഥയിലേക്കുതന്നെ വരാം. അഴീക്കോടന്‍ മന്ദിരത്തില്‍ രാത്രിയിലെത്തുന്നവര്‍ക്ക് കിടക്കാന്‍ യഥേഷ്ടം പായകളുണ്ട്. എവിടെനിന്നെങ്കിലും കുറച്ച് പത്രങ്ങളെടുത്താല്‍ തലയിണയുമായി. ജില്ലാഭാരവാഹികള്‍, ദേശാഭിമാനി ബുക്ക് ഹൗസ് ചുമതലക്കാരനായ ഇ.കെ.വിജയന്‍, ഡി.സി.യുടെ കാര്‍ ഡ്രൈവര്‍ മോഹനന്‍ തുടങ്ങി പതിവായി താമസിക്കുന്നവര്‍ ഒരു പായ സ്വന്തമാക്കി അത് വിളംബരം ചെയ്യാനെന്നോണം ഒരു തലയിണ അതില്‍വെച്ച് മടക്കിവെക്കും. കിടക്കാന്‍ സ്ഥലം, സെക്രട്ടറിയുടെയും സക്രട്ടറിയേറ്റിന്റെയും മുറിയോ'ട് ചേര്‍ന്ന ചെറിയ ഹാളാണ്. കൂടുതലാളുണ്ടെങ്കില്‍ പുറത്തെ വരാന്ത. അതുമല്ലെങ്കില്‍ കാല്‍നടയായി ഓഫിസിലേക്കുവരുമ്പോളെത്തുന്ന വരാന്തയുടെ മുകളിലെ പൂമുഖം. വെറും പായ, കൊതുകിനെ അകറ്റാന്‍ ആ പായകൊണ്ടുതന്നെ പുതക്കല്‍ അതാണ് പതിവ്. ആ ദിവസം പായ വിരിക്കാന്‍ ഇടംകിട്ടിയത് ആ പൂമുഖത്താണ്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ അവിടേക്ക് വന്ന് എന്താ ഉറങ്ങാറായോ... കുറച്ച് എഴുതാനാവുമോ എന്ന് ചോദിച്ചു. അദ്ദേഹം പിറ്റേന്ന് ക്ലാസെടുക്കാനുള്ളതോ അതോ മറ്റേതോ പ്രസംഗത്തിനുള്ളതോ ആയ ഒരു കുറിപ്പാണുണ്ടാക്കുന്നത്. അഖിലേന്ത്യാസമ്മേളനത്തിന്റെ റിപ്പോര്‍ട്ടിലെ ആമുഖമായ രാഷ്ട്രീയ കാര്യങ്ങളാണ്. ഇംഗ്ലീഷിലുള്ളത് വായിച്ച് അദ്ദേഹം തര്‍ജമ പറഞ്ഞുതന്നു. ഞാനത് എഴുതിക്കൊടുത്തു.... അഴീക്കോടന്‍ മന്ദിരവുമായുള്ള ആത്മബന്ധത്തിന്റെ തുടക്കത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്.
ആ ബന്ധം ദൃഢതരമായത് 1977 ഓടെയാണ്. ദേശാഭിമാനി ബാലസംഘത്തിന്റെ കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമായതുമുതല്‍. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് മുമ്പുതന്നെ ബാലസംഘത്തിന്റെ ജില്ലാ ക്യാമ്പ് ചിറക്കുനിയില്‍ പാലയാട് ഹൈസ്‌കൂളില്‍ നടന്നു. ദ്വിദിന ക്യാമ്പാണ്. ക്യാമ്പില്‍ ഞങ്ങളുടെ വില്ലേജില്‍നിന്ന് പങ്കെടുക്കേണ്ട ഞാന്‍ രാവിലെ അഴീക്കോടന്‍ മന്ദിരത്തിലാണെത്തിയത്. ഓഫീസ് സെക്രട്ടറിയായ ശ്രീനുവേട്ടന്‍ പറഞ്ഞു... ഉദ്ഘാടനം ചെയ്യുന്നത് എം.വി.ആറാണ്. ആ വണ്ടിയില്‍ സൗകര്യമുണ്ടെങ്കില്‍ അതില്‍പോകാം... അതാ എം.വി.ആര്‍. വന്നു.. ഞാന്‍ കാറിനടുത്തുചെന്നുനിന്നു. ഡ്രൈവര്‍ മോഹനന്‍ നിറഞ്ഞ ചിരിയോടെ ഊം എന്ന് നോക്കി... എം.വി.ആര്‍. ഓഫീസില്‍പോയി തിരിച്ചുവന്ന് കാറില്‍ കയറുകയും കയറിക്കോ എന്ന് എന്നോട് പറയുകയും ചെയതു. ചിറക്കുനിയില്‍ എം.വി.ആര്‍. എത്തിയതും സഖാവ് വടവതി വാസുവിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം.. (ആ ക്യമ്പിലാണ് പാട്യത്തിന്റെ ആദ്യ ക്ലാസ് കേട്ടതെന്നാണോര്‍മ. പിന്നെ എം.പി.കുമാരന്‍ മാഷ് അടിയന്തരാവസ്ഥക്കാലത്തെ സാഹിത്യത്തെക്കുറിച്ച് ക്ലാസെടുത്തു. സുഖരഞ്ജന്‍ മുഖോപാദ്ധ്യായയുടെ നരകം എന്ന നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു പ്രഭാഷണം. മാര്‍ക്‌സിസ്റ്റ് ദര്‍ശനം സംബന്ധിച്ച് ചൂര്യയി ചന്ദ്രന്‍ മാഷുടെ അവിസ്മരണീയമായ ക്ലാസ്.)
അഴീക്കോടന്‍ മന്ദിരവുമായി സ്‌കൂള്‍ കാലത്തേതന്നെ അടുത്ത ബന്ധമുണ്ടാവാന്‍ ഒരു കാരണമുണ്ടായിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ ഞങ്ങള്‍ക്കും ഒരു കുഞ്ഞിക്കൂടുണ്ടായിരുന്നു. പില്‍ക്കാലത്ത് മന്ദിരത്തിലേക്കുള്ള പ്രധാന കവാടമായിത്തീര്‍ന്ന കിഴക്കുവശത്തുകൂടി ( ആദ്യാകലത്ത് അതായത് വാഹനപ്പെരുപ്പം തുടങ്ങുംമുമ്പ് മന്ദിരത്തിലേക്കുള്ള പ്രധാന കവാടം പടിഞ്ഞാറുവശത്തുകൂടിയായിരുന്നു.. ആനന്ദ് അമ്പിളി ടാക്കീസിന്റെ ഭാഗത്തുകൂടി) ഓഫീസിലേക്ക് പ്രവേശിക്കുമ്പോള്‍ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് ഇടനാഴിയില്‍ പ്ലൈവുഡ്‌കൊണ്ട് ഒരു മറയുണ്ടാക്കി ചെറിയൊരാപ്പീസ്. പാര്‍ട്ടിയുടെ കണ്ണൂര്‍ ഏരിയാ കമ്മിറ്റി ഓഫീസാണത്. സ്വാഭാവികമായും അതുതന്നെ കര്‍ഷകസംഘവും കെ.എസ്.വൈ.എഫും- പിന്നീട് ഡി.വൈ.എഫ്.ഐ- ബാലസംഘവും എസ്.എഫ്.ഐ.യും ഏരിയാ കമ്മിറ്റി ഓഫീസാക്കി ഉപയോഗിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടിയന്തരാവസ്ഥക്കാലത്തും ശേഷം അല്പകാലവും ചടയന്‍ ഗോവിന്ദനായിരുന്നു പാര്‍ട്ടി ഏരിയാ സെക്രട്ടറി. പിന്നീട് കുറച്ചു മാസങ്ങളോളം ഇ.പി.ജയരാജന്‍. അതുകഴിഞ്ഞ് സി.എം.പി. ഉണ്ടാകുന്നതുവരെ സി.ബാലന്‍ എന്നിവര്‍ സെക്രട്ടറി. സി.ബാലേട്ടനും മിക്കപ്പോഴും ഓഫീസില്‍ത്തന്നെയാണ് താമസം. അക്കാലത്ത് ബാലസംഘത്തിന്റെയും പിന്നെ എസ്.എഫ്.ഐ.യുടെയും ഏരിയാ ഭാരവാഹിയെന്നനിലയില്‍ ഇതെഴുതുന്നയാള്‍ പല ദിവസങ്ങളും അവിടെ താമസിക്കും.. ബസ്സ് കിട്ടാത്തതിനാലും മറ്റും... ജില്ലയിലെതന്നെ മറ്റ് ഏരിയകളിലെ പ്രവര്‍ത്തകരേക്കാളധികം ആത്മബന്ധം കണ്ണൂര്‍ ഏരിയക്കാര്‍ക്ക് അഴീക്കോടന്‍ മന്ദിരവുമായി ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ഇ.പി.ജയരാജന്‍ | PHOTO: WIKI COMMONS
ദേശാഭിമാനി
ആദ്യകാലത്ത് ദേശാഭിമാനി ജില്ലാ ബ്യൂറോയും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസും ഒന്നുതന്നെയായിരുന്നു. 1973 ഡിസംബറില്‍ തളാപ്പില്‍ അഴീക്കോടന്‍ മന്ദരിത്തിലേക്ക് മാറുന്നതിന് മുമ്പ് നഗരത്തില്‍ സ്വദേശി ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അവിടെത്തന്നെ ദേശഭിമാനി ബ്യൂറോയും. കുഞ്ഞിമംഗലം അസീസ്, പട്ടുവന്‍ രാഘവന്‍, രാമന്‍ രാമന്തളി, പിന്നീട് പൂഞ്ചോല പത്മനാഭന്‍ എന്നിവര്‍ ലേഖകരായി വന്നു... അഴീക്കോടന്‍ മന്ദിരത്തില്‍ ദേശാഭിമാനി ഓഫീസ് വന്നപ്പോഴും പട്ടുവം രാഘവനും കുഞ്ഞിമംഗലം അസീസും കുറച്ചുകാലം ലേഖകരായി ഉണ്ടായിരുന്നു. രാമന്‍ രാമന്തളി മരണപ്പെട്ടതിനെ തുടര്‍ന്നാണ് പൂഞ്ചോല ലേഖകനായി സ്ഥലംമാറി എത്തിയത്. അതിരസികനായ പൂഞ്ചോലയുടെ തമാശകള്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊട്ടിച്ചിരിയുയര്‍ത്തുന്നത് ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്. ലേഖകനായാണ് ജോലിചെയ്തതെങ്കിലും ദേശാഭിമാനി റെക്കോഡില്‍ പ്രൂഫ് റീഡറാണദ്ദേഹം! ജോലി രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ അദ്ദേഹം രണ്ടുവര്‍ഷം മുമ്പ് അന്തരിച്ചു. ഇതെഴുതുന്നയാള്‍ പ്രധാന പ്രവര്‍ത്തകരിലൊരാളായി ഓഫീസില്‍ നിത്യേനയെന്നോണം എത്തുന്ന കാലത്ത് ലേഖകന്‍ വി.വാസുദേവനായിരുന്നു. വാസുദേവന്‍ അന്തിക്കാടെന്ന പേരില്‍ പില്‍ക്കാലത്തറിയപ്പെട്ട അദ്ദേഹം പല പരിപാടികളുടെയം റിപ്പോര്‍ട്ട് ശേഖരിച്ച് എഴുതിക്കൊടുക്കാന്‍ എന്നോട് ആവശ്യപ്പെടും.. ജ്ഞാനപീഠം ലഭിച്ച എസ്.കെ.പൊറ്റെക്കാടിന് കയരളത്തുനല്‍കിയ സ്വീകരണത്തിന്റെ വാര്‍ത്തയെടുക്കാന്‍ ചുമതലപ്പെടുത്തി. എസ്.കെ.യുടെ പ്രസംഗം ഓര്‍മയില്‍നിന്നെഴുതി പിറ്റേന്ന് കൊണ്ടുകൊടുത്തു. മനുഷ്യജീവിതത്തെ നയിക്കുന്നത് പ്രതീക്ഷ എന്ന തലക്കെട്ടില്‍ ആ പ്രസംഗം പിറ്റേന്ന് അച്ചടിച്ചുവന്നത് വലിയ ആഹ്ലാദമുണ്ടാക്കി. പിന്നീട് കെ.വി.കുഞ്ഞിരാമന്‍ ലേഖകനായി എത്തിയപ്പോഴും ചില സ്ഥലങ്ങളില്‍പോയി റിപ്പോര്‍ട്ടെഴുതിക്കൊടുത്ത് സഹകരിച്ചു.
1991 ഒക്ടോബറില്‍ ഒരു പ്രത്യേകസാഹചര്യത്തിലാണ് അഴീക്കോടന്‍ സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ബ്യൂറോവില്‍ ലേഖകനായി ഞാന്‍ എത്തുന്നത്. കെ.സി.രാജഗോപാലനും സണ്ണി ജോസഫുമാണക്കാലത്ത് കണ്ണൂര്‍ ബ്യൂറോവില്‍. ഓഫീസ് മുഴുവന്‍ സമയവും തുറന്നിട്ടുകണ്ടില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്ക് നീരസമുണ്ടാവുക സ്വാഭാവികം. പുറത്ത് പല പരിപാടികളുമുണ്ടാകുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഓഫീസ് പൂട്ടി അങ്ങോട്ടുപോകാതിരിക്കാനുമാവില്ല. പത്രത്തിന്റെ ബില്ലടക്കാന്‍ ഏജന്റുമാര്‍ പലസമയത്താണെത്തുക. അപ്പോള്‍ മുറി പൂട്ടിയതുകണ്ടാല്‍ പ്രശ്‌നം... ഭക്ഷണം കഴിക്കാനോ ചായ കുടിക്കാനോ പുറത്തുപോകുന്നതും പ്രശ്‌നം. ഒരു ദിവസം വൈകീട്ട് കുറേ സമയത്തേക്ക് ഓഫീസ് പൂട്ടിയതില്‍ കുപിതനായ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.പി.നാരായണേട്ടന്‍ മറ്റൊരു പൂട്ടുകൊണ്ടുകൂടി പൂട്ടി. അത് ദേശാഭിമാനിയിലും പാര്‍ട്ടിയിലും വലിയ പ്രശ്‌നമായി. സി.പി.ചെയ്തത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി വിമര്‍ശിച്ചു. ഈ കാലുഷ്യവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫിനെ സ്ഥലംമാറ്റി. മാനേജര്‍ വി.വി.ദക്ഷിണാമൂര്‍ത്തി അടുത്തദിവസം എന്നെ വിളിച്ച്, കണ്ണൂരില്‍ പോയേ പറ്റൂ, പലരും പോകാന്‍ തയ്യാറല്ല. കുറച്ചുകാലം പോയി നോക്കൂ, പറ്റുന്നില്ലെങ്കില്‍ ഇങ്ങോട്ടുതന്നെ വരാം എന്ന് പറയുകയായിരുന്നു. 2004 മെയ് 19-വരെ കണ്ണൂര്‍ ബ്യൂറോവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് മറ്റൊരു കാര്യം. അഴീക്കോടന്‍ മന്ദിരത്തില്‍ ദേശാഭിമാനി ബ്യൂറോ പ്രവര്‍ത്തിച്ചത് 1994 ജനുവരി മൂന്നാംവാരംവരെയാണ്. ജനുവരി 30-ന് പള്ളിക്കുളത്ത് പുതിയ എഡിഷന്‍ ഉദ്ഘാടനംചെയ്തു.
1991 ഒക്ടോബര്‍ മുതല്‍ 94 ജനുവരി വരെയുള്ള കാലത്ത് പാര്‍ട്ടി ഓഫീസിലെ ബ്യൂറോ പ്രവര്‍ത്തനം ഏറ്റവും സംഘര്‍ഷഭരിതമായിരുന്നു.... എന്തെന്ത്, എത്രയെത്ര സംഭവങ്ങള്‍.. അതില്‍ ഒരേയൊരു സംഭവത്തിലേക്കുമാത്രം തല്‍ക്കാലം ഒന്നെത്തിനോക്കാം. എ.കെ.ജി.ആശുപത്രി തിരഞ്ഞെടുപ്പ്. 1993 ഫെബ്രുവരി പത്തിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാസങ്ങള്‍ക്കുമുമ്പേതന്നെ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ പതിനെട്ടടവുകളും പയറ്റാന്‍ തുടങ്ങി. അഭിമനപ്രശ്‌നമായി പാര്‍ട്ടിയും. സഹകരണ മാരണ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുന്നതിന്റെ തുടര്‍ച്ചയാണ് എ.കെ.ജി.ആശുപത്രി സംഭവവും. എം.വി.രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ (1987-91-ലെ സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ അട്ടിമറിയെന്ന് ആരോപണവും ബഹളവും) പുറത്താക്കി ഒ.ഭരതന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്നപ്പോള്‍ ആശുപത്രി സൊസൈറ്റി കൈവിട്ടുപോകാതിരിക്കാന്‍ അയ്യായിരത്തിലധികം അംഗങ്ങളെ പുതുതായി ചേര്‍ത്തിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ആശങ്കയേയില്ലായിരുന്നു. പക്ഷേ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍... പാര്‍ട്ടി ഓഫീസിലെ ചുമതലക്കാരനായ ആര്‍.രാഘവേട്ടന്‍ അന്ന് ബ്യൂറോയില്‍വന്ന് ഞങ്ങളോട് പറഞ്ഞ രഹസ്യസ്വഭാവത്തിലുള്ള തമാശ മൂന്നുപതിറ്റാണ്ടു കഴിഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ പറയാമല്ലോ... എടോ ഓന്റെ ബുദ്ധീന്റടുത്താര്‍ക്കാ ബുദ്ധി... ഓന്റെ തന്ത്രം... ഓന്റെടുക്കുന്ന് വേറിപ്പോയതല്ലാതെ....' ഓരോ ദിവസവും സംഭവബഹുലമായിരുന്നു.. ആദ്യത്തെ അടിവന്നത് പിടലിക്കുതന്നെയായിരുന്നു. ഒ.ഭരതന്‍ പ്രസിഡന്റായ ഭരണസമിതി ചേര്‍ത്ത അയ്യായിരത്തിലധികം മെമ്പര്‍ഷിപ്പ് ആസാധു... സഹകരണ രജിസ്ട്രാര്‍ പരിശോധിച്ച് ഉത്തരവിറക്കി. പുതിയ മെമ്പര്‍മാരെ ചേര്‍ത്താല്‍ അക്കാര്യം ഭരണസമിതി യോഗത്തില്‍ വെച്ച് പാസാക്കണമെന്നാണ് ചട്ടം. ഓരോരുത്തരുടെയും പേരെഴുതി വേണം അംഗീകരിക്കല്‍. ഭരണസമിതി തീരുമാനിച്ചെങ്കിലും അന്നത്തെ സെക്രട്ടറി ( എന്‍.ജി.ഒ.യൂണിയന്റെ നേതാവായിരുന്ന ആളാണ്) യോഗത്തിന്റെ മിനുട്‌സില്‍ അക്കാര്യം രേഖപ്പെടുത്തിയില്ല. അതാകട്ടെ പ്രസിഡന്റോ ഡയറക്ടര്‍മാരോ പരിശോധിച്ചുമില്ല. അങ്ങനെ പാര്‍ട്ടിയോടും ജനങ്ങളോടും വലിയൊരു കുറ്റംതന്നെ ആ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷേ അക്കാര്യം പരസ്യമായി പറയാനുമാവില്ല. എ.കെ.ജി.ആശുപത്രി ഭരണസമിതി പിരിച്ചുവിട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ അവിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിച്ചു. എന്നാല്‍ സി.പി.ഐ.എം. ഉപരോധം സംഘടിപ്പിച്ചതിനാല്‍ 50 ദിവസത്തോളം അവിടേക്ക് കാലുകുത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിച്ചില്ല. അതുമായി ബന്ധപ്പെട്ട് ഒരുപാട് സംഭവങ്ങളുണ്ടായി. അതിന്റെയെല്ലാം ആലോചനയും തയ്യാറെടുപ്പുകളുംകൊണ്ട് അഴീക്കോടന്‍ മന്ദിരം 24 മണിക്കൂറും കര്‍ത്തവ്യനിരതമായി. ഈ സഭവകാലത്തുതന്നെയാണ് എടക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഇരട്ട വോട്ടുകളുടെ പേരില്‍ ഹൈക്കോടതിയില്‍നിന്ന് നൂറുകണക്കിനാളുകള്‍ക്ക് സമന്‍സയക്കലും തെളിവെടുപ്പും... അത് വല്ലാത്തൊരു പ്രശ്‌നമായി മാറി. എം.വി.ജയരാജന്‍ മുഴുവന്‍സമയ പ്രവര്‍ത്തകന്‍ എന്നതിനൊപ്പം അഭിഭാഷകന്‍ എന്നനിലയിലുള്ള കഴിവുതെളിയിച്ചതും ഇതുമായി ബന്ധപ്പെട്ടാണ്. പി.ശശിയും എം.വി.ജയരാജനും പിന്നെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ഭാസ്‌കരേട്ടനുമാണ് എടക്കാട് കേസുമായി ബന്ധപ്പെട്ട നൂലാമാകള്‍ അഴിക്കാന്‍ അഴീക്കോടന്‍ സ്മാരകത്തില്‍ രാപ്പകല്‍ അധ്വാനിച്ചത്. ആ സംഭവം മാത്രം വിവരിക്കാന്‍ ഒരു പുസ്തകം മതിയാകില്ല.
എം.വി.ജയരാജന്‍ | PHOTO: FACEBOOK
എ.കെ.ജി.ആശുപത്രി തിരഞ്ഞെടുപ്പാണ് പറഞ്ഞുവന്നത്. കണ്ണൂര്‍ ജില്ലയിലെ മാത്രമല്ല കേരളത്തിലെയാകെ പ്രസ്ഥാനത്തെ സംബന്ധിച്ച് തല്‍ക്കാലം അതൊരു ജീവന്മരണ പ്രശ്‌നമാണ്. അന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോയിലുണ്ടായിരുന്നത് ഞാനും കെ.ടി. ശശിയും ടി.പി.വിജയനുമാണ്. ഞങ്ങള്‍ ഒത്തൊരുമിച്ച് രാപ്പകലെന്നോണം പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന്റെ മൂന്നുദിവസംമുമ്പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനിടയില്‍ സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ബ്യൂറോയിലെ ഫോണില്‍ കെ.ടി.ശശിയെ വിളിച്ചു. നാളത്തെ പത്രത്തില്‍ സഖാക്കളെയാകെ ചെറുത്തുനില്‍പിന് പ്രേരിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഒരു പ്രത്യേക ഐറ്റം വേണം.. ശശി പറഞ്ഞു, ശരി സഖാവേ... ശശി പറഞ്ഞതു പ്രകാരം ഞാന്‍ എഴുതാന്‍ തുടങ്ങി. ഞാനല്ല, ഭൂതാവിഷ്ഠനായ ഞാന്‍... ഓരോ കടലാസും വാങ്ങി ടി.പി.വിജയന്‍ ടെലിപ്രിന്ററില്‍ അടിക്കാന്‍ തുടങ്ങി. ഒരുമണിക്കൂറോളം സമയത്തിനിടയില്‍ രണ്ടുകോളത്തോളം മാറ്റര്‍. അതുവായിച്ച് ഡസ്‌ക് ചീഫായ സി.പി. അച്യുതന്‍ അത് പത്രത്തില്‍ കൊടുക്കാനാവില്ലെന്ന് ശഠിച്ചു. ന്യൂസ് എഡിറ്റര്‍ അബ്ദുറഹ്‌മാന്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു, പാര്‍ട്ടി നിര്‍ദേശാനുസരണമാണ്.. അതില്‍ എന്ത് പ്രശ്‌നമാണുളളത്.. അതിലല്പം ആത്മീയതയുണ്ടെന്നായിരുന്നു മറുപടി... പക്ഷേ പിറ്റേന്ന് ടോപ്പ് ലീഡായി എട്ടുകോളത്തില്‍ അതച്ചടിച്ചുവന്നു. പിറ്റേന്ന് സവിശേഷമായ ഒരന്തരീക്ഷമായിരുന്നു ഓഫീസില്‍. തിരഞ്ഞെടുപ്പില്‍ എന്തുസംഭവിക്കുമെന്ന ആശങ്ക. പത്രത്തില്‍ അസാധാരണ പ്രാധാന്യത്തോടെ വന്ന റൈറ്റപ്പിന്റെ സൂചനയെന്തെന്ന ആശങ്ക. സുശീലാ ഗോപാലനും പിണറായിയുമടക്കമുള്ള നേതാക്കള്‍ കാലത്തുതന്നെ ഓഫീസിലുണ്ട്. വൈകീട്ടോടെ കോടിയേരിയോടു ചോദിച്ചു, എന്താണ് നമ്മുടെ പരിപാടി... അതൊക്കെയുണ്ടെന്ന് മറുപടി... കുറേക്കഴിഞ്ഞപ്പോള്‍ കോടിയേരി സെക്രട്ടേറിയേറ്റ് മുറയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി 12 മുതല്‍ 48 മണിക്കൂര്‍ ബന്ധാണ് ജില്ലയില്‍. കോടിയേരി പറഞ്ഞു. അതെങ്ങനെയാണ് വേണ്ടതെന്നുവെച്ചാല്‍ അങ്ങനെ കൊടുത്തോ...മറ്റു പത്രക്കാരോട് പറയുകയും ചെയ്‌തോളൂ....
വാര്‍ത്തയെല്ലാം കൊടുത്തശേഷം ഞങ്ങള്‍- ഞാനും കെ.ടി.ശശിയും ടി.പി.വിജയനും യാത്രി നിവാസിലേക്കുപുറപ്പെട്ടു ( ഇപ്പോഴത്തെ ലൂം ലാന്‍ഡ് ഹോട്ടല്‍). 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സന്നാഹങ്ങള്‍ക്ക് കണ്ണൂരിലെത്താനാവില്ലെന്നാണ് കരുതിയത്. അങ്ങനെ എത്താനാവില്ലെന്ന് കരുതപ്പെട്ട ഒരു സംഘത്തിന് മുന്നിലാണ് യാത്രി നിവാസില്‍ ഞങ്ങള്‍ എത്തിയത്. ഉടന്‍തന്നെ ഞങ്ങള്‍ ബുക്ക് ചെയ്ത റൂമിലേക്ക് പോകാതെ അഴീക്കോടന്‍മന്ദിരത്തിലേക്ക് മടങ്ങി. 48 മണിക്കൂര്‍ ബന്ദിന്റെ സാധ്യത മുന്‍കൂട്ടികണ്ട് യു.ഡി.എഫ്. വോട്ടര്‍മാരും ഗുണ്ടകളും കണ്ണൂര്‍ നഗരത്തിലെത്തിക്കഴിഞ്ഞിരുന്നു. എല്ലാ ആസൂത്രണവും അവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ച് പൂര്‍ണമായ ഒരട്ടിമറിതന്നെ...ആ രണ്ടുദിവസവും നൂറുകണക്കിനാളുകളാണ് എന്തും ചെയ്യാന്‍ സന്നദ്ധരായി അഴീക്കോടന്‍ മന്ദിരത്തില്‍ ആവേശത്തോടെ എത്തി, വല്ലാത്ത വൈകാരികാവസ്ഥയോടെ നിന്നത്. കണ്ണൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിനോടനുബന്ധിച്ച് ഇപ്പോള്‍ വനിതാ ടി.ടി.ഐ. പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തിരഞ്ഞെടുപ്പ്. അട്ടിമറിക്ക് പാതയൊരുക്കാന്‍ രണ്ട് വിഭാഗത്തിനും രണ്ട് ക്യൂവായിരുന്നു. ആവേശം വിതയ്ക്കാന്‍ വല്ലാത്ത വൈകാരികതയോടെയാണ് ഞാന്‍ റൈറ്റപ്പ് എഴുതിയതെങ്കിലും വല്ലാത്ത ഭീതിയും ആശങ്കയുമായിരുന്നു. ഭരണകൂടം എല്ലാ ശേഷിയുമുപയോഗിച്ച് അട്ടിമറിനടത്തുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആവേശംകൊണ്ട് മാത്രം സാധിക്കില്ല. വ്യാജ ഐഡന്റിറ്റി കാര്‍ഡുകളും വ്യാജ ഐഡന്റിറ്റി ലഡ്ജറും ഉപയോഗിച്ചാണ് ഇലക്ഷന്‍. എല്‍.ഡി.എഫ്. വോട്ടര്‍മാരെയാരെയും വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ല. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാരായ സുശീലാ ഗോപാലന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ ബൂത്തിനകത്ത് ശക്തിയായി പ്രതിഷേധിച്ചപ്പോള്‍ അവരെ പോലീസ് മര്‍ദിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമല്ലാതെ മറ്റുപോംവഴിയുണ്ടായിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്ന കേസ് വളരെ ശ്രദ്ധിക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി ഉപയോഗിച്ചത് സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വ്യാജ ലഡ്ജറാണെന്ന് സ്ഥാപിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു. നൂറുകണക്കിന് പോലീസുകാരുടെ വലയത്തിനിടയില്‍ സൂക്ഷിച്ച ലഡ്ജര്‍ സമര്‍ഥമായി, അതീവസാഹസികമായി ജയിംസ് മാത്യു തട്ടിയെടുത്തുകൊണ്ടുവന്നതാണ് കേസില്‍ അനുകൂലഘടകമായത്. വിധി പറയേണ്ട ഘട്ടമാകുമ്പോഴേക്കും മജിസ്‌ട്രേട്ട് കെ.പി.സജിത്ത് സ്ഥലംമാറ്റപ്പെട്ടത് വിധി പറയുന്നത് വൈകിച്ചു.... പിന്നീട് കുറേക്കാലത്തിന് ശേഷം വന്ന വിധിയാകട്ടെ എം.വി.രാഘവനും യു.ഡി.എഫിനും അനുകൂലമായിരുന്നു.
ഇത്തരത്തില്‍ എന്തെന്ത്, എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര മനുഷ്യര്‍...ഇപ്പോള്‍ത്തന്നെ കഥ അത്യധികം നീളത്തിലായിപ്പോയതിനാല്‍ ഓര്‍മകള്‍ക്ക് താല്‍ക്കാലികമായ വിരാമമുണ്ടാക്കാം. എന്നാല്‍ ആ ഐതിഹാസികമായ ഓഫീസിന്റെ സ്മരണകള്‍ കാലങ്ങളോളം നിലനില്‍ക്കും. ഭരതേട്ടന്‍ അഥവാ ഗുരുജിയെന്ന കഥാപാത്രത്തെ മറന്നുകൊണ്ട് ഈ സ്മരണാലേഖനത്തിന് അടിവരയിടാനാവില്ല. ദേശാഭിമാനി പത്രം ബസ്റ്റാന്റില്‍ വരുമ്പോള്‍ ഏറ്റുവാങ്ങി ബസ്സുകളില്‍ കയറ്റിയയക്കുന്ന ജോലിക്കാരനായിരുന്നു ഭരതേട്ടന്‍. പുലര്‍ച്ചെ നാലുമണിക്ക് മുമ്പേ ബസ്റ്റാന്റിലെത്തുന്ന ഭരതേട്ടന്‍ അവിടെ പത്രവില്പനയും നടത്തും. അതില്‍ എല്ലാ പത്രവുമുണ്ടാകും. അഴീക്കോടന്‍ മന്ദിരത്തിലാണ് താമസം എന്നുമാത്രമല്ല അവിടുത്തെ കുശിനിക്കാരനുമാണ്. രാത്രിയിലത്തെ കഞ്ഞി മാത്രമാണ് അക്കാലത്ത് അവിടെ പാചകം ചെയ്തിരുന്നത്. ഉച്ചഭക്ഷണം പിന്നീടാണ് തുടങ്ങിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ബഹുജനസംഘടനകളുടെ- എല്ലാമില്ല...എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ- അവരുടെ ഒരു ഭാരവാഹി, ഓഫീസിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷണം കിട്ടുക. പോക്കറ്റ് കാര്‍ട്ടൂണിലെ ഗുരുജിയുടെ അതേ രൂപമായതിനാല്‍ ശ്രീനിവാസന്‍തന്നയോ അതോ എസ്.എഫ്.ഐ.യുടെ അക്കാലത്തെ ജില്ലാസെക്രട്ടറി പി.പ്രസാദ്കുമാറോ ആരാണെന്നറിയില്ല, ഭരതേട്ടനെ ഗുരുജിയാക്കി. ഭരതേട്ടനെ എല്ലാവര്‍ക്കും പേടിയാണ്, എന്നാല്‍ എല്ലാവര്‍ക്കും പെരുത്തിഷ്ടവുമാണ്. രാത്രി ഏഴാകുമ്പോള്‍ അടുക്കളയില്‍നിന്ന് നല്ല മണംവരുന്നുണ്ടാകും. കഞ്ഞിക്ക് ഗുരുജിയുണ്ടാക്കുന്ന കറിയുടെ മണമാണ്. അതൊരു ഒന്നൊന്നരമണമാണ്. കുറച്ചുകഴിയുമ്പോള്‍ പലരും അടുക്കള ഭാഗത്തേക്ക് നീങ്ങും. വല്ലാത്ത കുടലെരിച്ചല്‍ ഭരതേട്ടാ, കഞ്ഞിവെള്ളം വേണം.. നല്ല ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാല്‍ ക്ഷീണം പറപറക്കും. പയറോ ചീരയോ കായയോ വറവായിരിക്കും കറി. അതില്‍ ആവശ്യത്തിലധികം വെളിച്ചെണ്ണയില്‍ വറുത്തിടുകയും കൂടിയായാല്‍... രുചിനോക്കാന്‍ ഗുരുജിയുടെ വക ആ പ്രസാദവും.. പാര്‍ട്ടി ഓഫീസില്‍ ദേശാഭിമാനി ബ്യൂറോ പ്രവര്‍ത്തിക്കുമ്പോഴും പലദിവസവും വീട്ടില്‍പോകാനാവില്ല. അപ്പോള്‍ പഴയതുപോലെ ഓഫീസിലെ വെറുംപായ തന്നെ ശരണം. കെ.ടി. ശശി ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. ബ്യൂറോയിലെ രണ്ടുമേശയും ചേര്‍ന്നാല്‍ ഒരു കട്ടിലാകുമല്ലോയെന്നതാണ് ശശിയുടെ ന്യായം. അതില്‍ ഷീറ്റ് വിരിച്ച് പത്രം തലയിണയാക്കി ഉറക്കം. പുലര്‍ച്ചെ കോഴിക്കോട്ടുനിന്ന് പത്രവുമായെത്തുന്ന വാനില്‍ തലേന്നത്തെ കളക്ഷനടങ്ങിയ പെട്ടി കൊടുത്തയക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കാനുംകൂടിയായിരുന്നു ശശി ബ്യൂറോതന്നെ താമസസ്ഥലവുമാക്കിയത്. ഇങ്ങനെ ഓര്‍ത്തോര്‍ത്തുപോയാല്‍ എവിടെയും നിര്‍ത്താനാവാത്തത്ര ഓര്‍മകളാണ് അഴീക്കോടന്‍മന്ദിരത്തില്‍ചുറ്റിപ്പറ്റി... ഇത് ഒരാളുടെ ഓര്‍മയാണ്. ഇങ്ങനെയോ ഇതിലേറെയോ ഓര്‍മകളുള്ള നൂറുകണക്കിനാളുകള്‍ വേറെയും... കെട്ടിടമേ പൊളിക്കുന്നുള്ളൂ, അതേ സ്ഥലത്ത് അതേ സ്മരണകളുള്‍ക്കൊണ്ട് അഴീക്കോടന്‍ സമാരകമായി പുതിയ മന്ദിരം ഉയര്‍ന്നുവരും....