TMJ
searchnav-menu
post-thumbnail

Outlook

സ്മാർട്ട് സിറ്റി; ആ കരാർ നടപ്പാക്കരുതെന്ന് ആഗ്രഹിച്ച ശക്തികളുടെ വിജയം

07 Dec 2024   |   3 min Read
ജോസഫ് സി മാത്യു

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുകൂലമായ കരാറായിരുന്നു ടീ കോമുമായി ഉണ്ടാക്കിയിരുന്നത്. ആ കരാര്‍ നടപ്പാകരുതെന്ന് ആഗ്രഹിച്ചവരുടെ വിജയമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കരാര്‍ ധാരണയായതുമുതല്‍ അത് നടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥ, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുണ്ടായ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളുടെ അവസാനമാണ് ഇപ്പോഴത്തെ നടപടികളെന്ന് വി എസ് സര്‍ക്കാരിന്റെ ഐടി ഉപദേഷ്ടാവും ഈ കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ജോസഫ് സി മാത്യു.

രാഷ്ട്രീയ-ഉദ്യോഗസ്ഥ-സ്വകാര്യ ബിസിനസ് താല്‍പ്പര്യങ്ങള്‍ ബോധപൂര്‍വം മുന്നോട്ടു വയ്ക്കുന്ന ഭാഗികമായ വിവരങ്ങളാണ് പതിവുപോലെ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ചുള്ള ഇപ്പോഴത്തെ വര്‍ത്തമാനങ്ങളിലും നിറഞ്ഞു നില്‍കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയെ രണ്ടായി കാണണം. ഒന്നാമത്തെ ഭാഗം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി. അതിന്റെ യുക്തി ഇങ്ങനെ വിശദീകരിക്കാം. അതായത് നിക്ഷേപകര്‍ മുന്നോട്ടു വയ്ക്കുന്ന എല്ലാ നിബന്ധനകളും, അവര്‍ ആവശ്യപ്പെടുന്ന ഇളവുകളും അത് പോലെ അംഗീകരിക്കാതെ കേരളത്തില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പറ്റില്ല എന്നായിരുന്നു അതിന്റെ രത്നച്ചുരുക്കം.

കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ 'വികസനത്തിന് വേണ്ടി അല്‍പ്പം സ്മാര്‍ട്ട് ആയാല്‍ എന്താ' എന്ന തലക്കെട്ടില്‍ ഉമ്മന്‍ ചാണ്ടി അക്കാലം എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം ഈ സമീപനം വ്യക്തമാക്കുന്നു.  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ആ നിലയില്‍ വഴിവിട്ട സൗജന്യങ്ങള്‍ ടീകോമിന് നല്‍കുന്നതായിരുന്നു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ടീകോമിന് നല്‍കുക, കേരളത്തിലെ ഒന്‍പതു ജില്ലകളില്‍ സമാനമായ പാര്‍ക്കുകള്‍ തുടങ്ങുന്നതിനുള്ള അവകാശം നല്‍കുക എന്നിവയെല്ലാം മേല്‍പ്പറഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ടീകോമുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായിരുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പല തലങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടാണ് കരാര്‍ ഒപ്പിട്ടതെന്ന് ഔപചാരികമായി പറയുമെങ്കിലും ഐഎല്‍എഫ്എസ് എന്ന സ്വകാര്യ സ്ഥാപനമാണ് കരാറിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഈ നിബന്ധനകള്‍ അന്ന് വളരെയേറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. രാഷ്ട്രീയമായും അല്ലാതെയുമെല്ലാമുള്ള നിരവധി വിമര്‍ശനങ്ങള്‍ അതിന്റെ ഭാഗമായി ഉടലെടുത്തു.

REPRESENTATIVE IMAGE | WIKI COMMONS
അതിനെ തുടര്‍ന്നാണ് 2006 ല്‍ അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്തിയത്. അതിലെ പ്രധാന പോയിന്റുകള്‍ ഇവയാണ്. ഇന്‍ഫോപാര്‍ക്ക് വിട്ടു നല്‍കില്ല. കേരളത്തിലെ  ഒന്‍പതു ജില്ലകളില്‍ ഐടി പാര്‍ക്കുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ സ്വന്തം നിലയില്‍ തീരുമാനിക്കും. മൊത്തം 246 ഏക്കര്‍ സ്ഥലം പുതിയ സംരംഭത്തിനായി വിട്ടുനല്‍കുമെന്നും തീരുമാനിക്കപ്പെട്ടു. വി എസ് സര്‍ക്കാര്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കേരളത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വഴിവിട്ട സൗജന്യങ്ങള്‍ നല്‍കണമെന്നില്ല എന്ന് വ്യക്തമായും തെളിയിക്കുന്നതുമായിരുന്നു. ആ നിലയില്‍ അതൊരു മാതൃകയായിരുന്നു. കേരളത്തിലെ അന്നത്തെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം-ന്റെ പാര്‍ട്ടി രേഖകളില്‍ പോലും ഈ കരാറിനെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ, ഈ കരാറിനെ അട്ടിമറിക്കാനും പദ്ധതി തടസ്സപ്പെടുത്താനും വേണ്ടി കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, പിന്നെ സ്വാര്‍ത്ഥ താല്പര്യക്കാരായ കച്ചവടക്കാരും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഭൂമി ടീകോമിന് കൈമാറുന്നതില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കുന്നതുമായി ബന്ധപെട്ടതാണ്. മൂന്നര വര്‍ഷത്തോളം തീരുമാനമെടുക്കാതെ നമ്മുടെ സര്‍ക്കാര്‍ സംവിധാനം അതില്‍ അടയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തിയ ഒരു വിഷയത്തിലാണ് ഈ കാലതാമസം എന്ന് മനസ്സിലാക്കുമ്പോള്‍ നമ്മുടെ സംവിധാനത്തില്‍ ഉള്ള നിക്ഷിപ്ത താല്‍പര്യക്കാര്‍ ഏതറ്റം വരെ പോകും എന്ന് മനസിലാവും. സ്മാര്‍ട്ട് സിറ്റി പദ്ധതി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആണെന്ന് വ്യക്തമായിരിന്നു. പ്രത്യേക സാമ്പത്തിക മേഖലക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല. പക്ഷെ അത് സെസ് പദവി ലഭിച്ചാല്‍ മാത്രമേ ബാധകമാവുകയുള്ളുവെന്ന ന്യായം പറഞ്ഞാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കല്‍. ഭൂമി സ്വന്തം പേരിലാവതെ സെസ് പദവിക്ക് അപേക്ഷിക്കാന്‍ പറ്റില്ലെന്ന കാര്യം ഏവര്‍ക്കും അറിയുന്നതാണ്. എന്നാലും പദ്ധതി വൈകാതെ ഇരിക്കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുക അത് പിന്നീട് തിരികെ നല്‍കും എന്ന ഫോര്‍മുല വന്നു. അപ്പോഴാണ് തങ്ങള്‍ക്ക് ഫ്രീഹോള്‍ഡ് ഭൂമി വേണമെന്ന ആവശ്യം ടീകോം അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്. ചുരുക്കത്തില്‍ വി എസ് സര്‍ക്കാരിന്റെ കാലത്തു പദ്ധതി ഒരു കാരണവശാലും തുടങ്ങരുതെന്ന് വാശിയുള്ളവര്‍ ഓരോ ഘട്ടത്തിലും അത്  ഭംഗിയായി നിറവേറ്റി.

REPRESENTATIVE IMAGE | WIKI COMMONS
പക്ഷേ, കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ എന്താണ് സംഭവച്ചിത് എന്ന് ഇരു മുന്നണികളും പറയേണ്ടി വരും. വി എസ് സര്‍ക്കാര്‍ അധികാരം വിട്ട ശേഷം ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. അതിന് ശേഷം അധികാരത്തിലെത്തിയ  പിണറയി വിജയന്‍ മുഖ്യമന്ത്രിയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്നു. ഇത്രയും കാലം ഇവരെല്ലാം എന്തെടുക്കുകയായിരിന്നു. കമ്പനിയുടെ ബോര്‍ഡിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ഇത്രയും കാലം എന്തിനാണ് മൗനം ദീക്ഷിച്ചത്? ഓരോ വര്‍ഷവും ടീകോം പൂര്‍ത്തിയാക്കേണ്ട ചുമതലകള്‍ അവര്‍ നിറവേറ്റുന്നുണ്ടെന്നും അല്ലെങ്കില്‍ അതിനുള്ള തടസ്സങ്ങള്‍ എന്താണെന്നും സര്‍ക്കാരിനെ യഥാസമയം അറിയിക്കുവാനും പരിഹാരം തേടുവാനുമുള്ള ഉത്തരവാദിത്തം ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഉണ്ടാവേണ്ടതല്ലേ. ആ വീഴ്ചകള്‍ അങ്ങനെ നില്‍ക്കുമ്പോള്‍ തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ടീകോമിന്  നഷ്ടപരിഹാരം കൊടുക്കാമെന്ന തീരുമാനമാണ്. കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കാനും, ടീകോമിന്റെ നിക്ഷേപവും മറ്റും കണ്ടുകെട്ടാനും വ്യവസ്ഥയുള്ളപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള കാരണം മനസ്സിലാകുന്നില്ല.




#outlook
Leave a comment