ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ തെരുവുകളിലേക്കോ : സമകാലിക 4ബി പ്രസ്ഥാനവും ചരിത്രവും
സ്ത്രീപക്ഷ പ്രസ്ഥാനം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുക അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ ലോകത്തിന്റെ സംഭവബഹുലമായ ചരിത്രം ആയിരിക്കും. എന്നാല്‍ പാശ്ചാത്യ ലോകത്തിന് പുറത്ത് പരിഗണിക്കുകയാണെങ്കില്‍, ദക്ഷിണ കൊറിയ പോലെയുള്ള ഒരു കിഴക്കനേഷ്യന്‍ രാജ്യത്ത്, ലോകത്തിന്റെ പല ഭാഗങ്ങളിലേയും പോലെ തന്നെ, 21-ാം നൂറ്റാണ്ടില്‍ സുപ്രധാനമായ സ്വാധീനം കൈവരിക്കാന്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് #Me-too, My life is not your porn എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍. എന്നാല്‍ 2019ന് ശേഷം സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ശ്രദ്ധേയമായ ഒരു സ്ത്രീപക്ഷ പ്രസ്ഥാനമെന്ന നിലയില്‍ 4-B പ്രസ്ഥാനം ഉടലെടുക്കുന്നതായി കാണാന്‍ കഴിയും. 4-B എന്നത് - B എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന നാല് കൊറിയന്‍ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് - ഭിന്നലിംഗ വിവാഹം (''ബിഹോണ്‍''), പ്രസവം (''ബിചുല്‍സന്‍''), ഡേറ്റിംഗ് (''ബിയോണേ''), ലൈംഗികത (''ബിസെക്സെയു'') എന്നിവ നിരസിക്കുന്നു എന്നതാണ് ഇതിന്റെ ഉള്ളടക്കം.
REPRESENTATIVE IMAGE | WIKI COMMONS
ദക്ഷിണ കൊറിയന്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ ഒരു ചരിത്ര അവലോകനം
ദക്ഷിണ കൊറിയന്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നേടുന്നതിന്, ദക്ഷിണകൊറിയന്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രപരമായി കൊറിയന്‍ സാമൂഹിക-സാംസ്‌കാരിക ഭൂപ്രകൃതി നിയോ-കണ്‍ഫ്യൂഷ്യനിസത്തിന്റെ ധാര്‍മ്മികവും ദാര്‍ശനികവുമായ അടിത്തറയാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെടുന്ന ഒന്നാണ്. കൊറിയന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ കണ്‍ഫ്യൂഷ്യനിസത്തിന്റെ സാന്നിധ്യത്തില്‍, സ്ത്രീകള്‍ എല്ലായ്‌പ്പോഴും പുരുഷന്മാരേക്കാള്‍ താഴ്ന്നവരായി കണക്കാക്കപ്പെടുകയും, സ്ത്രീകളുടെ ചുമതലകളും, ഉത്തരവാദിത്തങ്ങളും ശ്രേണീപരമായി നിശ്ചയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍, കണ്‍ഫ്യൂഷ്യനിസ്റ്റ് തത്വചിന്ത പ്രകാരം അവളെ അവളുടെ പിതാവിന്റെയും പിന്നീട് അവളുടെ ഭര്‍ത്താവിന്റെയും അവസാനമായി അവളുടെ മകന്റെയും മാര്‍ഗനിര്‍ദേശത്തിനും നിയന്ത്രണത്തിനും കീഴിലായി കണക്കാക്കപ്പെടുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശത്തെപ്പോലും വിവാഹത്തിന് തയ്യാറാക്കുന്ന ഒന്നായി കാണപ്പെടുകയും, അതിലൂടെ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കുടുംബത്തെയും വംശത്തെയും നിലനിര്‍ത്തുന്നതില്‍ അടിസ്ഥാനപരമായ പങ്കുവഹിക്കണമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ പ്രധാനമായും കൊറിയന്‍ സമൂഹത്തിന്റെ ആദ്യകാല സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍, അത്ഭുതകരമായ സാമ്പത്തിക വിജയം കൈവരിച്ചിട്ടുപോലും ഇത്തരത്തിലുള്ള തത്ത്വങ്ങള്‍ സമൂഹത്തിന്റെ എല്ലാ ചലനങ്ങളിലും ആധുനിക രീതികളിലും നിയമനിര്‍മ്മാണത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നു എന്നതാണ് വാസ്തവം.
എന്നാല്‍, ദക്ഷിണ കൊറിയയിലെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ ആദ്യകാല ചരിത്രം പരിശോധിക്കുമ്പോള്‍ 1919 മുതല്‍ 1945 വരെ നിലനിന്നിരുന്ന ജാപ്പനീസ് കൊളോണിയല്‍ ഭരണവുമായി ഇത് വളരെ വലിയ രീതിയില്‍ ബന്ധപ്പെട്ടിരുന്നു. 1919-കളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ജാപ്പനീസ് വിരുദ്ധ വിമോചന പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍, ഈ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ജാപ്പനീസ് കൊളോണിയല്‍ അധികാരത്തില്‍ നിന്ന് കൊറിയയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആണെങ്കില്‍ പോലും, സ്ത്രീകള്‍ ഇതിനെ പുരുഷാധിപത്യ സ്വേച്ഛാധിപത്യത ഇല്ലാതാക്കാന്‍ കൂടി ലക്ഷ്യമിട്ടിരുന്നു എന്നതാണ് വാസ്തവം. ജാപ്പനീസ് കോളനീകരണം വലിയ രീതിയിലുള്ള ക്രൂരതകള്‍ കൊറിയന്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അതില്‍ നിര്‍ബന്ധിത തൊഴില്‍, സാംസ്‌കാരിക ഉന്മൂലനം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍, ജാപ്പനീസ് സാമ്രാജ്യത്വ ഭരണത്തിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയെ നേരിടേണ്ടി വന്നത് കൊറിയന്‍ സ്ത്രീകള്‍ക്കായിരുന്നു. രണ്ടാംലോക മഹായുദ്ധ സമയത്ത് കൊറിയയില്‍ നിന്നും സ്ത്രീകളെ ലൈംഗിക അടിമകളാക്കി ജാപ്പനീസ് മിലിറ്ററിക്ക് സമര്‍പ്പിക്കുന്നത് ആയിരുന്നു ഇതില്‍ ഒന്ന്. യുദ്ധത്തിനുശേഷം ഇതില്‍ നിന്നും മോചിതയായി അതിജീവിച്ചവര്‍ ഏകദേശം അമ്പത് വര്‍ഷത്തോളം തങ്ങളുടെ ക്രൂരമായ അനുഭവങ്ങളെക്കുറിച്ച് മൗനംപാലിക്കുകയാണുണ്ടായത്. അതേസമയം തന്നെ, 1945-ല്‍ ജാപ്പനീസ് കൊളോണിയല്‍ ഭരണം അവസാനിച്ചപ്പോള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമാധാനപരമായി സഹവസിക്കാന്‍ കഴിയുന്ന ഒരു സമൂഹം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ ഒന്നടങ്കം തെരുവുകളിലേക്ക് ഇറങ്ങുന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിരുന്നാലും സ്വാതന്ത്യാനന്തരവും ശീതയുദ്ധത്തിന്റെ ഭാഗമായി 1950 കളില്‍ ഉണ്ടായ കൊറിയന്‍ യുദ്ധം സ്ത്രീകളുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്. കാരണം അന്ന് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം എന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നില്ല മറിച്ച് രാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആയിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് വന്ന മാറ്റങ്ങളില്‍ പലതും രാജ്യത്തിന്റെ സാമ്പത്തികമായ ഉയര്‍ച്ചയിലേക്ക് മാത്രമാണ് വഴിവെച്ചത്, മറിച്ച് സാമൂഹ്യ മാറ്റങ്ങളിലേക്ക് ആയിരുന്നില്ല.
REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ 1970-കളില്‍, പാശ്ചാത്യ സിദ്ധാന്തങ്ങളുടെ സ്വീകാര്യത വന്നതോടുകൂടി, ഇവ (Ewha) വിമന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയും, രാജ്യത്തെ ആദ്യത്തെ വനിതാ പഠന വിഭാഗം എന്ന നിലയില്‍ ഫെമിനിസ്റ്റ് ചിന്തയുടെയും, പ്രവര്‍ത്തിയുടേയും പ്രധാന കേന്ദ്രവും ഊര്‍ജവും ആയി മാറുകയാണ് ചെയ്തത്. അങ്ങനെ, 1980 മുതല്‍, പ്രമുഖ ഫെമിനിസ്റ്റുകളായ ബെറ്റി ഫ്രീഡനും കേറ്റ് മിലറ്റും പോലുള്ളവരുടെ കൃതികള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും, ഇത് കൊറിയയിലെ പുതിയ വനിതാ പ്രസ്ഥാനങ്ങളുടെ വികാസത്തിന് ശക്തമായ സൈദ്ധാന്തിക പ്രചോദനം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് സെക്സ് ട്രേഡ് പ്രിവന്‍ഷന്‍ ആക്ട് നടപ്പാക്കുകയും, ജാപ്പനീസ് കൊളോണിയല്‍ കാലഘട്ടം മുതല്‍ നിലവിലുണ്ടായിരുന്ന ഹൗസ്ഹോള്‍ഡ് ഹെഡ് സിസ്റ്റം (ഹോജുജെ) എന്നറിയപ്പെടുന്ന ഒരു പ്രാതിനിധ്യ പുരുഷാധിപത്യ കുടുംബഘടന പിരിച്ചുവിടുന്നതിലും സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതില്‍ വളരെ പ്രധാനം 1980-കളുടെ അവസാനമായപ്പോഴേക്കും, ദക്ഷിണ കൊറിയയിലെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍, ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ ഇരകള്‍ക്കുള്ള പരിഹാരപ്രസ്ഥാനം ആരംഭിക്കുകയും, തങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പറയാന്‍ അതിജീവിച്ചവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ്. ഈ സാക്ഷ്യങ്ങളോടെ, പരിഹാര പ്രസ്ഥാനത്തിന് യുഎന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവയില്‍ നിന്ന് ശക്തമായ പിന്തുണയും ലഭിച്ചിരുന്നു.
പിന്നീടുള്ള പോരാട്ടം സ്ത്രീകളുടെ വോട്ടവകാശത്തിനും മറ്റും വേണ്ടി ആയിരുന്നു, ഇത് 50 ശതമാനം സ്ത്രീകളുടെ ആനുപാതിക പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഷ്‌കരണ ബില്‍ പാസ്സാക്കുന്നതിലേക്കും വഴിവെച്ചു. ഇത് പാസ്സാകുന്നതോടുകൂടി 2004 തിരഞ്ഞെടുപ്പില്‍, വനിതാ നിയമനിര്‍മ്മാതാക്കളുടെ ശതമാനം 13 ആയി വര്‍ധിപ്പിക്കാനും, അതിന്റെ ഫലമായി അവരുടെ എണ്ണം ആദ്യമായി ഇരട്ട അക്കത്തില്‍ എത്തിക്കാനും സാധിക്കുകയുണ്ടായി. അങ്ങനെ, ന്യൂ വുമണ്‍സ് മൂവ്‌മെന്റ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ സ്വാധീനം വര്‍ധിക്കുകയും, സ്ത്രീകളുടെ നിലയും മനുഷ്യാവകാശവും മെച്ചപ്പെടുത്തുന്നതിന് കൊറിയന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും സാധിച്ചു. ഇതിന്റെ അനന്തരഫലമെന്നോണം 2001-ല്‍ ലിംഗസമത്വ മന്ത്രാലയം സ്ഥാപിക്കുകയും പിന്നീട് 2005 ജൂണില്‍ ലിംഗസമത്വവും കുടുംബവും എന്ന പേരില്‍ ഇത് പുനഃസംഘടിപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും, പ്രബലമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുപോലും, സ്ത്രീകളുടെ ഉന്നമന ഉദ്ദേശ്യ സര്‍വ്വേകള്‍ പരിശോധിക്കുമ്പോള്‍ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൊറിയ ഏറ്റവും താഴേതട്ടില്‍ തന്നെയാണ് നിലയുറച്ചിരിക്കുന്നത്. ആഗോളതലത്തിലെ, ലിംഗ വ്യത്യാസത്തിന്റെ റാങ്കിങ് നോക്കുമ്പോള്‍, 146 രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ 105-ാം സ്ഥാനത്താണ് എന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ലിംഗ വരുമാന അസമത്വത്തിന്റെ റാങ്കിംങ് പരിശോധിക്കുമ്പോഴും നമുക്ക് വ്യക്തമാകുന്നത് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (OECD) രാജ്യങ്ങളുടെ പട്ടികയില്‍, ദക്ഷിണ കൊറിയ തന്നെ ആണ് അവസാന റാങ്കില്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ സൂചികകളെ മറികടക്കാനും ലിംഗ അസമത്വം പൂര്‍ണമായും ഇല്ലാതാക്കാനും വളരെ കാലമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ് കൊറിയന്‍ സ്ത്രീപക്ഷ വാദികള്‍ ഒന്നടങ്കം.
നിലവില്‍ കൊറിയന്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും : 4ബി പ്രസ്ഥാനവും
1980 കളോട് കൂടി ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ സാഹചര്യം പൂര്‍ണമായും ജനാധിപത്യ പ്രക്രിയ കൈവരിച്ചതില്‍ പിന്നെ ഫെമിനിസ്റ്റ് ആക്ടിവിസത്തില്‍ പോലും പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ തൊഴില്‍ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കുന്നതിലേക്കും, എല്ലാ ലിംഗഭേദങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന നിയമനിര്‍മ്മാണത്തിന്റെ ആമുഖം ഉണ്ടാക്കുന്നതിലേക്ക് പോലും വഴിവെച്ചു. എന്നിരുന്നാലും, സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയുടെ വളര്‍ച്ചമൂലം, പ്രത്യേകിച്ച് ദക്ഷിണ കൊറിയന്‍ സമൂഹത്തിലെ യുവാക്കള്‍ക്കിടയില്‍, വളര്‍ന്നുവരുന്ന സ്ത്രീവിരുദ്ധ വികാരത്തിന് കാരണമായിട്ടുണ്ട്. ഈ വികാരങ്ങളുടെ ആദ്യഘട്ടം ഒരു ഓണ്‍ലൈന്‍ പ്രതിഭാസമായിരുന്നു, എന്നാല്‍ ഇന്ന്, ഫെമിനിസത്തിനെതിരായ സംഘടിത പ്രതിപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരാ സമൂഹത്തിലേക്ക് പരസ്യമാക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം ജോലിസ്ഥലങ്ങളിലും വീടുകളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നീതിനിഷേധവും പ്രകടമാവാന്‍ തുടങ്ങി. ഇതിന് ചുവടുവെച്ചുകൊണ്ട്, 2022 ല്‍ ഭരണത്തിലേറിയ വലതുപക്ഷ യാഥാസ്ഥിതിക ഗവണ്‍മെന്റിന്റെ പുനരുജ്ജീവനം നിലനിന്നിരുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയും സ്ത്രീവിരുദ്ധ വികാരങ്ങളുടെ യുവജനപ്രീതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഇതേസമയംതന്നെയാണ് സ്ത്രീപക്ഷ വാദികള്‍ക്കിടയില്‍ ഒരു പുതിയ പ്രസ്ഥാനമെന്ന നിലയില്‍ 4ബി വേരുറപ്പിക്കുന്നത്. ഫെമിനിസ്റ്റുകളായ ബെക്ക് ഹാ-ന, ജംഗ് സെ-യങ് എന്നിവരാണ് തങ്ങളുടെ യൂട്യൂബ് ചാനലായ സോളിഡാരിറ്റിയിലൂടെ 4ബി എന്ന ആശയം മുന്നോട്ടുവച്ചത്. ഇ പ്രസ്ഥാനത്തിലൂടെ, ദക്ഷിണ കൊറിയയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള അസമത്വ ശക്തിയുടെ ചലനാത്മകത തകര്‍ക്കാനാണ് കൊറിയന്‍ സ്ത്രീപക്ഷവാദികള്‍ ശ്രമിച്ചത്. കൂടാതെ, ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്ള വര്‍ദ്ധനവും, സ്വന്തം പങ്കാളികളില്‍ നിന്നുള്ള അക്രമം, ജോലിസ്ഥലത്തെ ലൈംഗിക പീഡനം, സൈബര്‍ സ്പേസിലെ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ദുരുപയോഗം, സ്‌പൈ ക്യാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, ഗാര്‍ഹിക പീഡനം മുതലായ കാരണങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിനെ സ്ത്രീപക്ഷ വാദികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയുണ്ടായി. ഇതിലൂടെ സ്ത്രീകള്‍ കാലാകാലങ്ങളായി ദക്ഷിണ കൊറിയന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും, വിവാഹം, മാതൃത്വം തുടങ്ങി പരമ്പരാഗതമായി സ്ത്രീയില്‍ അടിച്ചേല്പിച്ചിരിക്കുന്ന ചുമതലകളെ നിരസിച്ചുകൊണ്ടുമാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് കൊറിയ പോപ്പുലേഷന്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ 2022-ല്‍ നടത്തിയ ഒരു സര്‍വേയില്‍ പുരുഷന്മാര്‍ക്ക് 48 ശതമാനവും സ്ത്രീകള്‍ക്ക് 65 ശതമാനവും കുട്ടികളെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന കണക്കുകളാണ്.
REPRESENTATIVE IMAGE | WIKI COMMONS
മറ്റേതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളപോലെ തന്നെയുള്ള സമാനമായ എതിര്‍പ്പ് 4B പ്രസ്ഥാനവും നേരിടുന്നുണ്ട്. അങ്ങനെ ഒരു എതിര്‍പ്പിന്റെ ഫലമായി പുരുഷന്മാരുടെ അവകാശങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുന്നോട്ടുവന്ന പ്രസ്ഥാനമാണ് 4ജി. 'ജി' എന്നതിന്റെ അര്‍ത്ഥം അവക്ത്യമായി തുടരുമ്പോഴും, തങ്ങളുടെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം 'സമയം, ലൈംഗികത, കുഞ്ഞുങ്ങള്‍, വ്യവസ്ഥ' എന്നിവ ഒന്നും ഇനി സ്ത്രീകള്‍ക്ക് നല്‍കില്ല എന്നതാണ്. ഇതിന്റെ വളര്‍ച്ചയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ പാടെ പുരുഷന്മാരെ നിരസിക്കുന്നു എന്ന തോന്നലില്‍ നിന്നാണ്, മറിച്ചു 4ബി എന്ന പ്രസ്ഥാനം രൂപംകൊണ്ടത് പുരുഷാധിപത്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനും രൂഢമൂലമായ ലിംഗാധിഷ്ഠിത അക്രമവും അസമത്വവും പരിഹരിക്കാനുമുള്ള ആഗ്രഹത്തില്‍ നിന്നാണ് എന്നത് മനസ്സിലാക്കേണ്ട ഒന്നാണ്. ഒരു സ്ത്രീയുടെമേല്‍ സമൂഹം അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് അതീതമായി, അവളുടെ നിബന്ധനകളില്‍ സ്വയംഭരണവും സന്തോഷവും പിന്തുടരാന്‍ ശാക്തീകരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് 4ബി എന്ന പ്രസ്ഥാനം. അതോടൊപ്പം തന്നെ ചെറുപ്പം മുതല്‍ തങ്ങളുടെ ജീവിതം പുരുഷന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് എന്നും, ഒരു സ്ത്രീയുടെ സന്തോഷം തന്റെ പുരുഷനെ ആശ്രയിച്ചിരിക്കുന്നു എന്നുമുള്ള തെറ്റായ ധാരണയെ ഇല്ലാതാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ദക്ഷിണ കൊറിയന്‍ സമൂഹത്തില്‍ ഇന്ന് കണ്ടുവരുന്ന ഇതുപോലെയുള്ള പ്രസ്ഥാനങ്ങള്‍ നിരന്തരമായി ശ്രമിക്കുന്നത്. ഈ അര്‍ത്ഥത്തില്‍, എല്ലാ ലിംഗഭേദങ്ങളോടും സമത്വത്തിനും ബഹുമാനത്തിനും മുന്‍ഗണന നല്‍കുന്ന ബദല്‍ ബന്ധങ്ങള്‍ക്കും സാമൂഹിക ഘടനകള്‍ക്കും ഇടം സൃഷ്ടിക്കുന്നതിനും, മാറ്റങ്ങള്‍ക്ക് അവിധേയപ്പെട്ട് നില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയെ പൊളിച്ചെഴുതുന്നതിനും ഇത്തരം പ്രസ്ഥാനങ്ങള്‍ പ്രചോദനമായേക്കാം.