
ശ്രീനിവാസനും നവ മലയാള സിനിമയുടെ ആരംഭവും തുടർച്ചയും
കേരളത്തിൽ ഉയർന്നുവരുന്ന സിനിമകളിൽ മുഖ്യധാരാ പൊതുബോധ ആഘോഷ സിനിമകൾ ശക്തമായ സ്വാധീനം ആയിരുന്നെങ്കിൽ പോലും നിലനിൽക്കുന്ന വ്യവസ്ഥിതികളെ പൊളിക്കുന്ന രീതിയിലുള്ള പുതിയ ആഖ്യാനങ്ങളും സാഹിത്യ രൂപങ്ങളും തൊണ്ണൂറുകൾക്ക് തൊട്ടുമുൻപ് തന്നെ ആരംഭിച്ചിരുന്നു എന്ന് വേണം കരുതാൻ. പലപ്പോഴും അതിന്റെ കീർത്തി മുഴുവനും എം ടി വാസുദേവൻ നായരുടെ നിർമാല്യത്തിലും മറ്റു സമാന്തര അവാർഡ് സിനിമകൾക്കുമാണ് ലഭിക്കാറ്. എന്നാൽ എങ്ങനെയാണ് അത്തരം സിനിമകൾ, അടൂരിന്റെയും മറ്റും സിനിമകൾ അധീശത്വ ബോധങ്ങളും അത്തരം ഉൾക്കാഴ്ചകളും പുനരുല്പാദിപ്പിക്കുന്നത് എന്നുള്ള വായനകൾ പുതിയ സിനിമ സാഹിത്യ വിമർശ സങ്കേതങ്ങൾ നടത്തിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് മലയാള സിനിമയിൽ അപ്രത്യക്ഷമായി നിലനിൽക്കുന്ന പുതിയൊരു ധാര ഉണ്ടെന്ന കണ്ടെത്തൽ സവിശേഷമാകുന്നത്. അത് അക്കാലത്തെ അവാർഡ് സിനിമകളിലോ ഫെസ്റ്റിവൽ സിനിമകളിലോ അല്ല മറിച്ചു അത് എൺപതുകളിലെ മുഖ്യധാരാ കച്ചവട സിനിമകളിലായിരുന്നു. സമകാലീനമായി ആഘോഷിക്കപ്പെടുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ വിമർശവബോധമുള്ള സിനിമകളായ കുമ്പളങ്ങി നൈറ്റ്സും, ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, സുഡാനി ഫ്രം നൈജീരിയയും, മഹേഷിന്റെ പ്രതികാരവും പോലെ നവ മലയാള കൊച്ചി കേന്ദ്രീകൃത സിനിമകളൊക്കെയും അതിന്റെ തുടർച്ചയാണെന്നും മനസിലാക്കേണ്ടി വരും. അത്തരമൊരു സിനിമ സാഹിത്യവ്യവസ്ഥയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ശ്രീനിവാസൻ എന്ന് വേണം കരുതാൻ. കെ ജി ജോർജ്, ലോഹിതദാസ്, എന്നിവർ തുടങ്ങി സിദ്ദിഖ് ലാൽ വരെയുള്ളവർ സമാനമായ സാഹിത്യ സങ്കേതകൾ സിനിമ എഴുത്തുകളിൽ പ്രയോഗിച്ചിരുന്നു എന്ന് വേണം കരുതാൻ.
ശ്രീനിവാസൻ | PHOTO : WIKI COMMONS
സാഹിത്യ ഘടന
എന്താണ് ഇത്തരം സിനിമകളുടെ സവിശേഷതകൾ? എങ്ങനെയാണ് അത് മറ്റു മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമാകുന്നത്? അതിന്റെ സാഹിത്യ രൂപങ്ങൾ, ഘടകങ്ങൾ, അവ ബന്ധിപ്പിച്ചുണ്ടാക്കുന്ന അർത്ഥങ്ങൾ, അതുല്പാദിപ്പിക്കുന്ന അർത്ഥങ്ങൾ സവിശേഷമാകുന്നത് എങ്ങനെയാണ് എന്ന് പരിശോധിക്കേണ്ടി വരും.
ശ്രീനിവാസൻ കൂടി ഉൾപ്പെട്ട ഇത്തരം സിനിമ സങ്കേതങ്ങൾ കേരളത്തിലെ ഹിന്ദു സാമൂഹിക ഘടനയെ വിമർശവബോധത്തോടെ സമീപിച്ചു എന്ന് വേണം പ്രാഥമികമായി കരുതാൻ. എൺപതുകൾക്ക് ശേഷം ഉയർന്നുവന്ന ഇത്തരം സിനിമകൾ പ്രശ്നവത്കരിച്ചത് ഹിന്ദു സമുദായത്തിനകത്തെ സവർണ ജീവിത പരിസരത്തിലെ യാഥാസ്ഥിതകത്വവും, അരാചകത്വങ്ങളും, പരസ്പര മത്സരങ്ങളും, കീഴാളരോടുള്ള അവരുടെ അധീശത്വജീവിത രീതിയുമാണ്. മറ്റു സിനിമകൾ സവർണരുടെ ജീവിത ദൈന്യതയും അവരുടെ പ്രശ്നങ്ങളും വിജയങ്ങളുമാണ് പ്രശ്നവത്കരിച്ചതെങ്കിൽ ഈ സിനിമാ സാഹിത്യ രൂപങ്ങൾ ആ സാമൂഹിക വ്യവസ്ഥിതിയെ വിമർശവബോധത്തോടെ സമീപിക്കുകയാണ് ചെയ്തത്. എന്നാൽ ഈ സിനിമകൾ മിക്കതും തന്നെ കീഴാളരുടെ വിജയങ്ങളോ ജീവിതാസ്വാദനമോ സൗന്ദര്യശാസ്ത്രങ്ങളോ അതിന്റെ ഭാവുകത്വങ്ങളോ സാഹിത്യവത്കരിക്കുന്നതിൽ നിന്ന് അകലം പാലിച്ചു എന്നുള്ളത് വസ്തുതയാണ്.
ഇവയുത്പാദിപ്പിക്കുന്ന അർത്ഥതലങ്ങൾക്ക് പൊതു സവിശേഷതകളുണ്ട്. അത് സവർണ കുടുംബങ്ങളിലും അയൽവക്കങ്ങളിലും പശ്ചാത്തലത്തിൽ നിലനിൽക്കുന്ന കൂട്ടായ്മയുടെ സ്വഭാവം വരച്ചു കാണിച്ചു എന്നുള്ളതാണ്. ഈ കഥാഗതിയിൽ മിക്കപ്പോഴും സവർണ പുരുഷൻ വ്യവസ്ഥിതിയിൽ അകപ്പെട്ടു തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ ഉഴലുന്നവരാണ്. വ്യവസ്ഥിതിയിൽ തന്നെ ശക്തമാകുകയും എന്നാൽ അതിനെ സംരക്ഷിക്കേണ്ട ബാധ്യത ഉൾകൊള്ളുന്നതുകൊണ്ട് ഒരു തിരഞ്ഞെടുപ്പും പ്രവർത്തനവും കാഴ്ചവെക്കാൻ കഴിയാതെ കഥാഗതിയിൽ തോറ്റുപോകുന്നവരാണ് മിക്കവാറും ഈ നായകന്മാർ. അവർ കരുത്തില്ലാത്തവരല്ല മറിച്ചു വ്യവസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത അവരിൽ കൂടി അലിഞ്ഞു ചേർന്നിരിക്കുകയാണ്. എന്നാൽ മിക്കവാറും ഈ സിനിമകൾ ഉല്പാദിപ്പിക്കുന്ന കഥാഗതികളിൽ അധികാരരഹിതരായ മനുഷ്യർക്ക് കൂടുതൽ ശക്തരും ചുറ്റുമുള്ളവരുടെ ബലങ്ങൾക്ക് വിധേയരാവുകയാണെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറാകുന്നവരും അതിന് അനുസരിച്ചു പ്രവർത്തിക്കുന്നവരുമാണ്. കൂട്ടായ്മ, വരേണ്യ പുരുഷൻ, ശക്തരായ കീഴാളർ എന്നീ ഘടകങ്ങൾ കഥാഗതിയിൽ പരസ്പര ബലാബലങ്ങളും ബന്ധങ്ങളും സൃഷിടിക്കുമ്പോഴാണ് ഈ പുതിയ സിനിമ സങ്കേതങ്ങൾ അകലം വരെ നില നിന്ന മലയാള സിനിമയിലെ അർത്ഥതലങ്ങൾ പൊളിച്ചു പുതിയവ സൃഷിടിക്കുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കെ ജി ജോർജ്, ലോഹിതദാസ്, ശ്രീനിവാസൻ, സിദ്ദിഖ് ലാൽ
കെ ജി ജോർജിന്റെ സ്വപ്നാടനവും, ഇരകളും, മറ്റൊരാളും, ഈ കണ്ണികൂടിയും എല്ലാം കേരളത്തിലെ വരേണ്യ കുടുംബങ്ങൾക്കകത്തെ യാഥാസ്ഥികത്വവും അരക്ഷിതാവസ്ഥകളും പ്രശ്നവത്കരിച്ചവ ആയിരുന്നു. സ്വപ്നാടനവും സവർണ യാഥാസ്ഥിക കുടുംബത്തിൽ നിന്നും നഗര ലിബറൽ സമൂഹത്തിലേക്ക് പറിച്ചു നടപ്പെട്ട അതിനോട് ചേർന്ന് ജീവിക്കാൻ കഴിയാത്ത ഡോ ഗോപി എന്ന നായകന്റെ മാനസിക വ്യഥകളാണ് പറയുന്നതെങ്കിൽ, ഇരകൾ കുടിയേറ്റ വരേണ്യ ക്രൈസ്തവ കുടുംബത്തിലെ പുതു തലമുറയിലെ ബേബി എന്ന ചെറുപ്പകാരനിൽ സംഭവിക്കുന്ന മൂല്യശോഷണവും അക്രമണോല്സുകത നിറഞ്ഞ മത്സര ബുദ്ധിയുമാണ് പ്രശ്നവത്കരിച്ചത്. ഈ കണ്ണികൂടിയും സമാനമായി വരേണ്യ ക്രിസ്ത്യൻ ലിബറൽ കുടുംബത്തിലെ സൂസൻ ഫിലിപ് എന്ന സ്ത്രീയുടെ പ്രണയം എങ്ങനെ അവളുടെ ജീവിത സാഹചര്യങ്ങൾ മാറ്റി എന്ന് വിശദീകരിച്ചു. മറ്റൊരാളും സവർണ കുടുംബങ്ങളിലെ സ്ത്രീകൾ കടന്നുപോകുന്ന അരക്ഷിതാവസ്ഥയാണ് ചിത്രീകരിച്ചത്.
ലോഹിത ദാസിന്റെ സിനിമകളും ഈ മാതൃകകളിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ലോഹിതദാസിന്റെ തനിയാവർത്തനം യാഥാസ്ഥിക സവർണ കുടുംബങ്ങളിലെ അനാചാരങ്ങളും അന്ധവിശ്വാങ്ങളും എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് കാട്ടിത്തരികയാണ് ചെയ്തത്. കിരീടവും, ചെങ്കോലും ഇതേ അരക്ഷിതാവസ്ഥകളെ തന്നെ അവതരിപ്പിച്ചു. ഭൂതക്കണ്ണാടിയും, ഭരതവും, ദശരഥവും, അരയന്നങ്ങളുടെ വീട് എന്നിവയെല്ലാം സമാനമായ കഥാപരിസരങ്ങൾ ചിത്രീകരിച്ചവയാണ്.
ഇവയുടെ പൊതു സവിശേഷത സവർണ വരേണ്യ കൂട്ടായ്മകൾ മനുഷ്യനെ നിസ്സഹായമാക്കുകയും അത്തരം കൂട്ടായ്മകളിൽ സമഭാവനയോടെ മനുഷ്യർക്ക് പരസ്പരം മാനുഷിക മൂല്യങ്ങളിലും സഹോദര്യത്തിലും അധിഷ്ഠിതമായി ജീവിക്കാൻ സാധിക്കുന്നില്ല എന്നുള്ളതുമാണ്. കൂട്ടായ്മയുടെ സമ്മർദത്തിന് വിധേയപ്പെട്ട് അധികാരത്തിനും മറ്റു വിഭവങ്ങൾക്കുമായി പരസ്പരം മത്സരിക്കുമ്പോൾ തോളോട് തോൾ ചേർന്ന് നിൽക്കുന്നവരെ കയ്യൊഴിയുകയും പിന്നിൽനിന്ന് കുത്തുകയും ചെയ്യുന്ന വരേണ്യതയുടെ നിത്യജീവിതങ്ങളായിരുന്നു മിക്കപ്പോഴും ഇ സിനിമകൾ ചർച്ചയാക്കിയത്.
ലോഹിതദാസ് | PHOTO : WIKI COMMONS
ഒരുപക്ഷെ ഈ സംവിധായകർ ബലഹീനരായ വരേണ്യരെ ചിത്രീകരിക്കുന്നതിനിടക്ക് ബലവാന്മാരായ കീഴാളരെയും കഥാഗതിയിൽ ഉൾകൊള്ളിച്ചിരുന്നു എന്നും വാദിക്കേണ്ടി വരും. സ്വപ്നാടനത്തിലെയും, ഇരകളിലെയും, കോലങ്ങളിലെയും, ഈ കണ്ണികൂടിയിലെയും, ആദാമിന്റെ വാരിയെല്ലിലെ അനേകം സ്ത്രീകളും ശബ്ദങ്ങളും അഭിപ്രായങ്ങളും ഉള്ളവരായിരുന്നു. ലോഹിതദാസ് എഴുതിയ സിനിമകളിലെ ശബ്ദവും കരുത്തുമുള്ള ആകെ പുരുഷ ശരീരം മൃഗയയിലെ വാറുണ്ണി ആയിരിക്കും. കൂട്ടായ്മയുടെ അധീശത്വ സ്വഭാവം വാറുണ്ണിക്ക് നേരിടേണ്ടി വരുന്നെങ്കിലും അതിനെ അതിജീവിക്കാൻ കഴിയുന്ന ലോഹിത ദാസ് രചനകളിൽ കണ്ട അപൂർവം നായകന്മാരിൽ ഒരാളാണ് അത്തരത്തിൽ വാറുണ്ണി.
ശ്രീനിവാസൻ സിനിമകളെ സവിശേഷമായി പരിശോധിക്കേണ്ടതുകൊണ്ട് ഈ അവസരത്തിൽ സിദ്ദിഖ് ലാൽ എഴുതിയ സിനിമകളുടെ സാഹിത്യ സവിശേഷതകൾ കൂടി സൂചിപ്പിച്ചു പോകണം. എൺപതുകളുടെ അവസാനം സിനിമ സാഹിത്യത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന രണ്ടുപേരാണ് സിദ്ദിഖ് ലാൽ എന്നിവർ. അത്തരത്തിൽ കേരളത്തിലെ പുതിയ സിനിമ സാഹിത്യ സങ്കേതങ്ങളിൽ മാറ്റം വരുത്തിയവരാണ്. നാടോടിക്കാറ്റ്, രാംജി റാവു സ്പീകിംഗ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ അനേകം സിനിമകൾ എഴുതിയ ഈ ഇരട്ട എഴുത്തുകാരുടെ സിനിമ സാഹിത്യ സങ്കേതം സവിശേഷമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരേപോലെ ദരിദ്രൻ ആയിട്ട് പോലും കീഴാളനായ സഹനായകനോട് നിരന്തരം തന്റെ അധീശത്വവും അധികാരഭാവവും കാണിക്കുന്ന ഒരാളായി അവർ ദാസൻ എന്ന കഥാപാത്രത്തെ സ്വാംശീകരിച്ചു. വിജയനെക്കാൾ ഒരു തരത്തിലും അയാൾ കഴിവ് കൂടിയ ആൾ അല്ലാതിരുന്നിട്ടും ദാസന്റെ ഈ മനോഭാവം ന്യായീകരിക്കാൻ കഴിയുന്നതായിരുന്നില്ല. കഥാന്ത്യം വരെ വിജയന്റെയും ദാസന്റെയും പ്രവർത്തനങ്ങളും തീരുമാനങ്ങളും ഒരുപോലെ കഥാഗതിയെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. അത് അക്കാലയളവ് വരെ ഇല്ലാതിരുന്നൊരു മാറ്റം മലയാള സിനിമ സാഹിത്യത്തിന് നൽകി. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വരേണ്യ സാമൂഹിക കൂട്ടായ്മയുടെ സ്വാധീനം ഈ സിനിമയുടെ കഥാഗതിയിൽ നായകന്മാരെയോ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നില്ല, അല്ലെങ്കിൽ അവയെ പ്രതിരോധിക്കാൻ നായകന്മാർക്ക് കഴിഞ്ഞിരുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
റാംജി റാവു സ്പീകിംഗ് എന്ന സിനിമയുടെ കഥ രൂപപ്പെടുന്നത് പോലും ഈ വരേണ്യ കൂട്ടായ്മയുടെ അധീശത്വ സ്വഭാവത്തെയും വിവേചനത്തെയും നേരിട്ട് പ്രശ്നവത്കരിക്കുന്നതിലൂടെ ആയിരുന്നു. ഹിന്ദുസ്ഥാൻ കെമിക്കൽസിൽ ബാലകൃഷ്‌ണന് അവകാശപ്പെട്ട ജോലി ഒരു ശിവശങ്കരപണിക്കരുടെ മകൾ അവകാശപ്പെടുന്നതാണ് സിനിമയുടെ തുടക്കം. ഇവിടെ പ്രധാനപ്പെട്ട വസ്തുത അല്ലെങ്കിൽ ആരും ശ്രദ്ധിക്കാത്ത വസ്തുത ആരുടെ ജാതി സ്വത്വമാണ് ഇവിടെ പുറത്താകുന്നത് എന്നാണ്. തീർച്ചയായും ശിവശങ്കരപ്പണിക്കരുടെ മകളുടെ ജാതി സ്വത്വം മാത്രമേ അവിടെ പുറത്താകുന്നുള്ളു. നായകനായ ബാലകൃഷ്‌ണന്റെ ജാതി സ്വത്വം ഒരു രംഗത്തും വരുന്നില്ല. ബാലകൃഷ്‌ണന് ഏൽക്കുന്ന ജാതി വിവേചനമാണ് ആ സിനിമയുടെ ആദ്യത്തെ സീനിൽ തന്നെ കാണാനാകുക. വ്യക്തമാക്കാൻ അഭിമാനിക്കാവുന്ന ഒരു ജാതി സ്വത്വമുള്ള വ്യക്തികൾക്കും അതില്ലാത്തവർക്കും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പരിഗണനയുടെ വ്യത്യാസങ്ങളാണ് റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലെ ആദ്യ രംഗങ്ങൾ ദൃശ്യവത്കരിക്കുന്നത്. ആറുകൊല്ലമായി തനിക്ക് അവകാശപ്പെട്ട തൊഴിലിനായി ആവശ്യമുന്നയിച്ച് അയാൾ കമ്പനിയുടെ പടി കയറി ഇറങ്ങുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം തനിക്ക് നീതി ലഭിക്കും എന്ന സന്തോഷത്തിൽ തിരികെ പോകുന്ന ബാലകൃഷ്‌ണൻ എന്ന സായികുമാറിന്റെ കഥാപാത്രത്തെ വിവേചനം ചെയ്യാനാണ് ശങ്കരാടിയുടെ കഥാപാത്രം ശ്രമിക്കുന്നത്. ഇത്തരം രീതികളിൽ സിദ്ദിഖ് ലാൽ സിനിമകളും മലയാള സിനിമ സാഹിത്യത്തിൽ പുതിയ അർത്ഥതലങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ന് മലയാള സിനിമ എത്തിനിൽക്കുന്ന പുതിയ സിനിമ സങ്കേതങ്ങൾ ഉല്പാദിപ്പിക്കുന്ന അർത്ഥതലങ്ങളിൽ ഈ എഴുത്തുകാരുടെയും സിനിമ പ്രവർത്തകരുടെയും ശക്തമായ സാന്നിധ്യം ഉണ്ട്. അതിൽ ഏറ്റവും പ്രധാനിയും ശക്തനുമാണ് ശ്രീനിവാസൻ. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു സിനിമകളുടെ സാഹിത്യ സ്വഭാവം സവിശേഷമായി പരിശോധിക്കുന്നതിനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ശ്രീനിവാസൻ സിനിമകളിലെ അർത്ഥഘടകങ്ങൾ
നിലവിൽ കേരളത്തിലെ സ്ത്രീകൾ വിവാഹം ചെയ്യുന്നതിന് വിമുഖത കാണിക്കുന്നുണ്ട് എന്ന് ചില പ്രധാനപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. വിവാഹമാർക്കറ്റിലെ പുരുഷ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും ഇതൊരു വലിയ ഗൗരവതരമായ പ്രശ്ന വിഷയവും ചർച്ചയുമാണ്. കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ സ്ത്രീധന അതിക്രമങ്ങളുമായി ബന്ധപെട്ടു കൊല്ലപ്പെട്ടത് അനേകം സ്ത്രീകളാണ്. ഈ രണ്ടു സവിശേഷ സാഹചര്യങ്ങളും വ്യക്തമാക്കിത്തരുന്ന വസ്തുത കേരളത്തിലെ പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ചു സാമൂഹികമായ മാറ്റങ്ങളെ ഉൾകൊള്ളാൻ തയ്യാറാവുന്നില്ല എന്നതാണ്. അവരുടെ കൂട്ടായ ബോധവും കൂട്ടായ പ്രവർത്തനങ്ങളും സാമൂഹികമായി രൂപപ്പെട്ട അധികാര ക്രമത്തെ നിലനിർത്തികൊണ്ട് അവരുടെ മത്സരത്തെ ശക്തമാക്കുന്ന രീതിയിലാണ് മാതൃകയാക്കിയിരിക്കുന്നത്. ശ്രീനിവാസന്റെ ഈ സൂചിപ്പിച്ച രണ്ട് സിനിമകളും സമാനമായ പുരുഷ കഥാപാത്രങ്ങളെ വരച്ചുകാട്ടുകയാണ് ചെയ്തത്. ഈ സിനിമകൾ തമ്മിൽ പത്തു വർഷത്തെ വ്യത്യാസം ഉണ്ടെന്നും അവയെക്കൂടി സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നും കാണേണ്ടതുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
തളത്തിൽ ദിനേശൻ തീർച്ചയായും വളരെ യാഥാസ്ഥിതികമായ ഒരു സവർണ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. വീട്ടിൽ നിന്നും താൻ ഒരു കഴിവുകളും ഇല്ലാത്തയാളാണ് എന്ന കുറ്റപ്പെടുത്തൽ അമ്മയിൽ നിന്നും അമ്മാവനിൽ നിന്നും അയാൾ ഏൽക്കുന്നുണ്ട്. അനിയത്തിയും പലപ്പോഴും അയാളെ തമാശയായി കളിയാക്കുകയും ചെയ്യുന്നുണ്ട്. കഴിവ് തെളിയിക്കാനുള്ള ഒരു മത്സരത്തിലും അയാൾ ഏർപ്പെടുന്നില്ല. സമൂഹത്തിന്റെ ഘടനാപരമായ എല്ലാ സവിശേഷ അധികാരങ്ങളും അയാൾക്ക് ലഭ്യമാക്കുന്നുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തുവകകളിൽ ഒന്നായ പ്രസ് നടത്തി ആ വരുമാനം കൊണ്ടാണ് അയാൾ ജീവിക്കുന്നത്. ഈ കുടുംബത്തിനും പ്രെസ്സിനും പുറത്തൊരു സാമൂഹിക ജീവിതം അയാൾക്കില്ല. കഴിവ് തെളിയിക്കുവാനുള്ള ഒരു മത്സരത്തെയും അയാൾ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ഇണക്ക് വേണ്ടി പോലും മറ്റു മനുഷ്യരോടൊപ്പം ഒരു മത്സരം കാഴ്ച വെക്കാൻ അയാൾക്ക് കഴിയുന്നില്ല. മറ്റു മനുഷ്യരെ അവരുടെ കഴിവുകളെ അയാൾക്ക് അംഗീകരിക്കാൻ ഇക്കാരണം കൊണ്ട് തന്നെ വലിയ മടിയാണ്. സത്യത്തിൽ തളത്തിൽ ദിനേശൻ ഒരു മാനസിക രോഗി അല്ലെന്നും പാരമ്പര്യ അധികാരങ്ങൾ ലഭ്യമായിപോരുന്നതുകൊണ്ട് അതിജീവനത്തിന് വേണ്ടിയുള്ള സ്വതന്ത്രമായ മത്സരത്തിൽ ഏർപെടേണ്ടി വരാത്ത സാമൂഹികമായ മൂലധനങ്ങൾ ലഭ്യമായ എല്ലാ സവർണ പുരുഷ കേസരികളുടെയും പ്രതിനിധി ആണയാൾ എന്നും പുതിയ ചലച്ചിത്ര പ്രേമികളും സാഹിത്യ അന്വേഷകരും മനസിലാക്കേണ്ടി വരും.
അയാൾക്ക് ജീവിതത്തിൽ ഒരിക്കൽ പോലും തടസങ്ങളോ പ്രതിബന്ധങ്ങളോ നേരിടേണ്ടി വരുന്നില്ല. അയാളെ ഒരുപക്ഷെ മാനസിക രോഗി ആക്കിയില്ലായിരുന്നുവെങ്കിൽ ഇക്കാലത്തെ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെപോലെ തളത്തിൽ ദിനേശനും അക്കാലത്ത് ആരാധകർ ഉണ്ടാകുമായിരുന്നു. ഒരുപക്ഷെ മാനസിക രോഗി ആകിയില്ലായിരുന്നുവെങ്കിൽ അയാൾ മിക്കവാറും വരേണ്യ കുടുംബങ്ങളിലെ ഏതൊരു സാധാരണ പുരുഷനെയും പോലെ കൃത്യമായി കുടുംബം നോക്കുന്ന കുടുംബത്തിലെ സ്ത്രീകളെ അച്ചടക്കം പഠിപ്പിക്കുന്ന വാത്സല്യത്തിലെ കുടുംബ നാഥൻ മാത്രം ആയി മാറുമായിരുന്നു.
ദിനേശൻ നവ ഉദാരവത്കരണത്തിനും ഭൂമിയെ ചരക്കുവത്കരിക്കുന്നതിനും മുൻപുള്ള സമ്പത്ത് ക്രയ വിക്രയം വർധിക്കുന്നതിന് തൊട്ടുമുൻപുള്ള കേരളത്തിലെ സവർണ കുടുംബത്തിലെ അംഗമായിരുന്നു. എന്നാൽ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷ് ഇതിനെല്ലാം ഒടുക്കം 90 കളുടെ അവസാന പാദത്തിൽ ജീവിക്കുന്ന ഒരാളാണ്. അപ്പോഴേക്കും പാരമ്പര്യ ഭൂമിയിലെ അധികാരം കൊണ്ടും അത് വിറ്റും സ്ത്രീധനം വിറ്റും ഗൾഫിൽ പോയും വ്യവസായം ചെയ്തും എയ്ഡഡ് അധ്യാപന തൊഴിൽ കൈക്കൂലി നൽകി വാങ്ങിയും ജീവിക്കുന്ന പുതിയൊരു അഭ്യസ്ത വിദ്യരായ മെച്ചപ്പെട്ട സവർണ വിഭാഗം കേരളത്തിൽ ഉയർന്നുവന്നു. അവരുടെ പ്രതിനിധിയാണ് വിജയൻ. ഭൂവിതരണത്തിലും വിദ്യാഭ്യാസമേഖലയിലും അടക്കം സർക്കാർ നയങ്ങൾ കൊണ്ട് കീഴാളരല്ലാത്തവരുടെ നിത്യജീവിതം മെച്ചപ്പെട്ട രീതിയിൽ ആയി തുടങ്ങിയ സമയമായിരുന്നു അത്. വിജയൻ അത്തരമൊരു ചരിത്ര മൂഹൂർത്തത്തിലെ സവർണ കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധിയാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പണം കൊടുത്തു വാങ്ങിയ എയ്ഡഡ് സ്കൂളിലെ സർക്കാർ ജോലിക്ക് പോകുവാൻ അയാൾക്ക് ഒരു തരത്തിലും താല്പര്യമില്ല. സർക്കാരിനോടും വെൽഫെയർ സ്റ്റേറ്റിനോടും ആധുനിക വത്കരണത്തോടും എതിർപ്പുണ്ടായിരുന്ന സവർണ കുടുംബങ്ങളിലെ 90 കളിലെ കാരണവന്മാരുടെ പുതിയ തലമുറ പ്രതിനിധിയാണ് അയാൾ. സ്ഥിരമായ സർക്കാർ ജോലി ഉണ്ടെങ്കിൽ പോലും അയാൾക്ക് അതിനോടും പുച്ഛമാണ് എന്നാൽ വ്യവസായം ചെയ്യാനുള്ള മിടുക്കോ മറ്റു വിഭവങ്ങൾ നേടുന്നതിന് വേണ്ടിയുള്ള മത്സരപരമായ കഴിവോ ബുദ്ധിയോ സത്യത്തിൽ അയാൾക്കില്ല. സൂക്ഷിച്ചു പരിശോധിച്ചാൽ എൺപതുകളിലെ തളത്തിൽ ദിനേശന്റെ തന്നെ പുതിയ കേരളത്തിലെ പുതിയ പതിപ്പാണ് വിജയൻ എന്ന് നമുക്ക് മനസിലാകും. അയാൾക്ക് മറ്റുള്ളവരോട് മത്സരിക്കുവാനുള്ള കഴിവില്ല. മറിച്ചു പാരമ്പര്യ അധികാരങ്ങൾ വിശേഷിച്ചു ഭൂമിയും സ്ത്രീധനവും ഉപയോഗിച്ച് എളുപ്പത്തിൽ മത്സരത്തിൽ ഏർപെടാനാണ് അയാൾ ശ്രമിക്കുന്നത്. അയാളും തളത്തിൽ ദിനേശന് സമാനമായി സമൂഹത്തിലെ തടസങ്ങളെയോ പ്രയാസങ്ങളെയോ അതിജീവിക്കേണ്ടി വരുന്നില്ല. അയാൾ പലപ്പോഴും തളത്തിൽ ദിനേശന് സമാനമായി വ്യാജമായി ഉല്പാദിപ്പിച്ചെടുത്ത ഒരു ഇരയുടെ പദവി ഉടനീളം കഥാഗതിയിൽ ഏറ്റുപിടിച്ചു പോരുന്നുണ്ട്.
വടക്കുനോക്കിയന്ത്രത്തിൽ ശോഭ എന്ന ഭാര്യ അഭിപ്രായങ്ങളുള്ള ഒരാളാണെങ്കിൽ പോലും സിനിമയിൽ താൻ ഏർപ്പെട്ടിരിക്കുന്ന പ്രശ്നത്തെ അതിജീവിക്കാനായി അവർക്ക് വിശേഷിച്ചൊന്നും എഴുത്തുകാരനായ ശ്രീനിവാസൻ ഒരുക്കിവക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ചിന്താവിഷ്ടയായ ശ്യാമളയിൽ ഒരു പടികൂടി ശ്രീനിവാസൻ മുന്നോട്ട് വരുകയും ശ്യാമളയുടെ തീരുമാനം അവൾ ഏർപ്പെട്ടിരിക്കുന്ന പ്രശ്നത്തെ പരിഹരിക്കുന്നതായി അവരെ ശക്തയായി ചിത്രീകരിക്കുന്നതിൽ എത്തി നിൽക്കുകയും ചെയ്യുന്നു. സാമ്പത്തിക ക്രയവിക്രയങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ചെറു വ്യവസായങ്ങൾ വർധിച്ചു വന്ന കേരളത്തിന്റെ സാഹചര്യത്തിൽ ഒരു വ്യവസായിയാകാൻ കഴിവുണ്ടായിട്ടും സവർണ കുടുംബത്തിൽ പിറന്നുപോയതുകൊണ്ട് അഭ്യസ്ത വിദ്യനായ ഒരു സവർണ പുരുഷന്റെ ഭാര്യയായതുകൊണ്ട് അവസരങ്ങളിൽ മത്സരിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സ്ത്രീയുടെ തിരിച്ചു വരവായിരുന്നു സത്യത്തിൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ. അത് ഒരുപക്ഷെ മഹാഭാരതീയ അടുക്കള എന്ന നവ മലയാള സിനിമയേക്കാൾ മുൻപേ അടുക്കളയിലും വീടകങ്ങളിലും സവർണ ഹിന്ദു കുടുംബങ്ങളിൽ പെട്ട സ്ത്രീകൾ ആധുനിക കാലത്തു എങ്ങനെ തളച്ചിടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയ ചലച്ചിത്രമാണ് ഇത്. ഹിന്ദു ദൈവ വിശ്വാസം സ്ത്രീകളുടെ പ്രശ്നങ്ങൾ എങ്ങനെ സങ്കീർണമാക്കുന്നു എന്ന് വിജയന്റെ ശബരിമല തീർത്ഥാടന രംഗങ്ങളും സന്ന്യാസ രംഗങ്ങളും വഴി ആ സിനിമ കാലങ്ങൾക്ക് മുൻപേ കാണിച്ചു തന്നിരുന്നു എന്ന് നമ്മൾ ഓർക്കേണ്ടി വരും.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
വിജയനും ശ്യാമളയും താരതമ്യേന ലിബറൽ ആയ ഒരു സവർണ മധ്യവർഗ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. വിജയന്റെ ഉത്തരവാദിത്വമില്ലായ്മ കാരണം ആ വിവാഹത്തിൽ നിന്നും പിന്മാറുവാൻ ശ്യാമളയുടെ കുടുംബം അവളെ നിർബന്ധിക്കുന്നുണ്ട്. അവളെ സംരക്ഷിക്കാനും മറ്റൊരാളെ വിവാഹം ചെയ്യിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ടെങ്കിലും ശ്യാമള തിരഞ്ഞെടുക്കുന്നത് സ്വയം പര്യാപ്തയാകാനുള്ള ശ്രമങ്ങളാണ്. അത് സവർണ കുടുംബങ്ങളിൽ സ്ത്രീകളുടെ സ്വതന്ത്രമായ മത്സരങ്ങളെ അക്കാലത്ത് എങ്ങനെ കണ്ടിരുന്നു എന്നുള്ളതിന്റെ തെളിവാണ്. കഥാപരിസരങ്ങളിലും കൃത്യമായ ദിശാബോധങ്ങളില്ലാതെ അഭിപ്രായങ്ങളില്ലാതെ ജീവിക്കുന്ന വ്യക്തികളുമാണ്. പങ്കാളികളായ ശോഭയും, ശ്യാമളയും കൃത്യമായി അഭിപ്രായമുള്ള കാഴ്ചപ്പാടുകൾ ഉള്ള സ്ത്രീകളുമാണ്. എന്നാൽ തളത്തിൽ ദിനേശനും അങ്ങനെയുള്ള ആളായിരുന്നില്ല. അതിൽ നിന്നും വ്യത്യസ്തനായ വിജയൻ കൃത്യമായ അഭിപ്രായങ്ങൾ ഉള്ളയാളാണെങ്കിലും അത് അയാളുടെ വീടകങ്ങളിൽ മാത്രം പ്രാവർത്തികമാകുന്ന ഒന്നാണ് എന്ന് മനസിലാകും. സുഹൃത്തുക്കളുടെ മുന്നിലും മറ്റു അയ്യപ്പ ഭക്തരുടെ മുന്നിലും സന്യാസിമാരുടെ മുന്നിലും അയാൾ തീർച്ചയായും അഭിപ്രായമില്ലാത്ത തീർത്തും അശക്തനായ ഒരു വ്യക്തിയാണ്. സന്ന്യാസ സമൂഹത്തിൽ നിന്നും വിജയന് വിമർശനം ഏൽകുന്നതുപോലും അയാൾ ഒരു തരത്തിലുമുള്ള സ്വതന്ത്രമായ മത്സരത്തിൽ പങ്കെടുത്തിട്ടില്ല എന്നുള്ളതുകൊണ്ട് കൂടിയാണ്.
ഇത്തരത്തിൽ എല്ലാം ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത രണ്ടു സിനിമകൾ ഇന്ത്യൻ സാമൂഹിക ഘടനയിലെ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ സവർണ കുടുംബങ്ങളിൽ നില നിൽക്കുന്ന ലിംഗപരമായ വിവേചനങ്ങളെയും നിത്യജീവിതത്തിൽ അത് പുനരുല്പാദിപ്പിക്കപ്പെടുന്ന മാതൃകകളെയും ചർച്ച ചെയ്യുന്ന കഥാ ഘടനകളായിരുന്നു. സവർണ പുരുഷൻ, അയാളുടെ പങ്കാളി, കുടുംബം എന്ന സവർണ കൂട്ടായ്മ, അതിനെ നിലനിർത്തുന്ന വിശ്വാസ സംഹിതകൾ, വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ, ഭരണകൂടം എന്നിങ്ങനെ അനേകം ഘടകങ്ങൾ ചേർന്ന് ഉണ്ടാക്കിയെടുത്ത പരസ്പര ബന്ധങ്ങളുള്ള വലിയ വ്യവസ്ഥയെ ആണ് ശ്രീനിവാസൻ കഥകൾ ഉല്പാദിപ്പിച്ചത്. ഈ ഘടകങ്ങൾ തമ്മിലുള്ള പര്സപരമുള്ള ബന്ധങ്ങൾ ഉല്പാദിപ്പിക്കുന്ന വലിയ വ്യവസ്ഥ ഉല്പാദിപ്പിക്കുന്ന അർഥങ്ങൾ എങ്ങനെയാണ് ഒരു ബ്രാഹ്മണികമായ വ്യവസ്ഥയിൽ അവസരങ്ങളും സ്വീകാര്യതയും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്. അത് അക്കാലത്തെ മുൻപ് സൂചിപ്പിച്ച എണ്ണം പറഞ്ഞ സിനിമ എഴുത്തുകാർ തുടർന്നുവന്ന പുതിയ പൊളിച്ചെഴുതു രീതി ആയിരുന്നു. സവർണ ജാത്യാഭിമാനം കൊട്ടിഘോഷിച്ചു വന്ന മലയാള സിനിമകളിൽ ഈ നവ തരംഗ സിനിമകൾ ഉണ്ടാക്കിയ ഓളങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.


