TMJ
searchnav-menu
post-thumbnail

Outlook

ശ്രീധർ വെമ്പുവിന്റെ ദുഃഖം; ഡോ.പി.ഭാനുമതിയുടെയും

22 Nov 2025   |   5 min Read
എൻ പത്മനാഭൻ

ന്ത്യൻ ബഹുരാഷ്ട്ര സോഫ്റ്റ് വേർ കമ്പനിയായ സേഹോ കോർപ്പറേഷന്റെ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെയും തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് വിരമിച്ച ഡോ. പി. ഭാനുമതിയുടെയും ദുഃഖം വ്യത്യസ്തരീതിയിലാണെങ്കിലും ഒന്നാണ്-ഓട്ടിസം. ഓട്ടിസം തന്റെ വ്യക്തിപരമായ ജീവിതം നശിപ്പിച്ചു എന്നാണ് കോടീശ്വരനായ വെമ്പു പറയുന്നത്. അദ്ദേഹത്തിന്റെ മകന് ഓട്ടിസമാണ്. ഡോ.ഭാനുമതി ഓട്ടിസം മാനസികാവസ്ഥയുള്ള മൂന്ന് സഹോദരന്മാരുടെ കൂടപ്പിറപ്പാണ്. ആ ദുഃഖം സ്വന്തം ആത്മാവിൽ ആവാഹിച്ച് തന്റെ വ്യക്തിപരമായ ജീവിതം പരിപൂർണ്ണമായും ത്യജിച്ച് വെമ്പുവിനെ പോലുള്ള ഓട്ടിസം രക്ഷിതാക്കൾക്ക് വേണ്ടി ജീവിക്കുകയാണ് അവർ. ഓട്ടിസം മാനസികാവസ്ഥയിലുള്ള മകനെ വെമ്പു ഒഴിവാക്കി എന്ന് 2023ൽ അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ആരോപിച്ചത് വലിയ വാർത്ത ആയിരുന്നു. പ്രമീളയേയും ഇരുപതുകളിൽ നിൽക്കുന്ന മകൻ സിദ്ധാർഥിനെയും വിട്ട് വെമ്പു ഇപ്പോൾ മധുരയിലാണ് താമസിക്കുന്നത്. അമ്മയുടെ മരണശേഷം ഓട്ടിസം മാനസികാവസ്ഥയിലുള്ള മൂന്ന് സഹോദരന്മാരെ സംരക്ഷിക്കാൻ ഭാനുമതി തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. ഒപ്പം, ഒട്ടും പതറാതെ ഈ മാനസികാവസ്ഥയിലുള്ളവർക്ക് വേണ്ടി ഒരു പ്രസ്ഥാനം രൂപീകരിച്ചു. അവരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവർത്തനം ആരംഭിച്ചു- അസോസിയേഷൻ ഫോർ മെന്റലി ഹാൻറ്റി കാപ്ഡ് അഡൾട്ട്സ്(അമ്ഹ).

REPRESENTATIVE IMAGE | WIKI COMMONS
മകന്റെ ഈ അവസ്ഥ മൂലം താൻ മനോനില തകർന്ന് ആത്മഹത്യയുടെ വക്കിലെത്തി എന്ന് ട്വിറ്ററിൽ കുമ്പസരിച്ച വെമ്പു തന്റെ ഓട്ടിസം നിലപാടുമായി ഈ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ ഒരു വിവാദ അഭിപ്രായവുമായി പ്രത്യക്ഷപ്പെട്ടു- വാക്സിനുകൾ എടുക്കുന്നതാണ് കുട്ടികൾ ഓട്ടിസം മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാൻ കാരണമത്രെ. ഡോക്ടർമാർ അദ്ദേഹത്തിന്റെ ഈ വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്ത് ഇതൊരു ചർച്ചയാണ്. ഈ സമയത്ത് തന്നെയാണ്, ഓട്ടിസം ഒരു രോഗമല്ല, മാനസികാവസ്ഥയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് അസോസിയേഷൻ ഫോർ മെന്റലി ഹാൻറ്റികപ്ഡ് അഡൾട്ട്സ്(അമ്ഹ) എന്ന പ്രസ്ഥാനത്തിന്റെ ചരിത്രം ഡോ. ഭാനുമതിയുടെ ജീവിതാനുഭവങ്ങളിലൂടെ പുസ്തകരൂപത്തിൽ പുറത്തുവരുന്നത്- ഭാനുമതി അമ്ഹ പുസ്തകം.

ഓട്ടിസം മാനസികാവസ്ഥയിലായ ഒരു കുട്ടിയുടെ കാര്യം കൊണ്ട് ശ്രീധർ വെമ്പുവിനെപ്പോലെ വിഭവസമൃദ്ധനായ ഒരാൾ ആത്മഹത്യയുടെ വക്കിലെത്തും വിധം ദുഃഖിതനായി എന്ന് പറയുന്ന സാഹചര്യത്തിലാണ് മൂന്ന് ഓട്ടിസം അവസ്ഥയിലുള്ള സഹോദരന്മാരെ ഒരു സ്ത്രീ വർഷങ്ങളായി പരിപാലിച്ച് കൊണ്ടിരിക്കുന്നതും അതിന്റെ അനുഭവങ്ങളിൽ നിന്ന് ഇത്തരം ആളുകൾക്ക് വേണ്ടി ഒരു സ്ഥാപനത്തിന് രൂപം കൊടുത്ത് അതിനെ ഒരു പ്രസ്ഥാനമായി മാറ്റാൻ ശ്രമിക്കുന്നതും. തന്റെ വൈയക്തിക ജീവിതം നശിപ്പിച്ച ദീർഘകാല ദുരിതം(lengthy tragedy) എന്ന് കുറ്റപ്പെടുത്തി വെമ്പു ഭയത്തോടെ സമീപിക്കുന്ന ഓട്ടിസത്തെ ജീവിതകാലം മുഴുവൻ അലിവോടെ പേറാനാണ് ഭാനുമതി തീരുമാനിച്ചത്. ആ പേറലിന്റെ വേവും വിഹ്വലതകളും ആണ് ‘‘ഭാനുമതി അമ്ഹ’’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വെമ്പുവിന്റെ ഒരു ട്വീറ്റ് ലക്ഷക്കണക്കിന് ആളുകൾ വായിക്കും. ഈ പുസ്തകം പക്ഷെ, അധികമാരും വായിക്കാനിടയില്ല. കാരണം, ഇതൊരു സാധാരണക്കാരിയുടെ കഥയാണ്. അവർ സ്വന്തം പ്രവർത്തിയെ കാണുന്നത് ത്യാഗമായല്ല, മനുഷ്യത്വപരമായ ഉത്തരവാദിത്തമായാണ്. നമ്മുടെ ചുറ്റിലും ചാരിറ്റികൾ കോർപറേറ്റുകൾ ആയി വളരുകയും അതിന്റെ നടത്തിപ്പുകാർ നന്മമരങ്ങൾ ആയി ഭൂഖണ്ഡങ്ങളിലേക്ക് പടരുകയും ചെയ്യുന്ന കാലത്ത് ഈ പുസ്തകം പത്തിരുപതിനായിരം പേരെങ്കിലും വായിച്ചിരിക്കണം. ഏറ്റവും കുറഞ്ഞത് കേരളത്തിലെ ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളുടെ രക്ഷകർത്താക്കളെങ്കിലും. ഇല്ലെങ്കിൽ നമ്മളെന്ത് മനുഷ്യരാണ്! എന്ത് നാടാണ് നമ്മുടേത്!! ഓട്ടിസം ഒരു രോഗമാണ് എന്ന രീതിയിൽ ‘വിദഗ്ദ ചികിത്സ’ വാഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങൾ കേരളത്തിൽ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രത്യേകിച്ചും.

REPRESENTATIVE IMAGE | WIKI COMMONS
ജീവചരിത്രങ്ങൾ ഇപ്പോൾ രണ്ട് തരമാണ്-ക്വട്ടേഷൻ കൊടുത്ത് എഴുതിപ്പിക്കുന്നവയും ഒരാളുടെ ജീവിതം കണ്ട് പ്രചോദിപ്പിക്കപ്പെടുന്നവയും. ആദ്യത്തേത് സ്വന്തം പ്രമോഷന്റെ ഭാഗമാണ്. രണ്ടാമത്തേത് ഒരാളിൽ ജീവിതമുള്ളതിനാലാണ്. ആ ജീവിതം സമൂഹത്തെ പ്രചോദിപ്പിക്കുന്നതാകണം. ഭാനുമതി അമ്ഹ എന്ന പുസ്തകം പിറക്കാൻ കാരണം ആ പ്രചോദനമാകണം എന്നാണ് തോന്നുന്നത്. ഡോ.ഭാനുമതിയുടേത് മറ്റാർക്കുമില്ലാത്ത ജീവിതമാണ്. അതിലേക്ക് അവർ എത്തിപ്പെട്ട സാഹചര്യങ്ങൾ അത്യന്തം നാടകീയവും വ്യത്യസ്തവുമാണ്. അനന്യമായ ആ ജീവിതവും അത് രൂപപ്പെട്ട സാഹചര്യങ്ങളുമാണ് ഈ പുസ്തകത്തിന് പ്രചോദനമായത്. ഓട്ടിസം അവസ്ഥയുള്ളവർക്കായി അസോസിയേഷൻ ഫോർ മെന്റലി ഹാൻറ്റികപ്ഡ് അഡൾട്ട്സ്(അമ്ഹ) എന്ന പേരിൽ ഒരു സ്ഥാപനം ഉണ്ടെന്നും അത് നടത്തുന്നത് ഇയമ്മയാണെന്നും അറിയാവുന്നവർ വളരെ പരിമിതമാണ്. പറയുമ്പോൾ, കേന്ദ്ര സർക്കാരിന്റെ പ്രഥമ നാരീശക്തി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച ആളാണ് ഇവർ. അതിന്റെയൊന്നും ആഘോഷമോ അലങ്കാരമോ ഇവരുടെ ജീവിതത്തിൽ ഇല്ല. അങ്ങനെ ഒളിഞ്ഞുകിടന്ന ഒരു മാണിക്യത്തെ കണ്ടെത്തി സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഈ പുസ്തകം. അതിലുപരി, ഓട്ടിസം അവസ്ഥയെയും, അതിനിരയാകുന്നവരുടെയും അവരുടെ കുടുബങ്ങളുടെയും അനാഥത്വത്തെയും ചർച്ചക്ക് വെക്കുകയാണ് ഈ പുസ്തകം.

REPRESENTATIVE IMAGE | WIKI COMMONS
പട്ടാമ്പിക്കടുത്ത് കൊടുമുണ്ട എന്ന ഗ്രാമത്തിൽ എന്ത് അട്ടഹാസവും നടത്താൻ മടിയില്ലാതിരുന്ന ജന്മി പനമ്പറ്റ ഗോപി മേനോന്റെ പന്ത്രണ്ട് മക്കളിൽ പതിനൊന്നാമത്തെ ആളായ ഭാനുമതി അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ അമ്മ ആയി രൂപാന്തരപ്പെട്ട ജീവിതമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടിൽ മൂന്ന് പേർ മാനസിക വളർച്ച എത്താത്തവർ. ഓട്ടിസം എന്നൊന്നും കേൾക്കാത്ത കാലം. അതിനാൽ സമൂഹം അവരെ ഭ്രാന്തന്മാർ എന്ന് വളിച്ചു. മനസിന്റെ താളം തെറ്റിയ ഒരാളെ കൈകാര്യം ചെയ്യാനുള്ള പാട് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോൾ ഒരു രീതിയിലും പിടിച്ചാൽ കിട്ടാത്ത മുന്ന് കുട്ടികളുമായി അവരുടെ അമ്മ പുല്ലാര കാർത്യാനിയമ്മയുടെ ജീവിതം എങ്ങനെയിരിക്കും! തന്റെ കണ്ണടയുന്നതിന് മുമ്പ് ഈ കുട്ടികളെ അങ്ങ് എടുത്തോളണമേ എന്ന് പ്രാർഥിച്ച ലോകത്തിലെ ഏക അമ്മ അവരായിരുന്നു. അമ്മ അനുഭവിക്കുന്ന നീറ്റലും നോവും ആവാഹിച്ച് വളർന്ന ഭാനുമതിയെ തന്റെ മൂന്ന് സഹോദരന്മാർ അനുഭവിക്കുന്ന ദുരിതവും അവർക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന അമ്മയും അതിനോടെല്ലാം മുഖം തിരിച്ച് നിന്ന അച്ഛനും നയിച്ചത് ശാശ്വതമായ അസ്വസ്ഥ്യത്തിലേക്കാണ്. സ്നേഹം ഒഴികെ ഒന്നിനും കുറവില്ലാതിരുന്ന പനമ്പറ്റ തറവാട്ടിൽ ഒറ്റപ്പെട്ട സാഹചര്യത്തിലും ഭാനുമതി അമ്മക്ക് വാക്ക് കൊടുത്തു, അമ്മ ഇല്ലാതാവുന്ന കാലത്ത് ഞാൻ സഹോദരന്മാരെ പരിപാലിക്കുമെന്ന്.

അമ്മയാണ് ആദ്യം മരിച്ചത്. അതിന് മുന്നേ ഭാനുമതി കോളേജ് അധ്യാപികയായി. വിവാഹം കഴിഞ്ഞു. അതിൽ താരതമ്യം ഇല്ലാത്ത തരത്തിൽ വഞ്ചിക്കപ്പെട്ടു. അതിന്റെ കനത്ത മാനസികാഘാതങ്ങൾ, അതിൽ നിന്നുള്ള നാടകീയമായ രക്ഷപ്പെടൽ, അതിനിടയിൽ സുവോളജിയിൽ ഡോക്ടറേറ്റ് എടുത്തു. പിന്നീട് മറ്റൊരാൾ ജീവിതത്തിലക്ക് വരുന്നു. അയാൾ സ്വജാതി അല്ലെന്ന കാരണത്താൽ ആൺകോയ്മയുടെ ആൾരൂപമായ ഗോപി മേനോൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി പിണ്ഡം വെക്കുന്നു. അങ്ങനെ ഒരുപാട് ദുരന്തങ്ങളിലൂടെ അവർ കടന്നുപോയി. അതൊരു നീണ്ട കഥ. അമ്മ മരിക്കുന്ന സമയത്ത് ഡോ. ഭാനുമതി പോസ്റ്റ് ഡോക്റ്ററൽ പഠനങ്ങൾ ആരംഭിച്ചിരുന്നു. മരണവീട്ടിലേക്ക് ഭാനുമതിയെ കയറ്റാൻ ഉഗ്രപ്രതാപിയായ ഗോപിമേനോൻ തയ്യാറായില്ല. അങ്ങനെയൊക്കെയുള്ള നിരവധി സംഭവങ്ങൾ.

REPRESENTATIVE IMAGE | WIKI COMMONS
അമ്മയുടെ മരണത്തോടെ നിരാലംബരായ സഹോദരന്മാരെ തൃശൂരിലെ വാടക വീട്ടിൽ കൊണ്ടുവന്നതോടെ ആണ് ഓട്ടിസം സ്കൂൾ എന്ന ആശയം വരുന്നത്. ഭ്രാന്തന്മാരെ പഠിപ്പിക്കുന്ന ഇടം എന്ന പേരിൽ അതിന് ഒരു കെട്ടിടം വാടകക്ക് കൊടുക്കാൻ വിമുഖത കാട്ടിയവരുണ്ട്. കോളേജ് അധ്യാപനവും ഓട്ടിസം സ്കൂൾ നടത്തലും മൂന്ന് സഹോദരന്മാരുടെ പരിചരണവുമായി ഇഴഞ്ഞ് നീങ്ങിയ നാടകീയത നിറഞ്ഞ ജീവിതം. അതിനിടയിൽ തന്നെ പുറത്താക്കിയ അച്ഛനെ രോഗാതുരമായ അവസ്ഥയിൽ ശുശ്രൂഷിക്കേണ്ട ചുമതല ഏറ്റെടുത്തു. സട കൊഴിഞ്ഞ അക്കാലത്തും ഗോപി മേനോൻ ആഡ്യത്വം വിടാൻ തയ്യാറായിരുന്നില്ല. തന്റെ രക്തത്തിൽ പിറന്ന മൂന്ന് മക്കളെ അവരുടെ നിരാലംബതയിൽ സ്വന്തം ജീവിതം ഹോമിച്ച് പരിപാലിക്കുന്ന അവരുടെ സഹോദരിക്ക് ആ അവസ്ഥയിലും ഗോപി മേനോൻ ഒന്നും കൊടുത്തില്ല. മറ്റ് കൂടെപ്പിറപ്പുകളും തിരിഞ്ഞ് നോക്കിയില്ല. അങ്ങനെ ജീവിച്ച് തീർക്കുന്ന ഒരു ജീവിതത്തെയും അതോടൊപ്പം കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെയുമാണ് ഈ പുസ്തകത്തിൽ ഒരു നോവലിലെന്ന പോലെ ചിത്രീകരിക്കുന്നത്. തുല്യപ്രധാനമായ ഒരു അടര് ഓട്ടിസം മാനസികാവസ്ഥയും അതിന്റെ പ്രതിസന്ധികളുമാണ്. കുടുംബത്തെ ഓട്ടിസം എങ്ങനെ വേട്ടയാടും എന്നതിനെ കുറിച്ചുള്ള പ്രശ്നങ്ങളും ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ഓട്ടിസത്തിന്റെ നാനാവശങ്ങളെക്കുറിച്ചും അമ്ഹ എന്ന സ്ഥാപനത്തിന്റെ വളർച്ചയെക്കുറിച്ചും ഡോ. ഭാനുമതിയുടെ സംഭവബഹുലമായ ജീവിതത്തിൽ ചാലിച്ച് എഴുതിയതാണ് ഈ ജീവചരിത്രം.

ഡോ.ഭാനുമതിയുടെ വ്യക്തിത്വം രൂപപ്പെടുത്തിയ 1960 മുതലുള്ള രണ്ട് ദശകങ്ങളിലെ ടിപ്പിക്കൽ മലബാറിലെ ഒരു ഫ്യൂഡൽ ഗ്രാമത്തിന്റെ ചിത്രം ഈ പുസ്തകത്തിൽ നിന്ന് വായനക്കാരന് ലഭിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. ഏറെക്കുറേ നോവലിന്റെ ശൈലിയിലാണ് ഗ്രന്ഥകർത്താവായ കെ.വി.സുമംഗല രചന നിർവഹിച്ചിരിക്കുന്നത്. ഒരു തലത്തിൽ ജീവചരിത്രവും മറുതലത്തിൽ നോവലും എന്ന രീതി. അതുകൊണ്ട് ഭാനുമതി അമ്ഹ എന്ന പുസ്തകത്തെ ഡോക്യുഫിക്ഷൻ എന്ന പരിഗണനയിൽ പെടുത്താം. സമാനരീതിയിൽ ‘സാറാ ജോസഫ്-എഴുത്തുകാരിയുടെ ഉളളിൽ’ എന്ന പേരിൽ ഒരു ഗ്രന്ഥം ഇവർ രചിച്ചിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഈ പുസ്തകം പ്രസക്തമാകുന്നത് ഇന്ത്യയിൽ 68 കുട്ടികളിൽ ഒരാൾക്ക് എന്ന തോതിൽ ഓട്ടിസം വൈകല്യമുണ്ട് എന്ന കണക്ക് അറിയുന്നിടത്താണ്. ഏതാണ്ട് രണ്ട് കോടിയോളം ഓട്ടിസം ബാധിതർ ഇന്ത്യയിലുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്ക്. ഓട്ടിസം വൈകല്യമുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. സാമ്പത്തികമായി താഴെ തട്ടിലുള്ള കുടുംബങ്ങളിൽ ഉണ്ടാകുന്ന ഓട്ടിസം ബാധിതരുടെ പരിപാലനം അത്ര എളുപ്പമല്ല. ഈ പ്രശ്നമാണ് അമ്ഹ ഉയർത്തുന്നത്. സർക്കാരുകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ നയമില്ല. വിശാലമായ അർഥത്തിൽ ഡോ. ഭാനുമതി ഉയർത്തുന്നത് ഈ അടിസ്ഥാന പ്രശ്നമാണ്. ആറ് പതിറ്റാണ്ട് കാലത്തെ ജീവിതാനുഭവങ്ങൾ കൊണ്ടാകാം, അവരുടെ ശബ്ദം വളരെ പതിഞ്ഞതാണ്. ചാരിറ്റിയുടെ വെള്ളി വെളിച്ചത്തിൽ തിളങ്ങാനറിയാത്ത, ദുരിതങ്ങൾ മാത്രം ഭക്ഷിച്ച ഡോ. ഭാനുമതിയുടെ ചോദ്യങ്ങളും സാന്നിധ്യവും പ്രതിധ്വനിപ്പിക്കുകയാണ് കെ.വി.സുമംഗല ഈ പുസ്തകം വഴി ചെയ്യുന്നത്.










#outlook
Leave a comment