TMJ
searchnav-menu
post-thumbnail

Outlook

വിദ്യാർത്ഥി രാഷ്ട്രീയം: കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ

07 Feb 2025   |   6 min Read
നിഹാരിക ബീജ പ്രദോഷ്, മുഹമ്മദ് ഹനീൻ

ക്യാമ്പസുകളിലെ മുഖ്യധാരാ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള അക്രമങ്ങൾ പുതിയ സംഭവമല്ല. ഓരോ ക്യാമ്പസിലും ആർക്കാണ് കരുത്ത് എന്ന് പ്രദർശിപ്പിക്കാൻ അതത് സംഘടനകൾ കാലങ്ങളായി കയ്യൂക്ക് ഉപയോഗിച്ച് പോരുന്നു. ഏറ്റവും അവസാനം ഇത്തരത്തിൽ ഒന്ന് നമ്മൾ കാണുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ടാണ്.

എം എസ് എഫ് -കെ എസ് യു മുന്നണിയുടെ നേതൃത്വത്തിലുള്ള ‘കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ’ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടത്തിയ ക്യാമ്പസ് കാർണിവല്ലിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് യൂണിവേഴ്സിറ്റി കലോത്സവം സംഘർഷഭരിതമാക്കിയത്. യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള ‘ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ’ (DSU) ഓഫീസ് എം എസ് എഫ് - കെ എസ് യു  സഖ്യം കാർണിവലിനിടയിൽ ആക്രമിക്കുകയും അതിനെതിരായ പ്രത്യാക്രമണം കലോത്സവത്തിലുടനീളം നടക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. ഡി എസ് യു ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് എം എസ് എഫ് - കെ എസ് യു മുന്നണിയുടെ ന്യായീകരണം: യൂണിവേഴ്സിറ്റി യൂണിയൻ്റെ പരിപാടികൾ ഡീപ്രമോട്ട് ചെയ്യാനായി ക്യാമ്പസിൽ പഠിക്കുന്ന എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗത്തിന്റെ നിർദ്ദേശ പ്രകാരം കാർണിവലിൽ മനപൂർവ്വം സംഘർഷം ഉണ്ടാക്കിയെന്നതാണ്. ഇതിനു തെളിവായി 32 സെക്കൻ്റ് സമയ ദൈർഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പും അവർ പ്രചരിപ്പിക്കുന്നുണ്ട്. തൃശൂരിൽ നടന്ന ഡി-സോൺ കലോത്സവത്തിൽ എസ് എഫ് ഐ  പ്രവർത്തകനെ  കെ എസ് യു ക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊതു സമൂഹത്തിൽ ചെറുതല്ലാത്ത ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളിൽ കാലങ്ങളായി എസ് എഫ് ഐയുടെ മർദ്ദനമേൽക്കേണ്ടി വന്ന എം എസ് എഫ്- കെ എസ് യു പ്രവർത്തകർ അവർക്ക് അധികാരം ലഭിച്ചപ്പോൾ തിരിച്ചടിക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗിക്കുകയാണെന്നുള്ള നരേഷനാണ് വിദ്യാർത്ഥി സമൂഹത്തിനിടയിൽ ഉള്ളത്.

വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർ എന്ത് കൊണ്ടാണ് ഇങ്ങനെ തമ്മിൽ തല്ലേണ്ടുന്ന അവസ്ഥയിലേക്ക് പോകുന്നത്. ബലപ്രയോഗവും അധികാരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് അത് വെളിവാക്കുന്നത്. ഓരോ ക്യാമ്പസുകൾക്കും അതിൻ്റേതായ "ദേശീയത"യുണ്ട്. ഓരോ ക്യാമ്പസും അതിന്റെ സംസ്കാരം, സ്വഭാവം എന്നിവയാൽ മറ്റ് ക്യാമ്പസുകളിൽ നിന്നും സൂക്ഷ്മാർത്ഥത്തിൽ എങ്കിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രകടമായി അത്തരം സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നത് സർക്കാർ ക്യാമ്പസുകൾ ആയിരിക്കും. അവിടങ്ങളിലാവും വിദ്യാർത്ഥികൾ തമ്മിലുള്ള അധികാര പ്രശ്നങ്ങൾ കൂടുതലും. അതിനർത്ഥം സ്വകാര്യ ക്യാമ്പസുകളിലെ മാതൃക സ്വീകരിച്ചു വിദ്യാർത്ഥി രാഷ്ട്രീയം വിലക്കണമെന്നല്ല. മാനേജ്മെന്റ് അധികാരത്തിൽ അവിടങ്ങളിൽ വിദ്യാർത്ഥിവിരുദ്ധമായ പ്രവർത്തനരീതിയാണ് തുടരുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഒരു സംവിധാനവും വിദ്യാർത്ഥികളുടെ പക്കൽ ഇല്ലെന്ന സാഹചര്യമാണ് ഉള്ളത്.

REPRESENTATIVE IMAGE | WIKI COMMONS
വിദ്യാർത്ഥി സമൂഹത്തിലെ കാലാനുസൃതമായ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സംഘടിതരായ മൂന്ന് കൂട്ടം വിദ്യാർത്ഥികളെ നമുക്ക് കാണാം. ഒന്നാമത്തേത് പ്രബല സംഘടിതർ: ഇതിൽ ഉൾപ്പെട്ടിട്ടുള്ള മിക്ക വിദ്യാർത്ഥികളും മുഖ്യധാരാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അരികുചേർന്ന് സഞ്ചരിക്കുന്നവരാണ്. അവയിൽ എല്ലാവരും കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ ഇത്തരം സംഘടനകളുടെ ഭാഗമായവർ പോലുമല്ല. കലാലയങ്ങളിലെ നിലനിൽപ്പ്, കുടുംബത്തിന്റെ രാഷ്ട്രീയ താല്പര്യം, സൗഹൃദം, പ്രാദേശിക രാഷ്ട്രീയം അങ്ങനെ പലവിധ കാരണങ്ങളാണ് ഉള്ളത്. അത്തരം വിദ്യാർത്ഥികൾ അവരുടെ വിദ്യാർത്ഥി ജീവിതം അവസാനിക്കുന്നതോടെ ഒന്നുകിൽ അത്തരം രാഷ്ട്രീയ ബന്ധങ്ങൾ അവസാനിപ്പിച്ചു തൊഴിലിലേക്ക് കടക്കുന്നു. അല്ലെങ്കിൽ ഈ സംഘടനകളുടെ മറ്റ് പോഷക സംഘടനകളിൽ ചേരുന്നു. മുഖ്യധാരാ സംഘടനകളിൽ അധികാരത്തോട് ഒട്ടിനിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ പദ്ധതികൾ ഉണ്ടായിരിക്കും. രണ്ടാമത്തേത് ചെറു സംഘടിതർ: വളരെ ചെറിയ കൂട്ടം വിദ്യാർത്ഥികളാണ് മുഖ്യധാരാ സംഘടനകളിൽ ഒതുങ്ങാതെ മറ്റ് രാഷ്ട്രീയ സാധ്യതകൾ അന്വേഷിക്കുന്നത്. ഇവർ ചെറു ഗ്രൂപ്പുകളായോ കലക്ടീവുകളായോ പ്രവർത്തിക്കുന്നു. മൂന്നാമത്തേത് അതിപ്രബല സംഘടിതർ: അസംഘടിതർ, അരാഷ്ട്രീയവാദികൾ എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന, പ്രത്യക്ഷത്തിൽ സംഘടിതമല്ലാത്ത വൈബ് ഗൈസ് എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന വലിയൊരു വിഭാഗം വോട്ടിങ്ങ് പോപ്പുലേഷനാണ് ഇവർ. ക്യാമ്പസുകളുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ ഇന്ന് വലിയ പങ്ക് വഹിക്കുന്ന വിഭാഗമാണ് ഇവർ. ഈ വിഭാഗത്തെ പ്രീണിപ്പെടുത്തുക എന്നതാണ് മുഖ്യധാരാ വിദ്യാർത്ഥി സംഘടനകൾ നിലവിൽ ഏറ്റെടുത്തിരിക്കുന്ന പ്രധാന ടാസ്ക്. അവരുടെ അരാഷ്ട്രീയവൽക്കരണത്തിൽ മുഖ്യധാരാ സംഘടനകളുടെ അക്രമരാഷ്ട്രീയത്തിനും പൊതുവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിനും പങ്കുണ്ട്. ഇവരെ പൂർണ്ണമായും മനസ്സിലാക്കാൻ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് ഇനിയും സാധിച്ചിട്ടില്ല. ഇതൊരു കീറാമുട്ടിയായി തുടരുകയാണ്. ഡിജിറ്റൽ യുഗത്തിൻ്റെ പ്രതിനിധികൾ കൂടിയായ ഈ വിഭാഗം വിദ്യാർത്ഥികളുടെ തോത് ഇപ്പോൾ വർദ്ധിക്കുന്നതായാണ് കാണുന്നത്. 

ക്യാമ്പസ് രാഷ്ട്രീയം വഴി വിദ്യാർത്ഥികൾക്ക് ഇടയിലെ ജനാധിപത്യത്തെ പരിപോഷിപ്പിക്കുക, തുറന്ന സംവാദ ഇടങ്ങൾ വളർത്തിയെടുക്കുക എന്നത് അവിടെത്തെ ആധിപത്യ ശക്തിയായിരിക്കുന്ന വിദ്യാർത്ഥി സംഘടനയുടെയോ/ഗ്രൂപ്പിൻ്റെയൊ താല്പര്യത്തിനോ നിയന്ത്രണത്തിനോ വിധേയമായിരിക്കുന്ന അവസ്ഥയാണുള്ളത്. അല്ലാത്തപക്ഷം പോരടിച്ചും കലാപം ചെയ്തും മാത്രമേ മറ്റൊന്ന് സാധ്യമാകുകയുള്ളൂ. പിന്തിരിപ്പൻ ആണെങ്കിലും പുരോഗമനപരമാണെങ്കിലും മറ്റൊന്നിനെ സ്ഥാപിക്കാനുള്ള പ്രോസസ് ഇത് തന്നെയായിരിക്കും. അതിനെ പൊതുവിൽ വിലയിരുത്തുന്നത് “വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അക്രമങ്ങൾ” എന്നാണ്. സത്യത്തിൽ അധികാരവും അതിനെ എതിർക്കുന്നവരും തമ്മിലുള്ള സംഘർഷമാണിത്. അതിൽ വർഗപരമായ മാനങ്ങളും ഉൾചേർന്നിരിക്കുന്നു. സമൂഹത്തിൻ്റെ പരിച്ഛേദമാണ് നമ്മുടെ ക്യാമ്പസുകളും അതിനുള്ളിലേ എല്ലാ രാഷ്ട്രീയ സമവാക്യങ്ങളും. ഈ വസ്തുതയെ വിസ്മരിച്ച് കൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തെ വിശകലനം ചെയ്യൽ സാദ്ധ്യമല്ല.

REPRESENTATIVE IMAGE | WIKI COMMONS
ഈ വെളിച്ചത്തിൽ അവസാനം നടന്ന സംഭവം പരിശോധിച്ചാലും ഈ അധികാര വടംവലി കാണാൻ സാധിക്കും. കാലങ്ങളോളം ‘കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ’ ഭരിച്ചിരുന്ന എസ് എഫ് ഐക്ക് അത് നഷ്ടമാവുകയും എം എസ് എഫ്  നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരികയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഇടയിൽ സ്വാധീനം ഉണ്ടാക്കാൻ എം എസ് എഫ് ഈ അവസരം മുതലാക്കുമെന്നും തങ്ങളുടെ അധികാരം ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന പ്രശ്നമാണ് എസ് എഫ് ഐ യെ ഇത്തരത്തിൽ ഒരു ബലപ്രയോഗത്തിലേക്ക് നീക്കിയിരിക്കുന്നത്. ഈ സംഭവത്തിൽ തന്നെ ഒരേ മുന്നണിയായി പ്രവർത്തിക്കുന്ന എം എസ് എഫും കെ എസ് യുവും തമ്മിലുള്ള സംഘർഷവും അധികാരവും ബലപ്രയോഗവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ അടിവരയിടുന്നുണ്ട്. 

പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ-സോണ്‍ കലോത്സവത്തിൽ ഒരേ മുന്നണിയിൽ ഉള്ള സംഘാടകരും യൂണിയന്‍ ഭാരവാഹികളും തമ്മിലാണ് സംഘർഷമുണ്ടായത്. കെ എസ് യു വിന് ആധിപത്യമുള്ള പാലക്കാട് ജില്ലയിൽ അവരുടെ ക്യാമ്പസുകൾക്ക് മേൽകൈ ലഭിക്കണമെന്നത് അവരുടെ ആവശ്യമാണ്. കെ എസ് യു യൂണിയൻ ഭരിക്കുന്ന പാലക്കാട് എൻ.എസ്.എസ് കോളേജിന് കലോത്സവത്തിൽ മുൻഗണന ലഭിക്കാത്തതിനെ തുടർന്നാണ് അവിടെ മുന്നണികൾക്ക് ഇടയിൽ സംഘർഷമുണ്ടാകുന്നത്. അത് ഒരേ മുന്നണി ആണെങ്കിൽ പോലും തങ്ങളുടെ മേൽക്കൈ നിലനിർത്താൻ അവർ ബലപ്രയോഗത്തിലൂടെ ശ്രമിക്കുമെന്നതിൻ്റെ ഉദാഹരണമാണ്.

വിദ്യാർത്ഥി രാഷ്ട്രീയത്തിന് പുറത്തുള്ള കേരളീയ രാഷ്ട്രീയത്തിലും ഇതിൻ്റെ നേർപകർപ്പ് നമുക്ക് കാണാൻ കഴിയും. വൈരുദ്ധ്യങ്ങളുടെ മൂർച്ചിക്കലിൻ്റെ അടിസ്ഥാനത്തിൽ അത് ഭരണ-പ്രതിപക്ഷ കക്ഷികളെ വാദപ്രതിവാദം മുതൽ കായിക സംഘട്ടനത്തിലേക്ക് വരെ എത്തിക്കും. ക്യാമ്പസുകൾ ചെറിയ യൂണിറ്റുകൾ ആയതുകൊണ്ടും വേഗത്തിൽ ഭരണകൂടത്തിന് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നത് കൊണ്ടും കായിക സംഘട്ടനത്തിലേക്കാണ് വേഗത്തിൽ അത് കടക്കുന്നത്. മറ്റൊന്നും (സംവാദവും അതുവഴിയുള്ള രാഷ്ട്രീയമേൽകൈ നേടിയെടുക്കലും പോലുള്ളവ) അതിനു അത്രത്തോളം പരിചിതമല്ല എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്.

Politics or violence; A debate on Kerala High Court's blanket ban on campus  politicsREPRESENTATIVE IMAGE | WIKI COMMONS
അധികാരത്തിന് വേണ്ടിയുള്ള സംഘർഷത്തിൽ ഈ വിദ്യാർത്ഥി സംഘടനകൾ ആരുടെ അധികാര താൽപര്യമാണ് സംരക്ഷിക്കുന്നത് എന്ന് പരിശോധിച്ചാൽ മധ്യവർഗ താൽപര്യങ്ങളാണ് മുഴച്ചു നിൽക്കുന്നത്. പക്ഷേ എസ് എഫ് ഐ യുടെ കാര്യത്തിലേക്ക് വന്നാൽ അണികളിൽ ഭൂരിപക്ഷവും തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നും മധ്യവർഗ്ഗത്തിന്റെ താഴ്ന്നതും ഇടത്തരവുമായ വിഭാഗത്തിൽ നിന്നും വരുന്നവരായത് കൊണ്ട് ഈ സംഘടനക്ക് അതിന്റെ യഥാർത്ഥ വർഗ്ഗതാല്പര്യം സൗകര്യപ്രദമായി മറച്ചു വയ്ക്കാൻ സാധിക്കുന്നുണ്ട്. എസ് എഫ് ഐ യുടെ ചരിത്രത്തിലെ 33-ഓളം വരുന്ന രക്തസാക്ഷികളിൽ ഭൂരിപക്ഷവും അതി ദരിദ്ര-തൊഴിലാളി വർഗ്ഗ പശ്ചാത്തലമുള്ളവരാണ്. ഇത് ജാതിവിരുദ്ധ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള കേരള പൊതു സമൂഹത്തിന് ഇടയിൽ തൊഴിലാളിവർഗ്ഗ മുഖംമൂടിക്ക് സൗകര്യമൊരുക്കികൊടുക്കുന്നു. ഇവർ നേരിടുന്ന മാധ്യമ വിചാരണയ്ക്കുള്ള ഒരു കാരണത്തിൽ താഴെ തട്ടിലുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉൾപ്പെടുന്നു എന്ന കാര്യവും പ്രാധാന്യമർഹിക്കുന്നതാണ്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും എൽ ഡി എഫ് മുന്നണിയിലെ സി പി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫിനോട് പോലും അവർ സഹിഷ്ണുത പുലർത്താറില്ല. കെ എസ് യു വലതുപക്ഷ മധ്യവർഗത്തേയും ഉപരിവർഗത്തെയും അതിന്റെ താല്പര്യങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്. സവർണ്ണ ക്രൈസ്തവർ, സവർണ്ണ ഹിന്ദുകളിലെ ഒരു വിഭാഗം, തെക്കൻ കേരളത്തിലെ സവർണ്ണ മുസ്ലിം വിഭാഗം എന്നീ ശ്രേണികളുടെ വർഗ്ഗതാൽപര്യമാണ് ഇവർ കൂടുതലായി ഉയർത്തിപ്പിടിക്കുന്നത്. എം എസ് എഫ് പ്രധാനമായും വടക്കൻ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനാ എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം.

വിദ്യാർഥി സംഘടനകൾ ഇടപെടുന്ന വിഷയങ്ങളിലൂടെയാണ് പ്രധാനമായും അവരുടെ വർഗ്ഗതാല്പര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിലെ  പട്ടികജാതി- വർഗ വിദ്യാർത്ഥികളുടെ ഇ- ഗ്രാന്റ് ( E-grantz) സ്കോളർഷിപ് കാലങ്ങളായി മുടങ്ങി കിടന്നിട്ടും പ്രമുഖ വിദ്യാർഥി സംഘടനകൾ ഒന്നും തന്നെ പ്രധാനപ്പെട്ട വിഷയമായി ഇതിനെ പരിഗണിക്കുകയോ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയോ ചെയ്തിട്ടില്ല. അഭിമന്യു ഉൾപ്പെടെയുള്ള കീഴാള ജനതയുടെ പ്രതീകമായ രക്തസാക്ഷികൾ ഉണ്ടായിട്ടും സവർണ്ണ സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് എസ് എഫ് ഐ ഉൾപ്പെടെയുള്ള സംഘടനകൾ എടുത്തത്. സംസ്ഥാനത്തെ സ്വകാര്യ സർവകലാശാലകളുടെ വരവ്, പുത്തൻ വിദ്യാഭ്യാസ നയത്തിൻ്റെ നടപ്പാക്കൽ, പരീക്ഷാ ഫീസ് വർദ്ധനവ്, സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ എന്നിവയിലൊക്കെ കേരളത്തിലെ പ്രമുഖ വിദ്യാർത്ഥി സംഘടനകൾ മൗനത്തിലാണ്. ഈ സംഘടനകളെ സംബന്ധിച്ചിടത്തോളം ക്യാമ്പസ് അധികാരം തന്നെയാണ് മുഖ്യപ്രശ്നം – അല്ലാതെ വിദ്യാർത്ഥികളുടെയോ തൊഴിലാളികളുടെയോ അവകാശങ്ങളല്ല.

ഇന്ത്യയിലുടനീളം വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും വിദ്യാലയങ്ങൾക്കും വന്നുകൊണ്ടിരിക്കുന്ന മാറ്റം അവിടെയുള്ള ഓരോരുത്തരെയും ബാധിക്കുന്നുണ്ട്. വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് തൊഴിലാളികൾ എന്നിങ്ങനെ ക്യാമ്പസ് നയങ്ങളാൽ ബാധിക്കപ്പെടുന്നവർ അനേകമാണ്. ഭരണകൂടത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് ക്യാമ്പസുകൾക്കുള്ളത്. എന്നാലിന്ന് കക്ഷിരാഷ്ട്രീയ താല്പര്യങ്ങളിലേക്ക് ക്യാമ്പസ് രാഷ്ട്രീയവും ചുരുങ്ങിയിരിക്കുന്നു. ക്യാമ്പസിന്റെ അധികാരമാണ് ഇന്നത്തെ മുഖ്യധാരാ വിദ്യാർത്ഥി സംഘടനകളുടെയും അവരുടെ മാതൃസംഘടനകളുടെയും സുപ്രധാന ലക്ഷ്യം.

Campus politics in Kerala and its deep gender bias - The Hindu BusinessLineREPRESENTATIVE IMAGE | WIKI COMMONS
സമകാലിക വിദ്യാർത്ഥി രാഷ്ട്രീയം കനത്ത വലതുവൽകരണത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മികച്ച കലാശകൊട്ട് നടത്തുന്ന സംഘടനയ്ക്ക് വോട്ട് കൂടുതൽ കിട്ടുന്ന കാലത്തിലേക്കാണ് കലാലയ രാഷ്ട്രീയം എത്തിനിൽക്കുന്നത്. “ഞങ്ങളാണ് കൂടുതൽ വൈബ്” എന്ന് തെളിയിക്കപ്പെടുക എന്നത് മാത്രമാണ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾക്ക് അതിജീവിക്കാനുള്ള വഴി എന്നതിലേക്ക് ക്യാമ്പസ് രാഷ്ട്രീയം ചുരുങ്ങിയിരിക്കുന്നു. കാലങ്ങളായി എസ് എഫ് ഐ ഭരിച്ചിരുന്ന ‘കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ’ യു ഡി എസ് എഫ് വിജയിക്കാനുള്ള കാരണവും ഈ വൈബ് തന്നെയാണ്. വൈബിന് ഒത്ത് പോയില്ലെങ്കിൽ കൈയ്യിൽ നിന്നും അധികാരം പോവുന്ന സ്ഥിതിയാണ്. വിദ്യാർത്ഥി സംഘടനകളുടെ സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്നും യൂണിയൻ നിലനിർത്തുക എന്നതിലേക്ക് മാത്രമായി ചുരുങ്ങുന്നത് കേരളീയ സമൂഹത്തിൽ ദീർഘകാല പ്രത്യാഘാതമാണ് ഉണ്ടാക്കുക. മറ്റൊരു വെല്ലുവിളിയായി നിൽക്കുന്നത് വൈബ് പരിപാടികൾക്ക് അപ്പുറമുളള യൂണിയൻ പരിപാടികൾക്ക് വിദ്യാർത്ഥി പ്രാതിനിധ്യം വളരെ കുറവാണ് എന്ന യാഥാർത്ഥ്യമാണ്.

പുത്തൻ വിദ്യാഭ്യാസ നയത്തിൻ്റെ മുഴുവനായ നടപ്പാക്കൽ ക്യാമ്പസ് രാഷ്ട്രീയം തന്നെ ഇല്ലാതാക്കിയേക്കും എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.

ക്യാമ്പസുകളിലെ രാഷ്ട്രീയ ചർച്ചകൾ ഭരിക്കുന്ന സർക്കാരിന് എതിരാവാൻ സാധ്യത ഉണ്ടെന്ന് കണ്ട് ഭരണാനുകൂല വിദ്യാർത്ഥി സംഘടനകൾ അവയെ ബോധപൂർവ്വം തടയുകയും പ്രതിപക്ഷ സംഘടനകൾക്ക് വിലകുറഞ്ഞ ആരോപണ- പ്രത്യാരോപണങ്ങൾക്ക് അപ്പുറം അതിനെ വികസിപ്പിക്കാൻ ശേഷിയില്ലാതെ പോവുകയുമാണ്. ബദൽ രാഷ്ട്രീയ സംഘടനകളെ ഭരണകൂടനടപടികളിലൂടെയും സാമൂഹികമായ ഒറ്റപ്പെടുത്തലുകളിലൂടെയും അരികുവൽക്കരിക്കുകയും ചെയ്യുന്നു. ഇത് കേരളീയ വിദ്യാർത്ഥി രാഷ്ട്രീയ പരിസരത്തെ നിശ്ചലമാക്കുകയും ദിശാബോധമില്ലാതാക്കുകയും ചെയ്യുന്നുണ്ട്.

16 colleges in Kerala figure in Top 100 in national rankings, Kerala, NIRF,  Top 100, Higher Education, IIT MadrasREPRESENTATIVE IMAGE | WIKI COMMONS
ഇന്ന് ക്യാമ്പസുകൾ ഇത്തരം അധികാര വടംവലിയുടെ ഇടങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. മുഖ്യധാരാ വിദ്യാർത്ഥി സംഘടനകളും അവർക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊണ്ട് അതത് സർക്കാരുകളും – അത് ഭരണപക്ഷം ആയാലും പ്രതിപക്ഷമായാലും – പിറകിലുണ്ട്. ഇവരുടെയൊക്കെ മറ്റ് പോഷക സംഘടനകളും ഒപ്പമുണ്ട്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിലായി എ ബി വി പി നടത്തുന്ന അക്രമങ്ങൾ കാണുന്നതാണ്. അവയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിൻബലമുണ്ട്. കേരളത്തിലേക്ക് വരുമ്പോൾ അത് എസ് എഫ് ഐ യും കെ എസ് യു വും എം എസ് എഫു ഉം കൂടെയായി മാറുന്നു.

തുടക്കത്തിൽ കലോത്സവ രംഗത്തെ സംഘർഷത്തിന് കാരണമായ സംഘടനാ വടംവലിക്കിടയിൽ കലോത്സവ നടത്തിപ്പ് വിദ്യാർത്ഥികളുടെ കൈകളിൽ നിന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ഇടപെടൽ അനിവാര്യമാണ്. കലക്കവെള്ളത്തിൽ ഉദ്യോഗസ്ഥഭരണമെന്ന മീനിനെപ്പിടിക്കുന്ന അടവുനയത്തിനെതിരായ ജാഗ്രത വേണം. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥി രാഷ്ട്രീയത്തിനും പ്രവർത്തനങ്ങൾക്കും കൂടുതൽ കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനായി ഉപയോഗിക്കും. എന്നാൽ, വിദ്യാർത്ഥി രാഷ്ട്രീയം വിലക്കുകയല്ല പോംവഴി എന്നും മെച്ചപ്പെട്ട രാഷ്ട്രീയവൽക്കരണത്തിന് വിദ്യാർത്ഥിസമൂഹം മുതിരണം എന്നുമാണ് കാലഘട്ടത്തിന്റെ ആവശ്യം.


ലേഖകരായ നിഹാരിക ബീജ പ്രദോഷ് ക്വിയർ വിദ്യാർത്ഥിയും
മുഹമ്മദ് ഹനീൻ സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ്




#outlook
Leave a comment