TMJ
searchnav-menu
post-thumbnail

Outlook

ചൈനയിലെ മെഡിസിന്‍ പഠനം: മിത്തും യാഥാര്‍ത്ഥ്യവും

21 Mar 2024   |   6 min Read
അരുൺ ദ്രാവിഡ്

ചൈന 

വിദേശത്തു നിന്നും പ്രത്യേകിച്ച് ചൈനയില്‍ മെഡിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളോട് മതിയായ യോഗ്യത ഇല്ലെന്നും പലരും നിലവാരമില്ലാത്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് ബിരുദം നേടുന്നത് എന്നുമുള്ള ആരോപണങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമാകുന്നുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമാന പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ പി ജി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സമാനമായ അത്രയ്ക്ക് കഠിനമായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്റെ (FMGE) ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനമായിരുന്നു എന്നും ഇതിനുകാരണം കുട്ടികള്‍ക്കും അവര്‍ പഠിക്കുന്ന സര്‍വകലാശാലയ്ക്കും നിലവാരം ഇല്ലാത്തതിനാല്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

2018 നു ശേഷം പരീക്ഷ കൂടുതല്‍ കടുപ്പമാവുകയും മെഡിക്കല്‍ പി ജി ക്ക് സമാനമായ ചോദ്യവും സിലബസുമാണ് പരീക്ഷാ ഫലത്തെ പ്രതികൂലമായി ബാധിച്ചത് എന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഫലം പരിശോധിച്ചാല്‍ ഓരോ വര്‍ഷവും പാസാകുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം ഏറെക്കുറെ തുല്യമാണ്. ഇത് കാണിക്കുന്നത് മറ്റു ചില നാഷണല്‍ പരീക്ഷകള്‍ പോലെ കട്ട് ഓഫ് നിലവാരവും ഓരോ വര്‍ഷവും ജയിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ശതമാനവും മുന്‍ നിശ്ചയിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടി വരും. 

മാത്രമല്ല, കോവിഡ് സമയത്തെ സെമസ്റ്ററുകളുടെ കാര്യത്തില്‍ തുടരുന്ന നിസ്സംഗത വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കുന്നുണ്ട്. കോവിഡ് മൂലം ഓണ്‍ലൈന്‍ ആയി പഠിച്ച സെമസ്റ്ററുകള്‍ വീണ്ടും ക്ലാസ്സില്‍ പഠിച്ചു കുറവ് നികത്തിയതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കാനാകൂ എന്നാണ് കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത്. എന്നാല്‍ എഫ്. എം. ജി. ഇ. പാസായ; ആവശ്യപ്പെട്ട രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ ആയിട്ടുപോലും തീര്‍ത്തും നിരുത്തരവാദപരമായാണ് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പെരുമാറുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നത്. വരുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നുണ്ട്. അവരുടെയും ഭാവി ആശങ്കയിലാണ്.

REPRESENTATIVE IMAGE | WIKICOMMONS
ഇന്റേണ്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍

വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ നാട്ടില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാലേ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ രജിസ്‌ട്രേഷന്‍, പ്രാക്ടീസ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. ഇങ്ങനെ രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത ഗ്രാന്‍ഡ് മാസാമാസം നല്‍കേണ്ടതുണ്ട്. 

എന്നാല്‍ വിദേശത്തു നിന്നും മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളും/മെഡിക്കല്‍ കോളേജുകളും ഈ സ്‌റ്റൈപ്പന്റ് നല്‍കാറില്ല. കഴിഞ്ഞവര്‍ഷം കേരളത്തിലെ പ്രധാന ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പിന് എടുക്കുന്ന വേളയില്‍ താന്‍ ഗ്രാന്‍ഡിന് അര്‍ഹയല്ല എന്ന് എഴുതി വാങ്ങിച്ചു എന്നൊരു പരാതി ഒരു വിദ്യാര്‍ത്ഥിനി പങ്കുവയ്ക്കുകയുണ്ടായി. 

ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷനും വിവാദങ്ങളും

വിദേശത്തുനിന്നും മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് നേടുന്നതിനുള്ള പരീക്ഷയാണ് എഫ്. എം. ജി. ഇ. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആണ് ഓരോ വര്‍ഷവും ഈ പരീക്ഷ നടത്തുന്നത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, യു. കെ., യു.എസ്. എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഈ പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷനിലെ മോശം പ്രകടനമാണ് വിദേശത്തു നിന്നും ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിരന്തരം ഉന്നയിക്കുന്ന വലിയ ആരോപണം. ഈ പരീക്ഷയിലെ കഴിഞ്ഞവര്‍ഷങ്ങളിലെ വിജയശതമാനം പരിശോധിച്ചാല്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കാണാനാവുന്നുണ്ട്. 


REPRESENTATIVE IMAGE | WIKICOMMONS
2022 വരെയുള്ള പാസ്സിങ് റേറ്റ് പരിശോധിച്ചാല്‍ വെറും 35% മാത്രമാണ് ശരാശരി വിജയശതമാനം. അതില്‍ത്തന്നെ നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വിജയശതമാനം കൂടുതല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ പരീക്ഷ എഴുതിയ 77% വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടു; വെറും 22% വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. എന്നാല്‍ ഇത് വിദ്യാര്‍ത്ഥികളുടെ നിലവാരമില്ലായ്മ ആണെന്ന് പറയുന്നത് തെറ്റായ നിരീക്ഷണമാണ്. 

കാരണം, ഒരു പരീക്ഷയിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനം മോശമാണെന്നു പറയുമ്പോള്‍ അവിടെ ഒരു താരതമ്യം ആവശ്യമായി വരുന്നുണ്ട്. അഥവാ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികളുമായി താരതമ്യപ്പെടുത്തിയെങ്കില്‍ മാത്രമേ വിദേശ ബിരുദധാരികള്‍ മോശം പ്രകടനമാണ് നടത്തിയത് എന്ന് പറയാനാകൂ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല, കാരണം ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്കായി സമാനമായ ഒരു പരീക്ഷ നിലവിലില്ല. അപ്പോള്‍ എങ്ങനെയാണ് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ല എന്ന് വിധി എഴുതുന്നത് എന്ന ചോദ്യം ഉദിക്കുന്നുണ്ട്.
 
മറ്റൊരു സംഗതി ഓരോ വര്‍ഷവും റീ അപ്പിയര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും ആദ്യമായി എഴുതുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരമാണ്. ഇത് പരീക്ഷ ഫലത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓരോ വര്‍ഷവും ആദ്യ ശ്രമത്തില്‍ പാസായവരുടെയും പല തവണ ശ്രമിച്ചിട്ട് കിട്ടിയവരുടെയും ഫലങ്ങള്‍ പ്രത്യേകമായി പരിഗണിച്ചാല്‍ വിവിധ രാജ്യങ്ങള്‍ക്ക് ഓരോ വര്‍ഷവും കിട്ടിയ വിജയത്തിന്റെ/പരാജയത്തിന്റെ തോതിനെ വേര്‍തിരിച്ച് കൃത്യമായി അറിയാന്‍ സാധിക്കും. നിലവിലെ രീതിയില്‍ മനസ്സിലാക്കിയാല്‍ ഏത് രാജ്യത്തെ സംവിധാനങ്ങള്‍ ആണ് മികച്ചത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അതുകൂടാതെ ഓരോ രാജ്യത്തുനിന്നും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വ്യത്യസ്തമാണ്; അതും ശരാശരി വിജയശതമാനം കണക്കാക്കുന്നതില്‍ വൈരുധ്യം സൃഷ്ടിക്കുന്നുണ്ട്.

2022 ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ദേശീയതലത്തില്‍ പുതിയ ഒരു ലൈസന്‍സ് പരീക്ഷ (NExT) ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇത് പക്ഷേ, ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും എഴുതേണ്ടി വരും, അതുകൊണ്ട് പല ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളും ഈ പരീക്ഷ വേണ്ട എന്ന നിലപാടിലാണ്. NExT വരുന്നതോടു കൂടി ഒരു ഏകീകൃത സ്വഭാവം ഉണ്ടാകുമെന്നാണ് വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

REPRESENTATIVE IMAGE | WIKI COMMONS
ചൈനയിലേത് നിലവാരമില്ലാത്ത സര്‍വകലാശാലകള്‍ എന്നത് സത്യമോ...?

ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ സംബന്ധിക്കുന്ന ഏറ്റവും വലിയ അഫോഡബിള്‍ ആയ എജ്യൂക്കേഷന്‍ ഡെസ്റ്റിനേഷന്‍ ആണ് ചൈന. 2019 ലെ കണക്കുപ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ അഡ്മിഷന്‍ നേടിയ ഒന്നാമത്തെ ഏഷ്യന്‍ രാജ്യവും ലോകത്തെ മൂന്നാം സ്ഥാനത്തുള്ള രാജ്യവും ചൈനയാണ്. 194 രാജ്യങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ പഠിക്കാന്‍ എത്തുന്നത്. അതില്‍ത്തന്നെ 77% വിദ്യാര്‍ത്ഥികളും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. (ഇതേ കാലയളവില്‍ ഇന്ത്യയിലേക്കും ഈ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്).

2018 ലെ ചൈനയിലേക്കുള്ള ഗ്രാജ്വേറ്റ് എന്റോള്‍മെന്റ് റേറ്റ് പരിശോധിച്ചാല്‍ 55,225 വിദ്യാര്‍ത്ഥികളില്‍ 52,946 പേരും എം. ബി. ബി. എസ് തിരഞ്ഞെടുത്തവരാണ്. ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ ഇരുപത്തി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ ഉപരിപഠനത്തിനായി എത്തിയിട്ടുണ്ട്. അതില്‍ ഏതാണ്ട് എഴുപത്തി അഞ്ചുശതമാനവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ചൈനയുടെ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച, ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതും ലോകാരോഗ്യ സംഘടനയുടെ (WHO) 'ഡയറക്ടറി ഓഫ് വേള്‍ഡ് മെഡിക്കല്‍ സ്‌കൂള്‍സില്‍' ഉള്‍പ്പെട്ട സര്‍വകലാശാലകള്‍ക്ക് മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുവാനും പഠിപ്പിക്കുവാനും അനുവാദമുള്ളൂ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സിലബസ് ആഗോള സ്റ്റാന്‍ഡേര്‍ഡില്‍, അതേ മാതൃകയില്‍ ആണ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗ്ലോബല്‍ ഇന്‍ഡക്‌സ് പ്രകാരമുള്ള യോഗ്യതകള്‍ പാലിക്കപ്പെടുന്നുണ്ട്. 

എന്തുകൊണ്ട് ചൈന...?

മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ചൈന ഒരു ആകര്‍ഷക കേന്ദ്രമാകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് സാമ്പത്തികം തന്നെയാണ്. കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ ഡിഗ്രികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ആദ്യത്തെ പ്ലസ് പോയിന്റ്. ഇന്ത്യയില്‍ കുറഞ്ഞത് ഒരു കോടിയിലധികം വേണ്ടിവരുന്ന എം. ബി. ബി. എസ്. പഠനം ഇരുപത് ലക്ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ ചൈനയില്‍ സാധിക്കുന്നുണ്ട്. മുന്‍പ് ഉണ്ടായിരുന്ന ഒരു ധാരണ കാശുള്ളവര്‍ മാത്രമാണ് വിദേശത്ത് പോയി പഠിക്കുന്നത് എന്നതാണ്. എന്നാല്‍ അത് മാറുകയും മിഡില്‍ ക്ലാസ്സില്‍ പെട്ടതും, അതിനുതാഴെയുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആളുകള്‍ വിദേശത്ത് പഠിക്കാന്‍ ഇന്ന് ശ്രമിക്കുന്നുണ്ട്. അതിനുകാരണം, നാട്ടിലെ ഭീമമായ ഫീസും വിദേശത്ത് ലഭിക്കുന്ന ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളുമാണ്. സെല്‍ഫ് ഫിനാന്‍സ് ചെയ്യുന്നവര്‍ക്ക് ചൈനയില്‍ ഒരു സെമസ്റ്ററില്‍ വെറും നാല് ലക്ഷം രൂപയാണ് ഫീസ്. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. 

REPRESENTATIVE IMAGE | WIKICOMMONS
മാത്രമല്ല, യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. 2018 നു ശേഷം നിങ്ഷിയാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും നീറ്റ് പരീക്ഷ പാസായവരാണ്. നാട്ടിലെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ യാതൊരു അടിസ്ഥാന സൗകര്യവും ഉറപ്പാക്കാതെ പഠിപ്പിക്കുമ്പോള്‍, ചൈനയില്‍ അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ക്ക് (സെല്‍ഫ് ഫിനാന്‍സിങ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) എല്ലാ സൗകര്യങ്ങളും ഉള്ള ഇവിടുത്തെ സര്‍ക്കാര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി / കോളേജുകളില്‍ തന്നെയാണ് അഡ്മിഷന്‍ ലഭിക്കുന്നത് എന്ന് മറക്കരുത്. മാത്രമല്ല, ചൈനയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളെക്കാള്‍ ആളുകള്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. ഈ സ്ഥാപനങ്ങളില്‍ പ്രാക്ടീസും ഇന്റേണ്‍ഷിപ്പും കഴിഞ്ഞിട്ടാണ് കുട്ടികള്‍ നാട്ടിലേക്ക് വരുന്നത്. 

ഇതോടൊപ്പം ചേര്‍ത്ത് പറയേണ്ടതാണ് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാന്‍ മതിയായ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ചൈനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. കുറഞ്ഞ ചിലവില്‍ ലോകോത്തര നിലവാരത്തില്‍ ഗുണമെന്മയുള്ള വിദ്യാഭ്യാസം ചൈനയില്‍ സാധ്യമാകുമ്പോള്‍ അതിനെ വില കുറച്ചു കാണിച്ചാല്‍ മാത്രമേ നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അവരുടെ കച്ചവടം നടക്കു. അതിന്റെ ഭാഗമായ കുപ്രചരണങ്ങള്‍ ആണോ ഇപ്പോള്‍ നടക്കുന്നത് എന്നും സംശയിക്കേണ്ടി വരും. 

മറ്റൊരു പ്രധാന കാര്യം, നിശ്ചയമായും അടിസ്ഥാന സൗകര്യങ്ങളാണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്യാമ്പസും ഹോസ്റ്റല്‍ സൗകര്യങ്ങളും ഒക്കെ അടങ്ങിയ സര്‍വകലാശാലകളാണ് ചൈനയുടെ പ്രത്യേകത. വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക ഉല്ലാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണുള്ളത്. യൂണിവേഴ്‌സിറ്റി ക്യാമ്പസുകള്‍ക്ക് ഉള്ളില്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ട്. മാത്രമല്ല, ജീവനുള്ള ജീവികളില്‍ പരീക്ഷണം നടത്തുവാനും, ഓരോരുത്തര്‍ക്കും പ്രത്യേകമായി ലാബ്/പരീക്ഷണ സൗകര്യങ്ങള്‍ ഉപയോഗിക്കുവാനും ഇവിടെ സാധിക്കുന്നുണ്ട്. ഇങ്ങനെ പഠന-ബോധന നിലവാരത്തില്‍ വലിയ ശ്രദ്ധ നല്‍കുവാന്‍ സാധിക്കുന്നുണ്ട്. 

REPRESENTATIVE IMAGE | WIKICOMMONS
ചൈനയിലെ എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, നാനോ സയന്‍സ് തുടങ്ങിയവയുടെ അനന്തസാധ്യതകളെ ആരോഗ്യ പരിപാലനരംഗത്തും ശസ്ത്രക്രിയയ്ക്കും ഉള്‍പ്പെടെ സമസ്ത മേഖലകളിലും ഇതിനോടകം ചൈനീസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളും ഹോസ്പിറ്റലുകളും വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തില്‍ ലോകോത്തര നിലവാരത്തിലാണ് ചൈനയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവയെപ്പറ്റി ധാരണ ഇല്ലാത്തവര്‍ നാട്ടില്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ഇവിടെ നിന്നും ബിരുദം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ അവതാളത്തില്‍ ആക്കുകയാണ്. ഇവയൊക്കെ മുന്‍പ് സൂചിപ്പിച്ചപോലെ നാട്ടിലെ സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ വേണ്ടിയാണോ എന്നതാണ് അറിയേണ്ടത്.

നമ്മുടെ നാട്ടില്‍ നിന്നും കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. കേരളത്തില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് പോയി പഠിക്കുന്നതിന് സമാനമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. അഥവാ ഈ കുടിയേറ്റം ഒരു സാധാരണ സംഗതിയാണ്. നമ്മുടെ നാട്ടില്‍ നിന്നും പുറത്തുപോയി പഠിച്ച ഈ വിദ്യാര്‍ത്ഥികളെ സാധ്യമായ രീതിയില്‍ നമ്മുടെ സിസ്റ്റത്തില്‍ ഉപയോഗപ്പെടുത്തുകയും വേണം. ലോകോത്തരമായ സാധ്യതകളെ പരിചയപ്പെട്ട ആളുകളെ നമ്മുടെ ആശുപത്രികളില്‍ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നത് നമുക്ക് ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. അല്ലാതെ അവരോട് തികച്ചും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ശരിയായ കാര്യമല്ല.

നാട്ടിലെ ചൈനയെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് നിലവാരമില്ലാത്ത സര്‍വകലാശാലകള്‍ എന്നുള്ള ആരോപണവും. ബോധപൂര്‍വം ഇത്തരത്തില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുകവഴി ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുകയാണ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത്.

റഫറന്‍സ്:

ഇതില്‍ കൊടുത്തിരിക്കുന്ന ഡാറ്റാകള്‍ WHO യുടെ അടക്കമുള്ള വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളാണ്.

FMGE ഫലത്തെ സംബന്ധിച്ച ഡാറ്റാ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഉള്ളതാണ്.




#outlook
Leave a comment