TMJ
searchnav-menu
post-thumbnail

Outlook

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപസംവരണവും പ്രാതിനിധ്യ പ്രശ്നങ്ങളും Part 1

04 Dec 2024   |   10 min Read
കെ. സന്തോഷ്‌ കുമാർ

ഉപസംവരണത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തിൽ വിലയിരുത്തുകയാണ് ആക്ടിവിസ്റ്റായ സന്തോഷ് കുമാർ

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്നത് ബിജെപിയുടെയും ഹിന്ദുത്വശക്തികളുടെയും പ്രഖ്യാപിതനയമാണ്. 2014ലെയും 2019ലെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണത്തിന് പുതിയ നിയമം നിർമ്മിക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നുണ്ട്. കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലിന്റെ കുഞ്ഞുപോലെയാണ് ഉപസംവരണം നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധി. വിരിയിച്ചത് സുപ്രീം കോടതിയാണെങ്കിലും കുഞ്ഞ് ബിജെപിയുടെയും ഹിന്ദുത്വത്തിന്റേതുമാണ്. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉപസംവരണം (subclassification) നടപ്പിലാക്കണമെന്ന 2024 ആഗസ്റ്റ് ഒന്നിലെ വിധിയിലേക്ക് സുപ്രീം കോടതിയെ എത്തിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബഞ്ച് ഉത്തരവിട്ട ഈ വിധി പ്രാതിനിധ്യക്കുറവുള്ള എസ് സി/എസ്ടി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ, ജാതിസംവരണത്തെ ഇല്ലാതാക്കി സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ആർഎസ്എസ് രാഷ്ട്രീയത്തിന്റെ നീക്കമാണ്. സംവരണം തന്നെ ഇല്ലാതാകും എന്നതാണ് ഇതിന്റെ ആത്യന്തികഫലം.

പട്ടികവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സാമ്പത്തികമായി പുരോഗതി നേടിയ സമുദായങ്ങളുമാണ് പട്ടികവിഭാഗ സംവരണത്തിന്റെ ഗുണഭോക്താക്കളെന്നും അവരാണ് സംവരണം "തട്ടിയെടുക്കുന്നത്" എന്നും പട്ടികവിഭാഗങ്ങളിലെ ദുർബല വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നില്ലെന്നും, അതുകൊണ്ട് പട്ടികവിഭാഗങ്ങളെ ഉപവർഗ്ഗീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തിൽ ജീവിതസാഹചര്യം മെച്ചപ്പെട്ട ദലിത്-ആദിവാസികളെ പല തട്ടുകളായി തരംതിരിച്ച് സംവരണം നൽകണമെന്നുള്ള സാമ്പത്തിക സംവരണവാദമാണ് സുപ്രീം കോടതി വിധിയിലൂടെ മുന്നോട്ട് വെക്കുന്നത്. ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിലല്ല കോടതി ഈ നിരീക്ഷണം നടത്തുന്നതും ഉത്തരവിടുന്നതും. റോബർട്ട് എഫ് കെന്നഡി സെന്റർ ഫോർ ജസ്റ്റിസ് ആന്റ് റൈറ്റ്സ്, ദലിത് അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവസർജൻ സംഘടനയുമായി ചേർന്ന് നടത്തിയ പഠനം, എ എം ഷായുടെയും ഉമാരാമസ്വാമിയുടെയും പഠനങ്ങളിലെ ചില ഭാഗങ്ങൾ സൂചിപ്പിക്കുക മാത്രമാണ് കോടതി ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ആധികാരികമായ ഒരു രേഖയും സുപ്രീം കോടതി പരിശോധിച്ചില്ലെന്ന് മാത്രമല്ല, 22.5 ശതമാനം സംവരണം നികത്തപ്പെടുന്നുണ്ടോ എന്ന ചോദ്യം പോലും കോടതി ചോദിച്ചില്ല! സാമൂഹിക-സാമ്പത്തിക പുരോഗതി നേടുന്ന ദലിത് ആദിവാസികളെ ഭരണഘടനാ അവകാശത്തിൽനിന്ന് നിയമപരമായി പുറത്താക്കുന്ന വിധിയാണ് സുപ്രീം കോടതിയുടേത്.

അയിത്തത്തിനും ജാതീയതയുടെ സാമൂഹിക പിന്നോക്കാവസ്ഥക്കും ജനസംഖ്യാനുപാതികമായി 'ജാതി സംവരണം' ലഭിക്കുന്ന വിഭാഗങ്ങൾ പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ മാത്രമാണ്. പട്ടികവിഭാഗ സംവരണത്തിൽ നിന്ന് വ്യത്യസ്തമായി ക്രീമിലെയർ ബാധകമായതുകൊണ്ട് പിന്നോക്ക സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഇപ്പോൾത്തന്നെ നിലവിലുണ്ട്. മുന്നോക്ക സമുദായങ്ങൾക്ക് ലഭിക്കുന്നതാകട്ടെ സാമ്പത്തിക സംവരണവുമാണ്. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമല്ലാത്ത ഏകവിഭാഗം പട്ടികവിഭാഗങ്ങൾ മാത്രമാണ്. പട്ടികവിഭാഗങ്ങൾക്ക് സംവരണം നൽകാൻ സ്വീകരിച്ച ഭരണഘടനാപരമായ മാനദണ്ഡം ജാതീയതയും അയിത്തവും അനുഭവിച്ചോയെന്നതും സാമൂഹികപുറംതള്ളൽ നേരിട്ടോ എന്നതുമായിരുന്നു. എന്നാൽ ഉപസംവരണത്തിന്റെ മാനദണ്ഡം അയിത്തവും ജാതിവിവേചനവുമല്ല; മറിച്ച്, പട്ടികവിഭാഗങ്ങളിൽ സാമ്പത്തിക പുരോഗതി നേടിയവരും അതിലൂടെ സാമൂഹിക ചലനാത്മകത (Social Mobility) കൈവരിച്ചവരുമായ വ്യക്തികളെ, സമുദായങ്ങളെ തരംതിരിച്ച് പല തട്ടുകളാക്കി സംവരണം നൽകുക എന്നതാണ്. പട്ടികജാതി-പട്ടികവർഗ്ഗങ്ങളിൽ ചെറുതായെങ്കിലും സാമൂഹിക പുരോഗതി നേടിയ ജാതികളായാലും കോടതി നിരീക്ഷിക്കുന്ന അതിദുർബല വിഭാഗങ്ങളായാലും ഇന്ത്യയിൽ ജാതീയതയും വിവേചനങ്ങളും സാമൂഹിക പുറംതള്ളലും അനുഭവിക്കുന്നുണ്ട്. ഉപസംവരണം നൽകാനുള്ള മാനദണ്ഡത്തിന് അത് പരിഗണനാ വിഷയമേയല്ല. ഇന്ത്യയിൽ ഉപസംവരണത്തിനായി ആന്ധ്രാപ്രദേശിൽ പ്രക്ഷോഭം ആരംഭിച്ച മഡിഗ ജാതി സാമൂഹികവും സാമ്പത്തികവുമായ പുരോഗതി നേടിയെന്ന് ആരോപിച്ച് ശത്രുപക്ഷത്ത് നിർത്തിയത് മാല ജാതിയെയാണ്. ജാതീയതയുടെ തിക്തഫലം നേരിടാൻ കഴിയാതെ ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുല മാല ജാതിയായിരുന്നു.

സുപ്രീം കോടതി | PHOTO : WIKI COMMONS
ക്രീമിലെയർ ബാധകമാക്കിയാലും ഇല്ലെങ്കിലും ഉപസംവരണത്തിലൂടെ സംഭവിക്കുന്നത് സാമ്പത്തിക മാനദണ്ഡം പട്ടികവിഭാഗ സംവരണത്തിന്മേൽ അടിച്ചേല്പിക്കപ്പെടും എന്നാണ്. ഉപസംവരണം നടപ്പാക്കാൻ കോടതി അതിദുർബലർ എന്നതിലൂടെ വിശദീകരിക്കുന്നത് കൂടുതൽ ദരിദ്രർ, കൂടുതൽ പാവപ്പെട്ടവർ, ഭൗതിക സാഹചര്യം തീരെ കുറഞ്ഞവർ എന്ന നിലയിലാണ്. എന്നുപറഞ്ഞാൽ, പട്ടികജാതി-പട്ടികവർഗ്ഗ സംവരണത്തിന് സ്വത്ത്-വിഭവം-ഭൗതിക സാഹചര്യം എന്നിവ മാനദണ്ഡമായി തീരുന്നു എന്നാണ്. പട്ടികവിഭാഗങ്ങൾക്ക് സംവരണത്തിന് Casteന്റെ സ്ഥാനത്ത് Class കടന്നു വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഉപസംവരണത്തിലൂടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംവരണത്തിന് സാമ്പത്തികം മാനദണ്ഡമായി മാറുന്നു. സാമ്പത്തിക സംവരണം നടപ്പിലാക്കുക എന്നത് ആർഎസ്എസിന്റെയും സംഘ്പരിവാറിന്റെയും ഹിന്ദുത്വ ശക്തികളുടെയും പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ത്യയിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നിയമപരമായ ഏകതടസ്സം പട്ടികവിഭാഗങ്ങളുടെ ജാതി സംവരണമാണ്. പട്ടികവിഭാഗങ്ങൾക്കുകൂടി സംവരണത്തിന്  സാമ്പത്തിക മാനദണ്ഡം ബാധകമായിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യയിൽ സാമ്പത്തിക സംവരണമേ നിലനിൽക്കൂ.

ഇന്ത്യയിൽ മുന്നോക്ക സമുദായ സംവരണമായ സാമ്പത്തിക സംവരണം നടപ്പാക്കാൻ ഹിന്ദുത്വ ശക്തികൾക്ക് ആർട്ടിക്കിൾ 15 പൊളിക്കേണ്ടിയിരുന്നു. അതിനായി സവർണ്ണർ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു സംവരണത്തിന്റെ മാനദണ്ഡമായ ജാതിയുടെ സ്ഥാനത്ത് ദാരിദ്ര്യത്തെ പ്രതിഷ്ഠിക്കുക എന്നത്. ദരിദ്രർക്ക് സംവരണം നൽകുന്നതിന് നിങ്ങൾ എന്തിനാണ് എതിര് നിൽക്കുന്നത് എന്നൊരു ലളിതവും "വിശ്വാസ യോഗ്യവുമായ" ചോദ്യം ഇന്ത്യയിലാകമാനം ഉയർത്താനും സ്ഥാപിക്കാനും ഇടതുപക്ഷവും വലതുപക്ഷവും ഉൾപ്പെടെയുള്ള ഹിന്ദുത്വ ശക്തികൾക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ കഴിഞ്ഞു. അങ്ങനെയാണ് സംവരണത്തിന് സാമൂഹിക പിന്നോക്കാവസ്ഥയുടെ സ്ഥാനത്ത് സാമ്പത്തികം മാനദണ്ഡമായി തീരുന്നത്. ഇനി സാമ്പത്തിക സംവരണം മുഴുവൻ വിഭാഗങ്ങൾക്കും നടപ്പാക്കുക എന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദുത്വ ശക്തികളുടെയും ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ മുഴുവൻ സംവരണീയ വിഭാഗങ്ങൾക്കും സാമ്പത്തിക സംവരണം നടപ്പാക്കാൻ തീരുമാനിച്ചാൽ അത് വലിയ സംഘർഷങ്ങൾക്ക് കാരണമായി തീരും. അതിനു അവർ കണ്ടെത്തിയ കുറുക്കുവഴിയാണ് പട്ടികവിഭാഗങ്ങൾക്കുകൂടി സാമ്പത്തിക മാനദണ്ഡം കൊണ്ടുവരിക എന്നത്. അതിനു ദാരിദ്ര്യത്തിന്റെ സ്ഥാനത്ത് അവർ ദുർബല വിഭാഗങ്ങളെ പ്രതിഷ്ഠിച്ചു. പ്രാതിനിധ്യം ലഭിക്കാത്ത ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ ഉപസംവരണം നടപ്പാക്കുമ്പോൾ നിങ്ങൾ എന്തിനാണ് എതിർക്കുന്നത് എന്ന ലളിതവും "വിശ്വാസ യോഗ്യവുമായ" ചോദ്യം വീണ്ടും അവർ ഇന്ത്യയിലാകമാനം ഉയർത്തുന്നു. "സാമ്പത്തിക സംവരണം" നടപ്പാക്കിയത് ദരിദ്രരുടെ പ്രശ്നം പരിഹരിക്കാനല്ലെന്ന് നമുക്കറിയാം. സമാനമായി, ഉപസംവരണം നടപ്പാക്കുന്നതും ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിഹരിക്കാൻ വേണ്ടിയല്ല. ഇന്ത്യയിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദുത്വ ശക്തികളുടെയും ഗൂഢലക്ഷ്യമാണ് ഉപസംവരണം. അതാണ് സുപ്രീം കോടതി വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഉപസംവരണവും ബിജെപിയുടെ വിഭജന രാഷ്ട്രീയവും

ഉപസംവരണത്തിന്റെ ചാമ്പ്യനായി ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്നത് ഉപസംവരണ പ്രക്ഷോഭങ്ങൾക്ക് ആന്ധ്രാപ്രദേശിൽ തുടക്കം കുറിച്ച മാഡിഗ സംവരണ പോരാട്ട സമിതിയുടെ സ്ഥാപകനും ചീഫുമായ മന്ദ കൃഷ്ണ മാഡിഗയാണ്. സുപ്രീം കോടതി വിധി വന്നയുടനെ കൃഷ്ണ മാഡിഗ നരേന്ദ്ര മോദിയെയും അമിത് ഷായെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും വിളിച്ച് അഭിനന്ദിക്കുകയാണ് ചെയ്തത്. 2024 ജനുവരി 19ന് തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപസംവരണം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതിന് മറുപടിയായി മാഡിഗ സംവരണ സമരസമിതി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണപിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചു വികാരാധീനനായി നിൽക്കുന്ന മന്ദ കൃഷ്ണ മാഡിഗയുടെ ചിത്രം ഉപസംവരണവാദം ഉന്നയിക്കുന്നവർക്ക് മനസ്സിൽ സൂക്ഷിക്കാവുന്നതാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നിലനിർത്തിയാണ് സുപ്രീം കോടതി വിധി വന്നയുടനെ മന്ദ കൃഷ്ണ മഡിഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിളിച്ച് നന്ദി അറിയിച്ചത്.

മന്ദ കൃഷ്ണ മാഡിഗയും നരേന്ദ്ര മോദിയും | PHOTO : WIKI COMMONS
ഇന്ത്യയിൽ പട്ടികവിഭാഗങ്ങൾക്കിടയിൽ ഉപസംവരണ ചരിത്രം ആരംഭിക്കുന്നത് 1975ൽ പഞ്ചാബ് ഗവൺമെന്റ് ജസ്റ്റിസ് ആർ എൻ പ്രസാദ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാൽമീകി, മസ്ഹബി സിഖ് സമുദായങ്ങൾക്ക് പ്രത്യേക സംവരണം അനുവദിക്കുന്നതോട് കൂടിയാണ്. പഞ്ചാബിലെ 25 ശതമാനം പട്ടികജാതി സംവരണത്തിൽ 50 ശതമാനം വാൽമീകി, മസ്ഹബി സിഖ് സമുദായങ്ങൾക്കും 50 ശതമാനം മറ്റ് പട്ടികജാതി വിഭാഗങ്ങൾക്കുമായി നൽകി. ഹരിയാനയിൽ ജസ്റ്റിസ് ഗുർനാം സിംഗ് കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് 1990ൽ പട്ടികജാതിവിഭാഗങ്ങളെ എ, ബി എന്നീ രണ്ട് ക്ലാസുകളായി വിഭജിക്കുന്നത്. പട്ടികജാതി ജനസംഖ്യയുടെ 47 ശതമാനം വരുന്ന ചമാർ ജാതിയെ (Chamars, Jatia Chamars, Rahgars, Raigars, Ramdasias or Ravidasias) ബി ക്ലാസിൽ ഉൾപ്പെടുത്തി. 20 ശതമാനം പട്ടികജാതി സംവരണത്തിന്റെ 50 ശതമാനം ചാമറുകളുടെ ബി ക്ലാസിനും ബാക്കി 50 ശതമാനം സംവരണം 36 ജാതികൾ ഉൾപ്പെടുന്ന, പട്ടികജാതി ജനസംഖ്യയുടെ 53 ശതമാനം വരുന്ന ബി ക്ലാസിനും നൽകിക്കൊണ്ട് ഹരിയാന സർക്കാർ 1994ൽ ഓഡിനൻസ് ഇറക്കി.

തമിഴ്‌നാട്ടിൽ 2008ൽ ജസ്റ്റിസ് എം എസ് ജനാർദ്ദനം കമ്മിറ്റി അരുന്ധതിയാർ സമുദായത്തിന് പ്രത്യേക സംവരണം ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി ജനസംഖ്യയുടെ 7.5 ശതമാനം വരുന്ന അരുന്ധതിയാർ (അരുന്ധതിയാർ, ചക്കിലിയൻ, മദരി, മാഡിഗ, പഗഡി, തോട്ടി, ആദി ആന്ധ്ര) സമുദായത്തിന് 18 ശതമാനം പട്ടികജാതി സംവരണത്തിൽ മൂന്ന്  ശതമാനം പ്രത്യേക സംവരണം നൽകിക്കൊണ്ട് 2009ൽ നിയമം പാസാക്കുന്നത്. 2003ൽ മഹാരാഷ്ട്രയിൽ ലാഹുജി സാൽവെ കമ്മീഷൻ മാംഗ് ജാതിയെ ഉപവർഗ്ഗീകരിക്കാനും 2005ൽ കർണാടകയിൽ ജസ്റ്റിസ് എ ജെ സദാശിവ കമ്മീഷൻ 101 ജാതികളെ നാല് വിഭാഗങ്ങളായി ഉപവർഗ്ഗീകരിക്കാനും ശുപാർശ ചെയ്തു. 2007ൽ ബിഹാറിലെ മഹാദലിത് കമ്മീഷൻ ഉപവർഗ്ഗീകരണത്തിനായി 18 ജാതികളെ കണ്ടെത്തി.

ഭരണപരമായ ഈ ഇടപെടലുകൾക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിലേക്കും നീതിന്യായ വ്യവസ്ഥയിലേക്കും ചൂടേറിയ രാഷ്ട്രീയപ്രശ്‌നമായും സാമൂഹിക പ്രശ്നമായും ഉപസംവരണം മാറുന്നത് മാഡിഗർ പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നതോടുകൂടിയാണ്. 67 ലക്ഷം വരുന്ന മാഡിഗർ ജാതിരാഷ്ട്രീയം അധികാരം നിർണ്ണയിക്കുന്ന അവിഭക്ത ആന്ധ്രപ്രദേശിലെ നിർണ്ണായക സാമൂഹ്യഘടകമായിരുന്നു. 1990ൽ സ്ഥാപിതമായ ആദിജാംബവ അരുന്ദതിയ സൗത്ത് ഇന്ത്യൻ ഫെഡറേഷനിലൂടെയാണ് മാഡിഗർ ഉപസംവരണത്തിനായുള്ള സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. 1994 മെയ് 30ന് ഹൈദരാബാദിലെ നിസാം കോളേജ് ഗ്രൗണ്ടിൽ ഫെഡറേഷന്റെ നേതൃത്വത്തിൽ വലിയ സമ്മേളനം സംഘടിപ്പിച്ചു. അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കോട്‌ല വിജയ ഭാസ്‌കർ റെഡ്ഡിയായിരുന്നു മുഖ്യാതിഥി. ജാതിരാഷ്ട്രീയത്തിലൂടെ മാഡിഗർ നിർണ്ണായകശക്തിയായി മാറുന്നു എന്ന ഘട്ടത്തിലാണ് മാഡിഗ എംഎൽഎയായ കോനേരു രംഗറാവുവിനെ (Koneru Rangarao) അന്നത്തെ കോൺഗ്രസ്സ് സർക്കാർ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത്. മാഡിഗരെ കോൺഗ്രസ് പാർട്ടിയിൽ നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. ആദിജാംബവ അരുന്ദതിയ സൗത്ത് ഇന്ത്യ ഫെഡറേഷൻ നേതാക്കൾ വിലപേശൽ രാഷ്ട്രീയത്തിലേക്ക് കടന്നെന്നും ഉപസംവരണവിഷയത്തിൽ നിശ്ശബ്ദരായെന്നും ആരോപിച്ചുകൊണ്ട് 1994 ജൂൺ 7നാണ് മന്ദ കൃഷ്ണ മാഡിഗയുടെ നേതൃത്വത്തിൽ മാഡിക സംവരണ പോരാട്ട സമിതി (എംആർപിഎസ്) രൂപീകരിക്കുന്നത്. തുടർന്ന് എംആർപിഎസ് നിരവധി പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു.

1996 മാർച്ച് 2ന് ഹൈദരാബാദിലെ നിസാം കോളേജ് ഗ്രൗണ്ടിൽ മന്ദ കൃഷ്ണ മാഡിഗയുടെ നേതൃത്വത്തിൽ 5 ലക്ഷം മാഡിഗരെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തുകയും അവർ സംഘടിത രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. തുടർന്ന് മാർച്ച് 25ന് ഹൈദരാബാദിൽ നടന്ന മാഡിഗ സമ്മേളനത്തിൽ ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി എത്തുകയും മാഡിഗർ ഉയർത്തുന്ന ഉപസംവരണം അംഗീകരിക്കുകയും പട്ടികജാതി ഉപവർഗ്ഗീകരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. 1996 സെപ്തംബർ 2ന് ഹൈദ്രാരാബാദിലെ ബഷീർബാഗ് ഏരിയയിലെ ഇന്ദിരാ പാർക്കിൽനിന്ന് ബാബു ജഗ്ജീവൻ റാം പ്രതിമയിലേക്ക് നടന്ന കൂറ്റൻ റാലിയിൽ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിൽനിന്നുള്ള രണ്ടു ലക്ഷത്തിലധികം മാഡിഗർ പങ്കെടുത്തു. റാലിക്കുശേഷം ആരംഭിച്ച പ്രതിഷേധ ധർണ സർക്കാർ ഉപസംവരണം പ്രഖ്യാപിക്കുന്നതുവരെ നിർത്തില്ലെന്ന് സമരസമിതി നേതാക്കൾ സർക്കാരിനെ അറിയിച്ചു. തുടർന്നു നടന്ന ചർച്ചകൾക്കൊടുവിലാണ് രാത്രിയോടുകൂടി മാഡിഗർക്ക് പ്രത്യേകം സംവരണം നൽകുന്നത് പഠിക്കാൻ 45 ദിവസത്തിനകം ഒരു കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുന്നത്. തുടർന്നാണ് ജസ്റ്റിസ് പി രാമചന്ദ്ര രാജു കമ്മീഷനെ ഉപവർഗ്ഗീകരണം പഠിക്കാൻ സർക്കാർ നിയമിക്കുന്നത്. 1997 മെയ് 28ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടികവിഭാഗങ്ങളെ A, B, C, D എന്നീ നാല് വിഭാഗങ്ങളായി ഉപവർഗ്ഗീകരിക്കാനായി 1998 ഒക്ടോബർ 1ന് ഓഡിനൻസ് ഇറക്കുന്നതും 2000 ഏപ്രിൽ 1ന് അത് നിയമമായി മാറുന്നതും. ഉപസംവരണ വിഷയത്തിൽ തന്ത്രപൂർവ്വം ഇടപെട്ട ചന്ദ്രബാബു നായിഡു ആയിരുന്നു ഉപസംവരണ വിഷയത്തിൽ നിർണ്ണായകമായി ഇടപെടുന്ന രാഷ്ട്രീയ നേതാവ്. കോൺഗ്രസിനൊപ്പം നിന്ന മാഡിഗരെ തെലുഗുദേശം പാർട്ടിക്കൊപ്പം നിർത്തി അധികാരം നിലനിർത്തുക എന്ന തന്ത്രമാണ് ചന്ദ്രബാബു നായിഡു പ്രയോഗിച്ചത്. അതിന് മാഡിഗർ ഉയർത്തിയ ജാതി/വംശീയ രാഷ്ട്രീയത്തിന് എല്ലാ പിന്തുണയും അദ്ദേഹം നൽകി.

ചന്ദ്രബാബു നായിഡു | PHOTO : WIKI COMMONS
ജാതിരാഷ്ട്രീയമായിരുന്നു എംആർപിഎസിന്റെ ആശയ അടിത്തറ. വംശീയ ബോധ്യങ്ങളിലായിരുന്നു മാഡിഗ പോരാട്ടത്തിന്റെ വേരുകൾ കിടന്നിരുന്നത്. ആന്ധ്രയിലെ പട്ടികജാതി വിഭാഗത്തിൽ 67 ലക്ഷമുള്ള, തുകൽ പണികൾ പാരമ്പര്യ തൊഴിലായി എടുത്തിരുന്ന മാഡിഗർക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും 56 ലക്ഷം വരുന്ന മാല ജാതിക്കാർ സംവരണം തട്ടിക്കൊണ്ട് പോകുന്നു എന്ന ജാതി വികാരമാണ് മാഡിഗർ ഉപസംവരണ പ്രക്ഷോഭത്തിലൂടെ ഉയർത്തിയത്. മാലകളും മാഡിഗരും തമ്മിൽ വലിയ സാമുദായിക-സാമൂഹിക സംഘർഷങ്ങൾക്കും വിടവുകൾക്കും ഇത് കാരണമായിത്തീർന്നു. ആന്ധ്രാപ്രദേശിലെ പട്ടിജാതി വിഭാഗങ്ങളുടെ 80 ശതമാനം വരുന്ന മാല-മാഡിഗ ജാതികളുടെ പ്രാതിനിധ്യ പോരാട്ടത്തിന്റെ ബലാബലം ആയിരുന്നു ആന്ധ്രയിലെ ഉപസംവരണ പ്രക്ഷോഭങ്ങൾ. അവിടുത്തെ ഉപസംവരണ പ്രക്ഷോഭം അതിദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നമേയായിരുന്നില്ല. എന്ന് മാത്രമല്ല, തങ്ങളുടെ ജാതികളുടെ എണ്ണത്തിന് അനുസൃതമായി സംവരണം നേടിയെടുക്കുക എന്നതിൽ കവിഞ്ഞു ഇവർ അതിദുർബല വിഭാഗങ്ങളെ അഭിസംബോധന ചെയ്തതേയില്ല. കേരളത്തിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പടുന്നതുപോലെ അതിദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നമേയായിരുന്നില്ല ആന്ധ്രപ്രദേശിലെ ഉപസംവരണ പ്രക്ഷോഭങ്ങളും സമരങ്ങളും.

ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുഗുണമായ ജാതിരാഷ്ട്രീയമാണ് മഡിഗ സംവരണ പോരാട്ട സമിതി ഉയർത്തിപ്പിടിച്ചത്. ഈ ജാതി/വംശീയ രാഷ്ട്രീയത്തിൽ കണ്ണുവെച്ചാണ് ബിജെപിയും ആർഎസ്എസും എംആർപിഎസുമായി അടുക്കുന്നത്. എംആർപിഎസിന്റെ ജാതിരാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലമായിരുന്നു കഴിഞ്ഞ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തുറന്ന് പിന്തുണക്കുന്നതിലേക്ക് മാഡിഗ സംവരണ പോരാട്ട സമിതിയെ എത്തിക്കുന്നതും 2024 ജനുവരി 19ന് തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ നരേന്ദ്ര മോദിയെ വികാരാധീനനായി കെട്ടിപ്പിടിച്ച് കണ്ണീർ വാർക്കുന്നതിലേക്കും മന്ദ കൃഷ്‌ണ മാഡിഗയെ നയിച്ചതും.

ബഹുജൻ രാഷ്ട്രീയവും അംബേദ്കറൈറ്റ്-ദലിത് രാഷ്ട്രീയവും ബിജെപിക്ക് വലിയ രാഷ്ട്രീയ പ്രതിരോധങ്ങൾ ഇന്ത്യയിൽ തീർക്കുന്നുമുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിനായി കുതിച്ച എൽ.കെ. അദ്വാനിയുടെ രഥയാത്രയെ തടഞ്ഞുനിർത്തിയത് ബീഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി. നേരിട്ട ഏറ്റവും വലിയ തിരിച്ചടിക്ക് കാരണം ദലിത് പിന്നോക്ക സമുദായങ്ങളുടെ രാഷ്ട്രീയ ഐക്യമായിരുന്നു. ഭരണഘടനയും ജാതി സെൻസസും ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഉത്തർപ്രദേശിൽ ബി.ജെ.പി. ഒരിക്കൽ കൂടി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ഭരണഘടന തിരുത്തിക്കുറിക്കുമെന്ന് ദലിതുകൾ ഭയപ്പെട്ടു. യു.പിയിൽ 2014ൽ 17 പട്ടികജാതി സംവരണ സീറ്റിൽ 17ലും വിജയിച്ചത് ബി.ജെ.പിയായിരുന്നു. 2024 ആകുമ്പഴേക്കും 8 സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങി. ഉത്തർപ്രദേശിൽ 21 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളുടെ വോട്ടിന്റെ മാറ്റം സംവരണ സീറ്റുകൾക്കും പുറത്ത് പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ തോൽവിക്ക് കാരണമായെന്ന നിരവധി വിശകലനങ്ങൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, രാമക്ഷേത്രവും അയോദ്ധ്യയും ഏറ്റവുമധികം ചർച്ചചെയ്ത കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്ന് സമാജ് വാദി പാർട്ടിയുടെ ജനറൽ സീറ്റിൽ ജയിച്ചത് ദലിതനായ അവധേഷ് പ്രസാദ് ആയിരുന്നു. ബി.ജെ.പിയെ സംബന്ധിച്ച് ഇതൊരു മുന്നറിപ്പായിരുന്നു. രാഷ്ട്രീയമായ ദലിത്-ആദിവാസി ഐക്യം തങ്ങളുടെ ഏകാത്മക ഹിന്ദുത്വത്തിന് വെല്ലുവിളിയാണെന്ന് കണ്ട ആർ.എസ്.എസിനും ബി.ജെ.പിക്കും ലഭിച്ച സുവർണാവസരമായിരുന്നു "സബ് ക്ലാസിഫിക്കേഷൻ". ഉപസംവരണത്തിനായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തുക എന്നത് ബി.ജെ.പിയെയും എൻ.ഡി.എയെയും സംബന്ധിച്ച് രാഷ്ട്രീയ തിരിച്ചടി നേരിടുന്ന കാര്യമാണ്. നിയമനിർമ്മാണം നടത്താതെതന്നെ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ കഴിയുന്ന സുപ്രീം കോടതി വിധി, ആദിവാസി ദലിതുകളെ ഉപജാതികളായി വിഘടിപ്പിക്കുന്ന ഉപസംവരണം ബി.ജെ.പിക്കും ആർ.എസ്.എസിനും രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിന്ന് സാധ്യതകൾ തുറന്നിട്ടു.

അവധേഷ് പ്രസാദ് | PHOTO : WIKI COMMONS
ഇന്ത്യൻ ജനസംഖ്യയുടെ 25-26 ശതമാനം വരുന്ന ദലിത്-ആദിവാസി വിഭാഗങ്ങൾ ഇന്ത്യൻ വോട്ട് രാഷ്ട്രീയത്തിൽ നിർണ്ണായക ഘടകമാണ്. അവരുടെ ഐക്യമല്ല, അവർ ജാതി-വംശീയ കൂട്ടങ്ങളായി വിഘടിച്ച് നിൽക്കുന്നതാണ് ബി.ജെ.പിക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും ഗുണകരവും രാഷ്ട്രീയമായി വോട്ടു സമാഹരിക്കാൻ സഹായിക്കുന്നതും. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടാണ് കോൺഗ്രസ്സ് ജാതി സെൻസസും ഭരണഘടനയും ഉയർത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയം ഇന്ത്യാ മുന്നണിയിലൂടെ മുന്നോട്ട് വെച്ചത്. മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ്സ് അധ്യക്ഷൻ ആക്കുന്നതുൾപ്പെടെയുള്ള രാഷ്ട്രീയനീക്കങ്ങൾ കോൺഗ്രസ്സ് നടത്തുന്നത് വിശാല ഐക്യം രൂപപ്പെടുത്തി എൺപതുകളുടെ തുടക്കംതൊട്ട് തങ്ങൾക്ക് നഷ്ടപ്പെട്ട് പോയ ദലിത് ആദിവാസി ബഹുജന അടിത്തറ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുന്നിൽവെച്ചാണ്.

എൺപതുകളുടെ മധ്യത്തോടെ പിന്നോക്ക-ദലിത്-ആദിവാസി വിഭാഗങ്ങളെ ലക്ഷ്യംവെച്ച് ബി.ജെ.പി.-ആർ.എസ്.എസ്. നടത്തിയ ജാത്യധിഷ്ഠിതമായ സോഷ്യൽ എഞ്ചിനീയറിംഗാണ് 1980ൽ രൂപീകൃതമായ ബി.ജെ.പിയെ 1996 ആകുമ്പോഴേക്കും ഇന്ത്യയിലെ അധികാര പാർട്ടിയാക്കി മാറ്റുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിലനില്പിന് ജാതികൾ ജാതികളായി നിലനിൽക്കേണ്ടതുണ്ട്. ഹിന്ദുമതവും ഹിന്ദുത്വവും നിലനിൽക്കുന്നതുതന്നെ പരസ്പരം കൂടിച്ചേരാതെ ജാതിമൂല്യങ്ങളിലും ജാതിമേൽക്കോയ്മകളിലും സാമൂഹിക ബന്ധങ്ങളും വ്യവസ്ഥാക്രമങ്ങളും നിലനിർത്തുന്ന ജാതികളിലൂടെയാണ്. "ഏകവചനത്തിൽ ഒരു ജാതി ഉണ്ടായിരിക്കുകയില്ല. ബഹുവചനത്തിലേ ജാതിക്ക് നിലനിൽപ്പുള്ളൂ. സമൂഹത്തെ ശിഥിലീകരിച്ചുകൊണ്ടു മാത്രമേ ജാതിക്ക് യഥാർഥത്തിൽ നിലനിൽപ്പുള്ളൂ. പകുക്കുകയും ശിഥിലമാക്കുകയുമാണ് ജാതിയുടെ സവിശേഷസ്വഭാവം. അത് ജാതിയുടെ ശാപം കൂടിയാണ്. ജാതിയുടെ ഈ ശാപം എത്രകണ്ട് ബൃഹത്താണെന്ന് അധികംപേരും മനസ്സിലാക്കിയിട്ടില്ല"[1]. ഹിന്ദുത്വം ശക്തിപ്പെട്ടുമ്പോൾ ജാതിമേൽക്കോയ്മ ശക്തിപ്പെടുന്നതും ജാതീയ അതിക്രമങ്ങൾ വർദ്ധിക്കുന്നതും ഇതുകൊണ്ടാണ്. ഉപജാതികൾക്കതീതമായ ദലിത് ആദിവാസി പിന്നോക്ക ഐക്യമാണ് ബി.ജെ.പിയുടെയും ഹിന്ദുത്വത്തിന്റെയും ശത്രു. അതുകൊണ്ടുതന്നെ ജാതികളെ ജാതികളായി നിലനിർത്തി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഉൾച്ചേർക്കുന്ന സോഷ്യൽ എഞ്ചിനിയറിങ്ങാണ് ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിൽ നടത്തിയത്. ആഭ്യന്തര സംഘർഷങ്ങളും വൈരുധ്യങ്ങളും വൈവിധ്യങ്ങളും നിലനിൽക്കുന്ന ഹിന്ദു സമൂഹത്തിനുള്ളിലെ ജാതികളെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ചേർത്തു നിർത്തുന്നതിനു വേണ്ടിയാണ് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരായ കലാപങ്ങളും അക്രമങ്ങളും വർഗ്ഗീയ സംഘർഷങ്ങളും ആർ.എസ്.എസും ബി.ജെ.പിയും സംഘപരിവാറും ആസൂത്രിതമായി നടത്തിയത്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെ.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പ്രാതിനിധ്യക്കുറവുള്ള വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിഹരിക്കാൻ എന്ന വ്യാജേന നിർദ്ദേശിപ്പിക്കപ്പെട്ട "സബ്ക്ലാസിഫിക്കേഷൻ" രാഷ്ട്രീയ സമൂഹമായി മാറേണ്ടുന്ന ദലിത്-ആദിവാസികളുടെ വിശാല രാഷ്ട്രീയ-സാമുദായിക ഐക്യത്തെ തകർത്ത് പട്ടികവിഭാഗങ്ങളെ ജാതികളായും വംശീയമായും വിഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വ രാഷ്‌ടീയത്തിന് അനിവാര്യമായും വേണ്ടുന്ന വിഭജന രാഷ്ട്രീയമാണ് ഉപസംവരണം എന്നുള്ളതുകൊണ്ടാണ് ബി.ജെ.പിയും ആർ.എസ്.എസും എൻ.ഡി.എയും വളരെപ്പെട്ടെന്ന് ഇതിലേക്ക് ആകൃഷ്ടരായത്. 2014-ലെയും 2019-ലെയും ലോക്സഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ബി.ജെ.പി. ഉപസംവരണം നടപ്പിലാക്കുമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത് ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഈ രാഷ്ട്രീയ താല്പര്യമാണ് പിന്നോക്ക സമുദായങ്ങളുടെ ഉപവർഗ്ഗീകരണത്തിന്റെ സാധ്യത പഠിക്കാൻ 2017 ഒക്ടോബർ 2-ന് നിയോഗിച്ച ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജി. രോഹിണിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മീഷന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉപസംവരണം നൽകുന്നതിനുള്ള പഠനം നടത്താൻ അധികാരം നീട്ടി നൽകുന്നത്. ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐ.സി.എസ്.എസ്.ആർ.) മുൻ ചെയർമാൻ ആയിരുന്ന ജെ.കെ. ബജാജ് ആയിരുന്നു ഒരു കമ്മീഷൻ അംഗം. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പട്ടികവിഭാഗങ്ങൾക്ക് ഉപസംവരണം നടത്തണമെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഉപസംവരണം ഉണ്ടാക്കുന്ന വിഭജന രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. ഹരിയാനയിൽ കോൺഗ്രസ്സിന്റെ വോട്ടുബാങ്ക് എന്നുപറയുന്നത് 25-27 ശതമാനം വരുന്ന പിന്നോക്കക്കാരായ ജാട്ടുകളും പട്ടികജാതി വിഭാഗത്തിന്റെ 47 ശതമാനം വരുന്നതുമായ ചമാറുകളുമാണ്. സവർണ്ണ വോട്ടുകൾ നിലനിർത്തിയും ജാട്ടുകളല്ലാത്ത പിന്നോക്ക ജാതികളെ ഏകീകരിച്ചും ഉപസംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് പട്ടികജാതി ജനസംഖ്യയുടെ 25% വരുന്ന വാൽമീകികളും 10% വരുന്ന ധനക് ഉൾപ്പെടയുള്ള 53 ശതമാനം വരുന്ന ദുർബല പട്ടികജാതി (deprived scheduled castes) വിഭാഗങ്ങളെ ഏകീകരിച്ചുമാണ് ബിജെപി ഹരിയാനയിൽ തുടർഭരണം നേടിയെടുത്തത്.

സുപ്രീം കോടതി വിധി വന്ന് ആറ് ദിവസത്തിനുള്ളിൽ തന്നെ സബ് ക്ലാസിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കാൻ പട്ടികജാതി കമ്മീഷന് ഹരിയാന സർക്കാർ നിർദ്ദേശം നൽകി. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സിഎസ്ഡിഎസ്-ലോക്നീതി സർവേ പ്രകാരം പട്ടികജാതി ദുർബല വിഭാഗങ്ങളുടെ 45 ശതമാനവും ബിജെപിക്ക് വോട്ട് ചെയ്തു. സബ്ക്ലാസിഫിക്കേഷൻ നടപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ തുടർന്ന് വാൽമികികൾ ഉൾപ്പെടെയുള്ള ദുർബല വിഭാ​ഗങ്ങൾ എല്ലാത്തരത്തിലുമുള്ള പ്രത്യയശാസ്ത്ര ഭിന്നതകളും മറന്നുകൊണ്ട് എങ്ങനെയാണ് അടിത്തട്ടിൽ അഗ്രസ്സീവായി ബിജെപിക്കായി പ്രചാരണം നടത്തിയതെന്ന് താൻ നേരിട്ട് കണ്ടു എന്ന് ദലിത് രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകൻ ഗൗരവ് കുമാർ ദി വയർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു[2].

ഹരിയാനയിലെ മൊത്തം 17 സംവരണ സീറ്റിൽ ഒമ്പത് സീറ്റും (നാല് സീറ്റ് വാൽമീകികൾക്കും അഞ്ച് സീറ്റ് മറ്റ് ദുർബല പട്ടികജാതികൾക്കും) ബി.ജെ.പി. ദുർബല വിഭാഗങ്ങൾക്ക് നൽകി. എട്ട് സീറ്റ് ചമാറുകൾക്ക് നൽകി ചമാർ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും ബി.ജെ.പിക്ക് കഴിഞ്ഞു. വാൽമീകി, ധനക്, മറ്റു ദുർബല വിഭാഗങ്ങൾ വലിയ തോതിൽ വോട്ട് ചെയ്തത് ബി.ജെ.പിക്ക് ആയിരുന്നുവെന്ന് ദലിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പ്രകാശ് ചന്ദർ നിരീക്ഷിക്കുന്നു. അതുകൊണ്ടാണ്, ഹരിയാനയിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലേറി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉപസംവരണം നടപ്പാക്കാൻ തീരുമാനിക്കുന്നത്.

മാതംഗ് ജാതിക്ക് ഉപസംവരണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ മഹാരാഷ്ട്രയിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ള മാതംഗ് സമുദായ സംഘടനകൾ ശിവസേനയെയും ബി.ജെ.പിയെയും പിന്തുണക്കുന്ന വിഭാഗങ്ങളാണെന്ന കാര്യം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. ഡോ. ബി.ആർ. അംബേദ്കറിനെ പിന്തുടരുന്ന ബുദ്ധിസ്റ്റ് മഹറുകളാണ് സംവരണത്തിന്റെ ഗുണഭോക്താക്കളെന്നു പ്രഖ്യാപിക്കുകയും ഡോ. അംബേദ്കറിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും തുറന്നെതിർക്കുകയും ചെയ്യുന്ന ജാതിരാഷ്ട്രീയമാണ് മാതംഗുകൾ മഹാരാഷ്ട്രയിൽ മുന്നോട്ടുവെക്കുന്നത്. അംബേദ്‌കർ ആശയങ്ങളെ പിന്തുടരുന്ന ഭൂരിപക്ഷം മഹറുകളെ ശത്രുപക്ഷത്തു നിർത്തി മാതംഗുകളെയും മങ്ങുകളെയും ചംബാറുകളെയും കൂടെനിർത്തി വോട്ട് അടിത്തറയാക്കുകയാണ് ബി.ജെ.പി.

വോട്ട് ലക്ഷ്യംവെച്ചുകൊണ്ടുള്ള ഉപസംവരണത്തിന്റെ  ഈ വിഭജന ജാതിരാഷ്ട്രീയം ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ബിജെപി നടപ്പാക്കിയെടുക്കും. പ്രത്യേകിച്ച് പട്ടികജാതിക്കാർ 32 ശതമാനമുള്ള പഞ്ചാബും പട്ടികജാതി-പട്ടികവർക്കാർ 36.50 ശതമാനമുള്ള മധ്യപ്രദേശും 31 ശതമാനമുള്ള രാജസ്ഥാനും 22 ശതമാനമുള്ള മഹാരാഷ്ട്രയും 22 ശതമാനമുള്ള ഉത്തർപ്രദേശും 25.50 ശതമാനമുള്ള തെലുങ്കാനയും 24 ശതമാനമുള്ള ആന്ധ്രാപ്രദേശും 22 ശതമാനമുള്ള ഗുജറാത്തും 21 ശതമാനമുള്ള ബീഹാറുമൊക്കെ ഉപസംവരണ വിഭജനത്തിലൂടെ നിർണ്ണായകമായി തീരും. ഇന്ത്യയുടെ അധികാരത്തിലും സമ്പത്തിലും വിഭവങ്ങളിലും അവകാശവാദം ഉന്നയിക്കാനും സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കഴിയുന്ന തരത്തിൽ രാഷ്ട്രീയ സമൂഹമായി മാറേണ്ടുന്ന ദലിത് ആദിവാസി സമൂഹത്തെയും രാഷ്ട്രീയമായി രൂപപ്പെടേണ്ട അതിന്റെ ഐക്യത്തെയും ഉപസംവരണത്തിലൂടെ തകർക്കപ്പെടും.

References :-

1. DR. BABASAHEB AMBEDKAR WRITINGS AND SPEECHES VOL. 5
2. Pitting DSC against OSC: The Politics Behind BJP's Move to Sub-Categorise Dalit Quota in Haryana:  Vivek Gupta
3. DR. BABASAHEB AMBEDKAR WRITINGS AND SPEECHES VOL. 5
4. സമത്വത്തിനുവേണ്ടിയുള്ള സമരങ്ങൾ -1, മനുഷ്യാവകാശ സമരങ്ങൾ വോള്യം 35
Courtesy:-
Sub-categorisation verdict helps BJP’s agenda and endangers Dalit future: Anand Teltumbde
Democrats and Dissenters: Ramachandra Guha




#outlook
Leave a comment