
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപസംവരണവും പ്രാതിനിധ്യ പ്രശ്നങ്ങളും Part 2
സുപ്രീം കോടതി വിധിയും പ്രാതിനിധ്യ പ്രശ്‍നങ്ങളും
കഴിഞ്ഞ 70 വർഷക്കാലമായുള്ള സംവരണ അട്ടിമറികളുടെ ചരിത്രം പരിശോധിച്ചാൽ കോടതികളാണ് സംവരണത്തിന്റെ ഭരണഘടനാ പരിരക്ഷകളെയും നിയമപരമായ സാധുതയെയും അട്ടിമറിക്കുന്നതെന്ന് കാണാൻ കഴിയും. 1992-ലെ ഇന്ദിര സാഹ്‌നി കേസിലൂടെ 50 ശതമാനം സംവരണമേ പാടുള്ളൂ എന്ന് സുപ്രീം കോടതി വിധിച്ചതിലൂടെ തത്വത്തിൽ സംഭവിച്ചത് 50 ശതമാനം സംവരണം സവർണ്ണജാതികൾക്ക് മാത്രമായി ചുരുക്കി. ഭരണഘടനാ വിരുദ്ധമായി നിർമ്മിച്ചെടുത്ത സാമ്പത്തിക സംവരണം ഉൾപ്പെടെയുള്ള നിരവധി സംവരണ അട്ടിമറി വിധികളും പട്ടിജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ആദിവാസി ദളിത് വിരുദ്ധ നീക്കങ്ങളും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല.
കേന്ദ്ര നിയമമന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിച്ച റിപ്പോർട്ടു പ്രകാരം 2018 മുതൽ 2022 വരെ നിയമിച്ച ജഡ്ജിമാരിൽ 79 ശതമാനവും സവർണ്ണരാണ്. ഈ അഞ്ചു വർഷക്കാലം മാത്രമല്ല, സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമിക്കപ്പെടുന്ന ജഡ്ജിമാരിൽ എൺപത് ശതമാനത്തിനു മുകളിൽ സവർണ്ണരാണ്. 1980 വരെ സുപ്രീം കോടതിയിൽ പട്ടികജാതി-പട്ടികവർഗ്ഗത്തിൽ നിന്നോ പിന്നാക്ക സമുദായത്തിൽ നിന്നോ ഒരു ജഡ്ജി പോലും നിയമിക്കപ്പെട്ടില്ല എന്ന് അറിയുമ്പോഴാണ് പരമോന്നത കോടതിയിൽ നിലനിൽക്കുന്ന ജാതീയതയുടെ ഭീകരരൂപം വെളിവാകുന്നത്. ജനസംഖ്യയുടെ 3-4 ശതമാനം മാത്രം വരുന്ന ബ്രാഹ്മണർ എല്ലാക്കാലത്തും സുപ്രീം കോടതി ജഡ്ജിമാരിൽ 30-40 ശതമാനം വരും. സി.എസ്.ഡി.എസിന്റെ പഠനപ്രകാരം 1950-നും 2000-നും ഇടയിൽ സുപ്രീംകോടതിയിൽ ഉണ്ടായിട്ടുള്ള ജഡ്ജിമാരിൽ ഏതാണ്ട് 47 ശതമാനവും, ഇതേ കാലയളവിൽ ഹൈക്കോടതികളിലെയും കീഴ്‌കോടതിയിലെയും ജഡ്ജിമാരിൽ 40 ശതമാനവും ബ്രാഹ്മണർ ആണ്. ഇന്ത്യയുടെ ആകെ 50 ചീഫ് ജസ്റ്റിസുമാരിൽ ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടെ 16 പേരും ബ്രാഹ്മണരാണ്. എന്നുപറഞ്ഞാൽ ചീഫ് ജസ്റ്റിസുമാരിൽ 32 ശതമാനവും ബ്രാഹ്മണർ ആണ്.
ആഗസ്റ്റ് ഒന്നിലെ ഉപസംവരണ വിധി വന്ന് നാലാം ദിവസം, ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വീട്ടിൽവന്ന് കാണുന്നുണ്ട്. പ്രധാനമന്ത്രി ഗണപതി പൂജയിൽ പങ്കെടുക്കാൻ എത്തിയതാണ് അതിൽ "തെറ്റൊന്നുമില്ല" എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഉപസംവരണ വിധിയിൽ വിയോജനക്കുറിപ്പ് എഴുതിയ ഏക ജഡ്ജി ബേല ത്രിവേദിയാണ്. ആ ബേല ത്രിവേദി വരെ പിൻപറ്റുന്നത് സവർണ്ണ രാഷ്ട്രീയമാണ്. സാമ്പത്തിക സംവരണം നടപ്പാക്കാൻ അനുകൂലമായി വിധിയെഴുതിയ മൂന്ന് ജഡ്ജിമാരിൽ ഒരാൾ ബേല ത്രിവേദിയാണ്. "സമൂഹത്തിന്റെ വിശാല താല്പര്യം മുൻനിർത്തി സംവരണം പുനഃപരിശോധിക്കേണ്ടതാണ്" എന്ന് സാമ്പത്തിക സംഭരണ വിധിയിൽ എഴുതിയ ജഡ്ജി കൂടിയാണ് ബേല ത്രിവേദി. ഇങ്ങനെയുള്ള സുപ്രീം കോടതിയിൽ നിന്നാണ് ഉപസംവരണ വിധി വന്നിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമേയല്ല.
ബേല ത്രിവേദി | PHOTO: FACEBOOK
പ്രാതിനിധ്യക്കുറവുള്ള ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിഹരിക്കുന്നതിന് ഉപസംവരണത്തിന് ഉത്തരവിട്ട സുപ്രീം കോടതി, പക്ഷെ പട്ടികജാതിക്കാരുടെ 15 ശതമാനവും പട്ടികവർഗ്ഗക്കാരുടെ 7.5 ശതമാനവും ഉൾപ്പെടെയുള്ള 22.5 ശതമാനം സംവരണം നികത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ചതേയില്ല. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും സംസ്ഥാനങ്ങളിലെയും എസ്.സി./എസ്.ടി. പ്രാതിനിധ്യം എത്രയെന്ന് കോടതി കേന്ദ്ര സർക്കാരിനോടോ സംസ്ഥാന സർക്കാരിനോടോ ചോദിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തില്ല. പട്ടികവിഭാങ്ങൾക്ക് അർഹതപ്പെട്ട 22.5 ശതമാനത്തിൽ എത്ര ശതമാനം ലഭിച്ചു? ഓരോ സംസ്ഥാനങ്ങളിലെയും ജാതി തിരിച്ചുള്ള കണക്കുകൾ എത്ര? അവർക്ക് ജനസംഖ്യാനുപാതികമായി എത്ര ലഭിച്ചു? തുടങ്ങിയ ഒരു കാര്യങ്ങളും കോടതി പരോശോധിച്ചില്ല. ഏകപക്ഷീയമായി, ഇന്ത്യയിലെ സവർണ്ണർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്ന പട്ടികവിഭാഗങ്ങളിലെ സമ്പന്നരും ഉദ്യോഗസ്ഥരും "പ്രബല ജാതി"കളുമാണ് സംവരണം തട്ടിക്കൊണ്ട് പോകുന്നതെന്ന സവർണ്ണവാദത്തെ നിയമപരമാക്കുകയാണ് കോടതി ചെയ്തത്.
കേന്ദ്രസർക്കാരിന് കീഴിലുള്ള പലവകുപ്പുകളിലും 10-ഉം 5-ഉം ശതമാനം മാത്രമാണ് എസ്.സി./എസ്.ടി. പ്രാതിനിധ്യം. 22.5 ശതമാനം സംവരണം ലഭിക്കേണ്ട സ്ഥാനത്താണിത്. ഈ പ്രാതിനിധ്യത്തിൽ തന്നെ ഒരു പ്രശ്നമുണ്ട്. 2023-ലെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം 44 വകുപ്പുകളിൽനിന്നുള്ള കണക്ക് പ്രകാരം തൂപ്പുകാരുടെയും ക്ലീനിങ് തൊഴിലാളികളുടെയും 37 ശതമാനം പട്ടികജാതിക്കാരും 7.4 ശതമാനം പട്ടികവർഗ്ഗക്കാരുമാണ്. മറ്റ് താഴ്ന്ന ജോലികളുടെ കണക്കെടുക്കുമ്പോൾ 18.6 ശതമാനവും 7.7 ശതമാനം പട്ടികജാതി പട്ടികവർഗ്ഗക്കാരാണ്. എന്നുപറഞ്ഞാൽ ഏറ്റവും താഴ്ന്ന ഈ ജോലികളിലെ അധിക പ്രാതിനിധ്യം കൂടി കണക്കാക്കുമ്പോഴാണ് പട്ടികജാതി പട്ടികവർഗ്ഗ പ്രാതിനിധ്യം 10 ഉം 5 യുമായി മാറുന്നത്! റിപ്പോർട്ട് പ്രകാരം റയിൽവേയിൽ മാത്രം 10677 പട്ടികവിഭാഗ സീറ്റുകൾ ആണ് ഒഴിഞ്ഞു കിടക്കുന്നത്. ഒമ്പത് മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി മാത്രം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ 27466 സീറ്റുകളാണ് ഒഴിവാക്കി ഇട്ടിരിക്കുന്നത്.
UGC യുടെ 2023-ലെ വാർഷിക റിപ്പോർട്ട് പ്രകാരം 45 സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ കണക്കെടുക്കുമ്പോൾ പട്ടികജാതി അധ്യാപകരുടെ പ്രാതിനിധ്യം 11 ശതമാനത്തിൽ താഴെയാണ്. അതിൽ തന്നെ പ്രൊഫസർമാരുടെയും അസ്സോസിയേറ്റ് പ്രൊഫസ്സർമാരുടെയും പ്രാതിനിധ്യം 7-ഉം 8-ഉം ശതമാനം വീതമാണ്. അനധ്യാപകരുടെ കണക്കെടുക്കുമ്പോൾ 9.5% ആണ് എസ്.സി. പ്രാതിനിധ്യം. അതിൽ തന്നെ ഉന്നത ഉദ്യോഗ പ്രാതിനിധ്യം വെറും 5.8% ആണ്. പട്ടികജാതി വിഭാഗത്തിന് 15 ശതമാനം സംവരണം ലഭിക്കേണ്ട സ്ഥാനത്താണിത്. ഇതേ സെൻട്രൽ യൂണിവേഴ്സിറ്റികളിലെ പട്ടികവർഗ്ഗ അധ്യാപകരുടെ പ്രാതിനിധ്യം 4.9% ആണ്. അതിൽ തന്നെ പ്രൊഫസർമാരുടെയും അസ്സോസിയേറ്റ് പ്രൊഫസ്സർമാരുടെയും പ്രാതിനിധ്യം വെറും 1.8 ഉം 2.6 ഉം ശതമാനം വീതമാണ്. അനധ്യാപകരുടെ പ്രാതിനിധ്യം 5.4% ആയിരിക്കുമ്പോൾ അതിലെ ഉന്നത ഉദ്യോഗ പ്രാതിനിധ്യം 4 ശതമാനം മാത്രമാണ്. 2019 ൽ Times of India ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിൽ IIT-യിലെ എസ്.സി. പ്രാതിനിധ്യം 2.23 ശതമാനവും എസ്.ടി. പ്രാതിനിധ്യം 0.31 ശതമാനവുമാണ്. IIM-ലെ എസ്.സി. പ്രാതിനിധ്യം 0.8 ശതമാനവും എസ്.ടി. പ്രാതിനിധ്യം 0.2 ശതമാനവുമാണ്.
REPRESENTATIVE IMAGE | WIKI COMMONS
പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 87 സെക്രട്ടറിമാരിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽനിന്ന് വെറും നാല് സെക്രട്ടറിമാരാണുള്ളത്. ഡയറക്ടർ തൊട്ട് മുകളിലേക്കുള്ള 928 തസ്തികകളിൽ എസ്.സി./എസ്.ടി. പ്രാതിനിധ്യം 13 ശതമാനമാണ്. 22.5% സംവരണം ലഭിക്കേണ്ട സ്ഥാനത്താണത്. സംവരണനയം രൂപീകരിക്കന്നതിനും നടപ്പാക്കുന്നതിനുമായി നിയോഗിച്ച 30 അംഗ പാനലിന്റെ അധ്യക്ഷനായ ബി.ജെ.പി. എം.പി. കിരിത് പ്രേംജിഭായ് സോളങ്കിയാണ് ഡയറക്ടർ ബോർഡിൽ പട്ടികജാതി പട്ടികവർഗ്ഗ അംഗങ്ങളുടെ എണ്ണം തീരെ കുറവായതിനാൽ പൊതുമേഖലയിലും ബാങ്കുകളിലുൾപ്പെടെയുള്ള നിയമനങ്ങളിലും നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന ആശങ്ക ലോക്സഭയെ അറിയിച്ചത്.
ഇവിടെയാണ് ഏറ്റവും സൂക്ഷ്മമായി നാം മനസ്സിലാക്കേണ്ടുന്ന ഒരു പ്രധാന കാര്യമുള്ളത്. സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും അഭാവംകൊണ്ട് പട്ടികവിഭാഗങ്ങൾക്ക് അനുകൂലമായി നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞത് പാനൽ അധ്യക്ഷൻ കിരിത് സോളങ്കിയാണ്. എണ്ണത്തിൽ കുറവെങ്കിലും സെക്രട്ടിമാരായും ഡയറക്ടർമാരായും എത്തുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരിൽ ബഹുഭൂരിപക്ഷവും സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട സമുദായങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നുമുള്ള പട്ടികജാതി ആളുകളാണ്. ഈ വിഭാഗത്തെയാണ് ഉപസംവരണത്തിലൂടെ സംവരണ അവകാശത്തിൽനിന്ന് പുറത്താക്കണമെന്ന് ഉപസംവരണത്തിനായി വാദിക്കുന്നവർ പറയുന്നത്. ചുരുക്കത്തിൽ പട്ടികവിഭാങ്ങളുടെ നയപരമായ കാര്യങ്ങളിൽ ഇടപെടേണ്ട ആളുകളെയാണ് ഉപസംവരണത്തിലൂടെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്
ഉപസംവരണത്തിനായി നിലയുറപ്പിക്കുന്നവരുടെ പ്രധാനവാദം പട്ടികവിഭാഗങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട സമുദായങ്ങളിൽനിന്നുള്ള ആളുകൾ സംവരണം തട്ടിക്കൊണ്ടുപോകുന്നു എന്നാണ്. പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ 7-8 ശതമാനം സംവരണം നികത്തപ്പെടാതെ കിടക്കുമ്പോൾ, ഒഴിഞ്ഞു കിടക്കുമ്പോൾ പട്ടിക വിഭാഗങ്ങളിലെ പ്രബല വിഭാഗങ്ങളാണ് സംവരണം തട്ടിക്കൊണ്ടുപോകുന്നത് എന്ന് പറയുന്നതിലെ വൈരുധ്യവും ഉപസംവരണത്തിനായി വാദിക്കുന്നവർക്ക് മനസ്സിലാകുന്നില്ലേ!
കോടതിയുടെ നിരീക്ഷണത്തെ എടുത്തുകൊണ്ട് ഉപസംവരണത്തിനായി വാദിക്കുന്നവർ പറയുന്ന പ്രധാന വാദങ്ങളിലൊന്നാണ് പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ ഒരു ഏകതാന (Homogenous) വിഭാഗമല്ല എന്നത്. ജാതീയവും വംശീയവുമായ വ്യതിരിക്തതകളും വൈരുധ്യങ്ങളും വിവേചനങ്ങളും നിലനിൽക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ഉപവർഗ്ഗീകരിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ തമ്മിൽ സ്വാഭാവികമായി കല്യാണം കഴിക്കുകയോ സാമൂഹികമായ കൊടുക്കൽ വാങ്ങൽ നടത്തുകയോ ചെയ്യുന്നില്ലല്ലോ എന്നൊരു ലളിതവാദവും അവർ ഉന്നയിക്കുന്നു. ഒന്നാമതായി, പട്ടികവിഭാഗങ്ങളെ ഏകതാന വിഭാഗമായി കണക്കാക്കിയിരിക്കുന്നത് ജാതീയവും വംശീയവുമായ സാമ്യതയുടെ അടിസ്ഥാനത്തിലല്ല. ഒരു പൊതുമാനദണ്ഡത്തിന് അകത്താണ് പട്ടികവിഭാഗങ്ങൾ ഏകതാന വിഭാഗമായി മാറുന്നത്. ജാതിഹിന്ദുവിനെ സ്പർശിക്കാൻ കഴിയാത്തവർ, വിദ്യാഭ്യാസം ചെയ്യാൻ കഴിയാതിരുന്നവർ, പൊതുവഴിയിലൂടെ നടക്കാൻ കഴിയാത്തവർ, പൊതുകിണറിൽനിന്നും ജലാശയങ്ങളിൽനിന്നും വെള്ളം എടുക്കാൻ കഴിയാതിരുന്നവർ, ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാതിരുന്നവർ, ബ്രാഹ്മണരുടെ സേവ ലഭിക്കാതിരുന്നവർ തുടങ്ങിയ ഒമ്പത് മാനദണ്ഡങ്ങൾക്ക് അകത്ത് വരുന്നവരെയാണ് അയിത്തജാതി ജനതയായി പരിഗണിച്ചതും പട്ടിക വിഭാഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതും. ഈ മാനദണ്ഡപ്രകാരം പട്ടികജാതി പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് സംവരണം നൽകിയത്. അതല്ലാതെ സംവരണത്തിന് കുറഞ്ഞ ജാതീയ അയിത്താനുഭവും കൂടിയ അയിത്താനുഭവവുമൊന്നുമില്ല. ഈ മാനദണ്ഡ പ്രകാരമാണ് ഏകതാന വിഭാഗമാകുന്നത്. അതല്ലാതെ വംശീയമായ, ജാതീയമായ ഏകതാനതയല്ല ഭരണഘടന പരിശോധിച്ചത്. ഇതിനെയാണ് സുപ്രീം കോടതി വളരെ തന്ത്രപൂർവ്വം മറച്ചുപിടിച്ച്, എന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിൽ പട്ടികജാതിക്കാർ ഏകാതാനമല്ലെന്ന ഭൂരിപക്ഷ വിധിയിലേക്കെത്തുന്നത്.
സുപ്രീംകോടതി | PHOTO: WIKI COMMONS
ഇന്ത്യയിലെ പട്ടികവിഭാഗങ്ങളെ ഒരു ഏകതാന വിഭാഗമായി മാറ്റുന്നതിൽ ഡോ. അംബദ്കർക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. സംവരണം ഭരണഘടനാ പരിരക്ഷയായി ഉറപ്പിച്ചെടുക്കുന്നതിന് തുടക്കം കുറിക്കുന്നത് ബഹിഷ്‌കൃത് ഹിതകാരിണി സഭയുടെ പ്രതിനിധിയായി ഡോ. അംബേദ്‌കർ 1928-ൽ സൈമൺ കമ്മീഷനെ കണ്ട് "Depressed Class" ന് ജാതീയമായ സാമൂഹിക പുറംതള്ളലിന് സംവരണം വേണമെന്ന് മെമ്മോറാണ്ടം നല്കുന്നതോടുകൂടിയാണ്. ഭരണഘടനാ നിർമ്മാണത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ ഒക്കെത്തന്നെ അദ്ദേഹം പട്ടികവിഭാഗങ്ങളെ Depressed Class, Untouchables തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് അഭിസംബോധന ചെയ്തത്. മഹാരാഷ്ട്രയിലെ മഹറുകളും പഞ്ചാബിലെ ആദ് ധർമ്മികളും ഹരിയാനയിലെ വാല്മികികളും യുപിയിലെ ചമാറുകളും ആന്ധ്രയിലെ മാഡിഗരും മദ്രാസിലെ പറയനും കേരളത്തിലെ പുലയനും നോർത്ത്ഈസ്റ്റിലെ ബോഡോകളും നാഗകളും മധ്യേന്ത്യയിലെ മുണ്ടകളും കേരളത്തിലെ പണിയനും തമ്മിൽ രൂപത്തിലോ, സംസ്കാരത്തിലോ, ആചാരവിശ്വാസങ്ങളിലോ, ഭക്ഷണത്തിലോ, വസ്ത്രത്തിലോ ഒരു സാമ്യവുമില്ലെന്ന ബോധ്യം അംബേദ്കർക്ക് ഉണ്ടായിരുന്നു. വ്യത്യസ്ത ജാതികളായുള്ള പട്ടികജാതിവിഭാഗങ്ങൾ വ്യത്യസ്തമായ ജാതിവിവേചനങ്ങളും സാമൂഹ്യപുറംതള്ളലുമാണ് നേരിടുന്നതെന്ന് അദ്ദേഹം വളരെ വ്യക്തമായി തന്നെ എഴുതിയിട്ടുണ്ട്[3]. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം പട്ടികവിഭാഗങ്ങളെ ഒരൊറ്റ ജനതയായി കണ്ട് "അയിത്തജാതി" ജനതയുടെ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിലും സാമൂഹിക മണ്ഡലത്തിലും സ്ഥാപിച്ചെടുത്തത്?
പട്ടികവിഭാഗങ്ങളെ ജാതികളായി വിഘടിപ്പിക്കുന്ന യാതൊരുവിധ സാമൂഹിക-രാഷ്ട്രീയ ഇടപെടലും ഡോ. അംബേദ്‌കർ നടത്തിയിരുന്നില്ല, എന്നുമാത്രമല്ല ഉപജാതി രാഷ്ട്രീയത്തെ അദ്ദേഹം തുറന്ന് എതിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വ്യത്യസ്തങ്ങളായി നിലനില്‍ക്കുന്ന സമുദായങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യവുമുണ്ടായിരുന്നു. 1930 ലെ ഒന്നാം വട്ടമേശസമ്മേളനത്തിൽ വെച്ച് ഭാവി ഭരണഘടനയിൽ ഉൾപ്പെടുത്താനായി ഡോ. അംബേദ്‌കർ സമർപ്പിച്ച മെമ്മോറാണ്ടം ഇത് വ്യക്തമാക്കുന്നതാണ്. സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിനായി അദ്ദേഹം നിർദ്ദേശിച്ചത് "ഓരോ ഉദ്യോഗത്തിൻറെ കാര്യത്തിലും വിവിധസമുദായങ്ങൾക്ക് നിലവിലിരിക്കുന്ന പ്രാതിനിധ്യപ്രകാരമുള്ള മുൻഗണനാക്രമം തൊഴിലിന്റെ കാര്യത്തിൽ കാലാകാലങ്ങളിൽ ക്രമീകരിക്കുക"[4] എന്നാണ്. വ്യത്യസ്ത ജാതികൾക്ക് വ്യത്യസ്തമായി അവകാശങ്ങൾ ഉറപ്പിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. 1830 ൽ അധികം ഉപജാതികളായി വിഘടിച്ചു നിൽക്കുന്ന അയിത്തജാതിക്കാരെ ഒരൊറ്റ ജനതയായി വിഭാവനം ചെയ്തു ഒരു പൊളിറ്റിക്കൽ ക്യാറ്റഗറി ആകുന്നതിലൂടെ മാത്രമേ ദളിത്-ആദിവാസികൾക്ക് തങ്ങൾ നേരിടുന്ന സാമൂഹിക വിവേചനങ്ങൾക്കും പുറംതള്ളൽ പ്രക്രിയയ്ക്കും സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനും അധികാരത്തിൽ പങ്കാളിത്തം നേടിയെടുക്കാനും കഴിയുകയുള്ളൂ എന്ന പരിപൂർണ്ണ ബോധ്യം ഡോ. ബി.ആർ. അംബേദ്ക്കർക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധി വോള്യങ്ങളിൽ നമുക്കത് കാണാൻ കഴിയും. സംവരണത്തിലൂടെ നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ലത്. ആത്യന്തികമായി എത്തിചേരേണ്ടുന്ന രാഷ്ട്രീയ സമൂഹം/സമുദായം എന്ന ലക്ഷ്യത്തെ തടയുകയും തകർക്കുകയുമായിരിക്കും ഉപസംവരണം സൃഷ്ടിക്കുന്ന സാമുദായിക വിഭജനം ചെയ്യുന്നത്.
ഇന്ത്യ ഒരു ദേശരാഷ്ട്രമായി മാറുമ്പോൾ അതിന്റെ ജാതിഘടന കൊണ്ട് സ്വയംപ്രതിനിധീകരിക്കാൻ ശേഷിയില്ലാത്ത പട്ടികവിഭാഗങ്ങളെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലേക്ക് ഉൾച്ചേർക്കുന്ന അടിസ്ഥാനതത്വമാണ് സംവരണം. പക്ഷെ, ദലിത്-ആദിവാസികൾക്ക് അതുകൊണ്ട് രാഷ്ട്രീയ പ്രശ്‍നങ്ങളെ പരിഹരിക്കാൻ കഴിയില്ല. 543 എം.പിമാരുള്ള പാർലമെന്റിൽ 131 (84 SC, 47 ST) എം.പിമാരുണ്ട് പട്ടികവിഭാഗങ്ങൾക്ക്. പാർലമെന്റിൽ നാലിലൊന്ന് എം.പിമാർ ആദിവാസികളും ദളിതരുമാണ്. എന്നിട്ടും നയപരമായ കാര്യങ്ങളിൽ ഇടപെടാനോ സാമൂഹിക വിവേചനങ്ങൾക്ക് പരിഹാരം കാണാനോ വിഭവങ്ങളുടെ നീതിപൂർവ്വമായ പുനർവിതരണത്തിനോ കഴിയാത്തത് ദളിത് ആദിവാസികൾ ഇപ്പോഴും ഒരു പൊളിറ്റിക്കൽ കാറ്റഗറി അല്ലാത്തതുകൊണ്ടാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ശക്തിപ്പെട്ടതിനു ശേഷം വലിയൊരു രാഷ്ട്രീയ ഉണർവും ഐക്യവും ദളിത് ആദിവാസി സമൂഹങ്ങളിൽ കാണാം. അവരൊരു രാഷ്ട്രീയ സമൂഹമായി മാറുന്ന ഘട്ടത്തിലാണ് ഹിന്ദുത്വരാഷ്ട്രീയം ദളിത് ആദിവാസികളെ സംവരണത്തിന്റെ പേരിൽ കേവലം ഉപജാതികളായി വിഘടിപ്പിക്കുന്ന ഉപസംവരണം നടപ്പാക്കുന്നത്. ഈയൊരു രാഷ്ട്രീയ ബോധ്യമാണ് ഓരോ ആദിവാസി ദളിത് ജനതക്കും ഉണ്ടാവേണ്ടത്.
REPREESNTATIVE IMAGE | WIKI COMMONS
ഉപസംവരണത്തിലൂടെ ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം പരിഹരിക്കാമെന്നത് ഒരു തെറ്റായ നയസമീപന രീതിയാണ്. ഉപസംവരണത്തിന്റെ ഗുണഭോക്താക്കൾ എണ്ണത്തിൽ കൂടുതൽ വരുന്ന പ്രബല സമുദായങ്ങൾ ആയിരിക്കും എന്നതാണ് ഉപസംവരണം നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശിൽ സംവരണത്തിന്റെ ഗുണഭോക്താക്കൾ അവിടുത്തെ പട്ടികജാതി ജനസംഖ്യയുടെ 80 ശതമാനം വരുന്ന മാഡിഗരും മാലകളുമാണ്. ഇന്നും, ആന്ധ്രാപ്രദേശിലെ ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യപ്രശ്നമല്ല അവിടുത്തെ ഉപസംവരണം. ഹരിയാനയിൽ ഉപസംവരണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ 47 ശതമാനം വരുന്ന ചമാർ സമുദായമാണ്. അവർക്കാണ് 10 ശതമാനം സംവരണമുള്ളത്. ബാക്കി വരുന്ന 36 ജാതികൾക്കാണ് 10 ശതമാനം സംവരണമുള്ളത്. പഞ്ചാബിൽ 33 ശതമാനം വരുന്ന മസ്ഹബി സിക്കും 11 ശതമാനം വരുന്ന വാൽമീകി സിക്കും ചേർന്ന് വരുന്ന 44 ശതമാനത്തിനാണ് 50 ശതമാനം സംവരണമുള്ളത്. തമിഴ്നാട്ടിൽ കുറച്ചൂടെ വ്യത്യസ്തമാണ് കാര്യങ്ങൾ. അവിടെ അരുന്ധിയാർ, ചക്ലിയൻ, മദരി, മഡിഗ, പഗദയ്, തോട്ടി, ആദി ആന്ധ്ര എന്നീ ഏഴ് ജാതികൾ ചേർന്ന വരുന്ന പട്ടികജാതി ജനസംഖ്യയുടെ 7.52 വരുന്ന അരുന്ധതിയാർ സമുദായത്തിയാണ് 3% സംവരണം. ഇന്ത്യയിൽ ഉപസംവരണം നടപ്പാക്കുന്നത് ദുർബല വിഭാഗങ്ങളുടെ പ്രശ്നമായല്ല. ചുരുക്കി പറഞ്ഞാൽ ഉപസംവരണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ എണ്ണത്തിൽ കൂടുതൽ വരുന്ന സംഘടിത സമുദായങ്ങൾ ആയിരിക്കും. കേരളത്തിൽ പ്രചരിപ്പിക്കുന്നതുപോലെ ഉപസംവരണത്തിന്റെ ഗുണഭോക്താക്കൾ ദുർബല വിഭാഗങ്ങൾ ആയിരിക്കില്ല.
2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ അതിദുർബല വിഭാഗങ്ങൾ എന്ന് പറയുന്ന നായാടികൾ (2828 ), കള്ളാടികൾ ( 38616 ), ചക്ലിയർ (37776 ), അരുന്ധതിയാർ (2731), തോട്ടി (423), വേടർ (22268 ) എല്ലാം കൂടി 104642 ആളുകളെ വരൂ. ഇനി മുഴുവൻ അതിദുർബല വിഭാഗങ്ങൾ കൂടി കണക്കാക്കിയാൽ 1.5 ലക്ഷമേ വരൂ. ഇത് ജനസംഖ്യയുടെ 0.35 ശതമാനമേ വരൂ. ഭരണഘടനാപരമായും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ജനസംഖ്യാനുപാതികമായി സംവരണം നൽകാനേ കഴിയൂ. അങ്ങനെ നോക്കുമ്പോൾ 0.35 സംവരണം നൽകിയാൽ അതിദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം പരിഹരിക്കപ്പെടുമോ? പട്ടികജാതിയിലെ പ്രബല വിഭാഗങ്ങൾ സംവരണം തട്ടിക്കൊണ്ടുപോകുന്നതുകൊണ്ടാണ് കേരളത്തിലെ ദുർബല വിഭാഗങ്ങൾക്ക് സംവരണം ലഭിക്കാത്തത് എന്ന് പറയുന്ന ജാതിവാദം വസ്തുതാപരമല്ല. Scheduled Caste Habitats and Families in Kerala (SC Department 2013) റിപ്പോർട്ട് പ്രകാരം പട്ടികജാതി തൊഴിൽ പ്രാതിനിധ്യം ആറ് ശതമാനം മാത്രമാണ്. അതിദുർബല വിഭാഗ ജനസംഖ്യാ ശതമാനത്തിന്റെ നാലിരട്ടി ശതമാനം ജോലികളാണ് കേരളം നികത്താനുള്ളത്. ഉന്നത ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം പകുതിയിലും താഴെയാണ്. ചുരുക്കത്തിൽ ഉപസംവരണത്തിനായി വാദിക്കുന്നവർ താഴെത്തട്ടിലെ ജോലികൾക്ക് മാത്രമാണ് അവകാശവാദം ഉന്നയിക്കുന്നത്.
കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങളായ കാടർ (1974), കാട്ടുനായ്ക്കർ (19995), കൊറഗ (1644), കുറുമ്പ (2251), ചോലനായ്ക്കർ (409) എല്ലാംകൂടി 26,273 ജനങ്ങളെ വരൂ. പാർശ്വവത്കൃത ആദിവാസികളായ പണിയർ (92787 ), അടിയർ (11221 ), ഇരുളർ (26525 ), മലയൻ (5550) മുഡുകർ (4668) ഹിൽ പുലയ (3415), ഇരവാളർ (4418 ), മലസർ (4201) എല്ലാം കൂടി 1,52785 ജനങ്ങളെ വരൂ. ഇനി ഈ രണ്ടു വിഭാഗങ്ങളും മുതുവാൻ ഉൾപ്പെടെയുള്ള മറ്റ് ദുർബല വിഭാഗങ്ങളെയും കൂടി കണക്കാക്കിയാൽ 2.5 ലക്ഷത്തിൽ താഴയേ വരൂ. ഇവർക്ക് കൂടിപ്പോയാൽ 1 ശതമാനം സംവരണമേ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നൽകാൻ കഴിയൂ. ഇരുപതിലധികം വരുന്ന ദുർബല ആദിവാസി വിഭാഗങ്ങൾക്ക് എല്ലാംകൂടി ഉപസവരണത്തിലൂടെ 1 ശതമാനം സംവരണം നൽകിയാൽ അവരുടെ പ്രാതിനിധ്യം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറയുന്നത് എന്ത് യുക്തിയാണ്? ഇനി, പ്രാക്തന ഗോത്രവിഭാഗങ്ങളെ എങ്ങനെയാണ് ഉപവർഗ്ഗീകരിക്കുന്നത്? ഉപസംവരണത്തിനായി നിലകൊള്ളുന്നവരുടെ യുക്തിവെച്ച് പ്രാക്തന ഗോത്രവിഭാഗങ്ങളെ പ്രാതിനിധ്യക്കുറവുള്ള ക്ലാസ്സിൽ ഉൾപ്പെടുത്തിയാൽ അവർക്ക് മറ്റുള്ളവരുടെയൊപ്പം മത്സരിക്കാൻ കഴിയുമോ?
ഉപവർഗ്ഗീകരണത്തിന്റെ ഈ സങ്കീർണ്ണത കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ അധിവസിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 66 ജാതികളിലായി ഏതാണ്ട് അഞ്ച് കോടിയിൽ അധികം പട്ടികജാതിക്കാരാണ് അവിടെ ജീവിക്കുന്നത്. അവിടെ പട്ടികജാതിയുടെ 56 ശതമാനവും ചമാറുകളാണ്. ചമാർ, പാസി, ധോബി, കോരി, വാൽമികി, ഖടിക് എന്നീ ആറ് ജാതികൾ ചേർന്നാൽ 90 ശതമാനം പട്ടികജാതി ജനസംഖ്യയായി. ബാക്കി വരുന്ന 60 ജാതികൾ ചേർന്നാൽ 10 ശതമാനമേ വരൂ. ഇന്ത്യയുടെ അധികാരത്തെ നിർണ്ണയിക്കുന്ന, 80 ലോക്സഭാ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിനെ എങ്ങനെ ഉപവർഗ്ഗീകരിക്കും? അവിടെ ദുർബല വിഭാഗങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? അവർക്ക് ആ ഗ്രൂപ്പിലെ മറ്റ് വിഭാഗങ്ങളോട് "മത്സരിക്കാൻ" കഴിയുമോ?
ഇന്ത്യയിലെയും കേരളത്തിലെയും ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യക്കുറവുണ്ട് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഈ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണത്തിനും നയപരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിനും കൂടിയാലോചനകളും പഠനങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും തേടേണ്ടതുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ദുർബലവിഭാഗങ്ങൾക്ക് സംവരണത്തിന്റെ ഗുണഭോക്താക്കളാകാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണം വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ്. സാമൂഹിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും പരസ്പര പൂരകങ്ങളായി നിലനിൽക്കുന്ന ഘടങ്ങൾ ആയത് കൊണ്ട് സാമൂഹിക പിന്നോക്കാവസ്ഥ കൂടുന്നതിനനുസരിച്ച് വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും കൂടുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ സമഗ്രവും ക്രിയാത്മകവുമായ ഇടപെടലിലൂടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. സംവരണം ഇന്ത്യയിൽ ആവിഷ്‌ക്കരിക്കുമ്പോൾ 90 ശതമാനവും പട്ടികവിഭാഗങ്ങൾക്കും സംവരണത്തിന്റെ ഗുണഭോക്താവാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാപരമായി മുന്നോട്ടുപോകാൻ കഴിഞ്ഞ സമുദായങ്ങൾക്കാണ് സംവരണം അനുഭവിക്കാൻ കഴിഞ്ഞത്. ഈ വസ്തുതയെ പരിഗണിച്ചുകൊണ്ടേ നമുക്ക് മുന്നോട്ട് പോകാൻ കഴിയൂ.
പട്ടികവിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ആർട്ടിക്കിൾ 46 ലക്‌ഷ്യംവെക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് അതിദുർബല വിഭാഗങ്ങൾക്ക് സമഗ്രമായ വികസന-വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കഴിയും. ആർട്ടിക്കിൾ 46 ന്റെ സാധ്യതകൾ ഗുണപരമായി സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നില്ല എന്നതാണ് അതിദുർബല വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ പ്രധാനകാരണം. ആർട്ടിക്കിൾ 46ന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്‌ക്കരിച്ചെടുക്കാൻ കഴിയേണ്ടതുണ്ട്.
കാട്ടുനായ്ക്കർ വിഭാഗം | PHOTO: WIKI COMMONS
കേരളത്തിൽ പട്ടികജാതികൾ 2001 ലെ സെൻസസ് പ്രകാരം 9.8 ഉം 2011 ലെ സെൻസസ് പ്രകാരം 9.1 ഉം ശതമാനമുണ്ട്. പട്ടികജാതി സംവരണം ജനസംഖ്യാനുപാതികമായി 10 ശതമാനമായി ഉയർത്തേണ്ടതുണ്ട്. ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ ഏതെല്ലാം ജാതികൾക്കാണ് പ്രാതിനിധ്യകുറവ് ഉള്ളതെന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യം എത്രയെന്നുമുള്ള സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്. കേരളത്തിൽ ഏതെല്ലാം സമുദായങ്ങളും ജാതികയുമാണ് അധിക പ്രാതിനിധ്യവും ഭൂമിവിഭവങ്ങളും സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നത് വ്യക്തമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ തൊഴിലിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനർവിതരണം സംബന്ധിച്ചുള്ള നയപരിപാടികൾ സമഗ്രതയിൽ നിർമ്മിച്ചെടുക്കാൻ കഴിയൂ. പ്രാതിനിധ്യക്കുറവുള്ള സമുദായങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുകയും ആ പ്രാതിനിധ്യക്കുറവുള്ള വിഭാഗങ്ങൾക്ക് സംവരണത്തിൽ മുൻഗണന ലഭിക്കുന്ന തരത്തിൽ സംവരണ ടേൺ നിശ്ചയിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുകൾ നടത്തേണ്ടതുണ്ട്. അതിദുർബല വിഭാഗങ്ങൾക്കായി സ്‌കൂൾ, കോളേജ് സീറ്റുകളും ഹോസ്റ്റൽ സൗകര്യങ്ങളും പ്രത്യേകമായി ക്രമീകരിക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ്, സ്‌കൂളുകൾ, ഐടിഐകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തുക എന്നത് അടിയന്തിരമാണ്. സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥക്കൊപ്പം അതിദുർബല വിഭാഗങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി വിദ്യാർത്ഥികളുടെ ഡ്രോപ്പ് ഔട്ട് ആണ്. അതുപരിഹരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. അതിദുർബല വിഭാഗങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും സാമ്പത്തിക പുരോഗതിക്കും വരുമാനത്തിനും പ്രത്യേകം പദ്ധതി നടപ്പാക്കാൻ ഫണ്ട് വകയിരുത്തേണ്ടതുണ്ട്. അതിദുർബ വിഭാഗങ്ങളുടെ വികസന-വിദ്യാഭ്യാസ പദ്ധതികൾക്കായി ബഡ്ജറ്റിൽ ഫണ്ട് പ്രത്യേകമായി വകയിരുത്തേണ്ടതാണ്. സാമുദായിക കെട്ടുറപ്പിനും സാമൂഹിക പുരോഗതിക്കും അനുഗുണമാകുന്ന തരത്തിൽ ദലിത് ആദിവാസി പ്രവർത്തകരുടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി ജാതീയതയുടെ തിക്തഫലം അനുഭവിക്കേണ്ടിവരികയും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും അതിപിന്നോക്കം പോകുകയും ചെയ്ത സാമൂഹികവിഭാഗങ്ങൾക്ക് സമഗ്രവും ഗുണപരവും ദീർഘകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതികളിലൂടെയും നയത്തിലൂടെയും മാത്രമേ ഈ സാമൂഹിക പുറംതള്ളലിനെ മറികടക്കാൻ കഴിയൂ. ആദിവാസികളെയും ദലിതരെയും ഉപജാതികളായി വിഘടിപ്പിക്കുന്ന ജാതിരാഷ്ട്രീയത്തിന്റെ പരിണതഫലമായ, സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഢലക്ഷ്യം മുന്നിൽ വെച്ചുൾകൊണ്ടുള്ള, രാഷ്ട്രീയസമൂഹമായി മാറേണ്ടുന്ന ദലിത് ആദിവാസികളെ ശിഥിലീകരിക്കുന്ന ഹിന്ദുത്വ പദ്ധതിയായ ഉപസംവരണമല്ല പ്രാതിനിധ്യപ്രശ്‌നം പരിഹരിക്കാൻ നടപ്പാക്കേണ്ടത്.
References :-
1. DR. BABASAHEB AMBEDKAR WRITINGS AND SPEECHES VOL. 5
2. Pitting DSC against OSC: The Politics Behind BJP's Move to Sub-Categorise Dalit Quota in Haryana: Vivek Gupta
3. DR. BABASAHEB AMBEDKAR WRITINGS AND SPEECHES VOL. 5
4. സമത്വത്തിനുവേണ്ടിയുള്ള സമരങ്ങൾ -1, മനുഷ്യാവകാശ സമരങ്ങൾ വോള്യം 35
Courtesy:-
Sub-categorisation verdict helps BJP’s agenda and endangers Dalit future: Anand Teltumbde
Democrats and Dissenters: Ramachandra Guha


