TMJ
searchnav-menu
post-thumbnail

Outlook

തമിഴ് സ്ത്രീയെ പുറംതള്ളുന്ന സബാൾട്ടേൺ സിനിമാ രാഷ്ട്രീയം തമിഴ് സിനിമയുടെ ഇരട്ടത്താപ്പ്

07 Nov 2025   |   5 min Read
ക്രിസ്റ്റീന മരിയ ബാബു

‘സബാൾട്ടേൺ രാഷ്ട്രീയം’ എന്ന പേരിൽ തമിഴ് സിനിമയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധതയും തമിഴ് സ്ത്രീകളോടുള്ള അവഗണനയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പുതിയ തമിഴ് സിനിമകൾ സംസാരിക്കുന്നത് സാമൂഹിക നീതിയെക്കുറിച്ചും അധികാരത്തിൽ ഇല്ലാത്ത, പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ചുമാണ്; അതായത്, ‘സബാൾട്ടേൺ’ രാഷ്ട്രീയമാണ്. എന്നാൽ, ഈ ‘പുരോഗമന’ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ വലിയൊരു വിവേചനം നടക്കുന്നു എന്നതാണ് ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. തമിഴ് സ്ത്രീകളെ അവരുടെ സ്വന്തം നിലത്തുനിന്നുതന്നെ അവഗണിക്കുന്നതാണ് ആ വിവേചനം. തമിഴ് പെൺകുട്ടിയുടെ ശരീരവും സ്വരവും അകറ്റിനിർത്തപ്പെടുന്നു. ഈ മൗനത്തിന്റെ രാഷ്ട്രീയം എന്താണ്? തമിഴ് സ്ത്രീയുടെ ഇച്ഛ, ജാതി, പ്രണയം – എന്തുകൊണ്ട് സിനിമയിൽ നിഷിദ്ധമാകുന്നു? ഈ ലേഖനം, അവഗണിക്കപ്പെട്ട ഒരു ജനതയുടെ ദൃശ്യാവകാശത്തിനായുള്ള ഒരു ചോദ്യം കൂടിയാണ്.

നായികയാകാൻ തമിഴ് സ്ത്രീകൾക്ക് അവകാശമില്ലേ?

ഇന്ന് തമിഴ് സിനിമയിൽ നായികയാകാൻ തമിഴ് സ്ത്രീകൾക്കുള്ള അവസരങ്ങൾ കുറഞ്ഞുവരികയാണ്. മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള നായികമാരെയാണ് സംവിധായകർ കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇതിന്റെ പിന്നിലെ പറയാതെ പറഞ്ഞുവയ്ക്കുന്ന ആരോപണം വ്യക്തമാണ് — തമിഴ് സ്ത്രീകൾക്ക് വ്യവസ്ഥാപിതമായ "നിറവും സൗന്ദര്യവും" ഇല്ലെന്ന് പറഞ്ഞാണ് അവരെ നായികയാക്കാത്തത്. എന്നാൽ, ഈ "സൗന്ദര്യം" എന്നത് ആരാണ് നിർവചിക്കുന്നത്? എന്തുകൊണ്ടാണ് തമിഴ് സ്ത്രീകളുടെ സ്വാഭാവിക രൂപം ഇപ്പോഴും "സിനിമാറ്റിക്" ആകാത്തത്? തുടങ്ങിയ ചോദ്യങ്ങൾ നമുക്ക് മുൻപിൽ, ഇന്നും അവശേഷിക്കുകയാണ്. 
വെട്രിമാരൻ, മാരി സെൽവരാജ്, പാ. രഞ്ജിത് തുടങ്ങിയ സംവിധായകർ സബാൾട്ടേൺ രാഷ്ട്രീയത്തിന്റെ ശബ്ദമായി മാറിയവരാണ്. അവർ ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ ജീവിതങ്ങൾ സ്ക്രീനിലെത്തിച്ച്, അടിച്ചമർത്തപ്പെട്ട  കഥാപാത്രങ്ങൾക്ക് മുഖം നൽകുന്നു. എന്നാൽ, ഈ “പുതിയ രാഷ്ട്രീയ” സിനിമകളിലും തമിഴ് സ്ത്രീകൾക്ക് വേണ്ടിയിട്ടുള്ള ഇടം വെറും പിളർപ്പാണെന്നതാണ് സത്യം.

മാരി സെൽവരാജ് | PHOTO WIKI COMMONS
മാരി സെൽവരാജിന്റെ ഏറ്റവും പുതിയ “ബൈസൺ” എന്ന ചിത്രത്തിൽ രജിഷ വിജയനും അനുപമ പരമേശ്വരനുമാണ് നായികമാർ; ഇരുവരും മലയാളികളും, വെളുത്ത ചർമ്മത്തിന്റെ “സിനിമാറ്റിക്” അളവിൽ കുറവില്ലാത്തവരും. അവരെ തമിഴ് പെൺകുട്ടികളായി അവതരിപ്പിക്കുമ്പോൾ, തമിഴ് സ്ത്രീയുടെ ശരീരഭാഷ, ഉച്ചാരണം, സാംസ്കാരിക ചിഹ്നങ്ങൾ—എല്ലാം ക്യാമറയ്ക്ക് മുമ്പിൽ കൃത്രിമമായി അടയാളപ്പെടുത്തുകയാണ് സംവിധായകൻ. വെളുത്ത നായികയെ കരി കൊണ്ട്  ടാൻ അടിപ്പിച്ച് “കറുത്ത” കഥാപാത്രമാക്കുന്നത് ഒരു ഉദാഹരണം മാത്രം. ഈ വിഷയത്തിൽ സെൽവരാജിന്റെ വിശദീകരണം ഇങ്ങനെയാണ്: “ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുമ്പോൾ കളർ നോക്കുന്നില്ല, കഥാപാത്രത്തിനായി എത്ര ദൂരം പോകുന്നു എന്നതാണ് പ്രധാനം.” എന്നാൽ, ഈ മാനദണ്ഡം തമിഴ് സ്ത്രീകൾക്ക് ബാധകമാകാത്തതെന്തേ? അവരും “കഥാപാത്രത്തിനായി ദൂരം പോകാൻ” തയ്യാറാണ്‌; അവസരം മാത്രം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

‘കൊട്ടുക്കാളി’ ഓഡിയോ ലോഞ്ചിൽ വെച്ച് സംവിധായകൻ മിഷ്കിൻ മലയാളി നായിക അന്നാ ബെന്നിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ ഒരു പ്രസ്താവനയുണ്ട്; "തമിഴ്നാട്ടിൽ നല്ല സിനിമ ചെയ്യാനായി വിളിച്ചാൽ ഒരു സ്ത്രീയെയും കിട്ടുന്നില്ല. അവർക്ക് മൂന്നോ നാലോ ഡാൻസ് വേണം. അതുകൊണ്ട് ഇവിടുന്ന് ബസ് പിടിച്ച് കേരളത്തിൽ നിന്ന് അന്നാ ബെന്നിനെ കൊണ്ട് വന്ന്‌ അഭിനയിപ്പിക്കേണ്ടി വന്നു” എന്ന്. എന്നാൽ മറുവശത്ത്, മാദത്തി (2019) യാതിസൈ (2023) പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടി സെമ്മലാർ അന്നത്തിന്റെ അഭിപ്രായത്തിൽ, സമകാലീന തമിഴ് സിനിമയിലെ കാസ്റ്റിംഗ് രീതികൾക്കുള്ളിൽ നിലനിൽക്കുന്ന വിരോധാഭാസം ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്നതാണ്. “സംവിധായകർ പലപ്പോഴും പറയുന്നത്, ‘തമിഴ് നടികളെ കിട്ടിയില്ല’ എന്നാണ്. എന്നാൽ, ഈ പ്രസ്താവന തമിഴ് സിനിമയിൽ നടികളുടെ അഭാവമുള്ളതായി സൂചിപ്പിക്കുന്നത് വസ്തുതാപരമായി തെറ്റാണ്. ഇത്തരത്തിലുള്ള സമീപനം നിരാശാജനകവും, തമിഴ് സ്ത്രീകൾക്ക് അവസരം നിഷേധിക്കുന്നതിന് സമാനവുമാണ്,” എന്നൊക്കെ അവർ  വ്യക്തമാക്കുന്നു. കൂടാതെ, “അവസരത്തിനായി കാത്തിരിക്കുന്ന നിരവധി തമിഴ് നടികളെ ഞാൻ വ്യക്തിപരമായി അറിയുന്നു” എന്നും  കൂട്ടിച്ചേർക്കുന്നു. ഒരു നടി എന്ന നിലയിൽ ഇവരുടെ ഈ അഭിപ്രായപ്രകടനം, തമിഴ് സിനിമയിൽ കാസ്റ്റിംഗ് നടക്കുന്ന രീതിയിൽ നിലനിൽക്കുന്ന ലിംഗപരവും വംശപരവുമായ അസമത്വങ്ങൾക്കെതിരെയുള്ള വിമർശനമായി നമുക്ക് വായിക്കാം.

REPRESENTATIVE IMAGE | WIKI COMMONS
കളർവാദവും സ്ത്രീവാദവും

ഇവിടെ, സബാൾട്ടേൺ രാഷ്ട്രീയം എന്നത് പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ്. ദലിത് പുരുഷന്റെ അധികാരം, അവന്റെ പ്രതിരോധം, അവന്റെ ശബ്ദം — ഇവയെ മാത്രമാണ് ഇപ്പോഴത്തെ "സബാൾട്ടേൺ സിനിമകൾ" പ്രതിനിധീകരിക്കുന്നത്. സ്ത്രീകളുടെ അനുഭവങ്ങൾ, പ്രത്യേകിച്ച് തമിഴ് സ്ത്രീകളുടെ അനുഭവങ്ങൾ, ഇപ്പോഴും അദൃശ്യമാണ്. മറ്റ് ഇൻഡസ്ട്രികളിൽ നിന്നും തമിഴ് സിനിമ മുന്നിട്ട് നിൽക്കുന്ന ഒരു കാര്യം എന്തെന്ന് ചോദിച്ചാൽ, അവിടെ നായകനാവാൻ വ്യവസ്ഥാപിതമായ സൗന്ദര്യ സങ്കൽപ്പങ്ങൾ ഇല്ലാ എന്നതാണ്. രജനി മുതൽ വിജയ്, പ്രഭുദേവ, ലോറൻസ്, സേതുപതി, ധനുഷ്, ഇപ്പോൾ എത്തി നിൽക്കുന്ന പ്രതീപ് രംഗനാഥൻ വരെ അതിന് തെളിവാണ്. ഇത്തരം നല്ല മനോഭാവം എന്തുകൊണ്ട് സ്വന്തം സ്ത്രീകളോട് കാണിക്കുന്നില്ല എന്നതാണ് തമിഴ് സിനിമ രംഗം ഇപ്പോൾ നേരിടുന്ന സബാൾട്ടേൺ രാഷ്ട്രീയ പ്രശ്നം. 

കറുത്ത സ്ത്രീകളെ നായികയായി കാസ്റ്റ് ചെയ്യുന്നത് മാർക്കറ്റ് അംഗീകരിക്കില്ല എന്ന ധാരണ ഇപ്പോഴും നിലനിൽക്കുന്നു. സംവിധായക മധുമിത പറയുന്നു: “നേരിട്ട് നിരസിക്കുന്നില്ല; പക്ഷേ ‘ഇവളുടെ മുഖം വിൽക്കുമോ?’ എന്ന സംശയം ആദ്യം വരും”. ഇത് വെറും കളർവാദം മാത്രമല്ല, സംസ്കാരികമായ അപഹാസ്യമാണ്. തമിഴ് സ്ത്രീകളുടെ സ്വാഭാവിക രൂപം — കറുത്ത ചർമ്മം, തമിഴ് ഭാഷയുടെ ഉച്ചാരണം, ശരീരഭാഷ — ഇവയെല്ലാം "അസിനിമാറ്റിക്" ആയി കണക്കാക്കപ്പെടുന്നു. അതായത്, തമിഴ് സ്ത്രീകൾ തമിഴ് സിനിമയിൽ തമിഴ് പെൺകുട്ടികളായി അഭിനയിക്കാൻ യോഗ്യരല്ല എന്ന് ചുരുക്കം.

തമിഴ് സിനിമയിൽ നായികമാരില്ലാത്തത് മാത്രമല്ല പ്രശ്നം; പിന്നണി നർത്തകികൾ പോലും വിദേശീയരാണെന്നതാണ് വസ്തുത. എന്നാൽ ആ വേഷങ്ങൾ ചെയ്യുന്ന പുരുഷ നർത്തകർ തമിഴരുമാണ്. അങ്ങനെ വരുമ്പോൾ, തമിഴ് നായികമാരെ മാത്രമല്ല, തമിഴ് പിന്നണി നർത്തകികളെയും വിലക്കിയിരിക്കുന്നു എന്ന് സാരം. ഇതിൽ നിന്ന് തമിഴ് സിനിമയുടെ സ്വന്തം സ്ത്രീകളോടുള്ള സ്ത്രീവിരുദ്ധതയും അവഗണനാ മനോഭാവവും  വ്യക്തമാണ്.

സബാൾട്ടൻ രാഷ്ട്രീയം പറയുന്ന സംവിധായകർ, മുന്നോട്ട് വയ്ക്കുന്ന  ജാതിവിരുദ്ധത, വർഗ്ഗവിരുദ്ധത — ഇവയെല്ലാം ശരിയാണ്. പക്ഷേ, അതേ രാഷ്ട്രീയം സ്വന്തം സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ട് പുറംതള്ളപ്പെടുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അവർ സ്ത്രീകളെ അനുഭവമായിട്ടല്ല പകരം "ആർട്ട്" ആയി മാത്രം കാണുന്നു. തമിഴ് സ്ത്രീകൾക്ക് അവസരം നൽകുന്നത് "അനുകമ്പ" അല്ല, അത് അവരുടെ  അവകാശമാണ്. തമിഴ് സ്ത്രീകൾക്ക് നായികയാകാൻ കഴിയില്ല എന്ന ധാരണ തകർക്കേണ്ടത് സംവിധായകരുടെ ഉത്തരവാദിത്തമാണ്. "സബാൾട്ടേൺ രാഷ്ട്രീയം" എന്നത് പുരുഷന്റെ മാത്രം രാഷ്ട്രീയമല്ല, സ്ത്രീയുടെയും അനുഭവങ്ങളെ ഉൾക്കൊള്ളുന്നതായിരിക്കണം.
അല്ലെങ്കിൽ, ഈ രാഷ്ട്രീയം വെറും "പ്രോഗ്രസ്സിവ് ബ്രാൻഡിംഗ്" ആകും. തമിഴ് സ്ത്രീകളുടെ ശരീരം, ഭാഷ, സംസ്കാരം — ഇവയെ അവഗണിക്കുന്നത് അന്തർലീനമായ ജാതിവാദവും കളർവാദവും തന്നെയാണ്. അതിനെ സബാൾട്ടേൺ രാഷ്ട്രീയം എന്ന പേരിൽ മറയ്ക്കുവാൻ കഴിയില്ല.

REPRESENTATIVE IMAGE | WIKI COMMONS
തമിഴ് സ്ത്രീയുടെ ഇച്ഛ, ജാതി, പ്രണയം എന്നിവ  തമിഴ് സിനിമയിൽ നിഷിദ്ധം! സബാൾട്ടേൺ സിനിമയുടെ രാഷ്ട്രീയം, ദലിത്–വർക്കിംഗ് ക്ലാസ് പുരുഷന്റെ വിമോചനകഥയായി വികസിക്കുമ്പോൾ, അതേ ഗണത്തിൽ ‘സബാൾട്ടേൺ സ്ത്രീ’ക്ക് സ്ഥാനമില്ല എന്ന് മനസിലാക്കാം. ഒരു  ദലിത്/വർക്കിംഗ് ക്ലാസ് തമിഴ് പെൺകുട്ടിയെ അമ്മയോ, സഹോദരിയോ, ബലാത്സംഗം ചെയ്യപ്പെട്ട ദു:ഖശിലയോ മാത്രമായി സംവിധായകൻ തമിഴ് ചിത്രങ്ങളിൽ അടയാളപ്പെടുത്തുന്നു; അവളുടെ ഇച്ഛ, കാമം, സൗന്ദര്യബോധം, പ്രണയം ഇവയെല്ലാം തന്നെ അപ്രത്യക്ഷമായി തുടരുകയാണ്. 'പരിയേറും പെരുമാൾ'-ൽ നായിക ഉയർന്ന ജാതിക്കാരിയും വെളുത്തവളുമായിരിക്കുമ്പോൾ, ഉയർന്ന ജാതിക്കാരി സ്ത്രീയെ സൗന്ദര്യവും പ്രണയവും ഉള്ളവളായി കാണിക്കുകയും, ദലിത് പെൺകുട്ടി ദു:ഖത്തിനും ബലിദാനത്തിനും മാത്രമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 'കർണൻ' -ൽ നായിക ‘ഇമ്പോർട്ട്’ ചെയ്ത തെലുങ്ക് നടിയാകുമ്പോൾ, തമിഴ് ദലിത് പെൺകുട്ടി മൗനിയായി പിന്നിലേക്ക് മറയുന്നു. ഇവിടെ സബാൾട്ടേൺ പുരുഷാധികാരത്തിന്റെ രേഖയാണ് വ്യക്തമാകുന്നത്. ദലിത് പുരുഷന്റെ വിമോചനം ഉയർന്ന ജാതി സ്ത്രീയുടെ ശരീരത്തിലൂടെ പ്രതിനിധീകരിക്കപ്പെടുമ്പോൾ, ദലിത് സ്ത്രീ മാറ്റിനിർത്തപ്പെടുന്നു. 
ഈ തിരഞ്ഞെടുപ്പിന് പിന്നിൽ ‘മാർക്കറ്റ്’ എന്ന മായാജാലം മാത്രമല്ല. “പ്രേക്ഷകർ കറുത്ത നായികമാരെ സ്വീകരിക്കില്ല” എന്ന വാദം കൂടി ഉയരുകയാണ്. ഇവിടെ നാം ചോദിക്കേണ്ടത്, ഈ പ്രേക്ഷകൻ ആരാണ് എന്ന ചോദ്യമാണ് —ഗ്രാമീണ തമിഴ് പെൺകുട്ടി സിനിമ കാണുന്നില്ലേ? അവളുടെ ഭാഷ, രൂപം, ഇച്ഛ—ഇവയ്ക്ക് ദൃശ്യപരമായ അവകാശമില്ലേ?. മാർക്കറ്റ്’ എന്നത് സ്വാഭാവിക ശക്തിയല്ല; ഉയർന്ന ജാതി, വെളുത്ത ചർമ്മം, പുരുഷ ഇച്ഛ—ഇവയുടെ സംയുക്ത നിർമ്മിതിയാണ് എന്ന് നമുക്ക് മനസിലാക്കാം. തമിഴ് സ്ത്രീയുടെ ലൈംഗികതയെ അപ്രത്യക്ഷമാക്കുന്ന ഈ കാഴ്ചാക്രമം വെറും കളർവാദം മാത്രമല്ല; ലൈംഗിക വംശീയത  (sexual racism) കൂടിയാണ്. തമിഴ് പെൺശരീരം കാമ്യമല്ലെന്നും, അവളുടെ കാമവും പ്രണയവും ദൃശ്യമാകാൻ പാടില്ലെന്നും ഘടിപ്പിക്കുന്ന അന്തർലീനമായ ജാതി–പുരുഷാധികാര കണ്ണാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്ന് വ്യക്തം.

"ബൈസൺ "എന്ന സിനിമയിൽ നിന്ന് | PHOTO : WIKI COMMONS 
തമിഴ് സിനിമയിൽ തമിഴ് സ്ത്രീകൾക്ക് ഇടം നിഷേധിക്കുന്നത് വെറും കാസ്റ്റിംഗ് പ്രശ്നമല്ല. അത് സാംസ്കാരിക അപഹാസ്യത്തിന്റെയും അന്തർലീന ജാതിവാദത്തിന്റെയും ഭാഗമാണ്. സബാൾട്ടേൺ രാഷ്ട്രീയം എന്ന പേരിൽ സംസാരിക്കുന്നവർ തന്നെ അതിനെ പുനരുത്പാദിപ്പിക്കുമ്പോൾ, ആ രാഷ്ട്രീയത്തിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നു. തമിഴ് സ്ത്രീകളുടെ ശബ്ദം, രൂപം, അനുഭവം — ഇവയെ അംഗീകരിക്കാതെ, തമിഴ് സിനിമയ്ക്ക് യാതൊരു രാഷ്ട്രീയവും അവകാശപ്പെടാനാവില്ല. ഒരു സിനിമയുടെ പുരോഗമനം അളക്കുന്നത് അതിലുള്ള രാഷ്ട്രീയത്തിന്റെ പേരിലല്ല, അതിലില്ലാത്ത ജനതയുടെ പേരിലാണ്. തമിഴ് സ്ത്രീയെ നായികയാക്കാനുള്ള അവകാശം, അവളുടെ ശരീരത്തെ കാമ്യമായി കാണാനുള്ള കഴിവ്, അവളുടെ ഭാഷയെ സിനിമാറ്റിക് ആയി കേൾക്കാനുള്ള തയ്യാറ് – ഇവയൊക്കെ ഒരു ഇൻഡസ്ട്രിയുടെ നൈതികതയുടെ അളവുകോലാണ്. സബാൾട്ടേൺ രാഷ്ട്രീയം പുരുഷന്റെ മാത്രം കഥയല്ല; അതിലേക്ക് തമിഴ് പെൺകുട്ടിയുടെ കാമവും കഥയും കാസ്റ്റും ചേർക്കപ്പെടുമ്പോൾ മാത്രമേ അത് പൂർണ്ണമാകൂ.






#outlook
Leave a comment