TMJ
searchnav-menu
post-thumbnail

Outlook

കീഴാളതയും പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങളും; സ്പിവാക്കിന്റെ ചിന്തകളില്‍ 

28 Nov 2023   |   7 min Read
ഡോ. വൈ ടി വിനയരാജ്

ന്ത്യയിലെ കീഴാള പഠന ഗ്രൂപ്പിന്റെ (Subaltern Study Collective) വക്താവായിരുന്നെങ്കിലും പില്കാലത്ത് കീഴാള ചരിത്ര രചനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വിഭാവനം ചെയ്ത ആളാണ് സ്പിവാക്ക്. പ്രതിനിധാനം ഒരിക്കലും ഒരു നിഷ്‌കളങ്കമായ പ്രവര്‍ത്തനമല്ലെന്നും മറിച്ച് അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും സ്പിവാക്ക് പറയുമ്പോള്‍ ചരിത്ര രചനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അധികാരത്തിന്റെ പ്രശ്‌നം (the question of power ) ആണ് വെളിവാക്കപ്പെടുന്നത്. 

പ്രതിനിധാനം പലപ്പോഴും മുകളില്‍ നിന്നും താഴേക്കുള്ള പ്രവര്‍ത്തനമാണെന്നും താഴെയുള്ളവര്‍ ആ പ്രതിനിധാനം നല്‍കുന്ന സ്വത്വബോധത്തില്‍ സ്വയം നിര്‍വചിക്കപ്പെടണമെന്നുമുള്ള കൊളോണിയല്‍ ചരിത്ര രചനാരീതി സ്പിവാക്ക്  ചോദ്യം ചെയ്യുകയും കീഴാളത, പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ അപനിര്‍മിക്കുന്ന ബദല്‍ രാഷ്ട്രീയ ഇടമാണെന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോള്‍ സമകാലിക സാമൂഹ്യ രാഷ്ട്രീയ ചരിത്ര രചനാരീതികളുടെ വിപ്ലവകരമായ അട്ടിമറിയാണ് സംഭവിക്കുന്നതെന്ന് പറയാം. അതുതന്നെയാണ് ഗായത്രി ചക്രവര്‍ത്തി, സ്പിവാക്കെന്ന എഴുത്തുകാരിയെ കോളനിയനന്തര രാഷ്ട്രീയ പ്രത്യയശാസ്ത്ര ചര്‍ച്ചയില്‍ ഗൗരവമായി കാണാന്‍ നമ്മെ നിര്‍ബന്ധിക്കുന്നതും.

ആധുനിക ചരിത്ര രചനാരീതി രൂപമെടുക്കുന്നതു ഹ്യൂമനിസത്തിന്റെ മൂശയില്‍ നിന്നുമാണ്. സാര്‍വലൗകിക മാനവികത എന്നതാണ് അതിന്റെ അടിസ്ഥാനം. ദേശം, ഭാഷ, സംസ്‌കാരങ്ങള്‍ക്കപ്പുറം പ്രതിനിധാനം ചെയ്യാന്‍ സാധിക്കുന്ന ഒരു സാര്‍വലൗകിക മനുഷ്യനുണ്ടെന്ന സങ്കല്പം പക്ഷേ, യൂറോപ്പ് കേന്ദ്രീകൃതമായ ചരിത്ര രചനാരീതിയാണ് സൃഷ്ടിച്ചതെന്ന് കോളനിയനന്തര ചിന്തകന്മാര്‍ പ്രസ്താവിച്ചു. എഡ്വേര്‍ഡ് സെയ്ദ് ആയിരുന്നു അതില്‍ പ്രധാനി. സാര്‍വലൗകിക മാനവികത എന്ന ആധുനിക മനുഷ്യദര്‍ശനം യൂറോപ്പിന്റെ കാഴ്ചയിലെ മനുഷ്യനാണെന്നും അതുകൊണ്ട് യൂറോപ്പ് ഇതര ഇടങ്ങളിലെ മനുഷ്യര്‍ യൂറോപ്പിന്റെതന്നെ അപരത്വങ്ങളാണെന്നുമുള്ള (Orientalism) സെയ്ദിന്റെ ചിന്തകള്‍ ചരിത്ര രചനാരീതികളില്‍ വിപ്ലവം സൃഷ്ടിച്ചു. കോളനി സമൂഹങ്ങളിലെ മനുഷ്യരെ കൊളോണിയല്‍ ആഖ്യാനങ്ങള്‍ കാഴ്ച വസ്തുക്കളാക്കുകയായിരുന്നുവെന്നും അതുകൊണ്ടിനി കോളനി സമൂഹ മനുഷ്യര്‍ക്കു ബദല്‍ സ്വത്വബോധം സൃഷ്ടിക്കണമെങ്കില്‍ അപരത്വനിര്‍മിതികളെ അപനിര്‍മിച്ചുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂവെന്നും എഡ്വേര്‍ഡ് സെയ്ദ് വ്യക്തമാക്കി. അടിച്ചമര്‍ത്തപ്പെട്ടവരുടെ തിരിച്ചുവരവ് (Return of the Repressed) എന്ന മിഷേല്‍ ഫൂക്കോയുടെ ഉത്തരാധുനിക ചിന്തയുടെ അടിസ്ഥാനത്തിലാണ് സെയ്ദിന്റെ രീതിശാസ്ത്രം രൂപമെടുത്തത്. ലോത്യാര്‍ഡും, ഴാക്ക് ദെറിദയും ഫൂക്കോയുടെ പ്രസ്തുത ചിന്ത മുന്നോട്ടുകൊണ്ടുപോവുകയും സമഗ്രാധിപത്യ രചനാരീതികളെ (Metanarratives) പൊളിച്ചെഴുതുകയും ചെയ്തു. ആധിപത്യ ആഖ്യാനങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന കീഴാള കര്‍തൃത്വങ്ങള്‍ക്ക് സ്വയം പുതിയ ആഖ്യാനങ്ങളിലേക്ക് കടക്കാനാവും എന്ന പ്രസ്തുത ചിന്തകളുടെ വെളിച്ചത്തിലാണ് സ്പിവാക്കും തന്റെ കീഴാളതയുടെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുന്നത്. 

ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് | PHOTO: WIKI COMMONS
എന്നാല്‍ അധിനിവേശിത കര്‍തൃത്വങ്ങളെ (colonised subjectivities) അധിനിവേശ കര്‍തൃത്വങ്ങളുടെ വിരുദ്ധ അപരത്വങ്ങളായി (binary opposites) നിലനിര്‍ത്തുന്ന സെയ്തിന്റെ പോസ്റ്റ് കൊളോണിയല്‍ രീതിക്കും ശുദ്ധമായൊരു അധിനിവേശിത കര്‍തൃത്വം  (pure colonised subjectivity) പ്രതിനിധാനം ചെയ്യപ്പെടാനായി നിലനില്‍ക്കുന്നുണ്ടെന്നുമുള്ള കീഴാള ചരിത്ര രീതിക്കും അപ്പുറമായി നിശ്ചിതവും നിയതവുമായ പ്രതിനിധാനങ്ങള്‍ക്കു വഴങ്ങാത്ത, സ്വതന്ത്രമായ, വ്യതിരിക്തമായ, പെര്‍ഫോമാറ്റിവായ ഭാവുകത്വമാണ് കീഴാളത അഥവാ അധിനിവേശിത കര്‍തൃത്വം (colonial subjectivity) എന്ന സ്പിവാക്യന്‍ ചിന്ത കര്‍തൃത്വ നിര്‍മിതിയുടെ പുതിയൊരു ബദല്‍ രാഷ്ട്രീയമാണ് വെളിവാക്കുന്നത്.

ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്തോണിയോ ഗ്രാംഷിയുടെ രചനകളിലെ സബോര്‍ഡിനേറ്റ് എന്നര്‍ത്ഥം വരുന്ന subaltern എന്ന പദത്തില്‍ നിന്നാണ് കീഴാളത എന്ന സംവര്‍ഗം രൂപപ്പെടുന്നത്. ഒരുപക്ഷേ, അധ്വാന വര്‍ഗം, അടിസ്ഥാന സമൂഹം എന്ന അര്‍ത്ഥത്തിലായിരിക്കാം ഗ്രാംഷി പ്രസ്തുത പദം ഉപയോഗിച്ചത്. എന്നാല്‍, ജാതി, ലിംഗം, സാമ്പത്തിക ഘടനയ്ക്കുള്ളില്‍ അന്യവല്‍ക്കരിക്കപ്പെട്ട സമൂഹം എന്ന അര്‍ത്ഥത്തിലാണ് കീഴാള പഠനഗ്രൂപ്പ് ഇതിനെ ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ വിശദീകരിച്ചത്. ദലിതരും ആദിവാസികളും അസംഘടിത മേഖലയിലെ തൊഴിലാളികളും സ്ത്രീകളുമൊക്കെ പ്രസ്തുത സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെയും വിഭിന്നമായ അര്‍ത്ഥത്തിലാണ് സ്പിവാക്ക് കീഴാളത എന്ന സങ്കല്‍പം ഉപയോഗിക്കുന്നത്. 

Can the Subaltern Speak? എന്ന വിശ്വവിഖ്യാതമായ ലേഖനത്തിലാണ് കീഴാളരെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ സ്പിവാക്ക് വെളിപ്പെടുത്തുന്നത്. കൊളോണിയലും കോളനിയനന്തരവുമായ ചരിത്രാഖ്യാന പദ്ധതികളിലെ കീഴാളതയുടെ പ്രതിനിധാനങ്ങളെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് സ്പിവാക്ക് ഇത് നിര്‍വഹിക്കുന്നത്. കൊളോണിയല്‍ രചനകളിലൂടെ നിര്‍മിക്കപ്പെട്ടിരിക്കുന്ന അപരത്വങ്ങളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് സ്പിവാക്ക് ആരംഭിക്കുന്നത്. അപരത്വങ്ങളെ നിര്‍മിക്കുന്നതിലൂടെ നിര്‍മിക്കപ്പെടുന്നത് സ്വത്വകാംക്ഷകള്‍ തന്നെയാണ്. സ്വന്തം അധീശത്വത്തെ നിലനിര്‍ത്തുന്നത് അപരത്വത്തെ കീഴാളവത്കരിച്ചുകൊണ്ടാണ്.  ചരിത്ര രചനാപദ്ധതികളില്‍ പിശാചുവത്കരണം (demonization) എന്നും ഇതിനെ വിളിക്കുന്നു. കീഴാളത നിര്‍മിക്കപ്പെടുന്നത് ആധിപത്യ കര്‍തൃത്വങ്ങളുടെ സാമൂഹ്യസ്ഥാനം ഉറപ്പിക്കാന്‍ ആയിരിക്കും. അതുകൊണ്ട് എല്ലാ ചരിത്ര ആഖ്യാനങ്ങളിലും നിര്‍മിക്കപ്പെട്ടിരിക്കുന്ന കീഴാളതകള്‍ ആധിപത്യങ്ങളുടെ ന്യായവത്കരണത്തിന്റെ ഉല്പന്നങ്ങളാണെന്ന ചിന്ത സ്പിവാക്ക് വെളിപ്പെടുത്തുന്നു. കീഴാളത നിര്‍ണയിക്കപ്പെട്ടതും നിശ്ചലമായതും പ്രതിനിധീകരിക്കാന്‍ വഴങ്ങുന്നതുമാണെന്ന ആധിപത്യ ചരിത്ര രചനാരീതികളുടെ ചിന്ത ഇവിടെ പൊളിഞ്ഞുവീഴുകയാണ്.

ഇന്ത്യയിലെ Subaltern Study Collective ന്റെ നിലവിലിരിക്കുന്ന ചരിത്രാഖ്യാനങ്ങള്‍ അദൃശ്യരായ ദലിതരെയും ആദിവാസികളെയും സ്ത്രീകളെയും കേന്ദ്രകഥാപാത്രങ്ങളാക്കുന്ന ബദല്‍ ചരിത്ര രചനാ പദ്ധതികളാണ്. അവരെ ബോധപൂര്‍വമായി ഒഴിവാക്കുന്ന സമഗ്രാധിപത്യ രചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസ്തുതരീതി അഭിനന്ദനാര്‍ഹമായി തോന്നാമെങ്കിലും പ്രശ്‌നം സങ്കീര്‍ണമാണ്. ആദിവാസികള്‍ക്ക് വേണ്ടിയിട്ടാണെങ്കിലും മറ്റൊരാളുടെ ശബ്ദത്തിലൂടെയാണ് ഇവിടെ അവര്‍ സംസാരിക്കുന്നതെന്ന പ്രശ്‌നം നിലനില്‍ക്കുന്നു. മര്‍ദിത സമൂഹത്തിന് പ്രതികരിക്കാനാവില്ലെന്നും അവര്‍ പ്രതിനിധീകരിക്കപ്പെടേണ്ടവരാണെന്നുമുള്ള മാര്‍ക്‌സിയന്‍ ചിന്താഗതിയാണ് ഇവിടെ പിന്തുടരുന്നത്. എന്നാല്‍ പ്രതിനിധാനം, സ്വയം സംസാരിക്കാനുള്ള കീഴാളരുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഒരു പ്രശ്‌നം. രണ്ട്, എങ്ങനെയൊക്കെ പ്രതിനിധാനം ചെയ്താലും കീഴാളരുടെ ശബ്ദം മറ്റുള്ളവരിലൂടെ അപൂര്‍ണമായി മാത്രമേ വെളിപ്പെടുകയുള്ളൂ എന്നതാണ് മറ്റൊരു പ്രശ്‌നം. അതേസമയം, തന്നെ കീഴാളര്‍ സംസാരിക്കുമ്പോള്‍ അത് കീഴാളരുടെ ശബ്ദം തന്നെയാവണമെന്നില്ലെന്നും, കീഴാളരുടെ ശബ്ദം അധികാരത്തിന്റെ ഉപാധികളിലൂടെ പുറത്തുവരുമ്പോള്‍ മറ്റ് താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാകാനും സാധ്യതയുണ്ട്. ഇതാണ് കീഴാളരുടെ പ്രതിനിധാനം എന്ന പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. 

അന്തോണിയോ ഗ്രാംഷി | PHOTO: WIKI COMMONS
സത്താപരമായ കീഴാളസ്ഥാനം (essentialist subaltern position) എന്നൊന്നില്ല എന്ന വാദമാണ് സ്പിവാക്കിന്റെ ചിന്തകളെ വ്യത്യസ്തമാക്കുന്നത്. ആധിപത്യഘടകങ്ങള്‍ക്ക് പ്രതിനിധാനം ചെയ്യാന്‍ കഴിയുംവിധം നിശ്ചലമായൊരു കീഴാളതയില്ലെന്ന് സ്പിവാക്ക് വാദിക്കുന്നു. രണ്ടുതരത്തിലാണ് ഈ വാദം പ്രതിഫലിക്കുന്നത്: ഒന്ന്, മറ്റുള്ളവര്‍ കീഴാളരുടെ കര്‍തൃത്വം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയും. കീഴാളരുടെ രക്ഷാകര്‍ത്താക്കളായി അവതരിക്കാനുള്ള ഉപരിവര്‍ഗത്തിന്റെ താല്പര്യങ്ങളാണ് ഇവിടെ ഇല്ലാതാകുന്നത്. കാരണം ഉപരിവര്‍ഗസമൂഹങ്ങളുടെ ചിന്താഗതികള്‍ക്ക് പ്രതിനിധീകരിക്കാനാവാത്ത വ്യതിരിക്തത (difference) കീഴാളതയ്ക്കുണ്ട്. കീഴാളസ്ഥാനത്തിന്റെ ഒരിക്കലും ചുരുക്കാനാവാത്ത ഏകത്വ (irreducible singularity) മാണിവിടെ പ്രഖ്യാപിക്കപ്പെടുന്നത്. കീഴാളത ആധിപത്യ നിര്‍വചനത്തിന്, അത് വിമോചനാത്മകമായിരുന്നാലും അടിച്ചമര്‍ത്തലിന്റെതായിരുന്നാലും വഴങ്ങാത്ത സൂചകമാണെന്ന ചിന്ത വിപ്ലവകരമാണ്. എല്ലാവര്‍ക്കുംവേണ്ടി എല്ലാവര്‍ക്കും സംസാരിക്കാന്‍ സാധിക്കുന്ന ചിന്തയാണിവിടെ ചോദ്യംചെയ്യപ്പെടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരാണിവിടെ പ്രതിക്കൂട്ടിലാകുന്നത്. മേലാളവര്‍ഗ്ഗം, അത് പുരോഗമന വാദികളായിരുന്നാലും, കീഴാളര്‍ക്കുവേണ്ടി സംസാരിക്കുമ്പോഴും മേലാളത്തത്തിന്റെ അധികാരഘടനയെ/ സാംസ്‌കാരിക മൂലധനങ്ങളെ എവിടെയാണവര്‍ നിഷേധിക്കുന്നതെന്ന് മറുപടി പറയേണ്ടിവരുന്നു. സ്പിവാക്കിനു മുന്‍പ് ഇത് വളരെ ലളിതമായിരുന്നു. പുരോഗമന വാദികള്‍ക്ക് അവരുടെ മേലാള സാംസ്‌കാരിക വിഭവങ്ങളെ നിഷേധിക്കാതെതന്നെ കീഴാളര്‍ക്കുവേണ്ടി സംസാരിക്കാന്‍ സാധിക്കുമായിരുന്നു. സ്പിവാക്യന്‍ കീഴാള ചിന്തക്കുശേഷം അത് അസാധ്യമായിത്തീര്‍ന്നു. അതേസമയംതന്നെ നിശ്ചലമായൊരു കീഴാളത ഇല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് കീഴാളരുടെ സ്വന്തം ശബ്ദം നമുക്ക് കേള്‍ക്കാനാവുക എന്ന പ്രശ്‌നവും ഇവിടെ അഭിമുഖീകരിക്കേണ്ടതുണ്ട്. കീഴാളര്‍ക്ക് സംസാരിക്കാനാവില്ലായെന്ന (subaltern cannot speak) എന്ന സ്പിവാക്കിന്റെ പ്രസ്താവന ഇവിടെയാണ് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. സ്വയം പ്രതിനിധാനം ചെയ്യാന്‍ കഴിയും എന്നത് സത്താവാദപരമായ ചിന്തയാണ്. അങ്ങനെ വിശുദ്ധമായൊരു സ്വത്വത്തെക്കുറിച്ചു ഉത്തരാധുനിക ചിന്തയില്‍ കാണാനാവില്ല. എല്ലാ സ്വത്വങ്ങളും വ്യവഹാരങ്ങളിലൂടെ നിര്‍മിക്കപ്പെടുന്നതാണെന്ന മിഷേല്‍ ഫൂക്കോയുടെ ചിന്ത ഉത്തരാധുനികതയില്‍ വളരെ പ്രധാനമാണ്. സ്വത്വ-അപരത്വ സംവാദങ്ങളില്‍ രൂപപ്പെടുന്ന കര്‍തൃത്വബോധങ്ങളെ അപനിര്‍മിക്കപ്പെടുകയാണ് വേണ്ടത്. അതുകൊണ്ട് നിരന്തരം അപനിര്‍മിച്ചെടുക്കേണ്ട കര്‍തൃത്വത്തിന് നിശ്ചലത നല്കാനാവില്ലായെന്ന സ്പിവാക്യന്‍ ചിന്ത ഉത്തരാധുനിക വ്യവഹാരത്തിനു അനുഗുണമാണ്. സത്താപരമായ കീഴാളത്തം ദലിതരെയും ആദിവാസികളെയും മറ്റ് കീഴാള സമൂഹങ്ങളെയും സ്വത്വ തടവറക്കുള്ളിലാക്കുമെന്നാണ് സ്പിവാക്ക് പറയാന്‍ ശ്രമിക്കുന്നത്.

നല്‍കപ്പെട്ട/ നിശ്ചയിക്കപ്പെട്ട/ അടിച്ചേല്പിക്കപ്പെട്ട സ്വത്വബോധങ്ങള്‍ക്കപ്പുറം മേലാളര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവിധത്തിലുള്ള, നിരന്തരം വ്യത്യസ്തമായ അര്‍ത്ഥോല്‍പ്പാദനം നടത്തുന്ന ബദല്‍ ഭാവുകത്വമാണ് കീഴാളതയെന്നാണ് സ്പിവാക്ക് പറഞ്ഞുവയ്ക്കുന്നത്. നിരന്തരം തെന്നിമാറുന്ന അര്‍ത്ഥവുമായി (deciphering meaning) പുതിയ സ്വത്വകാംക്ഷകളിലേക്ക് ചുവടുമാറുന്ന (performative) ഭാവമാണ് കീഴാളത. അതുകൊണ്ട് കീഴാളത കോളനിയനന്തര -ആധിപത്യ വിരുദ്ധ -ജനാധിപത്യ പരമായ ബദല്‍ ബോധ്യമാണ്. ഈ കീഴാളത, മേധാവിത്തഘടനയുടെ കീഴ്തട്ടല്ല, അപരത്വവുമല്ല; പിന്നെയോ കീഴാളതയും മേലാളതയുമൊക്കെ തകര്‍ന്നുവീഴുന്ന ജനാധിപത്യ പ്രക്രിയയിലെ നാം കാത്തിരിക്കുന്ന നവരാഷ്ട്രീയ ഭാവുകത്വമാണ്. അതുകൊണ്ട്  ആരെങ്കിലും ഒരാള്‍ ഞാന്‍ കീഴാളനാണ് എന്ന് പറഞ്ഞാല്‍ അയാള്‍ കീഴാളനാകുന്നില്ല. സ്പിവാക്കിന്റെ കീഴാളന് അങ്ങനെയൊരിക്കലും അവകാശപ്പെടാനാവില്ല. അതുപോലെതന്നെ, ഞാന്‍ കീഴാളനെ പ്രതിനിധീകരിക്കുന്നു, ഞാന്‍ കീഴാളനുവേണ്ടി സംസാരിക്കുന്നു എന്നൊക്കെ ആര്‍ക്കും അവകാശപ്പെടാനുമാവില്ല. കാരണം, കീഴാളത എന്നത് പ്രതിനിധീകരിക്കാനാവാത്ത വ്യവഹാരയിടമാണ്. സ്പിവാക്യന്‍ കീഴാളത ശ്രേണീബദ്ധഘടനയിലെ കീഴാളതയുടെ നിഷേധമാണ്. കീഴാളതയെന്ന ആധിപത്യ നിര്‍മിതിയെ ഉളളില്‍നിന്നും നിഷേധിക്കുന്ന കീഴാളര്‍ക്കു മാത്രമേ കീഴാളത അവകാശപ്പെടാനാവുകയുള്ളൂ. അത് സംഭവിക്കുന്നത് ജനാധിപത്യ സാമൂഹ്യഘടനയിലെ വ്യവഹാര പങ്കാളിത്തത്തിലൂടെയാണ്. അപ്രകാരമൊരു വ്യവഹാരയിടം, ബഹുസ്വരാത്മകമായൊരു ജനാധിപത്യയിടം സൃഷ്ടിക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹ്യ വിമോചന പ്രവര്‍ത്തകരുടെയും പങ്കാളിത്തം ആവശ്യമായിരിക്കുന്നത്. അല്ലാതെ കീഴാള ശബ്ദത്തെ ഏറ്റെടുക്കുന്നതിനല്ല. കീഴാളത സ്പിവാക്കിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യപരമായ സാമൂഹ്യസ്ഥാനം തിരിച്ചുപിടിക്കുന്ന കീഴാളരുടെ വ്യതിരിക്തമായ ഇടമാണ്. അത് എല്ലായ്‌പ്പോഴും ജനാധിപത്യ പൊതുയിടത്തോട് തുറന്നതും സംവാദത്തിലേര്‍പ്പെടുന്നതുമായിരിക്കും. ദലിതരെയും ആദിവാസികളെയും സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ഈ ബദല്‍ ഇടം, ജാതി വിരുദ്ധതയുടെയും സമഭാവനയുടെയും വ്യതിരിക്തതയുടെയും ജനാധിപത്യ ഇടമായിരിക്കും. 

കീഴാള സ്ത്രീയും ചരിത്രാഖ്യാനവും 

പ്രതിനിധാനം ചെയ്യപ്പെടാന്‍ സാധിക്കാത്ത ഭാവുകത്വമാണ് കീഴാളത എന്ന ചിന്തയുടെ വിപുലീകരണമാണ് ഇന്ത്യന്‍ സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള സ്പിവാക്കിന്റെ ചര്‍ച്ചയില്‍ കാണുന്നത്. ഫെമിനിസം സ്പിവാക്യന്‍ രീതിശാസ്ത്രത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. കോളനിയനന്തര വാദവും അപനിര്‍മാണവും സ്ത്രീപക്ഷ ചിന്തകളുമായി ബന്ധിപ്പിക്കുന്ന ശൈലി അതിനൂതനവും സവിശേഷവുമാണ്. കീഴാളരുടെ സ്വത്വപ്രതിസന്ധിയില്‍ ലിംഗപരമായ വിവേചനം ഉണ്ടാക്കുന്ന വര്‍ദ്ധിതമായ ബാധ്യതകള്‍ തുറന്നചര്‍ച്ചയ്ക്ക് വിഷയീഭവിപ്പിക്കുന്നു. കൊളോണിയല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന സതി എന്ന സ്ത്രീവിരുദ്ധ സാമൂഹ്യപ്രയോഗത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് സ്പിവാക്ക് സ്ത്രീകളെന്ന കീഴാള സമൂഹത്തെക്കുറിച്ചു സംസാരിക്കുന്നത്. കൊളോണിയല്‍ ചരിത്രാഖ്യാനങ്ങളിലെ ദേശീയ/പുരുഷാധിപത്യ വായനകള്‍ക്കും കൊളോണിയല്‍/ പുരോഗമന വായനകള്‍ക്കും ഇടയില്‍ നിശ്ശബ്ദമാക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ചാണ് സ്പിവാക്ക് ചിന്തിക്കുന്നത്. സതി, ഇന്ത്യന്‍ കീഴാളസ്ത്രീ സമൂഹത്തിന്റെ വിമോചനമാണെന്ന കൊളോണിയല്‍ നിര്‍വചനത്തിനും ഇന്ത്യന്‍ സ്ത്രീകളുടെ ധീരോചിതമായ ജീവല്‍സമര്‍പ്പണമാണെന്നുള്ള പുരുഷാധിപത്യ-ദേശീയ വായനയ്ക്കും ഇടയില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീശബ്ദം അവഗണിക്കപ്പെട്ടിരിക്കുന്നു. പ്രതിനിധാനം യഥാര്‍ത്ഥ ശബ്ദത്തെ നിശ്ശബ്ദമാക്കിയിരിക്കുന്നു. അവഗണിക്കപ്പെട്ട, കേള്‍ക്കപ്പെടാനാവാത്ത ശബ്ദമായി സ്ത്രീ ശബ്ദം നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുന്നുവെന്നുപറയുന്ന എല്ലാ ആധിപത്യ ഘടകങ്ങളും വാസ്തവത്തില്‍ യഥാര്‍ത്ഥ സ്ത്രീശബ്ദത്തെ നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നത്.

സതി | PHOTO: WIKI COMMONS
1926 ല്‍ കല്‍ക്കത്തയില്‍ ആത്മഹത്യ ചെയ്യപ്പെട്ട ഭുവനേശ്വരി ഭാദുരി എന്ന യുവതിയുടെ കഥ പറഞ്ഞുകൊണ്ടാണ് ചരിത്ര രചനയിലെ സ്ത്രീ നിശ്ശബ്ദവത്കരണത്തെക്കുറിച്ചു സ്പിവാക്ക് വിശദീകരിക്കുന്നത്. 16-17 വയസ്സുള്ള ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമ്പോള്‍ കാരണം വ്യക്തമല്ലായിരുന്നു. അവിഹിതബന്ധം മൂലമാകാം ആത്മഹത്യയെന്ന് വിചാരിച്ചിരുന്നുവെങ്കിലും ആര്‍ത്തവകാലത്താണവള്‍ മരിച്ചത് എന്ന ശരീരത്തിന്റെ സന്ദേശം അവള്‍ ഗര്‍ഭിണിയല്ലായെന്നതായിരുന്നു. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിലുള്ള നിരാശ കാരണമായിരുന്നു ആത്മഹത്യയെന്ന ആത്മഹത്യാക്കുറിപ്പ് പില്കാലത്താണ് ലഭിക്കുന്നത്. ശരീരം നല്‍കിയ സന്ദേശം പോലും മനസ്സിലാക്കാന്‍ ആ സമൂഹത്തിന് കഴിയാതെപോയെങ്കില്‍ ഇന്ന് സ്ത്രീ ശബ്ദങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന സംഭവങ്ങള്‍ എത്രയോ അധികമാണ്. അതുകൊണ്ട് സ്ത്രീകളെന്ന കീഴാള സമൂഹം, എത്ര സംസാരിച്ചാലും എഴുതിയാലും പുരുഷാധിപത്യത്തിന്റെ സമൂഹം അതിനെ തെറ്റായി വായിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ശരിയായ കീഴാളസ്ത്രീശബ്ദം കേള്‍ക്കുവാന്‍ കഴിയാത്തതാണ്. അത് അവര്‍ സംസാരിക്കാത്തതുകൊണ്ടല്ല, മറിച്ചു അവളുടെ ഭാഷണങ്ങളെ ആധിപത്യത്തിന്റെ വ്യവഹാരങ്ങള്‍ക്കുള്ളില്‍ പ്രതിനിധാനം ചെയ്യപ്പെട്ട് നിശ്ശബ്ദമാക്കപ്പെടുന്നതുകൊണ്ടാണ്. പ്രതിനിധാനത്തിന്റെ പരാജയമാണ് ഇവിടെ സ്പിവാക്ക് അടിവരയിടാന്‍ ശ്രമിക്കുന്നത്.

ഉപരിവര്‍ഗ സമൂഹം കീഴാള സമൂഹത്തിനായി പറയാന്‍ ശ്രമിക്കുമ്പോഴൊക്കെ തന്നെ, കീഴാളരുടെ ശബ്ദം നിശ്ശബ്ദമായിക്കൊണ്ടിരിക്കും. യൂറോപ്യന്‍ സ്ത്രീകള്‍ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിശ്ശബ്ദമാക്കപ്പെട്ടതു അധിനിവേശിത സമൂഹങ്ങളിലെ സ്ത്രീകളുടെ സ്വയാര്‍ജിത ശബ്ദമാണ്. അതുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍പോലും മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്ത് നിശ്ശബ്ദരാക്കുകയായിരുന്നു. ഇവിടെയാണ് സ്പിവാക്ക് പോസ്റ്റ് ഫെമിനിസത്തിന്റെ വക്താവായി മാറുന്നത്. ഫെമിനിസം അഥവാ വുമണിസം എന്നത് സാര്‍വലൗകിക സ്ത്രീവാദം അല്ലെന്നും സ്ത്രീ കര്‍തൃത്വത്തിന്റെ ബഹുസ്വരാത്മകതയുടെ വെളിപ്പെടുത്തല്‍ ആണെന്നും സ്പിവാക്ക് പറയുന്നു. ഇവിടെ  യൂറോപ്യന്‍ സ്ത്രീപക്ഷവാദികള്‍ ഇതര സ്ത്രീസമൂഹങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയല്ല; പകരം അവരെ ശ്രദ്ധയോടെ കേള്‍ക്കുകയാണ് വേണ്ടതെന്ന് സ്പിവാക്ക് ഉപദേശിക്കുന്നു. എങ്ങനെ അപരത്വങ്ങളെ പ്രതിനിധീകരിക്കണം എന്നുള്ളതല്ല, മറിച്ചു അപരത്വങ്ങളെ ശ്രവിക്കുമ്പോള്‍ എന്റെ സ്വത്വ നിര്‍മിതിയിലെ പോരായ്മകള്‍ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്ന് സ്പിവാക്ക് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അപരത്വ അപനിര്‍മിതിയുടെ ദാര്‍ശനികനായ ഇമ്മാനുവേല്‍ ലീവിനാസിന്റെ ചിന്തകളോട് സ്പിവാക്ക് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. അപരത്വത്തെ അപാരതയായി കണ്ട് സ്വത്വ-അപരത്വ നിര്‍മിതികളെ മറികടക്കാനും അതുവഴി തന്റെ തന്നെ സ്വത്വത്തെ ജനാധിപത്യപരമായി പുനര്‍ക്രമീകരിക്കാനുമാണ് യൂറോപ്യന്‍ ഫെമിനിസ്റ്റുകള്‍ക്കു സാധിക്കേണ്ടതെന്നും സ്പിവാക്ക് പറയുന്നു. 

കീഴാളര്‍ക്ക് അഥവാ കീഴാളസ്ത്രീകള്‍ക്ക് ഒരിക്കലും പ്രഖ്യാപിതമായൊരു സ്വത്വസ്ഥാനം ഇല്ലായെന്നല്ല സ്പിവാക്ക് പറയുന്നത്. അപനിര്‍മിതിയുടെ പ്രക്രിയ എന്നാല്‍ ഒരിക്കലും സ്വത്വം അടയാളപ്പെടുത്താനാവാതെ കൂടുവിട്ട് കൂടുമാറുന്ന ചാഞ്ചാട്ടത്തിന്റെ ദുര്‍ബല കര്‍തൃത്വം എന്നല്ല. മറിച്ചു  ചില ഘട്ടങ്ങളില്‍ സ്വത്വബോധത്തിന്റെ പ്രഖ്യാപനം നടത്തേണ്ട സാഹചര്യം ഉണ്ടാവും. ഞാനൊരു സ്ത്രീയാണ്, ഞാനൊരു പുരുഷനാണ്, ഞാനൊരു ദലിതനാണ്, ഞാനൊരു ഭിന്ന-ലിംഗ സമൂഹ അംഗമാണ് എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ചിലപ്പോള്‍ ചെയ്യേണ്ടിവരുന്നത് തന്ത്രപരമായ വ്യവഹാരത്തിന്റെ ഭാഗമായി മാത്രമാണ്. ആധിപത്യത്തെ പൊളിക്കാനുള്ള ഒരു ഉപാധി മാത്രമാണത്. എന്നാല്‍ അതൊരിക്കലും വിധേയത്തത്തിന്റെ സ്വത്വബോധം സ്വീകരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒന്നാകില്ല. ഇതിനെ തന്ത്രപരമായ സത്താവാദം (strategic essentialism) എന്നാണ് സ്പിവാക്ക് വിളിക്കുന്നത്. ഈ തന്ത്രപരമായ സത്താവാദം കീഴാളതയുടെ നിശ്ചലതയെ ശിഥിലമാക്കുകയും സാഹചര്യങ്ങള്‍ക്കു അനുസൃതമായി സ്വത്വകാംക്ഷയെ വ്യതിരിക്തമായി പുനഃരാഖ്യാനം ചെയ്യാന്‍ കീഴാളരെ സഹായിക്കുകയും ചെയ്യും. പ്രതിനിധാനം എന്നത് ആത്യന്തികമായി നല്‍കപ്പെട്ടത് അല്ലെന്നും വ്യാഖ്യാനാത്മകമായി പുനഃരാലേഖനം ചെയ്യേണ്ടതാണെന്നുമുള്ള സ്പിവാക്കിന്റെ പ്രത്യയശാസ്ത്രം കീഴാള സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം നവമാനവികതയുടെ ഉണര്‍ത്തുപാട്ടാണ്. 

REPRESENTATIVE IMAGE | WIKI COMMONS
ഉപസംഹാരം 

ആധിപത്യ സമൂഹങ്ങള്‍ കീഴാളരെ താഴ്ത്തിക്കെട്ടാന്‍ ഉപയോഗിക്കുന്ന പരമ്പരാഗതമായ കീഴാളത (subalternity) നവ ആഖ്യാനത്തിലൂടെ പ്രസ്തുത ജനവിഭാഗങ്ങള്‍ക്ക് സ്വത്വ പുനര്‍നിര്‍മിതിയുടെ പുതിയൊരു പ്രത്യയശാസ്ത്രമായി മാറുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ വിമോചന ധാരയുടെ വക്താക്കളും സാമൂഹ്യക്ഷേമത്തെ മുന്‍നിര്‍ത്തി കീഴാളര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ കീഴാളര്‍ നിശ്ശബ്ദമാക്കെപ്പെടുകയാണെന്ന് വ്യക്തമാക്കുകയാണിവിടെ. കീഴാള ശബ്ദം എല്ലാ പ്രതിനിധാനങ്ങള്‍ക്കുമപ്പുറം വഴങ്ങാത്ത സ്വത്വ ഭാവനകളാണെന്ന് സ്പിവാക്ക് പറയുന്നു. അതുകൊണ്ട് കീഴാളരുടെ നിശ്ശബ്ദമാക്കപ്പെട്ട ശബ്ദം കേള്‍ക്കുക അസാധ്യമാണ്. ആ അസാധ്യത തിരിച്ചറിഞ്ഞു ഒരു സ്വത്വന്വേഷണ തീര്‍ത്ഥാടന യാത്രയ്ക്കാണ് എല്ലാ പുരോഗമന ധാരകളും സഞ്ചരിക്കേണ്ടത്. നിശ്ശബ്ദതരുടെ നിലവിളി കേള്‍ക്കാന്‍ അശരീരികളുടെ (ഇരകളുടെ) ശബ്ദങ്ങള്‍ക്കു ചെവിയോര്‍ക്കാം. സ്വന്തം ആധിപത്യ സ്വത്വത്തെ അഴിച്ചെടുക്കാതെ കീഴാളരുടെ വിമോചനത്തിനായി ശബ്ദിക്കാമെന്നുള്ള മേലാളവര്‍ഗത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിവിടെ പൊളിഞ്ഞുവീഴുന്നത്. കീഴാളര്‍ സ്വത്വകാംക്ഷയുടെ തീര്‍ത്ഥാടനത്തിലാണ്; തടവറയിലല്ല. പൊതുസമൂഹം ചെയ്യേണ്ടത് കീഴാളരുടെ സ്വത്വ പുനര്‍നിര്‍മിതിയുടെ ആവിഷ്‌കാരങ്ങളെ ശ്രദ്ധിക്കുകയും പാഠങ്ങള്‍ പഠിക്കുകയും സ്വയം തിരുത്തുകയും ചെയ്യുക എന്നതാണ്. അത് കീഴാളതയുടെ പാഠമാണ്; കീഴാളര്‍ക്കും മേലാളര്‍ക്കും.


#outlook
Leave a comment