TMJ
searchnav-menu
post-thumbnail

Outlook

അവനാണ് നമ്മുടെ റൊണാള്‍ഡോ, അവനാണ് നമ്മുടെ മെസ്സി, അവനാണ് നമ്മുടെ എല്ലാം

10 Jun 2024   |   3 min Read
വിശാഖ് ശങ്കര്‍

സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നുവോ? വരുന്ന ഓഗസ്റ്റില്‍ നാല്പത് തികയാന്‍ പോകുന്ന ഒരു താരം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. എന്നാല്‍ സുനിലിന്റെ വിരമിക്കല്‍ മത്സരം അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒന്നായിരുന്നു. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ഒന്നല്ല, പലത്.

ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യത്താല്‍ പലപ്പോഴും അവഗണിക്കപ്പെടുകതന്നെ ചെയ്തിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിനെ രണ്ട് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ചുമലിലേറ്റി നടന്നത് എന്ന് അതിശയോക്തി തെല്ലുമില്ലാതെ പറയാവുന്ന ഒരു താരം. ആ നിലയ്ക്ക് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച, ഗോള്‍ നേടിയ താരമാകുന്നത് സ്വാഭാവികം. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും അടങ്ങുന്ന അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ പത്തുപേരുടെ പട്ടികയില്‍ നാലാമത് ഒരു ഇന്ത്യക്കാരന്‍ ഉണ്ട് എന്നത്, അയാളുടെ പേര് സുനില്‍ ഛേത്രി എന്നാണെന്നത് ലോകകപ്പ് മാത്രം കാണുന്ന നമ്മുടെ ഫുട്‌ബോള്‍ ആരാധകരില്‍ എത്രപേര്‍ക്ക് അറിയാം?

ഒരു ഗോള്‍ അടിക്കുന്നത് തന്നെ എളുപ്പമുള്ള കാര്യമല്ല, പിന്നെയല്ലേ 94 അന്താരാഷ്ട്ര ഗോളുകള്‍ എന്ന് ഛേത്രിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചിട്ടത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. എന്നാല്‍ ഈ ഗോളുകളില്‍ എത്രയെണ്ണം ഇവിടെ, സ്വന്തം നാട്ടിലെങ്കിലും ആഘോഷിക്കപ്പെട്ടു എന്ന് ചോദിക്കുന്നില്ല, ശ്രദ്ധിക്കപ്പെട്ടു?

സുനില്‍ ഛേത്രി | PHOTO: FACEBOOK
രണ്ടായിരത്തി പതിനെട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ കപ്പ് എന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഛേത്രി ഹാട്രിക് നേടി. എന്നാല്‍ സ്റ്റേഡിയത്തില്‍ അത് കാണാന്‍ ഉണ്ടായിരുന്നവരുടെ സംഖ്യ അപമാനകരമെന്നോണം ദരിദ്രമായിരുന്നു. ഇതില്‍ ദുഃഖിതനായ സുനില്‍ ശൂന്യമായ ഗ്യാലറികള്‍ കാണിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. അത് സച്ചിനെയും വിരാട് കോലിയെയും പോലെയുള്ള താരങ്ങള്‍ കൂടി ഏറ്റെടുത്ത് വൈറലാക്കിയപ്പോള്‍ അടുത്ത മത്സരത്തിന് (അത് സുനില്‍ ഛേത്രിയുടെ നൂറാമത് അന്താരാഷ്ട്ര മത്സരം കൂടി ആയിരുന്നു) കാണികളുടെ നിറഞ്ഞ പിന്തുണ ഉണ്ടായി. 
അതെങ്ങനെ?

1983 ലോകകപ്പ് വിജയത്തിന് ശേഷമാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതവും വികാരവും ഒക്കെയായി മാറിയത്. ആ കളി നമുക്കൊരു ദൈവത്തെ തന്നെയും സംഭാവന ചെയ്തത്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന രാഷ്ട്രങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ലോകകപ്പല്ല ഫുട്‌ബോള്‍ വേള്‍ഡ് കപ്പ്. അതുകൊണ്ടുതന്നെ അത് നേടുക പോയിട്ട് ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകതന്നെ ദുഷ്‌കരമാണ്. അടുത്ത കാലത്തതൊന്നും നമുക്ക് സാധിച്ചിട്ടില്ല. എന്നാല്‍ സാധിച്ചിട്ടില്ല എന്നതിനര്‍ത്ഥം അസാദ്ധ്യമെന്നല്ല. അതാണ് സുനില്‍ ഛേത്രി തന്റെ അന്താരാഷ്ട്ര കരിയര്‍ വഴി തെളിയിച്ചത്.

94 ഗോളുമായി ബൂട്ട് അഴിച്ചുവയ്ക്കുമ്പോള്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ നാലാമതാണ് എന്ന് മുകളില്‍ പറഞ്ഞു. അതില്‍ ലോകകപ്പ് ഗോളുകള്‍ ഇല്ല. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഹോളണ്ട് തുടങ്ങിയ വമ്പന്മാരുടെ ഒന്നാം നിരയുമായി ഏറ്റുമുട്ടി നേടിയ ഗോളുകളും ഉണ്ടാവില്ല. എന്നിരുന്നാലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും പിന്നില്‍ എന്നുവച്ചാല്‍ പെലെ, ബാജിയോ, റൊണാള്‍ഡോ, മുള്ളര്‍, മാര്‍കോ വാന്‍ ബാസ്റ്റിന്‍ തുടങ്ങിയവര്‍ക്ക് മുന്നില്‍ ആണ് അന്താരാഷ്ട്ര ഗോള്‍ നേട്ടത്തില്‍ ഛേത്രിയുടെ സ്ഥാനം. വലിയ ഫുട്‌ബോള്‍ പാരമ്പര്യമൊന്നും ഇല്ലാത്ത ഒരു നാട്ടില്‍ ജനിച്ച് വളര്‍ന്ന, അത്തരം ഒരു രാജ്യത്തിന്റെ ടീമിനുവേണ്ടി കളിക്കുകയും അതിനെ നയിക്കുകയും ചെയ്ത ഒരു ഫുട്‌ബോളറെ സംബന്ധിച്ചിടത്തോളം സ്വപ്നനേട്ടം തന്നെയാണത്.

REPRESENTATIVE IMAGE | WIKI COMMONS
ആരാധകരുടെ എണ്ണം വച്ച് നോക്കിയാല്‍ ഇന്ത്യയില്‍ ഫുട്‌ബോളിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ക്രിക്കറ്റ് എന്നത് വാസ്തവം തന്നെ. എന്നാല്‍ അതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പുരോഗമിക്കാത്തതിന്റെ കാരണം എന്ന് കരുതുന്നത് വസ്തുതാപരമാണെന്ന് തോന്നുന്നില്ല. ഒന്ന് ചത്താലെ മറ്റൊന്നിന് വളമാകൂ എന്നുത്തരം നാട്ടുയുക്തികള്‍ വച്ച് ക്രിക്കറ്റ് നശിച്ചിട്ടുവേണം ഫുട്‌ബോളില്‍ ലോകകപ്പ് എടുക്കാന്‍ എന്നതരം പ്രത്യാശകള്‍ വച്ച് പുലര്‍ത്തിയിട്ട് കാര്യവുമില്ല. വെറും പത്ത് രാഷ്ട്രങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലോകകപ്പ് ആയിട്ടും 83 ല്‍ കപ്പ് എടുത്തശേഷം ആ നൂറ്റാണ്ടില്‍ നേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ പക്ഷേ, കപില്‍ ലോകത്തെ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളര്‍ ആയതും ഗവാസ്‌കര്‍ ഏറ്റവും അധികം റണ്‍, സെഞ്ച്വറി നേടിയ താരമായതും പോലെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ തന്നെയായിരുന്നു പില്‍ക്കാലത്ത് സച്ചിനെയും കോലിയെയും സഹീര്‍ ഖാനെയും ബുംറയെയും പോലെയുള്ള കളിക്കാരെ സൃഷ്ടിക്കാന്‍ പ്രചോദനമായതും.

ഫുട്‌ബോളില്‍ മുഴുവന്‍ ഇന്ത്യയ്ക്കും പ്രചോദനമാവാന്‍ പോന്ന നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്. അത് പക്ഷേ, പരമാവധി മനുഷ്യരിലേക്ക് എത്തിക്കാനും ആ നേട്ടത്തിന്റെ ഔന്നത്യം എന്തെന്ന് മനസ്സിലാക്കിക്കാനും നമ്മുടെ കായികലോകവും മാധ്യമങ്ങളും മുന്‍കൈ എടുക്കണം എന്നുമാത്രം.

എണ്ണത്തില്‍ കുറവാണെങ്കിലും ഫുട്‌ബോള്‍ എന്ന വിനോദത്തെ വൈകാരികമായി നെഞ്ചിലേറ്റുന്ന നിരവധി മനുഷ്യര്‍ ഇപ്പോഴും ഉണ്ട്. അതില്‍ ഒരാള്‍ ഛേത്രിയുടെ വിരമിക്കല്‍ മത്സരത്തില്‍ ഉയര്‍ത്തിക്കാട്ടിയ  പോസ്റ്ററിലെ വാക്കുകളുടെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്:
'അവനാണ് നമ്മുടെ റൊണാള്‍ഡോ, അവനാണ് നമ്മുടെ മെസ്സി, അവനാണ് നമ്മുടെ എല്ലാം'.

REPRESENTATIVE IMAGE | WIKI COMMONS
ഒരു കായികപ്രേമി എന്ന നിലയില്‍ ഈ ലേഖകന് സുനില്‍ ഛേത്രിയെയും ഇന്ത്യന്‍ ഫുട്‌ബോളില്‍ അയാള്‍ക്ക് ഉള്ള സ്ഥാനത്തെയും കുറിച്ച് ഇതില്‍ കൂടുതലൊന്നും പറയാനില്ല.

 

 

#outlook
Leave a comment