TMJ
searchnav-menu
post-thumbnail

Outlook

അന്ധവിശ്വാസം കുരുക്കുന്ന ജീവിതങ്ങള്‍ 

12 Apr 2024   |   5 min Read
റിബിന്‍ കരീം

ക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ അരുണാചല്‍ പ്രദേശിലെ മലയാളി ദമ്പതികളുടെയും, സുഹൃത്തിന്റെയും ദുരൂഹ മരണങ്ങളുടെ കാരണം വിരല്‍ചൂണ്ടുന്നത് അന്ധവിശ്വാസം മൂലമുള്ള കുരുതികളുടെ പുതിയ അധ്യായത്തിലേക്കാണ്. ദമ്പതികളായ കോട്ടയം സ്വദേശി നവീന്‍ തോമസും ദേവിയും സുഹൃത്തായ ആര്യയും ആണ് അന്യഗ്രഹജീവിതം ആഗ്രഹിച്ച് ആത്മഹത്യ ചെയ്തതായി പോലീസ് കരുതുന്നത്. ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത 466 പേജുള്ള രേഖയില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുള്ള 'മൈതി' എന്ന സാങ്കല്പിക കഥാപാത്രവുമായുള്ള സംഭാഷണമാണ് ഈ രേഖയില്‍.

തമിഴ്‌നാട്ടിലും, നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രമല്ല കേരളത്തിലും ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും പേരില്‍ നടന്നിട്ടുള്ള മനുഷ്യക്കുരുതികള്‍, ഒരു ഡസനില്‍ അധികമാണ്. 1981 ഡിസംബര്‍ ഏഴിന് ഇടുക്കി പാണംകുട്ടിയില്‍ സോഫിയ എന്ന പതിനേഴുകാരിയെ കുരുതികൊടുത്തു. 2017 ഏപ്രിലില്‍ നന്തന്‍കോട്ട് നാലുപേരുടെ ജീവനെടുത്ത ആസ്ട്രല്‍ പ്രൊജക്ഷന്‍. ഈ സംഭവം പിന്നീട് അഞ്ചാം പാതിരാ സിനിമയില്‍ സംവിധായകന്‍ വിളക്കിചേര്‍ത്തിട്ടുണ്ട്. 2022 -ല്‍ നടന്ന ഇലന്തൂര്‍ നരബലിയും ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ഏറ്റവും ഒടുവിലായി, കേരളത്തെ ഞെട്ടിച്ചുകൊണ്ട്, ഇപ്പോള്‍ അരുണാചലില്‍ നടന്നിരിക്കുന്ന കൂട്ട ആത്മഹത്യയും സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും വലിയ ചര്‍ച്ചയാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിലെ ഒരു കോമണ്‍ പാറ്റേണ്‍ ഇരകളുടെയും/ പ്രതികളുടെയുമെല്ലാം മാനസിക നിലയിലെ തകരാറുകളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ, ഈ കൂട്ടത്തിലെ 'ഗോഡ്ഫാദര്‍' സംഭവം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ഒരേസമയം തൂങ്ങി മരിച്ച രാജ്യത്തെയൊട്ടാകെ ഞെട്ടിച്ച സംഭവം.

2018 ജൂലൈ ഒന്നിന് രാവിലെ, ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് രാജ്യം ഉണര്‍ന്നത്. ദില്ലിക്ക് സമീപമുള്ള ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ അംഗങ്ങളാണ് ജീവന്‍ വെടിഞ്ഞത്. മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമായിരുന്നു അത്. അതിന് പിന്നാലെ ഒരുപാട് ചര്‍ച്ചകള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍ ഒക്കെ നടന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അതൊരു കൊലപാതകമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തി. നാരായണി ഭാട്ടിയ, അവരുടെ മക്കളായ ലളിത് (42), ഭൂപി (46), പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

ബുരാരിയിലെ ഭാട്ട്യ കുടുംബം | PHOTO: FACEBOOK
ഒരു തുണ്ട് കയറില്‍ ജീവിതം തീര്‍ക്കാന്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെയും പ്രേരിപ്പിച്ച വികാരം എന്തായിരിക്കാം? ആത്മഹത്യയില്‍ ബാഹ്യപ്രേരണകള്‍ ഉണ്ടോ? ഈ ദുരൂഹ കുടുംബത്തെ കുറിച്ച് അയല്‍വാസികളും, ബന്ധുക്കളും എന്ത് പറയുന്നു? ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചതെന്ത് ? അന്ധവിശ്വാസവും, മനുഷ്യരുടെ മാനസിക വ്യവഹാരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, അന്ധവിശ്വാസം സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ അങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം പോലെയാണ് നെറ്റ്ഫ്‌ലിക്‌സ് 2021 - ല്‍  റിലീസ് ചെയ്ത 'ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്സ്' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിശ്വാസത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥ മാത്രമായിരുന്നില്ല പ്രസ്തുത ഡോക്യുമെന്ററി. മറിച്ച് ആചാരങ്ങളെന്നും, അനുഷ്ഠാനങ്ങളെന്നും, വിശേഷിപ്പിച്ചുകൊണ്ട് ഈ നൂറ്റാണ്ടിലും നമ്മുടെ രാജ്യത്ത് നടക്കുന്ന ദാരുണമായ സംഭവങ്ങള്‍ക്ക് പിന്നിലെ മാനസികാവസ്ഥയെ ശാസ്ത്രീയമായി അപഗ്രഥിക്കാനും സംവിധായകര്‍ ശ്രമിച്ചിട്ടുണ്ട്.

ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്' മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ക്രിയേറ്റിവിറ്റി എന്നതിന്റെ തോത് കുറഞ്ഞും ക്രാഫ്റ്റിന്റെ അളവ് കൂടിയും നില്‍ക്കുന്നതാണ് ഡോക്യുമെന്ററികളുടെ സവിശേഷത എന്നൊരു നിരീക്ഷണം ശക്തമാണ്. പിന്‍തുടരുന്ന രീതിയും, അവതരണവും മുന്‍പ് കണ്ടിട്ടുള്ളതാണെങ്കില്‍ കൂടിയും മികച്ച ക്രാഫ്റ്റ് കൊണ്ട് എഡിറ്റര്‍ കൂടിയായ ലീന യാദവ് ഈ സീരീസിലൂടെ പ്രേക്ഷകരെ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ സിനിമയുടെ അനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

'കള്‍ട്ട് സൂയിസൈഡ്' നമുക്ക് അന്യമല്ല എന്നാല്‍ ബുരാരി സംഭവത്തില്‍ ആ വീട് ആണ് കള്‍ട്ട് ആയി വര്‍ത്തിക്കുന്നത്. കേരളത്തില്‍ നടന്ന പ്രമാദമായ കൂടത്തായി കൊലപാതകങ്ങള്‍ നടന്ന വീടിനെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ശശികുമാര്‍ 'തിയേറ്റര്‍ ഓഫ് Murders ' എന്നാണ് വിശേഷിപ്പിച്ചതെങ്കില്‍ ബുരാരിയിലെ വീട് 'തിയേറ്റര്‍ ഓഫ് മിസ്റ്ററീസ്' ആണ്. നട്ടെല്ലിലൂടെ തണുപ്പ് പടര്‍ത്തുന്ന ഒന്നാണ് ഈ സീരീസിന്റെ ഓരോ എപ്പിസോഡും. ഇന്ത്യന്‍ സിനിമകളിലെ ഗാനരംഗങ്ങളില്‍ പല സംവിധായകരും നയനമനോഹരമായി ചിത്രീകരിച്ച ആല്‍മരത്തിന്റെ ചില്ലയില്‍ നിന്നും താഴേക്ക് ഊര്‍ന്നുനില്‍ക്കുന്ന മരത്തിന്റെ വള്ളികള്‍ പോലെ ഒരു കുടുംബത്തിലെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ മൂന്ന് തലമുറയില്‍പെട്ട 11 ആളുകള്‍ റൂഫില്‍ നിന്നും വെളിച്ചം വരുന്ന ജനാലയിലെ കമ്പികളില്‍ അടുത്തടുത്തായി തൂങ്ങിയാടുന്നു.

REPRESENTATIVE IMAGE | WIKI COMMONS
സീരീസിന്റെ ഓപ്പണിങ് ഷോട്ട് തന്നെ വടക്കന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ബുരാരിയിലെ സന്ത് നഗറിലെ ഇടുങ്ങിയ പാത 4-ല്‍ തൂണുകളില്‍ തൂങ്ങിക്കിടക്കുന്ന വൈദ്യുതി കമ്പികളുടെ വലിയ മെഷില്‍ സൂര്യപ്രകാശം കുടുങ്ങുന്നു. ബുരാരി ആത്മഹത്യകള്‍ പുനഃപരിശോധിക്കാന്‍ അനുയോജ്യമായ ഒരു ദൃശ്യ രൂപകമാണ് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടപെടലുകള്‍. ആത്മഹത്യയുടെ കാരണം കണ്ടെത്തുക എന്നതിനപ്പുറം, പൊതുഇടത്തില്‍ ലഭ്യമായ വിവരങ്ങള്‍ പുതിയ കണ്ണുകളിലൂടെ നിരീക്ഷിച്ച്, ഭാട്ട്യ കുടുംബത്തിന്റെ സുഹൃത്തുക്കളിലൂടെയും, ബന്ധുക്കളിലൂടെയും, അന്വേഷണ ഉദ്യോഗസ്ഥരിലൂടെയും, ആരോഗ്യവിദഗ്ധരിലൂടെയും, മാധ്യമപ്രവര്‍ത്തകരിലൂടെയും വിശദീകരണം നല്‍കുകയാണ് ഡോക്യുമെന്ററി ചെയ്യുന്നത്. ഇത്തരം സംഭവങ്ങളില്‍ മീഡിയ സെന്‍സേഷണലിസം എങ്ങനെ സമൂഹത്തില്‍ തെറ്റായ വാര്‍ത്തകള്‍ പരത്തുന്നു എന്നും ഹൗസ് ഓഫ് സീക്രറ്റ്‌സ് അടിവരയിടുന്നുണ്ട്. ഭാട്ട്യ കുടുംബം താമസിച്ചിരുന്ന പ്രദേശത്തെ അയല്‍ക്കാര്‍ സംഭവം പോലീസില്‍ അറിയിക്കുന്നതിലൂടെ ആരംഭിക്കുന്ന സീരീസ്,  ഓരോ നിമിഷവും ഒരു റിയല്‍ ലൈഫ് ഇന്‍സിടന്റിന്റെ ഭീകരതയുടെ എക്സ്ട്രീം ഫീല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് മികച്ച ഇന്ത്യന്‍ ഡോക്യുമെന്ററി സീരിസുകളില്‍ ഒന്നായി മാറുന്നതിനു പിന്നിലെ പ്രധാന ആകര്‍ഷണം അച്ചടക്കത്തോടെയുള്ള അവതരണരീതി ആണ്.  ഓരോ സംഭവങ്ങള്‍ വിവരിക്കുമ്പോഴും അകമ്പടിയായി വരുന്ന ശബ്ദങ്ങളും, പശ്ചാത്തല സംഗീതവും കണ്ടന്റിനോട് ഇഴുകിചേര്‍ന്ന് ഒരുക്കുന്നതില്‍ സംഗീത സാമ്രാട്ട് എ ആര്‍ റഹ്‌മാന്‍ പൂര്‍ണമായും വിജയിച്ചു എന്ന് തന്നെ പറയാം.

ബുരാരി കേസ് അന്വേഷണത്തില്‍ ടേണിങ് പോയിന്റ് ആകുന്നത് അവടെ നിന്ന് കണ്ടെത്തുന്ന ഡയറി ആണ്. ഡയറിക്കുറിപ്പിലൂടെ പോലീസെത്തി ചേരുന്നത് കുടുംബത്തിലെ ഇളയ മകനായ ലളിതിലേക്ക് ആണ്. 2007ലാണ് കുടുംബത്തിലെ ഏറ്റവും സീനിയറായ നാരായണി ദേവിയുടെ ഭര്‍ത്താവ് ഭോപാല്‍ സിംഗ് മരിക്കുന്നത്. പിതാവിന്റെ മരണം ഏറ്റവും ബാധിച്ചത് ഇളയ മകന്‍ ലളിതിനെ ആണ്. അയാള്‍ തീര്‍ത്തും മൂകനായി കാണപ്പെട്ടു. പിന്നീട് അയാള്‍ ഉള്‍വലിഞ്ഞ് ജീവിക്കാന്‍ തുടങ്ങി. പെട്ടെന്നൊരു ദിവസം തന്നില്‍ അച്ഛന്റെ ബാധ പ്രവേശിച്ചിട്ടുണ്ടെന്നും, കുടുംബം നല്ല നിലയില്‍ എത്താന്‍ അച്ഛന്‍ സഹായിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതുള്‍പ്പെടെ വേറെയും ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ ഡയറിയില്‍ അടങ്ങിയിരുന്നു. മരിക്കുന്നതിന് മുന്‍പുള്ള പതിനൊന്ന് വര്‍ഷങ്ങള്‍ ഈ ഡയറിക്കുറിപ്പുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. മരിച്ചുപോയ അച്ഛന്‍ ലളിതിനോട് സ്വപ്നത്തില്‍ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പില്‍ നിര്‍ദ്ദേശങ്ങളായി മാറിയിരുന്നതെന്ന് കരുതുന്നു. പതിനൊന്ന് ഡയറികളും നോട്ട്ബുക്കുകളുമാണ് അവിടെ നിന്ന് കണ്ടെത്തിയത്. അച്ഛന്‍ സ്വപ്നത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തന്റെ കുടുംബാംഗങ്ങള്‍ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറിക്കുറിപ്പുകള്‍ നിര്‍ദ്ദേശിച്ചു. കുടുംബത്തിന് ആ വാക്കുകള്‍ നിയമങ്ങളായി മാറി. അതിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല. അച്ഛന്റെ ഡയറിയിലെ ഈ നിര്‍ദേശങ്ങള്‍ തന്നെയാണ് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ഒരു കൂട്ടത്തിലെ/ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ നേതാവിന്റെ കല്‍പന അക്ഷരംപ്രതി അനുസരിക്കുന്ന ഒരു മാനസികാവസ്ഥയെ ശാസ്ത്രലോകം 'ഷെയേര്‍ഡ് സൈക്കോസിസ്' എന്ന് വിളിക്കുന്നു. നേരത്തെ നടന്ന ഒരു അപകടത്തിന്റെ പശ്ചാത്തലത്തിലും, അച്ഛന്റെ മരണം ഉണ്ടാക്കിയ ഷോക്കും മാനസികമായും, ശാരീരികമായും ചില പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന ലളിതിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ കുടുംബത്തിനും ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഷെയേര്‍ഡ് സൈക്കോസിസിന്റെ മറ്റൊരു ഉദാഹരണം റിപ്പോര്‍ട്ട് ചെയ്തത് 2016 - ല്‍ ട്രോമ്പ് കുടുംബത്തിന്റേത് ആണ്. 2016-ല്‍, ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ സില്‍വന്‍ ട്രാംപ്സ് അവരുടെ ഫാം ഹൗസും, വീടും, ബാങ്ക് അക്കൗണ്ടുകളും എല്ലാം ഉപേക്ഷിച്ച് ഒരു ദീര്‍ഘയാത്രയ്ക്ക് പോയി, തങ്ങളെ ആരോ ആക്രമിക്കാനും, നശിപ്പിക്കാനും പദ്ധതിയിട്ടെന്നും അതില്‍ നിന്ന് രക്ഷപ്പെടാനും ആണ് ഈ യാത്രയെന്നും കുടുംബത്തിലെ ഒരംഗം തന്നെ പറഞ്ഞു വിശ്വസിപ്പിച്ച കഥയുടെ പശ്ചാത്തലത്തില്‍ ആണ് അവര്‍ നാടുവിട്ടത്. ട്രോമ്പ് കുടുംബത്തിന് പക്ഷെ ജീവനാഹി ഉണ്ടായില്ല, പല വഴിക്ക് പിരിഞ്ഞ കുടുംബത്തെ ഒടുവില്‍ കണ്ടെത്തുകയും, ചികിത്സനല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും/വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അപൂര്‍വമായ കേസുകളില്‍ അതിന്റെ കാരണം കണ്ടെത്താന്‍ നടത്തുന്ന മനഃശാസ്ത്ര പോസ്റ്റുമോര്‍ട്ടം അഥവാ സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്തണമെന്ന് ബുരാരി കേസില്‍ ഡല്‍ഹി പോലീസ് സി. ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക ആചാരത്തിനിടെ സംഭവിച്ച അപകടമാണ് മരണകാരണമെന്നും ഇവരാരും തങ്ങള്‍ മരിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും മനഃശാസ്ത്ര പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഷെയേര്‍ഡ് സൈക്കോസിസ് രോഗ നിര്‍ണയത്തിലേക്ക് പോലീസ് എത്തുന്നത്. വലിയ നറേറ്റീവ് ബില്‍ഡ് ആപ്പുകള്‍ ഇല്ലാതെ തന്നെ ഏറെ സങ്കീര്‍ണ്ണവും/ ഞെട്ടലുളവാക്കുന്നതുമായ ബുരാരി കൂട്ട ആത്മഹത്യക്ക് പിന്നിലെ കാതലായ ഈ കാരണം ഡോക്യു സീരീസ് വിശദമായി തന്നെ പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്.
 
ഡോക്യുമെന്ററി എന്ന മീഡിയം സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കാം എന്ന് കൃത്യമായ ധാരണ ഹൗസ് ഓഫ് സീക്രറ്റ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ബുരാരി സംഭവവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ള ആളുകളുടെയും അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും ഒപ്പം ഫയല്‍ വീഡിയോകള്‍, ആ കാലത്തെ വാര്‍ത്തകള്‍, അങ്ങനെ സമഗ്രമായ ഒരു ഗവേഷണം തന്നെ സ്‌ക്രിപ്റ്റിന് വേണ്ടി സംവിധായകര്‍ ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ ഡോക്യു ഫിക്ഷന്റെ അകത്തളത്തില്‍ പിടിച്ചുകെട്ടാതെ ബുരാരി സംഭവത്തിന്റെ പശ്ചാത്തലം കേവലം ചര്‍ച്ചകളില്‍ ഒതുങ്ങാനുള്ളതല്ല,  മറിച്ച് രാജ്യവ്യാപകമായി ഉയര്‍ന്നുവന്നതും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചതുമായ അന്ധവിശ്വാസം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം ഹത്യകള്‍ക്കെതിരെ ജാഗ്രത ബലപ്പെടുത്താനും എന്ന സന്ദേശവും സീരീസ് പങ്കുവെക്കുന്നുണ്ട്.


#outlook
Leave a comment