TMJ
searchnav-menu
post-thumbnail

Outlook

ബുള്‍ഡോസര്‍ രാജിനെതിരെ താക്കീതുമായി സുപ്രീം കോടതി

04 Sep 2024   |   3 min Read
K P Sethunath

കുറ്റാരോപിതരായ വ്യക്തികളുടെ വീടുകളും, സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചു ഇടിച്ചു നിരപ്പാക്കാന്‍ നിയമം അനുവദിക്കില്ലെന്ന സുപ്രീംകോടതിയുടെ നിലപാട്‌ മനുഷ്യാവകാശ-ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കുന്നവര്‍ക്ക്‌ ഏറെ ആശ്വാസം നല്‍കുന്നു. കേസില്‍ പ്രതിയായതിന്റെ പേരില്‍ ഒരാളുടെ കിടപ്പാടം എങ്ങനെയാണ്‌ പൊളിക്കാനാവുക? നിയമം അതനുവദിക്കുന്നില്ല. ഒരാള്‍ കുറ്റവാളിയെന്നു തെളിഞ്ഞാലും അങ്ങനെയൊന്നു സംഭവിക്കാമോ? എന്നായിരുന്നു ജസ്റ്റിസുമാരായ ബി.ആര്‍. ഗവായും, കെ.വി വിശ്വനാഥനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ജമാത്തെ ഉലമ ഹിന്ദ്‌ എന്ന മുസ്ലീം പണ്ഡിത സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ സുപ്രീം കോടതി നിര്‍ണ്ണായകമായ നിലപാട്‌ വ്യക്തമാക്കിയത്‌. ഭരണഘടന കോടതികളടക്കം ഈ വിഷയത്തില്‍ ഇതുവരെ പ്രകടിപ്പിച്ചിരുന്ന ഉദാസീന മനോഭാവത്തിന്‌ കടകവിരുദ്ധമായ സമീപനമാണ്‌ തിങ്കളാഴ്‌ച്ച ഡിവിഷന്‍ ബഞ്ച്‌ സ്വീകരിച്ചത്‌.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആയിരുന്നു ഈ തല്‍സമയ 'നീതിനിര്‍വഹണത്തിന്റെ' പ്രധാന പ്രേരണ. 2017-ല്‍ ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തിയ ആദിത്യനാഥ്‌ സര്‍ക്കാര്‍ ക്രിമിനല്‍-മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളുമാണ്‌ ആദ്യകാലങ്ങളില്‍ ഇടിച്ചു നിരത്തിലിന്‌ വിധേയമാക്കിയത്‌. പലപ്പോഴും സര്‍ക്കാര്‍ ഭൂമി അല്ലെങ്കില്‍ പുറമ്പോക്കുകള്‍ കൈയ്യേറിയെന്ന കുറ്റം ചുമത്തിയാണ്‌ ഇടിച്ചുനിരത്തലുകള്‍  നടത്തിയിരുന്നത്‌. 2017-ല്‍ തന്നെ തുടക്കമിട്ടുവെങ്കിലും പൗരത്വനിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെ 2019-ല്‍ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബുള്‍ഡോസര്‍ രാജ്‌ എന്ന പ്രതിഭാസം പൊതുവെ ശ്രദ്ധയില്‍ വരുന്നത്‌.

YOGI ADITYANATH | PHOTO : WIKI COMMONS
രാഷ്ട്രീയ കക്ഷികളുടെയൊന്നും പിന്തുണയില്ലാതെ സാധാരണക്കാരായ ജനങ്ങള്‍ സംഘടിതമായി നടത്തിയ പ്രതിഷേധമെന്ന നിലയിലാണ്‌ സിഎഎ-വിരുദ്ധ സമരം പുതിയ രാഷ്ട്രീയ ഭാവനകള്‍ക്ക്‌ നിമിത്തമായത്‌. സ്‌ത്രീകളുടെ വലിയ സാന്നിദ്ധ്യമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. സാധാരണഗതിയിലുള്ള സമര-പ്രക്ഷോഭണ പരിപാടികളില്‍ ദൃശ്യമല്ലാത്ത തരത്തിലുള്ള ജനകീയ പങ്കാളിത്തം ഭരണാധികാരികളുടെ കണക്കുക്കൂട്ടലുകളെ തെറ്റിക്കുന്നതായിരുന്നു. ജനകീയ പങ്കാളിത്തത്തെ വരുതിയിലാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ബുള്‍ഡോസര്‍ രാജ്‌ മാറിയ സാഹചര്യമതാണ്‌. ഡെല്‍ഹിയിലെ ഷഹീന്‍ബാഗ്‌ മാതൃകയില്‍ ഉത്തര്‍ പ്രദേശിലെ പൊതുസ്ഥലങ്ങളില്‍ തമ്പടിച്ച്‌ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീടുകളും, കച്ചവട സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അക്കാലത്ത്‌ പുറത്തു വന്നിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ക്രമേണ അത്‌ മറ്റുളള സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2024 ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം 2022- ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 128 സ്ഥാവരസ്വത്തുക്കള്‍ ഇടിച്ചു നിരത്തലിന്‌ വിധേയമായി. ആസ്സാം, ഡെല്‍ഹി, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഈ സംഭവങ്ങള്‍. ഇപ്പറഞ്ഞ സംസ്ഥാനങ്ങളിലായി മൊത്തം 617-പേര്‍ ഭവനരഹിതരോ, കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവരോ ആയി. ആരാധനാലയങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ബുള്‍ഡോസര്‍ രാജിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുന്നവര്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളാണെന്ന്‌ ലഭ്യമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

ഭരണഘടനാനുസൃതമായ നിയമവാഴ്‌ച്ച കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണാധികാരികള്‍ അതിനെ ലംഘിക്കുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമായി ബുള്‍ഡോസര്‍ രാജിനെ പീപ്പിള്‍സ്‌ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) 2024-മാര്‍ച്ചിലെ ബുള്ളറ്റിന്‍ വിശേഷിപ്പിക്കുന്നു. നിലവിലുള്ള നിയമപരിക്ഷകളുടെ പൂര്‍ണ്ണമായുള്ള ലംഘനമാണ്‌ കഴിഞ്ഞ 7-വര്‍ഷത്തെ ബുള്‍ഡോസര്‍ രാജിന്റെ ചരിത്രത്തില്‍ കാണാനാവുകയെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഞ്ചല്‍ സംസ്ഥാനത്തെ ഹല്‍ദ്വാനിയില്‍ നടന്ന ഒരു സംഭവം അതില്‍ ഇങ്ങനെ വിശദീകരിയ്‌ക്കുന്നു. ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി പുഷ്‌ക്കര്‍ ധാമിയുടെ ഒത്താശയോടെ മസര്‍ ജിഹാദ്‌ എന്നൊരു പ്രചാരണം അഴിച്ചു വിടുന്നു. മുസ്ലീം ജനത നാടുനീളെ വിശുദ്ധരുടെ ശവക്കല്ലറകള്‍ (മസറുകള്‍) നിര്‍മ്മിച്ചു കൂട്ടുന്നുവെന്നായിരുന്നു പ്രചാരണത്തിന്റെ ചുരുക്കം. ഉത്തരാഞ്ചലിലെ ഹിന്ദു സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നതിനുള്ള ഗൂഢപദ്ധതിയായും അതിനെ വിശേഷിപ്പിച്ചു. ആയിരം മുതല്‍ മൂവായിരം വരെ ശവക്കല്ലറകള്‍ ഇടിച്ചു നിരത്തിയതായി മുഖ്യമന്ത്രി തന്നെ തരാതരം പോലെ പറഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ്‌ ഹല്‍ദ്വാനിയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ട വിഷയം ഉടലെടുക്കുന്നത്‌. വനഭൂമി കൈയ്യേറിയാണ്‌ പള്ളി പണിഞ്ഞതെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. കൈയ്യേറിയ വനഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോണമെന്ന്‌ പള്ളി ഭാരവാഹികള്‍ക്ക്‌ ബന്ധപ്പെട്ട തദ്ദേശ ഭരണകൂടം നോട്ടീസ്‌ നല്‍കി. പള്ളി സമിതി ഇതിനെതിരെ ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ തന്നെ ഫെബ്രുവരി 8-ന്‌ മുനിസിപ്പല്‍ ഭരണാധികാരികള്‍ ബുള്‍ഡോസറുമായെത്തി പള്ളിയും അതിനോടു ചേര്‍ന്നുള്ള മദ്രസയും പൊളിച്ചടുക്കിയതായി പിയുസിഎല്‍ ആരോപിക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
രാജസ്ഥാനിലെ ഉദയ്‌പ്പൂരിലുണ്ടായ ഇക്കഴിഞ്ഞ ആഗസ്റ്റിലുണ്ടായ സംഭവവും ബുള്‍ഡോസര്‍ രാജിന്റെ നിയമവിരുദ്ധത വെളിവാക്കുന്നതാണെന്നു സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ അയച്ച കത്തില്‍ പിയുസിഎല്‍ വെളിവാക്കുന്നു. സ്‌കൂളിലെ രണ്ടു കുട്ടികള്‍ തമ്മിലുള്ള വഴക്കിലാണ്‌ തുടക്കം. അതിലെ മുസ്ലീമായ കുട്ടി തന്റെ സഹപാഠിയെ കത്തികൊണ്ട്‌ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറ്റവാളിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഒപ്പം അയാളുടെ പിതാവിനെയും. 16-ാം തീയതി കസ്റ്റിഡിയിലുള്ള കുട്ടിയുടെ പിതാവിന്‌ ആഗസ്റ്റ്‌ 16-ന്‌ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഒരു കത്ത്‌ ലഭിക്കുന്നു. അവരുടെ വീട്‌ സ്ഥിതി ചെയ്യുന്ന സ്ഥലം വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ആഗസ്റ്റ്‌ 20-നുള്ളില്‍ അവിടം വിട്ടു പോകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇപ്പറഞ്ഞ പ്രദേശത്ത്‌ 200-ഓളം വീടുകളുണ്ടെങ്കിലും കേസ്സില്‍ ഉള്‍പ്പെട്ട കൂട്ടിയുടെ വീട്ടുകാരോടു മാത്രമാണ്‌ സ്ഥലം ഒഴിഞ്ഞു പോണമെന്ന ആവശ്യമുന്നയിച്ചത്‌. ഏതായാലും ആ കുടംബം ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന്‌ മുമ്പു തന്നെ അവരുടെ വീട്‌ ബുള്‍ഡോസര്‍ കയറ്റി പൊളിച്ചടുക്കിയതായി പിയുസിഎല്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഭരണഘടനപരമായ നിയമവാഴ്‌ച്ചക്കു പകരം ബുള്‍ഡോസര്‍ രാജ്‌ നിയമമാകുന്നുവെന്ന ആശങ്കകള്‍ ശക്തിപ്പെടുന്ന കാലത്താണ്‌ സുപ്രീം കോടതി നിലപാട്‌ വ്യക്തമാക്കിയത്‌. ആരാധനാലയങ്ങളുടെ പേരിലും, വ്യക്തികള്‍ സ്വന്തം നിലയിലും പൊതുസ്ഥലം കൈയ്യേറുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നു അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ അതിനുള്ള പ്രതിവിധി നിലവിലുള്ള നിയമ പരിരക്ഷകളെ മറികടക്കുന്ന ഇടിച്ചുനിരത്തല്‍ അല്ലെന്നും കോടതി പറയുന്നു. എന്നു മാത്രമല്ല അത്തരം നടപടികള്‍ ഏതുവിധത്തില്‍ ആയിരിക്കണമെന്നതിനെ പറ്റിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. കേസ്‌ സെപ്‌തംബര്‍ 17-ന്‌ വീണ്ടും പരിഗണിക്കും. എന്നാല്‍ ഈക്കാര്യത്തില്‍ ദേശീയതലത്തില്‍ മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള കോടതിയുടെ നീക്കം ഗുണത്തെക്കാള്‍ ദോഷത്തിനാവും വഴിതെളിക്കുകയെന്ന്‌ നിയമപണ്ഡിതനായ ഗൗതം ഭാട്ടിയ അഭിപ്രായപ്പെടുന്നു. ഭരണകൂടത്തിന്‌ നിയമം ബാധകമല്ലെന്ന സമീപനമാണ്‌ ഇക്കാര്യത്തില്‍ പ്രധാനമായും വെളിവാകുന്ന കാര്യം. നിയമവാഴ്‌ചയും, നിയമ സംവിധാനവുമാണ്‌ അതിന്റെ പ്രത്യക്ഷത്തിലുള്ള ഇരകള്‍. അങ്ങനെയൊരു സാഹചര്യത്തില്‍ അതിന്‌ ഉത്തരവാദികളായവരെ കൃത്യമായി കണ്ടെത്തി അനന്തരനടപടികള്‍ സ്വീകരിക്കുകയുമാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം പറയുന്നു. സമാജ്‌ വാദി പാര്‍ട്ടിയുടെ നേതാവായ അഖിലേഷ്‌ യാദവും, കോണ്‍ഗ്രസ്സ്‌ നേതാവായ രാഹുല്‍ ഗാന്ധിയും കോടതി വിധിയെ സ്വാഗതം ചെയ്‌തു. ഭരണഘടനയുടെ മൂല്യങ്ങള്‍ പുനസ്ഥാപിക്കുന്നതാണ്‌ കോടതിയുടെ നിലപാടെന്ന്‌ ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.


#outlook
Leave a comment