TMJ
searchnav-menu
post-thumbnail

Outlook

സ്വരരാഗമാം വസന്തം; ചിത്രച്ചേച്ചി

27 Jul 2023   |   2 min Read
പുഷ്പവതി പൊയ്പാടത്ത്

ഞാന്‍ ആദ്യമായി സിനിമാ സംഗീത രംഗത്തേക്ക് കടന്നു വരുന്നത് 2001 ജനുവരി 1 ന് തൃശ്ശൂരിലെ ചേതന റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ചിത്രച്ചേച്ചിക്ക് ട്രാക്ക് പാടികൊണ്ടാണ്. വിഎം വിനു സംവിധാനം ചെയ്ത് ഫിറോസ് പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ എസ് രമേശന്‍ നായരുടെ വരികള്‍ക്ക്, എസ് ബാലകൃഷ്ണന്‍ സംഗീതം ചെയ്ത് ചിത്രച്ചേച്ചി പാടിയ 'തത്തപ്പെണ്ണ് പാട്ട് പാട്' എന്ന ഗാനമായിരുന്നു അത്.  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയ്ക്ക് വേണ്ടി കൈതപ്രം വരികളെഴുതി ജോണ്‍സന്‍ മാഷ് ഈണം നല്‍കി ചിത്രച്ചേച്ചിയും പി ജയചന്ദ്രനും പാടിയ 'വട്ടയില പന്തലിട്ട്.. തൊട്ട് തൊട്ട് ഞാനിരുന്നു..' എന്ന ഗാനത്തിന് ഞാനായിരുന്നു ട്രാക്ക് പാടിയത്. ജോണ്‍സണ്‍ മാഷ് ആ പാട്ട് എന്നെ ചേതന സ്റ്റുഡിയോവില്‍ വച്ച് പഠിപ്പിക്കുമ്പോള്‍ മനസ്സ് വല്ലാതെ സന്തോഷിച്ചിരുന്നു... അത്രയും ഇഷ്ട്ടമുള്ള ഒരു വലിയ മ്യുസിഷ്യന്റെ ശിക്ഷണത്തില്‍ ഒരു പാട്ടെങ്കിലും ട്രാക്ക് ആണെങ്കില്‍ പോലും അതൊരു ഭാഗ്യമായാണ് ഞാന്‍ കരുതിയത്.

മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം എന്ന സിനിമയിലും ആയിരത്തില്‍ ഒരുവനിലും അങ്ങനെ പല ഗാനങ്ങളും ഞാന്‍ ചിത്രച്ചേച്ചിക്ക് വേണ്ടി ട്രാക്ക് പാടിയിട്ടുണ്ട്. ആ കാലഘട്ടം കാസെറ്റ് വിപണികളുടെ കൊയ്ത്തു കാലമായിരുന്നതിനാല്‍ ചിത്ര, സുജാത എന്നീ മുഖങ്ങള്‍ക്കായിരുന്നു വിപണി മൂല്യം ഉണ്ടായിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതായത് 2022 ലാണ് ഞാന്‍ തെന്നിന്ത്യയുടെ വാനമ്പാടിയായ ചിത്രച്ചേച്ചിയെ നേരില്‍ കാണുന്നത്. പിന്നണിഗായകരുടെ സംഘടനയായ 'സമം' ത്തിന്റെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ IMA കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്നപ്പോഴായിരുന്നു അത്. 

PHOTO: KS CHITHRA FACEBOOK
നേരിട്ട് വ്യക്തിപരമായ അനുഭവങ്ങള്‍ കുറവാണ്... എങ്കിലും അപ്രതീക്ഷിതമായി എന്നെ നേരില്‍ വിളിച്ച് അഭിനന്ദിച്ച ഒരു സന്ദര്‍ഭം അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്. കഴിഞ്ഞ കോവിഡ് മഹാമാരിക്കാലത്ത് നിര്‍ധനരായ ഗായകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനായി സമം സംഘടനയുടെ നേതൃത്വത്തില്‍ ഫേസ് ബുക്കിലൂടെ ഓണ്‍ലൈന്‍ മ്യൂസിക് ഫെസ്റ്റ് നടത്തിയിരുന്നു. ഓരോ ദിവസവും ഓരോ പിന്നണിഗായകരുടെ പാട്ടുകള്‍ എന്നതായിരുന്നു പരിപാടിയുടെ പ്രത്യേകത. എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍  പാടിയത്, ഷമീന ബീഗം എഴുതിയ 'ഖുര്‍ആന്‍' ന്റെ മൂന്നില്‍ ഒന്ന് സാരസംഗ്രഹമായ 112-ാം സൂറത്ത് ആയ ഇഖ്‌ലാസ് ന്റെ മലയാള തര്‍ജമ, എന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയതായിരുന്നു. പിറ്റേന്ന് കാലത്ത് ചിത്രച്ചേച്ചി എന്റെ നമ്പര്‍ ആരില്‍ നിന്നോ വാങ്ങി എന്നെ നേരില്‍ വിളിച്ച് അഭിനന്ദിച്ചു... അതൊരു പ്രിയപ്പെട്ട ഓര്‍മയാണ്.

പീലിയേഴും വീശി സ്വരരാഗമാം മയൂഖമായി മലയാളികളുടെ മനസ്സില്‍ ഇന്നും ആയിരമായിരം വസന്തങ്ങള്‍ തീര്‍ക്കുന്ന ചിത്രച്ചേച്ചിക്ക് എന്റെ സ്‌നേഹം നിറഞ്ഞ  ജന്മദിനാശംസകള്‍.

Leave a comment