TMJ
searchnav-menu
post-thumbnail

Outlook

റഷ്യന്‍ മധ്യസ്ഥതയില്‍ സിറിയ-സൗദി സൗഹൃദം

25 Mar 2023   |   3 min Read
K P Sethunath

റാനും സൗദി അറേബ്യയും തമ്മിലുളള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുവാന്‍ ചൈന മധ്യസ്ഥത വഹിച്ചതിന്റെ തൊട്ടുപിന്നാലെ റഷ്യയുടെ മധ്യസ്ഥതയില്‍ സിറിയയും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുതുക്കുന്നതിനുള്ള ധാരണയിലെത്തിയതായി സൂചന. പശ്ചിമേഷ്യയിലെ അമേരിക്കന്‍ മേധാവിത്തത്തിന്‌ ഏറ്റ മറ്റൊരു തിരിച്ചടിയാണ്‌ റഷ്യയുടെ സാരഥ്യത്തിലുള്ള സിറിയ-സൗദി ബന്ധങ്ങളുടെ മഞ്ഞുരുകല്‍. സോവിയറ്റു യൂണിയന്റെ ശിഥിലീകരണത്തിനു ശേഷം പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയത്തില്‍ റഷ്യ നടത്തുന്ന ശ്രദ്ധേയമായ ഇടപെടലായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

അമേരിക്കയുടെയും സൗദി അറേബ്യയുടെയും പിന്തുണയോടെ സിറിയയിലെ ബഷര്‍ അല്‍ ആസാദ്‌ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടപ്പെടുത്തുന്നതിനുള്ള കലാപം ആഭ്യന്തരയുദ്ധമായി മാറിയപ്പോള്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ ഭരണകുടം അതിജീവനം ഉറപ്പാക്കിയിരുന്നു. ആസാദ്‌ ഭരണകൂടത്തിനുള്ള പിന്തുണയൊഴിച്ചാല്‍ പശ്ചിമേഷ്യയിലെ മറ്റുള്ള രാഷ്ട്രീയ സംഭവവികാസങ്ങളോട്‌ വലിയ തോതിലുള്ള പ്രതികരണമൊന്നും റഷ്യ പ്രകടിപ്പിച്ചിരുന്നില്ല. സോവിയറ്റു യൂണിയന്റെ തകര്‍ച്ചക്കു ശേഷം സ്വീകരിച്ച തണുപ്പന്‍ സമീപനം റഷ്യ കൈയ്യൊഴിയുന്നതിന്റെ സൂചനയായി സിറിയ-സൗദി ചങ്ങാത്തത്തിനായി മധ്യസ്ഥത വഹിച്ചതിനെ വിലയിരുത്തപ്പെടുന്നു.

മോസ്‌ക്കോയിലും, റിയാദിലും സമീപ ആഴ്‌ച്ചകളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നിരവധി വട്ടം നടന്നതായി പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വോള്‍ സ്‌ട്രീറ്റ്‌ ജോര്‍ണല്‍ ഒരു റിപ്പോര്‍ട്ടില്‍ വെള്ളിയാഴ്‌ച്ച വെളിപ്പെടുത്തി. ഈദുല്‍ ഫിത്തറിനു ശേഷം ഏപ്രിലില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ ഡമാസ്‌ക്കസ്‌ സന്ദര്‍ശിന വേളയില്‍ ഇതു സംബന്ധിച്ച്‌ ധാരണ പൂര്‍ത്തിയാക്കുന്നതിനാണ്‌ ശ്രമമെന്നു ഡമാസ്‌ക്കസ്സിലെയും, റിയാദിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം വെളിപ്പെടുത്തി. ഇരു രാജ്യങ്ങളിലും കോണ്‍സുലര്‍ സേവനങ്ങള്‍ പുനരാംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഔദ്യോഗിക തലത്തില്‍ തുടങ്ങിയതായി കരുതപ്പെടുന്നു. അതിനിടെ സിറിയയിലെ സൗദി എംബസി തുറക്കുന്നിനെ പറ്റി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്‌തു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ ഡമാസ്‌ക്കസ്‌ | PHOTO: WIKI COMMONS

ആസാദ്‌ ഭരണകൂടത്തിനെതിരെ 2011 ലുണ്ടായ കലാപത്തില്‍ അമേരിക്കയും, സൗദി അറേബ്യയും കലാപകാരികളുടെ ഭാഗത്തായിരുന്നു. സൗദിയും, സിറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനുള്ള കാരണവും കലാപത്തിനുള്ള പിന്തുണയായിരുന്നു. സിറിയയെ 2011 ല്‍ അറബ്‌ ലീഗില്‍ നിന്നും പുറത്താക്കിയതും സൗദിയുടെ പിന്തുണയോടെയായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ദശകത്തിലധികമായി നീണ്ടുനില്‍ക്കുന്ന തുറന്ന സംഘര്‍ഷത്തിനാണ്‌ റഷ്യയുടെ മധ്യസ്ഥതയില്‍ ഇപ്പോള്‍ ശമനമുണ്ടാവുന്നത്‌.

സിറിയന്‍ പ്രസിഡണ്ട്‌ ആസാദ്‌ കഴിഞ്ഞയാഴ്‌ച്ച നടത്തിയ മോസ്‌ക്കോ സന്ദര്‍ശന വേളയിലാണ്‌ സൗദിയുമായുള്ള ചങ്ങാത്തത്തിനുള്ള വഴിയൊരുങ്ങിയതെന്നു വോള്‍ സ്ട്രീറ്റു ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനെ തുടര്‍ന്ന്‌ സിറിയയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൗദി സന്ദര്‍ശിച്ചു. ഇറാന്‍-സൗദി ബന്ധങ്ങള്‍ സാധാരണ നിലയിലാവുന്നതിന്റെ തൊട്ടു പിന്നാലെ സിറിയ-സൗദി ബന്ധങ്ങളും ചങ്ങാത്തത്തിന്റെ പാതയിലെത്തുന്നത്‌ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു വിലയിരുത്തപ്പെടുന്നു. 2011 ല്‍ നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിന്‌ മുമ്പുതന്നെ സിറിയയും സൗദിയും തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്ലായിരുന്നു.

ഇപ്പോഴത്തെ സിറിയന്‍ പ്രസിഡണ്ടായ ബഷര്‍ അല്‍ ആസാദിന്റെ പിതാവായ ഹാഫെസ്‌ അല്‍ ആസാദ്‌ അടക്കമുള്ളവരുടെ കാര്‍മികത്വത്തില്‍ രൂപംകൊണ്ട സിറിയയിലെ ഭരണകക്ഷിയായ ബാത്ത്‌ പാര്‍ട്ടിയുടെ സോഷ്യലിസ്‌റ്റ്‌ ആശയങ്ങളും, സോവിയറ്റു യൂണിയനടക്കമുള്ള രാജ്യങ്ങളുമായ സൗഹൃദവും, റാഡിക്കലായ പാലസ്‌തീന്‍ വിമോചന ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും സൗദി ഭരണാധികാരികളുടെ രൂക്ഷമായ എതിര്‍പ്പിന്‌ വിധേയമായിരുന്നു. ഈജിപ്‌തും, സിറിയയും ചേര്‍ന്നു 1958-ല്‍ രൂപീകരിച്ച്‌ യുണൈറ്റഡ്‌ അറബ്‌ റിപ്പബ്ലിക്കില്‍ ഒരു സമയത്ത്‌ ഇറാഖും ചേരുന്നതിന്റെ വക്കിലായിരുന്നു. സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ്‌ കോപ്പറേഷന്‍ കൗണ്‍സില്‍ അംഗളായ രാജ്യങ്ങളിലെ രാജഭരണങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ജനകീയ ഭരണകുടമെന്നതായിരുന്നു യുഎആറി-ന്റെ വാഗ്‌ദാനം. ഈജിപതിലെ നേതാവിയിരുന്ന ഗമാല്‍ അബ്‌ദേല്‍ നാസറായിരുന്നു ഈ ആശയത്തിന്റെ പ്രധാന അമരക്കാരന്‍. എന്നാല്‍ 1971 ല്‍ സിറിയ യുഎആറില്‍ നിന്നും പുറത്തുവന്ന്‌ സ്വതന്ത്ര രാജ്യമായി എങ്കിലും സൗദിയും മേഖലയിലെ മറ്റുള്ള രാജഭരണങ്ങളുമായി അത്ര രമ്യതയില്‍ ആയിരുന്നില്ല.

സിറിയന്‍ പ്രസിഡണ്ടായ ബഷര്‍ അല്‍ ആസാദ് | PHOTO: WIKI COMMONS

കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന മേല്‍പ്പറഞ്ഞ സംഘര്‍ഷങ്ങളും പൊരുത്തക്കേടുകളും അത്ര പെട്ടെന്ന്‌ അപ്രത്യക്ഷമാവില്ലെന്നു ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ഇരു രാജ്യങ്ങളും സുരക്ഷയെ പറ്റിയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കാളികളായ ജിഹാദി തടവുകാരുടെ വിവരങ്ങള്‍ സൗദി ഉന്നയിക്കുമ്പോള്‍ തീവ്രവാദികള്‍ക്കുള്ള ധനസഹായവും റിക്രൂട്ട്‌മെന്റും ഇല്ലാതാക്കണമെന്നാണ്‌ സിറിയയുടെ ആവശ്യം.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയില്‍ അമേരിക്കയെ കാഴ്‌ച്ചക്കാരനാക്കുന്നതാണെന്ന വീക്ഷണമാണ്‌ വോള്‍ സ്‌ട്രീറ്റ്‌ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍. സിറിയ-സൗദി ചങ്ങാത്തം ഇ്‌സ്രായേലിലും കടുത്ത അസംതൃപ്‌തിക്ക്‌ ഇടയാക്കുമെന്നു കരുതപ്പെടുന്നു. ഇറാന്‍-സൗദി ബന്ധം ഇസ്രായേലിന്‌ കനത്ത ഭീഷണിയാണെന്നു അതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ ഇസ്രായേലി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സമാനമായ വീക്ഷണമാവും സിറിയ-സൗദി ബന്ധത്തിന്റെ കാര്യത്തിലും ഇസ്രായേല്‍ സ്വീകരിക്കുകയെന്നു കരുതപ്പെടുന്നു. റഷ്യന്‍ മധ്യസ്ഥതയിലെ സിറിയന്‍-സൗദി മഞ്ഞുരുകല്‍ വെളിപ്പെടുത്തുന്ന മറ്റൊരു വസ്‌തുത യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക്‌ വേണ്ടത്ര പിന്തുണ ഇപ്പോഴും ലഭ്യമല്ലെന്ന കാര്യമാണ്‌. സിറിയ-സൗദി ബന്ധം സാധാരണ നിലയിലാവുന്ന പക്ഷം വരുന്ന മെയ്‌ മാസത്തില്‍ സൗദി അറേബ്യയില്‍ നടക്കുന്ന അറബ്‌ ലീദിന്റെ സമ്മേളനത്തില്‍ സിറിയയുടെ ലീഗിലെ അംഗത്വം പുനസ്ഥാപിക്കപ്പെടുമെന്നു കരുതപ്പെടുന്നു. പുതിയ സംഭവവികാസങ്ങളോടുള്ള അമേരിക്കയുടെയും, ഇസ്രായേലിന്റെയും പ്രതികരണം ലഭ്യമായതിനു ശേഷമാവും പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിക്കാനാവുക. അമേരിക്കന്‍ നയങ്ങളുടെ ഇതുവരെയുള്ള ചരിത്രം സൂചനയായി എടുക്കാമെങ്കില്‍ ഇറാന്‍-സൗദി, സിറിയ-സൗദി ബന്ധങ്ങളെ തുരങ്കം വയ്‌ക്കുന്നതിനുള്ള സാധ്യതകളാവും മുന്നിട്ടു നില്‍ക്കുകയെന്നു കരുതേണ്ടി വരും.


Leave a comment