TMJ
searchnav-menu
post-thumbnail

Outlook

ആവർത്തിക്കുന്ന ദുരന്തങ്ങൾ, അവഗണിക്കപ്പെടുന്ന മുന്നറിയിപ്പുകൾ

08 May 2023   |   2 min Read
ജസ്റ്റിസ് നാരായണ കുറുപ്പ്

കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം ജലഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷാ കമ്മീഷണറെ നിയമിക്കണമെന്നതായിരുന്നു. ഇത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് മത്സ്യബന്ധന ബോട്ടായിരുന്നു. അത് വിനോദ സഞ്ചാരനൗകയായി രൂപമാറ്റം വരുത്തിയതാണ്. ഒരു സുരക്ഷാ കമ്മീഷണര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അനാസ്ഥ സംഭവിക്കുകയില്ലായിരുന്നു.

സുരക്ഷാ കമ്മീഷണറെ നിയമിച്ചാല്‍ ബോട്ട് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ സാധിക്കും. കപ്പാസിറ്റി എത്രയാണ്, ഓവര്‍ലോഡ് ഉണ്ടോ, ബോട്ടിന് അറ്റകുറ്റപ്പണികള്‍ ആവശ്യമാണോ, ലീക്ക് ഉണ്ടോ, ലൈസന്‍സ് ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാന്‍ അധികാരമുള്ള സുരക്ഷാ കമ്മീഷനാണ് വേണ്ടിയിരുന്നത്. ഈ കമ്മീഷന് ഒരു സ്പീഡ് ബോട്ട് നല്‍കുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പരിശോധനകള്‍ നടത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ബോട്ട് ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ.

കുമരകം ബോട്ടപകടത്തിനുശേഷം തട്ടേക്കാടും തേക്കടിയും ഒക്കെ അപകടമുണ്ടായി. ഇതിപ്പോള്‍ നാലാമത്തെ അപകടമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷാ കമ്മീഷന്റെ സ്ഥാനത്ത് ഒരു ഇന്‍സ്പെക്ടറെ പോലും നിയമിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ചൊന്നും ആരും ചോദ്യം ചെയ്യില്ല എന്നതുകൊണ്ടാണ് കാലാകാലങ്ങളായി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇവയ്ക്കു നേരെ മുഖംതിരിക്കുന്നത്. 


Representational Image

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍ നിന്നും പാഠം പഠിക്കാത്തത് വിഷമകരമാണ്. കുമരകത്ത് നടന്ന അപകടത്തിനു സമാനമാണ് താനൂരിലേതും. കയറ്റാവുന്നതിലധികം ആളുകളെ തിക്കിനിറച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഒന്നുമറിയാത്ത ജനങ്ങളാണ് ഇത്തരം ദുരന്തത്തിനു ഇരകളാകുന്നത്. 

2002 ജൂലൈ 27 ന് മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എ 53-ാം നമ്പര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കുമരകം ജെട്ടിയില്‍ ബോട്ട് എത്തുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ വച്ച് 6.10 നാണ് അപകടം ഉണ്ടായത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ ഉദ്യോഗാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. ഒമ്പതു മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 ജീവനുകളാണ് അന്ന് കായലിന്റെ ആഴങ്ങളില്‍ പൊലിഞ്ഞത്.

കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍. 2003 ഏപ്രില്‍ 30 ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദുരന്തത്തിന്റെ കാരണങ്ങളും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിര്‍ദേശങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

കുമരകം ബോട്ടപകടത്തില്‍ ജലഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സേഫ്റ്റി കമ്മീഷനെ നിയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും, ജലഗതാഗത വകുപ്പിന്റെ എല്ലാ യാത്രാബോട്ടുകള്‍ക്കും പരിരക്ഷ വേണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരാനേരങ്ങളില്‍ ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നല്കിയില്ലെന്നതും ബോട്ടുകളുടെ സുരക്ഷാപരിശോധനകള്‍ നടത്തിയില്ലെന്നതും കുമരകം ബോട്ട് അപകടത്തിന് കാരണമായതായും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.


#outlook
Leave a comment