
തീരുവ യുദ്ധം: പ്രതിസന്ധികളും ബദൽ മാർഗ്ഗങ്ങളും
അമേരിക്ക ഇന്ത്യ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുന്ന തരത്തിലുള്ള സംഭവവികാസങ്ങൾ ആണ് കഴിഞ്ഞ ഒരാഴ്ചയായി അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ തീരുവ യുദ്ധം ഇന്ത്യയ്ക്കുമേൽ ഏല്പിച്ച പ്രഹരം അത്രമാത്രം വലുതാണ്. അമേരിക്ക എതിരാളികളായി കാണുന്ന ചൈനയ്ക്കും മെക്സിക്കോയ്ക്കും ഏല്പിച്ചു തുടങ്ങിയ കയറ്റുമതി ചുങ്കം എന്നാൽ ഇപ്പോൾ വേട്ടയാടുന്നത് ഇന്ത്യൻ സമ്പത് വ്യവസ്ഥയെയാണ്.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെ ചൊല്ലി ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയുന്ന ഉൽപ്പന്നങ്ങൾക്ക് 50% ചുങ്കമാണ് അമേരിക്കൻ പ്രസിഡന്റും മോഡിയുടെ അടുത്ത സുഹൃത്തുമായ ഡോണൾഡ് ട്രംപ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുമായുള്ള വ്യാപാരവും, തന്ത്രപരമായ പങ്കാളിത്തവും ഇന്ത്യ അവസാനിപ്പിക്കണം എന്നതാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. റഷ്യ യുക്രെയ്‌ൻ യുദ്ധം അവസാനിക്കാത്തതും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയുമായി ഇന്ത്യ പുലർത്തുന്ന ബന്ധവുമാണ് ഇന്ത്യക്ക് മേൽ അധിക ചുങ്കം ചുമത്താൻ അമേരിക്ക കാരണമായി പറയുന്നത്.
നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപും | PHOTO : WIKI COMMONS
എന്നാൽ തീരുവ ചുമത്തലിനെതിരെ ഇന്നുവരെ ഇന്ത്യൻ പ്രധാന മന്ത്രിയോ വിദേശകാര്യ വിദഗ്ദ്ധരോ ഔദ്യഗിക പ്രസ്താവനകൾ ഒന്നും തന്നെ ഇറക്കിയിട്ടില്ല. മറിച്ച് അമേരിക്കൻ അപ്രമാദിത്തത്തിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ് ഇന്ത്യൻ ഭരണകൂടം. നിലവിൽ ഇന്ത്യ 64 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് നടത്തുന്നത്. അങ്ങനെ ഇരിക്കെ ഇത്തരത്തിൽ ഉള്ള അമേരിക്കയുടെ നീക്കം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തേയും, ക്രയ വിക്രയത്തെയും കുറച്ചൊന്നുമല്ല ബാധിക്കാൻ പോകുന്നത്. തീരുവ യുദ്ധത്തിൽ മറ്റു 69ൽ പരം രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച നടത്തി ചുങ്കം കുറയ്ക്കുകയും, തിരിച്ച് ചുങ്കം ചുമത്തി മറുപടി നൽകുകയും ചെയുന്ന സാഹചര്യത്തിലാണ് ഇന്ത്യ പത്തി മടക്കിയതെന്നോർക്കണം.
ഓഗസ്റ്റ് പതിനഞ്ചിന് പുടിൻ- ട്രംപ് കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. ഉക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നിരിക്കെ, റഷ്യ പിടിച്ചെടുത്ത യുക്രെയ്‌ൻ പ്രദേശങ്ങൾ തിരികെ നൽകാൻ വേണ്ട നീക്കങ്ങൾ നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പുടിൻ്റെ ഭാഗത്ത് നിന്നും പ്രസ്താവനകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചർച്ചയിൽ യുക്രെയ്‌ൻ- റഷ്യ യുദ്ധത്തിന് അന്ത്യം കുറിച്ചാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്ന തീരുവയിൽ മാറ്റം വരുമെന്നാണ് നയതന്ത്ര വിദഗ്ധരും ഇന്ത്യൻ ഭരണകൂടവും വിശ്വസിക്കുന്നത്. എന്തായാലും നിലവിലെ സാഹചര്യത്തിൽ തീരുവ ഇന്ത്യക്ക് ഏല്പിക്കുന്ന മുറിവ് വലുതാണ്.
വ്‌ളാഡിമിർ പുടിനും ഡൊണാൾഡ് ട്രംപും | PHOTO : WIKI COMMONS
തീരുവ യുദ്ധവും ഇന്ത്യൻ കാർഷിക മേഖലയും
ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുൻപ് രണ്ടാം UPA സർക്കാർ നടപ്പാക്കിയ ആസിയൻ കരാർ ഇന്ത്യൻ കാർഷിക മേഖലയുടെ നടുവൊടിച്ചെങ്കിൽ, പുതിയ തീരുവ കാർഷിക മേഖലയെ കുഴിച്ചു മൂടുന്നതാണ്. 2024ലെ കണക്കുകൾ പ്രകാരം ഇന്ത്യ ഏതാണ്ട് 6.5 ബില്യൺ ഡോളറിൻ്റെ കാർഷിക ഉൽപ്പനങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ മൊത്തം കാർഷിക ഉൽപ്പന കയറ്റുമതിയുടെ 11% വരും ഇത്. അതായത് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കാർഷിക ഉൽപ്പനങ്ങൾ ഇറക്കുന്ന രാജ്യം അമേരിക്കയാണ്. 2025ൽ ഇത് 8.5 ബില്യൺ ഡോളറിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് അമേരിക്കയുടെ ഷോക്ക് ട്രീറ്റ്മെന്റ് വന്നിരിക്കുന്നത്. പ്രധാനമായും സീ ഫുഡ്, സുഗന്ധവ്യഞ്ജനങ്ങൾ,അരി, പ്രോസസ്സ് ചെയ്ത പഴങ്ങൾ, പച്ചക്കറി, എന്നിവയാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. എന്നാൽ പുതിയ അധിക തീരുവ ഈ മേഖലയിലെ കർഷകരെയും തൊഴിലാളികളെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. കയറ്റുമതി നിശ്ചലമായാൽ ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് മറ്റൊരു വിപണി കണ്ടെത്തുക എന്നത് ശ്രമകരമാണ്. അത് മറ്റൊന്നും കൊണ്ടല്ല, തീരുവ പ്രഖ്യാപിച്ച് നാൾ ഇതുവരെ, യൂണിയൻ സർക്കാർ ഒരു ബദൽ മാർഗത്തിനായി ശ്രമിച്ചിട്ടില്ല എന്നതാണ്.
അങ്ങനെ എങ്കിൽ കാർഷിക വിളകളും മൂല്യ വർദ്ധിത വസ്തുക്കളും ഇന്ത്യയിൽ കെട്ടി കിടക്കുകയും കർഷകർക്ക് കൊടിയ സാമ്പത്തിക നഷ്ടവും തൊഴിലാളികളിൽ പലരും തൊഴിൽരഹിതരാവുകയും ചെയ്യും. 2019ൽ ഇന്ത്യൻ കൊഞ്ച് കയറ്റുമതിക്ക് അമേരിക്ക അധിക തീരുവ ചുമത്തിയതിനെ തുടർന്ന് കയറ്റുമതിയിൽ 20% കുറവ് വരികയും, കൊഞ്ച് കർഷകർക്കും അനുബന്ധ തൊഴിലാളികൾക്കും വൻ തോതിൽ നഷ്ടം ഉണ്ടായി. ഏതാണ്ട് 2,500 കോടിയുടെ വാർഷിക നഷ്ടമാണ് ഈ നടപടിയിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായത്. തുടർന്ന്, ഈ മാർച്ച് മാസം ഏർപ്പെടുത്തിയ 25% കയറ്റുമതി ചുങ്കം അങ്ങേയറ്റം കൊഞ്ച് കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ബാധിച്ചിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കൂടാതെ 2024ൽ മാത്രം 5100 കോടിയുടെ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അധിക തീരുവ പ്രാബല്യത്തിൽ വരുന്നതോടെ ഈ വിഭാഗം കർഷകരും കർഷക തൊഴിലാളികളും വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും തൊഴിൽ ഭീഷണിയും നേരിടും. അതിൽ തന്നെ കേരളത്തിലെ കർഷകരാവും ഭൂരിഭാഗവും. ഇത് കേരളത്തിലെ കാർഷിക മേഖലയിലും വലിയ പ്രത്യാഘാതംങ്ങൾ സൃഷ്ടിച്ചേക്കാം. കർഷക ആത്മഹത്യകൾ പെരുകി വരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരത്തിലുള്ള വിദേശ നടപടികൾ രാജ്യത്തിൻ്റെ കാർഷിക മേഖലയെ ആകെ തച്ചുതകർക്കുന്നതാണ്.
ഇന്ത്യൻ സാമ്പത്തിക മേഖല നിശ്ചലമാകും
കർഷകരെയും തൊഴിലാളികളെയും മാത്രമല്ല, ഇന്ത്യയുടെ മൊത്തം സാമ്പത്തിക വ്യവസ്ഥ വിനാശം വരുത്തി വയ്ക്കുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ഈ തീരുവ ഇരട്ടിപ്പിക്കൽ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6% വരെ അയി കുറയാൻ സാധ്യത ഉണ്ടെന്നാണ് മൂഡിസ് പോലെയുള്ള ആഗോള റേറ്റിംഗ് ഏജൻസികൾ പറയുന്നത്. ഇത്തരത്തിൽ കയറ്റുമതി ചുങ്കം വർധിക്കുന്നത്തോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ വസ്തുക്കളുടെ വില വർധിക്കുകയും അമേരിക്കൻ കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയും ചെയ്താൽ ഇന്ത്യൻ വസ്തുക്കൾ ആഭ്യന്തര വിപണിയിൽ കെട്ടി കിടക്കുകയും തുച്ഛമായ വിലയ്ക്ക് കച്ചവടം ചെയ്യേണ്ടിയും വരും.
കയറ്റുമതിയിലെ ഇടിവും, ഇറക്കുമതി കുറയാത്ത സാഹചര്യവും വന്നാൽ ഇന്ത്യൻ സാമ്പത്തിക രംഗം നേരിടാൻ പോകുന്ന അവസ്ഥ അതി ഭീകരമാകാം. നാണ്യ പെരുപ്പവും വിലക്കയറ്റവും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം നിലവിൽ ഉള്ളതിലും ദുസ്സഹമാക്കും എന്നതിൽ തർക്കത്തിന് സ്ഥാനമില്ല. അമേരിക്കൻ ഉപരോധം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങൾ കണ്മുന്നിൽ തന്നെയുണ്ട്. ക്യൂബയും, വെനെസ്വേലയും മെക്സിക്കോയുമെല്ലാം ഇത്തരത്തിൽ തീരുവ യുദ്ധവും ഉപരോധങ്ങളും നേരിട്ടതാണ്. എന്നാൽ അവരൊക്കെ ഒരു പരിധിവരെ അമേരിക്കൻ സാമ്രാജിത്വ നടപടിയെ നേരിട്ടത് ചൈനയിലൂടെ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടാണ്.
REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കൻ പ്രകോപനത്തിന് പിന്നിലെ കാര്യകാരണങ്ങൾ
1865ലെ ആഭ്യന്തര യുദ്ധത്തോടെയാണ് അമേരിക്ക എന്ന ദേശരാഷ്ട്രത്തിൻ്റെ വളർച്ച ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തോടെ അമേരിക്കൻ സമ്പത് വ്യവസ്ഥ കൂടുതൽ വളരുകയും, ശീത യുദ്ധം അവസാനിച്ചതോടെ അമേരിക്ക സർവ്വ പ്രതാപിയും ലോകത്തെ തന്നെ നിയന്ത്രിക്കുന്ന തരത്തിൽ സാമ്പത്തിക തലത്തിലും, സൈനിക ശേഷിയിലും വളരുന്നു. പിന്നീട് അങ്ങോട്ടുള്ള ഏക ധ്രുവ ലോകത്ത് അമേരിക്കയുടെ ഇഷ്ടത്തിന് വഴങ്ങാത്ത ദേശരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കിയും, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയും വരുതിയിലാക്കി, അതുവഴി രാഷ്ട്രങ്ങളുടെ വിഭവങ്ങളും സ്വത്തും കൊള്ളയടിച്ചും, ചൂഷണം ചെയ്തുമാണ് അമേരിക്ക വളർന്നത്. നവ ലിബറൽ നയങ്ങൾ ലോകത്ത് ശക്തിപ്പെടുന്നതിന് മുൻപ് അമേരിക്കയിൽ ചുങ്ക സംരക്ഷണ നയം ശക്തമായിരുന്നു.അങ്ങനെ ചുങ്ക സംരക്ഷണം ഉറപ്പാക്കിയാണ് അമേരിക്കൻ വ്യവസായങ്ങൾ വളർന്നത്. എന്നാൽ അമേരിക്കയിൽ റീഗൻ ഭരണം ആരംഭിച്ചത് മുതൽ സംരക്ഷണ സമ്പത് വ്യവസ്ഥയിൽ നിന്നും പിന്മാറി സ്വതന്ത്ര വ്യാപാര സംവിധാനത്തിലേക്ക് എത്തി. പക്ഷെ രണ്ടായിരം ആണ്ടിന് ശേഷം സാഹചര്യം മാറി മറിയാൻ തുടങ്ങിയിരുന്നു. ആഗോളവത്കരണവും, ഉത്പാദന മേഖലയിൽ നിന്നും സേവന മേഖലയിലേക്കുള്ള അമേരിക്കയുടെ ചുവടുമാറ്റവും, ധന മൂലധനത്തിൻ്റെ വരവും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ടടിക്കാൻ തുടങ്ങിരിയുന്നു.
എന്നാൽ ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിൽ എത്തിയത് മുതൽ നവ ലിബറൽ നയങ്ങളിൽ നിന്നും വ്യതിചലിക്കാനും അമേരിക്കയുടെ സാമ്പത്തിക നിലനിൽപ് 'Protectionist Economy' യിലൂടെ മാത്രമേ സാധ്യമാവു എന്ന് വാദിച്ചു. കമ്പോള സമ്പത് വ്യവസ്ഥയിൽ ചൈനയുടെയും റഷ്യയുടെയും വളർച്ചയും, ചൈന ആഗോള കിഴക്കൻ രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയെടുത്ത വ്യാപാര കരാറുകളും, തന്ത്രപരമായ പങ്കാളിത്തവും അമേരിക്കയ്ക്ക് വെല്ലുവിളി ആവുകയും അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും അമേരിക്ക തുടരുന്ന സൈനിക താവളങ്ങളും ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും ഉപയോഗിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നടത്തുന്ന സാമ്പത്തിക ചൂഷണവുമെല്ലാം അമേരിക്കയോട് അകലുന്നതിൽ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലെല്ലാം ഉപരിയായി ബഹുധ്രുവ ലോക ക്രമം നിലവിൽ വന്നതോടെ കമ്പോളത്തിൽ മാത്രമല്ല സമസ്ത മേഖലകളിലും അമേരിക്കയ്ക്ക് തിരിച്ചടി നേരിട്ടു. ഇതിനെയെല്ലാം നേരിടാനും, അമേരിക്കൻ ആഭ്യന്തര കച്ചവടവും ഉത്പാദനവും വർധിപ്പിച്ച്, മറ്റ് രാജ്യങ്ങളുടെമേൽ ആധിപത്യം വീണ്ടുമുറപ്പിക്കാനാണ് ട്രംപും അമേരിക്കൻ ഭരണകൂടവും ഇപ്പോൾ ശ്രമിക്കുന്നത്.
ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
ഇന്ത്യ- ചൈന സഹകരണത്തിൻ്റെ പ്രാധാന്യം
ഇന്ത്യ എല്ലാ കാലവും ചൈനയുമായി അകൽച്ച പാലിച്ചുകൊണ്ട് മാത്രമാണ് ബന്ധം സ്ഥാപിച്ചിട്ടുള്ളത്. അതിന് ഇന്ത്യ പ്രധാനമായും ഉയർത്തിയ വിഷയങ്ങൾ അതിർത്തി പ്രശ്നങ്ങളും ടിബറ്റിൻ്റെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിഷയങ്ങളുമാണ്. പക്ഷെ ഇന്ന് അത്തരം വിഷയങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ഒന്നാമതായി ചൈനയ്ക്ക് അതിർത്തി തർക്കങ്ങൾ വേണമെങ്കിൽ അമേരിക്കൻ മാതൃകയിൽ അവസാനിപ്പിച്ചു ഇന്നത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അവരുടെ ഭാഗമാക്കാമായിരുന്നു. എന്നാൽ ചൈനയുടെ വിദേശ നയം തന്നെ മറ്റ് രാജ്യങ്ങളുമായി യുദ്ധത്തിൽ ഏർപ്പെടാതെയിരിക്കുക, അനാവശ്യ ഇടപെടലുകൾ നടത്താതെ ഇരിക്കുക എന്നതൊക്കെയാണ്. അത് പാലിക്കുന്നതിൽ ചൈന വിട്ടുവീഴ്ച്ച ചെയ്യാറില്ല.
ഇന്നിപ്പോൾ ഇന്ത്യയെ സംബന്ധിച്ച് അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾ നേരിടണമെങ്കിൽ ബാഹ്യമായ സഹായം കൂടിയേ തീരു. അമേരിക്കയെ വെല്ലുവിളിക്കാനും, സാമ്പത്തികമായി ആയാലും, സാങ്കേതികപരമായാലും ഇന്ന് അതിന് സാധിക്കുന്നത് ചൈനയ്ക്ക് മാത്രമാണ്. ഇന്ത്യക്ക് ചൈനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചാൽ ട്രംപിൻ്റെയും അമേരിക്കൻ ഭരണകൂടത്തിൻ്റെയും വെല്ലുവിളി നിഷ്പ്രഭമാവും. മാത്രമല്ല ഇന്ന് ലോകത്ത് അമേരിക്കയെക്കാളും വേഗത്തിൽ വളരുന്നത് ചൈനയും ബ്രിക്സ് രാജ്യങ്ങളുമാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇന്ത്യ ബ്രിക്സ് കൂട്ടായ്മയുടെ ഭാഗം ആയതുകൊണ്ട് തന്നെ അമേരിക്കയുടെ തീട്ടൂരത്തെ നേരിടാൻ ചൈനയുടെയും റഷ്യയുടെയും നിർദ്ദേശ പ്രകാരം ബ്രിക്സ് രാജ്യങ്ങൾ പ്രകാരം ഒറ്റകെട്ടായി നിൽക്കും എന്നതിൽ തർക്കമില്ല. അതുവഴി ഇന്ത്യക്ക് കയറ്റുമതി ഇതര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും അമേരിക്കയെ ആശ്രയിക്കേണ്ടതില്ല എന്ന സാഹചര്യവും വരും. ഉദാഹരണത്തിന് ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾ കൂടുതലായും കയറ്റുമതി ചെയുന്നത് അമേരിക്കയിലേക്കാണ്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമുദ്രോത്പന്ന ഉപഭോഗവും ഉത്പാദനവും നടക്കുന്നത് ചൈനയിലാണ്. ഇന്ത്യ ചൈന ബന്ധം മെച്ചപ്പെട്ടാൽ ഇന്ത്യയ്ക്ക് ചൈനീസ് വിപണി വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. അതോടൊപ്പം പശ്ചിമേഷ്യയിൽ വളർന്നു വരുന്ന ഇന്ത്യൻ സീ ഫുഡിൻ്റെ ആവശ്യകതയും ഈ അവസരത്തിൽ പ്രയോജനപ്പെടുത്തേണ്ടതാണ്. മാത്രമല്ല സുഗന്ധവ്യഞ്ജന കയറ്റുമതി വിയറ്റ്നാം, ഇൻഡോണേഷ്യ പോലെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കു വർദ്ധിപ്പിച്ച് തീരുവ യുദ്ധത്തിന് പരിഹാരം കാണാവുന്നതാണ്.
ഇതോടൊപ്പം ലോക ബാങ്ക് പോലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചുകൊണ്ട്, ന്യൂ ഡെവലപ്പമെന്റ് ബാങ്കുമായി കൂടുതൽ സഹകരിക്കുന്നത് അനാവശ്യ നിബന്ധനകൾ ഒഴിവാക്കുന്നതും കുറഞ്ഞ പലിശയിൽ ധന സഹായം ലഭിക്കുന്നതും ഉറപ്പാക്കും. ആഫ്രിക്കൻ രാജ്യങ്ങൾ അതിന് ഏറ്റവും നല്ല ഉദാഹരങ്ങളുമാണ്. കൊളോണിയലിസ്റ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യ രാജ്യം അകലേണ്ടതും അനിവാര്യമാണ്. എല്ലാത്തിലുമുപരി ഇന്ത്യയ്ക്ക് വലിയൊരു സാധ്യത ഇപ്പോൾ ഉപയോഗപ്രദമാക്കാവുന്നതാണ്. അത് മറ്റൊന്നുമല്ല ചൈനയുടെ ബ്രഹത് പദ്ധതിയായ BRIയാണ്. ഈ പ്രത്യേക സാഹചര്യം മുതലെടുത്ത് ഇന്ത്യ ചൈനയോട് അടുക്കുകയും BRIയിൽ ഒപ്പ് വയ്ക്കുകയും ചെയ്താൽ ഇന്ത്യയുടെ വ്യവസായിക- സാമ്പത്തിക വളർച്ച അഭൂതപൂർവ്വമായിരിക്കും. ഇതുവഴി അന്താരാഷ്ട്ര വടക്ക്-കിഴക്ക് ഗതാഗത ഇടനാഴി (INSTC) ഉപയോഗിച്ച് ഇന്ത്യക്ക് മധ്യേഷ്യയിലേക്കും പശ്ചിമേഷ്യയിലേക്കും സുഖകരമയി വ്യാപാരം നടത്താൻ സാധിക്കും.
|നരേന്ദ്ര മോഡിയും ഷി ജിൻപിങും | PHOTO : WIKI COMMONS
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അനിവാര്യമായ കാര്യമാണ്. അതിന് പ്രധാനമായുള്ള കാരണം ചൈന അമേരിക്കയെ പോലെ സാമ്രാജിത്വ താല്പര്യങ്ങളോ ലക്ഷ്യങ്ങളോ ഉള്ള രാജ്യമല്ല. മറിച് ഒരു ബദൽ വികസന മാതൃക സൃഷ്ടിക്കുന്ന രാജ്യമാണ്. അവർ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ സൈനിക താവളങ്ങൾ സ്ഥാപിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഒരു മുന്നേറ്റവും. വികസനവും ലക്ഷ്യം വയ്ക്കുന്നു. ഇത് ഉപയോഗപ്പെടുത്താൻ സാധിച്ചാൽ ഇന്ത്യക്ക് അമേരിക്കൻ തിട്ടൂരത്തിന് മുൻപിൽ മുട്ട് മടക്കേണ്ടിവരില്ല.


