TMJ
searchnav-menu
post-thumbnail

Outlook

അധ്യാപക പാദപൂജ: വിദ്യാഭ്യാസമുറികളിൽ അനാചാരങ്ങളുടെ അശോഭനമായ പുനരാവൃത്തി

20 Jul 2025   |   5 min Read
നീനു കെ ജയന്‍

ഭാരതത്തിന്റെ ഭരണഘടന തുല്യത, സ്വാതന്ത്ര്യം, മതനിരപേക്ഷത, മാനവമൗല്യങ്ങൾ, ആചാരനിരീക്ഷണത്തിലെ വ്യക്തിഗത അധികാരം തുടങ്ങിയ നിലപാടുകളെ ആധാരമാക്കിയുള്ള ജനാധിപത്യവ്യവസ്ഥയാണ്. അത്തരം ഒരു ജനാധിപത്യ സമൂഹത്തിൽ, വിദ്യാലയങ്ങളിൽ അധ്യാപകരുടെ പാദപൂജ വിദ്യാർത്ഥികളോട് നിർബന്ധിതമായി നടത്തുന്നത് ഒരു ഗൗരവമേറിയ ഭരണഘടനാ ലംഘനമായും സാമൂഹിക പ്രശ്‌നമായും കണക്കാക്കേണ്ടതാണ്. ഇത്തരത്തിലുള്ള അനാചാരങ്ങൾ വിദ്യാഭ്യാസമുറികളുടെ സ്വഭാവത്തേയും ലക്ഷ്യത്തേയും ഇല്ലാതാക്കുന്ന തരത്തിലാണ് പ്രകടമാകുന്നത്.

വിദ്യാർത്ഥികൾ അതിശയിക്കപ്പെടേണ്ട ഏകാധിപതിയോ അധ്യാപകൻ? 

വിദ്യാർത്ഥികൾ അധ്യാപകരെ മാനിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പാദപൂജ പോലെ നീചമായ ആചാരങ്ങൾ ,പ്രത്യേകിച്ചും അതിനോട് കുട്ടികൾ നിർബന്ധിതമാകുമ്പോൾ, സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതായിത്തീരുന്നു. സ്കൂളുകൾ സാമൂഹ്യനീതിയും വിമർശനാത്മകചിന്തയും വളർത്തേണ്ടത് ആയിരിക്കെ, അതിനുള്ളിൽ അധ്യാപകരെ ദൈവീക സ്ഥാനത്തേക്ക് ഉയർത്തുന്നത്, ആചാരങ്ങൾ പ്രചരിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ അടിമത്തചിന്ത വളർത്താനിടയാക്കുന്നു. ഇത് ചോദ്യങ്ങളോടും വിമർശനങ്ങളോടും തുറന്ന മനസ്സോടുള്ള സമീപനം ഇല്ലാതാക്കും. ഇതോടെ അധ്യാപകൻ ഒരു അറിവിന്റെ പങ്കാളിയല്ല, മറിച്ച് അതിശയിപ്പിക്കപ്പെടേണ്ട ഏകാധിപതിയാവുന്നു, ഇത്‌ ഒരു ജനാധിപത്യത്തിന്റെ പരാജയമാണ്. പാദപൂജ പോലുള്ള ആചാരങ്ങൾ വിശ്വാസപരമായിരുന്നാലും പൊതുവിദ്യാഭ്യാസ മുറികളിൽ അംഗീകരിക്കേണ്ടതല്ല. അവ വ്യക്തിപരമായ വിശ്വാസങ്ങൾക്ക് കീഴിലായിരിക്കാം, പക്ഷേ പൊതുസ്ഥലത്തും, വിദ്യാർത്ഥികളുടെ ഇച്ഛയോട് പ്രതികൂലമായി ഉപയോഗിക്കുമ്പോൾ, ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനയ്ക്കും അടിയന്തരമായ വെല്ലുവിളിയാകുന്നു.

അധ്യാപക ബഹുമാനത്തിന്റെയും അനാചാര ആരാധനയുടെയും അതിരുകൾ

ഇന്ത്യൻ സംസ്കാരത്തിൽ "ആചാര്യദേവോ ഭവ" എന്ന വാക്കുകൾക്ക് അർത്ഥം അന്ധമായ ആരാധനയല്ല. മറിച്ച് ബഹുമാനം ഉത്ഭവിക്കേണ്ടത് ബുദ്ധിയിൽ നിന്നാണ്, ഭയത്താൽ അല്ല എന്ന് വ്യക്തമാക്കുന്നു. അധ്യാപകന്റെ പാദങ്ങൾ സ്പർശിക്കേണ്ടത് നിർബന്ധമല്ല, അതെന്തെന്നാൽ അതിന്റെ മൂല്യം സ്വാതന്ത്ര്യവും ആത്മാഭിമാനവുമാണ്. വിദ്യാർത്ഥിയുടെ മനസ്സിൽ അവൻ ഒരാൾക്ക് മുമ്പിൽ വിനയപൂർവം കുനിയണം എന്ന് നിർബന്ധിതമായി ചൊല്ലിക്കൊടുക്കുന്നത്, ജനാധിപത്യത്തിൽ "തല ഉയർത്തി ചിന്തിക്കാൻ പഠിപ്പിക്കണം" എന്നതിന്റെ പൂർണവിപരീതമാണ്. ഇത് ഒരിക്കലും “നിഷ്കളങ്കമായ ആചാരപരിപാലനം” അല്ല. പകരം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിലെ സാമൂഹിക അധികാര ഭേദം കൃത്രിമമായി മെച്ചപ്പെടുത്തുന്ന നടപടിയാണിത്. സ്കൂളുകൾക്ക് അവകാശവാന്മാരെ വളർത്തേണ്ടതില്ല, സഹപഠനചിത്തം ഉള്ള പൗരന്മാരെ വളർത്തുകയാണ് ലക്ഷ്യം.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
മാതാ പിതാ ഗുരു ദൈവം: ഒരു വാചകത്തിന്റെ ദുരുപയോഗം.

"മാതാ പിതാ ഗുരു ദൈവം" എന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഒരു സ്നേഹപൂർണ്ണമായ മൂല്യപ്രഖ്യാപനമാണ്. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവത്തിനൊപ്പമോ അതിലുപരിയായി കണക്കാക്കുക എന്നത് ആത്മീയതയും കൃതജ്ഞതയും അടങ്ങിയ സങ്കല്പമാണ്. എന്നാൽ, ഈ വാക്കുകളെ അടിസ്ഥാനമാക്കി കുട്ടികളിൽ നിന്ന് പാദപൂജ പോലുള്ള അനാചാരങ്ങൾ നിർബന്ധിപ്പിക്കുന്നത് ആ ഗൗരവത്തെ തന്നെ അപമാനിക്കുന്നു. ഒരു വാചകം എത്ര മഹത്വപ്പെട്ടതായിരുന്നാലും, അതിന്റെ അർത്ഥം വിപരീതമായി പ്രയോഗിക്കുമ്പോൾ അത് ശക്തിയുള്ളൊരു മാനസിക അടിയറവുണ്ടാക്കാൻ ഉപകരിക്കും. "ഗുരു ദൈവം" എന്നത് ഗുരുവിന്റെ ആരാധ്യ സ്ഥാനത്തെ കുറിച്ചുള്ള സങ്കേതമാണ്. ഗുരുവിനെ ദൈവസാദൃശ്യത്തോടെ കാണുക. പക്ഷേ ഇതിന് അർത്ഥം ഗുരുവിന് മുൻപിൽ കുട്ടികൾ കാൽതൊഴുത് നമിക്കണം എന്നാണോ? അവർ നിർബന്ധിതമായി പാദങ്ങൾ കഴുകണമെന്നാണോ? 

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഗൗരവം അർഹിക്കുന്നതും, ഉദാത്തമായ ബഹുമാനത്തിനർഹനുമായ അധ്യാപകരെ മാനിക്കുക കുട്ടികളുടെ ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ആചാരമാണ്. എന്നാൽ ആ ബഹുമാനം ഭക്തിപരമായ അനിയന്ത്രിത ആരാധനയായി, അതും പാദപൂജ പോലുള്ള ആചാരങ്ങളായി മാറുമ്പോൾ അത് ചോദ്യം ചെയ്യപ്പെടേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതുമായ സമീപനമായി മാറുന്നു.

പാദപൂജ കുട്ടിയുടെ ആത്മാഭിമാനത്തെയും വിശ്വാസസ്വാതന്ത്രത്തെയും കൈവിടുന്നതാണ്. ഒരാൾ ഗുരുവിനെ ആദരിക്കുക എന്നതും ഒരാളെ ദൈവം എന്ന നിലയ്ക്ക് ആരാധിക്കുക എന്നതും രണ്ടാണ്. കുട്ടികൾക്ക് അധ്യാപകരെ സ്നേഹിക്കാനും മാനിക്കാനും അവകാശമുണ്ട്. എന്നാൽ അതിനായി തങ്ങൾ ആദരിക്കുന്നവർക്ക് മുമ്പിൽ കാൽതൊഴുത് അടിയറവ് വയ്ക്കണം എന്ന നിബന്ധന ഏർപ്പെടുത്തുന്നത്, വിശ്വാസത്തിന്റെ പേരിൽ അടിമത്ത ചിന്തയുടെ ബീജം നട്ടുവെയ്ക്കുന്ന നടപടിയാണ്.

ഇതിൽ കൂടുതലായി, ഓരോ മതത്തിലും ഗുരുവിനോടുള്ള സമീപനം വ്യത്യസ്തമാണ്. ഹിന്ദുമതത്തിൽ പാദപൂജ ഒരു ആചാരമായേക്കാം. എന്നാൽ ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, സിഖ്, മതരഹിത കാഴ്ചപ്പാടുകൾ ഉള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതൊരു ശാരീരികവും മാനസികവുമാകുന്ന സമ്മർദ്ദമാണ്. ഈ ആചാര നിർബന്ധനത്തിന് "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്വപ്പെട്ട വാചകത്തെ മറവായി ഉപയോഗിക്കുന്നത് അതിന്റെ സാരാംശത്തോട് തന്നെ വിധ്വേഷം കാണിക്കുന്നതിനു തുല്യമാണ്.

REPRESENTATIVE IMAGE | WIKI COMMONS
സ്കൂളുകൾ കുട്ടികൾക്ക് കാൽ കഴുകാൻ പഠിപ്പിക്കേണ്ടതല്ല, തല ഉയർത്തി ചിന്തിക്കാൻപഠിപ്പിക്കേണ്ടതാണ്. അധ്യാപകരെ ദൈവമാക്കി വാഴ്ത്തുമ്പോൾ, അധ്യാപനം ഒരിക്കലും സംവാദം ആകില്ല, അത് ഉത്തരവാദിത്തം ഒഴിവാക്കിയ അനിയന്ത്രിത അധികാരമായി മാറും. "മാതാ പിതാ ഗുരു ദൈവം" എന്ന വാക്കുകൾ നമ്മെ ആദരിക്കുന്നതിനാണ് പഠിപ്പിക്കുന്നത്, മറിച്ച് ആകസ്മിക ആരാധനയ്ക്കല്ല. ആ മഹത്വം നിലനിൽക്കട്ടെ, പക്ഷേ അതിന്റെ മറവിൽ കുട്ടികളുടെ മനസ്സിനെയും ശരീരത്തെയും അടിയറവ് വയ്ക്കാൻ ശ്രമിക്കരുത്.

ഗുരു-ശിഷ്യ പാരമ്പര്യത്തിന്റെ ആധുനിക പുനരാലോചന

ഭാരതീയ സംസ്കാരത്തിൽ ഗുരുശിഷ്യ ബന്ധം വെറും അധ്യാപകവിദ്യാർത്ഥി ബന്ധമായി ചുരുങ്ങുന്നതല്ല. അതിൽ ആത്മീയത, മാർഗദർശനം, ആത്മീയബന്ധം തുടങ്ങി നിരവധി ഘടകങ്ങൾ അഴിയാതെ ചേർന്ന് നിലകൊള്ളുന്നു. "ഗുരു" എന്നത് വാസ്തവത്തിൽ "അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴികാട്ടി" എന്നതിന്റെ ചുരുക്കമായാണ് പരിഗണിക്കപ്പെടുന്നത്. ഇതാണ് അതിന്റെ മഹത്വവും, ചരിത്രപരമായ സ്ഥാനവും. പക്ഷേ, ഈ പാരമ്പര്യത്തെ ആധുനിക വിദ്യാഭ്യാസമുറികളിൽ യഥാർത്ഥത്തിൽ എങ്ങനെ ഉൾക്കൊള്ളിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്ത അത്യാവശ്യമാണ്. ഇന്ന് വിദ്യാഭ്യാസം ഗുരുദക്ഷിണയായി കാൽതൊഴുത് നൽകുന്നതിൽ നിന്നും, അറിവ് പങ്കിടുന്ന ഓപ്പൺ ഡയലോഗിലേക്ക് മാറിയിരിക്കുന്നു. അധ്യാപകൻ ഒരു "ദൈവദൂതൻ" അല്ല, അറിവിന്റെ സംവേദനത്തിനുള്ള ഒരപേക്ഷാക്രമവുമല്ല. മറിച്ച്, അദ്ദേഹം വിദ്യാർത്ഥികളോടൊപ്പം പഠിക്കുന്ന ഒരു കൂട്ടുനടപ്പുകാരനാണ്.

ആധുനിക ഭരണഘടന, മനുഷ്യാവകാശം, ബാലാവകാശം തുടങ്ങിയവയുടെ പ്രകാശത്തിൽ ഈ ബന്ധത്തിന്റെ പുനരാലോചന അനിവാര്യമാണ്. പാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് അതിന്റെ ആത്മാവിൽ നിന്നാകണം, ആചാരപരമായ പുനരാവൃത്തികളിൽ നിന്നല്ല. പാദപൂജ, ഭക്തിപ്രദർശനം, ആജ്ഞാനുസരണ, മതം പോലുള്ള അനാചാരങ്ങൾ പുതുതലമുറയോടെ അതിജീവിക്കാൻ കഴിയില്ല. കാരണം, ഇവ ചോദ്യങ്ങൾ ഉന്നയിക്കേണ്ട കുട്ടികളെ ‘ശരിയല്ലാത്ത അഹങ്കാരത്തോട്‌’ അടിയറവ് വയ്ക്കാൻ പഠിപ്പിക്കുന്നു. അധ്യാപകർ അറിവിന്റെ കൈമാറലിനും, വിമർശനാത്മക ചിന്തയുടെ വളർച്ചയ്ക്കും നേതൃത്വം നൽകുന്നവരാണ്. അവരുടെ ആത്മസങ്കൽപ്പം ദൈവികമാകുന്നില്ല, മറിച്ച് മനുഷ്യാനുഭവങ്ങളിലൂടെയുള്ള നൈതിക ഉന്നതിയിലേക്ക് നീങ്ങുന്നതാണ്. ആ ദിശയിലേക്കാണ് ഗുരുശിഷ്യ പാരമ്പര്യത്തിന്റെ ആധുനിക പുനർവിന്യാസം നടക്കേണ്ടത്. വിദ്യാഭ്യാസം ഒരു വിചാരണാത്മക ബുദ്ധിയുടെ പോഷകമായിരിക്കണം, അടിയറവിന്റെ വേദിയല്ല.

REPRESENTATIVE IMAGE | PHOTO :WIKI COMMONS
കുട്ടികളുടെ സ്വാതന്ത്ര്യബോധം: മാതാപിതാക്കൾക്ക് അർപ്പിതമോ? അധ്യാപകർക്ക് അടിയറവോ?

ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് സ്വാതന്ത്ര്യബോധമുള്ള പൗരന്മാർ. അതിന്റെ വളർച്ച തുടക്കമിടുന്നത് കുട്ടിക്കാലം മുതലാണ്. എന്നാൽ, അവരുടെ മേൽ മൂടിയിരിക്കുന്ന മാതാപിതാക്കളുടെ ആധിപത്യം, അധ്യാപകരുടെ കൃത്രിമമായ മേലാധികാരം, പൊതുവിദ്യാലയങ്ങളിൽ അവരുടെ വ്യക്തിത്വാവകാശത്തെ ഒതുക്കുന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ, അത് ഭരണഘടനാപരമായും തത്വചിന്താപരമായും പ്രശ്നമാകുന്നു.
കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർണ്ണായക പങ്ക് ഉണ്ടെന്നത് നിസ്സംശയം പറയാം. എന്നാല്‍, അവരുടെ അനുമതി മറവായി ഉപയോഗിച്ചുകൊണ്ട് പൗരത്വബോധവും മതസ്വാതന്ത്ര്യവും ഇല്ലാതാക്കാൻ വിദ്യാലയങ്ങളോ അധ്യാപകരോ ഉദ്ദേശിക്കരുത്. കുട്ടിയുടെ മനസ്സിൽ ഒരു വ്യക്തിയെയെങ്കിലും കാൽപാദപൂജയിലൂടെ ആരാധിക്കാൻ "നിർബന്ധിത സമ്മതം" നൽകിക്കുന്നത്, അവരുടെ സ്വാതന്ത്ര്യത്തെ മുറിവേൽപ്പിക്കുന്നു.

ഇന്ത്യൻ ഭരണഘടനയിലും ബാലാവകാശ നിയമങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത് പോലെ, കുട്ടികൾക്ക് സ്വന്തം വിശ്വാസത്തെ കൈവിടേണ്ട അവസ്ഥയിലാക്കുന്നത് തീർച്ചയായും മൗലികാവകാശ ലംഘനമാണ്. അത്രയ്ക്ക് തന്നെ ഗുരുതരമാണ് അതിനേയും കടന്ന് ആളുകൾക്ക് അംഗീകരിക്കാൻ “വശീകരിച്ചുകൊടുക്കുന്ന അനുമതി”. ഇത്‌ ഒട്ടുമിക്കപ്പോഴും സാമൂഹ്യ സമ്മർദ്ദത്തിൽ നിന്നുള്ളതാകാനാണ് സാധ്യത.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഭരണഘടനയുടെ ലൗകികത്വ (Secularism) മൂല്യത്തെ അപമാനിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ പ്രാരംഭപ്രസ്താവനയിൽ തന്നെ ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യ അടിസ്ഥാനതത്വങ്ങളിൽ ഒന്ന് ലൗകികത്വമാണ്. അതായത്, ഒരു മതം ഏതൊരു സ്ഥാപനത്തിനും അതിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ മുൻഗണന നൽകേണ്ടതില്ല. ഒരു അധ്യാപകനെ ദൈവത്തിന്റെ പ്രതീകമായി കണക്കാക്കി കാൽപാദപൂജ ചെയ്യിക്കുക എന്നത് ഹിന്ദു മതാചാരത്തിന് ആധാരമായിരിക്കും. പക്ഷേ, ഈ രാജ്യത്ത് അനേകം മതങ്ങളുള്ളവരും വിശ്വാസരഹിതരായവരുമുണ്ട്. അവർക്കുള്ള അവകാശം ആ വിദ്യാലയമുറിയിൽ ഉറപ്പാക്കപ്പെടുന്നുണ്ടോ?

അതിനാൽ ഹിന്ദുമതപരമായ പാദപൂജ പോലെയുള്ള ആചാരങ്ങൾ, സർക്കാർ അംഗീകൃത വിദ്യാലയമുറികളിൽ ആചാരപരമായി നിർബന്ധിതമാക്കപ്പെടുമ്പോൾ ഇന്ത്യൻ ഭരണഘടയുടെ അനുച്ഛേദം 14 – എല്ലാ പൗരന്മാർക്കും സമത്വാവകാശം, അനുച്ഛേദം 21A – ഗൗരവമേറിയ വിദ്യാഭ്യാസം നേടാനുള്ള അവകാശം, അനുച്ഛേദം 28(1) – പൊതുസ്ഥാപനങ്ങളിൽ മതപാഠം നിഷേധിക്കുന്നു — എന്നിവയെല്ലാം ലംഘിക്കപെടുകയാണ്. 

ഇന്ത്യൻ ഭരണഘടന | PHOTO : WIKI COMMONS
വിദ്യാർത്ഥികളുടെ വ്യക്തിത്വാവകാശങ്ങൾക്കും ബാലാവകാശങ്ങൾക്കും നേരെയുള്ള ആഘാതം.

പഠനാവസ്ഥയിൽ ഉള്ള കുട്ടികൾ സാമൂഹികമായി സ്വാധീനത്തിലധികം വിധേയരായിരിക്കുമ്പോൾ, അവരുടെ മനസ്സിൽ സമ്മർദ്ദം സൃഷ്ടിച്ച് മതപരമായ ആചാരങ്ങളിൽ അവരെ നിർബന്ധിച്ചാൽ, അത് UNICEF ഉൾപ്പെടെയുള്ള ആഗോള ബാലാവകാശ ചട്ടങ്ങൾക്കും, ഇന്ത്യൻ നിയമങ്ങൾക്കും വിരുദ്ധമാണ്. അവരുടെ ആത്മാഭിമാനം, ആചാരപരമായ വിശ്വാസ സ്വാതന്ത്ര്യം, വ്യക്തിത്വാധികാരം തുടങ്ങിയവ ഈ നടപടികളാൽ ക്ഷയിക്കുന്നു. ബഹുമാനത്തിന്റെ പേരിൽ നടത്തപെടുന്ന ആചാരങ്ങൾ അധ്യാപകർക്കുള്ള അധികാരം ദൈവികമാക്കി തീർക്കുമ്പോൾ അവിടെ അപമാനങ്ങളെയും പീഡനങ്ങളേയും മറച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന സവർണ്ണാധിപത്യത്തിന്റെ ആയുധം ഉയർന്നുവരും. മാതാപിതാക്കളുടെ വിയർപ്പിന്റെ മൂല്യമാണ് അവരുടെ കുഞ്ഞുങ്ങളുടെ അതിർവരമ്പുകളില്ലാത്ത സ്വപ്നങ്ങളുടെ സത്ത.

തലകുനിക്കാത്ത വിദ്യാർത്ഥിത്വം ആണ് ഇന്നിന്റെ ചരിത്രം. അത് ഒപ്പം ഇരുന്നു ബെഞ്ചിൽ പഠിക്കുവാൻ അവകാശം നിഷേധിച്ചു മാറ്റിനിർത്തപ്പെട്ട ഒരു കാലത്ത് സവർണ്ണ മാടമ്പികളോട് പോരടിച്ച് നേടിയെടുത്തതാണ്. കാലിൽ അടിയറവ് വച്ച്, അടിമകളോട് ഉപമിച്ച് ധാനം കൽപ്പിക്കാൻ ഇത്‌ കുഴി കുത്തി തന്ന കഞ്ഞിയല്ല. വിദ്യാഭ്യാസം അവകാശമായിട്ടുള്ള ഒരു പരിഷ്കൃത സമൂഹത്തിൽ നേരത്തെ ഉണ്ടായിരുന്ന ഗുരുശിഷ്യ അനിയമങ്ങളുടെ പുനരാവൃത്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. ഈ വ്യവസ്ഥകൾക്കെതിരായ ശക്തമായ സാമൂഹികമായ വിമർശനങ്ങൾ ഉയരേണ്ടത് അനിവാര്യമാണ്, കാരണം ഇത്‌ കേരളമാണ്.


#outlook
Leave a comment