അധ്യാപക ജീവിതവും സാഹിത്യവിമർശനവും
സാഹിത്യ വിമര്‍ശനത്തിന്റെ ഇന്നത്തെ നിലയെ കുറിച്ച് ഇ പി രാജഗോപാലന്‍ സംഘടിപ്പിച്ച ചര്‍ച്ചയുടെ രണ്ടാം ഭാഗം.
ഭാഗം രണ്ട്
സജയ് കെ.വി.
ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം.കെ.സാനു, എം.എന്‍.വിജയന്‍, എം.ലീലാവതി, കെ.പി.അപ്പന്‍, വി.രാജകൃഷ്ണന്‍, നരേന്ദ്ര പ്രസാദ് ഇവരെല്ലാം വിമര്‍ശകരാണ്, അധ്യാപകരുമാണ്. വിമര്‍ശനം അധ്യാപനത്തിന്റെ നീട്ടലോ അനുബന്ധമോ ആണെന്ന പ്രമാദം (fallacy) മലയാളികള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഇതാവാം കാരണം. അധ്യാപകരായതുകൊണ്ട് അവര്‍ വിമര്‍ശകര്‍ കൂടിയായി മാറി എന്ന മട്ടിലാണ് ഈ വ്യാജബോധത്തിന്റെ പോക്ക്. അധ്യാപകനെയോ അധ്യാപികയെയോ കിഴിച്ചുകളഞ്ഞാലും അവരിലെ നിരൂപകന്‍ / നിരൂപക ശേഷിക്കുമെന്നതുകൊണ്ടാണ് അവരെ നമ്മള്‍ വിമര്‍ശകര്‍ എന്നു വിളിക്കുന്നത്. അധ്യാപകന് ജോലിക്കയറ്റം കിട്ടിയാല്‍ നിരൂപകന്‍ ആവില്ല. എത്രയൊക്കെ മഹത്വവല്‍ക്കരിച്ചാലും ഒരു ഔദ്യോഗികപദവി (designation) യുടെ പേരു മാത്രമാണ് 'അധ്യാപകന്‍' എന്നത്. ആ അപൂര്‍ണ്ണ വ്യക്തിത്വമോ പരാധീന വ്യക്തിത്വമോ അയാളിലടിച്ചേല്‍പ്പിക്കുന്ന അപര്യാപ്തതാബോധത്തില്‍ നിന്നുള്ള വിടുതിയാണ് നിരൂപകവ്യക്തിത്വത്തിലൂടെ നിറവേറുന്നത്. അധ്യാപനത്തിന്റെ പരിശിഷ്ടമല്ല നിരൂപണം. അത് വായനയുടെ വികാസമാണ്. അവിടെ പുസ്തകത്തോടൊപ്പം ജീവിതവും വായിക്കപ്പെടുന്നു. അയാള്‍ പുസ്തകരൂപത്തില്‍ ജീവിതവും ജീവിത രൂപത്തില്‍ പുസ്തകവും വായിക്കുന്നു.'When I close a book/I open life' എന്ന് നെരൂദ. ക്ലാസ്സ്മുറിയിലെ പുസ്തകമല്ല, (അത് ഒരേ പുസ്തമായാലും) എഴുത്തുമേശയ്ക്കരികിലിരുന്ന് അയാള്‍ വായിക്കുന്നത്. അധ്യാപകന്‍ സാമാന്യവും നിരൂപകന്‍ വിശേഷവുമാണ്. ക്ലാസ്സ്മുറിക്കു വേണ്ടത് സാമാന്യമാണ്, വിശേഷമല്ല. 'എനിക്കു വള്ളത്തോള്‍ക്കവിത ഇഷ്ടമല്ല' എന്നു പറയാന്‍ നിരൂപകനവകാശമുണ്ട്. അധ്യാപകന് അതില്ല. ഗവേഷണബിരുദം പോലെ, ഒന്നു മെനക്കെട്ടാല്‍ മാത്രം, അധ്യാപകന് ആര്‍ജ്ജിക്കാവുന്നതല്ല' നിരൂപകന്‍' എന്ന പദവി. അത് അയാളിലെ ആന്തരികവ്യക്തിത്വത്തിന്റെ പേരാണ്; മറ്റത് ബാഹ്യ വ്യക്തിത്വത്തിന്റെ പേരും. നിരൂപകന് അടുത്തൂണ്‍ ഇല്ല.
പാബ്ലോ നെരൂദ | PHOTO: PTI
ഷൂബ കെ.എസ്
പഠിച്ചത് പഠിപ്പിക്കുന്നവരായതുകൊണ്ട് വിജയന്‍ മാഷ് പറയുമ്പോലെ അധ്യാപകര്‍ സ്വഭാവികമായും യാഥാസ്ഥിതികരായിരിക്കും. ജ്ഞാനശേഖരണത്തിനും ജ്ഞാനവിതരണത്തിനുമൊപ്പം ജ്ഞാന നിര്‍മ്മിതിയും നടക്കുമ്പോഴേ വിദ്യാഭ്യാസം സാമൂഹിക വിമര്‍ശനത്തിനുള്ള ഉപകരണമാകുകയുള്ളൂ. അത് ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ ചില അളവില്‍ മാത്രം സംഭവിക്കുന്നതാണ്. വിദ്യാഭ്യാസത്തിന് വ്യാവസായിക ലക്ഷ്യം മാത്രം ഉണ്ടായി വരുന്ന സന്ദര്‍ഭങ്ങളില്‍ വിമര്‍ശനം ഇല്ലാതാകുകയും ജ്ഞാനവിപണിയെ വിമര്‍ശനമായി തെറ്റിദ്ധരിക്കുകയും ചെയ്യും.
'ജലം അമുല്യമാണ്' എന്നത് പരിസ്ഥിതി സ്‌നേഹമായി പഠിപ്പിക്കുന്ന അധ്യാപകന് അതിനുതകുന്ന സിദ്ധാന്തങ്ങള്‍ ആവശ്യമായി വരുന്നു. അങ്ങനെ ആരുടെയൊക്കെയോ വൈദേശിക പാരിസ്ഥിതികസിദ്ധാന്തങ്ങള്‍ വ്യാഖ്യാനിക്കുകയും പാഠപുസ്തക വ്യവസായത്തെ പോഷിപ്പിക്കുകയും ചെയ്യുന്നവര്‍ വിമര്‍ശകരായി മാറുന്നു. ജലം അമൂല്യമാണ്, എന്ന് പറയുന്നത് വ്യവസായികള്‍ക്ക് വേണ്ടിയാണ്. ജലം അമൂല്യമാണ് അതിനാല്‍ വില കൊടുത്തേ വാങ്ങാവു എന്നത് വില്പനക്കാരുടെ പരസ്യ വാചകമാണ്, പ്രകൃതിയെ സംരക്ഷിക്കുക എന്നു പറഞ്ഞാല്‍ പ്രകൃതിയെ വില്‍ക്കുക, പ്രകൃതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നതാണെന്നും ഒരാള്‍ വിമര്‍ശിച്ചു തുടങ്ങിയാല്‍ അധ്യാപകന്‍ /അധ്യാപിക അറിവുല്‍പാദിപ്പിക്കുന്നയാളായി മാറുകയും നിലവിലുള്ള പാഠപുസ്തക സഹായികള്‍ അയാളെ സഹായിക്കാതാവുകയും ചെയ്യും. വിമര്‍ശനമെന്നത് ജീവിക്കുന്ന കാലഘട്ടത്തെ അറിയുക, പുനര്‍നിര്‍മ്മിക്കുക എന്നതാണ്. വിമര്‍ശകന് ചെയ്യാവുന്ന പല പണികളില്‍ ഒന്നു മാത്രമാണ് അധ്യാപനം. ജ്ഞാന ശേഖരണം അക്കാദമിക രംഗത്ത് ആവശ്യമാണെങ്കിലും സാഹിത്യവിമര്‍ശകന്റെ കര്‍മ്മം അതല്ല. അതുകൊണ്ടു തന്നെ വ്യവസ്ഥാപിത അധ്യാപനത്തിന് അനുബന്ധമാകേണ്ടതല്ല വിമര്‍ശനം. എന്നാല്‍ അധ്യാപകര്‍ ഫെസിലിറ്റേറ്റര്‍ ആകുന്ന ഒരു സമൂഹത്തില്‍ പകര്‍ത്തെഴുത്തുകാര്‍ വിമര്‍ശകരായി അറിയപ്പെടാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വൈദേശികസിദ്ധാന്ത പുസ്തകങ്ങളെ പകര്‍ത്തുന്നവരാണ് വിമര്‍ശകരായതെങ്കില്‍ വരാന്‍ പോകുന്ന വിപണി പുസ്തകക്കുറിപ്പുകളുടേതാണ്. മാസികകളും സൈബറിടങ്ങളും ചാനലുകളും പാഠപുസ്തക വ്യാഖ്യാനങ്ങള്‍ കൊണ്ടു നിറയാം. സംസ്‌കാരപഠന സിദ്ധാന്തവിപണിയുടെ സ്ഥാനത്ത് മാസികകളില്‍ ഇനി വരാന്‍ പോകുന്നത് പാഠത്തിനകത്ത് തല കുമ്പിട്ടിരുന്ന് ആശാനില്‍ എത്ര പൂവുണ്ട്, വൈലോപ്പിള്ളിയില്‍ എത്ര കാക്കയുണ്ട് ഇത്തരം പീനങ്ങളായിരിക്കും.
വിമര്‍ശനം എന്നത് ചരിത്രപരമായ ഒരു മനോഭാവമാണ്. മറ്റ് പലതുമായും അത് ബന്ധപ്പെട്ടിരിക്കുന്നു. നിലവിലുള്ള സാഹിത്യ പാഠങ്ങളിലും സാംസ്‌കാരത്തിലും പരിക്കുകള്‍ എല്പിക്കാത്ത ഒരാളെ വിമര്‍ശകന്‍ എന്നു വിളിക്കാനാവില്ല. അങ്ങനെയുള്ള ഒരാള്‍ അധ്യാപകനായിരിക്കുക, വ്യവസായിക മാധ്യമങ്ങളാല്‍ അംഗീകരിക്കപ്പെട്ടവനാകുക എന്നത് വളരെ പ്രയാസം പിടിച്ച ഒന്നാണ്. അധ്യാപനത്തിന്റെ ഒഴിവിടങ്ങളില്‍ സുഖകരമായി കൊണ്ടുപോകാവുന്ന ഒന്നല്ല വിമര്‍ശനം. നവോത്ഥാന കാലത്ത് മാത്രം കേരളത്തില്‍ ഉണ്ടായ ഒരു ജ്ഞാനശാഖയാണ് വിമര്‍ശനം എന്നത് ഓര്‍ക്കേണ്ടതാണ്.
REPRESENTATIVE IMAGE | WIKI COMMONS
മഹേഷ് മംഗലാട്ട്
മലയാളത്തിലെ പ്രമുഖസാഹിത്യനിരൂപകരില്‍ പലരും പ്രശസ്തരായ അദ്ധ്യാപകരായിരുന്നുവെന്നതാണ് സാഹിത്യവിമര്‍ശനം സാഹിത്യാധ്യാപനത്തിന്റെ തുടര്‍ച്ചയാണെന്ന് തോന്നുവാന്‍ കാരണം. എന്നാല്‍ കേസരി എ ബാലകൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര് മുതല്‍ നിരൂപകരില്‍ പലരും സാഹിത്യം പഠിപ്പിച്ചവരോ അദ്ധ്യാപകരോ ആയിരുന്നില്ലെന്ന് ഈ ഭ്രമചിന്തയ്ക്കിടയില്‍ മറന്നുപോകുന്നു. സാഹിത്യനിരൂപണം ഒരു കേരളീയപ്രതിഭാസമല്ലല്ലോ. ലോകസാഹിത്യത്തിലും ഇതുതന്നെയാണ് അവസ്ഥ. സാഹിത്യം പഠിപ്പിക്കുന്നവര്‍ക്ക് സ്വാഭാവികമായി കൈവരുന്ന ഒരു സിദ്ധിവിശേഷമല്ല നിരൂപണപ്രവണത. പഠിപ്പിക്കുന്നത് ഏത് തലത്തിലായായും നിലവിലുള്ള ജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്കുക എന്ന പ്രവര്‍ത്തനമാണ്. മികച്ച അദ്ധ്യാപകര്‍ അറിവിനെ സര്‍ഗ്ഗാത്മകമായി പ്രയോഗിക്കുവാനുള്ള പ്രചോദനമാവാറുണ്ട്. എന്നാല്‍ അത് സാമാന്യമല്ല, അപവാദമാണ്. അദ്ധ്യപനം എന്ന പ്രവര്‍ത്തനം അറിവിന്റെ മേഖലയിലുള്ള പ്രവര്‍ത്തനമാണ് എന്നതിനാല്‍ പുതിയ വിജ്ഞാനം ആര്‍ജ്ജിക്കുവാന്‍ മറ്റ് മേഖലയിലുള്ളവരെ അപേക്ഷിച്ച് അദ്ധ്യാപകര്‍ക്ക് അവസരം ലഭിക്കാറുണ്ട്. അത് പഠനമാണ്. നിരൂപണം ആവശ്യപ്പെടുന്ന സര്‍ഗ്ഗാത്മകത അതിലില്ല. തങ്ങള്‍ ആര്‍ജ്ജിക്കുന്ന പുതിയ ജ്ഞാനം അദ്ധ്യാപകരില്‍ പലരെയും ഉണക്കശ്ശാസ്ത്രികളാക്കി (കേസരിയോട് കടപ്പാട്) മാറ്റുകയാണ് ചെയ്യുക. അവരുടെ വിതണ്ഡകളും യുക്തിവാദങ്ങളും സര്‍ഗ്ഗാത്മകതയെ പ്രതിരോധിക്കുന്ന വന്‍മതിലുകളായി പരിണമിക്കുകയാണ് ചെയ്യുക.
എം.എ.സിദ്ദിഖ്
സാഹിത്യവിമര്‍ശനം ഒരു പ്രസ്ഥാനമല്ല. നിയമപരമായ ബാധ്യതയുമല്ല. സാഹിത്യപഠന ക്ലാസ്സിനെ സിസ്റ്റമാറ്റിക് ആക്കുന്ന വേളകളിലൊന്നാണ് വിമര്‍ശനത്തിന്റെ പഠന വേള. അധ്യാപകന്റെ 'മാതൃകാപരമായ' ജോലി സാഹിത്യ വിമര്‍ശനത്തിന്റെ ഈ സിസ്റ്റം ശീലിക്കലാണെന്ന തെറ്റിദ്ധാരണ വന്നത് അതുകൊണ്ടാവാം. അധ്യാപനത്തിന്റെ രീതിശാസ്ത്രം അപഗ്രഥനാത്മകതയക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തു തുടങ്ങിയതോടെ കൃതിയെ അപഗ്രഥിക്കുന്ന അദ്ധ്യാപകരാണ് ക്ലാസ്സ് മുറിയില്‍ വിജയിക്കുക എന്ന തെറ്റിദ്ധാരണയും രൂപപ്പെട്ടു. നല്ല സാഹിത്യാദ്ധ്യാപിക/പകന്‍ ആവാന്‍ വിമര്‍ശനത്തിന്റെ ട്രാക്ക് പിടിച്ചാല്‍ മതിയെന്ന ഒരു നിലവന്നു. എന്റെ 'ഉണക്ക ശാസ്ത്രത്വ'ത്തിന്റെ തൊലിക്കു പിറകില്‍ കുറേയധികം പച്ച സാധനം വാസ്തവത്തിലുണ്ട് എന്നു കേസരി പറഞ്ഞതില്‍ ഒരു നിസ്സഹായതയുണ്ട്. തന്റെ ഗവേഷണത്തെ വിമര്‍ശിക്കുന്നവരുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെജിമൊണിയെയാണ് കേസരി ഉദ്ദേശിച്ചത്. തന്റെ ഉണങ്ങിയ തൊലിക്കു പിന്നിലുള്ള പച്ചമാംസം നിങ്ങള്‍ക്കില്ല എന്നാണത്. നിങ്ങള്‍ക്ക് ഉണങ്ങിയ തൊലി പോലുമില്ല എന്നാണത്. അധ്യാപകന്‍ എന്ന ഇന്‍സ്റ്റിറ്റിയൂഷന്റെ പുരപ്പുറത്തു കയറി നിന്നാണ് സാഹിത്യ വിമര്‍ശനത്തിന്റെ വിമാനം പറപ്പിക്കുന്നതെങ്കില്‍, പുരപ്പുറത്തു നിന്നു വീഴാനുള്ളത്ര ഇന്ധനമേ അതില്‍ നിറയൂ.
കേസരി എ ബാലകൃഷ്ണപിള്ള | PHOTO: WIKI COMMONS
കെ.സി.മുരളീധരന്‍
അധ്യാപക ജീവിതത്തിന്റെ തുടര്‍ച്ചയല്ല സാഹിത്യ വിമര്‍ശനം, കഴിയുന്നതും ആകരുത് എന്ന നിരീക്ഷണം അക്കാദമിക മേഖലയിലുള്ളവരുടെ സാഹിത്യവിമര്‍ശന ഇടപാടുകളെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒന്നാണ്. ഈ പ്രസ്താവന ധ്വനിപ്പിക്കുന്ന രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. അതില്‍ ആദ്യത്തേത്, മലയാള സാഹിത്യവിമര്‍ശന വ്യവഹാര രംഗത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്‌കൂള്‍, കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകരുടെ പ്രബല സാന്നിധ്യമാണ്. പരിമിതമായെങ്കിലും പലപ്പോഴും ചര്‍ച്ച ചെയ്ത ഈ വിഷയം കൂടുതല്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. മേല്‍ക്കൈ, മേല്‍ക്കോയ്മ എന്ന പദങ്ങളുടെ അര്‍ത്ഥവ്യാപ്തി സാധൂകരിക്കുന്നതാണ് അക്കാദമിക സാന്നിധ്യമെന്ന അഭിപ്രായങ്ങള്‍ പൊതുവെ ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. അക്കാദമിക സമൂഹത്തിന്റെ സാഹിത്യ വിമര്‍ശന നിലവാരവുമായി ബന്ധപ്പെട്ട, ഗൗരവമായി സ്വീകരിക്കേണ്ട അനുബന്ധ നിരീക്ഷണങ്ങളുണ്ട്. കുട്ടികള്‍ക്ക് പരീക്ഷാ സഹായിയായി കൊടുക്കുന്ന ക്ലാസ്‌റൂം നോട്ടുകള്‍ ഒരു മാറ്റവും വരുത്താതെയോ ചെറുതായി മാറ്റിയെഴുതിയോ പ്രസിദ്ധീകരിക്കുന്നതാണ് പല ലേഖനങ്ങളും എന്ന അഭിപ്രായം സ്വയം വിമര്‍ശനത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ്. രണ്ടാമതായി പ്രശ്‌നവല്‍ക്കരിക്കാന്‍ സാധിക്കുക ഭരണകൂട നിയന്ത്രിത അക്കാദമിക് സ്ഥാപനങ്ങളും അതുമായി സമരസപ്പെട്ടുപോകുന്ന ക്ലാസ്മുറി വ്യാഖ്യാനങ്ങളും അത്രതന്നെ നിയന്ത്രണങ്ങള്‍ സാധ്യമല്ലാത്ത വിമര്‍ശനവ്യവഹാരത്തിലെ പുതിയ വായനാരീതികളും തമ്മില്‍ കാലക്രമേണ ഉരുത്തിരിഞ്ഞുവന്ന സംഘര്‍ഷവും വിച്ഛേദവുമാണ്.
അക്കാദമിക സാഹിത്യവിമര്‍ശനത്തെ ഏകാശിലാസ്വഭാവമുള്ള വ്യവഹാരമായി സമീപിക്കാതെ പഠിക്കുമ്പോള്‍ ഇതിന് മറ്റൊരു വശമുണ്ട് എന്ന് ബോദ്ധ്യപ്പെടും. ഇ വി രാമകൃഷ്ണന്‍ (എം ആര്‍ സി യെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തില്‍) മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍ തുടങ്ങിയ വിമര്‍ശകരെ വിവരിക്കുന്നത് Public intellectuals അഥവാ ജൈവബുദ്ധിജീവികള്‍ എന്ന സംജ്ഞ ഉപയോഗിച്ചാണ്. പൊതുബോധത്തെ മാറ്റിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ സാഹിത്യ വിമര്‍ശനത്തിന്റെ സാമൂഹ്യമാനങ്ങള്‍ വികസിപ്പിച്ചു എന്ന വസ്തുതയില്‍ ഊന്നിയാണ് അദ്ദേഹം ഇവരെ വിലയിരുത്തുന്നത്. വിമര്‍ശനസാഹിത്യത്തിന്റെ നിര്‍ണ്ണായകഘടകമായി ജനസാമാന്യത്തെയും അക്കാദമിക സാഹിത്യവിമര്‍ശന വ്യവഹാരത്തിലെ സ്വയംവിമര്‍ശന അന്തര്‍ധാരകളെയും അടയാളപ്പെടുത്തി വരാനിരിക്കുന്ന സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ചില സാധ്യതകളെ ഇവര്‍ സൂചിപ്പിച്ചതും ഇ വി രാമകൃഷ്ണന്‍ എടുത്തുപറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സിദ്ധാന്തങ്ങളുടെ വിളനിലങ്ങള്‍ എന്ന നിരീക്ഷണവും അക്കാദമിക മേഖലയും സാഹിത്യവിമര്‍ശനവുമായുള്ള സൂക്ഷ്മബന്ധം കാണിക്കുന്ന ഒന്ന്. അപ്പോള്‍ അദ്ധ്യാപകന്‍ എന്നുള്ളതിന്റെ പ്രശ്‌നമല്ല, മറിച്ച്, ആരായാലും, വ്യാഖ്യാനസങ്കേതങ്ങളുടെ രാഷ്ട്രീയ പ്രയോഗമാണ് സാഹിത്യവിമര്‍ശനത്തില്‍ നിര്‍ണ്ണായകം. ഭാഷയില്‍ മനോഹരമായി തീര്‍ത്ത പ്രതീകങ്ങളുടെ സഞ്ചയമാണ് ഓരോ പാഠവും. സാമ്പ്രദായിക വായനയില്‍ വ്യവസ്ഥാപിത മൂല്യങ്ങളുടെ പുനരുത്പാദനമാണ് സംഭവിക്കുക. കൗണ്ടര്‍റീഡിങ്, ഇന്ററോഗേറ്ററി റീഡിങ് പോലെയുള്ള വ്യാഖ്യാനരീതികള്‍ ആര്‍ജിക്കേണ്ട ഒന്നാണ്. ഈ അര്‍ത്ഥത്തില്‍ അദ്ധ്യാപകജീവിതത്തിന്റെ തുടര്‍ച്ചയല്ല സാഹിത്യവിമര്‍ശനം എന്നതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. സാമാന്യ യുക്തിക്കും നിരക്കുന്ന ഒരു നിഗമനമാണിത്. പക്ഷെ ബഹുസ്വരത, സാമൂഹ്യ നീതി, സ്വയം പ്രതിനിധാനം, കര്‍തൃത്വനിര്‍മിതി, സ്വയം നിര്‍വഹത്വം തുടങ്ങിയ പരികല്പനകള്‍ വിമോചനമൂല്യങ്ങളായി കാണുന്ന ഒരു സമൂഹത്തില്‍ മലയാളസാഹിത്യവിമര്‍ശനരംഗം അതിന്റെ പ്രത്യേക ഘടനകൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഉപരിവര്‍ഗ, ആണധികാര, സവര്‍ണ ബോധത്തിന്റെ ഉല്പന്നമാണെന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. ഇത് സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്. കോളനി ഭരണ കാലത്തേക്ക് നീണ്ടുകിടക്കുന്ന ചരിത്രമുള്ള ആധുനിക മലയാളസാഹിത്യത്തിന് ഏതാണ്ടതേ ദൈര്‍ഘ്യമുള്ള വിമര്‍ശന ചരിത്രവുമുണ്ട്, ആദ്യ പുസ്തകങ്ങളുടെ, പ്രധാനമായും നോവല്‍ സാഹിത്യത്തിന്റെ ആമുഖങ്ങളും മുന്‍-പിന്‍ കുറിപ്പുകളും ആദ്യകാല വിമര്‍ശന സംരംഭങ്ങളായി കാണുമ്പോള്‍ സി പി അച്യുതമേനോന്‍, കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, ഏ ആര്‍ രാജവര്‍മ, പി കെ നാരായണപിള്ള, സ്വദേശാഭിമാനി കെ രാമകൃഷ്ണ പിള്ള, സി അന്തപ്പായി എന്നിവരിലൂടെ തുടങ്ങിയ മലയാള വിമര്‍ശനസാഹിത്യത്തില്‍ (ചില പേരുകള്‍ വിടുന്നു) ചേലനാട്ട് അച്യുതമേനോന്‍, സഞ്ജയന്‍, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കേസരിയടക്കമുള്ള വിമര്‍ശകരുടെ നീണ്ട നിരയാണ് പിന്നീട് കാണുന്നത്. തുടര്‍ന്ന് വന്നവരില്‍ മുഖ്യധാരയിലുള്ള വിമര്‍ശനത്തിന്റെ മൂന്നു കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് വ്യാഖ്യാതാക്കളാണ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍. തുടക്കത്തിലേ കേരളവര്‍മയിലൂടെ സര്‍വകലാശാലാ ബന്ധവും എ ആറിലൂടെ അധ്യാപകസാന്നിധ്യവും മലയാള വിമര്‍ശനരംഗത്ത് ദൃശ്യമാണ്. പിന്നീടത് കൂടി വരുന്നു: എം.പി പോള്‍, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, കൃഷ്ണന്‍ നായര്‍, എസ് ഗുപ്തന്‍ നായര്‍, എം കെ സാനു, എം ലീലാവതി, എം അച്യുതന്‍, പ്രൊഫ.കെ.എം ജോര്‍ജ്, പ്രൊഫ. ജോര്‍ജ് ഇരുമ്പയം, എം തോമസ് മാത്യു, മേലത്ത് ചന്ദ്രശേഖരന്‍, എം ആര്‍ ചന്ദ്രശേഖരന്‍, ബി രാജീവന്‍, വി സി ശ്രീജന്‍, എന്‍ ശശിധരന്‍, പി പി രവീന്ദ്രന്‍, ഈ വി രാമകൃഷ്ണന്‍, പി പവിത്രന്‍, എസ് ശാരദക്കുട്ടി, പി ഗീത, പി എം ഗിരീഷ്, സുനില്‍ പി ഇളയിടം, ഇ പി രാജഗോപാലന്‍, സജയ് കെ വി, പ്രദീപന്‍ പാമ്പിരിക്കുന്ന്, സന്തോഷ് മാനിച്ചേരി. അധ്യാപനം തൊഴിലാക്കിയ മികച്ച വിമര്‍ശകരാണ് ഇവരെല്ലാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ മറ്റു തൊഴില്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, അദ്ധ്യാപകരില്‍ത്തന്നെ പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍ നിന്നുമുള്ളവര്‍, മതന്യൂനപക്ഷങ്ങള്‍, ദലിത് ബഹുജന്‍, സ്ത്രീ വിഭാഗങ്ങള്‍, ഇവരുടെ അഭാവമോ, അദൃശ്യതയോ, കുറഞ്ഞ ദൃശ്യതയോ ഈ രംഗത്ത് വളരെ പ്രകടമാണ്. അതിനാല്‍ മലയാള വിമര്‍ശനസാഹിത്യ സ്ഥാപനവല്‍ക്കരണത്തിന്റെ പ്രതിലോമ രാഷ്ട്രീയം അസ്ഥിരപ്പെടുത്തുന്ന മേല്പറഞ്ഞ നിരീക്ഷണങ്ങള്‍ക്ക് (അധ്യാപക ജീവിതത്തിന്റെ തുടര്‍ച്ചയല്ല സാഹിത്യ വിമര്‍ശനം, കഴിയുന്നതും ആകരുത്) വിധ്വംസക ശേഷിയുണ്ട്. ബഹുസ്വരത, സാമൂഹ്യ നീതി, സ്വയം പ്രതിനിധാനം, കര്‍തൃത്വനിര്‍മിതി, സ്വയം നിര്‍വാഹകത്വം ഇവയെ അടിസ്ഥാനമാക്കിയുള്ള പൊതുമണ്ഡലത്തിന്റെയും അതിന്റെ ഭാഗമായ സാഹിത്യവിമര്‍ശനമേഖലയുടെയും ജനാധിപത്യപരമായ പുനഃസംഘാടനത്തിന് ഇത്തരം സംവാദങ്ങള്‍ ഉപകരിക്കും.
ഇ വി രാമകൃഷ്ണന്‍ | PHOTO: WIKI COMMONS
എ.എം.ശ്രീധരന്‍
സാഹിത്യവിമര്‍ശനത്തിന്റെ കൂമ്പടഞ്ഞു എന്ന ചിന്ത ഇന്ന് ശക്തമാണ്. സര്‍വകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരാണ് ഇന്ന് ഈ മേഖലയില്‍ ചരിക്കുന്നവരേറെയും. ജോലി സമ്പാദനത്തിനു വേണ്ടിയും ജോലിക്കയറ്റത്തിനായും എഴുതപ്പെടുന്ന ഉപരിപ്ലവമായ സമീപനങ്ങളുടെ ഫലമാണിവയില്‍ പലതും. ഗൗരവമേറിയ ജീവിത പക്ഷപാതമൊ സാഹിത്യാഭിരുചിയോ പ്രത്യയശാസ്ത്രപരമായ നിലപാടുകളൊ ഇവ പങ്കുവെയ്ക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രസാധകര്‍ ഏറെയുള്ളതിനാലും വലിയക്കശമ്പളമുള്ളതിനാലുമാണ് ഇവ ഉത്തമ സാഹിത്യവിമര്‍ശനത്തിന്റെ മാതൃകകളായി നമ്മുടെ മുന്നിലെത്തുന്നത്. ഗവേഷണത്തിന്റെ സദ്ഫലങ്ങളെന്ന വ്യാജേനയും ഈ വകുപ്പില്‍പ്പെടുന്ന കൃതികള്‍ ഉണ്ടാകുന്നുണ്ട്. പല കൃതികളെ ഒന്നാക്കുന്ന ചെപ്പടിവിദ്യയാണിത്. ഏറിയാല്‍ അമ്പത് (50) കോപ്പിയാണ് ഇവയുടെ അച്ചടി. യോഗ്യതാപട്ടികയുടെ ബലം വര്‍ദ്ധിപ്പിക്കാനിതൊക്കെ മതി. ഇത്തരം കൃതികളുടെ വില്‍പന സ്വയം നടത്തുന്നവരെയും കാണാനിടയുണ്ട്. വിമര്‍ശനത്തില്‍ അവശ്യം ആവശ്യമായ ആസ്വാദനമോ അപഗ്രഥനമോ മൂല്യനിര്‍ണയമോ ഈ പുത്തന്‍ വിമര്‍ശകര്‍ക്ക് ബാധകമേയല്ല. വായനക്കാരന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതൊ സാരവത്തായ ചലനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതൊ ആയിരിക്കണം തങ്ങളുടെ രചനയെന്ന തോന്നല്‍ ഇതിലൂടെ ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നാശോന്‍മുഖ ഫോക്‌ലോറിന്റെ ഗണത്തിലാണ് സാഹിത്യവിമര്‍ശനത്തിന്റെ ഇരിപ്പിടം. പ്രകരണശുദ്ധി, യുക്തിബോധം, കാവ്യാത്മകത എന്നൊക്കെയുള്ള വിമര്‍ശനവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ നമുക്കിന്നജ്ഞാതമാണ്. ഏതിനെക്കുറിച്ച് എങ്ങനെ എന്തു പറയുന്നു എന്ന് എഴുതിയ ആളും വായനക്കാരനും ഒരു പോലെ അമ്പരക്കുന്നതിന് ഉദാഹരണങ്ങളേറെയാണ്.
ഇനി നമുക്ക് എണ്ണം പറഞ്ഞ വിമര്‍ശകരിലേക്കു വരാം. ജീവിതത്തിലും സാഹിത്യത്തിലും ഇതര ജീവിത വ്യവഹാരങ്ങളിലും ആഴത്തിലുള്ള അറിവാണ് ഇവരുടെ വിമര്‍ശക വ്യക്തിത്വം നിര്‍ണയിച്ചത്. സാഹിത്യവിമര്‍ശനം ജീവിത വിമര്‍ശനത്തിന്റെ / സാമൂഹ്യ വിമര്‍ശനത്തിന്റെ / രാഷ്ട്രീയ വിചാരത്തിന്റെ / ദേശസങ്കല്‍പ്പത്തിന്റെ അടയാളമായി പരിഗണിച്ചു കൊണ്ടാണ് ഇവര്‍ എഴുത്തു ജീവിതം തുടര്‍ന്നത്. സര്‍ഗാത്മകമായ ഇടപെടലിന്റെയും ആധുനികമായ കല്‍പ്പനകളുടെയും ഭാഗമായാണ് ഇവര്‍ വിമര്‍ശനത്തെ നോക്കിക്കണ്ടത്. മൂലധനം വിവര്‍ത്തനം ചെയ്തതും ലോകോത്തരമായ കവിതയും കഥയും പരിചയപ്പെടുത്തിയതും താരതമ്യവിചാരത്തിന്റെ മാതൃകകള്‍ അവതരിപ്പിച്ചതും ഇവരാണ്. ലോകഗതിയെ നിര്‍ണയിച്ച ചരിത്ര സന്ധികളിലൂടെ നമ്മെ നയിച്ചവരാണിവര്‍. സാഹിത്യത്തിന്റെ അന്തര്‍ വൈജ്ഞാനിക ജീവിതത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഇവര്‍ക്കുണ്ടായിരുന്നു. കേവലമായ പകര്‍പ്പുകളായല്ല ഇവര്‍ വിമര്‍ശനത്തെ കണ്ടത്. സവിശേഷമായ ഇടപെടലായിത്തന്നെയാണ്. വൈരനിര്യാതനമൊ, സ്ഥാനലബ്ധിയൊ, സ്തുതിപാടലൊ ആയിരുന്നില്ല ഇവര്‍ക്ക് സാഹിത്യവിമര്‍ശനം. ഇന്നങ്ങിനെയൊക്കെയായി മാറിയിട്ടുണ്ട് വിമര്‍ശനം എന്ന് തന്നെയാണ് പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത്. തൊഴിലിന്റെ ഭാഗമായി / വ്യക്തിയുടെ സങ്കുചിതമായ താല്പര്യ സംരക്ഷണത്തിന്റെഉപകരണമായികലാചിന്തകള്‍ മാറുമ്പോഴുണ്ടാകുന്ന വിപര്യയമാണിത്.
നിരൂപകന്റെ രാജ്യഭാരത്തെക്കുറിച്ചായിരുന്നു ഒരു കാലത്ത് നമ്മുടെ ചര്‍ച്ച. രാജാവിനെ വാഴിക്കാനും നിഷ്‌കാസനം ചെയ്യാനും പോരുന്ന നിഗ്രഹാനുഗ്രഹശക്തി വിമര്‍ശകനുണ്ടായിരുന്നു. കാവ്യസംസാരത്തിന്റെ പ്രജാപതികളായി ലോകം ശാസ്ത്രം കാവ്യം എന്നിവയെക്കുറിച്ചു പഠിച്ചും പറഞ്ഞും എഴുതിയും ഇവര്‍ മൂന്നു കാലങ്ങളിലും തുടരുന്നു. ശലഭജന്മങ്ങളായി ഒടുങ്ങാനാണ് ഇന്നത്തെ വിമര്‍ശകന്റെ വിധി. ഈ അകാലമരണത്തിനു കാരണം വിമര്‍ശനം അദ്ധ്യാപക ജീവിതത്തിന്റെ ഭാഗമായി മാറിയതോ മാറ്റിയതോകൊണ്ടാണ്. സാമൂഹികമായ അനുഭവങ്ങളുടെ സാകല്യമായും ആഴത്തിലുളള ജീവിതബോധത്തിന്റെയും സഹൃദയത്വത്തിന്റെയും ഉല്‍പ്പന്നമായും വിമര്‍ശനം ഒരു വീണ്ടെടുപ്പിന് ഒരുങ്ങണം. മേല്‍പ്പറഞ്ഞ പതനത്തിന് ഞാനും ഉത്തരവാദിയാണ്.
REPRESENTATIVE IMAGE | PTI
എം.ആര്‍.മഹേഷ്
1 - സാഹിത്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഇന്നും അത് തുടരുകയാണ്. അക്കാദമികളില്‍നിന്ന് വേറിട്ട ഒരു നിലനില്പും വ്യക്തി, സാമൂഹ്യജീവിതങ്ങളും സാഹിത്യത്തിനുണ്ട്. കൂടുതല്‍ വായിച്ചവയും വായിക്കാതെ മാറ്റി വെച്ചവയും തമസ്‌കരണത്തിലൂടെ സ്ഥാനപ്പെട്ടവയും പിന്നീട് വായിക്കപ്പെട്ടവയുമായ സാഹിത്യങ്ങള്‍ നമുക്കുണ്ട്. ഇന്ദുലേഖയില്‍ പറയും മട്ടില്‍ മാത്രമല്ല ആധുനിക സാഹിത്യവായനയുടെ ചരിത്രം മുന്നോട്ടു പോയത്. സൗന്ദര്യശാസ്ത്രങ്ങളുടെ ചരിത്രത്തിന് ഔദ്യോഗികവും അനൗദ്യോഗികവുമായ അക്കാദമികളുമായി ബന്ധമുണ്ട്. തമസ്്കരിക്കപ്പെട്ട പല ജ്ഞാന മേഖലകളെയും ഒരു അക്കാദമിയായി നാം പിന്നീട് കണ്ടെടുക്കുകയോ വീണ്ടെടുക്കുകയോ ചെയ്തിട്ടുണ്ട്. സൗന്ദര്യശാസ്ത്രം, വിശാലമായിപ്പറഞ്ഞാല്‍ അറിവ്, അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണിതത്തിന്റെ അധികാരത്തിനെക്കാള്‍ അധികാരത്തിന്റെ ലോകഗണിതമായിരിക്കാം പ്രാദേശിക ഗണിതപരമ്പര്യങ്ങള്‍ പ്രധാനമാവാതെ പോയതിനു കാരണമായത്. അധികാരത്തിന്റെ അക്കാദമികള്‍ അറിവിനെയും ലോകാവബോധത്തേയും ക്രമീകരിക്കുന്നത് അതിനുള്ളിലായിരിക്കുന്ന ഒരു ഘട്ടത്തില്‍ തിരിച്ചറിയണമെന്നുമില്ല. വളരെ സൂക്ഷ്മതലത്തിലാണ് അക്കാദമിക്‌സിന്റെ ഈ അധികാരം പ്രവര്‍ത്തിക്കുന്നത്. ഈ അധികാരത്തോട് ഇണങ്ങാത്ത പാരമ്പര്യത്തെയാണ് ഒരുതരത്തില്‍ സാഹിത്യം എന്നു വിളിക്കുന്നത്. നിയതാര്‍ത്ഥങ്ങളെ പൊളിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. നിലനില്‍ക്കുന്ന ഭാഷയെ ഉലച്ചുകൊണ്ട് പുതിയ ഭാഷകള്‍ ഉണ്ടാകുമ്പോഴാണ് സൗന്ദര്യാവബോധപരമായ പുതുക്കം ഉണ്ടാവുന്നത്. ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ഇടപെടലാണിത്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെക്കാള്‍ ഉയര്‍ന്ന ഭാവനാ യാഥാര്‍ത്ഥ്യത്തെ സാഹിത്യം അതിന്റെ ഇടപെടലിലൂടെയും വായനയിലൂടെയും നിരന്തരം അഴിച്ചു നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. ഈ അവ്യവസ്ഥിതത്വത്തിന്റെ എതിര്‍ സ്ഥാനമായാണ് ഭരണകൂടവും അതിന്റെ സമന്വയ രൂപമായ ഔദ്യോഗിക അക്കാദമികളും പൊതുവേ പ്രവര്‍ത്തിച്ചു പോരുന്നത്, പ്രത്യക്ഷത്തില്‍ അങ്ങനെയാണെന്ന് തോന്നാതിരിക്കുമ്പോഴും.
സാഹിത്യം എന്ന വിജ്ഞാന മേഖലയെ ക്രോഡീകരിക്കുന്നതിലും സൗന്ദര്യശാസ്ത്രം എന്ന അറിവിനെ വിനിമയം ചെയ്യുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഭാഷാ മാനവിക വിഷയങ്ങള്‍ ഉള്ളടക്കത്തില്‍ത്തന്നെ നേരിട്ട് വിമര്‍ശനം എന്ന ധര്‍മ്മം നിര്‍വഹിക്കുന്നുമുണ്ട്. എന്നിരിക്കിലും സാഹിത്യം എന്ന ജനുസ്സിന്റെ നിലനില്പ് സ്ഥാപനങ്ങളുമായിമാത്രം ബന്ധപ്പെട്ടതല്ല. അതിന്റെ സഞ്ചാരത്തിന്റെ വഴി മറ്റൊന്നാണ്. ശാസ്ത്ര, ചരിത്ര, തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് അക്കാദമിക ജീവിതമാണ് പ്രധാനമാവുന്നതെങ്കില്‍, അതിനെ അപ്രസക്തമാക്കും വിധമാണ് സാഹിത്യം സഞ്ചരിക്കുന്നത്. സാഹിത്യം എഴുതുന്നയാള്‍ക്ക് അക്കാദമിക്‌സുമായുള്ള ബന്ധത്തിന്റെ വിഷയമല്ല ഇത്. അക്കാദമിക് അകം, പുറം എന്നിവ പരസ്പര ബന്ധമില്ലാതെ നില്‍ക്കുന്നതുമല്ല.
സാഹിത്യത്തിന്റെ ഈ പൊതുനിലനില്പിന്റെ വിശാലമായ ലോകത്തിലല്ല സാഹിത്യനിരൂപണം എന്ന സവിശേഷ മേഖല നിലനില്‍ക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാക്കുകളിലാണ് അവ പ്രധാനമായും സ്ഥിതി ചെയ്യുന്നത് എന്നുള്ളത് വസ്തുതയുമാണ്. സര്‍വ്വകലാശാലയിലെ ക്ലാസ്സ് മുറിയിലും നാട്ടിന്‍ പുറത്തെ വായനശാലയിലും പുസ്തകങ്ങളായും സംസാരങ്ങളായും നിരൂപണം ജീവിക്കുന്നു. ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും പൊതുജീവിതത്തിന്റെയും തുടര്‍ച്ച സാഹിത്യവിമര്‍ശനം എന്ന ഈ പദ്ധതിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മാരാരും കെ പി അപ്പനും ഇതില്‍നിന്നൊഴിഞ്ഞു പോകുന്നില്ല. സാഹിത്യം വായിക്കുന്ന നൂറില്‍ ഒരാള്‍ എന്ന കണക്കില്‍പോലും സാഹിത്യവിമര്‍ശനം വായിക്കാന്‍ ഇടയില്ല. സാഹിത്യം സവിശേഷ മേഖലയാണെന്നതിനേക്കാള്‍, സാഹിത്യവിമര്‍ശനം കൂടുതല്‍ സവിശേഷമായ മേഖലയാണെന്നാണ് സൂചിപ്പിച്ചത്. അത് വിദ്യാഭ്യാസവുമായി ചരിത്രപരമായി നേരിട്ടുതന്നെ ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ഇന്ദുലേഖ നോവല്‍ | PHOTO: WIKI COMMONS
നാട്ടില്‍ നടക്കുന്ന ജീവിതസമരങ്ങള്‍ സിസ്റ്റത്തെ പുതുക്കുന്നുണ്ട്. അതേ സമയംതന്നെ പിന്നോട്ടു വലിക്കുന്ന ഏസ്‌തെറ്റിക്‌സ് മുന്നോട്ടുവരികയും ചെയ്യുന്നുണ്ട്. വംശീയതയുടെയും മത രാഷ്ട്രത്തിന്റെയും ആലോചനകള്‍ മുന്നോട്ടുവയ്ക്കുന്ന 'വിമര്‍ശനം / നിരൂപണ'ത്തെ സിസ്റ്റവും സിലബസും മുന്നോട്ടുവയ്ക്കുകയും അതിലൂടെ ഇതിഹാസങ്ങള്‍ മുതല്‍ പുതിയ കൃതികള്‍വരെ വായിക്കപ്പെടുകയും ചെയ്യുന്നു. അതേ സമയം ദലിത് വിമര്‍ശനവും ദലിത് വിമര്‍ശകരും ശബ്ദത്തോടെ കേള്‍ക്കാനായതില്‍ വിദ്യാഭ്യാസത്തിനും അക്കാദമികള്‍ക്കുമുള്ള പങ്ക് നിര്‍ണായകവുമാണ്. അക്കാദമികളേയും അക്കാദമിക് വിമര്‍ശനത്തേയും വിമര്‍ശിച്ചു കൊണ്ടാണ് ഒരു പുതിയ തലമുറ ഒച്ച നേടുന്നത്. ഇവയെയെല്ലാം സംബോധന ചെയ്യാതെ അക്കാദമിക് വിമര്‍ശനത്തിനപ്പുറത്തെ കാണാന്‍ കഴിയില്ല. സുകുമാര്‍ അഴിക്കോടും കെ പി അപ്പനും പ്രദീപന്‍ പാമ്പിരിക്കുന്നും അധ്യാപന ജീവിതത്തിന്റെ തുടര്‍ച്ചയായിരുന്നു എന്നതില്‍ നിന്നുതന്നെ ഈ തുടര്‍ച്ചയും നീട്ടിവയ്ക്കലും ഒരേ നിലയിലല്ല എന്നത് വ്യക്തവുമാണ്. ഔദ്യോഗികമായി അധ്യാപനത്തിന്റെ നീട്ടിവയ്ക്കലല്ലാത്ത എഴുത്തിലും ഈ അക്കാദമിക്‌സിന്റെ ചരിത്രം തുടരുന്നുണ്ട്.
ഒപ്പം, സാമൂഹ്യശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും ഇന്നത്തെ വ്യവഹാരങ്ങളെല്ലാം രൂപപ്പെട്ടത് പാശ്ചാത്യ അക്കാദമികളിലാണെന്നതും പ്രധാനമാണ്. ആധുനികാനന്തര ഭാഷാശാസ്ത്രവും അപനിര്‍മ്മാണവും അക്കാദമികമാണ്. കേസരിയും എം.എന്‍.വിജയനും ഈ വഴി അടയാളപ്പെടുത്തിയവരാണ്. സിദ്ധാന്തയുക്തമായ ചാട്ടങ്ങള്‍ തന്നെയാണ് വിമര്‍ശനത്തിന്റെ വഴികളെ പുതുക്കിയത്. സിദ്ധാന്തമുക്തം എന്ന് തോന്നിപ്പിക്കുകയും അക്കാര്യം നേരിട്ടു പറയുകയും ചെയ്യുന്ന മികച്ച വിമര്‍ശന മാതൃകകള്‍ യഥാര്‍ത്ഥത്തില്‍ സിദ്ധാന്തഭദ്രമായി എങ്ങനെ മികച്ച മാതൃകയാവാം എന്നതിനുള്ള ഉദാഹരണങ്ങളാണ്. സിദ്ധാന്തങ്ങളുടെ വിമോചനാത്മകവും സൗന്ദര്യാവബോധത്തെ പുതുക്കുന്നതുമായ വഴികളിലാവണം ഊന്നല്‍. ആ നിലയില്‍ അക്കാദമിക വഴി വളരെ പ്രധാനമാണ്. പാശ്ചാത്യ മാതൃകകളുടെയും അക്കാദമിക്‌സിന്റെയും അപചയം, അവിടത്തെ അക്കാദമികളുടെകൂടി അപചയമായിത്തീരുന്ന സമകാല സന്ദര്‍ഭത്തെ കാണാതിരിക്കയുമരുത്.
2 - എന്നാല്‍, നമ്മുടെ വിമര്‍ശനത്തിന്റെ സമകാലവുമായി ബന്ധപ്പെട്ട വിഷയം മറ്റൊരു നിലയില്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ കലാലയങ്ങളിലെ മുഴുവന്‍ സാഹിത്യാധ്യാപകരും നിരൂപകരാകാന്‍ വിധിക്കപ്പെട്ടവരാണ് എന്ന 'യാഥാര്‍ത്ഥ്യം' മുന്‍പില്‍ നില്‍ക്കുന്നു. പ്രൊമോഷനുവേണ്ട ലേഖനങ്ങളും അവതരണങ്ങളും കുറച്ചെളുപ്പത്തില്‍ പ്രാപ്തമാവുന്നത് സാഹിത്യത്തെക്കുറിച്ചുള്ള എഴുത്തിലൂടെയാണ്. എത്ര നിഷേധിച്ചാലും നിലനില്‍ക്കുന്ന അവസ്ഥയാണിത്. ഇതിനെന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല പറയുന്നത്. എന്നാല്‍ നോവലിലെയും കഥയിലെയും കവിതയിലെയും നാടകത്തിലെയും ഉള്ളടക്കം വീണ്ടും ആവര്‍ത്തിക്കുന്ന മട്ടിലുള്ള എഴുത്തുകള്‍ നിരൂപണം എന്ന പേരില്‍ തിക്കിനില്‍ക്കുന്നു. ഇതുതന്നെ ഇംഗ്ലീഷിലാക്കി ദേശീയ, അന്തര്‍ദേശീയ നാക് അക്രഡിറ്റഡ് ജേണലുകളില്‍ അവര്‍ പറയുന്ന തുക നല്‍കി പ്രസിദ്ധീകരിക്കുന്നു. ഈ കണക്കില്‍ പ്ലേസ്‌മെന്റും പുതിയ നിയമനങ്ങളും ലഭ്യമാവുന്നു. അധ്യാപകരുടെ പരസ്പര സഹായസംഘങ്ങള്‍ സെമിനാറുകളിലൂടെ സാഹിത്യ പഠനങ്ങള്‍ നടത്തുന്നു, പ്രസിദ്ധീകരിക്കുന്നു. നമ്മുടെ നിരൂപണത്തിന്റെ ഏറ്റവും പുതിയ ഒരു മുഖം ഇതാണ്, എണ്ണവും വണ്ണമുള്ള മുഖവുമാണിത്. എത്ര നിഷേധിച്ചാലും നമ്മുടെ നിരൂപണത്തിന്റെ സമകാല അക്കാദമിക യാഥാര്‍ത്ഥ്യമാണിത്. അടച്ചുള്ള ആക്ഷേപമല്ല ഇത് എന്നും സൂചിപ്പിക്കട്ടെ. എന്നിരിക്കിലും നമ്മുടെ എഴുത്ത് നമ്മെ മറയില്ലാതെ വെളിവാക്കുന്നുണ്ട്. മലയാളത്തില്‍, ഏറ്റവും വികസിച്ച ഒരു പഠന മേഖലയില്‍ ഇങ്ങനെയാണെങ്കില്‍ ഇതര പഠനവിഷയങ്ങളിലെ പ്രവണത കൂടുതല്‍ പ്രശ്‌നമായിരിക്കാനേ വഴിയുള്ളൂ. ഇവിടത്തെ വിഷയം സാഹിത്യ നിരൂപണമായതിനാല്‍ അതു മുന്‍നിര്‍ത്തിപ്പറഞ്ഞു എന്നുമാത്രം. എന്നാല്‍ ഇതിനെ അധ്യാപകരുടെ വിഷയം എന്ന നിലയില്‍നിന്ന് സിസ്റ്റത്തിന്റെ വിഷയമായിക്കൂടി കാണണം. ഇത്തരം അധ്യാപക ജീവിതത്തിന്റെ തുടര്‍ച്ചയിലാണ് മലയാള നിരൂപണത്തിന്റെ കാഴ്ചകള്‍ സ്ഥാനപ്പെട്ടു വരുന്നത് എന്നിടത്താണ് നിരൂപണം എന്ന സൂക്ഷ്മപ്രവൃത്തിക്കും സാഹിത്യം എന്ന വലിയ വ്യവഹാരത്തിനും അക്കാദമികളും അക്കാദമിക്കുകളുമായുള്ള ബന്ധത്തെ ഒരല്പം മാറിനിന്ന് നോക്കേണ്ടി വരുന്നത്; അതിന്റെ ഭാഗമായിരിക്കുമ്പോഴും.
എം.എന്‍.വിജയന്‍ | PHOTO: WIKI COMMONS
സിസ്റ്റം നമ്മെ വിമര്‍ശകരാകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ സ്ഥാനങ്ങളും ഉപകരണങ്ങളും ഭാഷയും സിസ്റ്റം നേരിട്ട് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ പരിധികളിലുള്ള ജ്ഞാനോത്പാദനമാണ് സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുന്ന അക്കാദമികളില്‍പോലും നടക്കുന്നത്. ക്രമീകരിക്കപ്പെട്ട സൗന്ദര്യാവബോധത്തിന്റെ വിതരണം അക്കാദമികളില്‍ നടക്കുന്നുണ്ട്. അത് പ്രധാനവുമാണ്. സിസ്റ്റം അതിന്റെതന്നെ വിമര്‍ശനത്തെ ഭാഷാ, മാനവിക വിഷയങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. കേരളത്തിലും ലോകത്തിലും നടക്കുന്ന ഏതൊരു കാര്യത്തിലും പ്രതികരിക്കുന്ന നമ്മുടെ അക്കാദമിക നിരൂപകര്‍, ഇപ്പോള്‍ സ്വന്തം തൊഴില്‍ മേഖല കത്തിയെരിയുന്ന ഘട്ടത്തില്‍ ഒരക്ഷരം ഉരിയാടാതെ പടിഞ്ഞാറോട്ടുതന്നെ നോക്കിയിരിക്കുന്നു. മരിച്ചുവീഴാന്‍ തുടങ്ങുമ്പോള്‍ ഒന്നു പിടയാതിരിക്കാന്‍പോലും മെരുക്കപ്പെട്ടവരായി ഇവര്‍ സ്വാസ്ഥ്യങ്ങളില്‍ തുടരുന്നു. ഈയൊരു മെരുക്കലിലൂടെയാണ് സാഹിത്യവും സാഹിത്യ നിരൂപണവും അധ്യാപനവും കടന്നുപോകുന്നത്. അതുകൊണ്ടു തന്നെയാണ് മുന്‍കൂട്ടി നിശ്ചയിച്ച ചില വിമര്‍ശന സ്ഥാനങ്ങളിലേക്ക് സാഹിത്യത്തെ ചേര്‍ത്തു നിര്‍ത്തി ഗണം തിരിക്കാനുള്ള പണിയായി വിമര്‍ശനം മാറിത്തീരുന്നത്. കോഴ്‌സ് ഔട്ട്കം എന്നത് കമ്പനി മൂല്യങ്ങളായിത്തീരുമ്പോള്‍ 'ചെമ്മീന്‍' വിമര്‍ശനത്തിന് കയറ്റുമതിമൂല്യത്തോട് ഐക്യപ്പെടാതിരിക്കാനാവില്ല. കയറ്റുമതിക്കും ഇറക്കുമതിക്കും വേണ്ടി പുലര്‍ത്തുന്ന ആ 'നിശബ്ദത വിമര്‍ശന'ത്തില്‍ മലയാള അക്കാദമിക മുഖ്യധാരാ വിമര്‍ശനത്തിന്റെ സമകാല രൂപഭാവങ്ങള്‍കൂടി ഉള്ളടങ്ങിയിട്ടുണ്ട്. ഇതേ യുക്തിയില്‍, സാഹിത്യത്തിന് വേതനം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമെന്ന പദവിയുമാണ്. സമകാല ഇന്ത്യന്‍ രാഷ്ട്രരൂപങ്ങളോട് അതിനിശിതമായി പ്രതികരിക്കുന്ന ഏറ്റവും പ്രധാന ഉറവിടമായി സാഹിത്യം നിലനില്‍ക്കുന്നുവെന്നതും ഇവിടെയോര്‍ക്കണം.
രാജശ്രീ ആര്‍
എല്ലാ മനുഷ്യരും ബുദ്ധിജീവികളാണെന്നത് ഒരു ഗ്രാംഷിയന്‍ നിരീക്ഷണമാണ്. പക്ഷേ എല്ലാവരും ആ ജോലി ചെയ്യുന്നില്ല. അതിന് തലമുറയായി നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് അദ്ധ്യാപകര്‍, പുരോഹിതര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പാരമ്പര്യബുദ്ധിജീവികള്‍. ഈ പാരമ്പര്യ ബൗദ്ധിക ജീവിതത്തിന്റെ ഭാരം ഏറ്റവുമധികം പേറുന്നത് അദ്ധ്യാപകരാണെന്നു പറയാം. സാഹിത്യത്തിന്റെയും സാഹിത്യ വിമര്‍ശനത്തിന്റെയും ഉത്തരവാദിത്തം അവരെ ഭാരമേല്പിക്കുന്നതിനെ സാധൂകരിക്കത്തക്കവിധം ഒരു പൊതുബോധം രൂപപ്പെടുന്നത് അങ്ങനെയാണ്. പെയിന്റ് തെറിച്ചുവീണ ഷര്‍ട്ടിട്ട ഒരു തൊഴിലാളി ജോലിക്കിടയിലെ ഇടവേളയില്‍ വന്ന് നോവലിലെ മിത്തുകളുടെയും പ്രതീകങ്ങളുടെയും പരസ്പര ബന്ധത്തെക്കുറിച്ചു സംസാരിക്കുന്നതു കേട്ട് അഹന്തവറ്റി നിന്നുപോയ ഒരു നേരനുഭവത്തിന്റെ വെളിച്ചത്തില്‍നിന്നു കൂടിയാണ് ഇതു പറയുന്നത്. വായന നല്കുന്ന കേവല സൗന്ദര്യാനുഭവത്തെക്കുറിച്ചുള്ള വ്യക്തിപരമായ തുറന്നു പറച്ചിലുകള്‍ക്കപ്പുറം ഇത്തരം ഇഴകീറിപ്പരിശോധനകള്‍ പ്രതീക്ഷിക്കാത്തതു കൊണ്ടാണ് അത്തരം ഞെട്ടലുകള്‍ ഉണ്ടാകുന്നത്. അത് നേരത്തെ സൂചിപ്പിച്ച പൊതുബോധത്തെ എഴുത്തുകാരും വായനക്കാരും ബോധപൂര്‍വമോ അല്ലാതെയോ പിന്‍പറ്റുന്നതു കൊണ്ടു കൂടിയാണ്. അറിവിന്റെ വൈകാരിക വശത്തെക്കുറിച്ചുള്ള സൂചനയും ഗ്രാംഷി നല്കുന്നുണ്ട്. ബുദ്ധിജീവികളുടെ അറിവും ജനങ്ങളുടെ സംസ്‌കാരവും ഇടകലരണമെന്ന താല്‍പര്യമാണത്. അങ്ങനെയല്ലാതെ വരുമ്പോള്‍ ബുദ്ധിജീവികള്‍ പുരോഹിതര്‍ക്കൊപ്പമായിപ്പോകുമെന്ന മുന്നറിയിപ്പുമുണ്ട്. സാഹിത്യ വിമര്‍ശനവുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തിലല്ല ഈ നിരീക്ഷണങ്ങളെങ്കിലും ഏറ്റവുമധികം യോജിക്കുന്നത് അതിനാണെന്നു തോന്നിപ്പോകും. സാഹിത്യ വിമര്‍ശനം അക്കാദമിക് ബുദ്ധിജീവിയുടെ ജോലിയായി മാറുമ്പോള്‍ അതിനു പുറത്തുള്ളവരുടെ ജീവിതവും വായനയും അനുഭവങ്ങളും രണ്ടാം കിടയായി മാറ്റി നിര്‍ത്തപ്പെട്ടേക്കാം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഭാഷയും ജീവിതവും സംസ്‌കാരവും പാരമ്പര്യ ബുദ്ധിജീവികളുടെ പരിഗണനയ്ക്ക് കാത്തു കഴിയേണ്ടതില്ല. അവതാരികകളും പഠനങ്ങളും വിമര്‍ശനക്കുറിപ്പുകളും ആസ്വാദനങ്ങളും പലപ്പോഴും സര്‍വകലാശാലകളുടെയും വിവിധതരം സ്‌കൂളുകളുടെയും ഉല്‍പന്നങ്ങളാണ്. അവ വായനകളെ സ്വാധീനിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്‌തേക്കാം. ജ്ഞാന നിര്‍മ്മിതിയുടെ ഭാഗമെന്ന നിലയില്‍ അത് അനിവാര്യമാകുന്ന ഒരു സാഹചര്യമുണ്ട്. അദ്ധ്യാപകര്‍ / വ്യാഖ്യാതാക്കള്‍ പൊതുബോധത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം അതിനൊരു സാധ്യതയുമുണ്ട്. പോലീസുകാര്‍ നിയമ വ്യവസ്ഥയ്‌ക്കെന്നതു പോലെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്ക് അദ്ധ്യാപകര്‍ കാവല്‍ നില്ക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും. സാഹിത്യം സ്വന്തം നിലയ്ക്ക് സ്വതന്ത്രമാണ്. ഴാനറുകള്‍ പുതുതായി ഉണ്ടാകുന്നു. അതിരുകള്‍ വേര്‍തിരിക്കാനാവാതെ വരുന്നു. എഴുത്തും വായനയും അതിവേഗം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നുണ്ട്. പരമ്പരാഗതത്വത്തിന്റെ ഭാരം അവ ഇറക്കിവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അധ്യാപകര്‍ സാഹിത്യ വിമര്‍ശകരിലെ 'അഭിജാത നിരൂപകരാ'വുന്ന കാലം കഴിഞ്ഞുവെന്നു പറയേണ്ടി വരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എഴുത്തും വായനയും സ്വതന്ത്ര ജീവിതങ്ങളാണ്, ബൗദ്ധികാധികാരങ്ങള്‍ കൊണ്ട് ഹൈജാക്ക് ചെയ്യപ്പെടാത്തിടത്തോളം.
അന്റോണിയോ ഗ്രാംഷി | PHOTO: WIKI COMMONS
എ.സി. ശ്രീഹരി
സാഹിത്യവിമര്‍ശനം വിമര്‍ശനാതീതമായ ഒരു സ്ഥാപനമല്ല. അധ്യാപകജീവിതത്തിന്റെ എല്ലാ സ്ഥാപനവത്കൃതസ്വഭാവവും സാഹിത്യവിമര്‍ശനത്തിനുമുണ്ട്. നമ്മള്‍ പലപ്പോഴും സാഹിത്യം എന്ന പരികല്പനയ്ക്ക് പുറത്തുനിര്‍ത്തുന്ന സംവര്‍ഗങ്ങളില്‍ ജനജീവിതം ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. അതിനാല്‍ സാഹിത്യപഠനങ്ങളേക്കാള്‍ സംസ്‌കാരപഠനങ്ങളാണ് സര്‍വകലാശാലകളില്‍ ഇപ്പോള്‍ നടക്കുന്നത് എന്ന് തോന്നുന്നു. സാഹിത്യപഠനം എല്ലാവര്‍ക്കും ഇടപെടാനാകാത്ത, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും പരിഗണിക്കാത്തവിധം വരേണ്യവും സവിശേഷവുമാണ് എന്നും സംസ്‌കാരം സാധാരണവുമാണ് എന്ന ചിന്തയാലാണിത് സംഭവിക്കുന്നത്.
അധ്യാപകനാവുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും മറ്റൊരളവില്‍ ഒരു സാഹിത്യവിമര്‍ശകനാകുന്നതിലുമുണ്ടാകാമെന്നര്‍ത്ഥം. ഭാഷയില്‍ പ്രവേശിക്കുന്നസമയംതന്നെ ഒരാള്‍ പലതരം നിയന്ത്രണങ്ങള്‍ക്കു വിധേയമാവുന്നുണ്ടല്ലോ. അതില്‍ ഒന്ന് ശ്രേഷ്ഠവും മറ്റേത് അധമവുമാകാനാവില്ല. ഒരു വിമര്‍ശകനും സ്വതന്ത്രനല്ല. അധ്യാപകന്റെ മേല്‍ പ്രത്യക്ഷത്തില്‍ത്തന്നെ ഭരണകൂടനിയന്ത്രണങ്ങളുണ്ടെങ്കില്‍ സാഹിത്യവിമര്‍ശകനില്‍ അത് പരോക്ഷമാണ് എന്നേ ഉള്ളൂ. രണ്ടുപേരും ഏകോദരസഹോദരങ്ങളാണ്.
നിരന്തരം സ്വയം അഴിച്ചുപണിയുകയാണ് ഇവര്‍ രണ്ടുപേരും ചെയ്യേണ്ടത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്ന് എന്ന നിലയില്‍ ഒരു സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകനാവാതെ സ്വയം അവിശ്വസിച്ചുകൊണ്ട് ആരോഗ്യമേഖലയിലെന്നപോലെ വളരെ കരുതലോടെ സൂക്ഷ്മമായി ഇടപെടേണ്ടുന്ന അത്യന്തം സങ്കീര്‍ണമായ ഒരു മേഖലതന്നെയാണിത്.
തുടരും...