TMJ
searchnav-menu
post-thumbnail

TMJ Art

ദേവാലയ ചുവര്‍ചിത്രങ്ങള്‍ സാംസ്‌കാരിക സമന്വയത്തിന്റെ അടയാളങ്ങള്‍

07 Oct 2023   |   7 min Read
റോയ് എം തോട്ടം

കേരളത്തിലെ ക്രൈസ്തവ ചിത്രകലാ പാരമ്പര്യം ദേവാലയങ്ങളിലെ ചുവര്‍ചിത്രങ്ങളുമായി ബന്ധപ്പെട്ടതാണ്. കേരള ക്രൈസ്തവ സംസ്‌കൃതിയുടെയും വിശ്വാസത്തിന്റെയും ഭാഗമായിട്ടുള്ള ഈ ചിത്രങ്ങള്‍ കൂടുതലും പഴയ ദേവാലയങ്ങളിലാണ് കാണപ്പെടുന്നത്. ഏതാണ്ട് 14-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍ പണികഴിപ്പിച്ച ഈ ദേവാലയങ്ങള്‍ കലാപരമായും ചരിത്രപരമായും വളരെ പ്രാധാന്യമുള്ളവയാണ്. ചുവര്‍ചിത്രങ്ങള്‍, ശില്പങ്ങള്‍, റിലീഫ്, കൊത്തുപണികള്‍, വാസ്തുശില്പം എന്നിവയാല്‍ സമ്പന്നമാണീ ദേവാലയങ്ങള്‍. ഇവയില്‍ പലതും നിര്‍ഭാഗ്യവശാല്‍ ഇന്ന് നിലവിലില്ല.

ചുവര്‍ചിത്രങ്ങള്‍ മതങ്ങളുടെ തണലിലാണ് വളര്‍ന്നതും പ്രചരിച്ചതും. പ്രധാനമായും ഹൈന്ദവക്ഷേത്രങ്ങളിലും പുരാതന ക്രൈസ്തവ ദേവാലയങ്ങളിലും രാജകൊട്ടാരങ്ങളിലുമാണ് ചുവര്‍ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ തനതായ അനുഷ്ഠാന പ്രധാനങ്ങളായ കളമെഴുത്ത്, കോലെഴുത്ത്, മുഖത്തെഴുത്ത് തുടങ്ങിയ കലാപാരമ്പര്യശ്രേണികളോട് അടുത്തബന്ധം പുലര്‍ത്തുന്നതാണ് ചുവര്‍ചിത്രമെഴുത്ത്. ദേവാലയ ചുവര്‍ചിത്രങ്ങളെ കേരളത്തിന്റെ തനതായ ചിത്രകലാ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കാം, മറ്റ് പല സ്വാധീനങ്ങളും അതില്‍ കലര്‍ന്നിട്ടുണ്ടെങ്കിലും. ചുവര്‍ചിത്രം ഒരു പൊതുകല (Public art) ആണ്. കാലാകാലങ്ങളായി പൊതുകാഴ്ചയ്ക്കായി ചുമരുകളില്‍ അതു നിലനില്‍ക്കുന്നു. ഒരു ജനതയുടെ സംസ്‌കൃതിയുടെ അടയാളം കൂടിയാണീ ചിത്രങ്ങള്‍. അതിപുരാതനകാലം മുതല്‍ ചുവര്‍ചിത്രങ്ങള്‍ മനുഷ്യസംസ്‌കൃതിയുടെ ഭാഗമായിരുന്നു. ഗുഹാമനുഷ്യരുടെ ചിത്രങ്ങള്‍ മുതല്‍ ഇന്ത്യയിലെ അജന്ത ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കലാവിഷ്‌കാരങ്ങള്‍, സാമൂഹികവും വൈകാരികവും ആത്മീയവുമായ മനുഷ്യഭാവങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രകടനങ്ങളാണ്. 


The Hell, St. Mary's Angamaly | Photo: Roy M. Thottam
പൊതുവെ കേരള ക്രൈസ്തവസമൂഹം കലകളില്‍ വൈദഗ്ദ്ധ്യമുള്ളവരായിരുന്നുന്നില്ല. എങ്കിലും, വിശ്വാസത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയിരുന്ന ആദിമക്രൈസ്തവ പാരമ്പര്യത്തെ കേരളത്തിലെ ദേവാലയങ്ങളും അനുകരിച്ചിരുന്നു. ക്രൈസ്തവ വിശ്വാസസംബന്ധമായ ഈ ചുവര്‍ചിത്രങ്ങള്‍ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസപോഷണത്തില്‍ കാതലായ പങ്കുവഹിച്ചിട്ടുണ്ട്. മിഷണറിമാരുടെ വരവോടെയാണ് ഇത്തരം ചിത്രങ്ങളും കലാരൂപങ്ങളും കേരള ക്രൈസ്തവ സംസ്‌കൃതിയിലേക്കു കടന്നുവരുന്നത്. കലാപരമായും ചരിത്രപരമായും പ്രാധാന്യമുള്ള നിരവധി ദേവാലയങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ കലയോടുള്ള താത്പര്യക്കുറവും നിസ്സംഗതയുമാവാം ഇത്തരം ചുവര്‍ചിത്രങ്ങളില്‍ ഭൂരിഭാഗവും നശിക്കപ്പെട്ടതിന് കാരണം. 

കേരളത്തിലെ ചുവര്‍ചിത്രങ്ങളുടെ ആലേഖനത്തിലും ആഖ്യാനത്തിലും പ്രത്യേകമായ ഒരു ശൈലി ആവിഷ്‌കരിച്ചിട്ടുണ്ട്. അവ ദ്രാവിഡ ചിത്രരചനാ രീതിയുടെ പിന്‍തുടര്‍ച്ചയാണ് എന്ന് കരുതപ്പെടുന്നു. വരകളുടെ കൃത്യത, വര്‍ണസങ്കലനം, അലങ്കാരങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്‌കാരത്തിലെ ശ്രദ്ധ ഇവ കേരളീയ ചുവര്‍ചിത്രങ്ങളുടെ പ്രത്യേകതയാണ്. മതാത്മകമായ പ്രമേയങ്ങളാണ് കേരളത്തിലെ ചുവര്‍ ചിത്രങ്ങളിലധികവും ചിത്രീകരിച്ചു കാണുന്നത്. ഭക്തിപ്രസ്ഥാനം ചുവര്‍ചിത്രകലയുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്.


Velur Chruch, Thrissur
ആദിമക്രൈസ്തവ - ഭാരതീയ ചുവര്‍ചിത്ര പാരമ്പര്യങ്ങളുമായി കേരള ദേവാലയ മ്യൂറല്‍ ചിത്രങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതാവുന്നതാണ്. കൂടാതെ, ബൈസന്റിയം, നവോത്ഥാന കലാശൈലി, ക്ഷേത്രചിത്രങ്ങള്‍ എന്നിവയുടെ സ്വാധീനവും ഈ ദേവാലയചിത്രങ്ങളില്‍ കാണാം. ക്രൈസ്തവ ദേവാലയങ്ങളിലെ ചിത്രങ്ങളെ പ്രതിനിധാനത്തിന്റെ ശക്തി (the power of representation) എന്ന് വിശേഷിപ്പിക്കാറുണ്ട്. ദൈവികമായ സാന്നിധ്യത്തെയും ശക്തിയെയും ചിത്രങ്ങളിലൂടെ അനുഭവിക്കാനാവും എന്നതാണ് ഇതിന്റെ അര്‍ത്ഥം. 

മനുഷ്യര്‍ വേട്ടയാടി ഗുഹകളില്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് ചിത്രകലയുടെ ചരിത്രം ആരംഭിക്കുന്നത്. ഗുഹാഭിത്തികളില്‍ തങ്ങളുടെ അനുഭവങ്ങളെയും, കാഴ്ചകളെയും ആശ്ചര്യങ്ങളെയുമൊക്കെ അവര്‍ കോറിയിട്ടു. ഇത്തരം ചരിത്രാതീത ഗുഹാചിത്രങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും കേരളത്തിലും ഇത്തരം ഗുഹാചിത്രങ്ങള്‍ ഉണ്ട്. ഏതാണ്ട് ബിസി രണ്ടാം നൂറ്റാണ്ടുമുതല്‍ എഡി ആറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായ അജന്താ ഗുഹകളിലെ ഭിത്തിചിത്രങ്ങളാണ് ഇന്ത്യയിലെ പ്രധാന മ്യൂറല്‍ പാരമ്പര്യം. ഇവയില്‍ കൂടുതലും ശ്രീബുദ്ധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എല്ലോറ, ബാദാമി, തഞ്ചാവൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രാചീന ഭാരതീയ ചുവര്‍ ചിത്രശൈലികള്‍ കാണാന്‍ കഴിയും. 

ആദ്യനൂറ്റാണ്ടുകളിലെ ഭൂഗര്‍ഭഅറകളിലെ (Catacombs) ചുവര്‍ചിത്രങ്ങളാണ് ക്രൈസ്തവ സംസ്‌കൃതിയുടെ ഭാഗമായ ആദിമ കലാവിഷ്‌കാരം. റോമിലും ചുറ്റുപാടുകളിലും ഇത്തരം നിരവധി ഭൂഗര്‍ഭ അറകള്‍ ഉണ്ട്. ഭൂമിക്കടിയില്‍ ബഹുനിലകളുള്ളതും ഏക്കറുകളോളം വിസ്തൃതിയിലുള്ളതുമായ ഈ ഭൂഗര്‍ഭ അറകള്‍ മനുഷ്യനിര്‍മിതിയുടെ ഒരു വിസ്മയമാണ്. മതപീഡനകാലത്ത് രക്തസാക്ഷികളായവരുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന ഈ അറകളിലെ ചുവരുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇവ അലങ്കാരത്തിനുവേണ്ടി വരയ്ക്കപ്പെട്ടതല്ലായിരുന്നു. പരേതാത്മാക്കളുടെ ആത്മരക്ഷയ്ക്കുവേണ്ടിയുള്ള ദൃശ്യരൂപത്തിലുള്ള പ്രാര്‍ത്ഥനകളായി ഈ ചിത്രങ്ങളെ കണക്കാക്കിയിരുന്നു, കൂടാതെ ദൈവവുമായി സ്ഥായിയായ ഒരു ബന്ധം ഈ ചിത്രങ്ങളിലൂടെ അവര്‍ സങ്കല്‍പ്പിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് പ്രധാനപ്പെട്ട ക്രൈസ്തവ ചിഹ്നങ്ങള്‍ രൂപപ്പെടുന്നത്. യേശുവിനെ പ്രതിനിധീകരിക്കുന്ന മത്സ്യം, പ്രാവ്, കുഞ്ഞാട്, അപ്പവും മീനും, നങ്കൂരം തുടങ്ങി ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്ന പ്രതീകങ്ങള്‍ കാറ്റകോം കലയുടെ കാലഘട്ടത്തില്‍ ഉണ്ടായതാണ്. മതപീഡനകാലത്ത് ഇവ ക്രൈസ്തവ കോഡുകളായി ഉപയോഗിക്കപ്പെട്ടിരുന്നു. 


Resurrection, St. Mary's Angamaly , Photo: Roy M. Thottam
അഞ്ചാം നൂറ്റാണ്ടു മുതല്‍ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി വളര്‍ന്ന ബൈസന്റിയന്‍ കലാശൈലി ക്രൈസ്തവ സമൂഹത്തിന്റെ ഔദ്യോഗിക കലാശൈലിയായി ഏതാണ്ട് 13-14 നൂറ്റാണ്ടുകള്‍ വരെ നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ദേവതാചിത്രങ്ങള്‍ (Icon art) വ്യാപകമാകുന്നത്. കേരള ക്ഷേത്രചുവര്‍ ചിത്രങ്ങളിലേതുപോലെ നിശ്ചിതമായ ആലേഖന ആഖ്യാന വ്യവസ്ഥകളും ചിട്ടകളും ബൈസന്റിയന്‍ കലാശൈലിയിലും ഉണ്ട്. ഇന്നും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ സമൂഹം ഇത്തരം ചിത്രങ്ങളാണ് ദേവാലയങ്ങളില്‍ ഉപയോഗിക്കുന്നത്. കാറ്റകോം ചിത്രങ്ങളുടെയും ബൈസന്റിയന്‍ ചിത്രരചനാശൈലികളുടെയും സ്വാധീനം കേരള ദേവാലയ ചിത്രങ്ങളില്‍ കാണാന്‍ കഴിയും.

വിദേശമിഷണറിമാരുടെ സ്വാധീനത്താല്‍ പാശ്ചാത്യകലാ ശൈലിയുടെ ചില പ്രത്യേകതകളും തദ്ദേശിയ ക്ഷേത്രചിത്ര ശൈലികളും ദേവാലയചിത്രങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. അതേസമയം, ദേവാലയ ചിത്രങ്ങള്‍ വരച്ചിരുന്നവര്‍ അവരുടെ ഭാവനയും സ്വാതന്ത്ര്യവും ഉപയോഗിച്ചിട്ടുണ്ട്. അവര്‍ ക്രൈസ്തവര്‍ മാത്രമാകാനിടയില്ല, ക്ഷേത്രങ്ങളില്‍ ചിത്രം വരച്ചിരുന്നവരും ഉണ്ടായിരുന്നിരിക്കണം. എന്നിരുന്നാലും ക്ഷേത്രങ്ങളിലേതുപോലെ 'താലവ്യവസ്ഥ' അനുസരിച്ചല്ല പള്ളികളിലെ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടത്. ശിശുകലകളുടെയും (Child Art) ഫോക്ക് ആര്‍ട്ടിന്റെയും ലാളിത്യവും സരളതയും ദേവാലയ ചിത്രങ്ങള്‍ക്കുണ്ട്. 

ഭാരതീയവും വൈദേശികവും ക്രൈസ്തവവുമായിട്ടുള്ള ഒരു സാംസ്‌കാരിക സങ്കലനമാണ് കേരളദേവാലയ ചിത്രങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് ചരിത്രപരമായും കലാപരമായും ഈ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത്. ഈ ചുവര്‍ചിത്രങ്ങളെ സാമുദായിക സൗഹാര്‍ദത്തിന്റെ സ്മാരകങ്ങളായും കണക്കാക്കാം. ഹൈന്ദവര്‍ ഉള്‍പ്പെടെയുളള പ്രാദേശിക കലാകാരന്മാര്‍ ഈ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്നു വരുമ്പോള്‍ അതിനര്‍ത്ഥം മതപരവും സാംസ്‌കാരികവുമായ സഹവര്‍ത്തിത്വം ഇവിടെ നിലനിന്നിരുന്നു എന്നാണ്. എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ പോലെയുള്ള പല പള്ളികളിലും ഹൈന്ദവ സംസ്‌കൃതിയുമായിട്ടുള്ള ബന്ധത്തിന്റെ സൂചനകള്‍ കാണാനാകും. ഓരോ ദേവാലയത്തിലെയും പഴയ ചുവര്‍ചിത്രങ്ങള്‍ ചരിത്രരേഖകളാണ്. ഓരോന്നിനും ഓരോ ചരിത്ര-നാടോടിക്കഥകള്‍ പറയാനുണ്ടാവും. 


Angel, woodcarving, Kottayam Chriapally | Photo Roy M. Thottam
യേശുവിന്റെ ജനനം, പീഢാസഹനം എന്നിവയാണ് മിക്കവാറും ചുവര്‍ചിത്രങ്ങളുടെ പ്രമേയം. കൂടാതെ സ്വര്‍ഗം, നരകം, പഴയനിയമ സംഭവങ്ങളും വ്യക്തികളും, കന്യകാമറിയം, വിശുദ്ധര്‍, ബലിയര്‍പ്പണം തുടങ്ങിയവയും ദേവാലയ ചിത്രങ്ങളുടെ ഇതിവൃത്തങ്ങളാണ്. നീലനിറമാണ് കൂടുതലായും ഈ ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. നീല സ്വര്‍ഗത്തിന്റെയും ആത്മീയതയുടെയും നിറമായിട്ടാണ് കരുതപ്പെടുന്നത്. ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളിലെ പ്രമുഖനിറം കാവിച്ചുവപ്പാണ്.

അങ്കമാലി, കാഞ്ഞൂര്‍, വേലൂര്‍, ഒല്ലൂര്‍, ചേപ്പാട്, കോട്ടയം, പാലിയക്കര, പഴഞ്ഞി തുടങ്ങിയ പഴയ പള്ളികള്‍ ചരിത്രപ്രാധാന്യമുള്ള ചുവര്‍ചിത്രങ്ങളാല്‍ സമ്പന്നമാണ്. ഇവയില്‍ കത്തോലിക്കാ ദേവാലയങ്ങളിലെ ചിത്രങ്ങള്‍ ഭാഗികമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്- യാക്കോബായ ദേവാലയങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും സംരക്ഷിച്ച് സൂക്ഷിക്കുന്നുണ്ട്. ഏറ്റവും വലിയ ദേവാലയ ചുവര്‍ചിത്രങ്ങളുള്ളത് അങ്കമാലി സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും രണ്ട് വലിയ ചിത്രങ്ങള്‍ അഭിമുഖമായി ഇരുവശങ്ങളിലെയും ചുവരുകളില്‍ കാണാം. ഈ ചിത്രങ്ങള്‍ ഹൈന്ദവ-ക്രൈസ്തവ നവോത്ഥാന കലാശൈലികള്‍ കൂടിചേര്‍ന്നതാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന ശ്രേണീബദ്ധമായ അടുക്കുകളും തലങ്ങളും പാശ്ചാത്യനവോത്ഥാന കലാപ്രത്യേകതകളാണ്. ഹിരോണിമസ് ബോഷ്, എല്‍ഗ്രെക്കോ തുടങ്ങിയ നവോത്ഥാനകാല കലാകൃത്തുക്കളുടെ ശൈലീസ്വാധീനവും ഈ ചിത്രങ്ങളിലുണ്ടെന്ന് കരുതുന്നു. ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി സന്മാര്‍ഗജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത പുരോഹിതന്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്ക് ബൈബിള്‍ വായന പ്രാപ്യമല്ലാതിരുന്ന കാലത്ത്, ഇത്തരം ചിത്രങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ പഠനത്തിനായി സഹായിച്ചിട്ടുള്ളത്. 

മനുഷ്യനെ മിഥ്യാബോധത്തില്‍ നിന്നുണര്‍ത്തി ഉദാത്തവും ഉന്നതവുമായ ചിന്തയിലേക്ക് നയിക്കണം എന്നതാണ് ഭാരതീയ കലയുടെ സങ്കല്പം. ക്രൈസ്തവകലയും ഇതു തന്നെയാണ് ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യന്റെ ഉദാത്തഭാവത്തെ നിലനിറുത്തുന്നതില്‍ കാലങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. മൂല്യവ്യവസ്ഥയില്‍ നിന്ന് മാര്‍ഗഭ്രംശം ഉണ്ടാകാതെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ കലകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 


Temptation at Paradise, St. Mary's Angamaly, Photo: Roy M. Thottam
അങ്കമാലി പള്ളിയില്‍ 'നരകം' ചിത്രീകരിച്ചിരിക്കുന്നത് ഒരു വ്യാളി (Dragon) യുടെ വായിലാണ്. ക്രൈസ്തവ വിശ്വാസത്തില്‍ വ്യാളി തിന്മയുടെ പ്രതീകമാണ്. 'വെളിപാടിന്റെ പുസ്തക'ത്തില്‍ സാത്താന്റെ പ്രതിരൂപമായിട്ടാണ് വ്യാളിയെ അവതരിപ്പിക്കുന്നത്. അവിടെ തന്നെയുള്ള മറ്റൊരു ചിത്രമായ പറുദീസയിലെ പ്രലോഭനത്തില്‍ ഹവ്വായെ പഴം കൊടുത്ത് പ്രലോഭിപ്പിക്കുന്നത് മരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു വ്യാളിയുടെ വായില്‍ നിന്നുവരുന്ന പിശാചാണ്. 'നരക'ചിത്രത്തിനു സമാനമായ ഒരു പാശ്ചാത്യ മാനുസ്‌ക്രിപ്റ്റ് ചിത്രമുണ്ട്. 'നരകത്തിന്റെ വായ' (The Mouth of the Hell) എന്ന ചിത്രം. ലെവിയാതന്‍ (Leviathan) എന്ന ഭീകരമത്സ്യത്തിന്റെ വായ്ക്കുള്ളിലാണ് നരകം ചിത്രീകരിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടിലെ ഈ ചിത്രത്തിന്റെ സ്വാധീനം അങ്കമാലിയിലെ നരകത്തിന്റെ ചിത്രത്തിലും ഉണ്ടെന്ന് കരുതാവുന്നതാണ്.

കത്തുന്ന തീനാളങ്ങളാണ് ചിത്രപശ്ചാത്തലത്തില്‍. ഏറ്റവും മുകളിലായി രൗദ്രമുഖഭാവമുള്ള ഒരു രൂപം, ചുവന്ന നാക്ക് നീട്ടി, തലയ്ക്കു ചുറ്റും ഒമ്പതു സര്‍പ്പങ്ങളും കൈയില്‍ ശൂലവുമായി നില്‍പ്പുണ്ട്. പിശാചുക്കളുടെ തലവനായ ലൂസിഫര്‍ ആയിരിക്കണം ആ രൂപം. കൈയില്‍ കിഴിയുള്ള ഒരുവനെ മടിയില്‍ താങ്ങിപ്പിടിച്ചിട്ടുണ്ട്, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസായിരിക്കണം അയാള്‍. ഭീകരജന്തുക്കള്‍, തേള്‍, പഴുതാര, ചിലന്തി, പാമ്പ്, ആന തുടങ്ങിയവ ദുഷ്ടാത്മാക്കളെ പലവിധത്തില്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ തിന്മപ്രവര്‍ത്തിക്കുമുള്ള ശിക്ഷ പഴയ മലയാളത്തില്‍ ചിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 'കന്യാവൃതത്തിനു വിരോധമായ ദുഷ്ടതയില്‍ വ്യാപരിച്ചതിനും പലരെയും ഉതപ്പിച്ചതിനും ഉള്ള ദുഷ്‌കര്‍മ്മങ്ങള്‍'. വാള്‍, മഴു, ചുറ്റിക, ഉളി, കൊടില്‍ തുടങ്ങിയ ഉപകരണങ്ങള്‍കൊണ്ട് പിശാചുക്കള്‍ മനുഷ്യാത്മാക്കളെ പീഡനത്തിനിരയാക്കുന്നതും കാണാം. നാടന്‍രീതിയിലുള്ള മറ്റ് പീഡനരംഗങ്ങളും ചിത്രത്തിലുണ്ട്. ഉദാഹരണമായി അറക്കവാള്‍കൊണ്ട് തടി അറക്കുന്നതുപോലെ ഒരുവനെ രണ്ടു പിശാചുക്കള്‍ അറുത്തുമുറിക്കുന്നു. പിശാചുക്കളുടെ സന്തോഷപ്രകടനങ്ങളും കാണാം. ഒരു പിശാച് മുത്തുക്കുട പിടിച്ചിരിക്കുന്നു; മറ്റൊരുവന്‍ മദ്ദളം കൊട്ടുന്നു. വേറൊരുവന്‍ കുഴലൂതുന്നു. കേരളക്രൈസ്തവ പാരമ്പര്യത്തില്‍ പ്രബലമായിരുന്ന നരകത്തെക്കുറിച്ചുള്ള മിത്തിന്റെ വിശദവും സുന്ദരവുമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചുവര്‍ചിത്രം. നരക ചിത്രത്തിനു നേരെ എതിര്‍വശത്തെ ചുവരിലാണ് സ്വര്‍ഗത്തിന്റെ ചിത്രം. സ്വര്‍ഗത്തെക്കുറിച്ചുള്ള പാരമ്പര്യവിശ്വാസത്തിന്റെ ആവിഷ്‌കാരമാണ് ഈ ചിത്രം. അന്ത്യവിധിയുടെ വിഷയമായിട്ടും ഈ ചിത്രത്തെ പരിഗണിക്കാം. ഏറ്റവും മുകളില്‍ പിതാവായ ദൈവം. അതിനു താഴെ ക്രിസ്തു. രണ്ടുവശത്തും പുണ്യാത്മാക്കള്‍. കന്യകാമറിയവും ജോസഫും ഉള്‍പ്പെടെ ഇതിനു താഴെയുള്ള തട്ടില്‍ മലാഖമാര്‍ കുഴല്‍, വയലിന്‍, തപ്പ് തുടങ്ങിയവ വിവിധങ്ങളായ സംഗീതോപകരണങ്ങള്‍ വായിക്കുന്നു. ഇതിനു താഴെ മലാഖമാരില്‍ പ്രധാനികളായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരെ കാണാം. ദൈവത്തിന്റെ സന്ദേശവാഹകനായ ഗബ്രിയേല്‍ ഒരു ഇരട്ടക്കുഴല്‍ ഊതുന്നു. സേനാനായകനായ മിഖായേല്‍ വാളുമായി നില്‍ക്കുന്നു. അംഗരക്ഷകനായ റാഫേല്‍ മാലാഖ കയ്യില്‍ ഒരു പൂക്കുലയുമായി നില്‍ക്കുന്നു. ഇതിനുതാഴെ വിശുദ്ധരായ ആള്‍ക്കാര്‍. ഏറ്റവും താഴത്തെ തട്ടില്‍ വലത്തും ഇടത്തും വശങ്ങളിലായി നല്ല ആത്മാക്കളും ദുഷ്ടാത്മാക്കളും ഉണ്ട്. ഇടതുവശത്തുള്ള ദുഷ്ടാത്മാക്കളെ നഗ്നരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തലയില്‍ കൈവെച്ച് അവര്‍ വിധിയെ പഴിക്കുന്നു. 


Passion scene, Kottayam Cheriapally | Photo Roy M. Thottam
ചിത്രം പല തട്ടുകളായിട്ടാണ് വരച്ചിരിക്കുന്നത്. ചെറിയ മേഘപാളികള്‍ ഒരുമിച്ച് ചേര്‍ത്തു വെച്ചാണ് ഓരോ തട്ടും വേര്‍തിരിച്ചിരിക്കുന്നത് സ്വര്‍ഗ്ഗ സാന്നിധ്യത്തെ സൂചിപ്പിക്കുവാന്‍ സാധാരണ ദേവാലയ ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന മോട്ടിഫാണ് മേഘം. അവസാനവിധിയുടെ ഒരു ചിത്രം കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളിയില്‍ കാണാം. ഈ ചിത്രത്തിന്റെ ഏറ്റവും അവസാനത്തെ തട്ടില്‍ മാലാഖയും സാത്താനും ഒരു മനുഷ്യാത്മാവിനെ നന്മതിന്മകളുടെ പുസ്തകം നോക്കി ത്രാസില്‍ അളക്കുന്ന രംഗമുണ്ട്. നാം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന എല്ലാ നന്മതിന്മ പ്രവര്‍ത്തികളും സ്വര്‍ഗത്തില്‍ രേഖപ്പെടുത്തുമെന്നും, അതു തുലനം ചെയ്തിട്ടാണ് ഒരാളുടെ അന്ത്യവിധി നടപ്പാക്കുകയെന്നുമുള്ളതാണ് ക്രൈസ്തവവിശ്വാസം. മരണശേഷവും തുടരുന്ന ജീവിതം നന്മതിന്മകളുടെ തോതനുസരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ ആകാം. 

ദേവാലയ ചിത്രങ്ങളില്‍ ഭൂരിഭാഗവും 'മദ് ബഹ' (വിശുദ്ധസ്ഥലം) യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അള്‍ത്താരയുടെ പശ്ചാത്തലത്തിലെ ചുവരിലും (റത്താള്‍) പ്രധാനപ്പെട്ട ചിത്രങ്ങള്‍ കാണാം. ഈ ചുവര്‍ചിത്രങ്ങള്‍ ബൈബിള്‍ വിഷയങ്ങളുടെ യഥാര്‍ത്ഥമായ ചിത്രീകരണമല്ല. വായ്‌മൊഴി പാരമ്പര്യവും, ഭാവനയും കൂട്ടിക്കലര്‍ത്തി ചിത്രീകരിക്കപ്പെട്ടതാണ്. ഉദാഹരണമായി അങ്കമാലിയിലെ മംഗളവാര്‍ത്താചിത്രത്തില്‍ മാലാഖ, ചുരുളുകളായ മേഘപാളിയിലാണ് പ്രത്യക്ഷനാകുന്നത്. മറിയത്തിനു മുമ്പിലുള്ള ചെറിയ മേശമേല്‍ ഒരു കത്രികയും മഷിക്കുപ്പിയും അതില്‍ ഒരു തൂവല്‍ പേനയും ഉണ്ട്. തിരുവല്ല പാലിയേക്കര പള്ളിയില്‍ പീഡാനുഭവവുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങള്‍ 'റത്താളി'ല്‍ കാണാം. കുരിശില്‍ കിടക്കുന്ന യേശുവിന്റെ കൈകളില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഒഴുകുന്ന രക്തം കുഞ്ഞുമാലാഖമാര്‍ കാസയില്‍ ശേഖരിക്കുന്നു. ഇത് ബൈസന്റിയന്‍ കലാശൈലിയില്‍ നിന്ന് വന്നതാണ്. 

കോട്ടയം ചെറിയ പള്ളിയിലെ ചുവര്‍ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആര്‍ജ്ജവത്വവും ലാളിത്യവുമുണ്ട്. കാലപ്പഴക്കംകൊണ്ട് ചിത്രങ്ങള്‍ മങ്ങിയിട്ടുണ്ടെങ്കിലും നാടന്‍ കലയുടെ ലാവണ്യം ഈ ചിത്രങ്ങളില്‍ കാണാം. മറ്റ് പള്ളികളിലെ ചുവര്‍ചിത്രങ്ങളെക്കാള്‍ ഫോക്ക് ആര്‍ടിന്റെ സവിശേഷതകള്‍ കൂടുതലായി കാണുന്നത് ഇവിടെയാണ്. കാവിച്ചുവപ്പും കറുപ്പും ഉള്‍പ്പെടെ പരിമിതമായ നിറങ്ങളെ ഈ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളൂ. പ്രതീകാത്മകതയും വരകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ശൈലിയുമാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. മദ്ബഹായുടെ ഇരുവശങ്ങളിലുമാണ് പീഡാനുഭവരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അവസാന അത്താഴം മുതല്‍ ഉയിര്‍പ്പുവരെയുള്ള രംഗങ്ങള്‍ പരസ്പര ബന്ധിതമായി ഒഴുക്കോടെ ചിത്രീകരിച്ചിരിക്കുന്നു. അപ്രധാന കഥാപാത്രങ്ങളെ ചെറുതാക്കി വരയ്ക്കുന്ന ബൈസന്റിയന്‍ (കേരള ചുവര്‍ചിത്ര ശൈലിയും) രീതിയും ഈ ചിത്രങ്ങളില്‍ കാണാം. യേശു കുരിശു ചുമക്കുന്ന ചിത്രത്തില്‍, കുരിശിന്റെ മുകളില്‍ ഒരു മനുഷ്യന്‍ കയറിയിരിക്കുന്നു. പ്രതീകാത്മകവും കലാകാരന്റെ ഭാവന വ്യക്തമാക്കുന്നതുമാണിത്. യേശു കുരിശിനോടൊപ്പം മനുഷ്യന്റെ പാപവും ചുമക്കുന്നു എന്നതാകാം ഇതിന്റെ അര്‍ത്ഥം. ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ ഒരു നൃത്തരീതിയിലാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. 


Flower and animal motifs, Kottayam Chriapally, Photo: Roy M. Thottam

യേശു കഴിഞ്ഞാല്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആരാധ്യവിഷയമാക്കുന്ന ദിവ്യവ്യക്തി കന്യകാമറിയമാണ്. മിക്ക ദേവാലയങ്ങളും കന്യകാമറിയത്തിന്റെ പേരിലുള്ളതാണ്. പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലാണ്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഐതീഹ്യങ്ങളും നിലവിലുണ്ട്, വല്ലാര്‍പാടത്തമ്മ, കൊരട്ടിമുത്തി എന്നിവ ഉദാഹരണങ്ങള്‍. മണര്‍ക്കാട്, കാഞ്ഞൂര്‍, അങ്കമാലി, കുറവിലങ്ങാട് കോട്ടയം ചെറിയ പള്ളി, കുടമാളൂര്‍ തുടങ്ങിയ പള്ളികളില്‍ കന്യകാമറിയത്തിന്റെ തിരുസ്വരൂപം അള്‍ത്താരയുടെ പ്രധാന ഭാഗത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ തിരുസ്വരൂപ ചിത്രങ്ങള്‍ക്ക് ദിവ്യശക്തി ഉള്ളതായും വിശ്വസിക്കപ്പെടുന്നു.

സാര്‍വത്രികമായി ഉപയോഗിക്കുന്ന മോട്ടീഫുകളായ പൂക്കളും വള്ളികളും ചുവര്‍ ചിത്രത്തോടൊപ്പം ഉപയോഗിച്ചിട്ടുണ്ട്. മുഗള്‍കലയിലും, ടിബറ്റന്‍ ചുവര്‍ചിത്രങ്ങളിലും മധുബാനി ഉള്‍പ്പെടെയുള്ള നാടന്‍ ചിത്രകലാ പാരമ്പര്യങ്ങളിലും അലങ്കാരപ്രധാനങ്ങളായ പൂക്കളും വള്ളികളും പ്രധാനഘടകമാണ്. അലങ്കാരഭംഗി വരുത്തുന്നതിനും ശൂന്യസ്ഥലം നികത്തുന്നതിനും ഈ മോട്ടീഫുകള്‍ ഉപയോഗിക്കുന്നു. ക്ഷേത്രചുവര്‍ ചിത്രങ്ങളില്‍ ഇവ ചിത്രങ്ങള്‍ക്കുള്ളിലാണ് കാണപ്പെടുന്നത്. തൃശൂര്‍ വേലൂരില്‍ അര്‍ണോസ് പാതിരി പണികഴിപ്പിച്ച പള്ളിയുടെ മദ്ബഹായുടെ മേല്‍ത്തട്ടില്‍ (തോറ) പൂക്കളുടെയും വള്ളികളുടെയും മനോഹരങ്ങളായ ഡിസൈനുകള്‍ ഉണ്ട്.

ഫോക്‌ലോറിന്റെ പ്രത്യേകതകളായ അജ്ഞാത കര്‍ത്തൃത്വവും പാഠഭേദങ്ങളും ദേവാലയ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയാണ്. ഒരു വിഷയം തന്നെ ഓരോ പള്ളിയിലും വ്യത്യസ്ത രീതിയിലാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആര് എപ്പോള്‍ ഈ ചിത്രങ്ങള്‍ വരച്ചു എന്നതിന് വ്യക്തമായ ചരിത്ര രേഖകളില്ല. പ്രകൃതിദത്തമായ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചത്. ചുമരിലെ പ്രതലം തയ്യാറാക്കിയിരുന്നതും വര്‍ണ്ണങ്ങള്‍ ഒരുക്കിയിരുന്നതും ചുവര്‍ ചിത്രകലയിലെ പാരമ്പര്യ അധിഷ്ഠിതമായ സാങ്കേതികവിദ്യകള്‍ അനുസരിച്ചായിരുന്നു. അക്കാലത്ത് ക്രൈസ്തവരും ഹൈന്ദവരും തമ്മില്‍ സാംസ്‌കാരികമായി വളരെ അടുത്ത ഇടപെടലുകള്‍ ഉണ്ടായിരുന്നു. കോട്ടയം ചെറിയ പള്ളിയിലെ ശീലാന്തിയിലുള്ള ഒരു മാലാഖയുടെ കൊത്തുരൂപം ഇതിന് ഉദാഹരണമാണ്. മാലാഖയുടെ മുഖവും കൈവിരലുകളും ഭാരതീയ ദേവീക്ഷേത്ര ദേവീദേവന്മാരെ അനുസ്മരിപ്പിക്കുന്നതാണ്. 

കേരളീയ ചുവര്‍ചിത്രങ്ങള്‍ക്ക് ചുരുങ്ങിയത് നാലു നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പഴയദേവാലയ ചുവര്‍ ചിത്രങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള അവബോധം കേരളക്രൈസ്തവ സമൂഹത്തിന് പ്രത്യേകിച്ച് കത്തോലിക്കാ സഭാ സമൂഹത്തിന് വേണ്ടത്ര ഇല്ലായെന്നതിന് തെളിവാണ് മിക്ക പഴയദേവാലയങ്ങളും അവയിലെ ചിത്രങ്ങളും ഇല്ലാതാക്കപ്പെട്ടത്. ചുവര്‍ ചിത്രങ്ങളുള്ള പഴയ പള്ളികളിലാണ് പ്രാര്‍ത്ഥനാന്തരീക്ഷം കൂടുതല്‍ ഉള്ളതെന്നാണ് പൊതുവെയുള്ള അനുഭവം. അലങ്കാരത്തേക്കാള്‍ അധികമായി ദിവ്യസാന്നിധ്യവും ആത്മീയാന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ ചുവര്‍ ചിത്രങ്ങള്‍ക്ക് വളരെയധികം പങ്കുണ്ട്.


#Art
Leave a comment