TMJ
searchnav-menu
post-thumbnail

Outlook

ഭീരുത്വത്തിന്റെ ഭാഷയായ ഭീകരവാദം 

28 Apr 2025   |   5 min Read
ആദർശ് എച്ച് എസ്

ഭീരുത്വത്തിന്റെ ഭാഷയാണ് തീവ്രവാദം. ആശയപരമായോ, നയപരമായോ, സൈനീകമായോ സ്വയം ആവിഷ്‌ക്കരിക്കാൻ കഴിയാതെ വരുന്നവരാണ് ഭീരുത്വത്തിന്റെ ഭാഷ സ്വീകരിക്കുന്നത്. പാകിസ്ഥാന്റെ ഇന്ത്യയോടുള്ള സമീപനം ഇതേ ഭീരുത്വത്തിൽ അധിഷ്ഠിതമാണ്. സൈനികമായ ഒരു യുദ്ധത്തിലും പാക്കിസ്ഥാന് ഇന്ത്യയെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പാകിസ്ഥാൻ മതരാഷ്ട്രത്തിന് ഊന്നൽ നൽകിയ കാലത്ത് ഇന്ത്യ ജനാധിപത്യ സംവിധാനങ്ങൾക്കും, അതിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന സൈന്യത്തിനും പ്രാധാന്യം നൽകിയത് കൊണ്ട് സംഭവിച്ചതാണ് അതെന്ന് പറയാം. സൈന്യമോ, മതമോ രാജ്യത്തെ നിയന്ത്രിക്കാൻ അനുവദിക്കാതിരുന്നതിൽ ജവഹർലാൽ നെഹ്‌റു എന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയുടെ പങ്ക് ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. 

ഇന്ത്യയുടെ സംസ്കാരത്തെ നിർവ്വചിച്ച നദിയാണ് സിന്ധു. സിന്ധു പല തവണ ഒഴുകിയിട്ടും പാകിസ്ഥാൻ ഭീകരവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിച്ചിട്ടില്ല. അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി തീവ്രവാദത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്ന് കുറ്റസമ്മതം നടത്തിയത് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ്. ആ തീവ്രവാദം ഇപ്പോൾ സിന്ധു നദി പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻ കാരണമായിരിക്കുകയാണ്. പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണം പാകിസ്ഥാൻ ഭീരുത്വത്തിന്റെ ആഴം നമ്മുക്ക് കാട്ടിത്തരുന്നതാണ്. സൈന്യത്തോട് ഏറ്റുമുട്ടാൻ കെൽപ്പില്ലാത്തത് കൊണ്ടാണ് അവർ വിനോദസഞ്ചാരികളായ പൗരന്മാർക്ക് നേരെ വെടിയുതിർത്തത്.

Pahalgam attack fallout: After diplomatic actions, range of retaliatory  options on govt's table | Political Pulse News - The Indian Expressപഹൽഗാം | PHOTO: WIKI COMMONS
പഹൽഗാമിൽ നഷ്ടപ്പെട്ട ഓരോ ജീവനും ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവുകളാണ്. ദേശീയതാ ബോധമുള്ള എല്ലാവരും ആ വേദന പങ്കുവയ്ക്കുന്നു. പക്ഷേ ദേശീയത എന്ത് വികാരത്താൽ നിർവ്വചിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. അപരവിദ്വേഷത്തിൽ നിന്നാണ് ദേശീയതയുടെ ഉത്ഭവമെങ്കിൽ, അത് നമ്മെ നയിക്കുക അന്ധകാരത്തിലേക്കാണെന്ന തിരിച്ചറിവുണ്ടാകണം. ഒന്നുമില്ലാതെ ഈ ഭൂമിയിൽ ജനിച്ചു വീണ മനുഷ്യരാണ് നാം. നമുക്ക് അവകാശങ്ങൾ നൽകിയതും, വിദ്യാഭ്യാസം നൽകിയതും, ആരോഗ്യസംവിധാനങ്ങൾ ഒരുക്കിയതും, അന്നം നൽകിയതും, ജീവന് സുരക്ഷയൊരുക്കിയതും ഈ രാഷ്ട്രമാണ്. ഇവിടുത്തെ ഭരണഘടനയാണ്. അതിന്റെ കവചത്തിലാണ് നാം സ്വന്തം കാലിൽ നിലയുറച്ച് നിൽക്കാൻ പ്രാപ്തരായത്. ആ അർത്ഥത്തിൽ തിരികെ ഈ രാഷ്ട്രത്തോട് നമ്മുക്കൊരു പ്രതിബദ്ധതയുണ്ടാകേണ്ടതുണ്ട്. കേവലം സാങ്കല്പിക അതിർത്തികൾക്കപ്പുറം ഇവിടുത്തെ മനുഷ്യരാണ് ഈ രാജ്യത്തെ നിലനിർത്തുന്നതെന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. ആ പൗരബോധത്തിൽ നിന്നുമുണ്ടാകുന്ന ദേശീയതയിലൂന്നിയാണ് ആധുനിക രാഷ്ട്ര സങ്കല്പം പോലും നിലനിൽക്കുന്നത്.

മറിച്ച് ദേശീയതയെ നിർവ്വചിക്കുന്നത് കേവലം വംശീയതയും അപരവിദ്വേഷവുമാണെങ്കിൽ അങ്ങനെയുള്ളവർക്ക് ജനാധിപത്യത്തിലേക്ക് ഇനിയും വണ്ടി കിട്ടിയിട്ടില്ലെന്ന് കരുതേണ്ടി വരും. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഓരോ വിവാദമുണ്ടാകുമ്പോഴും, വംശീയതയിലും അപര വിദ്വേഷത്തിലുമൂന്നിയ ദേശീയതയ്ക്കും പ്രചാരം ലഭിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭങ്ങളിൽ ഇത്തരം സമീപനം പിന്നിലേക്ക് നയിക്കുന്നത് രാഷ്ട്രത്തെ തന്നെയാണ്. പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ മതം നോക്കി മനുഷ്യരെ വേട്ടയാടിയിട്ടുണ്ടെങ്കിൽ അതിന്റെയർത്ഥം കശ്മീരിൽ അവർ വിതച്ച അശാന്തി രാജ്യമെങ്ങും വർഗ്ഗീയതയായി പ്രചരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നാണ്. വിഭജിച്ചു നിൽക്കുന്ന ഇന്ത്യയിൽ മാത്രമേ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുകയുള്ളൂ എന്നവർ കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

Pahalgam Terror Attack Highlights: India Suspends Indus Waters Treaty, Pak  Says 'Act Of War'REPRESENTATIVE IMAGE | WIKI COMMONS
തീവ്രവാദികളുടെ പദ്ധതികൾക്ക് ഊർജ്ജം നൽകും വിധമാണ് കേരളത്തിൽ ഉൾപ്പടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും തീവ്രവാദത്തിന് മതമുണ്ടെന്ന രീതിയിൽ മുസ്ലീം ന്യുനപക്ഷത്തിന് എതിരായി നടക്കുന്ന പ്രചാരണം. ഇന്ത്യ മരിച്ചാൽ പിന്നെ ആരാണ് ജീവിക്കുക എന്ന നെഹ്രുവിയൻ ചോദ്യത്തിന്റെ യുക്തി മനസിലാക്കാൻ കഴിയാത്തവരാണ് പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ പോലും വർഗ്ഗീയമായ ഒരു അവസരമായി കണ്ടെത്താൻ ശ്രമിക്കുന്നത്. ചേതൻ സിംഗ് എന്ന ഒരു ആർപിഎഫ് കോൺസ്റ്റബിൾ തീവണ്ടിയിലുണ്ടായിരുന്ന മുസ്ലീങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു വധിച്ചപ്പോൾ ആർക്കും ഹിംസയ്ക്ക് മതമുണ്ടെന്ന വാദമില്ലായിരുന്നു എന്നതും നാം വിസ്മരിക്കരുത്. ഇന്ത്യ എന്ന ആശയം നിലകൊള്ളുന്നത് ബഹുസ്വരതയിലും സഹോദര്യത്തിലുമാണ്. അവ മരിച്ചാൽ ഇന്ത്യയും മരിക്കും.

തീവ്രവാദി ആക്രമണം ഉണ്ടായപ്പോൾ ഏറ്റവും ധീരമായ പ്രവർത്തി ചെയ്തവരിലൊരാൾ സെയ്ദ് ആദിൽ ഹുസൈൻ എന്ന മനുഷ്യനാണ്. വിനോദ സഞ്ചാരികൾക്കിടയിൽ കുതിരസവാരി നടത്തി ഉപജീവനം കണ്ടെത്തുന്ന അയാൾക്ക് വേണമെങ്കിൽ തന്റെ കാശ്മീരി സ്വത്വത്തിന്റെയോ മത സ്വത്വത്തിന്റെയോ അടിസ്ഥാനത്തിൽ സുരക്ഷിതമായി കഴിയാമായിരുന്നു. എന്നാൽ തീവ്രവാദികളിൽ നിന്നും വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രയിക്കുന്നതിനിടയിൽ അയാൾക്ക് സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടി വന്നു. ദേശസ്നേഹത്തെ കുറിച്ച് ക്ളാസ്സെടുക്കുന്ന സംഘപരിവാർ ഹാൻഡിലുകൾ ആദിലിന്റെ ധീരതയെ കുറിച്ച് ഒരു വരി പോലും എഴുതാൻ തയ്യാറായിട്ടില്ല. ആദിലിനെ കണ്ടില്ലെന്ന് നടിക്കുന്നത് അവർ ഉദ്ദേശിക്കുന്ന രീതിയിൽ വർഗ്ഗീയ പ്രചാരണങ്ങൾക്ക് ആദിലിനെ പോലെയുള്ളവരുടെ ധീരത തടസമാകുന്നു എന്നുള്ളത് കൊണ്ടാണ്.

Places to Visit in Pahalgam in July – Things to Do in Pahalgam in JulyREPRESENTATIVE IMAGE | WIKI COMMONS
കാശ്മീരി ജനതയും സമാനതകളില്ലാത്ത സ്നേഹവും കരുതലുമാണ് തങ്ങളോട് കാണിച്ചതെന്ന് തീവ്രവാദികളിൽ നിന്നും രക്ഷപ്പെട്ടെത്തിയവർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ ഒട്ടനവധി മുസ്‌ലിം രാഷ്ട്രങ്ങളിൽ ഒന്ന് പോലും പാകിസ്ഥാനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഇതിൽ മതം കലർത്താൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം എന്താണ്? ഇത് മതത്തിന്റെ പ്രശ്നമാണെന്ന് സ്ഥാപിച്ചെടുത്തു നിലവിൽ ഇന്ത്യയെ അനുകൂലിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്ക് എതിരാക്കി മാറ്റണമോ? അതോ ഇതൊരു അവസരമായി കണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും അതുവഴി ഭൂരിപക്ഷവാദം ഉറപ്പിക്കാനുള്ള ശ്രമമോ?

പഹൽഗാമിലെ ആക്രമണത്തിന് പിന്നാലെ ബോളിവുഡിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ പെൻ സ്റ്റുഡിയോസ് അവരുടെ യൂട്യൂബ് ചാനലിൽ ശൗര്യ എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവയ്ക്കുകയുണ്ടായി. സിനിമയിലെ വില്ലനായ ബ്രിഗേഡിയർ രുദ്ര പ്രതാപ് സിംഗ് തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ മുഴുവൻ മുസ്ലീങ്ങളെയും കൊന്നൊടുക്കണമെന്ന് പറയുന്ന ഭാഗമാണ് അവർ പങ്കുവച്ചത്. ബ്രിഗേഡിയർ രുദ്ര പ്രതാപ് സിംഗ് ആയിരുന്നു ശരിയെന്ന് മനസിലാക്കുന്നതാണ് പക്വത എന്ന തലക്കെട്ടോടെയാണ് ആ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അത് ഉദ്ദേശം നിറവേറ്റിയിരുന്നു. ഗോധ്ര എങ്ങനെയാണോ ഗുജറാത്ത് കലാപത്തിനുള്ള കാരണമാക്കി മാറ്റിയത്, അതേ മാതൃകയിൽ പഹൽഗാം മറ്റൊരു കലാപത്തിനുള്ള അവസരമാക്കി മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിലേക്കായിരിക്കും രാജ്യം വഴുതി വീഴുന്നത്.

പഹൽഗാം അക്രമം നടന്നതിന്റെ ഫലമായി ഇന്ത്യയിൽ ഒരിടത്തും മുസ്ലീം ജനങ്ങൾക്ക് നേരെ അക്രമം നടന്നതായി റിപ്പോർട്ടുകൾ ഇല്ല. ചില ഒറ്റപ്പെട്ട കയ്യേറ്റങ്ങൾ കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ ചില സംസ്ഥാനങ്ങളിൽ നടന്നത് മാത്രമാണ് ഇതിന് ഒരു അപവാദം. ഇതിൽ നിന്നും മനസ്സിലാകുന്ന ഒരു കാര്യം ഇന്ത്യയിലെ സാധാരണ ജനങ്ങൾ പൊതുവെ വർഗീയമായ അതിക്രമങ്ങൾക്ക് മുതിരാറില്ല. അങ്ങനെ സംഭവിച്ച സ്ഥലങ്ങളിൽ എല്ലാം തൽപ്പരകക്ഷികൾ ബോധപൂർവം അക്രമം സംഘടിപ്പിക്കുകയായിരിന്നു. പഹൽഗാം സംഭവത്തിന്‌ ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ നടക്കുന്ന ഹിംസാത്മകമായ പ്രചരണങ്ങളുടെ രൂക്ഷത ഇത്ര തീവ്രമായിട്ടും, സാധാരണ ജനങ്ങളെ അത് ഒട്ടും ബാധിച്ചില്ല എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഭീകരപ്രവർത്തകരുടെ ഉദ്ദേശം നടക്കാതെ പോവുന്നത് സാധാരണ ജനങ്ങൾ ഇത്തരത്തിൽ  പുലർത്തുന്ന അവരുടെ നൈതികമായ ജാഗ്രത കൊണ്ടാണ്. പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് ശേഷം ഏറെ കഴിഞ്ഞിട്ടാകും കലാപങ്ങൾ ഉടലെടുക്കുന്നത്. അതും സാധാരണക്കാരന്റെ വൈകാരികതയിൽ നിന്നും ഉണ്ടാകുന്നത് ആയിരിക്കില്ല. സംഘടിതമായ ശ്രമത്തിന്റെ ഫലമായി ഉണ്ടാകുന്നതാകാം. ആയതിനാൽ ഇനിയും ഈ ജാഗ്രത തുടരേണ്ടത് അനിവാര്യതയാണ്.

Pahalgam Terror Attack: Pune Businessman Kaustubh Ganbote Among 26 Killed in KashmirREPRESENTATIVE IMAGE | WIKI COMMONS
ഇതിനിടയിൽ, സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതും രാജ്യത്തിന് തന്നെ അപകടമായി വന്ന് ഭവിക്കും. തിരുത്തലുകൾ ഉണ്ടായാൽ മാത്രമേ ഇനിയൊരു ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. ഇതേ വിമർശന സ്വാതന്ത്ര്യം ഉന്നയിച്ചാണ് മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. ഭീകരാക്രമണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കോൺഗ്രസ് രാജ്യസുരക്ഷയിൽ പരാജയപ്പെട്ടെന്നും, അതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് പത്രപരസ്യം നൽകിയവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ജനാധിപത്യ മര്യാദയുടെ പേരിൽ അന്നത്തെ പ്രതിരോധ മന്ത്രി തന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. മണിപ്പൂർ കത്തിയത് അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുന്ന രാജ്യത്താണ്, പശ്ചിമ ബംഗാളിലേക്ക് ബംഗ്ലാദേശികൾ നുഴഞ്ഞു കയറുന്നത് അമിത് ഷാ ആഭ്യന്തര വകുപ്പ് നയിക്കുമ്പോഴാണ്, ഇപ്പോൾ പാകിസ്ഥാനികൾ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതും അമിത് ഷായുടെ കണ്മുന്നിലാണ്. എന്നിട്ടും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്ത പൊതുബോധം തീർച്ചയായും കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നു.

നരേന്ദ്ര മോഡി 2014ൽ അധികാരത്തിൽ വന്നതിന് ശേഷം ചുരുങ്ങിയത് ഏഴ് തീവ്രവാദ ആക്രമണങ്ങൾ എങ്കിലും കാശ്മീരിൽ മാത്രം സംഭവിച്ചിട്ടുണ്ട്. ഇവയില്ലെല്ലാം കൂടി 120ലധികം ജീവനുകൾ നഷ്ടപ്പെട്ടു. ശേഷവും സുരക്ഷാവീഴ്ചയുണ്ടാകുന്നത് ഗൗരവകരമായി തന്നെ കാണേണ്ടതുണ്ട്. സൗദിയിലായിരുന്ന പ്രധാനമന്ത്രി മുൻകൂട്ടി നിശ്ചയിച്ച അവിടുത്തെ പരിപാടികൾ അവസാനിപ്പിച്ചാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. പക്ഷേ തീവ്രവാദ ആക്രമണത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് ആക്രമണം നടന്ന കാശ്‌മീരോ രാജ്യതലസ്ഥാനമായ ഡൽഹിയോ ആയിരുന്നില്ല. പകരം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറാണ്.തീവ്രവാദ ആക്രമണം നടന്നില്ലായിരുന്നെങ്കിൽ ഈ ദിവസങ്ങളിൽ വിദേശത്ത് ആയിരിക്കേണ്ട പ്രധാനമന്ത്രി തിരിച്ചെത്തിയ ഉടനെ സംസാരിക്കാൻ ബീഹാർ തിരഞ്ഞെടുത്തത് നിഷ്കളങ്കമല്ല. രാജ്യത്തിനും മുകളിൽ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് മുൻഗണന നൽകുന്നവർ മാത്രം സ്വീകരിക്കുന്ന വഴിയിലൂടെയാണ് അദ്ദേഹവും സഞ്ചരിച്ചതെന്നത് പരിതാപകരമാണ്. മണിപ്പൂർ കലാപമുണ്ടായി ഇക്കാലമത്രയും അവിടെ സന്ദർശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയിൽ നിന്നും ഇങ്ങനെയൊരു നടപടി ഒട്ടും അദ്‌ഭുതം സൃഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം.

പ്രധാന മന്ത്രി നരേന്ദ്ര മോഡി | PHOTO: WIKI COMMONS
സൈനീക വിന്യാസത്തിലെ കുറവ് സുരക്ഷാവീഴ്ചയ്ക്ക് കാരണമായി എന്ന് മുൻ സൈനിക മേധാവികളടക്കം അഭിപ്രായപ്പെട്ടപ്പോൾ സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞൊഴിയാനാണ് കേരളത്തിലെ ഉൾപ്പടെ ബിജെപി വക്താക്കൾ ശ്രമിച്ചത്. എങ്കിൽ അത്തരത്തിൽ ഉപയോഗിച്ച സാങ്കേതിക വിദ്യ എന്തുകൊണ്ട് തീവ്രവാദികളെ തിരിച്ചറിയുകയോ ആക്രമണത്തെ പ്രതിരോധിക്കുകയോ ചെയ്തില്ല എന്ന ചോദ്യത്തിന് അവർക്ക് ഇപ്പോഴും മറുപടിയില്ല. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആത്മാർത്ഥമായ ആശങ്ക ഉന്നയിക്കുന്നവരെ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് വാമൂടിക്കെട്ടാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.

നമ്മൾ ഒരു കാലത്തും ഇത്തരത്തിൽ അഭിപ്രായങ്ങളെ അടിച്ചമർത്തിയ ജനതയായിരുന്നില്ല. അമർത്യാ സെന്നിന്റെ ആർഗുമെന്റേറ്റീവ് ഇന്ത്യൻ എന്ന ഗ്രന്ഥമോ ഭിഖു പരേഖിന്റെ ഡിബേറ്റിങ് ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളോ വായിച്ചാൽ ഇന്ത്യയുടെ സംവാദ പാരമ്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതാണ്. അവിടെ നിന്നും അഭിപ്രായം പറയാൻ ഭയപ്പെടുന്ന ജനതയായി നാം മാറിയിരിക്കുന്നു എന്നത് ഖേദകരമായ അവസ്ഥായാണ്. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം പാകിസ്ഥാന് തിരിച്ചടി നൽകുക എന്നത് മാത്രമല്ല സർക്കാരിന്റെ ഉത്തരവാദിത്തം. അതിനോടൊപ്പം ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയെ കുറിച്ച് വിശദീകരിക്കാനും, ഇനി അത്തരമൊരു വീഴ്ചയുണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാനും സർക്കാർ ബാധ്യസ്ഥരാണ്.






#outlook
Leave a comment