തിരക്കിടാതെ, എവിടേക്കുമല്ലാതെ
എഴുത്തിന്റെ നിലനില്‍പ്പ് കാലത്തിന്റെ കൈകളിലാണിരിക്കുന്നത്. ഫേസ്ബുക്കില്‍ കവിതയുടെ പേരില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ കവിതയില്‍ നിന്ന് മാറി വ്യക്തികള്‍ തമ്മിലുള്ള അടിയായി മാറിപ്പോകുന്നുണ്ട് പലപ്പോഴും. കവിതയുടെ പേരില്‍ ആരോഗ്യകരമായ സംസാരങ്ങളും വിമര്‍ശനങ്ങളും നടക്കുന്നത് വളരെ അപൂര്‍വ്വമാണ് എന്നാണ് തോന്നിയിട്ടുള്ളത്.
കവി സെറീനയുമായി മിസ്‌രിയ ചന്ദ്രോത്ത് നടത്തിയ അഭിമുഖം.
അനുഭവങ്ങളുടെ വലിയ ലോകങ്ങള്‍ കവിതയ്ക്ക് കാരണമാകും എന്ന് പറയാറുണ്ട്. സെറീനയുടെ കവിതകള്‍ വായിക്കുമ്പോള്‍ അതില്‍ അനുഭവത്തിന്റെ ചൂട് അറിയുകയും ചെയ്യും. അനുഭവങ്ങളാണോ കവിതകള്‍ക്ക് കാരണമാകാറുള്ളത്?
തീര്‍ച്ചയായും അനുഭവങ്ങള്‍ തന്നെയാണ് കവിതയ്ക്ക് ഹേതുവാകുന്നത്. അത് സ്വന്തം അനുഭങ്ങള്‍ മാത്രമാകണം എന്നില്ല. ചുറ്റുപാടും കാണുന്ന മനുഷ്യരുടെ ജന്തുക്കളുടെ സസ്യങ്ങളുടെ പ്രപഞ്ചത്തിന്റെ തന്നെ വലുതും ചെറുതുമായ അനുഭവ ലോകം. ഒഴുക്കിനൊപ്പം ഉരഞ്ഞുരഞ്ഞു മിനുസമാകുന്ന ഒരു കല്ലിന്റെ പാകപ്പെടലിനെ ചില മനുഷ്യാവസ്ഥയുടെ അനുഭവ ലോകത്തോട് ചേര്‍ത്തു വെക്കുമ്പോള്‍ അതിലൊരു കവിതയുണ്ടാകുന്നു....ഇല്ലേ ? അങ്ങനെ സര്‍വ്വ ചരാചരങ്ങളുടെയും ജീവിതം കവിതയുടെ അനുഭവ ലോകമാണ്.
സെറീനയെ കവിതയില്‍ നിലനിര്‍ത്തുന്നതില്‍ പ്രകൃതിക്ക് ഉള്ള പങ്കെന്താണ്?
നിലനിര്‍ത്തുക എന്ന വാക്ക് തന്നെയും പ്രകൃതിയോട് ചേര്‍ന്നതല്ലേ. എന്റെ രണ്ടാമത്തെ പുസ്തകം ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് പ്രപഞ്ചത്തിനാണ്. വെയിലും മഴയും കാറ്റും കടലുമെല്ലാം കവിതയിലേക്കുള്ള വാതിലുകളാണ്. ഓടുന്ന തീവണ്ടിയിലിരുന്നു കാണുന്ന, കൊയ്ത്തു കഴിഞ്ഞ വലിയൊരു പാടത്തിനു നടുവില്‍ പൊരിവെയിലില്‍ തനിച്ചു നില്‍ക്കുന്ന ഒരു മരത്തിന്റെ കാഴ്ച പെട്ടെന്ന് മനസ്സിനെ മാറ്റി മറിക്കും. ജലമൊഴുകുന്നതിന്റെ ഒച്ച കവിതയാകും. പ്രകൃതിക്ക് അല്ലെങ്കില്‍ അതിലെ ഒരു പുല്‍ക്കൊടിക്ക് പറയാവുന്നതൊക്കെ തന്നെയാണ് ജീവിതം, എഴുത്തും.
ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ലാത്ത ഈ വഴിയില്‍ ഒട്ടും തിരക്കിടാതെ ഏറ്റവും പിന്നിലായി, എവിടേക്കുമല്ലാതെ നടക്കുന്നു എന്നെഴുതിയത് വായിച്ചിരുന്നു. അങ്ങനെ നടക്കാന്‍ സാധിക്കുന്നതാണോ ഈ കവിതാ വഴി. കവിതയില്‍ നിലനില്‍ക്കണമെങ്കില്‍ ഈ സഞ്ചാരം പ്രശനമാകും എന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെയും നടക്കാന്‍ സാധിക്കുന്നതാണ് ഈ വഴി എന്ന് എന്റെ എഴുത്തുജീവിതം കൊണ്ട്, എനിക്ക് പറയാന്‍ കഴിയും. സമകാലികരായ വളരെ നല്ല കവിതകള്‍ എഴുതുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളുടെ എഴുത്തുജീവിതം നോക്കിയും എനിക്കിത് പറയാനാകും. ആള്‍ക്കൂട്ട ബഹളങ്ങളുടെ ഞാന്‍ ഞാന്‍ വിളികള്‍ക്കിടയില്‍ ഒച്ച കേള്‍പ്പിക്കാതെ കവിത കൊണ്ട് മാത്രം കുറച്ചു മനുഷ്യരുടെ വായനയില്‍, ഓര്‍മ്മയില്‍ അടയാളപ്പെടുന്ന എഴുത്തുകാരുണ്ട്. വിപണിയുടേതായ ഒരു ലോകത്തു നിരന്തരം വളരെ കളര്‍ഫുളായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുക, അതിനോടൊപ്പം സ്വന്തം എഴുത്തിനെയും ചേര്‍ത്തു വെയ്ക്കുക എന്നത് ഒരു തന്ത്രമാണ്. അതൊരു തെറ്റാണ് എന്നല്ല എനിക്ക് സാധിക്കുന്നതല്ല എന്നേയുള്ളൂ. കവിതയില്‍ നില നില്‍ക്കുക എന്നത് അത്ര വലിയ കാര്യമാണോ ? എഴുത്തില്‍ കവിതയില്ലെങ്കിലും കവിയെന്ന പേരില്‍ അറിയപ്പെടാന്‍ സാദ്ധ്യതകള്‍ ഉള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ അത് വെറും താല്‍ക്കാലികം മാത്രമാണ്. ഒരിക്കലും കണ്ടിട്ടോ മിണ്ടിയിട്ടൊ ഇല്ലാത്ത നമ്മള്‍ ആരെന്നോ എന്തെന്നോ അറിയാത്ത ഒരാള്‍ എവിടെയോ ഇരുന്ന് നമ്മളെ വായിക്കുകയും അതോര്‍ത്തു വെയ്ക്കുകയും ചെയ്യുന്നതാണ് കവി എന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പ്. അല്ലാതെയുള്ള കൂട്ടുകൃഷിയോ അതിലൂടെ കിട്ടുന്ന പുറം ചൊറിയാലോ സ്റ്റേജിലിരുത്തമോ അല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സെറീന | PHOTO: WIKI COMMONS
8 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ പുസ്തകം ഇറങ്ങിയത്. പുസ്തകം ഇറക്കുന്ന കാര്യത്തില്‍ ഇത്രയും വലിയ ഒരിടവേള എടുക്കാന്‍ കാരണമെന്താണ്?
അതേ എട്ടു വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ പുസ്തകം വരുന്നത്. ഏറ്റവും അടുത്ത ചില സുഹൃത്തുക്കളുടെ നിരന്തരമായ ഓര്‍മ്മിപ്പിക്കലും നിര്‍ബന്ധവും ഇല്ലെങ്കില്‍ ഈ പുസ്തകം ഇപ്പോഴും ഇറങ്ങില്ല. ആദ്യത്തെ പുസ്തകം വരുമ്പോള്‍ പുസ്തകം എന്നൊരു കൗതുകം ഉള്ളിലുണ്ടായിരുന്നു. കവിതയെഴുതുക അത് നന്നായി വായിക്കപ്പെടുക, ആരെങ്കിലുമൊക്കെ നല്ലത് പറയുക എന്നതൊക്കെ എന്നെയും സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് പക്ഷെ എന്തുകൊണ്ടോ ഒരു മത്സര ബുദ്ധിയോ ആവേശമോ തോന്നാറില്ല, പൊതുവെയുള്ള അലസതയുടെ ഭാഗമാവാം.
ഷഹബാസ് അമന്റെ ഒരാല്‍ബത്തില്‍ ഗസല്‍ എഴുതിയിട്ടുണ്ടല്ലോ. ആ വഴിയിലേക്ക് എത്തിയത് എങ്ങനെയാണ്.
ഒരിക്കല്‍ മാത്രം കിട്ടിയ ഒരു ഭാഗ്യമാണത്. ഷഹബാസ് അമന്റെ അലകള്‍ക്ക് എന്ന ആല്‍ബത്തില്‍ മാധവിക്കുട്ടി, സച്ചിദാനന്ദന്‍, റഫീഖ് അഹമ്മദ് തുടങ്ങി പ്രഗത്ഭരായ കവികള്‍ക്കൊപ്പം കിട്ടിയ ഇടം. ഒട്ടുമുറങ്ങാത്ത കണ്ണേ കടല്‍ എന്ന ആ പാട്ട് ഇപ്പോഴും ഓര്‍ത്തു വെച്ച് ആരെങ്കിലുമൊക്കെ ചോദിക്കുമ്പോള്‍ അത്ഭുതവും സന്തോഷവും തോന്നാറുണ്ട്.
ഒരു കവി എന്ന നിലയില്‍ സമകാലിക മലയാള കവിതയിലെ വൈവിധ്യങ്ങളെയും അതിലെ പ്രശ്നങ്ങളേയും എങ്ങനെയാണ് കാണുന്നത്.
സമകാലിക മലയാള കവിതയിലെ വൈവിധ്യങ്ങളെ വളരെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍. കവിതയ്ക്ക് ഇത്രയും ആശാവഹമായ സ്വീകാര്യത കിട്ടിയ ഒരു കാലം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഓണ്‍ലൈന്‍ മീഡിയ വഴി ധാരാളമായി കവിതകള്‍ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു, അതേസമയം തന്നെ ധാരാളമായി കവിതാ പുസ്തകങ്ങള്‍ അച്ചടിക്കപ്പെടുന്നു. പ്രമുഖ പ്രിന്റ് മാധ്യമങ്ങള്‍, പ്രസാധകര്‍ ഒക്കെ ധാരാളമായി കവിതകള്‍ പ്രസിദ്ധീകരിക്കുകയും കവിതാ പുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുന്നു. അരികുവല്‍ക്കരിക്കപ്പെട്ടിരുന്ന, ജീവിതങ്ങളെല്ലാം കവിതയില്‍ സ്വന്തം പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ട് സമകാലിക മലയാള കവിതയുടെ വൈവിധ്യത്തിന് ആഴവും പരപ്പുമേകുന്നു. അതിലെ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്, ചര്‍ച്ച ചെയ്തും തര്‍ക്കിച്ചും വഴക്കിട്ടുമൊക്കെ കവിത പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ട്. ഇതില്‍ ആരോഗ്യകരമല്ലാത്ത പലതും സംഭവിക്കുന്നുമുണ്ട്.
കവിതയെഴുത്തിലെ പ്രമേയവും ഭാഷാ രീതിയും ബന്ധപ്പെട്ടു കിടക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഇല്ല. ഏറ്റവും പുതിയ കാലത്തിന്റെ കവിതകള്‍ ആധുനിക കവിതയുടേതല്ലാത്ത ഭാഷാ രീതിയില്‍ എഴുതുന്ന ശ്രദ്ധേയരായ കവികളുണ്ട്. തിരിച്ചും. പെട്ടന്ന് ഓര്‍മ്മ വരുന്ന ഏറ്റവും പുതിയ ഉദാഹരണം ഷീജാ വക്കത്തിന്റെ വൃത്തത്തിലും താളത്തിലും എഴുതപ്പെടുന്ന കവിതകളാണ്. എനിക്ക് വലിയ ഇഷ്ടമുള്ള കവിതകളാണ് ഷീജയുടെ. പ്രമേയപരമായി ഏറ്റവും നൂതനവുമാണ് അവ.
കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്/വയാനക്കാര്‍ക്ക് എപ്പോഴും കാലത്തെ അതിജീവിച്ച് പുതുമയില്‍ നിലനില്‍ക്കുന്ന ചില കവികള്‍ അല്ലെങ്കില്‍ കവിതകള്‍ ഉണ്ടാവും. സെറീനയ്ക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുള്ള എഴുത്തുകാരോ, കവിതകളോ ഉണ്ടോ?
എന്റെ ആസ്വാദനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അല്ലെങ്കില്‍ എനിക്ക് ഗംഭീരമെന്നു തോന്നിയവ കാലത്തെ അതിജീവിക്കുമെന്ന് പറയാന്‍ ഞാനാളല്ല. എങ്കിലും ഇന്ന് എഴുതുന്നവരില്‍ ചിത്ര കെ പി, പി എന്‍ ഗോപികൃഷ്ണന്‍, സ്റ്റാലിന, ആശാലത, രേഷ്മ സി, ചിത്തിര കുസുമന്‍, നിരഞ്ജന്‍, ടിപി അനില്‍കുമാര്‍, വിഷ്ണു പ്രസാദ്, സിന്ധു കെ വി തുടങ്ങി ഇഷ്ടപ്പെട്ട നിരവധി കവികളുണ്ട്. തീര്‍ച്ചയായും മൂര്‍ച്ചയുള്ള സ്ത്രീ എഴുത്തുകള്‍ ധാരാളമായി സംഭവിക്കുന്നു എന്നതാണ് ഞാന്‍ ഏറെ സന്തോഷത്തോടെ കാണുന്ന ഒരു കാര്യം. കവിത മാത്രമല്ല കാവ്യ നിരൂപണത്തിലും ഈ മുന്നേറ്റം സംഭവിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത് കൊണ്ടുണ്ടാവുന്ന ഗുണവശങ്ങളും ദോഷവശങ്ങളും എന്തൊക്കെയാണ്, നിലവില്‍ ഫേസ്ബുക്കിലടക്കം വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയം കൂടിയാണല്ലോ.
സോഷ്യല്‍ മീഡിയയിലൂടെ വന്ന കവി എന്ന ഒരു ലേബല്‍ എനിക്ക് മേല്‍ എങ്ങനെയോ വീണിട്ടുണ്ട്. കോളേജ് കാലം മുതല്‍ എഴുതുകയും പ്രിന്റ് മീഡിയയില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ബ്ലോഗ് കാലം ആണ് എന്റെ കവിതകളെ കൂടുതല്‍ വ്യക്തതയോടെ അടയാളപ്പെടുത്തിയത് എന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത് സ്വയം പ്രകാശനത്തിന്റെയും പരീക്ഷണങ്ങളുടെയും അനന്ത സാദ്ധ്യതകള്‍ തുറന്നിടുമ്പോള്‍ തന്നെ ചിലപ്പോള്‍ നമ്മള്‍ എഴുതിയ വരികള്‍ മറ്റൊരാളുടെ പേര് വെച്ച് നമുക്ക് തന്നെ അയച്ചു കിട്ടും എന്നത് പോലുള്ള ചില പ്രശ്നങ്ങള്‍ ഉണ്ട്. മാത്രമല്ല അലസമായി വായിക്കപ്പെടുകയും വലിയ സാഹിത്യ മൂല്യമൊന്നും ഇല്ലാത്തവ പോലും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അക്ഷരങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ എഴുതപ്പെട്ടതിന് മറ്റൊരു മാനം നല്‍കുന്നു. ഭംഗിയുള്ളൊരു സെല്‍ഫിയോടൊപ്പം ചേര്‍ക്കുന്ന കവിതയ്ക്ക് കിട്ടുന്ന സ്വീകാര്യത പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. ഗംഭീരമായ ചില എഴുത്തുകള്‍ ശുഷ്‌ക്കമായ വായനയാല്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്തേക്കാം. എന്നാല്‍ ആത്യന്തികമായി എഴുത്തിന്റെ നിലനില്‍പ്പ് ഇതിലൊന്നുമല്ല എന്നതാണ് വസ്തുത. അത് കാലത്തിന്റെ കൈകളിലാണിരിക്കുന്നത്. ഫേസ്ബുക്കില്‍ കവിതയുടെ പേരില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ കവിതയില്‍ നിന്ന് മാറി വ്യക്തികള്‍ തമ്മിലുള്ള അടിയായി മാറിപ്പോകുന്നുണ്ട് പലപ്പോഴും. കവിതയുടെ പേരില്‍ ആരോഗ്യകരമായ സംസാരങ്ങളും വിമര്‍ശനങ്ങളും നടക്കുന്നത് വളരെ അപൂര്‍വ്വമാണ് എന്നാണ് തോന്നിയിട്ടുള്ളത്.
ഒരു സ്ത്രീ ആയതുകൊണ്ട് മലയാള സാഹിത്യ ലോകത്ത് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? അതുപോലെ കവിതയില്‍ സ്ത്രീകളെ പ്രതിനിധീകരിക്കുന്നത് സ്ഥിരം ചില ആളുകള്‍ ആണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു വരാറുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ?
ഞാന്‍ എന്ന വ്യക്തി അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ സത്യമായും എനിക്കൊരു അഭിപ്രായം പറയാനാവില്ല, പരിഗണിക്കപ്പെടാന്‍ എവിടെയും ചെന്നു നിന്നിട്ടില്ല. അയച്ച കവിതകള്‍ മടങ്ങി വന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. വല്ലപ്പോഴും എഴുതുന്നു എന്നതൊഴിച്ചാല്‍ അത് മാര്‍ക്കറ്റ് ചെയ്യാനോ ഗ്രൂപ്പുകളില്‍ ചേരാനോ കഴിയാറില്ല, അത് മോശമാണ് എന്നല്ല, എന്റെ സ്വഭാവത്തിന്റെ രീതിയാണ്. ഇഷ്ടത്തോടെ ചേര്‍ന്ന ഒരേയൊരു ഗ്രൂപ്പ് പോയട്രിയ എന്ന മലയാളി പെണ്‍കവികളുടെ കൂട്ടായ്മ ആണ്. അതില്‍ പോലും ഏറ്റവും മോശം പങ്കാളിത്തം ഉള്ള ആളാണ് ഞാന്‍. സൗഹൃദങ്ങളില്‍ പോലും പരാജയപ്പെട്ട ഒരാളാണ്... പലപ്പോഴും പലയിടങ്ങളിലും പല പരിപാടികളിലും കവികള്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നന്നായി എഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ പേര് അവിടെ കാണാതാവുന്നത് യാദൃശ്ചികമോ നിഷ്‌കളങ്കമോ അല്ലെന്ന് അറിയാം.