TMJ
searchnav-menu
post-thumbnail

Outlook

തലശ്ശേരി കലാപം: ആർഎസ്എസ്സിനെ കുറ്റമുക്തമാക്കുന്ന കെ എം ഷാജിയുടെ കർസേവ

30 Jan 2026   |   7 min Read
കെ ടി കുഞ്ഞിക്കണ്ണൻ

കെ എം ഷാജിയെ പോലുള്ള മുസ്ലിം ലീഗിലെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധർ  ആർ എസ് എസിന് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന കർസേവയുടെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരി കലാപത്തെ സംബന്ധിച്ച് നടത്തിയ അങ്ങേയറ്റം ക്ഷുദ്രവികാരമുണർത്തുന്ന പ്രസംഗം. സിപി ഐ എം നെയും പിണറായി വിജയനെയും മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുന്നതിനും സി പി ഐ എം മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന ആഖ്യാന നിർമ്മിതിയുടെ ഭാഗമായുമുള്ള നീച നീക്കങ്ങളാണ് ചരിത്രത്തെയും വസ്തുതകളെയും നിഷേധിക്കുന്ന നട്ടാൽ മുളയ്ക്കാത്ത നുണകൾ തട്ടി വിട്ട് ഒന്നിനുപിറകെ ഒന്നായി യു.ഡി.എഫ് നേതാക്കൾ സി.പി.ഐ(എം)നും ഇടതുപക്ഷസർക്കാരിനുമെതിരായി നടത്തിക്കൊണ്ടിരിക്കുന്നത്. മലബാറിൽ മുസ്ലീം ന്യൂനപക്ഷസമൂഹത്തെ ഇടതുപക്ഷത്തിനെതിരായി തിരിച്ചുവിടാനുള്ള ഗൂഢാലോചനാപരമായ നീക്കമാണ് തീവ്രവർഗീയശക്തികളുമായി ചേർന്ന് ലീഗ് നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

തലശ്ശേരി കലാപത്തിന്റെ ആസൂത്രകൻ സ:പിണറായി വിജയനാണെന്നും പിണറായി വിജയന്റെ സഹോദരൻ കുമാരന് പിണറായിയിലെ പാറപ്പുറത്തെ പള്ളിപൊളിക്കുന്നതിൽ പങ്കുണ്ടായിരുന്നുവെന്ന് അധിക്ഷേപിച്ചുകൊണ്ട് കെ.എം.ഷാജി നടത്തിയ പ്രസംഗത്തെ ചരിത്രബോധമുള്ളവരെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ ഒരു സംശയവുമില്ല. തന്റെ വാദങ്ങൾ സ്ഥാപിക്കാൻവേണ്ടി ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെയൊക്കെ ഉണ്ടെന്നാണ് വർഗീയവാദിയായ ഷാജി തട്ടി വിട്ടത്. എന്താണ് വസ്തുത? വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിന്റെ 117 പേജുകളിൽ ഒരിടത്തും പിണറായി വിജയനാണ് തലശ്ശേരി കലാപത്തിന്റെ ആസൂത്രകനെന്ന ഒരു പരാമർശവും ഇല്ലെന്നു മാത്രമല്ല കലാപകാലത്ത് ഇരുവിഭാഗത്തിലുംപെട്ട ജനങ്ങളെ സമാധാനത്തിലേക്ക് കൊണ്ടുവരുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചത് സി.പി.ഐ(എം)ഉം അന്നത്തെ കൂത്ത്പറമ്പ് എം.എൽ.എയായിരുന്ന പിണറായി വിജയനുമായിരുന്നുവെന്നാണ് കമ്മീഷൻ റിപ്പോർട്ട് നിരീക്ഷിക്കുന്നത്. 

കെ എം ഷാജി | PHOTO : WIKI COMMONS
നുണകൾ പറഞ്ഞ് ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.ഐ(എം) വിരുദ്ധത പടർത്താനുള്ള മുസ്ലീംലീഗ് നേതാക്കളുടെ വർഗീയനീക്കങ്ങളെ മുസ്ലീം മതവിശ്വാസികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുംപെട്ട മതനിരപേക്ഷവാദികൾ ഒന്നിച്ചുനിന്ന് പ്രതിരോധിക്കേണ്ടതുണ്ട്. തലശ്ശേരി കലാപം ആസൂത്രണം ചെയ്തതും അതിനായി ബോധപൂർവ്വം സംഘർഷങ്ങളുണ്ടാക്കിയതും ആർ.എസ്.എസും ജനസംഘവുമായിരുന്നുവെന്നകാര്യം ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ അസന്ദിഗ്ധമായ ഭാഷയിൽ എഴുതിവെച്ചിട്ടുണ്ട്. എന്നുമാത്രമല്ല ജനസംഘവും മുസ്ലീംലീഗും അല്ലാതെ കലാപത്തിൽ മറ്റൊരു പാർടിക്കും പങ്കുള്ളതായി കമ്മീഷൻ കണ്ടെത്തിയിട്ടുമില്ല. ഐക്യമുന്നണി സർക്കാർ ഭരിക്കുന്ന സമയത്താണ്, സാക്ഷാൽ കെ.കരുണാകരൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ് ആർ.എസ്.എസ് ആസൂത്രണത്തിൽ തലശ്ശേരിയിൽ വർഗീയ കലാപമുണ്ടായത്. ആർ.എസ്.എസിനെ രക്ഷിക്കാൻവേണ്ടി കരുണാകരനും കോൺഗ്രസുമാണ് കലാപത്തിൽ സി.പി.ഐ(എം) ന് പങ്കുണ്ടെന്ന കള്ളക്കഥ തുടർച്ചയായി പ്രചരിപ്പിച്ചത്. സി.പി.ഐ(എം) നെതിരെയും കലാപകാലത്ത് മെരുവമ്പായി പള്ളിക്ക് കാവൽ നിന്ന രക്തസാക്ഷിയായ സ:യു.കെ.കുഞ്ഞിരാമനെതിരെയും സംസ്ഥാനവ്യാപകമായി ലീഗും കോൺഗ്രസും വ്യാപകമായി നുണക്കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്.

1996 ലെ തലശ്ശേരി ഉപതെരഞ്ഞെടുപ്പ് കാലത്താണ് തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ്-മുസ്ലിം ലീഗ് സഖ്യം ആദ്യമായി സംസ്ഥാന വ്യാപകമായി സിപിഐഎമ്മിനെതിരെ കലാപത്തെ പറ്റിയുള്ള പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചത്. തലശ്ശേരി കലാപത്തിൽ കൊല്ലപ്പെട്ട ഏക വ്യക്തിയായ രക്തസാക്ഷി സഖാവ് യുകെ കുഞ്ഞിരാമനെക്കുറിച്ച് ആദ്യമായി അനാവശ്യം പറഞ്ഞത് കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിൽ കെ സുധാകരനാണെന്ന് ഓർക്കണം. ആർ എസ് എസിന്റെ ശാഖക്ക് കാവൽ നിന്നതിൽ അഭിമാനം കൊള്ളുന്ന കോൺഗ്രസുകാരനാണല്ലോ സുധാകരൻ.
കലാപവും കഴിഞ്ഞു രണ്ടു വ്യാഴവട്ടക്കാലത്തിനുശേഷമാണ് ഇല്ലാത്ത കള്ളുഷാപ്പ് കഥയൊക്കെ സുധാകരൻ ഇറക്കുന്നത്. തലശ്ശേരി കലാപത്തിനിടെ സഖാവ് യുകെ.കുഞ്ഞിരാമൻ കൊല്ലപ്പെട്ടപ്പോൾ കെ സുധാകരൻ സംഘപരിവാറിന് ഒത്താശ ചെയ്യുന്ന തിരക്കിലായിരുന്നുവെന്ന കാര്യം സുധാകരന്റെ ജീവിതവും ചരിത്രവും പഠിച്ചിട്ടുള്ള എല്ലാവർക്കുമറിയാം.
 
 കെ.കരുണാകരൻ | PHOTO : WIKI COMMONS
1971 ൽ സംഘടനാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന കെ.എസ്.യു(ഒ)വിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്നു പില്ക്കാലത്ത് പി സി സി പ്രസിഡണ്ടായ കെ.സുധാകരനെന്നകാര്യം കൂടി അറിയുമ്പോഴേ അയാളുടെ പ്രചാരണങ്ങളുടെ താല്പര്യം മനസിലാക്കാനാവൂ. പിന്നീട് സംഘടനാ കോൺഗ്രസ്സ് ജനസംഘവുമായി ലയിച്ചുകൊണ്ട് ഭാരതീയ ലോക്ദൾ (BLD) ആവുമ്പോൾ ആ പാർടിയുടെ ജില്ലാ നേതൃത്വത്തിൽ കെ.ജി.മാരാർക്കൊപ്പം പ്രവർത്തിച്ച ആളുമാണീ കെ.സുധാകരൻ. ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പാർട് നമ്പർ 6 ആയി സംഘടനാ കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി, കമ്മീഷനുമുമ്പാകെ പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ 1971-72 ലെ അവരുടെ തനിനിറം അറിയാൻകഴിയും. RSS നെതിരെ മൃദുവായി പോലും ഒരക്ഷരം അവരുടെ സ്റ്റേറ്റ്മെന്റിലില്ല. അതിലവർ RSS നെ വെളുപ്പിച്ചെടുത്ത് ഇരകൾക്ക് മേൽ കുറ്റം ചാർത്താനുള്ള വ്യഗ്രതയാണ് കാണിച്ചത്. അന്നത്തെ നിലപാടിൽ നിന്നാണ് സുധാകരൻ പിന്നീടും നുണപ്രചാരണം നടത്തിയത്.

കലാപകാലത്തെ കോൺഗ്രസ്സ് ഐയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഇന്ദിര ഗാന്ധി നയിച്ച കോൺഗ്രസ് ഐയും മുസ്ലിം ലീഗും തലശ്ശേരി കലാപസമയത്ത് RSS ന് വിടുപണി ചെയ്തുവെന്നതാണ് വസ്തുത. കോൺഗ്രസ്സ് പ്രവർത്തകർ RSS കാരോടൊപ്പം മുസ്ലിം വീടുകളിലും കടകളിലും കൊള്ള നടത്താൻ കൂട്ടു കൂടുകവരെയുണ്ടായി. RSS ഗുണ്ടകൾ കള്ള പ്രചരണം നടത്തി നൂർജഹാൻ ഹോട്ടൽ ആക്രമിച്ചപ്പോൾ കലാപം തടയാനല്ല മറിച്ച് സദാനന്ദ പൈയുടെ കട തിരിച്ചാക്രമിച്ച് കലാപം ആളിക്കത്തിക്കാനാണ് മുസ്ലിം ലീഗ് ശ്രമിച്ചതെന്ന് കൂടി വിതയത്തിൽ റിപ്പോർട്ട് സൂക്ഷമതലത്തിൽ വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. അതേസമയം, തലശ്ശേരി കലാപം തടയാനും ശാന്തി പുനസ്ഥാപിക്കാനും മുന്നിട്ടിറങ്ങിയ സിപിഐഎമ്മിന് ജനങ്ങളുടെ അംഗീകാരം നേടാൻ സാധിച്ചത് ആഭ്യന്തര മന്ത്രി കെ കരുണാകരനെ അസ്വസ്ഥനാക്കിയെന്ന കാര്യം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കലാപത്തിന്റെ തുടക്കത്തിൽ തലശ്ശേരിയിലേക്ക് വരാതെ മുംബൈക്ക് പോകാൻ തിടുക്കം കാട്ടിയ കരുണാകരൻ എല്ലാ അർത്ഥത്തിലും കലാപകാരികൾക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്നതാണ് വസ്തുത. എല്ലാം കഴിഞ്ഞതിനുശേഷമാണ് ആഭ്യന്തര മന്ത്രി തലശ്ശേരിയിൽ എത്തിയതെന്നതും ഡോവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സേന അനുവർത്തിച്ച നടപടികളും എല്ലാം നൽകുന്ന സൂചന കലാപത്തിൽ ആർ എസ് എസിനെ സഹായിക്കുകയായിരുന്നു സർക്കാരും കോൺഗ്രസുമെന്നാണ്.

കെ.സുധാകരൻ | PHOTO : WIKI COMMONS
സിപിഐഎമ്മിന്റെ ജനസ്വാധീനം തകർക്കണമെന്നും കലാപം സിപിഐഎമ്മിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കണമെന്നും കരുണാകരൻ അന്ന് തലശ്ശേരി റസ്റ്റ്ഹൗസിൽ വച്ച് കോൺഗ്രസ്സ്-യൂത്ത് കോൺഗ്രസ്സ് നേതാക്കളോട് പറഞ്ഞുവെന്നാണ് മുൻ ഡിസിസി ജനറൽ സെക്രട്ടറി ഒ വി ജാഫർ പിന്നീട് വെളിപ്പെടുത്തിയിട്ടുള്ളത്. ഡിസിസി പ്രസിഡന്റ് എൻ രാമകൃഷ്ണനും ഇതേ ആഹ്വാനം നടത്തിയിരുന്നുവെന്നും ജാഫറിന്റെ വെളിപ്പെടുത്തലിലുണ്ട്.

തലശ്ശേരി കലാപകാലത്ത് ഇരകൾക്കൊപ്പം നിന്നത് സിപിഐഎം മാത്രമാണ്. ഹിന്ദുത്വവർഗിയ വാദികളെ നേരിട്ടു നിന്ന് എതിർത്തത് സിപിഐഎം മാത്രമാണ്. അതാണ് ഇന്നും തലശ്ശേരിയിലെ ന്യൂനപക്ഷങ്ങൾ സിപിഐഎമ്മിന് പിന്നിൽ അണിചേരുന്നത്. അതാണ് കോൺഗ്രസ്സും ലീഗും തലശ്ശേരിയിൽ സ്വാധീനം നേടാതെ പോയതിന് കാരണമായതും.

1940കൾ മുതലേ കണ്ണൂരിൽ ആർ എസ് എസ് ശക്തമാണ്. ഇന്ത്യയിൽ ആർ എസ് എസിന് ന് ഏറ്റവും സ്വാധീനമുള്ള ജില്ല കണ്ണൂരാണെന്ന നിരീക്ഷണമുണ്ട്. അതിൽ തന്നെ തലശ്ശേരി താലൂക്കിലാണ് ആർ എസ് എസിന്റെ ഏറ്റവും അധികം ശാഖകൾ ഉള്ളത് പോലും. കണ്ണൂരിൽ ആദ്യത്തെ ആർ എസ് എസ് ശാഖ ആരംഭിക്കുന്നതും തലശ്ശേരിയിലാണ്. മുസ്ലിം സമൂഹം കൂടുതലായുള്ള തലശ്ശേരിയിൽ അറുപതുകളുടെ അവസാനം മുതൽ വർഗ്ഗീയ കലാപത്തിനായി ആർ എസ് എസ് ഗോൾവാക്കർ ഉൾപ്പെടെയുള്ള സംഘ് നേതാക്കളുടെ ആലോചനയിൽ ശ്രമിച്ചുപോന്നിരുന്നു. ഹിന്ദുവർഗ്ഗീയതക്കെതിരെ അറുപതുകളിൽ തുടങ്ങിയ ഇടതുപക്ഷ ചെറുത്തുനിൽപ്പിന്റെ കഥയാണ് തലശേരിക്ക് പറയാനുള്ളത്. അതിന് നേതൃത്വം കൊടുത്തതും വിലകൊടുത്തതും സിപിഐ എം ആണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
തൊഴിലാളിചൂഷണങ്ങൾ നിലനിന്നിരുന്ന കണ്ണൂരിലെ ബീഡി ഫാക്റ്ററികളിൽ തൊഴിൽ സമരങ്ങൾ രൂക്ഷമായ കാലത്താണ് തൊഴിലാളികളെ അടിച്ചമർത്താൻ മാനേജ്മെന്റ് മംഗലാപുരത്തുനിന്നും ആർ എസ് എസ് ക്രിമിനലുകളെ വ്യാപകമായി റിക്രൂട്ട് ചെയ്തത്. ഗണേശ്, ഭാരത്, പിവിഎസ്, ദർബാർ തുടങ്ങിയ ബീഡി കമ്പനികളിലെ കങ്കാണിമാരായി തന്നെയായിരുന്നു ഹിന്ദുത്വ ഗുണ്ടകൾ പ്രവർത്തിച്ചത്. അവരാണ് തലശ്ശേരിയിലും പാനൂരിലുമൊക്കെ ആർ എസ് എസി ന്റെ കായികാഭ്യാസകളരികളായ ശാഖകൾക്ക് വ്യാപനമുണ്ടാക്കിയെടുത്തത്. അവരാണ് തൊഴിലാളി സഖാക്കളെ തെരുവിൽ കായികമായി കൈകാര്യം ചെയ്തിരുന്നത്. ഗണേഷ് ബീഡി കമ്പനിക്കുവേണ്ടി ഗുണ്ടാപ്പണി ചെയ്ത ആർ എസ് എസ് ക്രിമിനലുകളെ ധീരമായി നേരിട്ടത് സിപിഐ എം ആണ്.

കോൺഗ്രസ് പാർട്ടിയും അവരുടെ സർക്കാരുകളും സ്വകാര്യ ബീഡി ഫാക്റ്ററി മുതലാളിമാർക്കൊപ്പമായിരുന്നു നില കൊണ്ടത്. പല മുതലാളിമാരും നാട്ടിലെ കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു. തൊഴിലാളി ചൂഷണത്തിനെതിരെ കോൺഗ്രസ് ഗവൺമെന്റുകൾ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല കങ്കാണിമാരായി വന്ന മംഗലാപുരം സംഘികളെ തീറ്റി വളർത്താൻ മുന്നിൽ നിന്നത് പ്രാദേശിക കോൺഗ്രസ് ജന്മികളും ഖദർ വേഷധാരികളായ നേതാക്കളും കൂടിയായിരുന്നു. ഇവിടെയാണ് നാം ആർ എസ് എസ് വർഗീയതയുടെ വർഗ്ഗപരമായ അടിസ്ഥാനങ്ങളെയും കോൺഗ്രസ് ആർ എസ് എസ് ബന്ധത്തിന്റെ പിറകിലെ വർഗ്ഗതാല്പര്യങ്ങളെയും കാണേണ്ടത്.

ബീഡി വ്യവസായരംഗത്തെ ഇ എം എസ് സർക്കാരിന്റെ തൊഴിലാളികൾക്കനുകൂലമായ നിയമനിർമ്മാണമാണ് ആർ എസ് എസിനെ ഇളക്കിവിട്ട് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ മുതലാളിമാരെയും അവരുടെ സംരക്ഷകരായ കോൺഗ്രസുകാരെയും പ്രേരിപ്പിച്ചത്. 1968 ൽ ഇഎംഎസ് സർക്കാർ സെൻട്രൽ ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ആക്ട് കേരളത്തിൽ നടപ്പിലാക്കിയതോടെയാണ് പല സ്വകാര്യ ബീഡി ഫാക്റ്ററികളിലും തൊഴിൽ ചൂഷണം അവസാനിച്ചത്. പുതിയ സർക്കാർ നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് പരിവാർ ബന്ധമുള്ള കമ്പനികൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനാണ് അന്ന് തീരുമാനിച്ചത്. അസംഖ്യം വരുന്ന ബീഡി തൊഴിലാളികളെ പട്ടിണിക്കിടാൻ സർക്കാർ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് സഹകരണമേഖലയിൽ പുതിയ ബീഡി ഫാക്റ്ററി തുടങ്ങാൻ സിപിഐഎം തീരുമാനിക്കുന്നത്. 1969 ൽ കേരള ദിനേശ് ബീഡി സഹകരണ സംഘം ആരംഭിക്കുന്നതും. ദിനേശ് ബീഡി സംഘപരിവാർ-കോൺഗ്രസ് ജന്മി കൂട്ടുകെട്ടിനെതിരെയുള്ള ഒരു ജനതയുടെയും ഇടതുപക്ഷത്തിന്റെയും പ്രതിരോധമായിരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എഴുപതുകളോടെ അഖിലേന്ത്യാതലത്തിലെന്നപോലെ കേരളത്തിലും വർഗ്ഗീയ കലാപങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു തലശ്ശേരിയിലും ആർ എസ് എസ്. 1950 തുകളിൽ ബേപ്പൂർ, പയ്യോളി തുടങ്ങി പലയിടങ്ങളിലും ആർ എസ് എസ് വർഗീയമായ ധ്രൂവീകരണ ലക്ഷ്യത്തോടെ കലാപങ്ങൾ നടത്തുന്നുണ്ട്. അതിനെയെല്ലാം മതനിരപേക്ഷ ശക്തികൾ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

1971 ഡിസംബർ 28 ന് തലശ്ശേരി മേലൂട്ട് മുത്തപ്പൻ കാവ് മടപ്പുര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കുനേരെ തലശ്ശേരി ഓവി റോഡിലുള്ള നൂർജ്ജഹാൻ ഹോട്ടലിന്റെ മുകളിൽ നിന്നും ചെരിപ്പെറിഞ്ഞുവെന്ന കിംവദന്തി പരത്തിയാണ് ആർ എസ് എസ് തലശ്ശേരി കലാപത്തിന് തുടക്കമിട്ടത്. പതിവിന് വിപരീതമായി ആ വർഷം കലശ ഘോഷയാത്ര അർദ്ധരാത്രിയിലേക്ക് മാറ്റിവെച്ചതുതന്നെ സംഘപരിവാരത്തിന്റെ ബുദ്ധിയിലുദിച്ച കുടില തന്ത്രത്തിന്റെ ഭാഗമായിരുന്നു. മാത്രവുമല്ല, ഘോഷയാത്ര സ്ഥിരമായി പോയിക്കൊണ്ടിരുന്ന ചിറക്കൽ എരഞ്ഞോളി പാലം റൂട്ട് ഒഴിവാക്കി മുസ്ലിം മേഖലയായ ഓവി റോഡ് വഴിയാണ് ആ വർഷത്തെ ഘോഷയാത്രപോയത്. കള്ളം പ്രചരിപ്പിച്ച സംഘപരിവാർ ഗുണ്ടകൾ നൂർജ്ജഹാൻ ഹോട്ടൽ അടിച്ചുതകർത്തു. അതേ രാത്രിയിൽ തൊട്ടടുത്ത പാരഡൈസ് ഹോട്ടലും നാരങ്ങാപ്പുറം പള്ളിയും മദ്രസ്സയും അയ്യലത്ത് പള്ളിയും ആക്രമിക്കപ്പെട്ടുവെന്നത്
വളരെ ആസൂത്രിതമായിരുന്നു കലാപമെന്നാണ് കാണിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കലാപം ഹിന്ദുത്വവർഗീയ വാദികളുടെ ആസൂത്രമാണെന്ന് വ്യക്തമായി നിരീക്ഷിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ തലശ്ശേരി മേഖലയിലെ മുസ്ലിം പള്ളികളും വീടുകളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ആർ എസ് എസ് പ്രാന്ത പ്രചാരകനായിരുന്ന ഭാസ്‌കര റാവുവായിരുന്നു കലാപത്തിന് നേതൃത്വം നൽകിയത്. മുസ്ലിം പള്ളികളും വീടുകളും സംരക്ഷിക്കാൻ സിപിഐഎം സഖാക്കൾ കാവൽ നിന്നു. വളണ്ടിയർ കമ്മിറ്റികൾ രൂപീകരിച്ചായിരുന്നു സിപിഐഎം പ്രവർത്തകർ പള്ളികൾ സംരക്ഷിക്കാൻ മുന്നിൽ നിന്നത്. 'ആത്മത്യാഗം ചെയ്തുപോലും സാമുദായിക സൗഹാർദ്ദം സ്ഥാപിക്കുക' എന്നായിരുന്നു ഡിസംബർ 31 ന് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ദേശാഭിമാനി പത്രത്തിലൂടെ ആഹ്വാനം ചെയ്തത്. കൂത്തുപറമ്പ് എംഎൽഎയായിരുന്ന സഖാവ് പിണറായി വിജയൻ കലാപഭൂമിയിലൂടെ പാർടി പതാക കെട്ടിയ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് സമാധാന സ്‌ക്വാഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.

പിണറായി വിജയൻ | PHOTO : WIKI COMMONS
RSS കലാപകാരികൾ മെരുവമ്പായി പള്ളി തകർക്കുന്നത് തടയാൻ ദിവസങ്ങളോളം കാവൽ നിന്ന സിപിഐഎം മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗം സഖാവ് യു.കെ. കുഞ്ഞിരാമനെ സംഘ്ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയത് 1972 ജനുവരി 4 നാണ്. വീട്ടിലേക്ക് മടങ്ങുംവഴി നീർവേലിയിൽ വെച്ചായിരുന്നു സഖാവിനെ ആക്രമിച്ചത്. ആലക്കണ്ടി വത്സൻ, കാഞ്ഞിരക്കണ്ടി നാണു എന്നീ സഖാക്കൾക്കും അന്ന് സംഘ്ആക്രമണത്തിൽ പരിക്കേറ്റു.

എം.വി.രാഘവന്റെ ആത്മകഥയായ 'ഒരു ജന്മ'ത്തിൽ ഇക്കാര്യങ്ങളെ പറ്റി എഴുതിയത്; 'തലശ്ശേരിയിൽ നടന്ന സാമുദായിക സംഘട്ടനത്തെ തുടർന്ന് മാങ്ങാട്ടിടത്തിനടുത്തുള്ള മെരുവമ്പായി പള്ളി, നീർവേലി പള്ളി എന്നീ മുസ്ലിം ആരാധനാലയങ്ങൾ തകർക്കാനും അവിടത്തെ ഏതാനും മുസ്ലിം വീടുകൾ കൊള്ളയടിക്കാനും കൊള്ളിവെക്കാനുമുള്ള ജനസംഘക്കാരുടെ സംഘടിത ശ്രമത്തെ പരാജയപ്പെടുത്താൻ യു കെ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വോളണ്ടിയർ സഖാക്കൾ രാപ്പകൽ വിത്യാസമില്ലാതെ കാവൽ നിന്നു. 
ഇതിലുള്ള രോഷമാണ് കൊലപാതകത്തിൽ കലാശിച്ചത്' (ഒരു ജന്മം- എം വി രാഘവൻ, പേജ്-166).

RSS ആസൂത്രണം ചെയ്ത 1971-72 ലെ തലശ്ശേരി മുസ്ലിം വിരുദ്ധ കലാപത്തോടെ പിന്നീടങ്ങോട്ട് ആർഎസ്എസുമായി വിട്ടുവീഴ്ചയില്ലാത്ത നിരന്തര പോരാട്ടത്തിലായിരുന്നു തലശ്ശേരിയിലെ സിപിഐ എം പ്രവർത്തകർ. 1971 -72 ലെ തലശ്ശേരി കലാപത്തിന് ശേഷം തലശ്ശേരിയിലോ കണ്ണൂർ ജില്ലയിലോ വർഗ്ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ല. യു.കെ.കുഞ്ഞിരാമനെപ്പോലുള്ള സഖാക്കളുടെ രക്തസാക്ഷിത്വങ്ങളും സിപിഐഎം എന്ന സംഘടനയുടെ ജാഗ്രതയുമാണ് സംഘപരിവാറിന്റെ ഓരോ കലാപശ്രമങ്ങളെയും പ്രതിരോധിച്ചുപോന്നിട്ടുള്ളത്. തലശ്ശേരി കലാപം നിയന്ത്രിക്കുന്നതിലും വർഗീയവൽക്കരണത്തെയും ആർ എസ് എസിന്റെ മുസ്ലിം വിരുദ്ധ പ്രൊപ്പഗാണ്ടയെ പ്രതിരോധിച്ചതും സി പി ഐ എം ആണ്. കലാപം ശമിപ്പിക്കുന്നതിലും സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിൽ സിപിഐഎം വഹിച്ച അനിഷേധ്യമായപങ്കും ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കലാപകാലത്തും ശേഷവും കോൺഗ്രസ്സ്-ലീഗ് പാർട്ടികൾ എന്തുചെയ്തെന്നും റിപ്പോർട്ടിലുണ്ട്. തലശ്ശേരിയുടെ മതനിരപേക്ഷമനസ്സിന് ശക്തി നൽകിയത് സിപിഐ എം ആണ്.

എം വി രാഘവൻ | PHOTO : WIKI COMMONS
1996 നു ശേഷം വീണ്ടും സഖാവ് യു.കെ.കുഞ്ഞിരാമനെ അപമാനിക്കാൻ ശ്രമമുണ്ടായത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സ് എംഎൽഎ പിടി തോമസിൽ നിന്നുമാണ്. സുധാകരൻ പറഞ്ഞ അടിസ്ഥാനമില്ലാത്ത കള്ള് ഷാപ്പ് കഥ ഛർദ്ദിക്കുകയായിരുന്നു പിടി തോമസ്. നിയമസഭയെയാണ് അതിനദ്ദേഹം വേദിയാക്കിയത്. പി.ടി.തോമസിന്റെ വാദം ആർഎസ്എസുകാരും ലീഗുകാരും കോൺഗ്രസുകാരും ആഘോഷിക്കുന്നതിലൂടെ അവർ സ്വയം ചരിത്രബോധമില്ലാത്ത കോമാളികളായി മഹത്തായൊരു രക്തസാക്ഷിത്വത്തെ അപമാനിക്കുകയായിരുന്നു.

ഷാജിയെ പോലെ പിടി തോമസ് ആർ എസ് എസിന്റെ മുസ്ലിം വിരുദ്ധവർഗീയതക്ക് പലപ്പോഴായി എണ്ണ ഒഴിച്ചു കൊടുത്തിട്ടുണ്ട്. പാകിസ്താൻ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യങ്ങൾ കേരള പിഎസ്സി കോപ്പിയടിച്ചെന്ന പി.ടി.തോമസിന്റെ കണ്ടെത്തൽ ദേശീയതലത്തിൽ സംഘികൾ ആഘോഷിച്ച മറ്റൊരു വിഷയമായിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ പിഎസ് സി ചോദ്യങ്ങൾക്ക് കേരളമെന്നോ ബംഗാളെന്നോ ബംഗ്ലാദേശെന്നോ വ്യത്യാസമില്ലെന്ന് പി.ടി.തോമസിനറിയേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ.! ഇക്കാര്യങ്ങളെക്കുറിച്ച്‌ വിവരമുള്ളയാളുകൾ തോമസിനെ ട്രോളിയെങ്കിലും സംഘികൾ അയാൾക്കൊപ്പം കട്ടയ്ക്കുനിന്നുവെന്നതും സമീപകാല അനുഭവമായിരുന്നല്ലോ. ഇപ്പോൾ തോമസിനെ പോലെ ഷാജി തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിനെയും സഖാവ് യുകെയെയും സഖാവ് പിണറായി വിജയനെയും ആക്ഷേപിക്കുന്നത് ആർ എസ് എസിനെ സുഖിപ്പിക്കാനും അവരുടെ കുറ്റകരമായ ചരിത്രത്തെ വെളുപ്പിക്കാനുമാണ്. സംഘികളെ കടത്തി പെരുംനുണയാണ് ഷാജിപറഞ്ഞത്. മോദി ഭക്തനായ, ഗുജറാത്ത് വംശഹത്യയെ വരെ ന്യായീകരിച്ച കെ.എം.ഷാജി ആർ എസ് എസിന്റെ കർസേവകനും മോഡിയുടെ സ്തുതി പാഠകനും മാത്രമാണ്. മറ്റൊരു അബ്ദുള്ള കുട്ടിയും ലക്ഷണമൊത്ത കോലീബിയുമാണ്.




#outlook
Leave a comment