.jpg)
ഇറാനെതിരായ അമേരിക്ക-ഇസ്രായേല്‍ യുദ്ധത്തിന്റെ മഠയത്തരം
പുലിറ്റ്സര്‍ സമ്മാന ജേതാവായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ക്രിസ് ഹെഡ്ജസ്. ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്‍ മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് ആയിരുന്നു. 14 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനകള്‍ ദി ഗ്രേറ്റസ്റ്റ് ഈവിള്‍ ഈസ് വാര്‍, എ ജെനോസൈഡ് ഫോര്‍ടോള്‍ഡ്: റിപ്പോര്‍ട്ടിംഗ് ഓണ്‍ സര്‍വൈവല്‍ ആന്‍ഡ് റെസിസ്റ്റന്‍സ് ഇന്‍ ഒക്യുപൈഡ് പലസ്തീന്‍ എന്നിവയാണ്. ഇറാനെതിരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ.
അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ എന്നിവടങ്ങളില്‍ വിനാശകരമായ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്ത നവയാഥാസ്ഥിതികര്‍ നികുതിദായകരുടെ 8 ട്രില്യണ്‍ ഡോളര്‍ (8 ലക്ഷം കോടി) പാഴാക്കിയതിനും യുക്രെയ്‌നില്‍ പാഴാക്കിയ 69 ബില്യണ്‍ ഡോളറിനും ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കാത്തവര്‍ ഇറാനുമായുള്ള മറ്റൊരു സൈനിക പരാജയത്തിലേക്ക് നമ്മെ ആട്ടിത്തെളിക്കുന്നു.
ഇറാന്‍ ഇറാഖല്ല. ഇറാന്‍ അഫ്ഗാനിസ്ഥാനല്ല. ഇറാന്‍ ലെബനനല്ല. ഇറാന്‍ ലിബിയയല്ല. ഇറാന്‍ സിറിയയല്ല. ഇറാന്‍ യെമന്‍ അല്ല. ഇറാന്‍ ലോകത്തിലെ പതിനേഴാമത്തെ വലിയ രാജ്യമാണ്. പശ്ചിമ യൂറോപ്പിന്റെ വലിപ്പത്തിന് തുല്യമായ ഭൂവിസ്തൃതിയുണ്ട്. ഏകദേശം 90 ദശലക്ഷം ജനസംഖ്യ 'ഇസ്രായേലിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍' അതിന്റെ സൈനിക വിഭവങ്ങളും, ചൈനയും, റഷ്യയുമായുള്ള സഖ്യങ്ങളും ഇറാനെ ശക്തമായ ഒരു എതിരാളിയാക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇറാന്റെ തിരിച്ചടി
ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും, നിരവധി ഉന്നത ഇറാനിയന്‍ സൈനിക കമാന്‍ഡര്‍മാരെയും, ആറ് ആണവ ശാസ്ത്രജ്ഞരെയും ഡസന്‍ കണക്കിന് സാധാരണക്കാരെയും വധിക്കുകയും ചെയ്ത ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ പ്രത്യാക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടെല്‍ അവീവിലെ ഒരു വലിയ സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ടെല്‍ അവീവിലും പരിസര പ്രദേശങ്ങളിലും നടന്ന മറ്റ് സ്‌ഫോടനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്.
''നമ്മുടെ പ്രതികാരം ഇപ്പോള്‍ ആരംഭിച്ചു. നമ്മുടെ കമാന്‍ഡര്‍മാരെയും, ശാസ്ത്രജ്ഞരെയും. ജനങ്ങളെയും കൊന്നതിന് അവര്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരും,'' ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ''ഇസ്രായേലില്‍ ഒരിടത്തും സുരക്ഷിതമായിരിക്കില്ല'' എന്നും ''നമ്മുടെ പ്രതികാരം വേദനാജനകമായിരിക്കും'' എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
''ഇത് എളുപ്പമുള്ള യുദ്ധമാകുമെന്ന് അവര്‍ കരുതുന്നു,'' മിഡില്‍ ഈസ്റ്റില്‍ പതിറ്റാണ്ടുകളായി ചെലവഴിച്ച മുന്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞനും, ബ്രിട്ടീഷ് ഇന്റലിജന്‍സ് (MI6) അംഗവുമായ അലസ്റ്റര്‍ ക്രൂക്ക് നിയോകോണുകളെക്കുറിച്ച് എന്നോട് പറഞ്ഞു. ''അവര്‍ അമേരിക്കന്‍ ശക്തിയും, നേതൃത്വവും വീണ്ടും ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇടയ്ക്കിടെ ഒരു ചെറിയ രാജ്യത്തെ തകര്‍ത്തു ഭിത്തിയില്‍ ഒട്ടിക്കുന്നത് അതിന് നല്ലതാണെന്ന് അവര്‍ കരുതുന്നു.''
REPRESENTATIVE IMAGE | WIKI COMMONS
നിയോകോണുകളും നെതന്യാഹുവും
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രായേല്‍ നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നിയോകോണുകള്‍, 'ഏതെങ്കിലും ശക്തരായ എതിരാളിയെയോ, അമേരിക്കന്‍ നേതൃത്വത്തിനും, അമേരിക്കന്‍ അധികാരത്തിനും നേരെയുള്ള ഒരു വെല്ലുവിളിയെയോ സഹിക്കില്ല' എന്ന് അദ്ദേഹം തുടര്‍ന്നു. അവര്‍ വസ്തുതകള്‍ സൃഷ്ടിക്കും 'ഇസ്രായേലും ഇറാനും തമ്മിലുള്ള ഒരു യുദ്ധം' അത് 'ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കും.'
ഇറാന്റെ വ്യോമസേന ദുര്‍ബലമാണ്. പക്ഷെ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി യുദ്ധവിമാനങ്ങളും, റഷ്യന്‍ വ്യോമ പ്രതിരോധ ബാറ്ററികളും, ചൈനീസ് കപ്പല്‍ വിരുദ്ധ മിസൈലുകളും, അതുപോലെ മൈനുകളും, തീരദേശ പീരങ്കികളും അവര്‍ക്കുണ്ട്. ലോകത്തിലെ പെട്രോളിയം എണ്ണ വ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചോക്ക് പോയിന്റായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ അതിന് കഴിയും. അത് ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം കടന്നുപോകാന്‍ സഹായിക്കുന്നു. അത് അടച്ചു പൂട്ടിയാല്‍ എണ്ണയുടെ വില ഇരട്ടിയോ, മൂന്നിരട്ടിയോ അത് വര്‍ദ്ധിപ്പിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഇസ്രായേലിലും, മേഖലയിലെ അമേരിക്കന്‍ സൈനിക സ്ഥാപനങ്ങളിലും ഇറാന് അഴിച്ചുവിടാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ ആയുധശേഖരം ഉണ്ട്. പ്രാരംഭ തരംഗങ്ങളെ തടയാന്‍ കഴിയുമെങ്കിലും, ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും വ്യോമ പ്രതിരോധ ശേഖരം വേഗത്തില്‍ ഇല്ലാതാക്കും.
നീണ്ട യുദ്ധവും ഇസ്രായേലും
ഒരു നീണ്ടകാല യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിന് കഴിയില്ല. സദ്ദാം ഹുസൈന്റെ ഭരണകൂടത്തിന് അമേരിക്ക പിന്തുണ നല്‍കിയിട്ടും, ഇറാനും, ഇറാഖും തമ്മിലുള്ള എട്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഇറാന്‍ പിടിച്ചു നിന്നതു പോലെ ഇസ്രായേലിന് പിടിച്ചു നില്‍ക്കാനാവില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഡമാസ്‌കസിലെ ഇറാനിയന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി, 2023 ഏപ്രില്‍ 13, 14 തീയതികളില്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസില്‍, ഇറാന്‍ ഇസ്രായേലിന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളില്‍ 300-ലധികം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചപ്പോള്‍, അവയില്‍ ഭൂരിഭാഗവും അമേരിക്ക തടഞ്ഞു.
'ഇറാനിയന്‍ മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ഇസ്രായേലിന് കഴിയില്ല, 'വെസ്റ്റ് പോയിന്റ് ബിരുദധാരിയും ചിക്കാഗോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറുമായ ജോണ്‍ മിയര്‍ഷൈമര്‍ എന്നോട് പറഞ്ഞു. 'ഇസ്രായേലിന് ഈ യുദ്ധങ്ങളില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, അവര്‍ അവയെ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളാക്കി മാറ്റിയ വളരെ രസകരമായ ഒരു സാഹചര്യം നിലനില്‍ക്കുന്നു', അതില്‍ 'ഇസ്രായേല്‍ അമേരിക്കയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.'
'മധ്യപൂര്‍വദേശത്തും കിഴക്കന്‍ മെഡിറ്ററേനിയനിലും ഇസ്രായേലിലും ചെങ്കടലിലും നമുക്ക് ധാരാളം ആസ്തികളുണ്ട്,' അദ്ദേഹം പറഞ്ഞു. 'ഇസ്രായേലിനെ അതിന്റെ വിവിധ യുദ്ധങ്ങളില്‍ സഹായിക്കുന്നതിനാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ഇറാന്‍ മാത്രമല്ല. ഹൂതികളും ഉള്‍പ്പെടുന്നു. അതില്‍ ഹിസ്ബുള്ളയും ഉള്‍പ്പെടുന്നു. അതിനാല്‍ അവരെ (ഇസ്രയേലിനെ) പോരാടാന്‍ സഹായിക്കുന്നതില്‍ ഞങ്ങള്‍ (അമേരിക്ക) ആഴത്തില്‍ പങ്കാളികളാണ്. 1973-ലോ ഈ യുദ്ധത്തിന് മുമ്പുള്ളപ്പോഴോ അങ്ങനെയായിരുന്നില്ല.'
REPRESENTATIVE IMAGE | WIKI COMMONS
ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാമെന്നും ഇറാനിയന്‍ സര്‍ക്കാരിനെ ശിരഛേദം ചെയ്ത് ഒരു പാവ ഭരണകൂടം സ്ഥാപിക്കാമെന്നും ഇസ്രായേലും അതിന്റെ നിയോകോണ്‍ സഖ്യകക്ഷികളും വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഈ വിശ്വാസം പരാജയപ്പെട്ടുവെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.
അതേസമയം, ഗാസയിലെ വംശഹത്യയില്‍ നിന്നും വന്‍തോതിലുള്ള പട്ടിണിയില്‍ നിന്നും വെസ്റ്റ് ബാങ്കിലെ ത്വരിതഗതിയിലുള്ള വംശീയ ഉന്മൂലനത്തില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനും ഇസ്രായേല്‍ ആഗ്രഹിക്കുന്നു. ഗാസയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വെസ്റ്റ് ബാങ്ക് പൂര്‍ണ്ണ ഉപരോധത്തിലാണ്.
''പൊതുവെ ഒരു വലിയ തീപ്പിടുത്തം ഉണ്ടാക്കിയാല്‍, ആളുകള്‍ പലസ്തീനികളെ അധികം ശ്രദ്ധിക്കില്ല എന്ന് ഇസ്രായേലികള്‍ മനസ്സിലാക്കുന്നു,'' മിയര്‍ഷൈമര്‍ പറഞ്ഞു. ''സമാധാനകാലത്തേക്കാള്‍ അപ്പോള്‍ കൂടുതല്‍ അനുമതി ഇസ്രായേലിന് നല്‍കാന്‍ ആളുകള്‍ തയ്യാറാകും. അതിനാല്‍, കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാം. നമുക്ക് ഒരു അഗ്നിബാധ നടത്താം, അതിന്റെ അന്തിമഫലം ഗാസയിലും വെസ്റ്റ് ബാങ്കിലും വന്‍തോതില്‍ ശുദ്ധീകരിക്കാന്‍ കഴിയുമെന്നതായിരിക്കും,'' ഇതാണ് ഇസ്രായേല്‍ കാണുന്നത്.
ഇറാനിയന്‍ ആക്രമണങ്ങള്‍ ഒടുവില്‍ നൂറുകണക്കിന്, പിന്നീട് ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകും. ഇസ്ലാം മതത്തിന്റെ രണ്ടാമത്തെ വലിയ ശാഖയായ ഷിയ മതത്തിനെതിരായ യുദ്ധം എന്ന് ഇറാനിയന്‍ നേതൃത്വം വിശേഷിപ്പിക്കുന്ന രീതിയില്‍ ഇറാന്‍ മേഖലയിലെ ഷിയാ മുസ്ലീങ്ങളെ ആകര്‍ഷിക്കും. ഇറാനെതിരായ ആക്രമണങ്ങളെ അപലപിച്ച സൗദി അറേബ്യയില്‍ എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദശലക്ഷം ഷിയാകള്‍ താമസിക്കുന്നു. പാകിസ്താന്‍, ബഹ്റൈന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ഗണ്യമായ ഷിയ സമൂഹങ്ങളുണ്ട്. ഇറാഖില്‍ ഷിയകളാണ് ഭൂരിപക്ഷം.
ബാഗ്ദാദിലെ ഷിയ ആധിപത്യമുള്ള സര്‍ക്കാര്‍ ഇറാനോടൊപ്പം നില്‍ക്കും. ചെങ്കടലിലെ സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നത് യെമന്‍ തുടരുകയും ഡ്രോണ്‍ ആക്രമണങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കുകയും ചെയ്യും. ഹിസ്ബുള്ള, ദുര്‍ബലമാണെങ്കിലും, വടക്കന്‍ ഇസ്രായേലില്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തും. മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും, ഒരുപക്ഷേ, അമേരിക്കകത്തും തീവ്രവാദ ആക്രമണങ്ങളും പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ ഉല്‍പാദനത്തിന്റെ മേഖലയില്‍ വ്യാപകമായ അട്ടിമറിയും പ്രതീക്ഷിക്കുക.
REPRESENTATIVE IMAGE | WIKI COMMONS
ഇറാനും ആണവായുധവും
ഇറാന് ഒരു ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ വിഘടന വസ്തുക്കള്‍ ഉടന്‍ തന്നെ ലഭിക്കും. ഒരു ബോംബ് നിര്‍മ്മിക്കാന്‍ യുദ്ധം ശക്തമായ ഒരു പ്രോത്സാഹനമായിരിക്കും, പ്രത്യേകിച്ച് ഇസ്രായേലിന് നൂറുകണക്കിന് ആണവായുധങ്ങള്‍ ഉള്ളതിനാല്‍. ഇറാന്‍ ഒരു ആണവായുധം നേടിയാല്‍ അടുത്തത് സൗദി അറേബ്യ ആയിരിക്കും. തുര്‍ക്കി, ഇറാഖ്, ഈജിപ്ത് എന്നിവയും ഒട്ടും പിന്നിലല്ല. മിഡില്‍ ഈസ്റ്റിലെ ആണവ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ഇല്ലാതാകും. മെയര്‍ഷൈമര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യുദ്ധം ഇറാന്‍, റഷ്യ, ചൈന എന്നിവ തമ്മിലുള്ള സഖ്യത്തെ ശക്തിപ്പെടുത്തും.
'ചൈന, റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നിവയെ അമേരിക്ക വളരെ അടുത്തേക്ക് തള്ളിവിട്ടു,'അദ്ദേഹം അഭിപ്രായപ്പെട്ടു. 'അവര്‍ ഒരു ഇറുകിയ കൂട്ടായ്മ ഉണ്ടാക്കുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി, റഷ്യക്കാരും ചൈനക്കാരും ഒരുമിച്ചായി. മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നത് കണക്കിലെടുക്കുമ്പോള്‍, ഇറാനികളും റഷ്യക്കാരും ഒരുമിച്ച് ആകര്‍ഷിക്കപ്പെട്ടു. അമേരിക്ക ഇസ്രായേലിനെ സഹായിക്കുന്നുണ്ടാകാം. പക്ഷേ റഷ്യക്കാര്‍ ഇറാനെ സഹായിക്കുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വാഷിംഗ്ടണിനെതിരെ ചൈനയും, റഷ്യയും അടുത്ത് അണിനിരക്കുന്നത് അമേരിക്കയ്ക്ക് ഗുണകരമല്ല. ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യയും ഇറാനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ളതല്ല.
'ഒരു വശത്ത് ഇറാനും, മറുവശത്ത് അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടുന്ന ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, എപ്പോഴെങ്കിലും റഷ്യക്കാര്‍ ആ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്, കാരണം റഷ്യക്കാര്‍ക്ക് ഇപ്പോള്‍ ഇറാനെ പിന്തുണയ്ക്കുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കും. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. അത് ഒരു വ്യോമയുദ്ധമായിരിക്കും, പ്രധാനമായും ഇസ്രായേലി യുദ്ധവിമാനങ്ങളും, മിസൈലുകളും ഇറാനിയന്‍ മിസൈലുകളും തമ്മിലുള്ള ഒന്ന്. എന്നാല്‍ ഇറാനെ കീഴടക്കാന്‍, രാജ്യം ആക്രമിക്കാനും കൈവശപ്പെടുത്താനും ഒരു ദശലക്ഷം യുഎസ് സൈനികരെ വിന്യസിക്കേണ്ടി വന്നേക്കാം. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് അനുഭവിച്ച അതേ അപമാനകരമായ പരാജയത്തോടെയാവും ഇറാന്‍ അധിനിവേശവും അവസാനിക്കുക.
REPRESENTATIVE IMAGE | WIKI COMMONS
ആകാശ യുദ്ധം
2003-ല്‍ ഇറാഖില്‍ നടന്ന ബോംബിംഗ് കാമ്പെയ്നായ 'ഷോക്ക് ആന്‍ഡ് ഏവ്' ന്റെ പുതുക്കിയ പതിപ്പായ വ്യോമാക്രമണങ്ങളിലൂടെ ഇറാനെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് ഇസ്രായേലിന്റെയും നിയോകോണുകളുടെയും ഫാന്റസി. എന്നാല്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ പൊടിക്കാന്‍ ആവശ്യമായ ഓര്‍ഡിനന്‍സിന്റെ അളവ് വളരെ വലുതായിരിക്കും. ഹിസ്ബുള്ളയുടെ ജനറല്‍ സെക്രട്ടറി ഹസ്സന്‍ നസ്രല്ല ഉള്‍പ്പെടെയുള്ള ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ നേതൃത്വത്തെ ശിരഛേദം ചെയ്ത ഇസ്രായേലിന്, 2,000 പൗണ്ട് ഭാരമുള്ള ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷന്‍ (ജെഡിഎഎം) ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കേണ്ടിവന്നു.
''ജെഡിഎഎം മിസൈലുകള്‍ ഉപയോഗിച്ച് എഫ്-35 വിമാനങ്ങള്‍ പറത്താന്‍ പോകുകയാണെങ്കില്‍, അവ ഓരോന്നും ഏകദേശം 14 ടണ്‍ ഭാരമുള്ളതാണ്,'' ക്രൂക്ക് പറഞ്ഞു. 'ഭാരം മാത്രമല്ല, അവര്‍ ഉപയോഗിക്കുന്ന ഇന്ധനവുമാണ് പ്രശ്‌നം. അതിനാല്‍ ഒന്നോ രണ്ടോ തവണ ഇന്ധനം നിറയ്ക്കണം, പിന്നെ അവരുടെ പ്രതിരോധം അടിച്ചമര്‍ത്താന്‍ വിമാനങ്ങളുമായി പോരാടേണ്ടിവരും. ഒരു വലിയ ഒന്നിനെ കുറിച്ചാണ് സംസാരിക്കുന്നത്. അമേരിക്കയ്ക്ക് ഇത് ചെയ്യാന്‍ കഴിയുമോ? ഇറാനികള്‍ക്ക് ഒന്നിലധികം വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും ഉണ്ട്, ചക്രവാളത്തിന് മുകളിലുള്ള റഡാറുകളും ഉണ്ട്.'
പിന്നെ എന്തിനാണ് ഇറാനുമായി യുദ്ധം ചെയ്യുന്നത്? ഇറാന്‍ ഇതുവരെ ലംഘിക്കാത്ത ഒരു ആണവ കരാറില്‍ നിന്ന് എന്തിനാണ് പിന്മാറുന്നത്? അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ലെവന്റ് (ISIL) എന്നിവയുള്‍പ്പെടെ ഗ്രൂപ്പുകളോടൊപ്പം താലിബാന്റെ മാരക ശത്രുവായ ഒരു സര്‍ക്കാരിനെ എന്തിനാണ് പൈശാചികമായി ചിത്രീകരിക്കുന്നത്? ഇതിനകം തന്നെ അപകടകരമായ, അസ്ഥിരമായ ഒരു പ്രദേശത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നത് എന്തുകൊണ്ട്?
REPRESENTATIVE IMAGE | WIKI COMMONS
രണ്ട് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൈനിക പരാജയങ്ങള്‍ക്ക് ജനറല്‍മാര്‍, രാഷ്ട്രീയക്കാര്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, നിയോകോണുകള്‍, ആയുധ നിര്‍മ്മാതാക്കള്‍, വിദഗ്ധര്‍ എന്ന് വിളിക്കപ്പെടുന്നവര്‍, സെലിബ്രിറ്റി പണ്ഡിതന്മാര്‍, ഇസ്രായേലി ലോബിയിസ്റ്റുകള്‍ എന്നിവര്‍ കുറ്റം ഏറ്റെടുക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഒരു ബലിയാടിനെ വേണം. അത് ഇറാനാണ്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അപമാനകരമായ പരാജയങ്ങള്‍, സിറിയയിലെയും ലിബിയയിലെയും പരാജയപ്പെട്ട ദൗത്യങ്ങള്‍, നമ്മള്‍ പരിശീലിപ്പിച്ചതും, ആയുധം നല്‍കിയതുമായ തീവ്രവാദ ഗ്രൂപ്പുകളുടെയും മിലിഷ്യകളുടെയും വ്യാപനം, ലോകമെമ്പാടും നടക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ എന്നിവ മറ്റാരുടെയെങ്കിലും തെറ്റാണ് എന്നാണ് അവരുടെ സമീപനം.
പ്രത്യേകിച്ചും, ഇറാഖിലും അഫ്ഗാനിസ്ഥാനിലും നമ്മള്‍ അഴിച്ചുവിട്ട കുഴപ്പവും അസ്ഥിരതയും ഇറാനെ മേഖലയിലെ പ്രബല രാജ്യമാക്കി മാറ്റി. വാഷിംഗ്ടണ്‍ അതിന്റെ ശത്രുവിനെ ശക്തിപ്പെടുത്തി. അതിനെ ആക്രമിക്കുക എന്നതല്ലാതെ ഇത് എങ്ങനെ മറികടക്കാമെന്ന് അവര്‍ക്ക് അറിയില്ല.
അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, യെമന്‍, സിറിയ എന്നിവിടങ്ങളിലെ ജനങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെട്ടതുപോലെ, ഇറാനിലെ ഏകദേശം 90 ദശലക്ഷം ജനങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര നിയമവും അവഗണിക്കപ്പെടുന്നു. ഇറാനികള്‍, അമേരിക്കയെ സഖ്യകക്ഷികളായോ വിമോചകരായോ കാണുന്നില്ല. അവര്‍ ആക്രമിക്കപ്പെടാനോ, അധിനിവേശം ചെയ്യപ്പെടാനോ ആഗ്രഹിക്കുന്നില്ല. അവര്‍ ചെറുക്കും. അമേരിക്കയും, ഇസ്രായേലും വില കൊടുക്കും.


