TMJ
searchnav-menu
post-thumbnail

Outlook

അപഹരിക്കപ്പെടുന്ന ചരിത്രത്തിലെ വഴിവിളക്കുകള്‍

17 Jun 2023   |   6 min Read
അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍
വിവേകാനന്ദ സാഹിത്യസര്‍വത്തിലെ മതനിരപേക്ഷ പാഠങ്ങള്‍

ചരിത്രത്തെ അട്ടിമറിച്ച്, ഇന്ത്യയ്ക്ക് ഒരു ഏകശിലാനിര്‍മ്മിതമായ ചരിത്രത്തിന്റെ വൈദീക മത പാരമ്പര്യമാണുളളതെന്ന് വരുത്തിത്തീര്‍ക്കാനും അതിനുവേണ്ടി, മണ്‍മറഞ്ഞ മഹാരഥന്മാരുടെ യശോബിംബങ്ങളെ ഏകപക്ഷീയമായി കവര്‍ന്നെടുക്കാനും ഫാസിസം ഇന്നു തിരക്കിട്ടു ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭൂതകാലത്തിലെ ചക്രവര്‍ത്തിമാര്‍, നവോത്ഥാന ശില്പികള്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ എന്നിവരെല്ലാം ഒന്നൊന്നായി അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനായി മറ്റാരും കാണിക്കാത്ത സൂക്ഷ്മതയും തന്ത്രങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നടത്തി ഫാസിസം സാംസ്‌കാരിക മേഖലയില്‍ പടിപടിയായി അതിന്റെ കടന്നുകയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തിനും അതിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തിലും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിലും ഇന്ത്യയുടെ പ്രധാനപ്പെട്ട കാമ്പസുകളിലും ഫാസിസം ഇന്ന് ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്നത് ഇതിന്റെ പ്രത്യക്ഷമായ ദൃഷ്ടാന്തങ്ങളല്ലാതെ മറ്റെന്താണ്? 20-ാം നൂറ്റാണ്ടില്‍ ലോകത്തെ വിറപ്പിച്ച നാസി - ഫാസിസ്റ്റ് സ്വേച്ഛാധിപതികളായ ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം സാംസ്‌കാരിക മണ്ഡലങ്ങളെ കടന്നാക്രമിച്ചാണല്ലോ രംഗപ്രവേശനം ചെയ്തത്. വാസ്തവത്തില്‍ ഇന്ത്യന്‍ സാഹചര്യത്തിലും ഇത് മുന്‍പേ ആരംഭിച്ചു കഴിഞ്ഞിരുന്നു. നവോത്ഥാന നായകന്മാരില്‍ പ്രമുഖനായ വിവേകാനന്ദന്‍ ഇന്നാരുടെ കയ്യിലെ ഉപകരണമായിത്തീര്‍ന്നിരിക്കുന്നു എന്നുമാത്രം നോക്കിയാല്‍മതി ഇതു മനസ്സിലാക്കാന്‍.

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രകാശഗോപുരങ്ങളില്‍ നിന്ന് ഹൈന്ദവ ഫാസിസത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ആദ്യമേത്തന്നെ ഒളിച്ചുകടത്തപ്പെട്ട വ്യക്തിയാണ് വിവേകാനന്ദന്‍. ചരിത്രപരമായ ഉള്‍ക്കാഴ്ചയില്ലാത്തവര്‍ അദ്ദേഹത്തെ ഹൈന്ദവ മതത്തിന്റെ ഒരു കേവല സന്യാസിയായി മനസ്സിലാക്കിവരുന്നു. ഫാസിസത്തിന്റെ പ്രചാരവേലകള്‍ അതിനേറെ സഹായിച്ചിട്ടുമുണ്ട്. വാസ്തവത്തില്‍ ആരായിരുന്നു വിവേകാനന്ദന്‍ എന്ന ചോദ്യത്തിന് പൂര്‍ണമായ ഒരുത്തരം കണ്ടുപിടിക്കുക എന്നത് ഇന്ന് ശ്രമകരമായ ഒരു ചരിത്രാന്വേഷണം കൂടിയാണ്. സര്‍വമതങ്ങളുടെയും ദര്‍ശനങ്ങളുടെയും മര്‍മം ഗ്രഹിച്ച ഒരു മഹാമുനി, ഇന്ത്യന്‍ ദര്‍ശനങ്ങളെ ശരിയായ രീതിയില്‍ വ്യാഖ്യാനിച്ച ദാര്‍ശനികന്‍, ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടയില്‍ ഇരുള്‍മൂടിക്കിടന്ന ഭാരതത്തിന്റെ ഹൃദയം പരദേശികള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ച വിപ്ലവകാരി, സാഹിത്യകാരന്‍, കവി, നവോത്ഥാന നായകന്‍ തുടങ്ങിയ വിശേഷണങ്ങളിലൊന്നും ഒതുക്കിനിര്‍ത്താന്‍ കഴിയാത്ത അരുണോദയമായ ഒരു പ്രകാശഗോപുരം! ചുരുക്കത്തില്‍ ഇതിന്റെയെല്ലാം സഞ്ചിത സ്വരൂപമായിരുന്നു വിവേകാനന്ദന്‍. അന്ധവിശ്വാസങ്ങള്‍ക്കൊണ്ടും അനാചാരങ്ങള്‍ക്കൊണ്ടും കാലം മങ്ങലേറ്റുകിടന്നപ്പോള്‍ ഹൃദയമിഴിതുറന്ന് സത്യം തിരിച്ചറിയുകയും, സമൂഹത്തെ പുറകോട്ടുവലിക്കുന്ന അധമശക്തികള്‍ക്കെതിരെ ജ്ഞാനത്തിന്റെ പുതുവെളിച്ചംകൊണ്ട് പടപൊരുതുകയും ചെയ്ത ആ പ്രകാശഗോപുരത്തെയാണ് ഫാസിസത്തിന്റെ വക്താക്കള്‍ അപഹരിച്ചെടുക്കുന്നത്. സഹനത്തിന്റെ മൂര്‍ത്തിയായ ക്രിസ്തുവിനെയും കരുണയുടെ വെളിച്ചമായ ബുദ്ധനെയും സഹോദര്യത്തിന്റെ പ്രവാചകനായ നബിയെയും ആഴത്തില്‍ പഠിക്കുകയും എല്ലാ മതദര്‍ശനങ്ങളും സത്യമെന്നു കരുതുകയും ചെയ്ത, ശ്രീരാമകൃഷ്ണന്റെ ഈ വിശിഷ്ഠ ശിഷ്യനെ മതഭ്രാന്തിന്റെ വിഷംതീണ്ടിയവര്‍ അപഹരിച്ചുകൊണ്ടുപോകുന്നുണ്ടെങ്കില്‍, പുരോഗമന വിപ്ലവപ്രസ്ഥാനങ്ങളുടെ ഉള്‍ക്കാഴ്ചയില്ലായ്മയും സ്വന്തം മണ്ണിലെ ഉല്‍പ്പതിഷ്ണുത്വത്തെ ഉള്‍ക്കൊള്ളാനുളള കഴിവില്ലായ്മയുമല്ലാതെ അതിനു മറ്റൊരു കാരണവും കണ്ടെത്താനാകില്ല. 


വിവേകാനന്ദന്‍ | Photo: Wiki Commons

1893 സെപ്തംബര്‍ 11 -ാം തിയ്യതി അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ലോക മഹാസമ്മേളനത്തില്‍ വച്ച് പൗരാണിക ഭാരത സംസ്‌കാരത്തിന്റെ ഹൃദയം എന്തെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഉജ്ജ്വലവും ഹാര്‍ദവുമായ സ്വാഗതത്തില്‍ ഹൃദയം കവിയുന്ന ആനന്ദത്തോടെയാണ് ഞാനീ മണ്ണില്‍ നില്‍ക്കുന്നത്. ലോകത്തിലെ അതിപ്രാചീനമായ സന്യാസി സംഘത്തിലെ ഒരു പ്രതിനിധി എന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു. സഹിഷ്ണുതയും സാര്‍വജനനീയ സൗഹാര്‍ദവും പഠിപ്പിച്ച ഒരു മതത്തോട് ബന്ധപ്പെട്ടവനാണ് ഞാനെന്നതില്‍ അഭിമാനംകൊളളുന്നു. ഞങ്ങള്‍ സാര്‍വ ലൗകീക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന നിലയില്‍ സ്വീകരിക്കുകയും ചെയ്യുന്നു. 'ഇങ്ങനെ തുടങ്ങുന്ന ഒരു ലഘുപ്രഭാഷണംകൊണ്ട്, ഭാരതീയ സംസ്‌കാരത്തിന്റെ ഹൃദയശുദ്ധി എന്താണെന്നു കാണിക്കുന്ന, എക്കാലത്തേയും ഒരു സുവര്‍ണ ചരിത്രരേഖയാണ് വിവേകാനന്ദന്‍ സൃഷ്ടിച്ചത്. വിശ്വമാനവ സംസ്‌കാരത്തിന്റെ സത്തയെ ഉള്‍ക്കൊളളാന്‍ ഭാരതീയരെ പഠിപ്പിച്ച ആ മഹാജ്ഞാനിയുടെ ഓരോ വാക്കുകള്‍ക്കും കടകവിരുദ്ധമായാണ് ഇന്ന് ഹൈന്ദവ ഫാസിസം പ്രവര്‍ത്തിച്ചു വരുന്നത് എന്നു കാണാം. ഇസ്ലാമും ക്രൈസ്തവനും ഇന്ത്യയുടെ ശത്രുക്കളായ് അവര്‍ കരുതുന്നു. അഹിന്ദുക്കളായ മുഴുവന്‍ മതസ്ഥരും ഒന്നുകില്‍ ഫാസിസത്തിന്റെ അസഹിഷ്ണുതയ്ക്കും സങ്കുചിതത്വത്തിനും വിധേയപ്പെട്ടു ജീവിക്കണം. അല്ലെങ്കില്‍ രാജ്യം വിട്ടുപോണം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ തന്നെയുളള കീഴ്ജാതിക്കാരെയും ദളിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മൃഗതുല്യമായി സവര്‍ണ ഫാസിസം വേട്ടയാടിക്കൊണ്ടിരിക്കുന്നു, എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കവികളെയും ചിത്രകാരന്മാരെയും ഭീഷണിപ്പെടുത്തുകയും വധിക്കുകയും ചെയ്യുന്നു. വൈവിദ്ധ്യമായ മനുഷ്യവര്‍ഗത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും എന്നുവേണ്ട അഭിപ്രായങ്ങളിലും ആഹാരത്തില്‍പോലും ഫാസിസം ഇടപെട്ടുകൊണ്ടിരിക്കുകയാണ്, എന്നിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് സനാതന ഹിന്ദുത്വത്തിന്റെ പരിപാവനമായ മൂല്യത്തെക്കുറിച്ചും. മാതൃരാജ്യത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യങ്ങളുടെ അനശ്വര മൂല്യങ്ങള്‍ കണ്ടെത്തുവാനും അതു ലോകത്തോട് വിളംബരം ചെയ്യുവാനും ഒരു പ്രവാചക മനോഭാവം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ വിവേകാനന്ദന്റെ ദര്‍ശനങ്ങളോടുളള കടുത്ത അവഹേളനയും അത്യന്തം മനുഷ്യത്വവിരുദ്ധവുമല്ലാതെ ഇത് മറ്റെന്താണ്? 

വാസ്തവത്തില്‍ 'ഹിന്ദു' എന്ന പദത്തെക്കുറിച്ചും അത് ഒരു മതപരികല്പനയില്‍ എങ്ങനെ വന്നുചേര്‍ന്നു എന്നതിനെക്കുറിച്ചും വിവേകാനന്ദന്‍ പറയുന്നതു നോക്കൂ. 'നമ്മെ നിര്‍ദേശിപ്പാന്‍ ഈയിടെയായി പ്രചുരമായി പ്രയോഗിച്ചുവരുന്ന 'ഹിന്ദു' എന്ന വാക്കുണ്ടല്ലോ, അതിന്റെ അന്തഃസത്ത എല്ലാം നശിച്ചിരിക്കുകയാണ്. സിന്ധുനദിയുടെ മറുകരയില്‍ പാര്‍ക്കുന്നവര്‍ എന്നേ ഇതിനര്‍ത്ഥമുളളൂ. പ്രാചീന പേഴ്‌സ്യര്‍ 'സിന്ധു' എന്ന പദം 'ഹിന്ദു'എന്ന് പരിഭാഷപ്പെടുത്തി. സംസ്‌കൃതത്തിലുളള 'സ'- കാരങ്ങളെല്ലാം പ്രാചീന പേഴ്‌സ്യര്‍ ഭാഷയില്‍ 'ഹ' കാരങ്ങളായ് മാറുന്നു. അങ്ങനെ 'സിന്ധു' 'ഹിന്ദു'ആയി. സിന്ധുവിന്റെ മറുകരയില്‍ പാര്‍ക്കുന്നവരെയൊക്കെ അവര്‍ 'ഹിന്ദു' എന്നു വിളിച്ചുവന്നു. അങ്ങനെയാണ് ആ വാക്ക് നമുക്കു കിട്ടിയത്. മുഹമ്മദീയരുടെ ഭരണകാലത്ത് നാം തന്നെ ഈ വാക്കു കൈക്കൊണ്ടു. ഇന്നിപ്പോള്‍ സിന്ധുവിന്റെ ഈ കരയില്‍ പാര്‍ക്കുന്നവരെല്ലാം പണ്ടത്തെപ്പോലെ ഒരേ മതം അനുസരിക്കുന്നവരല്ലല്ലോ. ഹിന്ദുക്കള്‍ മാത്രമല്ല മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍, ജൈനര്‍, ബുദ്ധര്‍, പാഴ്‌സികള്‍ മുതലായി ഭാരതത്തില്‍ വസിക്കുന്ന മറ്റുളളവരെയും ഈ വാക്ക് ഉള്‍ക്കൊളളുന്നു. ഒരു വ്യവസ്ഥാപിത സമ്പ്രദായമില്ലാതെ ഒത്തുകൂടിയ വിഭിന്നങ്ങളായ മതങ്ങളുടെയും ചട്ടങ്ങളുടെയും ചടങ്ങുകളുടെയും ഒരു സംഹിതയാണ് ഹിന്ദുമതം'- (വിവേകാനന്ദ പ്രഭാഷണം - വേദാന്തമതം). ഈ വസ്തുത വിവേകാനന്ദന്‍ മാത്രമല്ല, ചരിത്ര പണ്ഡിതരായ ഡി.സി കൊസാംമ്പി, വി.എസ്. സൂക്താങ്കര്‍, റോമിലഥാപ്പര്‍ തുടങ്ങി എത്രയോ പേര്‍ ആവര്‍ത്തിച്ചിട്ടുളള ചരിത്ര സത്യമാണ്. ഈ വിഷയത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരിയായ റോമിലഥാപ്പര്‍ രേഖപ്പെടുത്തിയിട്ടുളളതു നോക്കാം. 'ഹിന്ദു എന്ന പദത്തിന്റെ ഉല്‍ഭവം ഭൂമിശാസ്ത്രപരമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പാര്‍ക്കുന്നവരെയെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു ആ പദം. സിന്ധു നദിയെ 'ഹിന്ദു' എന്നാണ് അക്കൈമിനിഡ് പാരസികള്‍ (പേര്‍ഷ്യക്കാര്‍) വിളിച്ചുവന്നത്. ഗ്രീക്കുകാര്‍ 'ഹിന്ദോസ്' എന്നും അറബികള്‍ അതിനെ 'അല്‍-ഹിന്ദ്' എന്നും വിളിച്ചു വന്നു. അങ്ങനെ അല്‍-ഹിന്ദ് നിവാസികള്‍ ഹിന്ദുക്കളായിത്തീര്‍ന്നു. അല്‍-ഹിന്ദില്‍ താമസിച്ചിരുന്ന മുഴുവന്‍ പേരേയും പരാമര്‍ശിക്കാനാണ് 'ഹിന്ദു' എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്'- (ആര്യ-ദ്രാവിഡ വിവാദവും മതനിരപേക്ഷതയും - റോമിലഥാപ്പര്‍). ഇങ്ങനെ നോക്കിയാല്‍ ഹൈന്ദവ മതമൗലീകവാദികള്‍ പറയുംവിധം, സാമ്പ്രദായിക ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വക്താവായിരുന്നില്ല വിവേകാനന്ദന്‍ എന്നുറപ്പിച്ചു പറയാം. 'വരുവിന്‍, ആണുങ്ങളാകുവിന്‍. പുരോഗതിക്കെതിരായ ഈ പുരോഹിതന്‍മാരെ ചവിട്ടിപ്പുറത്താക്കുവിന്‍. അവരൊരിക്കലും നന്നാവുകയില്ല. അവര്‍ നൂറ്റാണ്ടുകളുടെ മൂഢവിശ്വാസത്തിന്റെയും പീഢനത്തിന്റെയും സന്തതികളാണ്. അവരുടെ പുരോഹിതതന്ത്രം നാടിനാപത്താണ്' എന്നു വിവേകാനന്ദന്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞത് പൗരാണികവും സാമ്പ്രദായികവുമായ ഹൈന്ദവ പൗരോഹിത്യത്തിന്റെ ജീര്‍ണമായ മുഖത്തുനോക്കിയാണ്. 


വിവേകാനന്ദന്‍ | Photo: Wiki Commons
ലോകത്തിലെവിടെയുമെന്നപോലെ ഇന്ത്യയിലും ഭൗതീകവാദവും ആധുനികശാസ്ത്രവും വികസിക്കുക വഴി, മതസങ്കല്പങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും നേരെ എയ്ത യുക്തിബോധത്തിന്റെ പ്രശ്‌നാവലികള്‍ക്ക് വിവേകാനന്ദന്റെ രംഗപ്രവേശനം വരെ പൂര്‍ണമായ മറുപടി ലഭിക്കുകയുണ്ടായില്ലെന്നു ബോസ്റ്റേണ്‍ സര്‍വകലാശാല മതപണ്ഡിതന്‍ 'അമിയോ ചക്രവര്‍ത്തി' രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെതന്നെ വാക്കുകളുദ്ധരിച്ചാല്‍, 'വിവേകാനന്ദന്‍, ശാസ്ത്രത്തിന്റെ അന്വേഷണകുതുകമായ വെല്ലുവിളികളെ സ്വീകരിച്ച്, മതത്തിന്റെയും ശാസ്ത്രത്തിന്റെയും വിശ്വാസികളോട് രണ്ടിന്റെയും അപര്യാപ്തതകള്‍ക്ക് ഉപരിയായി ഉണരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഇന്ത്യയില്‍ മതത്തെയും ശാസ്ത്രത്തെയും ഒരു പരിധിവരെ സമന്വയിപ്പിച്ചത് വിവേകാനന്ദനായിരുന്നു.' ഇത്തരത്തില്‍ ശാസ്ത്രാന്വേഷിയായ ഒരു വിവേകാനന്ദനെ, മതനിരപേക്ഷ നിലപാടുളള വിവേകാനന്ദനെ, സമകാലിക മതപണ്ഡിതരും മതാന്ധരും ബോധപൂര്‍വം തമസ്‌കരിക്കുന്നതായി കാണാം. അയഥാര്‍ത്ഥമായ ഒരു 'കാവി വിവേകാനന്ദ'നെ ഉയര്‍ത്തിക്കൊണ്ടുവന്ന്, മനുഷ്യന്റെ അറിവില്ലായ്മയെയും ചരിത്ര വിസ്മൃതികളെയും ചൂഷണം ചെയ്ത് ഫാസിസം തങ്ങള്‍ക്കുവേണ്ടി കളമൊരുക്കുന്നതിനെ തിരിച്ചറിയേണ്ടതുണ്ട്. 'എല്ലാ മതങ്ങളും ഒരുപോലെ വളരാനും വികസിക്കാനും അതുവഴി യഥാര്‍ത്ഥ ജീവിതം ശുദ്ധീകരിക്കാനും ഉള്ളതാണ് ഹൈന്ദവ സിദ്ധാന്തം' എന്നു തന്റെ ജീവിതാന്ത്യം വരെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും വിളംബരം ചെയ്തുകൊണ്ടിരുന്ന വിവേകാനന്ദന്റെ പ്രബോധനങ്ങള്‍ തന്നെയാണ് ഫാസിസത്തിനുളള ചികിത്സാ പദ്ധതി. 1892 ല്‍ അദ്ദേഹം ഗോവയിലെ കത്തോലിക്കാ മതപണ്ഡിതന്മാരില്‍നിന്ന് പ്രാചീന ക്രൈസ്തവ മതത്തിലെ ലാറ്റിന്‍ ഗ്രന്ഥങ്ങളും കൈയെഴുത്തു പ്രതികളും പഠിക്കണം എന്ന ഉദ്ദേശത്തോടുകൂടി നടത്തിയ ഗോവാ സന്ദര്‍ശനത്തെക്കുറിച്ച് വി.എസ്. സൂക്താങ്കര്‍ രേഖപ്പെടുത്തിയിട്ടുളള കാര്യങ്ങള്‍ നോക്കാം. 'അന്ന് സ്വാമികള്‍ക്ക് പഠനത്തിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ജെ.പി.അള്‍വാരീസ് എന്ന ക്രിസ്തീയ മതപണ്ഡിതനായിരുന്നു. ഗോവയിലെ പുരാതന സെമിനാരികളില്‍ ഒന്നായ റാങ്കോള്‍ സെമിനാരിയില്‍ കുറച്ചുകാലം താമസിച്ച് അവിടത്തെ വിശാലമായ ലൈബ്രറിയിലെ ക്രിസ്തുമതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ കാണിച്ച വിവേകാനന്ദന്റെ ജ്ഞാന ദീപ്തിയും വിശാല മനസ്‌കതയും കണ്ട് അവര്‍ അത്ഭുതപ്പെട്ടു.' ചരിത്രത്തിന്റെ തുറക്കപ്പെടാത്ത അടരുകളിലേക്ക് മറയപ്പെടുന്ന, അല്ലെങ്കില്‍ ബോധപൂര്‍വം വിസ്മരിക്കുന്ന ഈ വിവേകാനന്ദനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. 

മതങ്ങളുടെ ചരിത്രത്തിലെ പ്രബോധനാത്മക സന്ദേശങ്ങളില്‍ ഒരു സുപ്രധാന സന്ദേശം അദ്ദേഹം നല്‍കുന്നുണ്ട്. 'ആദ്യമായ് എനിക്ക് മനുഷ്യ ലോകത്തോട് ആവശ്യപ്പെടാനുളളത് നശിപ്പിക്കരുത് എന്ന വാക്യം അംഗീകരിക്കാനാണ്. നശിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കള്‍ ലോകത്തിന് ഒരു നന്മയും ചെയ്യുന്നില്ല. നശിപ്പിക്കാതിരിക്കുക; വലിച്ചുതാഴ്ത്താതിരിക്കുക, നേരെമറിച്ച് നിര്‍മ്മിക്കുക; ഉയര്‍ത്തുക; കഴിയുമെങ്കില്‍ സഹായിക്കുക; കഴിയില്ലെങ്കില്‍ മാറിനിന്ന് നോക്കിക്കാണുക. ഒരാളുടെയും ഉളളില്‍ തട്ടിയ വിശ്വാസത്തിനെതിരായി ഒരു വാക്കുപോലും പറയാതിരിക്കുക (വിവേകാനന്ദ സാഹിത്യ സര്‍വം Vol ii P. 421-22) ഈ പ്രഖ്യാപനം ഇന്ത്യന്‍ സാംസ്‌കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു രേഖയാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു മഹായോഗിക്ക് എങ്ങനെയാണ് ഏതെങ്കിലുമൊരു മതത്തിന്റെയോ, അതിന്റെ മാത്രം സങ്കുചിത ദര്‍ശനത്തിന്റെ തടവറയിലോ കഴിയാന്‍ പറ്റുക? മുസ്ലീം പളളികളില്‍ പോയി പ്രവാചകനായ നബിയുടെ സ്മരണയ്ക്കുമുന്നില്‍ നിസ്‌കരിക്കുകയും ക്രൈസ്തവ ദേവാലയത്തില്‍ പോയി സഹനത്തിന്റെ മൂര്‍ത്തിഭാവത്തിനു മുന്നില്‍ മുട്ടുകുത്തുകയും ബുദ്ധ ദേവാലയങ്ങളില്‍ ചെന്ന് കരുണയെയും ധര്‍മത്തെയും ശരണം പ്രാപിക്കുകയും വനാന്തരങ്ങളില്‍ ചെന്ന് സര്‍വ ഹൃദയങ്ങളെയും പ്രകാശിപ്പിക്കുന്ന പ്രപഞ്ച ഛന്ദസ്സിനെ ദര്‍ശിക്കാന്‍ ധ്യാനനിമിഗ്നനായിരിക്കുകയും ചെയ്ത്, സര്‍വ മതങ്ങളുടെ മൂല്യത്തെയും ഹൃദയത്തോട് ചേര്‍ത്ത് മനസ്സിനെ വിഹായസോളം വലുതാക്കിയ ഈ മഹായോഗിയുടെ ദര്‍ശനങ്ങള്‍ തന്നെയാണ്, ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെ തൊടുത്തുവിടേണ്ട അസ്ത്രങ്ങളായ് ഉപയോഗിക്കാന്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ അത്രമേല്‍ മതം ജീര്‍ണിച്ചിരിക്കുന്നു. കേരളീയ നവോത്ഥാനകാലത്തെ പ്രകാശ ഗോപുരങ്ങളായിരുന്ന ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി എന്നിവരെയും ഇന്ന് മതങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടിയുളള കേവല ബിംബങ്ങളായ് മാറ്റിക്കൊണ്ടിരിക്കുന്നു. 

ശ്രീനാരായണ ഗുരു | Photo: Wiki Commons

'ഭാവിയില്‍ ഉല്‍ഭവിക്കുന്ന സര്‍വമതങ്ങളെയും അംഗീകരിക്കാന്‍ ഞാന്‍ എന്റെ ഹൃദയം തുറന്നുവച്ചിരിക്കുകയാണ്. ഈശ്വരന്റെ ഗ്രന്ഥരചന സമാപ്തമായോ? ബൈബിളും, വേദങ്ങളും, ഖുറാനും മറ്റു ഗ്രന്ഥങ്ങള്‍ക്കൊണ്ടു മാത്രം ഈശ്വരന്റെ ഗ്രന്ഥരചന സമാപ്തമായോ? ഈ ഗ്രന്ഥങ്ങളെല്ലാം അതിലെ ചില ഏടുകള്‍ മാത്രം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇനിയും എണ്ണമറ്റ ഏടുകള്‍ കാലത്തിന്റെ കാറ്റില്‍ മറഞ്ഞുവരാനിരിക്കുന്നു. അതു വരത്തക്കവണ്ണം ഞാനെന്റെ ഹൃദയം തുറന്നുവയ്ക്കാന്‍ താല്പര്യപ്പെടുന്നു' (വിവേകാനന്ദ സാഹിത്യ സര്‍വം vol ii P.435) ഇങ്ങനെ, അന്ധവിശ്വാസങ്ങള്‍ക്കൊണ്ടും അനാചാരങ്ങള്‍ക്കൊണ്ടും ഇരുളടഞ്ഞ ഒരുകാലത്ത് ധീരതയോടും ഹൃദയവിശാലതയോടും കൂടി നടത്തിയ ഈ പ്രഖ്യാപനം എല്ലാ കാലത്തേക്കുമുളള മതനിരപേക്ഷ ദര്‍ശനമായി വേണം ജനാധിപത്യ വിശ്വാസികള്‍ കരുതാന്‍. ചരിത്രത്തിലെ യശോബിംബങ്ങളെ സമൂഹത്തിലെ അധമ ശക്തികള്‍ അപഹരിച്ചെടുത്ത് ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുമ്പോള്‍ പൊരുതുകയല്ലാതെ നമുക്കുമുന്നില്‍ മറ്റു പോംവഴികളില്ല. ഏതു ഭരണകൂടത്തിന്റെയായാലും മതാധിഷ്ഠിതമോ അല്ലാത്തതോ ആയ ഫാസിസ്റ്റു പ്രവണതകളും ചെറുക്കപ്പെടേണ്ടതുതന്നെ. മതവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും ദളിതനും ആദിവാസിക്കും പാരശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും അപരലിംഗത്വമുള്ളവര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെ ജീവിക്കാനുളള രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടം, ഒരു രണ്ടാം നവോത്ഥാന പോരാട്ടമായി ഉണര്‍ന്നു വരേണ്ടിയിരിക്കുന്നു. അതിനായി ഒന്നാം നവോത്ഥാനത്തിന്റെ തനിയാവര്‍ത്തനമല്ല നമുക്കാവശ്യം. അതിന്റെ അപര്യാപ്തതകളെയും ബ്രാഹ്മണിക്കല്‍ അപ്രമാദിത്വത്തെയും മറികടക്കാന്‍ കഴിയണം. അതിനാദ്യം പതിറ്റാണ്ടുകളായി മതങ്ങളുടെ തടവറയില്‍ കഴിയുന്ന നവോത്ഥാനത്തിന്റെ യശോബിംബങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. സാമൂഹിക അസമത്വങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പടപൊരുതിക്കൊണ്ട് 'ഞാനൊരു സോഷ്യലിസ്റ്റാണെ'ന്നു സ്വയം ഉദ്‌ഘോഷിച്ച വിവേകാനന്ദനെയും, ജാതിഭേദമോ മതഭേദമോ ഒന്നുമില്ലാതെ മനുഷ്യരെല്ലാം സോദരരേപ്പോലെ ജീവിക്കുന്ന ഒരു നാളെക്കുവേണ്ടി പ്രയത്‌നിച്ച ശ്രീനാരായണ ഗുരുവിനെയും, അധഃസ്ഥിതരുടെ വിമോചകനായ അയ്യങ്കാളിയെയും സഹോദരന്‍ അയ്യപ്പനെയും വിസ്മൃതിയിലാണ്ടുപോയ അനേകം നവോത്ഥാനപോരാളികളെയും പുരോഗമനശക്തികള്‍ക്ക് വീണ്ടെടുക്കാന്‍ കഴിയണം. താല്‍ക്കാലികമായ സമ്മേളന ഗാലറികളില്‍ തൂക്കിയിടാനുളള അലങ്കാരങ്ങളല്ല അവര്‍. പുതിയ കാലഘട്ടത്തിന്റെ സവിശേഷമായ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാനുളള പോരാട്ടത്തിന് നവോത്ഥാനനായകന്മാരുടെ പ്രബോധനങ്ങളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇന്ന് പുരോഗമനശക്തികളും ജനാധിപത്യവിശ്വാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദളിതരും ആദിവാസിയും നിന്ദിതരും പീഡിതരും എല്ലാം നയിക്കുന്ന ഒരു രണ്ടാം നവോത്ഥാന പ്രസ്ഥാനം ഉടലെടുക്കേണ്ട കാലം നമുക്കുമുന്നില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വിവേകാനന്ദ സാഹിത്യ സര്‍വത്തിലെ മതനിരപേക്ഷ പാഠങ്ങള്‍ അതിനു ഊര്‍ജം പകരുന്നുണ്ട്. 


സഹായഗ്രന്ഥങ്ങള്‍
 
*വിവേകാനന്ദ സാഹിത്യ സര്‍വസ്വം
*ആര്യ-ദ്രാവിഡ വിവാദവും മതനിരപേക്ഷതയും - റോമിലഥാപ്പര്‍
*വര്‍ഗീയതയും ഇന്ത്യന്‍ ദേശീയതയും - ഡോ. ധര്‍മരാജ് അടാട്ട് 
 
#outlook
Leave a comment