TMJ
searchnav-menu
post-thumbnail

Outlook

മനസ്സിലും പുറത്തും മനോഹരമായ ഓണം

27 Aug 2023   |   3 min Read
സത്യന്‍ അന്തിക്കാട് 

പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ എഴുതിയ പഴയൊരു കഥയുണ്ട്. അതിന്റെ പേര് നേര്‍വളവുകള്‍ എന്നാണ്. രണ്ട് സുഹൃത്തുക്കള്‍ ഒരു സന്ധ്യാനേരത്ത് ഒരു കുന്നിന്‍ചെരിവിലൂടെ ഇങ്ങനെ നടന്ന് വരികയാണ്. അതില്‍ ഒരാള്‍ ചെറിയ തോതില്‍ സമ്പന്നനാണ്. അയാള്‍ക്ക് രണ്ട് ലോണ് ഒരുമിച്ച് കിട്ടിയതുകൊണ്ട് കടങ്ങളൊക്കെ വീട്ടി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി, പിന്നെയും കുറേ രൂപ ബാക്കിയിരിപ്പുണ്ട്. കൂട്ടുകാരനെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി സല്‍ക്കരിച്ചിട്ടുള്ള വരവാണ്. കൂട്ടുകാരനാണെങ്കില്‍ ആകെ അസ്വസ്ഥനാണ്. അയാള്‍ക്ക് ഒരു ലോണേ കിട്ടിയിട്ടുള്ളൂ. കടങ്ങള്‍ മുഴുവന്‍ വീട്ടാന്‍ പറ്റിയിട്ടില്ല. മക്കള്‍ക്ക് ഫീസ് കൊടുക്കണം, അമ്മയ്ക്ക് മരുന്ന് വാങ്ങണം. ഒന്നിനും പണം തികയുന്നില്ല. അവര് നടന്ന് നടന്ന് കുന്നിന്‍മുകളിലെത്തിയപ്പോള്‍ ദൂരെ സന്ധ്യയിലെ ആകാശം, പോക്കുവെയിലില്‍ പ്രകാശിക്കുന്ന മേഘങ്ങളെ നോക്കിയിട്ട് സമ്പന്നന്‍ പറഞ്ഞു, എന്തൊരു ഭംഗി, സ്വര്‍ണരോമങ്ങളുള്ള കുഞ്ചിരോമങ്ങളും പറപ്പിച്ച് പാഞ്ഞുപോകുന്ന കുതിരകളെപ്പോലെയില്ലേ. അതേ കാഴ്ചകണ്ട് നിര്‍വികാരനായി കൂട്ടുകാരന്‍ പറഞ്ഞു, എനിക്ക് കുതിരകളെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോ, കടം വീട്ടാത്തത് കൊണ്ടായിരിക്കും. രണ്ടുപേരും കണ്ടത് ഒരേ മേഘങ്ങളെയാണ്, പക്ഷേ, അവരുടെ മാനസികാവസ്ഥകള്‍ വ്യത്യസ്തമായിരുന്നു. ഈ കഥയുടെ സാരാംശം ഇത്രയേയുള്ളൂ. നമ്മുടെ ആനന്ദം കണ്ടെത്തുന്നത് നമ്മുടെ മനസ്സാണ്. അവിടെ സമാധാനമില്ലെങ്കില്‍ സന്ധ്യയ്ക്കും നിലാവിനും മഴയ്ക്കും ഒന്നും ഒരു ഭംഗിയുമുണ്ടാവില്ല. ഓണവും അതുപോലെതന്നെയാണ്. നമുക്ക് മനസ്സമാധാനത്തോടു കൂടി ഓണത്തെ നേരിടാന്‍ പറ്റുമ്പോഴാണ് ഓണത്തിന് സൗന്ദര്യം കൂടുന്നത്. മനസ്സില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ നിറഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ഓണം വന്നുപോകുന്നതും വിഷു പോകുന്നതുമൊന്നും അവരെ ബാധിക്കുകയേ ഇല്ല.

എനിക്ക് എന്റെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ കുട്ടിക്കാലത്തേതാണ്. അന്തിക്കാട്ടെ കുട്ടിക്കാലത്ത് അന്ന് ഓണത്തിനുവേണ്ടി കാത്തിരിക്കുമായിരുന്നു. അന്ന് ഗ്രാമങ്ങള്‍ കുറച്ചുകൂടി വിശാലമായിരുന്നു. ദൂരെ ദൂരെ ഒറ്റപ്പെട്ട വീടുകളേ കാണൂ. അവയ്ക്കിടയില്‍ വലിയ പറമ്പുകള്‍ ഉണ്ടാകും. അവയില്‍ നിറയെ പൂക്കളും കുളങ്ങളും ഉണ്ടാകും. പൂപറിച്ചും, ഊഞ്ഞാലാടിയും നീന്തിക്കളിച്ചും ഒക്കെയുളള ഓണക്കാലമായിരുന്നു അന്ന്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതിരുന്നതുകൊണ്ട് മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള സമയവും കിട്ടിയിരുന്നു. പിന്നീട് സിനിമ പഠിക്കാന്‍ മദ്രാസില്‍ പോയ കാലത്ത് ഓണം വന്ന് പോകുന്നത് ഞാന്‍ അറിഞ്ഞിട്ടേയില്ല, കാരണം മനസ്സ് മുഴുവന്‍ സിനിമയാണ്. എങ്ങനെയെങ്കിലും ഇത് പഠിച്ചെടുക്കണം. എപ്പഴെങ്കിലും ഒരു സംവിധായകനാകണം. അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി എന്ന് പറയുന്നത്, അന്ന് ഇന്നത്തെക്കാള്‍ ഒരുപാട് കൂടുതലാണ്. ടെക്‌നോളജി ഇത്രയ്ക്ക് വികസിക്കാത്തതുകൊണ്ട് ഫിസിക്കല്‍ അധ്വാനം ഒരുപാട് കൂടുതല്‍ വേണ്ട കാലമാണ്. അപ്പോ സ്റ്റുഡിയോകളിലും എഡിറ്റ് റൂമുകളിലുമൊക്കെയാണ് കൂടുതലും സമയം ചെലവഴിച്ചത്. അതിന്റെ തിരക്കുകളും വേവലാതികളും. ഇടയ്ക്കെപ്പോഴെങ്കിലും ഒന്ന് ഉണ്ണാനിരിക്കുമ്പോള്‍, മെസ്സില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍, ഇലയില്‍ ചോറ് വിളമ്പും. എന്താ ഇന്ന് ഇലയില്‍ ചോറ് എന്ന് ചോദിക്കുമ്പോഴാണ് ഓണമാണ് എന്ന് അറിയുന്നത്. അപ്പോഴാണ് ഓണം ഇന്നാണല്ലോ എന്ന് മനസ്സിലാകുന്നത്. നിറങ്ങളൊന്നുമില്ലാത്ത ഒരു ഓണക്കാലമായിരുന്നു അത്.

പിന്നീട് സ്വതന്ത്ര സംവിധായകനാകുകയും നാട്ടില്‍ സ്ഥിരതാമസമാക്കുകയും ചെയ്തപ്പോള്‍ ഓണത്തിന് വീണ്ടും ജീവന്‍വയ്ക്കുകയും നിറങ്ങള്‍ ഉണ്ടാവുകയും ചെയ്തു.  ഓണക്കാലത്തിനുവേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. അന്നത്, ഓണം സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ഓണക്കാലത്ത് ഏത് സിനിമയാണ് റിലീസ് ചെയ്യുന്നത്, അതിലേതാണ് വിജയിക്കുന്നത് എന്നൊക്കെ അറിയാനുള്ള ഒരു ആകാംക്ഷയാണ്. ചിലപ്പോ ഷൂട്ടിംഗ് തുടങ്ങുമ്പോത്തന്നെ, എപ്പഴാ റിലീസ് അത് ഓണത്തിനാണ്. അപ്പോഴും ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍. എന്റെ പല സിനിമകളും ഓണക്കാലത്ത് റിലീസ് ചെയ്തതാണ്. തലയണമന്ത്രമൊക്കെ തിരുവോണത്തിന് റിലീസ് ചെയ്തതാണ്. ഓണക്കാലത്ത് തിയേറ്ററിന്റെ മുന്നില്‍ ആള്‍ക്കൂട്ടം കാണുമ്പോ വാക്കുകള്‍ കൊണ്ട് പറയാനറിയാത്ത വല്ലാത്തയൊരു സന്തോഷവും സൗന്ദര്യവും ഉണ്ടാകാറുണ്ട്. അങ്ങനെ ഓണച്ചിത്രങ്ങളുടെ റിലീസ് കാലത്ത് മധുരം കൂടുതലാണ്.


REPRESENTATIONAL IMAGE | PHOTO: WIKI COMMONS
ഓണക്കാലത്ത് ഷൂട്ടിംഗും ഉണ്ടാകാറുണ്ട്. ഞാന്‍ പണ്ടും പറഞ്ഞിട്ടുള്ള കാര്യമാണ്, മഴവില്‍ക്കാവടി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് ഒറ്റപ്പാലം ഭാഗത്തൊക്കെയാണ്. അന്നൊന്നും ഓണക്കാലത്ത്  ഷൂട്ടിംഗ് മുടക്കില്ല. കാരണം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ളതാണ്. അവരുടെ ഡേറ്റ്സ് ഒക്കെ പ്രശ്നമാകും. അതുകൊണ്ട് ഓണം ആഘോഷിക്കുന്നതൊക്കെ സെറ്റിലാണ്. അന്ന് മഴവില്‍ക്കാവടിയുടെ ഷൂട്ട് ഒരു പറമ്പിലാണ് നടക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചെത്താനായിട്ട് തെങ്ങില്‍ കയറുമ്പോ ഇന്നസെന്റും പറവൂര്‍ ഭരതനും ഒക്കെ ചുറ്റുംകൂടി വളയുന്നതും ചോദ്യം ചെയ്യുന്നതും അയാളുടെ മകളുടെ കല്യാണം മുടക്കിയതിനെപ്പറ്റി ഭീഷണിപ്പെടുത്തുന്നതും ഒക്കെയാണ് ഷൂട്ട് ചെയ്യുന്നത്. ശങ്കരാടിയും ഇന്നസെന്റും ജയറാമും ഒക്കെക്കൂടിയുള്ള വലിയ കോമ്പിനേഷന്‍ സീനാണ്. അത് എടുത്തെടുത്ത് വരുമ്പോ ഉച്ചനേരമായി. അന്ന് കാരവന്‍ ഒന്നുമില്ലല്ലോ. ഇനി വേറെയേതെങ്കിലും വീടുകളിലൊക്കെ ചെന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാല്‍ സമയവുംപോകും. അപ്പോ എല്ലാവരും പറഞ്ഞു, നമുക്ക് ഇവിടെത്തന്നെ ഇരിക്കാം. അവിടെ നല്ല പച്ച മരങ്ങളും തണലും ഒക്കെയുണ്ട്. അവിടെത്തന്നെ ഇലവെട്ടി പായപോലെ ഇട്ട് നിലത്തിരുന്നിട്ടാണ് അന്നത്തെ ഓണസദ്യ ഉണ്ടത്. അത് ഭയങ്കര രസകരമായിരുന്നു. ഒടുവിലും ശങ്കരാടിയും ഇന്നസെന്റും ജയറാമും ഒക്കെ കൂടിയിട്ടുള്ള വെറുതെ തുറന്ന പറമ്പിലിരുന്നുള്ള ഓണസദ്യ. ഒടുവില്‍ അന്ന് തമാശയൊക്കെ പറഞ്ഞത് ഓര്‍മയുണ്ട്. ഒരു നല്ല നായരായ എന്നെ സത്യന്‍ ഈ തിരുവോണത്തിന്റെ ദിവസം ചെത്തുകാരനാക്കി തെങ്ങിന്മേല്‍ കയറ്റി എന്നൊക്കെ പറഞ്ഞ് കളിയാക്കുകയൊക്കെ ചെയ്തു.

പിന്നെ ഒരു ഓണ ഓര്‍മ,  ഓണക്കാലമല്ലാത്ത ഒരു സമയത്ത് ഓണം ആഘോഷിച്ചു എന്നതാണ്. അത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ സമയത്താണ്. കോയമ്പത്തൂരായിരുന്നു ഷൂട്ടിംഗ്. ആടിമാസം, കര്‍ക്കിടകമാസക്കാലത്ത് കല്യാണങ്ങള്‍ ഉണ്ടാകില്ലല്ലോ, തമിഴ്നാട്ടില്‍ പ്രത്യേകിച്ചും.  അങ്ങനെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു കല്യാണമണ്ഡപത്തിലാണ് അന്ന് സെറ്റ് ഇട്ടിരുന്നത്. ഒരു ഫ്ളാറ്റിന്റെ ഇന്റീരിയര്‍ ആണ് സെറ്റിട്ടിരുന്നത്. കര്‍ക്കിടക മാസത്തിലാണ് ഷൂട്ട് മുഴുവന്‍ നടന്നത്. കഴിയുമ്പോഴേക്ക് ചിങ്ങം വരാറായി, ഓണം വരാറായി. അന്ന് ഞാന്‍ സൗന്ദര്യയോട് പറഞ്ഞു, 'ഓണം എന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് വലിയ ആഘോഷമാണ്. കുറച്ചുനാള്‍ കഴിഞ്ഞായിരുന്നു ഷൂട്ടിംഗ് എങ്കില്‍ നമുക്ക് ഒരു ഓണസദ്യയൊക്കെ ഉണ്ണാമായിരുന്നു'. അപ്പോള്‍ സൗന്ദര്യ എന്നോട് പറഞ്ഞു, 'എന്നാ എനിക്ക് വേണ്ടി നിങ്ങള് പ്രത്യേകമായിട്ട് ഒരു ഓണസദ്യ ഉണ്ടാക്കിത്തരുമോ'? എന്ന്. അപ്പോ  അങ്ങനെ കര്‍ക്കടകമാസത്തില്‍ സൗന്ദര്യയ്ക്കുവേണ്ടി അന്ന് ഞങ്ങള്‍ അവിടെ ഓണസദ്യ ഒരുക്കുകയും എല്ലാവരുംകൂടി ഇലയിട്ട് ഭക്ഷണം കഴിക്കുകയും, പായസം കുടിക്കുകയും ഒക്കെ ചെയ്തതാണ് ആ ഒരോണക്കാലത്തിന്റെ ഓര്‍മ.

ഓണം ഇങ്ങനെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും ഒക്കെ വ്യത്യസ്തമായ വികാരങ്ങളാണ് എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത്. പ്രത്യേകിച്ചും ഇപ്പോ, ഇത്തവണത്തെ വലിയ സങ്കടം എന്ന് പറയുന്നത്, കഴിഞ്ഞ ഓണക്കാലത്ത് ഉണ്ടായിരുന്ന എന്റെ ഏറ്റവും നല്ല രണ്ട് സുഹൃത്തുക്കള്‍ ഈ ഓണക്കാലത്ത് ഇല്ല എന്നതാണ്.  ഇന്നസെന്റും മാമുക്കോയയും. കഴിഞ്ഞ ഓണത്തിന് അവരുമായിട്ട് സംസാരിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ അതൊരു വലിയ നഷ്ടമായിട്ട് തോന്നാറുണ്ട്. ഇങ്ങനെ വലിയ സന്തോഷവും വലിയ സങ്കടവുമൊക്കെ ഇടകലര്‍ന്നതാണെങ്കിലും ഓണത്തെ ഞാന്‍ പോസിറ്റീവായിട്ടാണ് കാണുന്നത്. കാരണം കേരളത്തിന് ഓണമാണ് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഒക്കെ അതീതമായിട്ടുള്ള ഒരു ആഘോഷം എന്ന് പറയുന്നത്. എല്ലാ മലയാളികളുടെയും ആഘോഷം.


#outlook
Leave a comment