TMJ
searchnav-menu
post-thumbnail

Outlook

കൂടൽമാണിക്യത്തിലെ ജാതി താമരമാല

17 Mar 2025   |   3 min Read
ഡോ. അമൽ സി രാജൻ

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി ജോലിയിൽ പ്രവേശിച്ച ബി എ ബാലു എന്ന യുവാവ് ക്ഷേത്രം തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ജോലിയിൽനിന്നും മാറ്റിനിർത്തപ്പെട്ട സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈഴവനായ ബാലുവിനെ മാറ്റി  മാല കെട്ടുന്ന "പാരമ്പര്യ കഴകകുടുംബത്തിലെ അംഗത്തെ" നിയമിക്കണമെന്നായിരുന്നു തന്ത്രിമാരുടെ ആവശ്യം. ആചാരലംഘനം നടന്നിരിക്കുന്നതിനാൽ ഇനി പ്രതിഷ്ഠാദിനം ഉൾപ്പെടെയുള്ള ചടങ്ങുകൾ ചെയ്യുന്നത് നിരർത്ഥകമാണെന്നും അതുകൊണ്ട് പൂജകൾ ബഹിഷ്ക്കരിക്കുകയാണെന്നും ദേവസ്വത്തിനു നൽകിയ കത്തിൽ തന്ത്രിമാർ പറയുന്നു. കത്തും ബാലുവിനെ മാറ്റി നിർത്തിയ നടപടിയും വിവാദമായതിനെ തുടർന്ന് കൂടൽമാണിക്യത്തിലേത് ജാതിപ്രശ്നമല്ലെന്നും പാരമ്പര്യ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ തൊഴിൽ പ്രശ്നമാണെന്നുമുള്ള തെറ്റായ പ്രചരണവുമായി ഹിന്ദുത്വവാദികൾ രംഗത്തെത്തി. ബ്രാഹ്മണതന്ത്രിമാർക്ക് പിന്തുണയുമായി യോഗക്ഷേമസഭയും വാര്യർ സമാജവുമെല്ലാം നിലകൊള്ളുകയാണ്. "ഈഴവ വിഭാഗത്തിൽപ്പെട്ടയാളെ നിയമിച്ചതല്ല, കാരാണ്മാ അവകാശമുള്ള വിഭാഗത്തെ നീക്കിയതാണ് പ്രശ്നം " എന്ന് യോഗക്ഷേമസഭ പത്രക്കുറിപ്പിൽ പറയുന്നു. എന്താണ് കൂടൽമാണിക്യത്തിലെ യഥാർത്ഥ പ്രശ്നമെന്നത് ഒളിച്ചുവെച്ചാണ് ഇത്തരം പ്രചാരണങ്ങളും പ്രസ്താവനകളും.

ജാതി പ്രശ്നമോ തൊഴിൽ സമരമോ?

തങ്ങളുടെ കീഴിൽ നാലു വർഷത്തിലധികമായി മാല കെട്ടുന്ന ജോലി ചെയ്തുവരുന്ന  കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ കാരാണ്മക്കാരനെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടതിലുള്ള പ്രതിഷേധം മാത്രമാണ് തന്ത്രി സമരത്തിനു കാരണമെന്ന് തന്ത്രി പക്ഷക്കാർ പറയുന്നു. ആരാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ എന്നന്വേഷിച്ചാൽ ഈ വാദത്തിൻ്റെ പൊള്ളത്തരം മനസ്സിലാകും. നിയമപ്രകാരം കാരാണ്മാ അവകാശം സമുദായത്തിനുള്ളതല്ല, മറിച്ച് കുടുംബങ്ങൾക്കുള്ളതാണ്. കൂടൽമാണിക്യത്തിലെ മാലക്കഴകത്തിന് കാരാണ്മയുള്ളത് മൂന്നു കുടുംബങ്ങൾക്കാണ്. രണ്ടു പിഷാരോടി കുടുബങ്ങൾക്കായി പത്തുമാസവും തെക്കേവാര്യം എന്ന കുടുംബത്തിന് രണ്ടു മാസവുമാണ് കാരാണ്മയുള്ളത്. മേൽപ്പറഞ്ഞ പാരമ്പര്യകുടുംബക്കാർ എഴുപതുകളുടെ അവസാനമാകുമ്പോഴേക്കും കാരാണ്മക്ക് വരാതാകുകയും 1984-ൽ കാരാണ്മ അവസാനിപ്പിക്കുന്നതായി ദേവസ്വത്തെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് നമ്പീശൻ സമുദായത്തിൽപ്പെട്ട വി പി രാമചന്ദ്രൻ  എന്ന വ്യക്തിയെ ദേവസ്വംബോർഡ് മാല കെട്ടു ജോലിയിൽ നിയമിച്ചു. ഇദ്ദേഹം ഈ തസ്തികയിൽ നിന്നും 2020-ലാണ് വിരമിക്കുന്നത്. അതേ തുടർന്ന് ആ ഒഴിവിലേക്ക് ഒരു താല്ക്കാലിക ജീവനക്കാരനെ നിയമിച്ചു. 2023 ൽ കഴകം തസ്തികയിൽ ഒഴിവുള്ള വിവരം ദേവസ്വം ഭരണസമിതി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. രാമചന്ദ്രൻ  വിരമിച്ച ശേഷം താല്ക്കാലിക ഒഴിവിൽ ജോലി ചെയ്തിരുന്ന രഞ്ജിത്ത് കെ വി യും പാരമ്പര്യ കഴകം കാരാണ്മാ കുടുംബത്തിലെ അംഗമല്ല, ഇദ്ദേഹം വടക്കേ വാര്യം കുടുംബാംഗമാണ്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ 40 വർഷത്തിലധികമായി കൂടൽമാണിക്യം ക്ഷേത്രത്തിൽ മാലകെട്ട് ജോലി ചെയ്തു വരുന്നത് പാരമ്പര്യ കാരാണ്മക്കാരല്ല. മറിച്ച് പാരമ്പര്യാവകാശമില്ലാത്തവരും നമ്പീശൻ, വാര്യർ സമുദായങ്ങളിൽ ജനിച്ചവരുമായ വ്യക്തികളാണ് ഈ ജോലി ചെയ്യുന്നത്. ഇതിനിടയിൽ തെക്കേ വാര്യത്തിൻ്റെ അപേക്ഷ പ്രകാരം അവരുടെ രണ്ടു മാസത്തെ കാരാണ്മാ അവകാശം തിരിച്ചു നൽകുകയുമുണ്ടായി.

കൂടൽമാണിക്യം ക്ഷേത്രം | PHOTO: WIKI COMMONS
സവർണ സമുദായക്കാർക്കു പകരം ഈഴവ സമുദായത്തിൽ ജനിച്ച ബാലു ജോലിക്കു കയറിയതാണ് തന്ത്രിമാർക്ക് പ്രശ്നമായത്. തന്ത്രിമാരുടെ പ്രശ്നം ജാതിയാണ്; അല്ലാതെ കാരാണ്മയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വസ്തുതകൾ.

ആരാണ് തന്ത്രിമാർ?

സാധാരണയിൽ നിന്നും വ്യത്യസ്തമായി ആറ് കുടുംബങ്ങൾക്കാണ് ഇവിടെ താന്ത്രിക അവകാശം. ആദ്യകാലങ്ങളിൽ തരണനെല്ലൂര്‍, അണിമംഗലം എന്നീ രണ്ടു മനകള്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തരണനെല്ലൂര്‍ മനക്കാർ, നെടുമ്പുള്ളിമന, കിടങ്ങശ്ശേരി മന, കിഴക്കേമന,പടിഞ്ഞാറേ മന, എന്നിങ്ങനെ നാലു ശാഖകളായി പിരിഞ്ഞു. ഇവർ നാലുകൂട്ടരും താന്ത്രികാവകാശവും നേടിയെടുത്തു. അണിമംഗലം മന ഉൾപ്പെടെ അഞ്ചു തന്ത്രിമാരായി.  ക്ഷേത്രം അധികാരികളുടെ തീരുമാനപ്രകാരം പിന്നീട് നകരമണ്ണ് മനയേയും തന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇങ്ങനെ ആകെ ആറു കുടുംബങ്ങള്‍ക്ക് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രാവകാശമുണ്ട്. ഈ ആറു കുടുംബങ്ങളിലും തന്ത്രി സ്ഥാനത്തിന് അർഹരായ അഞ്ചോ അതിലധികമോ വ്യക്തികൾ വീതമുണ്ടെന്ന് തന്ത്രികുടുംബക്കാർ പറയുന്നു. മുപ്പതോളം പേർ തന്ത്രി സ്ഥാനത്തിന് അവകാശികളായി കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടെന്നു ചുരുക്കം.

തന്ത്രിസ്ഥാനം പാരമ്പര്യമായി മാത്രം ലഭിക്കുന്ന ഒന്നാണെന്ന വാദം നിലനില്ക്കില്ലെന്ന് നകരമണ്ണ് മനയെ തന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയ നടപടിയിൽ നിന്നും വ്യക്തമാണല്ലോ. ക്ഷേത്രം അധികാരികൾക്ക് തന്ത്രിയിലെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള പരമാധികരമുണ്ടെന്നതാണ് വസ്തുത. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ തരണല്ലുർ മനക്കാരെ ഉമയമ്മ റാണി തന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതിൻ്റെ വിവരങ്ങൾ മതിലകം രേഖകളിലുണ്ട് (ചുരുണ 2303 ഓല 189, 190). തന്ത്രിമാർ ദേവൻ്റെ പിതാവോ ജീവദാതാവോ അല്ല മറിച്ച് ക്ഷേത്രം അധികാരികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മാത്രമാണ്. ഇക്കാര്യം ദേവസ്വം നിയമങ്ങളിലും വ്യക്തമാണ്. എന്നിട്ടും നിയമവിരുദ്ധമായി പ്രവർത്തിച്ച തന്ത്രിമാർക്കെതിരെയോ തന്ത്രിമാരുടെ ആവശ്യത്തിന് കീഴടങ്ങി ബാലുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയവർക്കെതിരെയോ യാതൊരു അച്ചടക്ക നടപടിയും ഈ ലേഖനമെഴുതുന്ന സമയത്തും ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

REPRESENTATIVE IMAGE | WIKI COMMONS
ബ്രാഹ്മണർ പ്രത്യേക ജനുസ്സ്

എന്തുകൊണ്ടാണ് തന്ത്രിമാർക്കെതിരെ നടപടി വരാത്തത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ബ്രാഹ്മണർ ജന്മനാൽതന്നെ ശ്രേഷ്ഠരും ഭൂമിയിലെ ദൈവങ്ങളുമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ "മുൻവിപ്ലവകാരികൾ" പോലുമുണ്ട്. മുൻ ദേവസ്വംമന്ത്രി നടത്തിയ ബ്രാഹ്മണപ്രശംസ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, സമൂഹത്തിലെ ഒരു വിഭാഗത്തിൻ്റെ തന്നെ മനോഭാവമാണ്. ദേവസ്വം അധികാരികളിലും ഈ മനോഭാവം വച്ചുപുലർത്തുന്നവർ ധാരാളമുണ്ട്. മലയാളബ്രാഹ്മണർ ഒരു പ്രത്യേകക്ലാസ്സാണെന്ന് കോടതി മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ച ചരിത്രവും ഇക്കൂട്ടർക്കുണ്ട്. കായികാധ്വാനം നടത്താൻ സാധിക്കാത്തവിധം ജനിതക പ്രത്യേകതകളുള്ള ശ്രേഷ്ഠരായ മനുഷ്യരാണ് ബ്രാഹ്മണർ എന്നു വിശ്വസിക്കുന്ന ബ്രാഹ്മണദാസ്യം സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളംകാലം കായികമായി അധ്വാനിക്കുന്ന ജോലികൾ ചെയ്യുന്ന അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട മനുഷ്യർ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും. ബാലുവിൻ്റെ നിയമനം ഏതുവിധേനയും തടയാൻ ബ്രാഹ്മണ്യം ശ്രമിക്കുമെന്ന കാര്യം വ്യക്തമാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ് താമരമാല. ഇത്രയും കാലം കൂടൽമാണിക്യം ഭരതന് ചാർത്തിയിരുന്നത് സവർണസമുദായങ്ങൾ കെട്ടുന്ന താമരമാലയാണ്. ആ 'ജാതിശുദ്ധി' നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇപ്പോൾ സവർണവിഭാഗങ്ങളെ അലട്ടുന്നത്. താമരമാല കെട്ടുന്ന ജോലിക്ക് വിയർപ്പൊഴുക്കി ജോലി ചെയ്യുന്ന  അവർണ വിഭാഗത്തിൽ ജനിച്ച ഒരാൾ നിയമിതനായിരിക്കുന്നു. ഈഴവൻ കെട്ടിയ താമരമാലയും കൈകൊണ്ടു തൊട്ട പൂജാപുഷ്പങ്ങളും ബ്രാഹ്മണർക്കശുദ്ധ വസ്തുക്കളാണ്. ആര്  ചെളിയിലിറങ്ങി കൃഷിചെയ്തു വിരിയിച്ചതാണീ താമരപ്പൂക്കൾ എന്നു ചിന്തിക്കാനുള്ള കഴിവ് കൂടൽമാണിക്യത്തിലെ ബ്രാഹ്മണ തന്ത്രിമാർക്കുണ്ടാവുന്ന കാലം വരുമോ? അതിനുള്ള സാധ്യത വിദൂരമാണ്. അതാണ് ചരിത്രം.

കാലിക്കറ്റ്‌ സർവകലാശാലയിലെ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആണ് ഗവേഷകനും പ്രഭാഷകനുമായ ലേഖകൻ.







#outlook
Leave a comment