TMJ
searchnav-menu
post-thumbnail

Outlook

ഭീതിയുടെ അതിശൈത്യത്തില്‍ മാധ്യമങ്ങളെ തളച്ചിടുന്ന കേന്ദ്ര സര്‍ക്കാര്‍

05 Oct 2023   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

ഭീതിയുടെയും ദുരധികാരത്തിന്റെയും അതിശൈത്യത്തില്‍ മാധ്യമ മേഖലയെ തളച്ചിടുന്ന പ്രവര്‍ത്തിയാണ് newsclick എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൈക്കൊണ്ടതെന്ന വിലയിരുത്തല്‍ വ്യാപകമാണ്. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ദ ഹിന്ദു, ദ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രങ്ങളിലെ എഡിറ്റോറിയലുകളില്‍ 'chilling' എന്ന വാക്ക് മുന്നിട്ടു നില്‍ക്കുന്നു. ന്യൂസ്‌ക്ലിക്ക് എന്ന സ്ഥാപനത്തിന് എതിരെ കുറ്റകരമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതു സംബന്ധിച്ച അന്വേഷണം നടത്തുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ അത് നിയമാനുസൃതം ആയിരിക്കണം എന്ന കാര്യം ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി ഈ വിഷയത്തില്‍ എഡിറ്റോറിയല്‍ എഴുതിയ പ്രമുഖ ദിനപത്രങ്ങള്‍ എല്ലാം അഭിപ്രായപ്പെടുന്നു.

ന്യൂസ്‌ക്ലിക്ക് എന്ന സ്ഥാപനത്തിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും രണ്ടു വര്‍ഷത്തിലധികമായി അന്വേഷണം നടത്തുകയാണ്. സ്ഥാപനത്തിന്റെ നിക്ഷേപമടക്കമുള്ള  സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ അന്വേഷണ ഏജന്‍സികളുടെ കൈവശം ലഭ്യമാണ്. എന്നാല്‍ ഇരു ഏജന്‍സികളും ഇതുവരെ ന്യൂസ്‌ക്ലിക്കിന് എതിരെ കുറ്റപത്രമൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നു ദ ഹിന്ദു ചൂണ്ടിക്കാണിക്കുന്നു. എന്നു മാത്രമല്ല ന്യൂസ്‌ക്ലിക്കിന്റെ പത്രാധിപരായി പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്യരുതെന്നും സ്ഥാപനത്തിന് എതിരെ ബലപ്രയോഗകരമായ നടപടികള്‍ സ്വീകരിക്കരുതെന്നും ഇ ഡിക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു.

നിയമപരമായ ഈ പരിരക്ഷകളെല്ലാം കാറ്റില്‍ പറത്തുന്ന സമീപനമാണ് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് വിഭാഗം സ്വീകരിച്ചതെന്ന് കഴിഞ്ഞ ദിവസത്തെ നടപടികള്‍ വെളിവാക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പായി ഈ സംഭവത്തെ കാണേണ്ടി വരും.


പ്രബീര്‍ പുരകായസ്ത 
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയെയും സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുവെന്നതിന് പുറമെ അവര്‍ക്ക് എതിരെ ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പോലും ഇതുവരെ അവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം അങ്ങേയറ്റം ഖേദകരമാണ്. അമേരിക്കന്‍ പൗരനും തമിഴ് വംശജനുമായ നെവില്‍ റോയ് സിംഗാമില്‍ നിന്നും 38 കോടി കൈപ്പറ്റി എന്ന് ആരോപിച്ചാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്. ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് പണം പറ്റിയതെന്നും അതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് മറ്റുള്ള ആരോപണം. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയും സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം പരിശോധന നടത്തുകയും ചെയ്തു.

മാധ്യമ വേട്ട:

2023 ലെ പ്രസ്സ് ഫ്രീഡം ഇന്റക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് 161 ആണ്. 2016 ല്‍ ഇത് 133 ആയിരുന്നു. പിന്നീടിങ്ങോട്ട് സ്ഥിരതയോടെ കുറഞ്ഞു വരുന്ന ഒരു പ്രതിഭാസമായി ഇന്ത്യയുടെ പ്രസ്സ് ഫ്രീഡം ഇന്റക്സ് മാറിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്താനെക്കാളും അഫ്ഗാനിസ്ഥാനെക്കാളും ശ്രീലങ്കയെക്കാളും ഒക്കെ പുറകിലായാണ് ഇന്ത്യയുടെ സ്ഥാനം. പാര്‍ലമെന്റില്‍ മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ അനുരാഗ് ഠാക്കൂറും, സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഒരു 'വിദേശ' അന്താരാഷ്ട്രസംഘടനയുടെ പ്രസ്സ് ഫ്രീഡം ഇന്റക്‌സിനെ വിശ്വസിക്കാനാവില്ലെന്നു നിലപാട് പുലര്‍ത്തുന്നവരാണ്.

2016 മുതല്‍ ED രാഷ്ട്രീയക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ നാല് മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്, അതില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെയാണ്. ഈ വസ്തുതകളാണ് യൂണിയന്‍ ഗവണ്മെന്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനം. രാഷ്ട്രീയക്കാര്‍ക്കെതിരെ മാത്രമല്ല, 2018 നു ശേഷം മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ/മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 44 കേസുകളാണ്. ഇതില്‍ 20 ഓളം കേസുകള്‍ NIA യുമായും 15 ഓളം കേസുകള്‍ ED യുമായും 9 ഓളം കേസുകള്‍ IT ഡിപ്പാര്‍ട്ടുമെന്റായും ബന്ധപ്പെട്ടതാണ്. മാധ്യമ സ്ഥാപനങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത് എന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ നടപടിയെടുക്കപ്പെട്ടിട്ടുള്ളവരില്‍ ഭൂരിപക്ഷവും സ്വതന്ത്ര മാധ്യമനിലപാടുകള്‍ ഉള്ളവരാണ്.



NIA യുടെ മാധ്യമ ഇടപെടലുകള്‍:

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ 12 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ NIA കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷക സമരം സിഖ് കലാപം എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി കര്‍ഷക കലാപമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് ബാല്‍ തേജ് പന്നു എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനു NIA അന്വേഷണം നേരിടേണ്ടിവന്നത്. CAA-NRC സമരത്തിന്റെ പശ്ചാത്തലത്തില്‍ ആസ്സാമില്‍ അഖില്‍ ഗൊഗോയ് എന്ന ആക്ടിവിസ്റ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ മനാഷ് ബറുവ എന്ന ഡിജിറ്റല്‍ ജേര്‍ണലിസ്റ്റിനെ NIA നിരവധി തവണ ചോദ്യം ചെയുകയുണ്ടായി. മണിപ്പൂരില്‍ നിരോധിക്കപ്പെട്ട UNLF എന്ന സംഘടനയുമായി ബന്ധപെട്ട ആരോപണത്തില്‍ 3 ജേര്‍ണലിസ്റ്റുകളെ NIA അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരില്‍ 'ഗ്രേറ്റര്‍ കശ്മീര്‍' എന്ന മാധ്യമസ്ഥാപനം ഒട്ടേറെ തവണ NIA റെയ്ഡ് ചെയ്തിട്ടുണ്ട്. മൂന്ന് ജേര്‍ണലിസ്റ്റുകളെ പലപ്പോഴായി ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാധ്യമ ഇടപെടല്‍

കഴിഞ്ഞ കൊല്ലമാണ് നാഷണല്‍ ഹെറാള്‍ഡ് ഓഫീസുകള്‍ ED റെയ്ഡ് ചെയ്തത്, തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ചോദ്യം ചെയ്തു. ഹത്രസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനാണ് മലയാളിയായ സിദ്ദിഖ് കാപ്പനെ UAPA ചുമത്തി ഉത്തര്‍പ്രദേശ് ജയിലിലടച്ചത്. 850-ാം ദിവസം ജാമ്യം കിട്ടിയപ്പോഴാണ് ED കേസ് വരുന്നതും ജയിലില്‍ തുടരേണ്ടി വന്നതും. ദി ക്വിന്റ്, ന്യൂസ് ലോണ്ടറി, ദി പ്രിന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ED റെയ്ഡുകള്‍ നേരിടേണ്ടി വന്നിരുന്നു. ഗുജറാത്ത് കലാപത്തെ പറ്റി പഠനം നടത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തക റാണ അയൂബ്ബിനെതിരെയും ED കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


റാണ അയൂബ്ബ് | PHOTO: INSTAGRAM
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ മാധ്യമ ഇടപെടലുകള്‍

ക്വിന്റ് മീഡിയ ഹൗസ് ഫൗണ്ടേഴ്സ് ആയ രാഘവ് ബാല്‍, റിതുകുമാര്‍ എന്നിവരുടെ വീട്ടിലും ഓഫീസിലും 22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡും HW news network ന്റെ ഓഫീസില്‍ 50 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡും ആണ് IT ഡിപ്പാര്‍ട്‌മെന്റ് നടത്തിയത്. അതുപോലെ ന്യൂസ് ലോണ്ടറി എന്ന മാധ്യമസ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയുണ്ടായി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച അനാസ്ഥക്കെതിരെ വാര്‍ത്ത കൊടുത്തതിനു ശേഷമാണ് ദൈനിക് ഭാസ്‌കര്‍ എന്ന പത്രത്തിന്റെ ഓഫീസുകളില്‍ IT ഡിപ്പാര്‍ട്‌മെന്റ് റെയ്ഡ് നടന്നത്.

ആള്‍ട് ന്യൂസ് പോലുള്ള ഫാക്ട് ചെക്കിങ് മീഡിയ സ്ഥാപനങ്ങളും ഇക്കാലയളവില്‍ സര്‍ക്കാര്‍ നടപടികള്‍ നേരിട്ടിരുന്നു. ആള്‍ട് ന്യൂസിലെ സുബൈര്‍ ജയില്‍വാസം അനുഭവിച്ചത് എന്നോ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ്. കേരളത്തിലെ മീഡിയവണ്‍ ചാനലിന് സംപ്രേക്ഷണാവകാശം നഷ്ടപ്പെട്ടതിന്റെ കാരണം ആ ചാനലിന് ഇപ്പോഴും വ്യക്തമല്ല. ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ. അടിസ്ഥാനപരമായി അതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. 


മുഹമ്മദ് സുബൈർ 
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മര്‍ദം ഉണ്ടായിരുന്നതായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുമുള്‍പ്പെടെ ഭീഷണിയുണ്ടായതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ മാധ്യമങ്ങളെയും അഭിപ്രായങ്ങളെയും ഭരണാധികാരികള്‍ ഭയപ്പെടുന്നുവെന്നതിന്റെ ഉദാഹരണമായി ന്യൂസ്‌ക്ലിക്കിന് എതിരായ നടപടികള്‍ കാണേണ്ടി വരും.



#outlook
Leave a comment