
കാലാവസ്ഥാ പ്രതിസന്ധിയും ലോകത്തിന്റെ നിസ്സംഗതയും: അന്റാലിയ നൽകുന്ന പാഠങ്ങൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെ വരവും ആഘാതവും ഒന്നിനൊന്നു വർധിച്ചുവരികയാണ്. പ്രളയങ്ങളും ഉരുൾപൊട്ടലുകളും കൊടുങ്കാറ്റുകളും കാട്ടുതീയും അത്യുഷ്ണവും വരൾച്ചയും ഇന്ന് ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. യൂറോപ്പിലെ ഉഷ്ണതരംഗങ്ങളും ഉത്തര അമേരിക്കയിലെ കാട്ടുതീയും ദക്ഷിണേഷ്യയിലെ പ്രളയങ്ങളും ആഫ്രിക്കയിലെ നീണ്ടുനിൽക്കുന്ന വരൾച്ചയും കാലാവസ്ഥാ പ്രതിസന്ധിയുടെ വ്യത്യസ്ത മുഖങ്ങളാണ്. സമുദ്രനിരപ്പ് ഉയരുന്നത് തീരദേശ ജനതയുടെ ജീവിതത്തെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നു. ചെറുദ്വീപ് രാഷ്ട്രങ്ങളിൽ പലതിനും സ്വന്തം ഭൂമിയും ആവാസവ്യവസ്ഥയും നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കാർഷികോൽപ്പാദനത്തെയും ഭക്ഷ്യസുരക്ഷയെയും കുടിവെള്ള ലഭ്യതയെയും പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്നു.
കേരളവും ഈ പ്രതിസന്ധിയിൽനിന്ന് മുക്തമല്ല. പ്രളയങ്ങളും ഉരുൾപൊട്ടലുകളും കടലാക്രമണവും അസാധാരണമായ മഴയും വർധിച്ചുവരുന്ന ചൂടും കേരളത്തിന്റെ ജീവിതാനുഭവങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. എല്ലാ പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രം ഫലമായി കാണാനാവില്ലെങ്കിലും, ദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതിൽ ആഗോളതാപനത്തിന് വലിയ പങ്കുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗവും വനനശീകരണവും നിയന്ത്രണമില്ലാത്ത നിർമാണ പ്രവർത്തനങ്ങളും ഇത്തരം ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഓരോ വർഷവും ലക്ഷക്കണക്കിന് മനുഷ്യരാണ് പ്രകൃതിദുരന്തങ്ങളുടെ ഫലമായി സ്വന്തം വാസസ്ഥലങ്ങളിൽനിന്ന് പലായനം ചെയ്യുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവരുടെ എണ്ണം അതിലും വലുതാണ്. ദരിദ്ര രാജ്യങ്ങളിലെ കർഷകരും മത്സ്യത്തൊഴിലാളികളും അസംഘടിത തൊഴിലാളികളും ആദിവാസി സമൂഹങ്ങളും സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകൾ. ആഗോളതാപനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയവരാണ് പലപ്പോഴും അതിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഓരോ വർഷവും പുതിയ പഠനങ്ങൾ പുറത്തുവരുന്നു. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വർധിക്കുന്നതും ഭൂമിയുടെ ശരാശരി താപനില ഉയരുന്നതും രേഖപ്പെടുത്തപ്പെടുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾക്കനുസൃതമായ ഒരു രാഷ്ട്രീയ പ്രതികരണം ലോകത്ത് ഇനിയും രൂപപ്പെട്ടിട്ടില്ല. വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണാധികാരികൾ ദുഃഖം രേഖപ്പെടുത്തുകയും സഹായം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമാകുന്നതോടെ അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും അവസാനിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
രാജ്യാന്തര തലത്തിൽ രാഷ്ട്രീയ നേതൃത്വത്തിന് ഇന്ന് മറ്റു പല മുൻഗണനകളുമുണ്ട്. യുദ്ധങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ, ആയുധശേഖരണം, വ്യാപാര മത്സരങ്ങൾ, ഊർജ്ജസ്രോതസ്സുകളുടെ നിയന്ത്രണം, വിപണികളുടെ വിപുലീകരണം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി രാജ്യാന്തര രാഷ്ട്രീയത്തിലെ ഒരു അപ്രധാന വിഷയമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തുർക്കിയിലെ അന്റാലിയയിൽ നടന്ന COP31 കാലാവസ്ഥാ ഉച്ചകോടിയുടെ പരാജയത്തെ വിലയിരുത്തേണ്ടത്. രണ്ടാഴ്ച നീണ്ട ചർച്ചകൾക്കും നാൽപ്പത് മണിക്കൂറിലധികം അധികസമയത്തെ തർക്കങ്ങൾക്കും ഒടുവിൽ അന്റാലിയ ഉച്ചകോടി നിർണായകമായ ഒരു കരാറിലെത്താതെ അവസാനിച്ചിരിക്കുന്നു. ഉച്ചകോടിയുടെ രാഷ്ട്രീയ കാതലാകേണ്ടിയിരുന്ന ‘അന്റാലിയ ഉടമ്പടി’ (Antalya Pact) അപ്രസക്തമായി. ബഹുരാഷ്ട്ര ചർച്ചകളുടെ സങ്കീർണതകളെക്കുറിച്ചും മറ്റു മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും നയതന്ത്രജ്ഞർ വിശദീകരിക്കുന്നുണ്ട്. ഇനി അഡിസ് അബാബയിൽ നടക്കാനിരിക്കുന്ന COP32-ലേക്കാണ് അവരുടെ പ്രതീക്ഷ. ഒരു ഉച്ചകോടിയിൽനിന്ന് അടുത്ത ഉച്ചകോടിയിലേക്ക് പ്രതീക്ഷകളും വാഗ്ദാനങ്ങളും കൈമാറുന്ന ഈ രീതി വർഷങ്ങളായി തുടരുകയാണ്. എന്നാൽ ഭൂമിയുടെ താപനില ഉയരുന്നതും പാരിസ്ഥിതിക ദുരന്തങ്ങൾ വർധിക്കുന്നതും അതിനനുസരിച്ച് നിൽക്കുന്നില്ല. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലൊന്നിനെ അഭിമുഖീകരിക്കുമ്പോഴും അതിന്റെ മുഖ്യകാരണത്തെ വ്യക്തമായി പരാമർശിക്കാൻപോലും ലോകത്തിലെ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് അന്റാലിയയിലെ അനുഭവം വ്യക്തമാക്കുന്നത്.
പരാമർശിക്കാൻ മടിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ
ആഗോളതാപനത്തിന്റെ പ്രധാന കാരണം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയമുണ്ട്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗത്തിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡും മറ്റു ഹരിതഗൃഹ വാതകങ്ങളുമാണ് ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ശാസ്ത്രലോകത്ത് ഇക്കാര്യത്തിൽ കാര്യമായ അഭിപ്രായവ്യത്യാസമില്ല. എന്നാൽ അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിൽ ഈ വസ്തുത അംഗീകരിക്കുന്നതിനുപോലും വലിയ രാഷ്ട്രീയ തടസ്സങ്ങളുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള പിന്മാറ്റത്തിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് അന്റാലിയയിൽ ഏകദേശം 130 രാജ്യങ്ങൾ ആവശ്യപ്പെട്ടു. സൗദി അറേബ്യയും റഷ്യയും ഇതിനെ ശക്തമായി എതിർത്തു. ഒടുവിൽ കരട് രേഖയിൽനിന്ന് ഇതുസംബന്ധിച്ച പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യപ്പെട്ടു.
രോഗത്തിന്റെ പേര് പരാമർശിക്കാത്ത ഒരു മെഡിക്കൽ റിപ്പോർട്ടിന്റെ അവസ്ഥയാണ് ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന കാലാവസ്ഥാ ഉടമ്പടിക്കുള്ളത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആഗോളതാപനം നിയന്ത്രിക്കണമെന്ന് എല്ലാ രാജ്യങ്ങളും പറയുന്നു. എന്നാൽ അതിന് ആവശ്യമായ സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ എടുക്കാൻ പല രാജ്യങ്ങളും തയ്യാറാകുന്നില്ല. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സാമ്പത്തികഘടനയും ഭരണകൂടങ്ങളുടെ നിലനിൽപ്പും വലിയൊരു പരിധിവരെ പെട്രോളിയം വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് അവരുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ബാധിക്കും. അവരുടെ എതിർപ്പിന്റെ പശ്ചാത്തലം ഇതാണ്. എന്നാൽ എണ്ണ ഉൽപ്പാദക രാജ്യങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതുകൊണ്ട് പ്രശ്നത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാനാവില്ല. ലോകത്തിലെ പ്രധാന വ്യവസായ രാജ്യങ്ങളും വൻകിട കോർപ്പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും ഫോസിൽ ഇന്ധന സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. എണ്ണ ഉൽപ്പാദിപ്പിക്കുന്നവർക്കൊപ്പം അത് വൻതോതിൽ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കും ഈ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ട്.
സമ്പന്ന ലോകത്തിന്റെ ഇരട്ടത്താപ്പ്
ദുർബലമായ കാലാവസ്ഥാ കരാറിനെ എതിർത്തുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടനും അന്റാലിയയിൽ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാൻ ശ്രമിച്ചു. എന്നാൽ ഇവരുടെ ആഭ്യന്തരസാമ്പത്തികനയങ്ങളും വിദേശനയങ്ങളും പരിശോധിച്ചാൽ വലിയ വൈരുധ്യങ്ങൾ കാണാം. യൂറോപ്പിലെ പല രാജ്യങ്ങളും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) ഇറക്കുമതി വർധിപ്പിക്കുകയാണ്. പുതിയ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കായി വൻതുക നിക്ഷേപിക്കുന്നുമുണ്ട്. അതേസമയം ആഫ്രിക്കയിലെയും മറ്റു വികസ്വരമേഖലകളിലെയും കാലാവസ്ഥാപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികസഹായം നൽകുന്നതിൽ അവർ വിമുഖത കാണിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
2025-ൽ യൂറോപ്പിന്റെ സൈനികചെലവ് 14 ശതമാനം വർധിച്ച് 864 ബില്യൺ ഡോളറിലെത്തി. ദേശീയസുരക്ഷയുടെ പേരിൽ വൻതുക കണ്ടെത്താൻ കഴിയുന്ന രാജ്യങ്ങളാണ് കാലാവസ്ഥാ സുരക്ഷയുടെ കാര്യത്തിൽ സാമ്പത്തിക പരിമിതികളെക്കുറിച്ച് സംസാരിക്കുന്നത്. കാലാവസ്ഥാ ദുരന്തങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതും ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന ബോധ്യം ഭരണകൂടങ്ങൾക്കുണ്ടാകേണ്ടതാണ്.
അന്റാലിയയിലെ ചർച്ചകളിൽ ഉയർന്നുവന്ന സാമ്പത്തികകണക്കുകൾ ഈ വൈരുധ്യം കൂടുതൽ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടാൻ വികസ്വരരാജ്യങ്ങൾക്ക് പ്രതിവർഷം ഏകദേശം 305 ബില്യൺ ഡോളർ ആവശ്യമാണ്. 2026 മുതൽ 2029 വരെയുള്ള കാലയളവിലേക്ക് ‘അഡാപ്റ്റേഷൻ ഫണ്ട്’ ആവശ്യപ്പെട്ടത് 1.2 ബില്യൺ ഡോളറാണ്. എന്നാൽ വാഗ്ദാനം ചെയ്യപ്പെട്ടത് വെറും 50 ദശലക്ഷം ഡോളർ മാത്രമാണ്. ആവശ്യപ്പെട്ട തുകയുടെ ഏകദേശം നാലു ശതമാനം വരുമിത്.
കാലാവസ്ഥാദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ‘ലോസ് ആൻഡ് ഡാമേജ് ഫണ്ടിൽ’ ഇതുവരെ എത്തിയ തുക ഏകദേശം 600 ദശലക്ഷം ഡോളറാണ്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഒൻപത് എണ്ണക്കമ്പനികൾ ഒരൊറ്റ പാദത്തിൽ നേടിയ ലാഭം 95 ബില്യൺ ഡോളറാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന വ്യവസായങ്ങൾ മൂന്നു മാസംകൊണ്ട് നേടുന്ന ലാഭവും ആ പ്രതിസന്ധിയുടെ ഇരകൾക്കുവേണ്ടി വർഷങ്ങൾകൊണ്ട് സമാഹരിക്കുന്ന തുകയും തമ്മിലുള്ള അന്തരംതന്നെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മുൻഗണനകൾ വ്യക്തമാക്കുന്നു.
പാരീസ് ഉടമ്പടിയിലെ അനുച്ഛേദം 9.1 പ്രകാരം വികസിത രാജ്യങ്ങൾക്ക് വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള ബാധ്യതയുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ദരിദ്രരാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ യൂറോപ്യൻയൂണിയൻ അതിനെ തടഞ്ഞു. ചരിത്രപരമായി ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളിയ രാജ്യങ്ങളിലൊന്നായ അമേരിക്ക അന്റാലിയ ഉച്ചകോടിയിൽ ഔദ്യോഗികമായി പങ്കെടുത്തതുപോലുമില്ല.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
രണ്ട് നൂറ്റാണ്ടുകളായി വിലകുറഞ്ഞ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് വികസിത മുതലാളിത്തരാജ്യങ്ങൾ അവരുടെ സമ്പത്തും വ്യവസായ ശേഷിയും കെട്ടിപ്പടുത്തത്. ആ വികസനത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ ലോകം മുഴുവൻ പങ്കിടേണ്ടിവന്നു. ഇന്ന് അതേരാജ്യങ്ങൾ സ്വന്തം ഊർജ്ജ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ദരിദ്രരാജ്യങ്ങളോട് പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത വിശദീകരിക്കുകയാണ്. കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ ചരിത്രപരമായ പശ്ചാത്തലം പ്രധാനമാണ്. വികസിത രാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം അംഗീകരിക്കാതെ എല്ലാ രാജ്യങ്ങൾക്കും ഒരേ തരത്തിലുള്ള ബാധ്യതകൾ നിശ്ചയിക്കുന്നത് നീതിയുക്തമാവില്ല.
സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യം
അന്റാലിയയിലെ പരാജയത്തെ ഏതാനും ഭരണാധികാരികളുടെ പിടിവാശിയുടെയോ നയതന്ത്രത്തിന്റെ ദൗർബല്യത്തിന്റെയോ ഫലമായി മാത്രം കാണാനാവില്ല. നിലവിലുള്ള ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവവുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ലാഭം സ്വകാര്യവൽക്കരിക്കുകയും ഉൽപ്പാദനത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ നഷ്ടങ്ങൾ പൊതുസമൂഹത്തിനുമേൽ ചുമത്തുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നിലനിൽക്കുന്നത്. ഒരു എണ്ണക്കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ വിറ്റ് വൻലാഭം നേടുന്നു. എന്നാൽ ആ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെ ചെലവ് ആ കമ്പനിയുടെ സാമ്പത്തിക കണക്കുകളിൽ പ്രതിഫലിക്കുന്നില്ല. ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെടുന്നവർക്കോ ആഫ്രിക്കയിലെ സഹേൽ മേഖലയിലെ കൃഷിനാശം നേരിടുന്നവർക്കോ തീരദേശങ്ങളിൽനിന്ന് കുടിയൊഴിയേണ്ടിവരുന്നവർക്കോ എണ്ണക്കമ്പനികൾ നഷ്ടപരിഹാരം നൽകുന്നില്ല. ദുരന്തങ്ങൾ നേരിടാനുള്ള ഉത്തരവാദിത്തം അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും ജനങ്ങൾക്കും മാത്രമായി മാറുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഇത്തരം ചെലവുകളെ ‘എക്സ്റ്റേണാലിറ്റി’ (Externality) എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാൽ രാഷ്ട്രീയ പരിസ്ഥിതിശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഇത് അധികാരത്തിന്റെയും സമ്പത്തിന്റെയും അസമമായ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഉൽപ്പാദനത്തിന്റെ നേട്ടങ്ങൾ ഒരു വിഭാഗം കൈവശപ്പെടുത്തുകയും അതിന്റെ ആഘാതങ്ങൾ മറ്റൊരു വിഭാഗം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഈ സാമ്പത്തിക വ്യവസ്ഥയിൽ ഭരണകൂടങ്ങൾ നിഷ്പക്ഷരായ മധ്യസ്ഥരല്ല. സാമ്പത്തിക വളർച്ചയ്ക്കും നികുതി വരുമാനത്തിനും തൊഴിലവസരങ്ങൾക്കും വിലകുറഞ്ഞ ഊർജ്ജ ലഭ്യതയ്ക്കും വേണ്ടി അവർ വൻകിട വ്യവസായങ്ങളെ ആശ്രയിക്കുന്നു. പല രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് താൽപ്പര്യങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഫോസിൽ ഇന്ധന വ്യവസായത്തിന്റെ ലാഭസാധ്യതകളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടങ്ങൾ മടിക്കുന്നു. രാജ്യാന്തര രാഷ്ട്രീയത്തിലെ വൻശക്തി മത്സരങ്ങൾ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത ഇന്ന് കേവലം സാമ്പത്തിക പ്രശ്നത്തിനപ്പുറത്തേക്കു പോകുന്നു. അതിപ്പോൾ തന്ത്രപരമായ ശക്തിയുടെ ഘടകം കൂടിയാണ്. ഷെൻഷെനിൽ നടന്ന ട്രംപ്–പുടിൻ–ഷി കൂടിക്കാഴ്ചയിൽ പ്രകടമായ ഊർജ്ജ താൽപ്പര്യങ്ങൾ ഈ യാഥാർത്ഥ്യത്തിന്റെ ഭാഗമാണ്. ഊർജ്ജസുരക്ഷയും ഭൗമരാഷ്ട്രീയ മത്സരങ്ങളും കാലാവസ്ഥാ ആശങ്കകളെ പിന്നോട്ടുതള്ളുകയാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
യുദ്ധങ്ങളും കാലാവസ്ഥാ പ്രതിസന്ധിയും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും വർധിച്ചുവരുന്ന സൈനികവൽക്കരണവും കാലാവസ്ഥാ ചർച്ചകളിൽ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. സൈനിക പ്രവർത്തനങ്ങൾ വൻതോതിൽ ഫോസിൽ ഇന്ധനം ഉപയോഗിക്കുന്നു. യുദ്ധങ്ങൾ വനങ്ങൾക്കും കൃഷിഭൂമിക്കും ജലസ്രോതസ്സുകൾക്കും നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾക്കും വലിയ നാശം വരുത്തുന്നു. യുദ്ധാനന്തര പുനർനിർമാണത്തിനും വൻതോതിൽ ഊർജ്ജവും പ്രകൃതിവിഭവങ്ങളും ആവശ്യമാണ്. കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്നതിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും ഉപയോഗിക്കാവുന്ന സാമ്പത്തിക വിഭവങ്ങളാണ് ഇന്ന് ആയുധ നിർമാണത്തിനും സൈനിക പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുന്നത്. പ്രതിരോധ ചെലവ് വർധിപ്പിക്കാനുള്ള തീരുമാനങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ കാലാവസ്ഥാ ഫണ്ടുകൾക്കുള്ള ചർച്ചകളിൽ കാണാനാവുന്നില്ല. മനുഷ്യരുടെ സുരക്ഷയെ സൈനിക ശക്തിയുടെ അടിസ്ഥാനത്തിൽ മാത്രം നിർവചിക്കുന്ന സമീപനത്തിന്റെ പരിമിതിയാണിത്. ഭക്ഷണം, കുടിവെള്ളം, പാർപ്പിടം, ആരോഗ്യം, തൊഴിൽ, സുരക്ഷിതമായ ആവാസവ്യവസ്ഥ എന്നിവയും മനുഷ്യസുരക്ഷയുടെ അടിസ്ഥാന ഘടകങ്ങളാണ്. കാലാവസ്ഥാ പ്രതിസന്ധി ഇവയെല്ലാം ഒരേസമയം ബാധിക്കുന്നു. അതുകൊണ്ട് കാലാവസ്ഥാ സുരക്ഷയ്ക്ക് ലോകസമാധാനവുമായി അടുത്ത ബന്ധമുണ്ട്.
വികസ്വര രാജ്യങ്ങളും വികസനത്തിലെ വൈരുധ്യങ്ങളും
വികസ്വര രാജ്യങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളാണെന്നത് പൊതുവിൽ ശരിയാണ്. എന്നാൽ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന വികസന നയങ്ങളെയും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ വികസനത്തിനുള്ള അവകാശവും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിലെ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും ഉയർത്തിപ്പിടിക്കുന്നു. സമ്പന്ന രാജ്യങ്ങൾ ആദ്യം വ്യവസായവൽക്കരണം നടത്തുകയും അന്തരീക്ഷത്തിൽ വലിയ അളവിൽ കാർബൺ പുറന്തള്ളുകയും ചെയ്തുവെന്നത് ചരിത്രപരമായ വസ്തുതയാണ്. ദരിദ്ര രാജ്യങ്ങൾക്ക് അവരുടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള അവകാശവുമുണ്ട്. എന്നാൽ വികസനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന ചോദ്യം ഇവിടെ പ്രധാനമാണ്. വൻകിട വ്യവസായങ്ങൾ, കൽക്കരിയെ ആശ്രയിച്ചുള്ള വൈദ്യുതോൽപ്പാദനം, സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ വർധന, നഗരങ്ങളുടെ അശാസ്ത്രീയമായ വിപുലീകരണം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃകയാണ് പല വികസ്വര രാജ്യങ്ങളും പിന്തുടരുന്നത്. വികസിത രാജ്യങ്ങൾ ഇതിനകം പിന്തുടർന്നതും വലിയ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിച്ചതുമായ മാതൃകയാണിത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
വികസനത്തിനുള്ള അവകാശം എല്ലാ ജനവിഭാഗങ്ങൾക്കും ഒരേ രീതിയിൽ ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിക്കുമ്പോഴും ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് ശുദ്ധജലമോ അടിസ്ഥാന ആരോഗ്യസേവനങ്ങളോ സുരക്ഷിതമായ പാർപ്പിടമോ ലഭിക്കണമെന്നില്ല. വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങൾ കൈവശപ്പെടുത്തുകയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ ദരിദ്ര ജനവിഭാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് കാലാവസ്ഥാനീതി അന്താരാഷ്ട്രതലത്തിലെ ഒരു അനിവാര്യത തന്നെയാണ്. അതുപോലെ രാജ്യത്തിനകത്തെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെയും അത് അഭിസംബോധന ചെയ്യണം. വനങ്ങളെയും തീരപ്രദേശങ്ങളെയും കൃഷിഭൂമിയെയും ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ആദിവാസി സമൂഹങ്ങളുടെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ആവാസവ്യവസ്ഥകൾ വികസനത്തിന്റെ പേരിൽ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം ചോദ്യം ചെയ്യുന്നതോടൊപ്പം കൂടുതൽ നീതിയുക്തവും പരിസ്ഥിതിസൗഹൃദവുമായ ഒരു വികസന മാതൃക രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം വികസ്വര രാജ്യങ്ങൾക്കുമുണ്ട്.
ഊർജ്ജരംഗത്ത് ചില പ്രധാന മാറ്റങ്ങൾ നടക്കുന്നുണ്ട്. സൗരോർജ്ജത്തിന്റെയും കാറ്റിൽനിന്നുള്ള വൈദ്യുതിയുടെയും ഉൽപ്പാദനച്ചെലവ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ചൈനയുടെ സ്ഥാപിത വൈദ്യുതോൽപ്പാദന ശേഷിയുടെ ഏകദേശം 60 ശതമാനവും പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ളതാണ്. ആഗോളതലത്തിൽ ശുദ്ധ ഊർജ്ജ മേഖലയിലെ നിക്ഷേപം ഫോസിൽ ഇന്ധന മേഖലയിലെ നിക്ഷേപത്തേക്കാൾ ഇരട്ടിയായിട്ടുണ്ട്. യൂറോപ്പിൽ വിൽക്കപ്പെടുന്ന പുതിയ കാറുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കും വർധിച്ചുവരുന്നു. ഈ മാറ്റങ്ങളെ സ്വാഗതം ചെയ്യണം. എന്നാൽ കാലാവസ്ഥാ ഉച്ചകോടികളിൽ കൈവരിച്ച നയതന്ത്ര വിജയങ്ങളുടെ ഫലമല്ല ഇതെല്ലാം. പുതിയ സാങ്കേതികവിദ്യകളുടെ ചെലവ് കുറയുന്നതും വ്യാവസായിക മത്സരങ്ങളും ഊർജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളും ഇതിന് പിന്നിലുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
150 രാജ്യങ്ങളും 260-ലധികം കമ്പനികളും പിന്തുണയ്ക്കുന്ന ‘35 ബൈ 35’ വൈദ്യുതീകരണ ലക്ഷ്യവും വനസംരക്ഷണത്തിനും കാർഷിക മേഖലയ്ക്കും വേണ്ടിയുള്ള വിവിധ പ്രഖ്യാപനങ്ങളും ഐക്യരാഷ്ട്രസഭ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങളിൽ പലതും സ്വമേധയാ പാലിക്കേണ്ടവയാണ്. ലക്ഷ്യങ്ങൾ കൈവരിക്കാത്ത രാജ്യങ്ങൾക്കും കമ്പനികൾക്കും നിയമപരമായ പ്രത്യാഘാതങ്ങളില്ല. വൈദ്യുതീകരണംകൊണ്ട് മാത്രം കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനാവില്ല. കൽക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുമ്പോൾ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാകുന്നില്ല. വൈദ്യുതോൽപ്പാദനത്തിന്റെ സ്വഭാവത്തിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകണം.
ഊർജ്ജ ഉപഭോഗത്തിന്റെ ചരിത്രം മറ്റൊരു പ്രധാന വസ്തുത ഓർമിപ്പിക്കുന്നു. പുതിയ ഊർജ്ജസ്രോതസ്സുകൾ പലപ്പോഴും പഴയ ഊർജ്ജസ്രോതസ്സുകളെ പൂർണമായി മാറ്റിസ്ഥാപിച്ചിട്ടില്ല. മൊത്തം ഊർജ്ജ ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് അവ പഴയവയ്ക്കൊപ്പം ഉപയോഗിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. പുനരുപയോഗ ഊർജ്ജത്തിന്റെ ഉൽപ്പാദനം വർധിക്കുന്നതിനൊപ്പം എണ്ണയുടെയും കൽക്കരിയുടെയും ഉപയോഗം തുടരുന്നുണ്ടെങ്കിൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല. ഹരിത സാങ്കേതികവിദ്യകളുടെ വിപുലീകരണത്തിനും വലിയ അളവിൽ പ്രകൃതിവിഭവങ്ങൾ ആവശ്യമാണ്. ലിഥിയം, കോബാൾട്ട് തുടങ്ങിയ ധാതുക്കളുടെ ഖനനം പുതിയ പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഹരിത ഊർജ്ജ മേഖലയിലെ പുതിയ നിക്ഷേപങ്ങൾ മറ്റൊരു വിഭവ ചൂഷണത്തിന്റെ ഉപാധിയായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിപണി നയിക്കുന്ന ഊർജ്ജ മാറ്റത്തിന്റെ മുൻഗണന സ്വാഭാവികമായും ലാഭമായിരിക്കും. നിക്ഷേപത്തിന് കൂടുതൽ നേട്ടം ലഭിക്കുന്ന മേഖലകളിലേക്കാണ് മൂലധനം ആദ്യം എത്തുക. ദരിദ്ര രാജ്യങ്ങളും അസംഘടിത തൊഴിലാളികളും കൽക്കരി മേഖലയെ ആശ്രയിച്ചുള്ള സമൂഹങ്ങളും പുതിയ സമ്പദ്വ്യവസ്ഥയിൽ അവഗണിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് നീതിയുക്തമായ ഊർജ്ജ മാറ്റം (Just Transition) പ്രധാനമാകുന്നത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് ബദൽ തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പാക്കണം. സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ശുദ്ധ ഊർജ്ജം ലഭ്യമാക്കണം. പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഈ ഉത്തരവാദിത്തം വിപണിക്കുമാത്രമായി വിട്ടുകൊടുക്കാനാവില്ല.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
നിലവിലുള്ള കാലാവസ്ഥാ വാഗ്ദാനങ്ങൾ ഭൂമിയെ ഏകദേശം 2.6 ഡിഗ്രി സെൽഷ്യസ് താപവർധനയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെറുദ്വീപ് രാഷ്ട്രങ്ങളും കാലാവസ്ഥാ ശാസ്ത്രജ്ഞരും ആവശ്യപ്പെടുന്ന 1.5 ഡിഗ്രി പരിധിയിൽനിന്ന് ഏറെ അകലെയാണിത്. ഈ രണ്ട് സംഖ്യകൾ തമ്മിലുള്ള വ്യത്യാസം കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലും ലോകത്തിന്റെ ആവാസവ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
കാലാവസ്ഥാ പ്രതിസന്ധിയും സാമൂഹിക അസമത്വങ്ങളും
കാലാവസ്ഥാ വ്യതിയാനം എല്ലാ മനുഷ്യരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത്. സമ്പന്നർക്ക് അത്യുഷ്ണത്തെ നേരിടാൻ ശീതീകരണ സംവിധാനങ്ങളുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റാനും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനും അവർക്ക് സാധിക്കും. എന്നാൽ തെരുവുകളിൽ തൊഴിലെടുക്കുന്നവർക്കും നിർമാണ തൊഴിലാളികൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ അവസരങ്ങളില്ല. അതിശക്തമായ മഴയും വരൾച്ചയും ഭക്ഷ്യോൽപ്പാദനത്തെ ബാധിക്കുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നു. വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്ന ദരിദ്ര കുടുംബങ്ങളുടെ ജീവിതത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പ്രകൃതിദുരന്തങ്ങളിൽ വീടും തൊഴിലും നഷ്ടപ്പെടുന്നവർ കടക്കെണിയിലേക്ക് വീഴാനും നിർബന്ധിത കുടിയേറ്റത്തിന് വിധേയരാകാനും സാധ്യതയുണ്ട്.
സ്ത്രീകളുടെ ജീവിതത്തിലും കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രത്യേക ആഘാതങ്ങളുണ്ട്. കുടിവെള്ളവും ഭക്ഷണവും കണ്ടെത്തുന്നതിനും കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം പല സമൂഹങ്ങളിലും സ്ത്രീകൾക്കാണ്. കുടിവെള്ള ക്ഷാമവും ഭക്ഷ്യദൗർലഭ്യവും അവരുടെ അധ്വാനഭാരം വർധിപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങളെത്തുടർന്നുള്ള കുടിയൊഴിപ്പിക്കലും തൊഴിൽനഷ്ടവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ കൂടുതൽ ദുർബലമാക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി നിലവിലുള്ള സാമൂഹിക അസമത്വങ്ങളെ കൂടുതൽ രൂക്ഷമാക്കുകയാണ്. അതുകൊണ്ട് കാലാവസ്ഥാ നീതിയെ സാമൂഹിക നീതിയിൽനിന്നും സാമ്പത്തിക നീതിയിൽനിന്നും വേർതിരിച്ചുകാണാനാവില്ല.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അന്റാലിയയിലെ യഥാർത്ഥ പരാജിതർ
അന്റാലിയയിലെ ഏറ്റവും വലിയ പരാജിതർ ദുരന്തഭീഷണി നേരിടുന്ന മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളുമാണ്. പവിഴപ്പുറ്റുകൾക്കും തണ്ണീർത്തടങ്ങൾക്കും വനങ്ങൾക്കും നദികൾക്കും അവയെ ആശ്രയിച്ചു കഴിയുന്ന എണ്ണമറ്റ ജീവിവർഗ്ഗങ്ങൾക്കും ഉച്ചകോടികളിൽ പ്രതിനിധികളുണ്ടായിരുന്നില്ല. കാലാവസ്ഥാ ചർച്ചകൾ പ്രധാനമായും മനുഷ്യന്റെ സാമ്പത്തിക ആവശ്യങ്ങളെയും സാങ്കേതിക പരിഹാരങ്ങളെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിനും ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനും അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല. പ്രകൃതിയെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായ ഒരു ജൈവസമൂഹമായി കാണുന്നതിനുപകരം സാമ്പത്തിക വളർച്ചയ്ക്കുള്ള വിഭവമായി മാത്രം കാണുന്ന സമീപനം തുടരുകയാണ്.
വനങ്ങളും നദികളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ കഴിയാത്ത ഒരു സമൂഹത്തിന് കാലാവസ്ഥാ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാവില്ല. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധശേഷി നിലനിർത്തുകയും വേണം. കാലാവസ്ഥാ ഉച്ചകോടികളിൽ തീരുമാനമെടുക്കുന്നതിന് പിന്തുടരുന്ന സമവായ രീതിയും വിമർശിക്കപ്പെടുന്നുണ്ട്. ഏതാനും രാജ്യങ്ങളുടെ എതിർപ്പിലൂടെ പൊതുവായ തീരുമാനങ്ങൾ തടയാൻ ഈ രീതിയിൽ സാധിക്കും. എന്നാൽ ഭൂരിപക്ഷ വോട്ടെടുപ്പ് ഏർപ്പെടുത്തുന്നതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ചെറുദ്വീപ് രാഷ്ട്രങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും സ്വന്തം ശബ്ദം കേൾപ്പിക്കാനുള്ള അവസരം സമവായ രീതി നൽകുന്നുണ്ട്. തീരുമാനങ്ങൾ എടുക്കുന്ന രീതിക്കപ്പുറം ആഗോള രാഷ്ട്രീയത്തിലെ അധികാരബന്ധങ്ങളാണ് ഇവിടെ പ്രധാനമാകുന്നത്. ഫോസിൽ ഇന്ധന സമ്പദ്വ്യവസ്ഥയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നവരും അതിൽനിന്ന് വലിയ നേട്ടം കൊയ്യുന്നവരുമാണ് അന്താരാഷ്ട്ര തീരുമാനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്താണ് ലോകം ചെയ്യേണ്ടത്?
കാലാവസ്ഥാ പ്രതിസന്ധിയെ ഗൗരവമായി നേരിടാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം ആവശ്യമാണ്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങളും വികസന ആവശ്യങ്ങളും ചരിത്രപരമായ ഉത്തരവാദിത്തങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം ഈ സമയക്രമം രൂപപ്പെടുത്തേണ്ടത്. സമ്പന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. കാലാവസ്ഥാ ഫണ്ടുകളെ വികസിത രാജ്യങ്ങളുടെ ഔദാര്യമായി അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. ചരിത്രപരമായി അവർ വരുത്തിവെച്ച പാരിസ്ഥിതിക ആഘാതങ്ങളുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തികവും ധാർമ്മികവുമായ ബാധ്യതയായി വേണം അതിനെ കാണാൻ. ഇത്തരം സഹായങ്ങൾ വീണ്ടും ദരിദ്ര രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പകളുടെ രൂപത്തിലാവരുത്. വൻകിട ഫോസിൽ ഇന്ധന കമ്പനികളുടെ അസാധാരണ ലാഭത്തിന്മേൽ പ്രത്യേക നികുതി ചുമത്തുന്നതും ആ വരുമാനം കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളെ സഹായിക്കാനും ഊർജ്ജ പരിവർത്തനത്തിനുമായി ഉപയോഗിക്കുന്നതും ഗൗരവമായി പരിഗണിക്കേണ്ടതാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന സ്ഥാപനങ്ങൾ അതിന്റെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കണം.
വികസ്വര രാജ്യങ്ങൾക്ക് മറ്റൊരു വികസനപാത സ്വീകരിക്കാൻ ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭ്യമാക്കണം. ശുദ്ധ ഊർജ്ജ സാങ്കേതികവിദ്യകൾ ഏതാനും സമ്പന്ന രാജ്യങ്ങളുടെയും കോർപ്പറേറ്റുകളുടെയും കുത്തകയായി തുടരാൻ പാടില്ല. പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിലും വികസന പ്രവർത്തനങ്ങളിലും പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. കാലാവസ്ഥാ നയങ്ങൾ ഭരണകൂടങ്ങളും കോർപ്പറേറ്റുകളും മാത്രം ചേർന്ന് തീരുമാനിക്കേണ്ട വിഷയങ്ങളല്ല. തൊഴിലാളികൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ആദിവാസി സമൂഹങ്ങൾക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കും ഈ ചർച്ചകളിൽ നിർണായക പങ്കുണ്ടാകണം. സമ്പന്ന വിഭാഗങ്ങളുടെ അമിത ഉപഭോഗത്തെയും പരിശോധിക്കേണ്ട സമയമാണിത്. നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥയിൽ സാങ്കേതികവിദ്യയുടെ മാറ്റംകൊണ്ടുമാത്രം പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കാനാവില്ല. പ്രകൃതിവിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉത്തരവാദിത്തപൂർണമായ ഉപയോഗവും വികസന നയങ്ങളുടെ ഭാഗമാകണം.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
മറ്റൊരു വർഷംകൂടി നഷ്ടപ്പെടുമ്പോൾ
മൂന്ന് പതിറ്റാണ്ടിലേറെയായി ലോകം കാലാവസ്ഥാ ഉച്ചകോടികൾ സംഘടിപ്പിച്ചുവരികയാണ്. നിരവധി അന്താരാഷ്ട്ര കരാറുകളും പ്രഖ്യാപനങ്ങളും കർമപദ്ധതികളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുബോധം വർധിപ്പിക്കുന്നതിലും രാജ്യങ്ങൾക്കിടയിൽ സഹകരണം രൂപപ്പെടുത്തുന്നതിനും ഈ ചർച്ചകൾക്ക് തീർച്ചയായും പങ്കുണ്ടായിട്ടുണ്ട്. അവ പൂർണമായും അപ്രസക്തമാണെന്ന് പറയാനാവില്ല.
എന്നാൽ ഉച്ചകോടികളുടെ വിജയം അവിടെ അംഗീകരിച്ച രേഖകളുടെ എണ്ണത്തിന്റെയോ പ്രഖ്യാപനങ്ങളുടെ ദൈർഘ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. ആഗോള കാർബൺ പുറന്തള്ളൽ എത്രത്തോളം കുറയ്ക്കാൻ കഴിഞ്ഞു, ദുർബല ജനവിഭാഗങ്ങളുടെ ജീവിതം എത്രത്തോളം സുരക്ഷിതമാക്കാൻ സാധിച്ചു, പ്രകൃതിയുടെ നാശം എത്രത്തോളം തടയാൻ കഴിഞ്ഞു എന്നിവയാണ് വിജയത്തിന്റെ യഥാർത്ഥ മാനദണ്ഡങ്ങൾ. ഈ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ അന്റാലിയ വലിയ നിരാശയാണ് നൽകുന്നത്. പതിവുപോലെ പുതിയ വാഗ്ദാനങ്ങളും പാലിക്കാൻ നിയമപരമായ ബാധ്യതയില്ലാത്ത ലക്ഷ്യങ്ങളും അടുത്ത ഉച്ചകോടിയിലേക്കുള്ള പ്രതീക്ഷകളുമാണ് ലോകത്തിന് ലഭിച്ചത്. വരുംതലമുറകളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ നിരന്തരം മാറ്റിവെക്കാൻ ഇന്നത്തെ ലോകനേതൃത്വത്തിന് എന്ത് ധാർമ്മിക അവകാശമാണുള്ളത്? കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമ്പോൾ അതിനെ നേരിടാനുള്ള സാമ്പത്തിക ചെലവും വർധിക്കും. ഇന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന ചെലവിന്റെ എത്രയോ ഇരട്ടി നാളെ ലോകം നൽകേണ്ടിവരും. അതിനേക്കാൾ വലിയ നഷ്ടം മനുഷ്യജീവനുകളുടെയും തിരിച്ചുപിടിക്കാനാവാത്ത ആവാസവ്യവസ്ഥകളുടെയും നാശമായിരിക്കും.
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ശാസ്ത്രീയ അറിവും സാങ്കേതികശേഷിയും സാമ്പത്തികവിഭവങ്ങളും ഇന്ന് ലോകത്തിനുണ്ട്. അവയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള രാഷ്ട്രീയഇച്ഛാശക്തിയാണ് കുറവുള്ളത്. നിലവിലുള്ള സാമ്പത്തിക താൽപ്പര്യങ്ങളെയും അധികാരബന്ധങ്ങളെയും ചോദ്യം ചെയ്യാതെ ഈ രാഷ്ട്രീയഇച്ഛാശക്തി രൂപപ്പെടാനുള്ള സാധ്യതയും കുറവാണ്. ആ അർത്ഥത്തിൽ അന്റാലിയ ഈ ലോകത്തിനു നഷ്ടപ്പെട്ട മറ്റൊരു വർഷത്തിന്റെ കണക്കാണ്. ഓരോ വർഷവും ഇങ്ങനെ നഷ്ടപ്പെടുത്താൻ കഴിയുന്നത്ര സമയം ഇനി ലോകത്തിന് മുന്നിലില്ല.


