
ഗാന്ധിക്കും ഗ്രാംജിക്കും ഇടയിലുള്ള ദൂരം
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിച്ചുകൊണ്ട് The Viksit Bharat—Guarantee for Rozgar and Ajeevika Mission (Gramin) (VB—G RAM G) Bill, 2025 എന്ന പേരില്‍ കേന്ദ്രഗവൺമെന്റ് പുതിയൊരു ഗ്രാമീണ തൊഴില്‍ദാന പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയില്‍ തൊഴില്‍ തേടുന്ന ആളുകള്‍ക്ക് ഗുണകരമല്ലെന്നും അതിന്‍റെ നടത്തിപ്പില്‍ അഖിലേന്ത്യാ തലത്തില്‍ വലിയതോതിലുള്ള അഴിമതി ഉണ്ടാകുന്നുവെന്നും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി ഒരു കുടുംബത്തിന് ഒരു വര്‍ഷം 100 തൊഴിലുകള്‍ ഉറപ്പ് നല്‍കുമ്പോള്‍ പുതിയ പദ്ധതി 125 ദിവസത്തെ തൊഴിലുകള്‍ ഉറപ്പു നല്‍കുന്നു എന്നാണ് ബില്ല് പറയുന്നത്. പഴയ തൊഴിലുറപ്പ് പദ്ധതിയേക്കാള്‍ മെച്ചപ്പെട്ട ഒന്നാണ് പുതിയ തൊഴിലുറപ്പ് ബില്‍ മുന്നോട്ടുവയ്ക്കുന്നത് എന്ന സര്‍ക്കാര്‍ വാദം എത്രത്തോളം വാസ്തവമാണ് എന്നൊരു വിശകലനമാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ കേന്ദ്രഭരണകൂടം നടത്തിയിട്ടുണ്ട്. അതില്‍ മുഖ്യമായിരുന്നു 1989 ല്‍ തുടങ്ങിയ ജവഹര്‍ റോസ്ഗാര്‍ യോജന. Rural Landless Employment Guarantee Programme (RLEGP) ഉം The National Rural Employment Programme (NREP) ഉം കൂട്ടിച്ചേര്‍ത്താണ് അന്ന് ജവഹര്‍ റോസ്ഗാര്‍ യോജന തുടങ്ങിയത്. ഇത്തരം ശ്രമങ്ങളുടെ ഒരു തുടര്‍ച്ചയായാണ് 2005 ല്‍ Mahatma Gandhi National Rural Employment Guarantee Act (MGNREGA) വരുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ മുന്‍കാലങ്ങളിലെ തൊഴില്‍ദാന പദ്ധതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അത് വെറുമൊരു തൊഴില്‍ദാന പദ്ധതി അല്ല എന്നതാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് ഗ്രാമീണ മേഖലകളിലെ ഏതൊരു കുടുംബത്തിനും അവര്‍ ആവശ്യപ്പെടുന്ന പക്ഷം ഒരുവര്‍ഷം 100 ദിവസത്തെ തൊഴിലും അതിനുള്ള വേതനവും ഭരണകൂടം അവര്‍ക്ക് കൊടുത്തിരിക്കണം. അതായത് ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന ഏതൊരു കുടുംബത്തിനും പ്രതിവര്‍ഷം നൂറു ദിന തൊഴിലും അതിനുള്ള വേതനവും ലഭിക്കാനുള്ള “അവകാശം” ഉണ്ടെന്നുള്ള ഉറപ്പാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് വച്ചത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഒരു വര്‍ഷം നൂറു ദിവസത്തെ തൊഴിലും വേതനവും ലഭിക്കാന്‍ ഇന്ത്യയില്‍ എവിടെയുമുള്ള ഗ്രാമീണമേഖലയിലെ കുടുംബങ്ങള്‍ക്ക് നിയമപരമായ അവകാശം ഉറപ്പുവരുത്തുകയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ചെയ്തത്. സര്‍ക്കാര്‍ തൊഴില്‍ കൊടുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് തൊഴിലില്ലായ്മ വേതനം കൊടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥര്‍ ആണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ഉണ്ടാവുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടത്തിന് അനുസരിച്ചല്ല. മറിച്ച് ഒരാള്‍ അയാള്‍ക്ക് തൊഴില്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, അപേക്ഷ കിട്ടി പതിനഞ്ചു ദിവസത്തിനുള്ളില്‍ അയാള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥമാണ്. എന്നാല്‍ പുതിയ തൊഴില്‍ദാന പദ്ധതിയായ “VB—G RAM G” യില്‍ ഇത്തരമൊരു അവകാശം തൊഴിലാളികള്‍ക്കില്ല; അവര്‍ ആവശ്യപ്പെട്ടാലും അവര്‍ക്ക് തൊഴില്‍ കൊടുക്കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുമില്ല. “VB—G RAM G” വെറുമൊരു തൊഴില്‍ദാന പദ്ധതി മാത്രമാണ്. ഗ്രാമീണ മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 125 ദിവസത്തെ തൊഴിലും വേതനവും കൊടുക്കുമെന്ന യാതൊരുവിധ ഉറപ്പും പുതിയ ബില്ലിലില്ല.
നൂറു ദിവസത്തെ തൊഴില്‍ ഇന്ത്യയിലെ ഏതൊരു ഗ്രാമീണ കുടുംബത്തിന്‍റെയും അവകാശമായിരുന്ന അവസ്ഥയില്‍ നിന്നും സര്‍ക്കാര്‍ ജോലി തന്നാല്‍ സ്വീകരിച്ചോ എന്ന നിലയിലേക്കുള്ള മാറ്റമാണ് “VB—G RAM G” വിഭാവനം ചെയ്യുന്നത്. ഗ്രാമീണ തൊഴിലാളികളുടെ അവകാശം എന്ന നിലയില്‍ നിന്നും ഭരണകൂടത്തിന്‍റെ ഔദാര്യമായി തൊഴിലിനെ “VB—G RAM G” മാറ്റുന്നു. എനിക്ക് തൊഴില്‍ തരൂ എന്ന് ആത്മാഭിമാനത്തോടെ പറയാന്‍ തൊഴിലാളിക്ക് കഴിയുന്ന അവസ്ഥയില്‍ നിന്നും “എനിക്ക് തൊഴില്‍ തരുമോ” എന്ന് യാചിക്കേണ്ട അവസ്ഥയിലേക്ക് ഗ്രാമീണദരിദ്രരെ “VB—G RAM G എത്തിക്കുന്നു. സര്‍ക്കാരിന്‍റെ കയ്യിലുള്ള ഫണ്ടിന് അനുസരിച്ച് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന പദ്ധതിയായിരുന്നു ജവഹര്‍ റോസ്ഗാര്‍ യോജന. ജവഹര്‍ റോസ്ഗാര്‍ യോജനയില്‍ തൊഴില്‍ കിട്ടുകയെന്നത് കുടുംബങ്ങളുടെ അവകാശമായിരുന്നില്ല. തൊഴില്‍ കിട്ടിയാല്‍ കിട്ടി എന്നതായിരുന്നു ജവഹര്‍ റോസ്ഗാര്‍ യോജനയുടെ സ്ഥിതി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിന്‍വലിച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റ് മുന്നോട്ട് വെച്ച “Viksit Bharat—Guarantee for Rozgar and Ajeevika Mission (Gramin) (VB—G RAM G) Bill, 2025” ബില്ല് വിഭാവനം ചെയ്യുന്നത് പഴയ ജവഹര്‍ റോസ്ഗാര്‍ യോജനയിലേക്കുള്ള ഒരു തിരിച്ചുപോക്കിനെയാണ്. “VB—G RAM G” ഒരു തൊഴിലുറപ്പ് പദ്ധതിയല്ല മറിച്ച് ഒരു തൊഴില്‍ദാന പദ്ധതി മാത്രമാണ്. പുതിയ ബില്ലില്‍ 100 ല്‍ നിന്നും തൊഴില്‍ ദിനങ്ങള്‍ 125 ആക്കിയിട്ടുണ്ടെങ്കിലും അത് നിര്‍ബന്ധമായും എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും കിട്ടാനുള്ള അവകാശമോ അത് കൊടുക്കാനുള്ള നിയമപരമായ ബാധ്യത ഭരണകൂടത്തിനോ ഉള്ളതായി കാണുന്നില്ല. അതായത് തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്നും 125 ആക്കിയാലും ഫലത്തില്‍ അത് ഗ്രാമീണ ജനതയ്ക്ക് മുഴുവനും ഗുണകരമായി വരികയില്ല.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പുതിയ ബില്‍ വിഭാവനം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു തൊഴില്‍ദാന പദ്ധതിയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തിലും അനുമതിയിലും നടക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് ആവശ്യമാകുന്ന തൊഴിലുകള്‍ മാത്രമേ “VB—G RAM G” യില്‍ ആളുകള്‍ക്ക് ലഭിക്കൂ. എവിടെ പദ്ധതി നടപ്പിലാക്കണം, എത്ര കാലം നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നതില്‍ കേന്ദ്ര ഭരണകൂടത്തിന് മേല്‍ക്കൈ കിട്ടുന്ന തരത്തിലാണ് പുതിയ ബില്‍ വന്നിട്ടുള്ളത്. പ്രാദേശികമായി എന്താണ് ആവശ്യമെന്ന് കണ്ടെത്തി അത് നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്തുകളെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രാപ്തരാക്കിയിരുന്നു. എന്നാല്‍ പുതിയ ബില്ലില്‍ കേന്ദ്രത്തിന്‍റെ ഇഷ്ടം നടപ്പിലാക്കുന്ന ഒരു സേവകന്‍റെ സ്ഥാനം മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉള്ളൂ. പ്രാദേശികമായി എന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളത് എന്ന് ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് അറിയുക. കേന്ദ്രത്തിന്‍റെ മുന്‍കൂട്ടിയുള്ള ഒരു ഗൈഡ് ലൈനിനുള്ളില്‍ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കുക പ്രായോഗികമാവില്ല.
ഇവിടെ രണ്ടു പ്രധാന പ്രശ്നങ്ങളാണ് പുതിയ ബില്‍ ഉണ്ടാക്കുന്നത്. ഒന്ന് എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് സ്വതന്ത്രമായി തീരുമാനിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. മറ്റൊന്ന് പഞ്ചായത്തുകള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പദ്ധതി ഉണ്ടെങ്കിലും അതിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് കഴിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ പഞ്ചായത്തുകള്‍ക്കും ഉപയോഗിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഓരോ സൈക്കിള്‍ നല്‍കിയെന്ന് കരുതുക. എന്നാല്‍ ആരൊക്കെ അത് ഉപയോഗിക്കണം എപ്പോള്‍ ഉപയോഗിക്കണം, എത്രനേരം ഉപയോഗിക്കണം എന്നൊക്കെ കേന്ദ്രം തീരുമാനിച്ചാല്‍ എങ്ങനെ വരുമോ അതാണ് പുതിയ ബില്ലിലെ തൊഴിലുറപ്പ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ ജോലി കിട്ടുമായിരുന്നു എങ്കില്‍ പുതിയ ബില്ലില്‍ സര്‍ക്കാരിന്‍റെ കയ്യിലെ ഫണ്ടിന് അനുസരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് മാത്രമായി തൊഴില്‍ കൊടുക്കാനുള്ള ബാധ്യതയെ സര്‍ക്കാരിന് ഉള്ളൂ. ഗ്രാമീണ തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ (Demand driven) തൊഴില്‍ കൊടുക്കുക എന്നതിന്‍റെ സ്ഥാനത്ത് സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ തൊഴിലാളികളെ വിളിക്കുക (Supply driven) എന്ന തരത്തിലേക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ മാറ്റുമ്പോള്‍ അതിന്‍റെ വിപ്ലവാത്മകമായ സത്ത നഷ്ടപ്പെടുകയും അതേത് കേന്ദ്ര പദ്ധതിയേയും പോലുള്ള ഒന്നായി മാറുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഒരു കേന്ദ്ര സ്പോണ്‍സേഡ് പദ്ധതിയുടെ പ്രത്യേകത അത് കയ്യിലുള്ള പണത്തിനും മറ്റിതര സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നടത്താനോ നടത്താതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണകൂടത്തിനുണ്ട് എന്നതാണ്. എന്നാല്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യപ്പെടുന്നവര്‍ക്ക് തൊഴില്‍ കൊടുക്കുകയെന്ന ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പുതിയ ബില്ലില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ജോലി കൊടുക്കാനുള്ള യാതൊരു ബാധ്യതയും ഭരണകൂടത്തിനില്ല. ചുരുക്കിപ്പറഞ്ഞാല്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് പുതിയ തൊഴില്‍ദാന ബില്‍ ചെയ്യുന്നത്. കേവലമൊരു പേരുമാറ്റം മാത്രമല്ല പുതിയ ബില്‍ വരുമ്പോള്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ സാമ്പത്തിക ശേഷിയെ തകര്‍ക്കാനുള്ള ഉഗ്രശേഷി ഈ പുതിയ ബില്ലില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓരോ കുടുംബത്തിനും ഉറപ്പായും അറിയുമായിരുന്നു അവര്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ കിട്ടാനുള്ള അവകാശം ഉണ്ടെന്ന്. അതുകൊണ്ട് തന്നെ തങ്ങളുടെ വരുമാനത്തെ അവര്‍ക്ക് മുന്‍കൂട്ടിയറിഞ്ഞ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ പുതിയ ബില്ലില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും തൊഴില്‍ദാന പദ്ധതികള്‍ ഉണ്ടാവണമെന്നില്ല. വേണമെങ്കില്‍ ഒരു സംസ്ഥാനത്തെ തന്നെ മുഴുവനായി ഈ സ്കീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കേന്ദ്രത്തിനു കഴിയും. തങ്ങള്‍ക്ക് ഇഷ്ടമുള്ള സംസ്ഥാനങ്ങള്‍ക്കൊ, ചില സംസ്ഥാനങ്ങളിലെ ചില പ്രത്യേക ഇടങ്ങള്‍ക്കൊ മാത്രമായി തൊഴില്‍ദാന പദ്ധതികള്‍ ബാധകമാക്കാം എന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥകളെ അനിശ്ചിതത്വത്തിലേക്ക് നയിക്കും. അത് ഗ്രാമ പഞ്ചായത്തുകളുടെ സ്വയംനിര്‍ണ്ണയ വികാസമെന്ന തത്വത്തെ തന്നെ തകര്‍ക്കും.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ “എല്ലാവര്‍ക്കും ഒരുപോലെ തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുള്ള” (Universal application) എന്ന നിലയില്‍ നിന്നും “തിരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ക്ക് മാത്രം തൊഴില്‍ കിട്ടുന്ന” (Chosen or Targeted) അവസ്ഥയിലേക്ക് കാര്യങ്ങളെ മാറ്റും. രാജ്യത്തിന്‍റെ മതേതരത്വത്തെ തന്നെ തകര്‍ക്കുന്ന തരത്തില്‍ തൊഴില്‍ദാന പദ്ധതികളെ ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പലകോണില്‍ നിന്നും ഉണ്ടാകുന്നത് അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. പൗരത്വ ബില്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ബുള്‍ഡോസര്‍ രാജ് ഒക്കെ സൂചിപ്പിക്കുന്നത് ആളുകളുടെ ഭീതി അസ്ഥാനത്തല്ല എന്നാണ്.
നിലവില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളും പുരുഷന്മാരും അതില്‍ തന്നെ വൃദ്ധരായ ആളുകളുമാണ്. സമൂഹത്തിന്‍റെ പാര്‍ശ്വങ്ങളില്‍ ക്രയശേഷിയില്ലാതെ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഒരാശ്വാസം തന്നെയായിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമ്പോള്‍ അത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. പുതിയ ബില്ലില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ കര്‍ഷക തൊഴിലാളികളെ ലഭിക്കുന്നതിന് പരമാവധി അറുപത് ദിവസം വരെ ഒരു പ്രദേശത്ത് തൊഴില്‍ദാന പദ്ധതികള്‍ക്ക് അവധി പ്രഖ്യാപിക്കാനുള്ള അനുവാദം സംസ്ഥാന ഭരണകൂടത്തിന് നല്‍കുന്നുണ്ട്. ഉദാഹരണത്തിന് വിളവെടുപ്പ് സമയത്ത് തൊഴില്‍ദാന പദ്ധതി ഉണ്ടാവില്ല. അപ്പോള്‍ ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴിലിനായി കര്‍ഷകരെ സമീപിക്കേണ്ടി വരുമല്ലോ. എന്നാല്‍ ഇതിനൊരു മറുപുറം ഉണ്ട്. അന്നന്നത്തെ കൂലികൊണ്ട് ജീവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സമ്പന്ന കര്‍ഷകരോട് കൂലിക്ക് വേണ്ടി വിലപേശാന്‍ കഴിയാത്ത വിധം ഇതവരെ ദുര്‍ബലര്‍ ആക്കും. പുതിയ ബില്‍ അഴിമതിക്ക് എതിരെയുള്ള കുരിശുയുദ്ധം ആണെന്നാണ് അധികാരികള്‍ അവകാശപ്പെടുന്നതെങ്കിലും ഫലത്തില്‍ വലിയ തോതിലുള്ള ഡിജിറ്റല്‍ അഴിമതികള്‍ക്കുള്ള സാധ്യതകളാണ് പുതിയ ബില്‍ തുറന്നുവിടുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കര്‍ഷക സംഘടനകള്‍ ആരും തന്നെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ല അത് തുടരണം എന്നാണ് അവര്‍ പറയുന്നത്. ഗ്രാമീണ ദരിദ്രരെ സംബന്ധിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടരുന്നതാണ് അവര്‍ക്ക് നല്ലത്. ഗ്രാമ പഞ്ചായത്തുകള്‍ക്കും പഴയ പദ്ധതി തുടരുന്നതാണ് നല്ലത്. രാജ്യത്തിന്‍റെ ഭാഗത്ത് നിന്നും നോക്കിയാലും മഹാത്മാഗാന്ധി പദ്ധതി തുടരുന്നതാണ് നല്ലത്. നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി തുടരുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും എന്തുകൊണ്ടാകും സര്‍ക്കാര്‍ ആ പദ്ധതി അവസാനിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. രാജ്യമൊട്ടാകെ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ലഭ്യമാക്കാന്‍ ഗ്രാമങ്ങളെ സാമ്പത്തികമായി ഞെരുക്കേണ്ടതുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഗാന്ധിജിയുടെ പേര് മാറ്റി പിന്‍വാതിലില്‍ കൂടി രാംജിയെ കൊണ്ടുവരുന്നതില്‍ രാഷ്ട്രീയമായ വല്ല ഗുണവും ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയേണ്ടിവരും.
ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കത്തിലുള്ള ഇന്ത്യന്‍ ഗ്രാമങ്ങളെ കൂടുതല്‍ അശാന്തമാക്കാനെ ഇപ്പോഴത്തെ തൊഴില്‍ദാന പരിഷ്കാരം കൊണ്ട് സാധിക്കൂ. രാജ്യത്തിനോ ഗ്രാമീണ ജനതയ്ക്കോ ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. കേന്ദ്രം കൂടുതല്‍ കൂടുതല്‍ ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുകയും ഫെഡറല്‍ ഭരണസംവിധാനമെന്നത് ഭരണഘടനയില്‍ മാത്രമുള്ള ഒന്നായിമാറുകയും ചെയ്യുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് “ഗ്രാംജി” തൊഴില്‍ദാന പദ്ധതി. ഒരു വശത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ ഏറ്റവും കര്‍ക്കശമായി നടപ്പിലാക്കുകയും മറുവശത്ത് ഗ്രാമങ്ങളെ സാമ്പത്തികമായി ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ അസ്വസ്ഥതകളെ, മതരാഷ്ട്രത്തിന്‍റെ സാധ്യതകളെ സാംസ്‌കാരിക ദേശിയതയിലൂന്നിയ രാഷ്ട്രീയത്തിന്‍റെ പ്രയോഗവല്‍ക്കരണത്തിലൂടെ മറികടക്കാന്‍ കഴിയും എന്ന സൂചനയാണ് ഗാന്ധിജിയെ പുറത്തേക്കും രാംജിയെ അകത്തേക്കും നയിക്കുന്നതിന്‍റെ യുക്തിയെന്ന് തോന്നുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഗ്രാമങ്ങള്‍ക്കകത്തും പുറത്തും വിഭവരഹിത പുറമ്പോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥ വളര്‍ന്നതും പടര്‍ന്നു പന്തലിച്ചതും. ഒരാള്‍ക്ക് ജീവിക്കാന്‍ അയാളുടെ അധ്വാനം മാത്രം കൈമുതലായി ഉള്ള അവസ്ഥയില്‍ അയാള്‍ക്ക് യാതൊരുതരത്തിലും മറ്റുള്ളവരുമായി വിലപേശാന്‍ കഴിയില്ല. നഗ്നമായ ജാതി ചൂഷണങ്ങള്‍ ഇന്നും തുടരുന്നതിന്‍റെ യുക്തി, പൂര്‍വ്വജന്മ സുകൃതമോ, പൂര്‍വ്വജന്മ പാപങ്ങളോ അല്ല. മറിച്ച് ആളുകളുടെ വിലപേശല്‍ ശേഷിയെ ഇല്ലാതാക്കുന്ന തരത്തില്‍ അവരെ വിഭവരഹിത പുറമ്പോക്കുകളില്‍ തളച്ചിടാന്‍ ഇന്ത്യന്‍ ജാതി വ്യവസ്ഥയ്ക്ക് ഇന്നും കഴിയുന്നുണ്ട് എന്നത് മാത്രമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പിന്‍വലിക്കല്‍ പഴയ ജാതി വ്യവസ്ഥയിലേക്ക് വേഗത്തില്‍ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹ്യവ്യവസ്ഥയെ ഒന്നുകൂടി ത്വരിതപ്പെടുത്താനെ ഉതകൂ. എന്താണോ ഭരണഘടന വിഭാവനം ചെയ്ത എല്ലാവരും തുല്യരായ ഒരു സമൂഹത്തെ കെട്ടിയുയര്‍ത്തുകയെന്നതല്ല പുതിയ ബില്ലിന്‍റെ ആത്യന്തിക ലക്ഷ്യം, മറിച്ച് സവര്‍ണ്ണാധികാരത്തെ ഉറപ്പിക്കാനുള്ള സനാതന കൗശലങ്ങളില്‍ ഒന്ന് മാത്രമാണ് അത്. ഗാന്ധിക്കും ഗ്രാംജിക്കും ഇടയിലുള്ള ദൂരം ഇന്ത്യന്‍ ഭരണഘടനയുടെ ആഴമാണ്. ആ വിടവിനെ മണ്ണിട്ട് മൂടുകയാണ് പുതിയ ബില്‍.


