TMJ
searchnav-menu
post-thumbnail

Outlook

ഭൂമി കരയുന്നു നിങ്ങളെയോര്‍ത്ത്  

08 Aug 2024   |   3 min Read
ഷീലാ ടോമി

'മാനം ഇളക്കിമറിച്ച് ഒരു പെയ്ത്തായിരുന്നു പിന്നെ. പേമാരി ദിവസങ്ങളോളം കോരിച്ചൊരിഞ്ഞു. തമ്പ്രാന്‍കുന്നിനെ വടിച്ചെടുത്തിട്ടും കലിയടങ്ങിയില്ല. റിസോട്ടുകളും ടൗണ്‍ഷിപ്പും ഏറെക്കുറെ മണ്ണിനടിയിലായി. അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കുമേല്‍ ജടയറ്റകാവിലെ മുടിച്ചുരുള്‍പോലെ മൊബൈല്‍ ടവറിന്റെ കവരങ്ങള്‍ മാത്രം ഉയര്‍ന്നുകാണാം. പതിനെട്ടു വഴികളും പോരാതെ പുതിയ ചാലുകള്‍ തിരയുകയായി പ്രവാഹം. ഒഴുക്കിന്റെ മാര്‍ഗ്ഗത്തില്‍ എതിര്‍ത്തുനിന്ന ബണ്ടുകളും നിര്‍മ്മിതികളും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മലവെള്ളം കുതിച്ചത്. പാലത്തിന് മുകളിലൂടെ നദി കുത്തിയൊലിച്ചു. ഒടുവില്‍ ആ രാവില്‍ പാലവും ഇടിഞ്ഞുതാണു. കരിമലയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മാനുകളും മുയലുകളും ചത്തുപൊന്തി. കേളു മൂപ്പനെ എടുത്തു കൊണ്ടുവരാന്‍ ചെറുപ്പക്കാര്‍ മുനിമടയില്‍ ചെന്നു. മുനിമട മണ്ണിനടിയില്‍ അടക്കപ്പെട്ടുകഴിഞ്ഞിരുന്നു. മര്‍ത്യകുലം ജലത്താല്‍ നശിപ്പിക്കപ്പെടുകയില്ലെന്ന നിത്യമായ ഉടമ്പടി അവനുമായി ചെയ്യപ്പെട്ടിരിക്കുന്നു. ഇരുണ്ട മേഘങ്ങള്‍ക്കുള്ളിലേക്ക് അവിടുന്ന് അവനെ നയിച്ചു. അങ്ങനെ പ്രളയത്തിനു ശേഷം ഭൂമിയില്‍ ഒരു ഭാഗം നിലനിന്നു.' (വല്ലി) 

ഏറ്റവും പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. വയനാടിന്റെ കണ്ണുനീര്‍ എന്ന് ഉണങ്ങുമെന്നറിയില്ല. വയനാട് എന്റെ സ്വന്തം നാടാണ്. അതിനാല്‍ ആ മനുഷ്യരുടെ മനസ്സുകള്‍ എനിക്കറിയാം. ദുരന്തത്തിന് ഇരയായവര്‍ പാവപ്പെട്ട തോട്ടം തൊഴിലാളികളാണ്. അവര്‍ പ്രകൃതി ചൂഷകരോ അനധികൃതമായി ഭൂമി കയ്യേറിയവരോ അല്ല. അവര്‍ ഇഷ്ടപ്പെട്ടിരുന്ന, അഭിമാനിച്ചിരുന്ന, പുഴയും മലയുമാണ് അവരെ ഇല്ലാതാക്കി ഒരു രാത്രി ഒഴുകിപ്പോയത്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളില്‍ ഒന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടേതാണോ എന്നറിയാതെ വിങ്ങിപ്പൊട്ടിയവര്‍. കുഞ്ഞിക്കൈയിലെ മൈലാഞ്ചി കണ്ട് ഇതെന്റെ മോളെന്നു ചങ്കത്തടിച്ചവര്‍. ആറാം വിരലില്‍ ഇതെന്റെ ഉപ്പായെന്ന് പൊട്ടിക്കരഞ്ഞവര്‍. മലയിടിഞ്ഞു വരുന്നത് കണ്ട് ഇരുട്ടില്‍ ലക്ഷ്യമറിയാതെ ഇറങ്ങിയോടിയവര്‍. നിമിഷത്തില്‍ കൈവിരല്‍ വിട്ടുപോയ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഉറങ്ങാനാവാത്ത അമ്മമാര്‍. കനത്ത മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവര്‍. മനസ്സ് മരവിച്ചുപോയ ഒരു നാട്. ഇതിനെല്ലാമിടയില്‍ ദുരന്തഭൂമിയില്‍ ജലപാനം വെടിഞ്ഞ് ഓടിനടന്ന രക്ഷാപ്രവര്‍ത്തകരെയും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും എല്ലാം നമ്മള്‍ കണ്ടു. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുകയാണ് സര്‍ക്കാരും സുമനസ്സുകളും കേരളം മുഴുവനും.

WAYANAD LANDSLIDE | PHOTO : WIKI COMMONS
 ഉരുള്‍പൊട്ടലിന്റെ സ്വാഭാവിക കാരണങ്ങള്‍ അധികമഴയും കുന്നിന്റെ ചരിവും മണ്ണിന്റെയും പാറയുടെയും ഘടനയും ഒക്കെയാണെങ്കിലും ഭൂമി വിനിയോഗത്തിലെ അശാസ്ത്രീയതയും കാടു തെളിച്ചുണ്ടാക്കിയ തോട്ടങ്ങളും നീര്‍ചാലുകളെ പരിഗണിക്കാതെയുള്ള നിര്‍മ്മിതികളും മേലാവരണം നഷ്ടപ്പെട്ട കുതിര്‍ന്ന മണ്ണും വര്‍ദ്ധിച്ച ജനസാന്ദ്രതയും എല്ലാം ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നുണ്ട്. ലാന്‍ഡ് യൂസ് പോളിസി ശാസ്ത്രീയവും കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യകത ഈ ദുരന്തത്തോടെ അധികാരികള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. 

വെള്ളപ്പൊക്കത്തില്‍ പുഴയൊഴുകാന്‍ വഴികൊടുക്കാനായി വെള്ളച്ചാലുകളുടെ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത ദൂരങ്ങളിലേക്ക് മാറ്റാനും, പണ്ടെന്നോ കുത്തകകള്‍ക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഇന്നും അവര്‍ തന്നെ കൈയ്യാളുമ്പോള്‍ പാവപ്പെട്ടവര്‍ ദുര്‍ബല പ്രദേശങ്ങളില്‍, പുഴയോരങ്ങളില്‍, അപകടമേഖലകളില്‍, താമസിക്കാന്‍ നിര്‍ബന്ധിതരാവുന്ന പ്രതിഭാസത്തിന് അറുതി വരുത്താനും സര്‍ക്കാര്‍ ശ്രമിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. മഴയുടെ അളവും മറ്റും രേഖപ്പെടുത്തി ജനത്തെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുമുണ്ട്.

ക്വാറികളെക്കുറിച്ച് മിണ്ടിയാല്‍, വനനശീകരണത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മള്‍ പരിസ്ഥിതി തീവ്രവാദിയാകും. മനുഷ്യന്റെ ജീവനും ഉപജീവനവും തന്നെയാണ് ഏറ്റവും പ്രധാനം എന്നതില്‍ ആര്‍ക്കും സംശയവുമില്ല. കഴിഞ്ഞ ദശകങ്ങളില്‍ വയനാടിന്റെ പ്രകൃതി വിനാശം കണ്ട തലമുറയാണ് ഞങ്ങളുടേത്. മഞ്ഞും കുളിരുമുള്ള വയനാട് ഇന്ന് അന്യമായി.

BEAUTY OF WAYANAD | PHOTO : WIKI COMMONS
'കല്ലുവയലിനെ ചുറ്റിവളഞ്ഞ് വയലിന്റെ ഹൃദയത്തിലേക്ക് നൂണ്ടുകയറി പൂത്തു തളിര്‍ത്തു കിടക്കുന്ന കാട്. ഈട്ടിയും വെന്തേക്കും കരിമരുതും ഇലവും വേങ്ങയും ഇരുമുള്ളുമരവും കാട്ടുനാരകവും കാട്ടുനെല്ലിയും കാട്ടാലും പരട്ടിയും പുന്നയും പേഴും കമ്പകവും പ്ലാശും ചേരും പിന്നെ കാക്കത്തൊള്ളായിരം മരക്കൂസന്‍മാരും തട്ടിയും മുട്ടിയും ഉമ്മവച്ചും കഴിയുന്ന കാട്. ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും അക്കാലത്ത് കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാടു നിറയെ അന്ന് മഞ്ഞുപെയ്തിരുന്നു.' (വല്ലി)

കാലാവസ്ഥാമാറ്റം ആഗോളതാപനം മൂലമെന്ന് വാദിച്ചാലും നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ബാക്കിയുണ്ട്. ഗാഡ്ഗിലിനെ കുറ്റം പറയുന്നവര്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ പരിഭ്രാന്തരാക്കുന്നവര്‍, ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. ഇപ്പോഴുള്ള കര്‍ഷകരുടെ കൃഷിഭൂമി വനഭൂമിയായി കണക്കാക്കില്ലെന്നും ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കുറഞ്ഞ വീടുകള്‍ക്ക് നിര്‍മ്മാണ വിലക്കില്ലെന്നും അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കണം എന്നുള്ള തീരുമാനമല്ല, വയനാട് അതിലോല പ്രദേശമായതിനാല്‍ കൂടുതല്‍ സൂക്ഷ്മമായി ഏരിയകള്‍ തിരിച്ച് സാധ്യമെങ്കില്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളില്‍ തന്നെ പഠനങ്ങള്‍ നടത്തി സോണുകള്‍ നിര്‍ണയിച്ച് ജനങ്ങളുടെ ആവാസസ്ഥലികള്‍  തടസ്സപ്പെടുത്താതെ പ്രാദേശിക കൃത്യതയോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് വേണ്ടത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത് ഉള്‍ക്കൊള്ളുക തന്നെവേണം. കുന്നുകളുടെ ചരിവും മണ്ണിന്റെ ഘടനയും അനുസരിച്ച് ഒരു പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പറ്റുമോ എന്നൊക്കെ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ. കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗൃഹനിര്‍മ്മാണം ഇനിയെങ്കിലും നമ്മള്‍ ശീലിയ്ക്കണം. സ്വാഭാവികമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ അങ്ങനെ പല നടപടികളും എടുക്കേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിന് നമ്മുടെ സഹകരണവും ആവശ്യമായി വരും.

MADHAV GADGIL | PHOTO : WIKI COMMONS
ഭൂട്ടാന്‍ പോലുള്ള ഹിമാലയന്‍ രാജ്യങ്ങളുടെ പരിസ്ഥിതിസൗഹൃദ വികസന പരിപാടികള്‍ നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ്. ലോകത്തെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാനില്‍ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ശാന്തസുന്ദരമായ ഹിമാലയന്‍ പ്രകൃതി അവര്‍ എങ്ങനെ സംരക്ഷിക്കുന്നു എന്നത് അത്ഭുതപ്പെടുത്തി. അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിനു പോലും അവിടെ നിയന്ത്രണമുണ്ട്. അവിടെയെത്തുന്ന സന്ദര്‍ശകര്‍ ഓരോ ദിവസത്തെ താമസത്തിനും Sustainable Development Fee അടയ്ക്കണം. ഒരു ദിവസം അവിടെ ഇറങ്ങാവുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. കുന്നും മലകളും മാത്രമുള്ള ആ രാജ്യം കുത്തകകള്‍ക്ക് തുറന്നുകൊടുത്തിരുന്നെങ്കില്‍ ഭൂട്ടാന്‍ എന്ന രാജ്യം ഇപ്പോള്‍ ഇങ്ങനെ അവശേഷിക്കുമായിരുന്നെന്ന് തോന്നുന്നില്ല.

അപാരമായ ജലശക്തിക്ക് മുന്നില്‍ തകര്‍ന്ന എന്റെ പ്രിയ ദേശമേ, പ്രിയപ്പെട്ട മനുഷ്യരേ, ഒപ്പമുണ്ട് ഞങ്ങള്‍... നമ്മുടെ നാട് പുനര്‍ നിര്‍മ്മിക്കാന്‍.

 'മക്കളേ, ഒന്ന് കണ്ണടച്ച് ചെവി വട്ടംപിടിച്ചു നോക്കൂ. എന്താണ് നിങ്ങള്‍ കേള്‍ക്കുന്നത്? പക്ഷികളുടെ ചിലപ്പ്... പുഴയുടെ ഇരമ്പം... ചില്ലകള്‍ ഉലയുന്ന ശബ്ദം... കമ്പൊടിയുന്ന ഒച്ച... കുട്ടികള്‍ ഓരോരുത്തരായി പറഞ്ഞു.

 കാടിന്റെ കരച്ചില്‍... ജെയിംസ് വിളിച്ചു പറഞ്ഞു.
 പത്മനാഭന്‍ അവനെ ചേര്‍ത്തണച്ചു.

'ഓരോ മനുഷ്യനും കാടിന്റെ കരച്ചില്‍ കേള്‍ക്കാനാവുന്ന കാലം വരണം. കാടിന്റെ ഭാഷയും മനുഷ്യഭാഷയും ഒന്നാകുന്ന കാലം. അന്ന് മഴുവും അറക്കവാളും മരംവെട്ടിയും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. അന്ന് മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കും. അവന്‍ ഭൂമിയേയും സ്‌നേഹിക്കും. അക്കാലത്ത് മനുഷ്യന്‍ ചിരിക്കുമ്പോള്‍ കാട് പൂക്കും. ഓരോ കുഞ്ഞു ജീവനും, ഒരു തൊട്ടാവാടിക്ക് പോലും, ശ്രേഷ്ഠതയുണ്ടെന്ന് കാട് നമ്മോട് പറയുന്നു. കാട് കരയുന്നത് നിങ്ങളെയോര്‍ത്താണ് മക്കളേ...' (വല്ലി) 




#outlook
Leave a comment