
ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയുടെ പാരിസ്ഥിതിക ഭാരം
ഗാസ യുദ്ധത്തിന്റെ ഒരു വർഷം
ലോകം ഗാസ യുദ്ധത്തിന് മുമ്പും പിമ്പും എന്നൊരു കാലഗണന ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വർഷമായി ഗാസയിലും സെപ്റ്റംബർ മുതൽ ലെബനണിലും നടക്കുന്ന ആക്രമണങ്ങൾ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്ന രണ്ട് അഭിമുഖ സംഭാഷണങ്ങൾ, സംഘർഷത്തെ സംബന്ധിച്ച മാധ്യമ ഉള്ളടക്കങ്ങളുടെ സ്വഭാവം, യുദ്ധം വിതക്കുന്ന പരിസ്ഥിതി വിനാശം എന്നിവ മലബാർ ജേർണൽ പ്രസിദ്ധീകരിക്കുന്നു. ബദൽ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചും ഇപ്പോഴത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും വേറിട്ട വീക്ഷണം പങ്കു വയ്ക്കുന്നു.
യുദ്ധത്തിനുള്ള പാശ്ചാത്യ പിന്തുണ എന്നാല്‍ അഭൂതപൂര്‍വമായ പാരിസ്ഥിതിക നാശത്തിനുള്ള പിന്തുണയാണെന്ന് വ്യക്തമാക്കുന്ന ലേഖനം.ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെയും അതുവഴി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും കുറിച്ച് സ്റ്റോപ്പ് വാറില്‍ സ്വേതാ ചൗധരി എഴുതിയ ലേഖനത്തിന്റെ പരിഭാഷ.
യുദ്ധം വരുത്തുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ഏറ്റവും ഗ്രാഫിക് ആയ ഒരു ചിത്രം കത്തി ജ്വലിക്കുന്ന 700 എണ്ണപ്പാടങ്ങളും, പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് ചോര്‍ന്നൊലിച്ച 11 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും, 800 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പുകയുടെ കൂമ്പാരവുമാണ്. ഒന്നാം ഗള്‍ഫ് യുദ്ധം വിതച്ച പാരിസ്ഥിതിക വിനാശത്തിന്റെ ഏകദേശ ചിത്രമാണിത്. മരുഭൂമിയുടെ വരണ്ട മണ്ണില്‍ ചോര്‍ന്നൊലിച്ച എണ്ണ ബാക്കിയാക്കിയ 300-ഓളം എണ്ണ 'തടാകങ്ങള്‍' വര്‍ഷങ്ങളോളം അവ മലിനമാക്കി.രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അനന്തമായ വിശകലനവും ചര്‍ച്ചകള്‍ക്കും ശേഷം ഗാസയില്‍ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധങ്ങള്‍, ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന താപനത്തിന് യുദ്ധം വഹിക്കുന്ന പങ്ക് ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നു. എന്നിട്ടും നമ്മുടേതുള്‍പ്പെടെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ വിദേശനയത്തിന്റെയും പ്രതിരോധ സന്നാഹങ്ങളുടെയും തിരഞ്ഞെടുപ്പുകളില്‍ കാലാവസ്ഥയെ പൂര്‍ണ്ണമായും അവഗണിക്കുന്നു.
യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) പ്രസിദ്ധീകരിച്ച പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച്, ഗാസയിലെ യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം നമ്മള്‍ ഇതുവരെ അനുഭവിച്ചതിനേക്കാള്‍ രൂക്ഷമാണ്. മണ്ണ്, ജലം, വായു എന്നിവയെ അതിവേഗം ഗ്രസിക്കുന്ന മലിനീകരണം സ്വാഭാവിക പ്രകൃതിയുടെ വീണ്ടെടുപ്പ് അസാധ്യമാക്കുന്നു.
ഗാസയിലെ യുദ്ധത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ കാര്‍ബണ്‍ പുറന്തള്ളലുകള്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന 20 രാജ്യങ്ങളുടെ വാര്‍ഷിക കാര്‍ബണ്‍ പുറന്തള്ളലുകളെക്കാള്‍ കൂടുതലാണെന്ന് മറ്റൊരു ഗവേഷണം വെളിപ്പെടുത്തുന്നു.
ഇസ്രായേലിന്റെ വംശഹത്യയ്ക്ക് പാശ്ചാത്യര്‍ നല്‍കുന്ന പിന്തുണയും ഈ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ 'അന്താരാഷ്ട്ര സമൂഹം' പ്രകടിപ്പിക്കുന്ന അനാസ്ഥയും കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള അവരുടെ കപടനാട്യങ്ങളെ ഒരിക്കല്‍ കൂടി എടുത്തുകാണിക്കുന്നു. ഒരു വശത്ത് കാലാവസ്ഥ തകര്‍ച്ചയുടെ അപകടങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും മറുവശത്ത് ഇസ്രായേലിന്റെ യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ അംഗീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. എന്നാല്‍ യുദ്ധത്തിന്റെ കാര്‍ബണ്‍ ഉത്പാദനം മാത്രമല്ല ഞെട്ടിക്കുന്നത്. ഗാസ പുനര്‍നിര്‍മ്മിക്കുന്നതിന് വലിയ പാരിസ്ഥിതിക വില തന്നെ നല്‍കേണ്ടിവരും. ഗാസയുടെ പുനര്‍നിര്‍മ്മാണം ഏകദേശം 60 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുറന്തള്ളലുകള്‍ 135 ലധികം രാജ്യങ്ങളുടെ വാര്‍ഷിക പുറന്തള്ളലുകളെക്കാള്‍ കൂടുതലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് സ്വീഡന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്ക് തുല്യമാണ്.
REPRESENTATIVE IMAGE | WIKI COMONS
പലസ്തീന്‍ ജനത വളരെക്കാലമായി യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന ഒരു പ്രദേശത്താണ് അവര്‍ നിലകൊള്ളുന്നത്. ഗാസ മുനമ്പ്, പടിഞ്ഞാറന്‍ തീരം, ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവ പ്രധാനമായും ഉഷ്ണ മേഖല പ്രദേശങ്ങളാണ്. പ്രദേശത്തിന്റെ വലിയൊരു ഭാഗം വരണ്ടതോ, ഭാഗികമായി മാത്രം വരളുന്നതോ ആണ്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം, താപനിലയിലെ വര്‍ദ്ധനവും ജലത്തിന്റെ അഭാവവും കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളായ ജലക്ഷാമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, കടുത്ത കാലാവസ്ഥാ സംഭവങ്ങള്‍ എന്നിവ ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയും ശേഷിക്കുന്ന ജനസംഖ്യയുടെ ക്ഷേമത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.
ഗാസയിലെ യുദ്ധം, യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന വിനാശകരമായ എക്കളോജിക്കല്‍ കാല്‍പ്പാടിന്റെയും അതില്‍ സൈനിക-വ്യാവസായിക സമുച്ചയം ചെലുത്തുന്ന സ്വാധീനത്തിന്റെയും നേര്‍ക്കാഴ്ച മാത്രമാണ്. ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ 1850 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 2022 ല്‍ 182 മടങ്ങ് കൂടുതലാണെന്നാണ്.
യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധനവിനെക്കുറിച്ച് യുക്രൈനിലെ യുദ്ധം നമ്മെ സമാനമായ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം 175 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് വന്നിട്ടുണ്ടെന്ന് ഇക്കോ ആക്ഷന്‍ നടത്തിയ സമഗ്രമായ പഠനം വെളിപ്പെടുത്തുന്നു. യെമന്‍, സൊമാലിയ, സുഡാന്‍ എന്നിവിടങ്ങളില്‍ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും കാരണം പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍, കടുത്ത വരള്‍ച്ച, വെള്ളപ്പൊക്കം, ഭക്ഷ്യക്ഷാമം എന്നിവ വര്‍ധിക്കുന്നു. ഇവ പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ്. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത കാലാവസ്ഥയും അനുബന്ധ ദുരന്തങ്ങളും നേരിടുന്നത് തുടരുകയും ശരിയായ ധനസഹായവും പിന്തുണയും ഇല്ലാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ അവശേഷിക്കുകയും ചെയ്യുന്നു.
സിഒപി, യുഎന്‍ കാലാവസ്ഥാ സമ്മേളനങ്ങള്‍ സൈനിക വ്യാവസായിക സംവിധാനങ്ങളെ അതിന്റെ അമ്പരപ്പിക്കുന്ന പുറന്തള്ളലില്‍ ഉത്തരവാദിയാക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍ മാത്രമല്ല, ആണവോര്‍ജ്ജത്തില്‍ നിന്നുള്ള റേഡിയോ ആക്ടീവ് മലിനീകരണത്തിനും സൈനിക സംവിധാനങ്ങള്‍ ഉത്തരവാദികളാകേണ്ടതുണ്ട്. വാസ്തവത്തില്‍, കഴിഞ്ഞ വര്‍ഷം സിഒപി 28-ല്‍, 'കാലാവസ്ഥാ പ്രതിസന്ധിക്ക് സൈനിക പ്രവര്‍ത്തനങ്ങളോ യുദ്ധ പോരാട്ടങ്ങളോ നല്‍കുന്ന സംഭാവനകളെക്കുറിച്ച് പരാമര്‍ശിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല'.
2023ല്‍ 916 ബില്യണ്‍ ഡോളര്‍ സൈന്യത്തിനായി നീക്കിവച്ച യുഎസ് ആയിരുന്നു ഏറ്റവും കൂടുതല്‍ സൈനിക ചെലവ് നടത്തിയ രാജ്യം. യുദ്ധം വലിയ പാരിസ്ഥിതിക നാശത്തിനും സൈനിക ഹരിതഗൃഹ വാതക പുറന്തള്ളല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന ഇസ്രയേല്‍, റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ 17.5 ബില്യണ്‍ ഡോളര്‍ മാത്രമാണ് സിഒപി 28 ലോസ് ആന്‍ഡ് ഡാമേജ് ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തത്. ചര്‍ച്ചകളില്‍ നിന്നും രേഖയില്‍ നിന്നും സൈനിക കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കപ്പെട്ടു. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതിരോധത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, യുദ്ധങ്ങളുടെ വിഷ പൈതൃകം, നെറ്റ് സീറോ മിലിട്ടറികളുടെ ആവശ്യകത എന്നിവയെക്കുറിച്ച് അവ്യക്തമായ പ്രസ്താവനകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
REPRESENTATIVE IMAGE | WIKI COMMONS
സമ്പന്ന രാജ്യങ്ങള്‍ അവരുടെ സൈനിക ബജറ്റിന്റെ അഞ്ച് ശതമാനം കാലാവസ്ഥാ ധനകാര്യത്തിനായി മാറ്റണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നു. സൈനിക ചെലവ് ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍, 2022 ല്‍ 2.2 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. 2021 ല്‍ കാലാവസ്ഥാ ധനകാര്യത്തിനായി 90 ബില്യണ്‍ ഡോളര്‍ മാത്രമാണ് ചെലവഴിച്ചത്. ഇത് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ആവശ്യമായ തുകയേക്കാള്‍ വളരെ കുറവാണ്. ആഗോള സൈനിക ചെലവിന്റെ പകുതിയിലധികം വരുന്നതും 233 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതാണ്. 31 നാറ്റോ അംഗരാജ്യങ്ങളുടെ അനാവശ്യ സൈനിക ചെലവ് വെട്ടിക്കുറയ്ക്കാതെ നമുക്ക് കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയില്ല.
യുദ്ധങ്ങള്‍, നാറ്റോ, സൈനിക വ്യവസായ സംവിധാനങ്ങള്‍ എന്നിവയാണ് കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുന്ന ത്രിമൂര്‍ത്തികള്‍. ഭാവിയിലെ സൈനിക കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന വിദേശ, പ്രതിരോധ നയങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാരുകളുടെയും നയനിര്‍മ്മാതാക്കളുടെയും വിമുഖത ചോദ്യം ചെയ്യപ്പെടണം. വിനാശകരമായ പാരിസ്ഥിതിക പ്രത്യാഘാതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തമായ ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കണം. യുദ്ധവിരുദ്ധ പ്രസ്ഥാനം ഫലപ്രദമായി ഇടപെടലിലൂടെ മാത്രമേ നമുക്ക് യഥാര്‍ത്ഥത്തില്‍ കാലാവസ്ഥാ നാശത്തെ നേരിടാന്‍ കഴിയൂ.
വിവര്‍ത്തനം ഷെമി - കടപ്പാട് സ്റ്റോപ്പ് വാര്‍

