TMJ
searchnav-menu
post-thumbnail

Outlook

അന്നം തരുന്നവര്‍ ഉന്നം നേരിടുന്ന യൂറോപ്യന്‍ കര്‍ഷകപ്രക്ഷോഭം

02 Mar 2024   |   3 min Read
അബ്ദുല്‍ ഖാദര്‍ കെ

ത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും മാനവസംസ്‌കാരത്തിന്റെയും നിലനില്‍പ്പിന്റെ അടിത്തറയാണ് കൃഷിയും കര്‍ഷകരും. ഇന്ത്യ പോലെ  ഒരു ബഹുലമായ രാജ്യത്ത് ജനസംഖ്യയുടെ ഏറിയപങ്കും കാര്‍ഷികവൃത്തിയില്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ലോകരാജ്യങ്ങള്‍ മുഴുവന്‍ അവരുടെ നിലനില്‍പ്പിന് കര്‍ഷകരെ ആശ്രയിക്കുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനെക്കാളും സാമ്പത്തിക വളര്‍ച്ചയെക്കാളും ഗൗരവമേറിയ ധര്‍മ്മമാണ് കൃഷിക്കും കര്‍ഷകനും ഉള്ളത്. അത് ജനലക്ഷങ്ങളുടെ വിശപ്പും പട്ടിണിയും മാറ്റി അനേകം വരുന്ന ജനസംഖ്യയുടെ തൊഴില്‍ സംരക്ഷിക്കുന്നു.

രാജ്യതലസ്ഥാനം കലുഷിതമായ കര്‍ഷക സമരത്തിനും പ്രക്ഷോഭത്തിനും സാക്ഷിയാവുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി സാക്ഷ്യംവഹിച്ച മഹാ കര്‍ഷകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് അരങ്ങേറുന്നത്. ഭരണവര്‍ഗ്ഗം കൊണ്ടുവന്ന ബില്ലുകള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ തെരുവിലേക്കിറങ്ങുമ്പോള്‍ സമാനമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ ലോകത്തിലെ പല രാജ്യങ്ങളിലും ഭരണവര്‍ഗ്ഗത്തെ പുനഃശ്ചിന്തനത്തിനു വിധേയമാക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചവട്ടമായി ഡല്‍ഹിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കര്‍ഷകസമരത്തിന് അനുരൂപമായ വര്‍ഗ്ഗസമരത്തിനാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണവര്‍ഗ്ഗം സാക്ഷ്യംവഹിക്കുന്നത്. 2023 ന്റെ അവസാനം തുടങ്ങിയ യൂറോപ്യന്‍ കര്‍ഷക പ്രക്ഷോഭം കാട്ടുതീ പോലെ ആളിക്കത്തുകയാണ്. ടുണീഷ്യയില്‍ ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ ഉയര്‍ന്നുവന്ന് വടക്കന്‍ ആഫ്രിക്കയുടെ രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ അട്ടിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ സമാന സ്വഭാവവും ഗന്ധവുമുണ്ട് യൂറോപ്യന്‍ കര്‍ഷക പ്രക്ഷോഭത്തിന്.തുടക്കം

യൂറോപ്പെന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒരേസമയം വികസനത്തിന്റെയും ആഡംബരത്തിന്റെയും സമാധാനത്തിന്റെയും മഹാനഗരങ്ങളുടെയും ഉറവിടവും സങ്കേതവുമാണ്. എന്നാല്‍ മണ്ണ് മണക്കുന്ന, വിയര്‍പ്പിന്റെ ഗന്ധമുള്ള ഒരു യൂറോപ്പ് അവിടെ ജീവിക്കുന്നു. അത് കൃഷിയുടെയും കര്‍ഷകരുടെയും യൂറോപ്പാണ്. വളരെ കുറഞ്ഞ എണ്ണം വരുന്ന ഈ കാര്‍ഷിക ജനതയുടെ തൊഴിലിനെയും വരുമാനത്തെയും നിലനില്‍പ്പിനെയും ബാധിക്കുന്ന പുതിയ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും അവരുടെ രാഷ്ട്രങ്ങളും രൂപം നല്‍കുകയും അതില്‍ പ്രതിഷേധിച്ചുമാണ് യൂറോപ്പിലെ കര്‍ഷകര്‍ തെരുവിലിറങ്ങിയത്.

2023 ന്റെ അവസാനമാണ് കര്‍ഷകപ്രക്ഷോഭം ആരംഭിച്ചതെങ്കിലും പുതുവര്‍ഷത്തിന്റെ തുടക്കം മുതലാണ് കര്‍ഷകര്‍ തെരുവുകളും റോഡുകളും പിടിച്ചടക്കിയതും, യൂറോപ്യന്‍ യൂണിയനും രാഷ്ട്രങ്ങളും അതിന്റെ ചൂടറിഞ്ഞതും. പോളണ്ടിലും നെതര്‍ലന്റിലുമായിരുന്നു സമരത്തിന്റെ പിറവിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് ജര്‍മനിയിലേക്കും, ഫ്രാന്‍സിലേക്കും ബെല്‍ജിയത്തിലേക്കും ഹങ്കറിയിലേക്കും സ്‌പെയിനിലേക്കും ഇറ്റലിയിലേക്കും ഇപ്പോള്‍ ഗ്രീസിലേക്കും പോര്‍ച്ചുഗലിലേക്കും കാട്ടുതീ പോലെ പടര്‍ന്നുവ്യാപിച്ചു. പ്രധാനമായും നാല് കാരണങ്ങളാണ് കര്‍ഷകരെ സമരത്തിന് പ്രേരിപ്പിച്ചത്.
 
ഒന്ന്, യൂറോപ്യന്‍ യൂണിയന്‍ എന്ന യൂറോപ്പിലെ ഇരുപത്തിയേഴ് രാജ്യങ്ങളുടെ കൂട്ടായ്മ കൊണ്ടുവന്ന പുതിയ നയങ്ങള്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കുന്നവയായിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ച് പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയന്‍ 2021 ഡിസംബറില്‍ അംഗീകരിക്കുകയും 2023 ജനുവരി മുതല്‍ നടപ്പിലാക്കുകയും ചെയ്ത പരിഷ്‌കരിച്ച 'EU Common Agricultural Policy ' കൃഷിയെ വലിയരീതിയില്‍ ബാധിക്കുമെന്ന് കര്‍ഷകര്‍ മനസ്സിലാക്കി. യൂറോപ്യന്‍ യൂണിയന്റെ ആകെ GDP യില്‍ 1.4% മാത്രം സംഭാവന നല്‍കുകയും 4.1% മാത്രം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ലോകത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ 14% വരുന്നത് യൂറോപ്പില്‍ നിന്നാണ്. 2023 ജൂലൈയില്‍ അംഗീകരിച്ച 'European Great Deal' ന്റെ ഭാഗമായി ഇവയുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ വേണ്ടിയാണ് EU ഇത് കൊണ്ടുവന്നത്. ഇതുപ്രകാരം മണ്ണിനേയും പരിസ്ഥിതിയേയും നശിപ്പിക്കുന്ന രാസവളങ്ങള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതിയില്ലാതാവുകയും ഉത്പാദന ചിലവ് വര്‍ധിപ്പിക്കുകയും ചെയ്തു.രണ്ട്, റഷ്യയും ഉക്രൈയ്‌നും തമ്മിലുള്ള യുദ്ധത്തിനുശേഷം വിവിധ മേഖലകളില്‍ ഉണ്ടായ ഉയര്‍ന്ന ജീവിതച്ചിലവ് കര്‍ഷകരെ വലച്ചു. കൂടാതെ കാലാവസ്ഥാ വ്യതിയാനവും അതിന്റെ തുടര്‍ന്നുള്ള വരള്‍ച്ചയും നിരന്തരമായ കാട്ടുതീയും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചു. വരള്‍ച്ച കാരണം കാറ്റലോണിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഫ്രാന്‍സിലെ വയലുകള്‍ ഊഷരഭൂമിയായതും ജര്‍മനിയിലെ നിരന്തര കാട്ടുതീയും ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

മൂന്ന്, കരാര്‍ മുഖേന മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര വാണിജ്യ സംഘടനകളുമായി വ്യാപാരം നടത്തുന്നതും അവരുടെ വിളകളും ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ തദ്ദേശീയ വിളകളോട് മത്സരിച്ച് തോല്‍പ്പിക്കുന്നതും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കി. ഉക്രൈയ്‌നില്‍ നിന്നും മൊറോക്കോയില്‍ നിന്നും ഇറക്കുമതി ചെയ്ത വിലകുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ വിളകള്‍ തദ്ദേശീയവിളയുടെ നിലനില്‍പ്പ് ചോദ്യത്തിലാക്കി. ഇതുകൂടാതെ തെക്കേ അമേരിക്കന്‍ വാണിജ്യ സംഘടനയായ  MERCOSUR (the Southern Common Market ) ആയിട്ട് 2025 വരെ താരിഫ് ഇല്ലാത്ത വാണിജ്യകരാറിനും EU കൈകോര്‍ത്തു.

നാല്, EU വിന്റെയും തദ്ദേശ സര്‍ക്കാരുകളുടെയും ഇത്തരം നയങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഗ്രാമീണ-നഗര വിഭജനവും അന്തരവും ഉണ്ടാക്കി. ഗ്രാമീണമേഖലയിലും നഗരമേഖലയിലും ഉള്ള അങ്ങേയറ്റത്തെ സാമ്പത്തിക വൈജാത്യം ഇവരെ പിടിമുറുക്കി. ഗ്രാമീണര്‍ അവഗണിക്കപ്പെടുകയാണെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഭരണവര്‍ഗ്ഗം ശ്രമിക്കുന്നില്ലായെന്ന പൊതുബോധവും പ്രക്ഷോഭത്തിലേക്ക് വഴിവെച്ചു.

രാജ്യങ്ങളിലൂടെ...

ഈ കാരണങ്ങളെല്ലാം യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തിയേഴ് രാജ്യങ്ങളിലേയും കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ അതാത് രാജ്യത്ത് കൊണ്ടുവന്ന പുതിയ നികുതികളും നയങ്ങളും ഇഴയുന്ന ഉദ്യോഗസ്ഥഭരണവും പ്രക്ഷോഭത്തിന്റെ ആക്കംകൂട്ടി. യൂറോപ്പിലെ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ഫ്രാന്‍സിലെ കര്‍ഷകര്‍ വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് പാതകളും തെരുവുകളും അടച്ചു. ഫ്രാന്‍സ് പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പ്രതിഷേധാഗ്‌നി കണ്ട് പുതിയ നിയമങ്ങളും നയങ്ങളും മരവിപ്പിച്ചു. ആറുലക്ഷത്തില്‍ താഴെ മാത്രം കര്‍ഷകര്‍ ഉള്ള ജര്‍മനിയില്‍ 50% ത്തിലധികം സ്ഥലത്തും കൃഷിയാണ് ചെയ്യുന്നത്. ഇവിടെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന് നല്‍കിയിരുന്ന സബ്സിഡി കുറച്ചതും കര്‍ശനനിയമങ്ങളും ഡിസംബര്‍ മുതല്‍ ജര്‍മനിയില്‍ പ്രതിഷേധത്തിന് കാരണമായി. സ്‌പെയിനിലെ മാഡ്രിഡ് നഗരത്തില്‍ കര്‍ഷകര്‍ തങ്ങളുടെ വൈനും പാലും റോഡില്‍ ഒഴുക്കിയാണ് പ്രതിഷേധം കടുപ്പിച്ചത്.ഇനിയെന്ത്?

പ്രതിഷേധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനം തെരുവുകള്‍ കയ്യടക്കിയിരുന്നു. വാഹനങ്ങളും വിളകളും കൊണ്ടെത്തിയ കര്‍ഷകര്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുകയാണ്. സമരം കടുത്തതോടെ യൂറോപ്യന്‍ യൂണിയനും രാജ്യങ്ങളും കുറ്റസമ്മതം നടത്തുകയും ചില പരിഷ്‌കാരങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, കര്‍ഷകരുടെ പ്രതിഷേധാഗ്‌നിയില്‍ വിറച്ച് തെക്കേ അമേരിക്കന്‍ വാണിജ്യ സംഘടനയായ MERCOSUR (the Southern Common Market )  ആയിട്ടുള്ള യൂറോപ്യന്‍ യൂണിയന്റെ വ്യാപാരകരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഇതോടുകൂടി ഭരണവര്‍ഗ്ഗത്തില്‍ വെറുമൊരു കാര്‍ഷികനയം മാത്രമല്ലാതെ ഏകീകൃതമായ കാര്‍ഷിക-രാഷ്ട്രീയ-വാണിജ്യനയത്തിന്റെ ആവശ്യകത വ്യക്തമായി. 'No Farmer, No Food, No Future' എന്ന മുദ്രാവാക്യവുമായി വന്ന കര്‍ഷകര്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ വേരുകളെ ഉണര്‍ത്തുന്നു.

യൂറോപ്പിലെ കര്‍ഷകസമരത്തിനെ ട്യുണീഷ്യയിലെ മുല്ലപ്പൂവിന്റെ സുഗന്ധം തൊട്ടുതലോടി പോകുന്നുണ്ട്. കാരണം രാജ്യത്തെ ജനങ്ങളുടെ കാലങ്ങളായി കെട്ടിനിന്ന നിസ്സഹായാവസ്ഥ അണപൊട്ടിയൊഴുകിയതാണ് മുല്ലപ്പൂ വിപ്ലവത്തിലേക്ക് നയിച്ചത്. സമാനമായ പ്രതിഷേധമാണ് യൂറോപ്പിലെ കര്‍ഷക വിഭാഗത്തിന്റെയും. അതുകൊണ്ടുതന്നെ 2024 ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ നടക്കാന്‍ പോകുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ഷകസമരം ഏറ്റവും വലിയ ഘടകമാവുമെന്നതില്‍ സംശയമില്ല. ട്യുണീഷ്യയിലും അവിടുന്ന് വടക്കന്‍ ആഫ്രിക്കയിലും വിരിയുകയും പരക്കുകയും ചെയ്ത മുല്ലപ്പൂ വസന്തം യൂറോപ്പിലും വിരിയുമോയെന്നു നോക്കിക്കാണണം.


#outlook
Leave a comment