TMJ
searchnav-menu
post-thumbnail

Outlook

ദ്വയാർത്ഥ പ്രയോഗങ്ങളിലെ സ്ത്രീ ശരീരം

12 Jan 2025   |   4 min Read
കെ. ആർ. രാഗി

'മാന്യത'യെന്നതിന്റെ വിവിധ അളവുകോലുകളിലാണ് സംസ്കാരത്തിന്റെ പൊതുതാൽപര്യങ്ങൾ നിശ്‌ചയിക്കപ്പെടുന്നത്. അത് മതമാകാം, ജാതിയാകാം, കുടുംബ ബന്ധങ്ങൾ മുതൽ കൂട്ടുകെട്ടുകൾ വരെയാകാം. പുരുഷാധിപത്യ സമൂഹത്തിൽ ഭാഷയുടെ ഏത് പ്രയോഗമെടുത്ത് നോക്കിയാലും പരമ്പരാഗത 'പുരുഷ ' വ്യാഖ്യാനങ്ങളിൽ ഈ 'പുരുഷേതര ' ശരീരങ്ങളും മനസ്സുകളും എന്നും തന്നെ വിവിധ നോട്ടങ്ങളുടെ ഉപകരണങ്ങൾ മാത്രമാണ്. ഇതൊരു പുതിയ അറിവല്ലതാനും. ശരീരത്തിലേക്ക് മാത്രം വ്യക്തിത്വത്തിനേയും, ഒരാളുടെ ജീവിതത്തിന്റെ ആകെ തുകയെന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരത്തെയും കൊണ്ടെത്തിക്കുന്നതാണ് ഇന്നത്തെ ചിന്തകളെ പോലും ( അഭ്യസ്തവിദ്യർ, പുരോഗമിച്ചവർ) പ്രതിലോമകരമായി ബാധിക്കുന്ന, ആശങ്കപ്പെടേണ്ട ഒന്ന്. 

ശരീരം സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുക എന്ന വളരെ സജീവമായ കർതൃത്ത്വം നിർണ്ണയിക്കുന്ന സ്ഥാനത്തുനിന്ന് മറ്റൊരാൾ നമ്മുടെ ശരീരത്തിനെ ഉപയോഗിക്കുക എന്നുള്ള , വെറും വസ്തുവാണെന്നുള്ള കാഴ്ചപ്പാടിന്റെ ആഘോഷങ്ങളാണ് നേരത്തെ പറഞ്ഞ പുരുഷകേന്ദ്രീകൃത ഭാഷയുടെ വൈകൃതമെന്ന് പറയുന്നത്. 

ഇപ്പോൾ ചർച്ചയിലുള്ള പ്രധാനപ്പെട്ട വിഷയമാണ് സിനിമ താരമായ ഹണി റോസ് തനിക്കുണ്ടായ നിരന്തരമായ വെർബൽ, സെക്ഷ്വൽ അബ്യുസിനെ ചെറുക്കുന്നതിന്റെ ഭാഗമായി സ്വർണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് ഫയൽ ചെയ്തതും തുടർന്നുണ്ടായ അറസ്റ്റും അതിന്റെ ഭാഗമായി നടക്കുന്ന ക്രിയാത്മകമായതും, എന്നാൽ പലപ്പോഴും അവഹേളിക്കുന്നതുമായ ചർച്ചകളും. എല്ലാ കാലത്തും സ്ത്രീ ശരീരത്തിൻമേലുള്ള നോട്ടങ്ങൾ, ആലോചനകൾ, ഭാഷാ പ്രയോഗങ്ങൾ, കടന്നുകയറ്റങ്ങൾ എന്നുള്ളത് തീർച്ചയായും സമൂഹത്തിൽ സ്ത്രീകൾ, gender non-conformist കൾ എന്നിവർ നേരിടുന്ന വലിയ ചിത്രത്തിലെ പ്രധാനപ്പെട്ട ഛായങ്ങളിലെ ഒരു ഛായം മാത്രമാണ്. 

ഹണി റോസ് | PHOTO : WIKI COMMONS
ചർച്ചകളിൽ എങ്ങനെയാണ് ശരിയായ രീതിയിലുള്ള രാഷ്ട്രീയ ശരികളുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടത് എന്നുള്ള ചോദ്യത്തിന് ഉത്തരങ്ങൾ നൽകാൻ നമ്മളിന്നുപയോഗിക്കുന്ന ഭാഷ പോരാതെ വരും. ഏറ്റവും ആദ്യം മനസ്സിലാക്കേണ്ട കാര്യമെന്ന് പറയുന്നത് ജനിച്ച അന്ന് മുതൽ ഒരുപാട് 'അരുത്' കളിലാണ് ഒരു പെൺകുട്ടി വളർന്നുവരുന്നത്. അവളെ ആദ്യം പഠിപ്പിക്കുന്നത് സ്വന്തം ശരീരമെങ്ങനെ പാവനമായി സൂക്ഷിക്കാമെന്നുള്ളതാണ്. അതിനുപാധിയായി കണ്ടെത്തുന്നത് സ്വന്തം ശരീരത്തെ വെറുക്കുക എന്നുള്ളതാണ്. ഇത്തരത്തിലുള്ള സ്വയം വെറുക്കുക, ശരീരത്തിനെ മൂടിവയ്ക്കുക, മറ്റൊരാൾ ശരീരത്തിൽ അതിക്രമിച്ചുകയറുമ്പോൾ അത് സ്വന്തം തെറ്റായി കണക്കാക്കുക എന്ന പല തരത്തിലുള്ള അവഗണനകളിലൂടെയും പഴി ചാരലിലുമാണ് നിരന്തരം സ്ത്രീകളും പെൺകുട്ടികളും ജീവിക്കുന്നത്. ഫലത്തിൽ ആത്മവിശ്വാസത്തിന്റെ അളവുകോലായി സ്ത്രീകൾ കാണുന്നത് ശരീരത്തെ മാത്രമായി മാറുന്നു. ഇവിടെ 'ആത്മവിശ്വാസം' എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

ഏത് ശരീരപ്രകൃതിയും സ്വീകാര്യമാണ് എന്ന് വിശ്വസിക്കുകയും, സ്വന്തം ശരീരത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന തലത്തിലേക്ക് സ്ത്രീകൾ എത്തിപ്പെടുകയെന്നുള്ളത് മറ്റേതൊരു ശാക്തീകരണമെന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക സ്വാതന്ത്ര്യം, ചലന സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ ആത്മസ്നേഹത്തിന്  ഏറെ മുഖ്യമാണ് സ്വന്തം ശരീരത്തിനെ സ്നേഹിക്കുകയെന്നത്. കാലാകാലങ്ങളായുള്ള സ്വന്തം ശരീരത്തിനെ വെറുക്കുക എന്നുള്ള തലമുറയുടെ ആഖ്യാനത്തെ തകർക്കുകയാണ് ഇതോടു കൂടി നടക്കുന്നത്.

ആഫ്രോ - അമേരിക്കൻ എഴുത്തുകാരികൾ അവരുടെ വ്യക്തിത്വങ്ങളുടെ ആഘോഷം നടപ്പിലാക്കിയത് അസ്ത്രീത്വമായി (unwomanly ) കണക്കാക്കപ്പെട്ടിരുന്ന സ്വന്തം കറുത്ത, ബലിഷ്ഠമായ ശരീരങ്ങളെ ആഘോഷിക്കുകയെന്നതിലൂടെയായിരുന്നു. മായ ഏഞ്ചലോയുടെ 'ഫിനോമിനൽ വുമൺ ', സൊജണർ ട്രുത്തിന്റെ '  "Ain't I A Woman?"ചില ഉദാഹരണങ്ങൾ മാത്രമാണ്. 

മായ ഏഞ്ചലോ | PHOTO : WIKI COMMONS
മായ ഏഞ്ചലോയുടെ കവിതയിൽ തന്റെ ശരീരം സമൂഹത്തിനെ വിലവയ്ക്കാതെ പ്രൗഢിയോടെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഇത്രയും പറഞ്ഞത് ഹണി റോസിനെ പോലെ സ്വന്തം ഇഷ്ടപ്രകാരം ശരീരത്തിനെ കൊണ്ടുനടക്കാൻ ആഗ്രഹിക്കുകയും, നടക്കുകയും ചെയ്യുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന മുൻവിധികളും, അധിക്ഷേപങ്ങളും നാൾക്കുന്നാൾ കൂടി കൊണ്ടിരിക്കുകയാണെന്ന ഭയപ്പെടുത്തുന്ന വസ്തുതയെ ചൂണ്ടിക്കാണിക്കാനാണ്. സ്ത്രീകൾ നടന്നു പോകുമ്പോൾ ബസ് സ്റ്റോപ്പിലും റോഡിലുമൊക്കെ കണ്ടുവന്നിരുന്ന 'കമന്റടി ' എന്ന കലാപരിപാടി ഇപ്പോൾ സോഷ്യൽമീഡിയ പോസ്റ്റുകളും കമന്റുകളും റീൽസും യൂട്യൂബ് വീഡിയോകളുമായി കാലാനുസൃതമായി പരിണമിച്ചുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും ബൗദ്ധിക ചർച്ചകളിൽ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളെക്കുറിച്ചും പൊതുസമൂഹത്തിൽ ബഹുമാനത്തോടെ സംസാരിച്ച് കഴിഞ്ഞതിന്റെ പാട്രിയാർക്കൽ ക്ഷീണം പല പുരുഷൻമാരും തീർക്കുന്നത് പിന്നീടുണ്ടാവുന്ന ആൺ കൂട്ടായ്മയിലെ കള്ളുകുടി സഭകളിലാണ്. സമൂഹത്തിൽ ഉന്നതരെന്ന് കരുതുന്നവരെ കുറിച്ച് പരാമർശിച്ചുവെന്ന് മാത്രം. കൊച്ചുപുസ്തകങ്ങൾ വായിച്ചും കെട്ടുകഥകളും പോൺ വീഡിയോകൾ കണ്ടും വളരുന്ന ആൺകുട്ടികളെ ഈ സമൂഹം കൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന് മാത്രം.

പൗരുഷമളക്കാൻ ഇന്നും ഉപയോഗിക്കുന്ന ഉപാധിയാണ് എത്ര തരം തെറിപദങ്ങൾ ഉപയോഗിക്കാൻ കഴിവുള്ളവനാണ്, സ്ത്രീ ശരീരത്തെ മാത്രമല്ല ബാക്കിയുള്ള ആരുടെ ശരീരത്തിനേയും വർണ്ണിക്കാൻ കഴിവുള്ളവനാണ് എന്നെല്ലാം. ബോബി ചെമ്മണ്ണൂർ ചെയ്തതും അതുതന്നെയാണ്. ഇതെല്ലാം കൊണ്ടും അയാൾ ആഘോഷിക്കപ്പെടുകയാണ്. അയാളുടെ മാർക്കറ്റിംഗ് തന്ത്രം കൂടിയാണത്. ഇതേ ബോബി ചെമ്മണ്ണൂർ തന്നെയാണ് തന്റെ തൃശ്ശൂർ പൂരത്തിന്റെ ഗൃഹാതുരത ' ജാക്കി വയ്ക്കുന്ന ' ഓർമ്മകളിലൂടെ അഭിമാനത്തിൽ പറയുന്നത്. അവിടെ ലക്ഷകണക്കിന് പുരുഷൻമാർ ബോബി ചെമ്മണ്ണൂരിനെ വാഴ്ത്തി. സ്ത്രീയുടെ ശരീരത്തിൻമേലുള്ള എല്ലാ തരത്തിലുള്ള കടന്നുകയറ്റവും ഇവരെ സംബന്ധിച്ച് ഗൃഹാതുരതയും അനിവാര്യതയുമാണെന്ന് സാരം.

പ്രശസ്തരായ സ്ത്രീകൾ സ്വകാര്യ സ്വത്ത് പോലെ തന്നെ പൊതുസ്വത്തായും കണക്കാക്കപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്. ഒരാളുടെ രീതി നമുക്കിഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. വ്യക്തി സ്വാതന്ത്ര്യമാണത്. എന്നാൽ നമ്മുടെ ഇഷ്ടക്കേട് അയാളേയും അയാളുടെ സമൂഹത്തിനെയും മൊത്തത്തിൽ അവഹേളിക്കുന്ന തലത്തിലേക്കെത്തുമ്പോൾ അത് അക്രമമാണ്. താൻ അനുഭവിച്ച അധിക്ഷേപത്തിനെതിരെ കേസ് കൊടുത്തതിനെ പോലും അപഹസിച്ച് വീണ്ടും വെർബൽ റേപ്പ് നടത്തികൊണ്ടിരിക്കുന്നതും നേരത്തെ പറഞ്ഞ പാട്രിയാർക്കൽ ക്ഷീണത്തിന്റെ ഒരടരു മാത്രമാണ്. തുടർന്നുണ്ടായ രാഹുൽ ഈശ്വറിന്റെ വാക്കുകളിലും കാണാം ആ രോഷം.
 
രാഹുൽ ഈശ്വർ | PHOTO : WIKI COMMONS
പുറം ലോകത്തിവർ ഹണി റോസിന്റെ ശരീരത്തെക്കുറിച്ച് അറപ്പുണ്ടാക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ അവർ പോരാടിയത് അവരുടെ സ്വാഭിമാനത്തെയും ആത്മവിശ്വാസത്തിനെയും ഊട്ടിയുറപ്പിക്കാൻ സഹായിച്ചുവെന്ന് തന്നെ വേണം പറയാൻ. സമൂഹത്തിൽ പ്രിവിലേജ്ഡ് ആയി നിൽക്കുന്നതുകൊണ്ട് അവർക്കർഹമായ നീതി എളുപ്പത്തിൽ ലഭ്യമായെന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നിരുന്നാലും നീതി ന്യായ വ്യവസ്ഥയ്ക്ക് അതിജീവിച്ചവർക്കൊപ്പം നിൽക്കാനാകും എന്നുള്ള ഉറപ്പ് സമൂഹത്തിനീ വിഷയം തരുന്നുണ്ട്. 

ദീപിക പദുക്കോൺ തന്റെ ശരീര ഭാഗം പ്രദർശിപ്പിച്ചു എന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പോസ്റ്റിന് മറുപടിയായി ട്വീറ്റ് ചെയ്യുന്നുണ്ട്. ' Yes,I am a woman. I have breast and a cleavage! You got a problem!!?' (അതെ! ഞാനൊരു സ്ത്രീയാണ്. എനിക്ക് സ്തനങ്ങളും സ്തനങ്ങൾക്കിടയിലുള്ള വിടവുമുണ്ട് ! നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ?). പണ്ട് സ്വന്തം ശരീര ഭാഗങ്ങളുടെ പേരുകൾ പറയാൻ അറച്ചിരുന്നയിടത്താണ് ഇപ്പോൾ സ്ത്രീകൾ അവ ഉറക്കെ പറയാനും തുടങ്ങുന്നത്. അതിന്റെ ചുവടു പറ്റിയാണ് ഇപ്പോൾ റിമ കല്ലിങ്കലും , അനശ്വര രാജനുമൊക്കെ പ്രതികരിക്കുന്നത്. മാധ്യമങ്ങൾ സ്ത്രീ ശരീരങ്ങളെ വിൽപ്പന ചരക്കുകൾ ആക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളല്ല തൽക്കാലം ഈ സമയത്ത് വേണ്ടത്. ശരീരത്തിന്റെ പേരിൽ ഇനിയുമിനിയും എത്ര അതിക്രമങ്ങൾ സഹിക്കണം, ആ ടോക്സിക് ചെയിൻ എവിടെ വച്ച് അറുക്കണം എന്നുള്ള ചർച്ചകളാണ് വേണ്ടത്. അതിനുള്ള വിവേകമാണ് ആർജ്ജിക്കേണ്ടത്.


#outlook
Leave a comment